വല്ല്യേട്ടൻ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)
നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം.ഒരു വർഷത്തിനു ശേഷം,ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി.
ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്,തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ,രാത്രി പത്തുമണിയാകാറായിരുന്നു.
വരുന്നുണ്ടെന്ന കാര്യം,വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….ഇടവഴിയിലൂടെ നടന്ന്, വീട്ടിലെത്തി.
ഒത്തിരിയേറെ തവണ ജപ്തി നോട്ടീസുകൾ പതിഞ്ഞ ചുവരിപ്പോൾ പുത്തൻ ചായത്തിൽ മിനുങ്ങുന്നു
വീടും, സാമ്പത്തിക സ്ഥിതിയും മിനുസപ്പെട്ടപ്പോൾ,കൗമാരമെത്തും മുൻപേ വാർക്കപ്പണിക്കരാനായ തൻ്റെ കൈകൾ, തഴമ്പിച്ചു പരുക്കാനായതോർത്ത് അയാൾ പുഞ്ചിരിച്ചു.
കമ്പിയഴികളുള്ള ഉമ്മറം അടഞ്ഞുകിടന്നു.നേരത്തേ വിവാഹിതനായ ഇളയ സഹോദരൻ്റെ മക്കളുടെ പഠനത്തിൻ്റെ ഒച്ചയനക്കങ്ങൾ വ്യക്തമാകുന്നു.
അപ്പർ പ്രൈമറിക്കാരാണ് ഇരുവരും…പരിചയമുള്ളൊരു ശബ്ദം,വേറിട്ടു കേൾക്കുന്നു.
താഴെയുള്ള പെങ്ങളും, അളിയനും കുട്ടികളും എത്തിയിട്ടുണ്ട്…അയാൾ, തഴമ്പിലേക്കു ശ്രദ്ധിച്ചു.
അനുജൻ്റെ പഠനത്തിനും, പെങ്ങളുടെ വിവാഹത്തിനും വേണ്ടി,അധികനേരം ജോലി ചെയ്ത കൈത്തലങ്ങൾ മുറുക്കം ചാർത്തി നിന്നു.
“അനിയൻ്റെ ശമ്പളം കൊണ്ട് സുഖായി ജീവിക്കാനാ, ചേട്ടൻ്റേയും പെണ്ണിൻ്റേയും ഉദ്ദേശം…..
കല്യാണം കഴിഞ്ഞാൽ, മൂത്തോര് തറവാട്ടീന്നു മാറാന്നുള്ളത് നാട്ടുനടപ്പാ…പഴയ കണക്കും പറഞ്ഞ് നിൽക്വാ,ഭാര്യേം ഭർത്താവും….
ഒരു മാസം കഴിഞ്ഞാൽ അംഗസംഖ്യ കൂടും…പെറാൻ പോയേക്കല്ലേ അവള്….അവൻ, ഇക്കാലം പണിയെടുത്ത കാശിൻ്റെയത്ര എൻ്റെ മോന് ഒരു മാസം കിട്ടണുണ്ട്…..
നാണം വേണ്ടേ….”അമ്മ തുടരുകയാണ്.അയാൾക്കു സ്വന്തം കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.അനുജത്തിയും, അളിയനും, അനുജൻ്റെ ഭാര്യയും സംഭാഷണങ്ങൾ തുടരുന്നു.
ഓരോ വാക്കിലും, താൻ പാതാളത്തോളം താഴുന്നു.ഉമ്മറത്ത്, അച്ഛൻ്റെ ഫോട്ടോയ്ക്ക് മുൻപിൽ കെടാവിളക്കു പോലൊരു ബൾബു കത്തുന്നു.
തെല്ലുനേരത്തിനു ശേഷം,അയാളൊന്നു മുരടനക്കി…അകത്തളം നിശബ്ദമായി….വാതിൽ തുറക്കപ്പെട്ടു.അമ്മയാണ്….
“എൻ്റെ മോൻ വന്നോ….അമ്മേരെ കണ്ണു പെടയ്ക്കായിരുന്നു മോനെ കാണാണ്ട്….അവളും ചെക്കനും ക്ടാങ്ങളും വന്നിട്ടുണ്ട്…
പെര പണിക്ക് നിന്നോട് ഇത്തിരി കാശു ചോദിക്കാനാ…..ചെയ്യരുതെന്നു പറഞ്ഞാലും നീ ചെയ്യും…അതവൾക്ക് നന്നായറിയാം….വായോ…..”
