കല്യാണം കഴിഞ്ഞാൽ മോഡേൺ ഡ്രെസ്സും മേക്കപ്പും, മുടിയിൽ കളറും അടിക്കാൻ പാടില്ലേ…? ഇങ്ങനെ ഒരായിരം ചോദ്യം സനുഷയുടെ മനസ്സിലൂടെ കടന്നുപോയി

(രചന: ഞാൻ ഗന്ധർവ്വൻ)

“കുറച്ച് ദിവസായി ചോദിക്കണം എന്ന് കരുതുന്നു. നിനക്ക് എത്ര വയസ്സായി പെണ്ണേ…? നീ കല്യാണം കഴിച്ചതല്ലേ…?”

തന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഷോപ്പിൽ പുതുതായി ജോലിക്ക് വന്ന കാഴ്ച്ചയിൽ ഒരു നാല്പത് വയസ്സ് തോന്നിപ്പിക്കുന്ന ചേച്ചി ഇച്ചിരി ഗൗരവത്തോടെ സനുഷയോടത് ചോദിച്ചപ്പോൾ

തന്റെ സൗന്ദര്യവും സ്മാർട്നസ്സും കണ്ടിട്ട് ചേച്ചിയുടെ കുടുബത്തിലെ ഏതേലും ചെക്കന് കല്യാണം ആലോചിക്കാനാണന്ന് കരുതി അവൾ സ്വല്പം നാണത്തോടെ തലതാഴ്ത്തി കാലിലെ പെരുവിരൽ കൊണ്ട് തറയിൽ വട്ടംവരച്ചു

“അയ്യോ ചേച്ചീ, എനിക്ക് ഈ ഏപ്രിലിൽ മുപ്പത്തിമൂന്ന് വയസ്സ് തികഞ്ഞു. പിന്നെ ഞാൻ മാരീഡ് ആണുട്ടോ. രണ്ട് കുട്ടികളും ഉണ്ട്. ചർമം കണ്ടാൽ പ്രായം തോന്നിക്കാത്തത് പാരമ്പര്യമായി കിട്ടിയതാണ്”

പെട്ടെന്ന് ആ ചേച്ചിയുടെ മുഖമങ്ങ് മാറി. ഒരുലോഡ് പുച്ഛം ആ മുഖത്തിലൂടെ മിന്നിമറഞ്ഞു

“നാണമില്ലേ പെണ്ണേ നിനക്ക്…? രണ്ട് കുട്ടികളുടെ അമ്മയല്ലേ നീ, നിന്റെ ഓവർ മേക്കപ്പും, മുടിയിൽ അടിച്ചിരിക്കുന്ന കളറും, പിന്നെ മോഡേൺ ഡ്രെസ്സും… ഈ കോലം നിന്റെ പ്രായത്തിനു ചേർന്നതാണോ…? രണ്ടുമൂന്ന് ദിവസായി പറയണം കരുതുന്നു. ഈ ഓവർ മേക്കപ്പ് ബോറാണ്… മഹാ ബോർ”

താൻ മുപ്പത്തിമൂന്ന് വയസ്സ് എന്ന് പറഞ്ഞത് ആ ചേച്ചി എൺപത്തിമൂന്ന് എന്നാണോ കേട്ടത്. അതെന്താ കല്യാണം കഴിഞ്ഞാൽ മോഡേൺ ഡ്രെസ്സും മേക്കപ്പും, മുടിയിൽ കളറും അടിക്കാൻ പാടില്ലേ…? ഇങ്ങനെ ഒരായിരം ചോദ്യം സനുഷയുടെ മനസ്സിലൂടെ കടന്നുപോയി.

