രചന: കർണൻ സൂര്യപുത്രൻ
എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതായപ്പോൾ അവൻ എഴുന്നേറ്റിരുന്ന് മുടിയിഴകൾ പിടിച്ചു വലിച്ചു… പിന്നെ ലൈറ്റ് ഓൺ ചെയ്ത് കട്ടിലിനടിയിൽ നിന്ന് മദ്യക്കുപ്പി എടുത്തു… ഒരു തുള്ളി പോലും അതിലില്ല.. ‘ നാശം… ‘. പിറുപിറുത്ത് കൊണ്ട് അവൻ ജനൽപാളി തുറന്നിട്ടു..
നല്ല നിലാവ്… തണുത്ത കാറ്റ്…രാവിന്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് വയലിനക്കരെ നിന്ന് പട്ടി കുരയ്ക്കുന്നു..അവൻ കണ്ണുകൾ ഇറുക്കിയടച്ചു…മനസ് ദ്രുതഗതിയിൽ പിന്നോട്ട് സഞ്ചരിക്കുകയാണ്……
“…. നിക്ക് പേടിയാവുന്നു…”കിളിക്കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ പരിഭ്രമം….”എന്തിനാ?”
“എന്റെ മുറിയുടെ പുറത്ത് പട്ടി ഓരിയിടുന്നുണ്ട്…”” അകത്ത് യക്ഷി കിടന്നുറങ്ങുന്നത് തിരിച്ചറിഞ്ഞിട്ടാവും… “”യക്ഷി നിങ്ങള്ടെ പെണ്ണുമ്പിള്ള..””അത് തന്നെയാ പറഞ്ഞത്…”
“ദേ … ഞാൻ ചീത്തവിളിക്കും കേട്ടോ..””എന്നാൽ വിളിക്ക്..””പോടാ..”പിന്നെ കുറച്ചു നേരം നിശബ്ദത…”ഷഹാനാ….”ഉത്തരമില്ല..”എടീ ചക്കൂ..””എന്താ…? ” ദേഷ്യത്തിലാണ് ആൾ..”ഞാൻ കൂടെ തന്നെയില്ലേ.. പിന്നെന്തിനാ പേടിക്കുന്നെ?.”
“ഉം…””മോനുറങ്ങിയോടീ?””ഉവ്.. അവന് ചെറിയ പനിക്കോളുണ്ട്..””എന്നിട്ട്?””പേടിക്കാനൊന്നുമില്ല ഏട്ടാ.. മരുന്ന് കൊടുത്തു.”
അവന്റെ ശബ്ദത്തിലെ ആധി തിരിച്ചറിഞ്ഞിട്ടാവണം അവൾ ആശ്വസിപ്പിച്ചു..
“കുഞ്ഞിന് തോന്നുന്നത് പോലെ മരുന്ന് കൊടുക്കാനോ? നിനക്ക് തീരെ വിവരമില്ലേ? ഹോസ്പിറ്റലിൽ പോയ്ക്കൂടായിരുന്നോ?”
“എന്റെ അവസ്ഥ ഏട്ടനറിയില്ലേ? ഇവിടാർക്കാ അതിനൊക്കെ നേരം..? തനിച്ചു പോകാൻ അനുവാദവുമില്ല..”
അവന് വാക്കുകളൊന്നും കിട്ടിയില്ല..”ഏട്ടൻ വെറുതെ ടെൻഷനടിക്കേണ്ട…”
“നിനക്ക് കാശ് വല്ലതും വേണോ ചക്കൂ…?””വേണ്ട… കടങ്ങൾ തീർക്കാൻ അവിടെ നെട്ടോട്ടമോടുന്നത് എനിക്കറിയാം…”
“സാരമില്ല.. ഇത്തവണ സാലറി കിട്ടുമ്പോ ഞാൻ എന്തെങ്കിലും അയച്ചു തരാം.. ഇടയ്ക്കിടെ വരുന്ന തലകറക്കത്തിന്റെ കാരണം അറിയണ്ടേ? ഒരു ഡോക്ടറേ കാണ്..”
“അത് ബ്ലഡ് കുറഞ്ഞത് കൊണ്ടാണെന്ന് പണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ പറഞ്ഞതാ…”
“അനുസരണ എന്റെ കൊച്ചിന് പണ്ടേ ഇല്ലല്ലോ..?”പളുങ്കുമണികൾ ചിതറും പോലൊരു ചിരിയായിരുന്നു മറുപടി…”ചക്കൂ… നിനക്കെല്ലാം തമാശയാ… ഒടുക്കം കളി കാര്യമാകരുത്..”
“പേടിക്കാതെ മനുഷ്യാ… ജീവിതത്തിൽ ആകെയുള്ള ആശ്വാസം ഈ ഫോൺ വിളി മാത്രമാണ്.. അതിങ്ങനെ സെന്റിയടിച്ച് ചളമാക്കല്ലേ…”
“ഞാനൊന്നും പറയണില്ല…””അതാണ് നല്ലത്… ഏട്ടാ… എനിക്ക് ഉറക്കം വരുന്നു..””ഉം… ഉറങ്ങിക്കോ…””എന്റെ കൂടെത്തന്നെ ഉണ്ടാവണേ…””ഉണ്ടെടീ… എങ്ങും പോകില്ല..”
അപ്പുറത്ത് ശബ്ദമൊന്നും കേൾക്കാതായപ്പോൾ അവളുറങ്ങിയെന്ന് മനസിലായി… അതൊരു പതിവാണ്.. എന്നും രാത്രി അവൾ ഉറങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രമേ കാൾ കട്ട് ചെയ്യുകയുള്ളൂ… ഫേസ്ബുക്ക്
ഗ്രൂപ്പിൽ തുടങ്ങിയ സൗഹൃദം പ്രണയവും കടന്നു വേറൊരു തലത്തിൽ എത്തിയത് വളരെ പെട്ടെന്നായിരുന്നു…ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത തരത്തിൽ അത് വളർന്നു..