അയാൾ അകത്തേക്കു കയറി….നനഞ്ഞ കണ്ണുകളെ മറയ്ക്കാൻ അയാൾക്ക് ഏറെ ക്ലേശിക്കേണ്ടി വന്നു.
“അളിയാ…..സാധനം, തുള്ളി ഇരിപ്പുണ്ടാ….?”പെങ്ങളുടെ ഭർത്താവിൻ്റെ ചോദ്യം… ഉണ്ടളിയാ…അളിയൻ കഴിഞ്ഞ തവണ വന്നപ്പോൾ കഴിച്ചതിൻ്റെ ബാക്കിയിരിപ്പുണ്ട്…
ഇവിടെ വേറാരും കഴിക്കില്ലല്ലോ…ഞാനെടുത്തു വരാം….”അയാൾ, സ്വന്തം മുറിയകത്തേക്കു നടന്നു.അയാളുടെ കണ്ണുകളേക്കാളേറെ,നെഞ്ചകം എരിയുന്നുണ്ടായിരുന്നു.
ചിങ്ങത്തിലേ ഉത്രാട സന്ധ്യ,രാവിനു വഴി മാറാനൊരുങ്ങുന്ന വേളയിലാണ് ,അവരിരുവരും പീടികയുടെ വാതിലടച്ചത്.”എട്ടുമണിയാവാറാകണൂ ഹരിയേട്ടാ,
മതി….നമുക്കും ഓണം കൊള്ളേണ്ടേ….?രാവിലെ മുതൽ ഒരേ തിരക്കായിരുന്നില്ലേ,വയ്യ, നടു കഴക്കണൂ…ഓണം കൊണ്ട്, നേരത്തേ കിടക്കാം…നാളെ, തറവാട്ടിലേക്കു പോകേണ്ടതല്ലേ,
സുധീറ് അത്രയ്ക്കും കാര്യമായി പറഞ്ഞല്ലേ…അവൻ, ഓണങ്ങൾക്ക് നാട്ടിലുണ്ടാവാറില്ലല്ലോ…..
നേരത്തേയെഴുന്നേറ്റ്, മോനേം കൊണ്ട് തറവാട്ടിലേക്കു പോകാം…..ഈ ഓണം, എല്ലാവരും ഒരുമിച്ചാകട്ടേ….ഒത്തിരി വർഷങ്ങൾക്കു ശേഷം….”
ഷീബ പറഞ്ഞു നിർത്തി.പീടികയടച്ച് അന്നത്തെ വരുമാനം എണ്ണി നോക്കുകയായിരുന്ന ഹരിയുടെ മിഴികളിൽ സംതൃപ്തി ത്രസിച്ചു നിന്നു.
ഓണക്കച്ചവടം അസ്സലായിരിക്കുന്നു.ഒത്തിരിയേറെ വീടുകളിലേക്ക്,ഒരു ചാക്ക് അരിയടക്കമുള്ള ഓണക്കിറ്റുകൾ പോയിരുന്നു.
ഈ മാസം, അര ലക്ഷത്തോളം രൂപ നീക്കിയിരിപ്പുണ്ടായിരിക്കുന്നു.പീടിക, ജീവിതം രക്ഷിച്ചു.ആറു വർഷങ്ങൾക്കു മുൻപ്, ഇതുപോലൊരോണക്കാലത്ത്, ഹരിയേട്ടൻ്റെയും ഒരു വയസ്സു തികയാത്ത മോൻ്റെയും കൂടെ ഈ ഉൾഗ്രാമത്തിലെ കൊച്ചു വീട്ടിലേക്കു താമസം മാറുമ്പോൾ ഉത്കണ്ഠകൾ ഏറെയായിരുന്നു.
അവസാന പൊന്നും പൊട്ടും പൊടിയും വിറ്റ്, ഈ ഗ്രാമത്തിൽ വീടു വാങ്ങുന്നതിന് ഏറ്റവും വാശി ഹരിയേട്ടനായിരുന്നുവെന്ന് ഷീബയോർത്തു.
കുഞ്ഞുവീടിനോടു ചേർന്ന്, ഒരു പീടികയിട്ടു.പതിയേപ്പതിയേ, അതു വിപുലമാകാൻ തുടങ്ങി.പുലർച്ചേ തന്നേ ഹരിയേട്ടൻ,ഒരു ഗുഡ്സ് ഓട്ടോയും വിളിച്ച്, നഗരത്തിലേക്കു പോകും.
അവിടുത്തേ മാർക്കറ്റുകളിൽ നിന്നും പച്ചക്കറിയും പലചരക്കുകളുമെടുക്കും.തുച്ഛമായ ലാഭത്തിന് അത് നാട്ടിൽ വിറ്റഴിക്കും.എത്ര പൊടുന്നനേയാണ് കടയിൽ ആവശ്യക്കാർ പെരുകിയത്.
ഇന്നിപ്പോൾ, പലചരക്കും പച്ചക്കറിയും കൊണ്ടുവരാൻ ഒരു ഓംനി വാനുണ്ട്….നഗരത്തിലേ അതേ ഗുണനിലവാരത്തിൽ, പലചരക്കും പച്ചക്കറികളും ഗ്രാമത്തിൽ കിട്ടാൻ തുടങ്ങി.
നാട്ടുകാർ, വിവാഹാവശ്യങ്ങൾക്കും, സമൂഹസദ്യകൾക്കും, ദുരിതാശ്വാസ കിറ്റുകൾക്കും വേണ്ടി പീടികയേ സമീപിച്ചു.
നാലു വർഷങ്ങൾക്കുള്ളിൽ,ആ കുഞ്ഞു കോൺക്രീറ്റ് ഭവനത്തിൽ സമസ്ത ഐശ്വര്യങ്ങളും വന്നുചേർന്നു.
ഓണം കൊണ്ടു.അഞ്ചു വയസ്സുകാരൻ അഭിനന്ദ് മോൻ അത്ഭുതം കൂറുന്ന മിഴികളോടെ, ഓണത്തപ്പനേ നാക്കിലയിൽ തുമ്പപ്പൂ വിരിച്ച് കുടിയിരുത്തുന്ന കാഴ്ച്ച നോക്കി നിന്നു.
നാളെ പുലരുമ്പോൾ, ധരിക്കാനുള്ള ഓണക്കോടികളെക്കുറിച്ചായിരുന്നു അവൻ്റെ കനവുകൾ മുഴുവൻ.
ഉത്രാടരാത്രി കനത്തു നീണ്ടു.എത്ര അരുതെന്നു വിലക്കിയിട്ടും,ഹരിയുടെ വിരൽത്തുമ്പുകൾ ഷീബയുടെ ഉടലിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു.കട്ടപിടിച്ച അന്ധകാരത്തിൽ,
അവർ ഒരു ശരീരമായി വിയർപ്പു ചിന്തി.തിരുവോണ ദിവസം, ഉച്ചതിരിയുമ്പോഴേക്കും ഹരിയുടെ തറവാട്ടു വീട്ടിലേക്ക്,
സഹോദരി പ്രിയയും ഭർത്താവും, കുട്ടികളുമെത്തി.ഹരിയും, ഷീബയും,സുധീറും, ശുഭയുംപ്രിയയും, ഭർത്താവുമെല്ലാം അകത്തളത്തിലേ ഊൺമേശയ്ക്കു ചുറ്റുമിരുന്നു.
ഒപ്പം അമ്മയും….കുട്ടികൾ, ഉമ്മറത്ത് കളിക്കൂട്ടങ്ങൾക്ക് നടുവിലായിരുന്നു.ശുഭയാണ് തുടക്കമിട്ടത്,വല്ല്യേട്ടാ, ഷീബേച്ചീ….
പ്രിയ്യച്ചേച്ചിയും ചേട്ടനും എല്ലാവരുമറിയുവാൻ പറയുകയാണ്…കഴിഞ്ഞ ആറു കൊല്ലമായിട്ട്,അമ്മ ഞങ്ങളുടെ കൂടെയുണ്ട്….