“സത്യത്തിൽ ഇപ്പോ ചേച്ചീടെ പ്രശ്നം എന്താ…?”ചേച്ചി അവളെ പുച്ഛത്തോടെ അടിമുടി നോക്കി

“ഇതൊക്കെ മഹാബോറാണ് സഹോദരീ, നിങ്ങൾ എപ്പോഴെങ്കിലും സ്വന്തം കുടുംബത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ…? ഭർത്താവ്… കുട്ടികൾ…

അവരെയൊക്കെ വല്ലപ്പോഴും ഓർത്തിരുന്നേൽ നിനക്ക് ഇങ്ങനെയൊന്നും അഴിഞ്ഞാടി നടക്കാൻ സാധിക്കില്ല. സമൂഹം നിന്നെ നോക്കി പരിഹസിക്കുന്നത് കാണുന്നില്ലേ…? മറ്റ്‌ പുരുഷന്മാരെ ആകർഷിക്കാൻ ഓരോ വേഷവും അണിഞ്ഞോണ്ട് നടന്നോളും”

മുടി കളർ ചെയ്യുന്നതും, മുഖത്ത് മേക്കപ്പ് ഇടുന്നതും, നല്ല വസ്ത്രങ്ങൾ അണിയുന്നതുമെല്ലാം കുടുംബവും കുട്ടികളുമായി ഇത്രേം ബന്ധമുള്ള കാര്യം അവൾ അപ്പോഴാണ് മനസ്സിലാക്കിയത്.

ഇനി താനായിട്ട് സമൂഹത്തെകൊണ്ട് പരിഹസിപ്പിക്കേണ്ട. ഇനിമുതൽ മേക്കപ്പ് ഒന്നും ഇടാതെ ഓഫീസിൽ വരാൻ സനുഷ തീരുമാനിച്ചു. താൻ എന്തൊരു നീചയാണ്… ഇത്രക്കും പാപിയായിരുന്നോ താൻ. അവളുടെ കണ്ണുകൾ നിറഞ്ഞു.

തന്റെ കണ്ണുകൾ തുടച്ച്, താൻ നന്നായ കാര്യം ചേച്ചിയോട് പറയാൻ തുടങ്ങിയപ്പോൾ പുച്ഛത്തോടെ ചേച്ചി അവളുടെ അടുത്ത് നിന്നും നടന്നകന്നു.

പോകുന്ന വഴിയിൽ ചേച്ചി തന്റെ ഫോൺ കയ്യിലെടുത്ത് കോൺടാക്ട് എടുത്തു. അതിൽ കാമുകൻ ഒന്ന് മുതൽ പതിനാറ് വരെ ഉണ്ടായിരുന്നു. കാമുകൻ ഒന്നിനെ വിളിച്ചിട്ട് എടുത്തില്ല, ബിസിയാണ്. അപ്പോൾ തന്നെ ചേച്ചി കാമുകൻ രണ്ടിനെ വിളിച്ചു

“ടാ പൊന്നൂ, ചേച്ചിയാകെ ടെൻഷനിൽ ആടാ… അഴിഞ്ഞാടി നടക്കുന്ന ഓരോ സ്ത്രീ ജന്മങ്ങൾ. പെണ്ണിന്റെ പേര് കളയാനായിട്ട്… നിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല പൊന്നൂ… ഇന്ന് ഹസ് വീട്ടിൽ ഉണ്ടാകില്ല… ന്റെ പൊന്നു വരോ എന്നെ ആശ്വസിപ്പിക്കാൻ”

ആഹാ ഇത്രയും മാന്യയായ ചേച്ചി ആണല്ലോ സനുഷയെ ഇത്രേം നേരം ഉപദേശിച്ചത് എന്നോർത്തപ്പോൾ അന്ന് നന്നായി ഇടിവെട്ടി മഴപെയ്തു…

നോട്ട്: ഒരു സ്ത്രീയുടെ സ്വഭാവത്തിന് സർട്ടിഫിക്കേറ്റ് കൊടുക്കേണ്ടത് അവളുടെ വസ്ത്രമോ വേഷമോ നോക്കിയല്ല. ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടേണ്ടിവരും.

അതിനർത്ഥം ആ പെണ്ണ് പുരുഷന്മാരെ വശീകരിക്കാൻ നടക്കാണ് എന്നല്ല. അവൾ അന്തസ്സായി ജോലി ചെയ്ത് ജീവിക്കാണ് എന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *