(രചന: ശാലിനി മുരളി)
മെഡിക്കൽ കോളേജിന്റെ തിരക്കേറിയ വഴിയുടെ ഓരത്ത് അയാൾ ആ സ്‌ട്രെച്ചറിൽ വിയർത്തൊഴുകി അങ്ങനെ കിടന്നു.
മീനമാസത്തെ ചൂടിന് അല്ലെങ്കിൽ തന്നെ മനുഷ്യന്റെ സകല ഞരമ്പുകളെയും ഉഷ്ണിപ്പിക്കാനുള്ള ശക്തി ഉണ്ട്. പോരെങ്കിൽ അനങ്ങാൻ വയ്യാതെ ഒരേ കിടപ്പ് കിടക്കുന്ന ഒരാളിന്റെ കാര്യം പറയാനുമുണ്ടോ?
കണ്ണുകൾ കൊണ്ട് ചുറ്റുപാടും ചിതറിയ നോട്ടം നോക്കി. എവിടെ പോയതാണ് അവൻ?
ഈ പൊരിയുന്ന ചൂടത്ത് എത്ര നേരമായി ഇങ്ങനെ കിടക്കുന്നു.
പാവം! മകൾ ഇടയ്ക്ക് വായിൽ ചെറു ചൂട് വെള്ളം ഒഴിച്ച് തരുന്നുണ്ട്. ഭാര്യ തലയ്ക്കൽ നിന്ന് വീശി തരുന്നുണ്ടെങ്കിലും അതൊന്നും അറിയാൻ പോലുമില്ല.
അക്ഷമയോടെ മകൾ അമ്മയ്ക്ക് നേരെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.പക്ഷെ ഒന്നും വ്യക്തമല്ല. അവൾ രണ്ട് പൊടികുഞ്ഞുങ്ങളെ ഇട്ടിട്ടാണ് അച്ഛന്റെയൊപ്പം വന്നിരിക്കുന്നത്. മകൻ മരുമകനേയും കൂട്ടി പോയത് ഒരു വിലപേശലിനു തന്നെ എന്നുറപ്പ്!
അവൻ പണ്ടേ അങ്ങനെ ആണ്. എന്തിലും ഏതിലും ഒന്ന് പരുങ്ങും. കയ്യിൽ നിന്നിറങ്ങി പോകുന്ന കാശിന്റെ കാര്യത്തിൽ അവൻ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല.
ഇന്ന് ഡോക്ടർ പറഞ്ഞത് എന്താണ് എന്നോർത്തെടുക്കാൻ ഒന്ന് ശ്രമിച്ചു. സ്കാനിങ് എന്നൊക്കെ ഡോക്ടർ പറയുന്നുണ്ടായിരുന്നു.
അല്ലേൽ തന്നെ ഇനിയെന്തോന്ന് സ്കാനിങ്. ദേഹം തളർന്നു പോയ ഒരുവനിൽ വെറുതെ എന്തിനു വിലകൂടിയ മരുന്നുകൾ പരീക്ഷിച്ചു പണവും സമയും കളയണം.
നാട്ടിലെ ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പരിശോധനയ്ക്ക് വിട്ടതാണ്. ഇവിടെ ഒരു നല്ല സ്പെഷ്യലിസ്റ്റ് ഉണ്ടത്രെ!
അവിടെ നിന്ന് പുലർച്ചെ ആംബുലൻസിൽ പോന്നതാണ്.കൂടെ മകനും മകളും മരുമകനും ഭാര്യയും.
വാ തുറന്ന് ഒന്നും പറയാനും ചോദിക്കാനും
കൂടി മേലാതായി കഴിഞ്ഞിരിക്കുന്നു.
നാക്കും തളർന്നു പോയിരിക്കുന്നു !ഇന്ന് എത്രയാണോ തീയതി!ഒന്നാം തീയതി കഴിഞ്ഞോ?
ബാങ്കിൽ പോയി പെൻഷൻ എടുത്തിട്ടുണ്ടാവുമോ? ചോദ്യങ്ങൾ ഒരു കൂറ്റൻ തിരമാല പോലെ നെഞ്ചിൽ അലയടിക്കുന്നുണ്ട്.