സുധീറേട്ടൻ, വെറും നാലു മാസമാണ് ഇക്കാലത്ത് നാട്ടിൽ ഉണ്ടായിട്ടുള്ളത്.അടുത്തയാഴ്ച്ച, സുധീറേട്ടൻ ബഹറിനിലേക്ക് മടങ്ങും.എനിക്ക് പറയാനുള്ളത്,
അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്നാണ്….അമ്മയ്ക്ക് മൂന്നു മക്കളും ഒരുപോലെയാണ്….എനിക്കു മാത്രായിട്ട്, അമ്മേനെ നോക്കാൻ പറ്റില്ല…..”
ശുഭ പറഞ്ഞു നിർത്തി.ഒന്നു ശ്വാസമെടുത്തു.കേൾവിക്കാർ ആരും ഒന്നും പറഞ്ഞില്ല.ശുഭ, ഭർത്താവിനു നേർക്കു നോക്കി.തുടർന്നോളാൻ, സുധീർ കണ്ണുകൊണ്ട് സംജ്ഞ നൽകി.
അവൾ, തുടർന്നു.”അമ്മയ്ക്ക് എപ്പോളും അമ്മയുടെ മോളേക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ….പ്രിയച്ചേച്ചീടെ കഷ്ട്ടപ്പാടുകളും,ചേച്ചീടെ മക്കളുടെ ആരോഗ്യത്തേക്കുറിച്ചും മാത്രമേ അമ്മയ്ക്ക് ആവലാതിയുള്ളൂ….
പ്രിയേച്ചിക്ക് ആ വീട്ടിൽ എന്തു ബുദ്ധിമുട്ടാണുള്ളത്….?കുട്ടികളും സുഖായിരിക്കുന്നു.ചേച്ചീടെ ഏട്ടന്, ഗവർമെൻ്റ് ജോലിയും…ഈ തൊടിയിൽ എന്തുണ്ടായാലും,ഞാൻ കാണാതേ മോളുടയടുത്തേക്ക്,
അമ്മ കടത്തും.ചേച്ചിക്കും ആവശ്യങ്ങളൊഴിഞ്ഞിട്ടു നേരമില്ല.എത്ര കിട്ടിയാലും ആർത്തി തീരില്ല.എന്തോരം പണമാണ്,അമ്മയുടെ കയ്യീന്ന് ചോർത്തിക്കൊണ്ടുപോയത്.ഹരിച്ചേട്ടനുള്ള ഭാഗം കൂടി,
നല്ലോണം പറഞ്ഞ് പ്രിയേച്ചി വാങ്ങിയെടുത്തു.ഇനിയിത് നടക്കില്ല….അമ്മയുടെ കാര്യത്തിൽ ഉടനേയൊരു തീരുമാനമുണ്ടാകണം….”
പ്രിയ, ആങ്ങളമാർക്കു നേരെ നോക്കി.ഇരുവരും ഒരു വാക്കു മിണ്ടിയില്ല.ഭർത്താവ്, അനുജൻ നൽകിയ കുപ്പി മോന്തി, കസേരയിൽ ചാഞ്ഞു കിടന്നു മയങ്ങുന്നു.
അവൾക്കു കഠിനമായ അരിശം വന്നു.ശുഭച്ചേച്ചി, അത്രയ്ക്കു പറയുകയൊന്നും വേണ്ട….അമ്മ, എന്നെ എന്നും വിളിക്കാറുണ്ട്.
ചേച്ചി, പോലീസ് സ്റ്റേഷനിലേതു പോലെയുള്ള പെരുമാറ്റമാണ് അമ്മയ്ക്കു നേരെ എടുക്കുന്നത് എന്ന് എപ്പോളും പറയാറുണ്ട്….
ഈ വീട്, ഇങ്ങനെയാക്കിയത് ഹരിച്ചേട്ടനാണ്….സുധീറേട്ടൻ ഗൾഫിൽ പോകുന്നേനു മുൻപേ, ഈ വീട് ഇങ്ങനെത്തന്നെയുണ്ടായിരുന്നു.
ചേച്ചിയെ ഇങ്ങോട്ടു കല്യാണം കഴിച്ചു കൊണ്ടു വരുമ്പോൾ ഈ വീടിനെന്തു കുറവുണ്ടായിരുന്നു….?”