പ്രവാസ ജീവിതത്തിന്റെ വിരസതയ
കറ്റാൻ വേണ്ടിയാണ് സനോജ് കൃഷ്ണനെന്ന അവൻ ആ ഗ്രൂപ്പിൽ കയറിയത്.. ഏതോ ഒരു പോസ്റ്റിന്റെ പേരിൽ ഷഹാനയെ ചിലർ അപമാനിക്കുന്നത് കണ്ടപ്പോൾ
പ്രതികരിച്ചു.. വഴക്കായി . ഒടുവിൽ അവനാ ഗ്രൂപ്പ് വിട്ടു .. അതിനെ കുറിച്ച് സംസാരിക്കാൻ ഇൻബോക്സിൽ വന്നതായിരുന്നു ഷഹാന….തികച്ചും സാധാരണമായ ഒരു പരിചയപ്പെടൽ…
ചെറുപ്രായത്തിൽ തന്നെ വിധവയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ അവളോട് സഹതാപമല്ല, മറിച്ച് വല്ലാത്തൊരു വാത്സല്യമാണ് അവനാദ്യം തോന്നിയത്.. അമ്മാവനും അമ്മായിയും ഉമ്മയും അവളും കുഞ്ഞും അടങ്ങുന്ന
കുടുംബം ഒരു വാടകവീട്ടിൽ താമസിക്കുന്നുവെന്നും അമ്മായിക്ക് അവളൊരു ബാധ്യത ആണെന്നും അറിഞ്ഞപ്പോൾ ആ സ്നേഹം ഇരട്ടിച്ചു…. ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ, പരിഹാസങ്ങൾ, വഴക്കുകൾ… അതായിരുന്നു ഷഹാനയുടെ ഓരോ ദിവസവും..
“അവരങ്ങനെ പെരുമാറുമ്പോ നിന്റെ ഉമ്മയും മാമയും ഒന്നും പറയാറില്ലേ?”ഒരിക്കൽ സനോജ് ചോദിച്ചു..
“എന്ത് പറയാൻ?.. ഉപ്പ മരിക്കുമ്പോൾ കുറേ കടങ്ങളുണ്ടായിരുന്നു.. അത് തീർക്കാനും എന്നെ കെട്ടിക്കാനും അമ്മായിയുടെ സ്വർണവും മറ്റും മാമ വിറ്റു… പണ്ട് മാമ ഗൾഫിലായിരുന്നു.. അവിടുത്തെ ജോലി പോയി.നാട്ടിൽ
ഹോട്ടലിലെ സപ്ലയറായത് അമ്മായിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. അതിന്റെ വഴക്കിനിടയിലാ ഞാൻ ജീവിതം തകർന്നു കേറി ചെല്ലുന്നത്.. പിന്നെ പറയാനുണ്ടോ?”.”എന്നാൽ പിന്നെ നിനക്ക് വല്ല ജോലിക്കും പൊയ്ക്കൂടേ?”
“ആഗ്രഹമില്ലാഞ്ഞിട്ടല്ല… അമ്മായി സമ്മതിക്കില്ല….ആരുടെയെങ്കിലും കൂടെ എന്നെ വീണ്ടും കെട്ടിച്ചു വിടാനാ അവർ ശ്രമിക്കുന്നത്..സ്വന്തമായി വരുമാനമൊക്കെ ഉണ്ടെങ്കിൽ അവർ പറയുന്നത് ഞാൻ അനുസരിച്ചില്ലെങ്കിലോ?”
കെട്ടിടനിർമ്മാണ തൊഴിലാളിആയിരുന്ന ഭർത്താവ് നജീബ് മരിക്കുമ്പോൾ ഷഹാന നാല് മാസം ഗർഭിണി ആയിരുന്നു..മോൻ ജനിച്ചപ്പോൾ കാണാൻ പോലും മുജീബിന്റെ വീട്ടുകാർ വന്നില്ല… അവളും കുഞ്ഞും തങ്ങൾക്ക് ഭാരമാകും എന്ന ഭയമായിരുന്നു അവർക്ക്..പിന്നീടങ്ങോട്ട്
ദുരിതങ്ങൾ മാത്രമുള്ള ജീവിതം.. അതിൽ വെളിച്ചം പകരുവാനാണ് സനോജ് വന്നതെന്ന് അവൾ വിശ്വസിച്ചു..അവനും അതുപോലെ തന്നെ..പരിചയക്കാരന്റെ വാക്ക് വിശ്വസിച്ചു കടൽ കടന്ന് ഒടുക്കം പറ്റിക്കപ്പെട്ട സാധാരണക്കാരൻ… പണയത്തിലായ വീടിന്റെ ആധാരം
തിരിച്ചെടുക്കാൻ വേണ്ടി കിട്ടിയ ജോലിയിൽ പിടിച്ചു നിന്നു… കടുത്ത മാനസികസമ്മർദ്ദവും ജോലിഭാരവും കാരണം സമനില തെറ്റും എന്ന അവസ്ഥയിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് ആശ്വാസവുമായി ഷഹാന കടന്നു വരുന്നത്..
അതോടെ എല്ലാം മാറി… രാത്രികളിലെ വൈകുവോളമുള്ള സ്നേഹസംഭാഷണങ്ങളിൽ അവർ വേദനകളെല്ലാം മറന്നു…. പരസ്പരം താങ്ങും തണലുമായി..വീഡിയോ കാളിൽ കുഞ്ഞിനെ കാണുന്ന നേരം അവന്റെ
ഹൃദയം ആർദ്രമാകും.. ഇതുപോലെ ഒരു കുട്ടിക്ക് വേണ്ടി കൊതിച്ചതാണ് . പക്ഷേ ഒരു പുച്ഛച്ചിരിയിൽ യാത്ര പറഞ്ഞ് കുടുംബകോടതിയിൽ വച്ച് വിനീത, അവന്റെ ഭാര്യ പോയപ്പോൾ ആ മോഹം അവിടെ ഉപേക്ഷിച്ചു.. നാല് വർഷം മുൻപ്..
