നല്ല വിളഞ്ഞു പാകമായത് .. അവളെയങ്ങ് പൊക്കി കാണിച്ചാൽ പോരെ അങ്ങേർക്ക് കാണിക്കാൻ തോന്നുമ്പോൾ ….

(രചന: രജിത ജയൻ)

“ദേ ടാ.. ഇവൻറെ അച്ഛനാണ് ഇന്ന് രാവിലെ ടൗണിൽ നിന്ന് പെൺപിള്ളേരുടെ നേരെ തുണി പൊക്കി കാണിച്ചത്…

രാവിലെ കോളേജിൽ എത്തി ക്ലാസിലേക്ക് നടക്കുമ്പോഴാണ് ഗേറ്റിനടുത്ത് വെച്ച് തന്നെ ചൂണ്ടി അഭിലാഷ് കൂട്ടുകാരോട് പറയുന്നത് യദു കേട്ടത് ..

“അച്ഛൻ ടൗണിൽ കാണിക്കുന്നതിവൻ ക്യാമ്പസിൽ കാണിക്കു വോടാ …?”കാണിച്ചതു തന്നെ ,നല്ല ആമ്പിള്ളേരുടെ കയ്യുടെ ചൂടറിയും എന്നാലിവൻ ..

അഭിലാഷിനൊപ്പം നിൽക്കുന്നവർ തന്നെ പരിഹസിക്കുന്നത് കേട്ടിട്ടും പ്രത്യേകിച്ച് യാതൊരു ഭാവമാറ്റവുമില്ലാതെ അവൻ ക്ലാസിലേക്ക് നടന്നു..

“അല്ലളിയാ.. ഞാൻ ഓർക്കുന്നത് ഇവൻറെ അച്ഛൻ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ടൗണിൽ വന്ന് വല്ലവന്റേം പെൺപിള്ളേരെ തുണി പൊക്കി കാണിക്കുന്നതെന്നാ …?

“അയാളുടെ മകൾ, അതായത് ഇവൻറെ അനിയത്തി ഒരെണ്ണം വീട്ടിലില്ലേ, നല്ല വിളഞ്ഞു പാകമായത് .. അവളെയങ്ങ് പൊക്കി കാണിച്ചാൽ പോരെ അങ്ങേർക്ക് കാണിക്കാൻ തോന്നുമ്പോൾ ….

“ഇതിപ്പോ വെറുതെ നാട്ടുകാരുടെ കൈക്ക് പണി ഉണ്ടാക്കാനായിട്ട്…അഭിലാഷ് കൂട്ടുകാരോട് പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട യദു അഭിലാഷിന് നേരെ ചുവടുകൾ വെച്ചതും അവന്റെ കയ്യിലൊരു പിടുത്തം വീണു..

“ഗോപിക…,യദുവിന്റെ ക്ലാസ്മേറ്റും അടുത്ത കൂട്ടുകാരിയുമാണവൾ..” യദൂ …കുരയ്ക്കുന്ന പട്ടികളൊന്നും കടിക്കാറില്ലാന്ന് നീ കേട്ടിട്ടില്ലേ ..?

അതുപോലെയാണിവരും… വെറുതെ കുരച്ചു കൊണ്ടിരിക്കും ..”നീയതുകൊണ്ട് അവരെ തിരുത്താൻ ശ്രമിക്കാണ്ട് നിൻറെ കാര്യം നോക്ക്..

അഭിലാഷിനെയും കൂട്ടുകാരെയും പരിഹാസത്തിൽ നോക്കിയിട്ട് ഗോപിക യദുവിനോട് പറഞ്ഞപ്പോൾ അവൻ ആരെയും ശ്രദ്ധിക്കാതെ ക്ലാസിലേക്ക് നടന്നു..

“എന്താടി മോളെ ,അവൻറെ തന്തയെ പറയുമ്പോൾ നിനക്കൊരു പൊള്ളൽ ..?”അയാൾ നിനക്ക് നേരെയും മുണ്ട് പൊക്കിയോ..?

അഭിലാഷിന്റെ കൂടെയുള്ളവർ ഗോപികയെ നോക്കി ചോദിക്കുന്നത് കേട്ടതും, ക്ലാസിലേക്ക് നടന്ന യദു തിരികെ വന്നവന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ചത് പെട്ടന്നായിരുന്നു ..

“അഭിലാഷേ …നീ ഉൾപ്പെടെ ഈ കോളേജിലെയും നാട്ടിലെയും പലരും എന്നെ എൻറെ അച്ഛൻറെ സ്വഭാവത്തെപ്പറ്റി പറഞ്ഞ പരിഹസിക്കാറുണ്ട്..

” അത്തരം പരിഹാസങ്ങൾ ഭയന്ന് വീടിനു പുറത്തുപോലും ഇറങ്ങാതെ വീട്ടിലിരിക്കുന്ന എൻറെ അനിയത്തിയുടെയും, ഭർത്താവിൻറെ സ്വഭാവ ദൂഷ്യത്തിനു കാരണം ഭാര്യയുടെ കഴിവുകേടാണെന്ന് നാട്ടുകാരുടെ പരിഹാസത്തിൽ തളർന്നൊരമ്മയും വീട്ടിൽ ഉണ്ടായിട്ടും

ഞാനീ കോളേജിൽ അതിനെയെല്ലാം അവഗണിച്ച് വരുന്നുണ്ടെങ്കിൽ അതിനുകാരണം എന്നെ അറിയാവുന്ന മനസ്സിലാക്കുന്ന ഗോപികയെ പോലെ ചുരുക്കം ചില സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ്…

“എന്നെ എന്തു വേണമെങ്കിലും നിങ്ങൾക്ക് പറയാം പക്ഷേ എനിക്കൊപ്പം നടക്കുന്നവരെയോ എൻറെ വീട്ടിലെ പെണ്ണുങ്ങളെയോ പറയാൻ നിങ്ങൾക്കാർക്കും യാതൊരു റൈറ്റുംഇല്ല…

” ഇനി ഇതുപോലെ ആവർത്തിക്കരുത്…ഒരു താക്കീതു പോലെ അവരോട് പറഞ്ഞുകൊണ്ട് ക്ലാസിലേക്ക് ഗോപികക്കൊപ്പം നടക്കുമ്പോൾ നിറയാൻ ശ്രമിക്കുന്ന തൻറെ കണ്ണിനെ നിയന്ത്രിക്കാൻ യദു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു .

പഠിച്ച ക്ലാസ്സിലെല്ലാം ഒന്നാമതായിട്ടും, പഠിച്ചിടങ്ങളിലെല്ലാം പേരുകേട്ട കലാകാരൻ ആയിട്ടും മറ്റുള്ളവർക്കിടയിൽ തല താഴ്ത്തി ഇരിക്കാനെ യദുവിനെന്നും സാധിച്ചിരുന്നുള്ളൂ …അതിന് കാരണം അവന്റെ അച്ഛൻറെ സ്വഭാവമായിരുന്നു.

എത്രയോ ഹോസ്പിറ്റലുകളിൽ യദുവും വീട്ടുകാരും അവൻ്റെ അച്ഛന് കൊണ്ടുപോയി ചികിത്സിക്കാൻ നോക്കിയെങ്കിലും അച്ഛൻ അതിനൊന്നും സഹകരിച്ചില്ല.. ശ്രമിച്ച അമ്മയേയും യദുവിനെയും അടിക്കുകയും ചെയ്തു

നാലു പെണ്ണുങ്ങൾ കൂടി നിൽക്കുന്നിടത്ത് അയാൾ പലപ്പോഴും തൻറെ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടേയിരുന്നു..

നാട്ടുകാർക്കിടയിൽ നിന്ന് എത്ര അടി കിട്ടിയിട്ടും അയാളാ സ്വഭാവം മാറ്റിയില്ല.ഒരുതരം ലഹരി പോലെ ആയിരുന്നു അയാൾക്ക് നഗ്നത കാണിക്കുന്നതും തല്ല് വാങ്ങുന്നതും ..

അച്ഛൻറെ സ്വഭാവത്തിന്റെ പഴി യദുവിന്റെഅമ്മയുടെ കഴിവുകേടായി ആദ്യം ചൂണ്ടിക്കാട്ടിയത് നാട്ടുകാർ തന്നെയാണ്..

പിന്നീട് പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരുന്ന അനിയത്തിയെയും അതിൻറെ പേരിൽ നാട്ടുകാർ പരിഹസിച്ചു തുടങ്ങി..

ക്രമേണ അവൾക്ക് നേരെ അസഭ്യ വർഷങ്ങൾ നാട്ടുകാർനടത്തി തുടങ്ങിയപ്പോൾ തളർന്നു പോയിരുന്നു അവളോടൊപ്പം അവൻറെ കുടുംബവും ..

എന്നാൽ അച്ഛനുമാത്രം തൻറെ പ്രവർത്തിയിൽ യാതൊരു കുറ്റബോധവും തോന്നിയില്ല .അയാൾ നിർബാധം തന്റെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു..

പി ജി ചെയ്തു കൊണ്ടിരിക്കുന്ന യദു നാണക്കേടു കൊണ്ട് പലപ്പോഴും പഠനം നിർത്താൻ ശ്രമിച്ചെങ്കിലും അവനെ മനസ്സിലാക്കുന്ന ഗോപികയെ പോലെ ഉള്ളവർ അവനെ അതിൽ നിന്നും പിൻതിരിപ്പിച്ചു കൊണ്ടേ ഇരുന്നു ..

വൈകുന്നേരം കോളേജ് വിട്ടു വീട്ടിലെത്തിയ യു അമ്മയോടാദ്യം അന്വേഷിച്ചത് അച്ഛനെയായിരുന്നു..

സ്വീകരണ മുറിയിലെ സോഫയിലിരുന്ന് ടിവി കാണുന്ന അച്ഛനു മുൻപിലേക്കവൻ ചെന്നു..”അച്ഛാ…

യദുവിനെ കണ്ടിട്ടും അവനെ ശ്രദ്ധിക്കാതെ ടിവി സ്ക്രീനിലേക്ക് തന്നെ നോക്കിയിരിരുന്ന അയാളെ അവൻ വിളിച്ചു …

“അച്ഛാ …എനിക്ക് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്…യദു പറഞ്ഞപ്പോൾ അയാൾ അവന്റെ മുഖത്തേക്ക് നോക്കി..

“ഞാനൊരു ആൺകുട്ടിയാണ് അച്ഛൻറെ സ്വഭാവ ദോഷം കൊണ്ട് ഞാനും നാളെ അച്ഛനെ പോലെ ഒരുവൻ ആയി തീരുമെന്ന് ഈ നാട്ടുകാർ കളിയാക്കിയാലും അതിനെ അതിജീവിക്കാൻ എനിക്ക് പറ്റും..

” പക്ഷേ അച്ഛൻറെ മകൾ അതായത് എൻറെ അനിയത്തിക്ക് അതിന് പറ്റില്ല ..”അവൾക്ക് വയസ്സ് പതിനെട്ടായെന്ന് അച്ഛനൊരുപക്ഷേ ഓർക്കുന്നുണ്ടാവില്ല..

“അച്ഛൻറെ സ്വഭാവം കാരണം നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യാതെ അവൾ പഠിത്തം പോലും നിർത്തി വീട്ടിലിരിക്കുന്നതും ഒരുപക്ഷേ അച്ഛൻ അറിഞ്ഞിട്ടുണ്ടാവില്ല.. അല്ലെങ്കിൽ അതൊന്നും അച്ഛനെ ബാധിക്കുന്ന പ്രശ്നമാവില്ല…

പക്ഷെ ഇതെല്ലാം എന്റെ പ്രശ്നങ്ങളാണ് ,എനിക്കതൊന്നും കാണാതിരിക്കാനാവില്ല , അതുകൊണ്ട് ഇനിയെങ്കിലും അച്ഛൻ മാറിയേ പറ്റൂ…

“എനിക്കും എൻറെ അനിയത്തിക്കും തലയുയർത്തി ഇവിടെ ജീവിക്കണം …”അച്ഛൻറെ സ്വഭാവ ദോഷം മൂലം എൻറെ അനിയത്തിയുടെയും അമ്മയുടെയും മാനത്തിനും, ശരീരത്തിനും നാട്ടുകാർ വിലയിടുന്നതും നോക്കി എനിക്ക് ഇങ്ങനെ നിൽക്കാൻ പറ്റില്ല..

” അതുകൊണ്ട് നല്ലൊരു ഡോക്ടറെ കാണാൻ അച്ഛൻ എനിക്കൊപ്പംവരണം..” അച്ഛൻറെ സ്വഭാവം ചികിത്സിച്ചാൽ മാറും, പക്ഷെ അച്ഛനും മനസ്സു വെക്കണം..

യദു പ്രതീക്ഷയോടെ അച്ഛനെ നോക്കി പറഞ്ഞതും അയാൾ തീരെ പ്രതീക്ഷിക്കാതെ അവൻറെ മുഖത്തടിച്ചു…

അപ്രതീക്ഷിത അടിയിൽ അവനും വീട്ടുകാരും ഞെട്ടിപ്പോയി..”എനിക്ക് മനസ്സില്ലെടാ എന്റെ സ്വഭാവം മാറ്റാൻ…

” എനിക്ക് ഇതാണ് സന്തോഷവും സംതൃപ്തിയും… ഞാനിങ്ങനെയേ ജീവിക്കൂ ..

” അതനുസരിച്ച് നിൽക്കാൻ പറ്റുന്നവർ ഇവിടെ നിന്നാൽ മതി, നിങ്ങളൊന്നും ഇവിടെ വേണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല ..

ദേഷ്യത്തിൽ അവനോടു പറഞ്ഞുകൊണ്ട് വീടിന് പുറത്തേക്കയാൾഇറങ്ങിയതുംകാൽ വഴുതി പൂമുഖത്തെ സിമൻറ് പടിയിലേക്കയാൾ ശക്തിയായ് തലയടിച്ചു വീണു..

“അയ്യോ…… ഉറക്കെ നിലവിളിച്ചുകൊണ്ട് യദു അയാൾക്കരികിലേക്ക് ഓടിയെത്തുമ്പോൾ കണ്ടു അയാളിൽ നിന്ന് ഒഴുകി പരക്കുന്ന ചോരയുടെ നീണ്ട ചാൽ…

അച്ഛാ…. ഒരു നിലവിളിയോടെ അയാളെ കൈകളിൽ കോരിയെടുക്കാൻ യദു കുനിഞ്ഞെങ്കിലും രണ്ടു കൈകൾ അവനെ തടഞ്ഞു…”വേണ്ട… രക്ഷിക്കാൻ നോക്കണ്ട…

ശബ്ദം കേട്ടിടത്തേക്ക് പകച്ചു നോക്കിയ അവൻ കണ്ടു കല്ലിച്ച മുഖഭാവത്തോടെ നിൽക്കുന്ന അമ്മയെ…

“അമ്മേ… അത് …അച്ഛൻ..”അതെ അച്ഛനാണ് ,പക്ഷേ ആ വാക്കിൻറെ മൂല്യം എന്തെന്ന് മനസ്സിലാക്കാൻ ഇയാൾക്ക് പറ്റിയില്ല..

സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി തോന്നുന്ന പോലെ ഇയാൾ നടന്നപ്പോൾ എരിഞ്ഞു തീർന്നത് ഞാനാണ്..

നിങ്ങൾ മക്കളുടെ കൈ പിടിച്ച് ഈ വീട്ടിൽ നിന്നിറങ്ങിയാൽ കയറി ചെല്ലാൻ എനിക്കൊരിടം ഇല്ലാത്തതുകൊണ്ടാണ് ഞാനിത്രയും നാൾ ഇയാളെ സഹിച്ചത് ..

ഇയാളുടെ കണ്ണിൽ പെടാതെ എന്റെ മോളെ മാറ്റിനിർത്തി മാറ്റി നിർത്തിയും എനിക്ക് മടുത്തു മോനെ..

“ഇതൊരു ശിക്ഷയാണ് ഇയാൾക്ക് ….
ഇയാളുടെ പ്രവർത്തികളുടെ..” ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം മക്കളെ … ആരുടെയും പരിഹാസം കേൾക്കാതെ … കഴിവുകെട്ടവളെന്ന വിളി കേൾക്കാതെ … അതിന് ഇയാൾ നമുക്കിടയിൽ വേണ്ട മോനെ….

കരഞ്ഞുകൊണ്ട് അമ്മ പറയുമ്പോൾ യദു നോക്കിയത് അനിയത്തിയുടെ മുഖത്തേക്ക് ആയിരുന്നു..

അമ്മയുടെ അതേ ഭാവം അവളിലും തെളിഞ്ഞതും അവൻ അച്ഛനരികിൽ നിന്ന് പിന്നോട്ട് നീങ്ങി നിന്നു…

അയാളുടെ മരണവും പ്രതീക്ഷിച്ചെന്നപോലെ… ചിലരെങ്കിലും സ്വന്തം ദുഷ് പ്രവർത്തിയുടെ ഫലം അനുഭവിച്ചേ തീരു … അവന്റെ മനസ്സ് മന്ത്രിച്ചു …

Leave a Reply

Your email address will not be published. Required fields are marked *