പ്രിയ പറഞ്ഞു നിർത്തി…അവൾക്ക് ദേഷ്യം തീരുന്നുണ്ടായിരുന്നില്ല.ഹരി, അമ്മയുടെ മുഖത്തേക്കു നോക്കി.അമ്മയുടെ മുഖത്ത്, പഴയ പ്രതാപത്തിൻ്റെ നിഴൽ പോലുമുണ്ടായിരുന്നില്ല.
നിറയേ സ്വർണ്ണമണിഞ്ഞിട്ടും,അമ്മയുടെ മുഖത്തേ ശോഭയും, ഐശ്വര്യവും പൊയ്പ്പോയിരുന്നു.അളിയൻ, ചാരിക്കിടന്നു കൂർക്കം വലിക്കുന്നു.അനുജൻ്റെ മുഖത്ത് നിസ്സംഗത നിഴലിച്ചു നിന്നു.
ശുഭ, വീണ്ടും പറയാൻ തുടങ്ങി….അമ്മയ്ക്ക് ഏതു നേരവും ചായ വേണം….ഇല്ലാത്ത അസുഖങ്ങളും പറഞ്ഞ് സദാ ആശുപത്രീല് പോക്ക്….
കാലുവേദനയും, തലചുറ്റും ആർക്കാ ഇല്ലാത്തേ…..എനിക്കുമുണ്ട് വേദനകൾ…അമ്മയ്ക്ക്, പറയുമ്പോൾ പറയുമ്പോൾ ടൗണിലേ ഡോക്ടറേ കാണാൻ പോണം…
മേലനങ്ങാണ്ട്, തടി കൂടി….അതാ അറുപത്തിയെട്ടുവയസ്സാവുമ്പോഴേക്കും,ഈ വേദന…..കിടക്കണ മുറി മുഴുവൻ,കുഴമ്പിൻ്റെ ചൂരാണ്….
ആ മുറിയിലെ ബാത്ത് റൂം ക്ലീൻ ചെയ്താൽ, ഞാൻ രണ്ടു ദിവസം ഭക്ഷണം കഴിക്കാറില്ല.അത്രയ്ക്കും കേമമാണ്….
എനിക്കു പറ്റില്ല, ഒറ്റയ്ക്കു നോക്കാൻ…ആരാന്നു വച്ചാൽ കൊണ്ടോയി നോക്കിക്കോ….”അവൾ പറഞ്ഞു നിർത്തി….മുറിയകത്ത്, വല്ലാത്തൊരു നിശ്ശബ്ദത തളം കെട്ടി നിന്നു.
ഹരി, അമ്മയേ നോക്കി…..ഒരു കാലത്ത്, ഗർവ്വിൻ്റെ പ്രതിരൂപമായ വദനത്തിൽ, നീർമണികളുരുണ്ടു കൂടുന്നു.ഹരിയ്ക്ക് അന്നത്തേ രാത്രി ഓർമ്മയിൽ വന്നു.
ഷീബ, പ്രസവത്തിനു പോയ മാസത്തിലെ ആ ഞായർ രാത്രി….അന്നു, എല്ലാവരും ചേർന്ന് തനിക്കും ഭാര്യയ്ക്കുമെതിരേ ചൊരിഞ്ഞ അധിക്ഷേപങ്ങൾ….
അത്ര നാളും, താൻ ഗർവ്വിൻ്റെ കൊടുമുടിയിലായിരുന്നു.
തനിക്ക്, എല്ലാരുമുണ്ടെന്ന ഗർവ്വ്…ഈ തറവാടിനു വേണ്ടി,താൻ ചെയ്ത അദ്ധ്വാനത്തിന് അളവുണ്ടായിരുന്നില്ല…
എന്നിട്ടും,അന്നു രാത്രി താൻ എന്തൊക്കെയാണു കേട്ടത്….അതും അമ്മയാണ് പറയുന്നത്….”പൊട്ടൻ്റെ കല്യാണത്തിന്, ഉണ്ടോനു മെച്ചം” ന്ന്…..
അനുജൻ പ്രവാസിയായതും,അവൻ സമ്പാദിക്കുകയും അയക്കുകയും ചെയ്യുന്ന പണത്തിന് ഇത്ര മൂല്യമുണ്ട് എന്നറിഞ്ഞിരുന്നില്ല.