നിഷ്കളങ്കമായ ചിരിയോടെ മൊബൈൽ സ്ക്രീനിൽ തന്നെ ഉറ്റുനോക്കുന്ന രണ്ടുവയസുകാരൻ അദ്നാൻ അവന്റെ പോന്നോമനയായി.. സ്വന്തം ചോര അല്ലെങ്കിലും അപ്പ എന്നു വിളിക്കാൻ
കുഞ്ഞിനെ പഠിപ്പിച്ചതും സനോജ് തന്നെ… മറ്റുള്ളവർക്ക് വിചിത്രമായി തോന്നിയെക്കാവുന്ന ബന്ധം… ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും കുറേ ഏറെ നാളുകൾ… എത്ര പെട്ടെന്നാണ് അതിൽ ഇരുൾ വീണത്….
“മോനേ….”അമ്മയുടെ വിളി കേട്ട് സനോജ് ഞെട്ടി..മണിക്കൂറുകളോളം താനീ ജനലഴിയിൽ പിടിച്ചു നില്കുകയായിരുന്നു എന്ന് അപ്പോഴാണവൻ അറിഞ്ഞത്.. പതിയെ കട്ടിലിൽ വന്ന് ഇരുന്നു.. അടുത്തായി അമ്മയും..
“നീ എന്താ ഉറങ്ങാത്തെ?” അവർ വ്യസനത്തോടെ ചോദിച്ചു.”കഴിയുന്നില്ല…”അവർ സനോജിന്റെ മുടിയിലൂടെ വിരലോടിച്ചു..
“ഒരു വർഷമായില്ലേ…? ഇനിയെങ്കിലും.. നിന്റെ അവസ്ഥ കാണുമ്പോ എന്റെയും നിന്റെ അച്ഛന്റെയും ചങ്കു തകരുവാ.. ഞങ്ങൾക്ക് നീയേ ഉളളൂ….. അതോർമ്മ വേണം..”അവൻ നിർവികാരതയോടെ അമ്മയെ നോക്കി..
“ഒരുപാട് സ്നേഹം തന്ന ഒരാൾ പെട്ടെന്ന് പോകുമ്പോ സങ്കടം തോന്നും.. പക്ഷേ അവളെന്റെ കാമുകി മാത്രമായിരുന്നില്ല അമ്മേ… എന്നോ നഷ്ടപ്പെട്ട സ്വപ്നങ്ങളെല്ലാം അവൾ തിരിച്ചു തന്നു..
എന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു.. ഒരിക്കൽ പോലും നേരിട്ട് കണ്ടില്ല എന്നേയുള്ളൂ.. പക്ഷേ അവൻ എല്ലാമായിരുന്നു… അവളും മോനുമില്ലാതെ എനിക്ക് ജീവിക്കാൻ പ്രയാസമാണെന്നറിഞ്ഞിട്ടും ഒന്നും മിണ്ടാതെ പോയി…”
കരച്ചിൽ വാക്കുകളെ വിഴുങ്ങിയപ്പോൾ അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു.. അമ്മ അവന്റെ തല തന്റെ ചുമലിൽ ചായ്ച്ചു വച്ചു..
“എടാ അതൊരു കൊച്ചു പെണ്ണായിരുന്നില്ലേ..? പോരാഞ്ഞിട്ട് വേറെ മതവും… വീട്ടുകാർ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.. നമ്മുടെ നാട്ടിൽ പെണ്ണിന്റെ അഭിപ്രായത്തിനോ സമ്മതത്തിനോ വില കൊടുക്കാത്തവർ ഇപ്പോഴും ഒരുപാടുണ്ട്..
“ആയിക്കോട്ടെ.. എന്നോട് പറയാല്ലോ.. അവളുടെ നല്ല ഭാവിക്ക് വേണ്ടി ഞാൻ ഒഴിഞ്ഞു കൊടുക്കില്ലേ…?ഒന്നും മിണ്ടാതെ പോകാൻ മാത്രം ഞാനെന്തു തെറ്റ് ചെയ്തു..? എനിക്ക് പറ്റുന്നില്ല അമ്മേ..
കണ്ണടയ്ക്കുമ്പോ അവളുടെയും മോന്റെയും മുഖമാ തെളിയുന്നെ… ഒരിക്കൽ ഒരുത്തി എന്നെ തോൽപ്പിച്ചിട്ട് പോയതാ… നാട്ടുകാരുടെ മുന്നിൽ ഞാനന്ന് നാണം കെട്ടു… സ്കൂളിലെ പഴയ
കാമുകന്റെ കൂടെ പോകാനാണ് ദിവസവും വഴക്കിടുന്നതെന്നും ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നതെന്നും അറിഞ്ഞതോണ്ടല്ലേ ഡിവോഴ്സിന് തയ്യാറായത്?. താല്പര്യം ഇല്ലാത്തവരെ പിടിച്ചു വയ്ക്കണ്ട എന്ന് കരുതി.. പക്ഷേ എല്ലാവരുടെയും മുന്നിൽ ഞാനൊരു കോമാളിയായി…”
“വിനീത ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു. നീയോ?”അമ്മയ്ക്ക് ദേഷ്യം വന്നു..
“നാട്ടുകാരും ബന്ധുക്കളും ഇതറിഞ്ഞാലും നിന്നെ പരിഹസിക്കും.. ഏതോ നാട്ടിലെ ഒരു പെണ്ണിനെ ഫോണിലൂടെ പരിചയപ്പെട്ടു.. ഇഷ്ടത്തിലായി… അവള് കല്യാണം കഴിഞ്ഞു പോയതിൽ സങ്കടപ്പെട്ട് നീ സ്വയം നശിക്കുന്നു .. നിനക്ക് പതിനേഴല്ല പ്രായം… ആര് കേട്ടാലും ചിരിക്കും…”
“അതെ.. ആർക്കും എന്നെ മനസിലാവില്ല.. നിങ്ങൾക്കും…””അതോണ്ടാണല്ലോ നിന്റെ അച്ഛൻ ഇങ്ങനൊരു തീരുമാനം എടുത്തത്.?”സനോജ് അമ്മയുടെ കണ്ണുകളിൽ നോക്കി..
“എങ്ങനെ?””ആപെൺകുട്ടിയെ കാണാൻ പോകാൻ?”.”എന്തിന്?””അവളെ കണ്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ നിനക്കുള്ളൂ എന്നാ അച്ഛൻ പറയുന്നേ?.. അവൾ വേറൊരാളുടെ ഭാര്യയായി ജീവിക്കുന്നത് നേരിൽ കാണുമ്പോ നിന്റെ മനസ് മാറും… അവളുടെ സന്തോഷമല്ലേ നിനക്ക് വലുത്..?..”
അവൻ ഒന്നും മിണ്ടിയില്ല..”സനൂ…ഒരു മാസമായി നീ നാട്ടിലെത്തിയിട്ട്… ആരോടും സംസാരിക്കുന്നില്ല, പുറത്തേക്ക് പോകുന്നത് കള്ളുകുടിക്കാൻ മാത്രം.. ഒന്ന് ചിരിക്കുന്നത് പോലുമില്ല.. എത്രനാൾ നീയിങ്ങനെ കഴിയും?.. നിന്നെ വിട്ട് പോയ ഒരാൾക്ക് വേണ്ടി എന്തിനാ ജീവിതം പാഴാക്കുന്നെ?..
ഉപദേശിക്കുകയൊന്നുമല്ല.. എനിക്കും നിന്റെ അച്ഛനും പ്രായമായി… ഞങ്ങളുടെ കണ്ണടയുമ്പോഴും നീ ഇതേപോലാണെങ്കിൽ ആത്മാവിനു ശാന്തി കിട്ടില്ല.. നാളെ രാവിലെ രാജീവന്റെ കാറു വരാൻ പറഞ്ഞിട്ടുണ്ട്. നമ്മൾ പോകുന്നു. ആ കുട്ടിയെ കാണുന്നു..
പക്ഷേ നിങ്ങള് തമ്മിലുള്ള ബന്ധം ഒരിക്കലും അവളുടെ പുതിയ ഭർത്താവോ വീട്ടുകാരോ അറിയരുത്… വെറുതേ എന്തിനാ അവൾക്കൊരു പ്രശ്നം ഉണ്ടാക്കുന്നെ?. പരിചയക്കാരാണെന്ന് മാത്രം പറഞ്ഞാൽ മതി.. സംശയം തോന്നാതിരിക്കാനാ ഞങ്ങളും കൂടെ വരുന്നത്..”
അമ്മ എഴുന്നേറ്റു.. പിന്നെ അവനെ നോക്കി.”പക്ഷേ അവളെ കണ്ട് തിരിച്ചെത്തിയാൽ പിന്നെ എന്റെ മോൻ ഇങ്ങനെ ആയിരിക്കരുത്.. ആ വാക്ക് തരണം..”
അവൻ ഒരുനിമിഷം ആലോചിച്ചു. പിന്നെ തലയാട്ടി.. അമ്മ പോയ ശേഷം കിടക്കയിലേക്ക് വീണ് കണ്ണുകൾ ഇറുക്കി അടച്ചു..
എന്നും വിളിക്കുന്ന സമയത്ത് കാണാഞ്ഞിട്ടാണ് ഷഹാനയെ അങ്ങോട്ട്
വിളിച്ചത്. റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല.. മെസ്സേജ് അയച്ചു നോക്കി.. അതിനും മറുപടി ഇല്ല.. ചില ദിവസങ്ങളിൽ ഉറങ്ങിപ്പോകാറുണ്ട്.. പക്ഷേ പിറ്റേന്ന് രാവിലെ ക്ഷമാപണവുമായി അവൾ വിളിക്കും..
“സോറി ഏട്ടാ… നല്ല ക്ഷീണം ഉണ്ടായിരുന്നു.. കിടന്നയുടൻ ഉറങ്ങി…”ഇത്തവണ അതും ഉണ്ടായില്ല.. അവളെ കാണാതെ, സംസാരിക്കാതെ, മൂന്ന് ദിവസം അവൻ ഉരുകി… നാലാം നാൾ ഷഹാനയുടെ കാൾ വന്നു..
“ചക്കൂ…എന്ത് പറ്റിയെടീ?.. നീയെന്താ വിളിക്കാഞ്ഞത്?. ഞാൻ എത്ര പേടിച്ചെന്നറിയോ?.. ഒരു മെസ്സേജ് എങ്കിലും അയച്ചൂടാരുന്നോ? നീ ഓക്കേ അല്ലേ..?”
ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ചു.. അങ്ങേതലയ്ക്കൽ മറുപടി ഒന്നുമില്ല.”ഹലോ?” സംശയത്തോടെ അവൻ വിളിച്ചു.”സനോജ് അല്ലേ?.. ഒരു പുരുഷന്റെ സ്വരം കേട്ടതോടെ അവന്റെ നെഞ്ചിടിപ്പ് കൂടി..
“അതെ… നിങ്ങളാരാ..?””എന്റെ പേർ ഖാദർ.. ഞാൻ ഷഹാനയുടെ അമ്മാവനാണ്…”എന്തു പറയണമെന്നറിയാതെ അവൻ തരിച്ചു നിന്നു..”കേൾക്കുന്നുണ്ടോ?” അയാൾ ചോദിച്ചു.
“ഉവ്..””നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്നൊന്നും എനിക്കറിയില്ല. അതെന്തായാലും ഇനി വേണ്ട.. അവൾക്കൊരു നല്ല ആലോചന വന്നിട്ടുണ്ട്.. എത്രയും പെട്ടെന്ന് നിക്കാഹ് നടത്താനാ തീരുമാനം.. നിങ്ങളോട് ഇത് പറയാൻ അവൾക്ക് മടി.. അതാണ് എന്നെ ഏല്പിച്ചത്…”
“അവൾ സമ്മതിച്ചോ?” വിങ്ങലോടെ അവൻ ചോദിച്ചു.”സമ്മതിച്ചത് കൊണ്ടാണല്ലോ ഞാൻ അവളുടെ ഫോണിൽ നിന്ന് വിളിക്കുന്നത്… അല്ലാതെ നിങ്ങളെ പറ്റി ഞാനെങ്ങനെ അറിയാനാ? ഇന്ന് വരെ ഞാൻ അവളുടെ ഫോൺ തൊട്ടിട്ടില്ല എന്നറിയാമായിരിക്കില്ലേ?”
സത്യമാണ്..അവളുടെ ഫോൺ ആരും പരിശോധിക്കാറില്ല..”കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമാ ഇത്.. അവളേം കുഞ്ഞിനേം പൊന്നു പോലെ നോക്കും… വേദനിപ്പിച്ചതിന് മാപ്പ്,ഇനി അന്വേഷിക്കരുത്.. ഇത്രയും പറയാൻ അവൾ ഏല്പിച്ചിട്ടുണ്ട്..”
ലൈൻ കട്ടായി.. പിന്നെ അങ്ങോട്ട് വിളിച്ച് കിട്ടിയുമില്ല… ഫേസ്ബുക്ക് മെസെഞ്ചറിൽ അവനയച്ച നൂറുകണക്കിന് മെസേജുകൾ അനാഥമായി കിടന്നു… ഹൃദയം മുറിയുന്ന വേദനയോടെ അവൻ തിരിച്ചറിഞ്ഞു. തന്റെ ജീവിതത്തിലെ സന്തോഷം അണഞ്ഞിരിക്കുന്നു എന്ന്….
കവിളിൽ ഇളം ചൂടുള്ള നനവ് പടർന്നപ്പോഴാണ് കരയുകയായിരുന്നു എന്ന് സനോജ് അറിഞ്ഞത്. എന്തിന്?.. നാളെ അവളെ കാണുമല്ലോ ?.. അവസാനമായി ഒന്ന് മിണ്ടാൻ പോലും നില്കാതെ പോയതിന്റെ കാരണം മാത്രം
അറിഞ്ഞാൽ മതി.. അവൻ എഴുന്നേറ്റ് കട്ടിലിനടിയിൽ നിന്ന് ഒരു ബാഗ് വലിച്ചെടുത്തു തുറന്നു… തൂവെള്ളനിറമുള്ള പൂച്ചയുടെ പാവ…. മോന് കൊടുക്കാൻ പണ്ട് വാങ്ങിവച്ചതാണ്.. ഇത് നാളെ
കൊടുക്കണം .. അവൻ മറന്നിട്ടുണ്ടാകുമോ? ഒരുവർഷത്തിൽ അധികമായില്ലേ തന്നെ കണ്ടിട്ട്… സാരമില്ല. മറന്നോട്ടെ… ഏതോ ഒരു അങ്കിൾ… അത് മതി…
പാവയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ വീണ്ടും കിടന്നു… ഉറങ്ങാൻ പറ്റുന്നില്ല… മണിക്കൂറുകൾ യാത്ര ചെയ്ത് ഷഹാനയുടെ മുന്നിൽ എത്തുമ്പോ എന്തായിരിക്കും പ്രതികരണം?.. കരയുമോ? മാപ്പ് ചോദിക്കുമോ?
മറ്റുള്ളവരെപോലെ ഒരിക്കലും ഉപേക്ഷിച്ചു പോകില്ല എന്ന വാക്ക് തെറ്റിച്ചതിൽ എന്ത് ന്യായീകരണം ആയിരിക്കും അവൾക്കുണ്ടാകുക..? കലങ്ങിയ മനസുമായി നേരം പുലരാൻ അവൻ കാത്തിരുന്നു..
“പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ?” ടാക്സിയിൽ കേറാൻ ഒരുങ്ങവേ കൃഷ്ണൻ സനോജിന്റെ നേരെ തിരിഞ്ഞു..
“ഒരു കാരണവശാലും ഈ യാത്ര കൊണ്ട് ആ കുട്ടിക്ക് പ്രശ്നമുണ്ടാകരുത്.. ഇതോടെ എല്ലാം തീർത്തേക്കണം… പ്രേമിച്ചവരുടെ കൂടെ മാത്രമേ ജീവിക്കൂ എന്ന് വാശിപിടിച്ചാൽ ഈ ലോകത്തിൽ ഭൂരിഭാഗവും കല്യാണം കഴിക്കാതെ മരിക്കേണ്ടി വരും…”
അവൻ തലകുലുക്കി..”ഓരോ ഗതികേട്… മക്കള് വളർന്നാൽ മാതാപിതാക്കൾക്ക് മനഃസമാധാനത്തിൽ ഉറങ്ങാൻ കഴിയണം .. ഇവിടെ നേരെ തിരിച്ചാ .. ”
അയാൾ പിറുപിറുത്ത് കൊണ്ട് കാറിൽ കയറി… സനോജും അമ്മയും പുറകിലും..”രാജീവാ.. നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടോ..”കൃഷ്ണൻ ഡ്രൈവറോട് പറഞ്ഞു.
“എവിടെക്കാ കൃഷ്ണേട്ടാ രാവിലെ തന്നെ..?””തൃശൂർ വരെ പോണം..””ഗുരുവായൂർ ട്രിപ്പ് ആണോ?”
ആണെന്നോ അല്ലെന്നോ അയാൾ പറഞ്ഞില്ല.. ടാക്സി മുന്നോട്ടു കുതിച്ചു…സനോജ് സീറ്റിലേക്ക് ചാരിയിരുന്നു…. അവന്റെ ചക്കുവിനെയും ആദുമോനെയും കാണാനുള്ള യാത്ര…!!!
നാലഞ്ച് മണിക്കൂർ ട്രെയിനിലും അവിടുന്ന് ടാക്സിയിലും സഞ്ചരിച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും തളർന്നിരുന്നു.. ഖാദർ ജോലി ചെയ്യുന്ന ഹോട്ടൽ എവിടാണെന്ന് ഷഹാന പറഞ്ഞ അറിവ് മാത്രമേ ഉളളൂ… കുറേ നേരം തേടി നടന്നതിന് ശേഷമാണ് കണ്ടെത്തിയത്….വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു കട…
“ചേട്ടാ.. ഇവിടെ ഖാദർ എന്നൊരാൾ ജോലി ചെയ്യുന്നില്ലേ?”കൗണ്ടറിലിരിക്കുന്ന വൃദ്ധനോട് സനോജ് ചോദിച്ചു…”നിങ്ങളാരാ?”
“പരിചയക്കാരാ.. കുറച്ചു ദൂരെ നിന്ന് വരികയാ…”പറഞ്ഞത് കൃഷ്ണനാണ്..”കാദറേ… നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട്..”
വൃദ്ധൻ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് വാഴയിലകൾ തുടച്ചു വയ്ക്കുകയായിരുന്ന ഒരാൾ അടുത്തേക്ക് വന്നു.. ക്ഷീണിച്ച മുഖം.. നര വീണ മുടിയും താടിയും…”ആരാ?.മനസിലായില്ല..”
“ഷഹാന എവിടെ?” അയാളുടെ തൊട്ടടുത്ത് ചെന്ന് അമർത്തിയ ശബ്ദത്തിൽ സനോജ് ചോദിച്ചു.. അയാൾ ഞെട്ടി.. പിന്നെ ചുറ്റും നോക്കി… കൗണ്ടറിൽ ഇരിക്കുന്ന ആൾ ശ്രദ്ധിക്കുന്നുണ്ട്..
“പുറത്തേക്ക് വാ..” അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞ ശേഷം അയാൾ റോഡിലേക്ക് ഇറങ്ങി..
“നിങ്ങൾ ആരാ?””സനോജ്… പണ്ട് നമ്മൾ സംസാരിച്ചിട്ടുണ്ട്.. ഇതെന്റെ അച്ഛൻ… ടാക്സിയിൽ ഇരിക്കുന്നത് അമ്മ.. എനിക്ക് ഷഹാനയെ കാണണം… അതിനാ വന്നത്…”
“അത്…” അയാൾ പരുങ്ങി.”പേടിക്കണ്ട.. ഞങ്ങൾ കുഴപ്പമുണ്ടാക്കാൻ വന്നതല്ല… ആ കുട്ടി പോയേ പിന്നെ ഇവൻ വല്ലാത്തൊരു അവസ്ഥയിലാ.. ശരിക്കും ഭ്രാന്ത് പിടിച്ചത് പോലെ… പറഞ്ഞു മനസിലാക്കുന്നതിനൊക്കെ പരിധി ഉണ്ടല്ലോ..”കൃഷ്ണൻ ഖാദറിന്റെ കയ്യിൽ പിടിച്ചു..
“ഇവൻ ആരെ ഇഷ്ടപ്പെട്ടാലും ജാതിയും മതവും ഒന്നും നോക്കാതെ സ്വീകരിക്കാൻ ഞങ്ങള് തയ്യാറായിരുന്നു.. അവളുടെ കാര്യം അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും നിങ്ങളെ സമ്മതിപ്പിച്ചു നടത്താമെന്നും ഞാൻ വാക്ക് കൊടുത്തു.
പക്ഷേ അപ്പോഴാ ഇതൊക്കെ നടന്നത്…അവൾക്ക് എന്തെങ്കിലും കാരണം ഉണ്ടായിരിക്കാം.. അല്ലെങ്കിൽ ഇവൻ എന്തെങ്കിലും തെറ്റ് ചെയ്തിരിക്കാം. എന്നാലും നല്ല രീതിയിൽ പറഞ്ഞവസാനിപ്പിച്ചു പോകുന്നതായിരുന്നില്ലേ നല്ലത്?..
അവൾക്കൊരു പുതിയ ജീവിതം കിട്ടി.. ഇവനോ?.. ഓരോ ദിവസവും ആ കുട്ടിയെ ഓർത്ത് ഉരുകുവാ…. മറക്കാൻ എല്ലാർക്കും എളുപ്പം കഴിയില്ല… മക്കളുടെ
മനസ് വേദനിക്കുമ്പോ അച്ഛനമ്മമാർക്ക് ഒരു ഉരുള ചോറ് പോലും മര്യാദയ്ക്ക് കഴിക്കാൻ പറ്റുമോ?.. അതാ അവളെ അവസാനമായി ഒന്ന് കാണാൻ തീരുമാനിച്ചത്.. അതിന് ശേഷം പൊയ്ക്കോളാം.. പിന്നീട് ഒരിക്കലും ശല്യപ്പെടുത്തില്ല… വാക്ക്…”
ഖാദർ കൃഷ്ണനെയും സനോജിനെയും കുറച്ചു നേരം നോക്കി നിന്നു..”ഇത്രത്തോളം ഉറച്ച സ്നേഹം ആയിരുന്നെന്നു ഞാനും അറിഞ്ഞില്ല..”അയാളുടെ ശബ്ദത്തിൽ കുറ്റബോധം നിറഞ്ഞിരുന്നു..
“വാ.. പോകാം.” അയാൾ ടാക്സിയുടെ മുൻ സീറ്റിൽ കയറി.. സനോജും അച്ഛനും പുറകിലും… ചടുലമായ ഹൃദയതാളത്തോടെ അവൻ കാത്തിരുന്നു…
വിശാലമായ പള്ളിപ്പറമ്പിലെ കബറിൽ മീസാൻ കല്ലിനു മേലെ തല ചേർത്തു വച്ച് പൊട്ടിക്കരയുന്ന മകനെ എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ആ അച്ഛനും അമ്മയും തരിച്ചു നിന്നു…
“ഇടയ്ക്കിടെ തലകറക്കം ഉണ്ടാവുന്നത് ഞങ്ങൾ കാര്യമാക്കിയില്ല… മുകളിൽ ഉണങ്ങാനിട്ടിരുന്ന ഡ്രസ്സ് എടുക്കാൻ പോയതാ അവൾ.. ഇറങ്ങുമ്പോ തലചുറ്റി താഴെ വീണു…. വീട്ടിൽ അന്ന് ആരുമുണ്ടായിരുന്നില്ല.. മോന്റെ കരച്ചിൽ കേട്ട് വന്ന അയൽക്കാരാ ആശുപത്രിയിൽ എത്തിച്ചത്…. .”ഖാദർ കുറ്റബോധത്തോടെ പറഞ്ഞു..
“രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോൾ അവള് പോയി.. മരിക്കും മുൻപ് എന്നെ അടുത്തേക്ക് വിളിച്ചു.. അവളുടെ വിളി കാത്ത് ഒരാൾ ദൂരെ ഇരിപ്പുണ്ടെന്നും ഒരിക്കലും
അറിയിക്കരുതെന്നും പറഞ്ഞു.. ‘കല്യാണം ഉറപ്പിച്ചു എന്ന് വിശ്വസിച്ച് എന്നെ വെറുത്തോട്ടെ മാമാ.. എനിക്കെന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ ആ മനുഷ്യൻ തകർന്നു പോകും,’ ഇതാ ന്റെ കുട്ടി കണ്ണടയ്ക്കും മുൻപ് പറഞ്ഞത്…”
അയാൾ മുട്ടുകുത്തിയിരുന്ന് എങ്ങലടിച്ചു കരഞ്ഞു..”ഞാനൊരു കഴിവ് കെട്ടവനാ… ഭാര്യയെ ഭയന്ന് ജീവിക്കുന്നവൻ.. എന്റെ നിവൃത്തികേട് കൊണ്ടാ… പക്ഷേ നഷ്ടപ്പെട്ടത് രക്തബന്ധവും.. മോളെപ്പോലെ സ്നേഹിക്കാനോ വേണ്ടതൊക്കെ ചെയ്തു കൊടുക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല.. നാല് മാസം മുൻപ് അവളുടെ ഉമ്മയും പോയി…”
കുറേ നേരം അവിടെ നിശബ്ദത തളംകെട്ടി നിന്നു.. കാറ്റിൽ മൈലാഞ്ചിചെടി സനോജിനെ തലോടികൊണ്ടിരുന്നു… അവൻ കണ്ണുതുടച്ചു കൊണ്ട് ഖാദറിനെ നോക്കി..
“മോനെവിടെ?”അയാൾ കുനിഞ്ഞ ശിരസ്സുമായി ഇരിക്കുകയാണ്..”ചോദിച്ചത് കേട്ടില്ലേ…? എന്റെ മോനെവിടെ?”
അവന്റെ ശബ്ദം പള്ളിപ്പറമ്പിൽ അലയടിച്ചു… ഖാദർ എഴുന്നേറ്റ് റോഡിലേക്ക് നടന്നു.. പിന്നാലെ അവരും.. കൃഷ്ണനോ ഭാര്യയോ ഒരക്ഷരം മിണ്ടിയില്ല.. സനോജിന്റെ ഭാവം
കണ്ടപ്പോൾ അവർക്ക് ഭയം തോന്നി..ഷഹാന ജീവനോടെയില്ല എന്ന സത്യം അവനെ തകർത്തിരിക്കുകയാണ്… ഇത് എങ്ങനെ അവൻ അതിജീവിക്കും എന്ന് അറിയില്ല…
ടാക്സി ഹോട്ടലിലേക്ക് തന്നെയാണ് തിരിച്ചത്…. അതിന്റെ സ്റ്റോർ റൂമിലേക്ക് ഖാദർ അവരെ കൊണ്ടുപോയി.. ഇരുട്ട് നിറഞ്ഞ ഒരു കുടുസ് മുറി.. വാതിൽ തുറന്ന് അയാൾ ലൈറ്റ് ഇട്ടു.. അരിച്ചാക്കുകളും എണ്ണകാനുകളും
അടുക്കി വച്ച അതിനുള്ളിൽ നിന്ന് ഒരു നാല് വയസുകാരൻ പേടിയോടെ പുറത്തേക്ക് വന്ന് എല്ലാവരെയും നോക്കി.. സനോജിന്റെ മുഖത്ത് നോട്ടമെത്തിയപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി…
“അപ്പാ…” അവൻ അവിശ്വസനീയതയോടെ വിളിച്ചു.. സനോജ് ഒറ്റകുതിപ്പിന് അവനെ കെട്ടിപ്പിടിച്ചു.. പിന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു… നിറ കണ്ണുകളോടെയാണ് എല്ലാവരും ആ കാഴ്ച നോക്കി നിന്നത്… കുഞ്ഞ് അവിടെ നിന്നൊരു പ്ലാസ്റ്റിക് കവർ
എടുത്ത് സനോജിന് നൽകി… അതിനുള്ളിൽ സ്ക്രീൻ പൊട്ടിയ ഒരു മൊബൈൽ… ഷഹാനയുടെ… തന്റെ ഫോട്ടോ അവൻ അതിലായിരിക്കും കണ്ടതെന്ന് സനോജ് ഊഹിച്ചു….ആ ഫോട്ടോ അവൾ സ്ക്രീൻ സേവർ ആക്കിവച്ചെന്ന് പണ്ടൊരിക്കൽ പറഞ്ഞിരുന്നു .
” ഭാര്യയ്ക്ക് ഇവനെ ഇഷ്ടമല്ല.. എന്റെ കണ്ണുതെറ്റിയാൽ ഉപദ്രവിക്കും… അത് പേടിച്ച് ഞാൻ രാവിലെ വരുമ്പോൾ കൂടെ കൂട്ടും.. ഇവിടുത്തെ ജോലിതിരക്കിനിടയിൽ ശ്രദ്ധിക്കാൻ
പറ്റില്ലല്ലോ… റോഡിലേക്കെങ്ങാനും ഇറങ്ങിയാലോ എന്ന് കരുതിയാ ഇതിനകത്ത് ആക്കിയത്.. ”
അയാളുടെ അവസ്ഥ അവർക്ക് മനസിലാകുന്നുണ്ടായിരുന്നു..
“അപ്പ വരുമെന്ന് ഉമ്മി പറഞ്ഞതാ…. പക്ഷേ വന്നപ്പോൾ ഉമ്മി ഇല്ല… പടച്ചോനെ കാണാൻ പോയെന്നാ മാമ പറയുന്നേ..”
കുഞ്ഞിന്റെ വാക്കുകൾ കേട്ടതും നെഞ്ചിൽ കത്തി ഇറങ്ങിയത് പോലെ സനോജിന് തോന്നി… അവൻ കുഞ്ഞിനെ ഇറുകി പുണർന്നു….
സമയം ഇഴഞ്ഞു നീങ്ങുകയാണ് .. ഇനിയെന്ത് എന്ന് ആർക്കും അറിയില്ല..”ഖാദറേ…” കൃഷ്ണൻ വിളിച്ചു..”ഈ കുട്ടിയെ ഞങ്ങൾ കൊണ്ടുപൊയ്ക്കോട്ടേ..?”
അയാൾ അമ്പരപ്പോടെ കൃഷ്ണനെ നോക്കി.”പേടിക്കണ്ട… പൊന്നു പോലെ നോക്കും.. ഇവൻ നിങ്ങൾക്കൊരു ബാധ്യതയാണെന്ന് മനസിലായി.. നിങ്ങളെ കുറ്റപ്പെടുത്തുകയല്ല, സാഹചര്യം അങ്ങനാ.. ഞങ്ങൾ വലിയ കോടീശ്വരന്മാരൊന്നുമല്ല, എന്നാലും ഒരു കുട്ടിയെ വളർത്തി വലുതാക്കാനുള്ള കഴിവൊക്കെ ഞങ്ങൾക്കുണ്ട്…”
ഖാദറിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു..”എന്റെ മോനും ഈ കുഞ്ഞും ഇന്നാദ്യമായാ കാണുന്നത്.. പക്ഷേ അതിന്റെ മനസ്സിൽ സ്വന്തം അച്ഛനാ ഇവൻ… ഇവിടെ ഉപേക്ഷിച്ചു പോയാൽ ജീവിതത്തിലൊരിക്കലും
എനിക്ക് സമാധാനം കിട്ടില്ല… നിയമപരമോ മതപരമോ ആയ ഒന്നും എനിക്കറിയില്ല..ഞാനൊരു സാധാരണ നാട്ടിൻപുറത്തുകാരനാ.. നിങ്ങൾക്ക് എതിർപ്പൊന്നുമില്ലെങ്കിൽ.. തന്നൂടെ ഞങ്ങൾക്ക്?.. കാണണം എന്ന് തോന്നുമ്പോ ഒന്ന് വിളിച്ചാൽ മതി…”
കൃഷ്ണന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഖാദർ അതിലേക്ക് മുഖം അമർത്തി… പിന്നെ കുഞ്ഞിനെ എടുത്ത് കവിളിൽ ചുംബിച്ചു..
“ന്നോട് വെറുപ്പൊന്നും തോന്നരുത്.. ശപിക്കരുത്.,.”അയാൾ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ കുഞ്ഞ് നിഷ്കളങ്കമായി ചിരിച്ചു…
ട്രെയിൻ പതിയെ നീങ്ങിതുടങ്ങി.. വിന്റോ സീറ്റിൽ സനോജിന്റെ മടിയിലായിരുന്നു അദ്നാൻ..
“അപ്പാ…” അവൻ പതിയെ വിളിച്ചു..”എന്താ മോനേ..?””അമ്മി എപ്പോഴാ വരിക?””വരും… മോൻ പഠിച്ച് വലിയ ആളാകുമ്പോഴേക്കും വരും…”
അവന്റെ മുഖത്ത് നോക്കിയാൽ താൻ കരഞ്ഞു പോകുമെന്ന് ഭയന്ന് സനോജ് കണ്ണുകൾ അടച്ച് ചാരിയിരുന്നു… നുണക്കുഴികൾ വിടർത്തി ചിരിക്കുന്ന ഷഹാനയുടെ രൂപം മനസ്സിൽ തെളിഞ്ഞു.
“ഏട്ടാ.. എല്ലാരും പറയും കുറെ കഷ്ടപ്പെട്ടാൽ എന്നെങ്കിലും നല്ലകാലമുണ്ടാകുമെന്ന്… പക്ഷേ അതൊരു കള്ളമാ… മരിക്കുന്നത് വരെ കഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്… തോറ്റവരുടെ കഥകൾ കേൾക്കാൻ ആർക്കും ഇഷ്ടമല്ലാത്തത് കൊണ്ട് അറിയപ്പെടുന്നില്ല എന്നേയുള്ളൂ..”
അവൾ പറഞ്ഞത് ശരിയാണ്… പത്തൊൻപതാം വയസിൽ വിവാഹം… ഇരുപത്തി ഒന്നാം വയസിൽ വിധവ.. പിന്നെ അമ്മയും…. ഇരുപത്തി നാല് തികയും മുൻപ് ആകാലമരണം….
അവളുടെ സന്തോഷം മോനും പിന്നെ താനും മാത്രമായിരുന്നു .. എന്നെങ്കിലും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയോടെ അവൾ കാത്തിരുന്നു… പക്ഷേ…..
അവന്റെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ അമ്മ സാരിത്തുമ്പ് കൊണ്ട് തുടച്ചു..”സനൂ… ഇനി കരയരുത് .. നഷ്ടപ്പെട്ടതെന്താണെന്ന് തിരിച്ചറിയാത്ത കുഞ്ഞാ ഇത്…. നീ കരയുന്നത് അവനേം
സങ്കടപ്പെടുത്തും…..നിന്റെ മോനായിട്ട് അവൻ വളരട്ടെ… പിന്നീടുള്ളത് അപ്പൊ ചിന്തിക്കാം… ഏതെങ്കിലും ലോകത്തിരുന്ന് ആ കുട്ടി ഇതുകണ്ട് സന്തോഷിക്കുന്നുണ്ടാകും…”
മോൻ പൂച്ചക്കുട്ടിയുടെ പാവ മുറുകെ പിടിച്ച് ഉറങ്ങി തുടങ്ങി… അമ്മ പറഞ്ഞത് ശരിയാണ്… പക്ഷേ ഏതോ ലോകത്തിലല്ല. തൊട്ടടുത്ത് നിന്ന് അവൾ എല്ലാം കാണുന്നുണ്ട്…അദൃശ്യമായകരങ്ങളാൽ
അവൾ തലോടുന്നുണ്ട്… കാതോരം ‘ ഏട്ടാ ‘ എന്ന സ്നേഹം നിറഞ്ഞ വിളി മുഴങ്ങുന്നു…. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് തന്റെ മകനെന്ന സംതൃപ്തിയോടെ ചക്കു എന്നും അരികിലുണ്ടാകും…ട്രെയിൻ കൂകിവിളിച്ചു കൊണ്ട് യാത്ര തുടർന്നു…