തൊണ്ടയിൽ ഞെരിഞ്ഞമരുന്ന ശബ്ദങ്ങളെ പുറത്തേയ്ക്ക് തള്ളിയകറ്റണമെന്നുണ്ട്. പക്ഷെ, കണ്ണുകൾ തന്റെ നിസ്സഹായത ഏറ്റു പിടിച്ചു പിടയുമ്പോൾ ഒന്നും മനസ്സിലാകാതെ ഭാര്യ നെഞ്ചു തടവി തരും..
ഒരുവന്റെ ഏറ്റവും വലിയ ശിക്ഷ പുറത്തേയ്ക്ക് വരാത്ത അവന്റെ ശബ്ദം തന്നെ ആയിരിക്കും. തന്റെ വിചാര വികാരങ്ങൾ ആരെയെങ്കിലും ഒക്കെ ബോധ്യപ്പെടുത്താൻ കഴിയാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും!
സർക്കാർ ജോലിയിൽ ഇരുന്നു പെൻഷൻ പറ്റിയ ഒരാൾക്ക് കിട്ടാവുന്ന മാന്യമായ ഒരു തുക എല്ലാ മാസവും തന്റെ അക്കൗണ്ടിൽ വരുന്നുണ്ട്. എന്നിട്ടും മകനിത്ര ഞെരുക്കമെന്താണ്..
അവനെ പഠിപ്പിക്കാനോ, പുതിയ വീട് പണിതു കൊടുക്കാനോ, നല്ല വിവാഹം കഴിപ്പിക്കുവാനോ ഒന്നിനും താൻ ഒരു കുറവും വരുത്തിയിട്ടില്ല. പഠിപ്പിക്കാൻ വിട്ട നേരത്ത് സിനിമ കാണാൻ പോയി തോറ്റു വന്നപ്പോഴും വീണ്ടും എഴുതി ജയിക്കാൻ പ്രേരിപ്പിച്ചു.
പിന്നെയും ഒരു നല്ല തൊഴിലിനു വേണ്ടിയുള്ള കോഴ്സ് ചെയ്യാൻ വലിയൊരു തുക ചിലവഴിച്ചപ്പോഴും ആരോടും വില പേശിയില്ല. ഇന്ന് ഒന്നിനും കൊള്ളാതെ കിടപ്പുകാരനായപ്പോൾ തനിക്ക് വേണ്ടി അവൻ പലരോടും അഭിമാനം പോലും മറന്നു തർക്കിക്കുന്നു! വിലകുറഞ്ഞ അച്ഛനാണ് താനിന്നവന്!!
രാവിലെ ഇവിടെയ്ക്ക് വന്ന ആംബുലൻസ് അപ്പോൾ തന്നെ മടക്കിയയച്ചിരുന്നു. മെഡിക്കൽ കോളേജിലെ കാര്യമല്ലേ, എപ്പോൾ ഡോക്ടറെ കാണാൻ പറ്റുമെന്ന് പറയാൻ പറ്റില്ല.
താമസിക്കും തോറും വെയ്റ്റിങ് ചാർജ്ജ് കൂടുതൽ കൊടുക്കേണ്ടി വരും. വിചാരിച്ചത് പോലെ തന്നെ ഡോക്ടറുടെ ക്യാബിന്റെ മുന്നിൽ ഏറെ നേരം സ്ട്രച്ചറിൽ കിടക്കേണ്ടിയും വന്നു.
ഇപ്പൊ കണ്ടു കഴിഞ്ഞിട്ടിതാ അതിലും ഏറെ നേരമായിരിക്കുന്നു.
വഴിയേ പോകുന്ന പലരും തങ്ങളെ നോക്കിയാണ് കടന്നു പോകുന്നതെന്ന് അറിഞ്ഞപ്പോൾ ലജ്ജ തോന്നി. തിരിച്ചു പോകാനുള്ള ആംബുലൻസ് അന്വേഷിച്ചു പോയതാണ് മകൻ.
അവന്റെ ഇഷ്ടപ്പടി റേറ്റ് കുറഞ്ഞത് ഒന്നും ഒത്തുകാണില്ല.
മൂത്രം പോകാനുള്ള ട്യൂബ് ഇട്ടിരിക്കുന്നത് കൊണ്ട് ഒരു സമാധാനം ഉണ്ട്. അത് അതിന്റെ ക്രമത്തിൽ എല്ലാം നടന്നുകൊള്ളും.