അവൻ്റെ ഒരു ചില്ലിക്കാശ്, താനുള്ളപ്പോൾ ഈ വീടിനു വേണ്ടി ചിലവാക്കിയിട്ടില്ല.അന്നെല്ലാം,അനുജൻ്റെ ഭാര്യയും, തൻ്റെ പെങ്ങളും, അമ്മയും ഒറ്റക്കെട്ടായിരുന്നു.ഇവിടന്നു കൊടുക്കാവുന്നതിനുമപ്പുറം, പെങ്ങൾ കൊണ്ടു പോയിട്ടുണ്ട്….അവൾക്കന്നു, താഴേയുള്ള നാത്തൂനേ മാത്രം മതിയായിരുന്നു.
ഇപ്പോൾ, അതേ നാത്തൂൻ തന്നെയാണ് ആട്ടുന്നത്….അമ്മയ്ക്കും ഇത് ആവശ്യമാണ്….ഷീബയേ അത്രയ്ക്കു നോവിച്ചിട്ടുണ്ട്.കഷ്ട്ടപ്പെടുത്തിയിട്ടുണ്ട്….
കുത്തുവാക്കുകൾ മാത്രമേ അവളോടു പറഞ്ഞിട്ടുള്ളൂ……അന്ന്, രണ്ടാമത്തെ മര്വോള് തറവാടിയായിരുന്നു.അവളുടെ നാവിൽ നിന്നാണ്,ഈ കേട്ടതു മുഴുവൻ….
അന്നത്തേ തിരിച്ചറിവുകളാണ്, ഇറങ്ങിപ്പോകാനും, വാടകയ്ക്ക് ജീവിക്കാനും,അകലേയൊരിടത്ത് ഇത്തിരി മണ്ണുവാങ്ങി, അതിൽ വീടുവയ്ക്കാനും ഇടവരുത്തിയത്….
ലോണുണ്ട്…. പക്ഷേ ഭയമില്ല….തിരികേ മടങ്ങുമ്പോൾ,സന്ധ്യ മയങ്ങിയിരുന്നു.ഓംനിയിൽ, ഷീബയും മകനും കയറി,തെല്ല് അങ്കലാപ്പോടെ അമ്മയും…
അമ്മയുടെ കൈത്തണ്ടകളും കഴുത്തും ശൂന്യമായിരുന്നു.ഷീബ, ശുഭയുടെ വാക്കുകൾ ഒരിക്കൽ കൂടി മനസ്സിലോർത്തു.
“അതേ, ആഭരണങ്ങളൊക്കെ സുധീറേട്ടൻ വാങ്ങിത്തന്നതല്ലേ….ഞങ്ങൾക്കു രണ്ടു പെൺകുട്ടികളാണ്….മാലേം, ചെയിനുമൊക്കെ ഊരി വച്ചിട്ടു പോയാ മതി…..
ഹരിച്ചേട്ടനു, കനിവു തോന്നിയാൽ മാലയൊക്കെ വാങ്ങിത്തരും…..ഇനി, ഈ വയസ്സാം കാലത്ത് എന്തിനാ മാല…..?”
ഓംനി വാൻ മുന്നോട്ടു നീങ്ങി…മുൻ സീറ്റിൽ, അഭിനന്ദിൻ്റെ കലപില വർത്തമാനങ്ങൾ ചിതറി വീണു.
ഷീബ, ഭർത്താവിനേ നോക്കി….ഹരി, പ്രത്യേകിച്ചു ഭാവഭേദങ്ങളൊന്നുമില്ലാതെ വാഹനം ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഹരിയേട്ടനു, ഹരിയേട്ടനാകാനേ സാധിക്കൂ….ഒത്തിരിപ്പേരുടെ വല്ല്യേട്ടൻ…..വാഹനം, നിരത്തിലൂടെ അകലങ്ങളിലേക്കു പോയിക്കൊണ്ടിരുന്നു.
സദാ, പൊട്ടിച്ചിരികളും, കലപിലകളും നിറയാറുള്ള വാനിൻ്റെയകത്ത്, അന്നേരം ദുസ്സഹമായൊരു മൗനമുറഞ്ഞു നിന്നു.രാത്രിയായി…..ചുറ്റും, ഇരുൾ കനത്തു…….കൂരിരുട്ട്……