അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ.

(രചന: അംബിക ശിവശങ്കരൻ)

“നീ ഇങ്ങനെ കടുംപിടുത്തം പിടിച്ചാലോ എന്റെ ദീപേ…? അവൻ എത്രവട്ടം വന്നു വിളിച്ചു നിന്നെ… അവന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്നെയും മക്കളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചേനെ..

നിന്റെ ജീവിതം ഓർക്കണ്ട. നിനക്ക് രണ്ടു പെൺമക്കളാണ് അതു മറക്കേണ്ട,..” ഇടയ്ക്കിടെ അമ്മ ഇത് വന്ന് ഓർമിപ്പിക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു.

“അമ്മ ഇങ്ങനെ ഇടയ്ക്കിടെ വന്ന് എന്നെ ഓർമിപ്പിക്കേണ്ട.. അയാളുടെ കൂടെ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ? ഒരുമിച്ച് ജീവിക്കാൻ പറ്റാത്തത് കൊണ്ടല്ലേ അമ്മേ ഈ പിള്ളേരെയും കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത്.. അതെന്താ അമ്മ മനസ്സിലാക്കാത്തത്?” അവളുടെ മിഴികൾ നിറഞ്ഞു.

“അതൊക്കെ ഈ പിള്ളേരെ ഉണ്ടാക്കുന്നതിനു മുന്നേ ചിന്തിക്കണമായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം തികയും മുന്നേ തന്നെ ആദ്യത്തെത് ഒക്കിലായില്ലേ? അതിന് ഒരു വയസ്സ് ആകും മുന്നേ ദേ അടുത്തതും.

ഈ പറക്കമറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് നീ ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ്? അവർക്ക് അവരുടെ അച്ഛനേ വേണ്ടേ? തിരിച്ചറിവ് ആകുന്ന പ്രായത്തിൽ ഈ കൊച്ചുങ്ങൾ തന്നെ നിന്നെ തള്ളിപ്പറയും നോക്കിക്കോ…ഞങ്ങൾക്ക് നീ മാത്രമല്ല മകൾ ആയിട്ടുള്ളത് നിനക്ക് താഴെ ഒരു ആൺ കൊച്ചു കൂടിയുണ്ട് മറക്കേണ്ട..

അവന്റെ ഭാവിയെങ്കിലും ചിന്തിക്കേണ്ടേ?നീ ഇവിടെ ഇങ്ങനെ രണ്ട് കൈക്കുഞ്ഞുങ്ങളുമായി വന്നു നിന്നാൽ അവനു നല്ലൊരു കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടും എന്ന് തോന്നുന്നുണ്ടോ? അതുകൊണ്ട് എന്തൊക്കെ സഹിച്ചാലും മോൾ അവിടെ പിടിച്ചു നിന്നെ പറ്റൂ… പണ്ടുമുതലേ നിനക്കിത്തിരി പിടിവാശി കൂടുതലാ..

അതിന്റെയാ ഇതൊക്കെ. ഞാൻ അവനോട് വരാൻ പറഞ്ഞിട്ടുണ്ട് മോൾ ഈ വാശി ഒക്കെ മറന്നു അവനോടൊപ്പം ചെല്ലണം. ഇനിമുതൽ ഇതല്ല അതാണ് നിന്റെ വീട്. ഈ അമ്മ തന്നെ എന്തൊക്കെ സഹിച്ചാണ് ഇവിടെ പിടിച്ചുനിന്നത്. അതൊക്കെ നിനക്ക് പിന്നീട് മനസ്സിലാകും.”

സ്വന്തം അമ്മ പോലും തന്റെ മനസ്സ് മനസ്സിലാക്കാതെ ഇനി ആരാണ് തന്നെ മനസ്സിലാക്കുക? അവളുടെ ഉള്ള് നീറി.

