(രചന: പുഷ്യാ. V. S)
“”നിന്നോട് എത്ര വട്ടം പറഞ്ഞതാ കണ്ട പിള്ളേർ വന്നു കളിക്കാൻ വിളിക്കുമ്പോ കൂടെ പോകല്ലേ എന്ന്. പറഞ്ഞാൽ കേട്ടില്ലേൽ നല്ല തല്ല് കിട്ടും ദേവു “” ദേവമിത്ര എന്ന രണ്ടാം ക്ലാസുകാരിയോട് ആണ് അമ്മ ജീന ഇത് പറഞ്ഞത്.
നാട്ടിൻപുറത്തു താമസിച്ചു വന്നവർ ഈ സിറ്റിയിൽ ഫ്ലാറ്റ് എടുത്ത് മാറിയിട്ട് കുറച്ചേ ആയിട്ടുള്ള. ദേവു മോൾക്ക് ശ്വാസം മുട്ടുന്ന പോലെ ആണ് തോന്നുന്നത്.
“” ദേ എത്രയും വേഗം സിറ്റിയിലോട്ട് മാറണം. നമുക് രണ്ടാൾക്കും അവിടെ അല്ലേ ജോലി. പിന്നെ എന്തിനാ ഈ കുഗ്രാമത്തിൽ കിടന്നു കറങ്ങുന്ന. നമ്മുടെ ദേവു മോള് വളർന്നു വരുവാ.
അവൾക്ക് കുറച്ചു കൂടെ നല്ലത് സിറ്റിയിൽ തന്നെയാണ്. സ്കൂളും കൂട്ടുകാരും ഒക്കെ ഇവിടെ തീരെ ലോക്കൽ ആണ്. നമ്മുടെ മോള് ഇവിടെ കിടന്ന് പൊട്ടക്കിണറ്റിലെ തവള ആകാൻ ഞാൻ സമ്മതിക്കില്ല. “”അമ്മ നാട്ടിൽ വച്ചു അച്ഛനോട് പറഞ്ഞത് ദേവു ഓർത്തു
മുത്തശ്ശിയെയും മുത്തശ്ശനെയും വല്യച്ഛൻ നോക്കിക്കോളും എന്ന്. അവിടെ ആണേൽ നല്ല രസം ആയിരുന്നു. വല്യച്ഛന്റെ മക്കൾ ഒക്കെ കൂട്ടുകൂടാൻ ഉണ്ടായിരുന്നു.
ജിത്തു ചേട്ടനും അച്ചു മോളും ഒക്കെ കളിക്കാൻ ഉണ്ടായിരുന്നു. ഇവിടെ ഒരുപാട് കൂട്ടുകാർ ഒക്കെ ഉണ്ടാകും എന്ന് പറഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്നെ. എന്നിട്ട് ഇപ്പോൾ ആരും കളിക്കാൻ ഇല്ല. ദേവുവിന് ഓർക്കുമ്പോൾ സങ്കടം വന്നു.
സ്കൂളിൽ ആണെങ്കിലും മാറ്റം ഉണ്ട്. പുതിയ കുട്ടികൾ ഒന്നും നാട്ടിലെ പോലെ കൂട്ടുകൂടുന്നില്ല. കുറച്ചു കുട്ടികൾ കൂട്ടുകൂടുന്നത് ഒക്കെ ദൂരെ നിന്ന് വരുന്നതാ.
നാട്ടിൽ ആണേൽ സ്കൂളിലെ കൂട്ടുകാരുടെ ഒക്കെ വീട് തന്റെ വീടിന്റെ അടുത്തല്ലേ. അപ്പൊ എപ്പഴും കളിക്കാലോ. ഇപ്പോൾ അതെല്ലാം പോയി. ദേവു മാത്രം ഒറ്റയ്ക്ക് ആയല്ലോ.
കുറച്ചു നേരത്തെ ഫ്ലാറ്റിന്റെ താഴെ കാർ കഴുകുന്ന അങ്കിളിന്റെയും പിന്നെ ഇവിടെ വീട് തുടയ്ക്കാൻ വരുന്ന ആന്റിയുടേം മക്കൾ കളിക്കുന്ന കണ്ട് ഞാൻ അങ്ങോട്ട് പോയി. അതിനാണ് അമ്മ വഴക്ക് പറഞ്ഞത്.
ടീവി കാണലും ഗെയിം കളിക്കലും ആയി ദേവുവിന്റെ ലോകം ചെറുതായി.നാട്ടിൽ ആയിരുന്നപ്പോൾ ഒരു തുമ്പി പോലെ പാറി നടന്നവൾ ഇപ്പോൾ മുറിയിൽ അടച്ച പോലെ ആയി.
വർഷങ്ങൾ കടന്നു. അവൾ സ്കൂളിലും അധികം കൂട്ടുകാർ ഇല്ലാത്ത പ്രകൃതം ആയിരുന്നു. അച്ഛനും അമ്മയും സ്ട്രിക്ട് ആയിരുന്നതിനാൽ തന്നെ അവൾക്ക് കോളേജിലും സുഹൃത്തുക്കളോടൊപ്പം പുറത്തു പോകാനോ ഒന്നും അവസരം കിട്ടിയിരുന്നില്ല.
അങ്ങനെ പോകാൻ മാത്രം കൂട്ടുകാരും അവൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ ഉള്ളിൽ അതിനൊക്കെ മോഹം ഉണ്ടായിരുന്നു.
കൂട്ടിലിട്ട് വളർത്തിയ കിളികളുടെ അവസ്ഥ ആയിരുന്നു ദേവമിത്രയ്ക്ക്. ഇടയ്ക്കെപ്പോഴോ ഫോണിലൂടെ അവൾ ലോകം കണ്ട് തുടങ്ങി.
മനുഷ്യരോട് നേരിട്ട് സംസാരിക്കാൻ മടി കാണിച്ചിരുന്നവൾ വിരൽ തുമ്പിലൂടെ അവളുടെ മനസ് തുറന്നു. ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും അതുപോലെ ഉള്ള സോഷ്യൽ മീഡിയകളിൽ ഒക്കെ അവൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടായി. ഒരുപക്ഷെ അതിൽ പലതും നല്ലതെന്ന് അവളുടെ മാത്രം ധാരണ ആയിരിക്കാം.
അങ്ങനെ ഇരിക്കെയാണ് ഒരാൾ അവളുടെ ഏറ്റവും അടുത്ത സൗഹൃദ വലയത്തിലേക്ക് കയറിയത്. അഭിമന്യു എന്ന ഫേസ്ബുക് പേരിലൂടെ പരിചയപ്പെട്ട അവന്റെ യഥാർത്ഥ പേര് ജീവൻ എന്നായിരുന്നു. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന പ്രകൃതം.
അവന്റെ പ്രൊഫൈൽ മുഴുവൻ പോയ സ്ഥലങ്ങളിൽ നിന്ന് എടുത്ത മനോഹരമായ ചിത്രങ്ങൾ ആയിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നത് അവന് ഒരു ലഹരി ആയിരുന്നു.
ദേവു ജീവനുമായി വളരെ വേഗം അടുത്തു. അവൻ പോയ സ്ഥലങ്ങളിലെ വിശേഷങ്ങൾ കേൾക്കാൻ അവൾക്ക് ഏറെ പ്രിയം ആയിരുന്നു. അവൾക്കും യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടം ആയിരുന്നു. പക്ഷേ കഴിയുന്നില്ലല്ലോ. അവൻ പോകുന്ന സ്ഥലങ്ങളിൽ ഒക്കെ അവളും പോകാൻ ആഗ്രഹിച്ചു.
ചിലയിടങ്ങളിൽ നല്ല നല്ല കാഴ്ചകൾ കാണുമ്പോൾ ജീവൻ ദേവുവിനെ വീഡിയോ കാൾ ചെയ്യും. അവൾക്ക് അത് ഒത്തിരി ഇഷ്ടം ആണ്. അവൾ അവൻ കാട്ടി കൊടുക്കുന്ന കാഴ്ചകൾ ഒക്കെ വിസ്മയത്തോടെ നോക്കിയിരിക്കും.
“”ഹലോ… എന്താണ് പരിപാടി. ഞാൻ ഇപ്പോൾ നെല്ലിയാമ്പതി ആണ്. നല്ല സ്ഥലം ആടോ. കാണാൻ ഒത്തിരി ഉണ്ട് “” ജീവൻ ഒരു യാത്രയ്ക്ക് ഇടയിൽ അവളെ വീഡിയോ കാൾ ചെയ്തു പറഞ്ഞു.
“” ശോ എനിക്കും വരാൻ തോന്നുന്നു. പക്ഷേ പറ്റില്ലല്ലോ “” അവൾ വിഷമത്തോടെ പറഞ്ഞു.
“” എന്താ പറ്റാത്തെ. കൂട്ടുകാരെ ഒക്കെ കൂട്ടി വല്ലപ്പോഴും ഒരു ട്രിപ്പ് പോടോ. ആദ്യമേ ഒത്തിരി ദൂരേ ഒന്നും അല്ലേലും അടുത്ത് ഉള്ള സ്ഥലങ്ങളിൽ ഒക്കെ പോ. നല്ല രസം ആണ്. യാത്ര ചെയ്താലേ അതിന്റെ ഫീൽ കിട്ടു. അല്ലാതെ ഇങ്ങനെ വീഡിയോ കാളിൽ കണ്ണും മിഴിച്ചു ഇരുന്നിട്ട് കാര്യം ഇല്ല “” ജീവൻ പറഞ്ഞു.
“” അതെങ്ങനെ. എന്റെ പേരെന്റ്സ് ഇത്തിരി സ്ട്രിക്ട് ആണെടോ. ഇയാൾക്ക് അറിയോ ഞാൻ ഇതുവരെ എന്റെ ഫ്രണ്ട്സ്ന്റെ ഒപ്പം ഒരു സിനിമയ്ക്ക് പോലും പോയിട്ടില്ല.പിന്നേ എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ല “” ദേവു പറഞ്ഞു
“” ആഹ് ഡോ സാരമില്ല. ഇപ്പൊ വീട്ടുകാർ പറയുന്നേ കേൾക്ക്. താൻ നോക്കിക്കോ തന്നെ നല്ലൊരു ചെക്കൻ കല്യാണം കഴിക്കും. അവന്റെ ഒപ്പം തനിക്ക് ഈ ലോകം മുഴുവൻ ചുറ്റാൻ കഴിയും. “” ജീവൻ ആ പറഞ്ഞത് ദേവുവിന് ഒത്തിരി ഇഷ്ടം ആയി.
“” ഇനി എന്റെ വീട്ടുകാരെ പോലെ തന്നെ മനോഭാവം ഉള്ള പയ്യൻ ആണ് എന്നെ വിവാഹം കഴിക്കുന്നത് എങ്കിലോ. എല്ലാരും തന്നെപ്പോലെ യാത്രകളെ ഇഷ്ടപ്പെടണം എന്ന് ഇല്ലല്ലോ “” അവൾ ചോദിച്ചു.
“” എടോ… എന്നാൽ പിന്നേ ഞാൻ തന്നെ ഇയാളെ കെട്ടിയാലോ… “” ജീവന്റെ പെട്ടന്നുള്ള ആ ചോദ്യം ദേവു തീരെ പ്രതീക്ഷിച്ചതല്ല. അവൾ വല്ലാതയായി
“” ഹേയ്. ഞാൻ ചുമ്മാ ചോദിച്ചതാടോ. താൻ ഒന്ന് ശ്വാസം വിട് “” ജീവൻ തമാശയായി പറഞ്ഞു.
പക്ഷേ ആ ഫോൺ കാൾ അവസാനിച്ച ശേഷവും ദേവുവിന്റെ മനസ്സിൽ ആ ചോദ്യം അലയടിച്ചു. എപ്പോഴോ അവൾ അവനിലേക്ക് അടുത്തുപോയി എന്ന് അവൾക്ക് മനസിലായിരുന്നു.
ജീവനും ഒത്തുള്ള ജീവിതം എങ്ങനിരിക്കും എന്ന് ആലോചിക്കുമ്പോൾ അവൾക്ക് നല്ലൊരു അനുഭൂതി അല്ലാതെ യാതൊരു നെഗറ്റീവ് ചിന്തകളും തോന്നിയിരുന്നില്ല.
അവൾ ഒത്തിരി ആലോചിച്ച ശേഷം ജീവനോട് തന്റെ പ്രണയം തുറന്നു പറഞ്ഞു. അവർ അങ്ങനെ ഒരുമിക്കാൻ തീരുമാനിച്ചു. ദേവു പഴയതിലും സന്തോഷവതി ആയി സ്വപ്‌നങ്ങൾ നെയ്തു. അവൾക്ക് ഒരു പ്രതീക്ഷ ആയിരുന്നു അവനോട് ഒത്തുള്ള ജീവിതം.
പിന്നെയും ദിവസങ്ങൾ കടന്നു. ദേവുവിന്റ പഠനം കഴിഞ്ഞു. അവൾക്ക് വിവാഹം നോക്കിതുടങ്ങി. വീട്ടിൽ ജീവന്റെ കാര്യം പറയാൻ ഉള്ള ധൈര്യം വന്നില്ല അവൾക്ക്. ഒരു ദിവസം ഒരു കത്തിലൂടെ സ്വന്തം വീട്ടുകാരോടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു അവൾ അവനോടൊപ്പം യാത്ര തിരിച്ചു.
മകളുടെ ഈ പ്രവർത്തി ആ അച്ഛനെയും അമ്മയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
തന്റെ മകളെ ഇത്രയും നാള് പൊന്നുപോലെ വളർത്തിയിട്ട് അവൾ ചതിച്ചു എന്ന് പറഞ്ഞ് കരയുന്ന അവളുടെ അമ്മയെയും അച്ഛനെയും അടുത്ത ഫ്ലാറ്റിൽ ഉള്ളവർ സഹതാപത്തോടെ നോക്കുമ്പോൾ വിവരം അറിഞ്ഞു എത്തിയ ദേവുവിന്റെ മുത്തശ്ശിയും ജിത്തു ചേട്ടനും ഒക്കെ അവരോട് പുച്ഛം ആയിരുന്നു.
പോക്കറ്റ് മണിയും കൊടുത്ത് കോളേജിലും അയച്ചു ഭക്ഷണവും വസ്ത്രവും കൂടി കൊടുത്താൽ അവളോടുള്ള കടമ തീർന്ന് എന്ന് കരുതിയതിന്റെ ഫലം ആണ് എന്ന് അവളുടെ മുത്തശ്ശി കുറ്റപ്പെടുത്തി.
മക്കൾക്ക് സ്നേഹവും സ്വാതന്ത്ര്യവും നൽകി വളർത്തയില്ലെങ്കിൽ അവർ അത് കിട്ടുന്നിടത്തേക്ക് പോകും എന്ന് അവർ കുറ്റപ്പെടുത്തിയപ്പോൾ മൗനമായ് നിൽക്കാനേ ജീനയ്ക്ക് കഴിഞ്ഞുള്ളു…