പക്ഷെ ഈ വെയിൽ ആണ് സഹിക്കാൻ വയ്യാത്തത്..
തന്റെ മുഖത്തെ പരവേശം കണ്ടിട്ടാവും അച്ഛനെ വീശിക്കൊണ്ട് നിന്ന മകൾ അമ്മയോട് ദേഷ്യപ്പെട്ടു.
” ഇവര് ഇതെവിടെ പോയിക്കിടക്കുവാണ്.
അച്ഛൻ ഈ വെയിലത്ത് എത്ര നേരമായി കിടക്കുന്നു.. ”
മുൻപായിരുന്നെങ്കിൽ പല്ല് കടിച്ചു ഞെരിച്ചു താൻ ദേഷ്യപ്പെട്ടേനെ. ഇന്ന് ഒന്നിനും ആകാത്ത അവസ്ഥ ആയിപ്പോയി.
ഒടുവിൽ ഒരു വെള്ള ആംബുലൻസ് അവർക്കരികിലേയ്ക്ക് മെല്ലെ വരുന്നത് കണ്ട് അയാൾ ദീർഘ നിശ്വാസം വിട്ടു.മകന്റെ മുഖത്തു നല്ല തെളിച്ചം ഉണ്ടല്ലോ.അവന്റെ വിലപേശൽ ഏറ്റു കാണുമോ?
അതുവരെ നിശ്ചലമായി കിടന്ന സ്‌ട്രെച്ചർ ഒന്ന് അനങ്ങി. ഒരു കൈ സഹായത്തിനായി ഡ്രൈവർ മുൻ സീറ്റിൽ നിന്നിറങ്ങി വന്നു. അച്ഛൻ ആംബുലൻസിൽ സുരക്ഷിതനായി കിടന്നു .
അച്ഛന്റെ ഉണങ്ങി വരണ്ട ചുണ്ടുകൾക്കിടയിലേയ്ക്ക് മകൾ മധുരമില്ലാത്ത ഏതോ വെള്ളം ഒഴിച്ച് കൊടുത്തു.
ഡ്രൈവർ പതിയെ തിരക്കിനിടയിലൂടെ വാഹനം മുന്നോട്ടെടുത്തു. വിയർത്ത മുഖം കൈലേസ് കൊണ്ട് തുടച്ചു മകൻ ആഹ്ലാദത്തോടെ ഡ്രൈവർ കേൾക്കാതെ ഒച്ച താഴ്‌ത്തി മകളോട് പറയുന്നുണ്ടായിരുന്നു..
” ഇങ്ങോട്ട് വന്നതിലും ലാഭമുണ്ട് ഇത് കേട്ടോ.
എല്ലാവർക്കും റേറ്റ് വളരെ കൂടുതലാണ്.
ഈ ആംബുലൻസ് ഞങ്ങൾ വേറൊരു സ്ഥലത്തു നിന്ന് പിടിച്ചതാണ്. ഇതിന് രാവിലെ ഇങ്ങോട്ട് വന്നതിന്റെ പകുതി കാശെ ആയിട്ടുള്ളൂ.. ”
ഉള്ളിൽ ഒരു ചിരി അലച്ചു തല്ലി പുറത്തു ചാടാൻ വിഹ്വലപ്പെടുന്നുണ്ട്.മോനെ…അച്ഛൻ മരിച്ചു കഴിയുമ്പോഴുള്ള ചിലവുകൾക്കും നീ കുറെ കാശിറക്കേണ്ടി വരുമല്ലോ. അന്നും നീ പലതിനും പലരോടും വില പേശുമ്പോൾ രാമചന്ദ്രൻ സാറിന്റെ മകൻ തന്നെയാണോ ഇവനെന്ന് ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ!
മകൾ മറുപടി എന്തെങ്കിലും കൊടുത്തിരുന്നോ? അറിയില്ല, അപ്പോഴേക്കും ചൂടേറ്റ് തളർന്നു പോയിരുന്ന ശരീരം ഒരു മയക്കത്തിലേയ്ക്ക് മറിഞ്ഞു വീണിരുന്നു.