അച്ഛനും അമ്മയും തന്നെയാണ് തനിക്കുവേണ്ടി അയാളെ കണ്ടെത്തി തന്നത്.ഒരുപക്ഷേ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു ഈ വിവാഹം എങ്കിൽ ആ കാരണം പറഞ്ഞും അമ്മ തന്നെ കുറ്റപ്പെടുത്തുമായിരുന്നു.

അയാൾക്ക് ഭാര്യയെ അല്ല മറിച്ച് വികാരങ്ങളെ ശമിപ്പിക്കാൻ ഒരു പെൺ ശരീരം മാത്രമാണ് വേണ്ടത് എന്ന് എങ്ങനെയാണ് അമ്മയെ പറഞ്ഞു മനസ്സിലാക്കേണ്ടത്? ഒരുപക്ഷേ പറഞ്ഞാലും അമ്മ അത് വിശ്വസിക്കണം എന്നില്ല.

പുതിയൊരു ജീവിതം സ്വപ്നം കണ്ട് ചെന്ന ഇരുപതിയൊന്നുകാരിയുടെ ജീവിതത്തിലേക്ക് ആദ്യരാത്രി തന്നെ അയാൾ ഭീതി നിറച്ചത് നോവിച്ചും ഇഷ്ടമില്ലാത്ത പ്രവർത്തികൾ ചെയ്യിച്ചും കൊണ്ടുള്ള അയാളുടെ കാമ ചേഷ്ടകൾ കാണിച്ചുകൊണ്ടാണ്. ആ രാത്രി തന്നെ ദാമ്പത്യ ജീവിതത്തോട് മടുപ്പ് തോന്നിയെങ്കിലും പുറത്തു പറയാൻ പേടിയായിരുന്നു.

എല്ലാ ദാമ്പത്യങ്ങളും ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് സ്വയം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഏതൊരു സ്ത്രീയുടെയും സ്വപ്നം ആയിരിക്കും ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് പക്ഷേ തന്റെ കാര്യത്തിൽ അതും തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല എന്നതാണ് സത്യം.

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസം തന്നെ കുളി തെറ്റി എന്ന് പറഞ്ഞു പലരും പരിഹസിച്ചു. അയാളുടെ അമ്മ പോലും അത് പറഞ്ഞു കുറ്റപ്പെടുത്തി. കുഞ്ഞിന്റെ വളർച്ച പോലും ഒരു അമ്മ എന്ന നിലയിൽ താൻ ആസ്വദിച്ചിരുന്നില്ല എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്.

ഗർഭിണിയായിരിക്കുമ്പോൾ പോലും ശാരീരിക ബന്ധത്തിന് അയാൾ നിർബന്ധിക്കാറുണ്ട്. ഒടുക്കം പ്രസവത്തിനു വേണ്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴാണ് ഏതോ വലിയൊരു ബന്ധനത്തിൽ നിന്നും അല്പം എങ്കിലും മുക്തി നേടിയത് പോലെ തോന്നിയത്.

ഏതൊരു പെണ്ണിനും ഗർഭകാലത്ത് തന്റെ ഭർത്താവ് അരികിൽ തന്നെ വേണമെന്നാണ് ആഗ്രഹം ഉണ്ടാവുക എന്നാൽ തന്റെ കാര്യത്തിൽ ഒരിക്കൽ പോലും അയാളുടെ സാമീപ്യം താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് മാത്രമല്ല അയാൾ അടുത്ത് വരുമ്പോഴൊക്കെയും അത്രയേറെ വെറുപ്പും തോന്നിയിരുന്നു.

പിന്നീട് ഏറെ ദുഃഖിച്ചത് കുഞ്ഞിനെയും കൊണ്ട് അയാളുടെ വീട്ടിലേക്ക് തിരികെ ചെന്നപ്പോഴാണ്. തൊണ്ണൂറിന് കൊണ്ടുപോകാമെന്ന് പറഞ്ഞ തന്റെ വീട്ടുകാരോട് ശാഠ്യം പിടിച്ച് അതിലും നേരത്തെ അയാൾ തന്നെയും കുഞ്ഞിനെയും ഇവിടെ നിന്നും കൊണ്ടുപോയി.

തങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അയാൾ അങ്ങനെ ചെയ്തതെന്ന് സ്വന്തം വീട്ടുകാരടക്കം എല്ലാവരും വിശ്വസിച്ചു. പക്ഷേ യാഥാർത്ഥ്യം എന്താണെന്ന് അപ്പോഴും തന്നെ ഉള്ളിൽ മാത്രം ഒതുങ്ങി നിന്നു. പിന്നീട് വിവാഹം കഴിഞ്ഞ് ഈ പടിയിറങ്ങിയതിനേക്കാൾ നൂറിരട്ടി വേദനയോടെ കുഞ്ഞിനെയും കൊണ്ട് അവിടേക്ക് യാത്രയായി.

ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സ് ആയപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകേണ്ടി വന്നു. അപ്പോഴൊക്കെയും വാക്കുകൊണ്ട് പോലും അയാളെ ചെറുത്തുനിൽക്കുവാൻ തനിക്ക് പ്രാപ്തി ഉണ്ടായിരുന്നില്ല എന്നതാണ് തന്റെ ഏറ്റവും വലിയ

പരാജയം. ഇപ്പോഴും മറ്റുള്ളവരുടെ മുന്നിൽ സ്നേഹം അഭിനയിച്ച് വിളിക്കുന്നത് എന്തിനാണെന്ന് തനിക്കറിയാം. അവൾ കണ്ണുകൾ ഇറക്കി അടച്ചുകൊണ്ട് ദീർഘമായി നിശ്വസിച്ചു.

അന്ന് വൈകുന്നേരത്തോടുകൂടി തന്നെ ദീപയെയും മക്കളെയും കൂട്ടിക്കൊണ്ടു പോകാൻ അയാൾ എത്തി. ദീപയെ കണ്ടതും അവൾക്ക് നേരെ വശ്യമായ ഒരു ചിരി അയാൾ തൊടുത്തു വിട്ടു. അത്

കണ്ടതും അവളുടെ മനസ്സിലെ വെറുപ്പ് ഇരട്ടിയായി. മാന്യന്റെ മൂടുപടം അണിഞ്ഞ് എത്ര മനോഹരമായാണ് അയാൾ തന്റെ മാതാപിതാക്കളുടെ മുൻപിൽ അഭിനയിക്കുന്നത്..

തന്റെ സത്യത്തെ അവിശ്വസിച്ചതും അയാളുടെ നുണകളെ സ്വീകരിച്ചതും ഈ അഭിനയം കണ്ടതുകൊണ്ട് തന്നെയാണ്. മറ്റാരോടും യാത്ര പറയാൻ നിൽക്കാതെ വിങ്ങുന്ന നെഞ്ചുമായി വീണ്ടും ആ പടിയിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു.

ജീവിച്ചിരിക്കുമ്പോൾ മകളോട് കാണിക്കാത്ത കരുണ മരിച്ച മൃതദേഹത്തിനോട് എന്തിന് എന്ന ചോദ്യമായിരുന്നു അവളുടെ ഉള്ളു നിറയെ.

നരകതുല്യമായ ആ വീട്ടിലേക്ക് ചെന്ന് കയറുമ്പോഴാണ് അറിഞ്ഞത് അയാളുടെ അച്ഛനും അമ്മയും അവിടെ ഇല്ല എന്ന സത്യം. ഇന്ന് തന്നെ ഇങ്ങോട്ട് തന്നെയും മക്കളെയും കൂട്ടിക്കൊണ്ടുപോരാൻ നിർബന്ധം പിടിച്ചതിന്റെ കാരണം ഇപ്പോഴാണ് അവൾക്ക് മനസ്സിലായത്.

തന്നെ അടിമുടി വീക്ഷിക്കുകയല്ലാതെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെ ഒന്ന് എടുക്കാനോ താലോലിക്കാനോ അയാൾ മുതിർന്നില്ല. രാത്രി ഏഴുമണി ആയപ്പോഴേക്കും കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നു.

അത് കാത്തുനിന്നതുപോലെ പുറകിൽ നിന്നും അവളുടെ മാറടത്തിൽ അയാളുടെ പിടുത്തം വേണോ? അവൾക്ക് അപ്പോൾ അസഹ്യമായ വേദന തോന്നി. തിരിഞ്ഞുനിന്ന് അയാളെ അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ ശക്തിയോടെ അയാൾ അവളെ തന്നിലേക്ക് അടുപ്പിച്ച് ബെഡിലേക്ക് മറിഞ്ഞുവീണു.

തന്റെ മേൽക്കിടന്ന് പരാക്രമം കാണിക്കുന്ന അയാളെ സർവ്വശക്തിയുമെടുത്ത് അവൾ തള്ളി മാറ്റി ശേഷം സകല നിയന്ത്രണവും നഷ്ടപ്പെട്ട് കൊടുത്തു അയാളുടെ കരണം നോക്കി ഒരെണ്ണം. ആ അടി തീരെ പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അയാൾ പൊടുന്നനെ അവളുടെ മേലുള്ള പിടുത്തം വിട്ടു.

” തൊട്ടുപോകരുത് എന്നെ.. നിങ്ങളുടെ കാമം തീർക്കാൻ ഇനി വേറെ ആളെ നോക്കിക്കോ.. രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നല്ലാതെ ഒരച്ഛനെന്ന നിലയിൽ വാത്സല്യത്തോടെ ഇവരെ ഒന്ന് നോക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ നിങ്ങൾ?

ഇളയ കുഞ്ഞിന് ഒരു വയസ്സ് ആകുന്നതേയുള്ളൂ അപ്പോഴേക്കും അടുത്തതിനെ എന്റെ വയറ്റിൽ സമ്മാനിക്കാൻ ആണോ? നിങ്ങളെപ്പോലെ ഒരു കാമഭ്രാന്തന്റെ മുന്നിൽ രണ്ടു പെൺകുഞ്ഞുങ്ങളെ വളർത്താൻ പോലും എനിക്ക് ഭയമാണ്. ”
അവൾ നിയന്ത്രണം വിട്ടു കൊണ്ട് അലറി.

“നീയിപ്പോ അങ്ങനെ വലിയ സത്യവദി ഒന്നും ചമയാതെടീ.. നിന്നെ പിന്നെ കൂട്ടിക്കൊണ്ടുവന്നത് ഇവിടെ പൂവിട്ട് പൂജിക്കാൻ ആണെന്ന് കരുതിയോ? ഇതിനുവേണ്ടി തന്നെയാണ് നിന്റെ തന്തയുടെയും തള്ളയുടെയും മുന്നിൽ നല്ലവനായി അഭിനയിച്ച് നിന്നെയും കൂട്ടിയിട്ട് വന്നത്.

എന്റെ കൂടെ എന്റെ വീട്ടിൽ താമസിക്കണമെങ്കിൽ ഞാൻ പറയുന്നതൊക്കെ അനുസരിക്കേണ്ടിവരും. അതിപ്പോ എനിക്ക് തോന്നുമ്പോഴൊക്കെ കിടന്നു തരലും ഇതിൽപെടും. നിനക്ക് അതിന് പറ്റിയില്ലെങ്കിൽ ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെ നിന്നും.”

അതു പറഞ്ഞ് അയാൾ വീണ്ടും അവളുടെ ശരീരം ലക്ഷ്യമാക്കി പാഞ്ഞടുത്തു. പൊടുന്നനെയുള്ള അയാളുടെ ബലപ്രയോഗത്തിൽ അവൾക്ക് പെട്ടെന്ന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എങ്കിലും

എങ്ങനെയൊക്കെയോ അവൾ തന്റെ ശരീരത്തിൽ നിന്നും അയാളെ തള്ളി മാറ്റി.അടുക്കളയിൽ ചെന്ന് ഒരു വെട്ടുകത്തിയും എടുത്ത് കോപം ജ്വലിക്കുന്ന കണ്ണുകളോടെ അയാളുടെ നേരെ ഓങ്ങി.

” ഇനി ഒരു വട്ടം കൂടി നിങ്ങൾ എന്റെ ശരീരത്തിൽ കൈവച്ചാൽ എന്റെ മക്കളാണേ സത്യം നിങ്ങളെ ഞാൻ കൊന്നിരിക്കും. എനിക്കിനി മേലും കീഴും നോക്കാനില്ല. ”

തനിക്ക് നേരെ ആഞ്ഞുവീശിയ വെട്ടുകത്തിയുടെ മൂർച്ചയെപ്പറ്റി ധാരണ ഉള്ളതിനാൽ ആകണം അവൻ ഭയന്ന് പിന്നിലേക്ക് മാറി.

പെട്ടെന്ന് എന്തോ സ്ഥലകാല ബോധം വന്നതുപോലെ അവൾ കയ്യിലിരുന്ന ആയുധം മുറിയുടെ ഒരു അരികിലേക്ക് എറിഞ്ഞു. ശേഷം രണ്ട് കൈകൊണ്ടും ചെവികൾ പൊത്തിപ്പിടിച്ച് നിമിഷനേരത്തേക്ക് പൊട്ടിക്കരഞ്ഞു. പിന്നെയും എന്തോ തിരിച്ചറിവ്

വന്നപ്പോലെ തന്റെ രണ്ടു കുഞ്ഞുങ്ങളെയും മാറോട് ചേർത്തു പിടിച്ച് ഉടുത്ത വസ്ത്രത്തിനാലേ തന്നെ അവിടെ നിന്നും ഇറങ്ങുമ്പോൾ ഒരു വാക്കുകൊണ്ട് പോലും അയാൾ അവളെ തടഞ്ഞില്ല.

ആ രാത്രി ആ വീടിന്റെ പടിയിറങ്ങുമ്പോൾ എങ്ങോട്ട് പോകണമെന്ന ചോദ്യത്തിന് ഉത്തരം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. സ്വന്തം വീട്ടിലേക്ക് ഇനി ഒരു മടങ്ങിപോക്ക് ഇല്ല.തന്റെ മനസ്സ് മനസ്സിലാക്കാൻ അവർക്ക് ഒരിക്കലും സാധിക്കുകയില്ല.ചൂടു കണ്ണീർ കവിളിലൂടെ ഇറ്റിറ്റ് വീഴുമ്പോഴും ലക്ഷ്യമില്ലാതെ അവൾ എങ്ങോട്ടോ നടന്നകന്നു.

തന്റെ മകൾ ഭർത്താവിന്റെ വീട്ടിൽ സുരക്ഷിതയാണെന്ന് വിശ്വാസത്തോടെ അവളുടെ വീട്ടുകാരും, അവൾ സ്വന്തം വീട്ടിലേക്ക് പോയതാണെന്ന് ചിന്തയിൽ അയാളും ആ രാത്രിയോട് വിട ചൊല്ലി.

പിറ്റേന്ന് നാടുണർന്നത് ഒരു ഞെട്ടിക്കുന്ന മരണവാർത്തയുമായി ആയിരുന്നു.’ രണ്ട് കൈക്കുഞ്ഞുങ്ങളെയും തന്റെ സാരി കൊണ്ട് ദേഹത്ത് കെട്ടിവച്ച് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല.’

ആ കുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിടാമായിരുന്നു എന്ന് പറഞ്ഞ് ആരൊക്കെയോ വിലപിക്കുമ്പോൾ അമ്മയില്ലാത്ത ഈ ലോകത്ത് അവരെയും കാമ കണ്ണുകൾ വേട്ടയാടും.. അവരുടെ അച്ഛൻ തന്നെ ആയിരിക്കും അതിൽ ഒന്നാമൻ എന്ന് അവളുടെ ആത്മാവ് ആരോട് എന്നില്ലാതെ മന്ത്രിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *