ബഹർ
(രചന: Navas Amandoor)
മനുഷ്യന്റെ മനസ് കടൽ പോലെയാണ്.ആഴം അളക്കാനോ അതിനുള്ളിലെ നന്മ തിന്മകളെ തിരിച്ചറിയാനോ പെട്ടന്ന് കഴിയില്ല. തിര പോലെ വികാരങ്ങൾ അലയടിക്കുന്ന മുഖത്തിൽ നിന്ന് വായിച്ചെടുക്കുന്നത് എല്ലാം ശെരിയായിരിക്കില്ല.
കുറച്ചു മാസങ്ങളായി ഭർത്താവിന്റെ ഇത്താത്ത കൂടെ വീട്ടിൽ ഉള്ളതിൽ ദെയ്‌ശ്യവും ഇഷ്ടകേടും മാറി നിന്ന് ഒരു കൂട്ടുകാരിയോട് റെജി മൊബൈൽ പറഞ്ഞു കൊണ്ടിരുന്ന നേരത്താണ് ഇത്താത്ത അവളുടെ അടുത്തേക്ക് വന്നത്.
“പലപ്പോഴായി ലക്ഷങ്ങൾ കൊടുത്തിട്ടുണ്ട്.. ഇനിയും ഇവിടെ കടിച്ചു തൂങ്ങാനാണ് ഉദ്ദേശമെങ്കിൽ ഞാൻ സമ്മതിക്കില്ല.എങ്ങനെയെങ്കിലും ഇറക്കി വിടും…ആ ബാധയെ.”
റെജി മൊബൈലിലൂടെ പറഞ്ഞു തിരിഞ്ഞപ്പോൾ അടുത്ത് തന്നെ ഇത്താത്ത നിൽക്കുന്നുണ്ട്. അവളുടെ സംസാരം കേട്ട് കണ്ണ് കലങ്ങിയ ഹാഷിമിന്റെ ഇത്താത്ത. മറുപടി കൊടുക്കാൻ നാവ് ഒന്ന് അനക്കാൻ കഴിയാതെ വേദനയോടെ അവളെ നോക്കി ഇത്താത്ത ആകെ തരിച്ച് നിന്ന് പോയി.
വീടും കാറും പണവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഓരോന്നായി നഷ്ടപ്പെട്ട് തെരുവിലായപ്പോൾ ഹാഷിമാണ് ഇത്താത്തയെയും മക്കളെയും വീട്ടിലേക്ക് കൂട്ടിയത്.
“ഇത് എന്റെ മാത്രം വീടല്ലല്ലോ.. എന്റെ ഇത്താത്തയുടെയും അല്ലെ.””അതല്ല ന്റെ മോന് ഞങ്ങളൊരു ഭാരം ആവരുത്.. ആതോണ്ടാ.”
“ഇങ്ങള് ഒന്ന് പോയെ… ഇത്താത്ത എനിക്ക് ഭാരാവോ .. ഉപ്പ മരിക്കാൻ കിടക്കുമ്പോൾ പറഞ്ഞത് ഓർമ്മയില്ലേ രണ്ടാളും തമ്മിൽ കൈ വിടരുതെന്ന്.”
ഉമ്മയെ പോലെ നോക്കി വളർത്തിയതാണ് റസിയ അനിയനെ. നിക്കാഹ് കഴിഞ്ഞു പോകുന്ന വരെ അവളുടെ വിരൽ തുമ്പിൽ ആയിരുന്നു ഹാഷിം. റസിയയുടെ ഭർത്താവ് പറയും നിന്റെ മോനാണ് അവനെന്ന്. ആ മോന്റെ ഭാര്യയാണ് ഇന്ന് സ്വന്തം വീട്ടിൽ നിന്നും ആട്ടിയിറക്കാൻ കാത്ത് നിൽക്കുന്നത്.
ഒന്നും പറയാതെ മക്കളെയും കൂട്ടി റസിയ ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കരയാതിരിക്കാൻ ശ്രമിച്ചു.
ഉമ്മയുടെയും ഉപ്പയുടെയും മണമുള്ള ഏത് സങ്കടത്തിലും തണലാകുന്ന വീട്ടിൽ നിന്നും അവൾ ഇറങ്ങി നടന്നു.
ഗേറ്റ് അടച്ചു റോഡിലേക്ക് ഇറങ്ങുമ്പോഴും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു. ആ സമയം അവളുടെ മനസ്സിൽ റെജിയെ ആദ്യമായി കണ്ടത് ഓർമ്മ വന്നു.
അറബി കോളേജിലെ ഒരു പരിപാടിക്ക് പോയപ്പോഴാണ് അവളെ കാണുന്നത്. പതിനഞ്ച് വയസ്സുള്ള ഉപ്പയും ഉമ്മയുമില്ലാത്ത കുട്ടി.നിരാശയുള്ള മുഖത്തോടെ അടങ്ങി ഒതുങ്ങി വരാന്തയുടെ തൂണിൽ ചാരി വിശാദ ഭാവത്തോടെ നിൽക്കുന്ന റെജി റസിയയുടെ മനസ്സിൽ കയറിക്കൂടി.
അന്ന് വീട്ടിൽ വന്നിട്ടും അവളുടെ മുഖം ഒരു നൊമ്പരമായി ഉള്ളിൽ മായാതെ നിന്നു.ഒറ്റപ്പെട്ടു പോയതിന്റെ വേദന അവളുടെ മുഖത്ത് കണ്ട റസിയാക്ക് ഓർഫെനെജിൽ വളരുന്ന റെജിയോട് തോന്നിയ ഇഷ്ടത്തിൽ നിന്നാണ് അന്ന് മുതൽ അവൾ അറിയാതെ അവൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും റസിയ ചെയ്തു കൊടുത്തത്..
വർഷങ്ങൾക്ക് ശേഷം റെജിയെ പുന്നാര അനിയന്റെ ഭാര്യയായി റസിയ വീട്ടിലേക്ക് കൊണ്ട് വന്നതും ആ ഇഷ്ടം കൊണ്ടാണ്.ഒരു നിയോഗം പോലെ റസിയയുടെ കണ്ണുകൾക്ക് മുൻപിൽ വന്നു നിന്ന അനാഥ പെണ്ണിന് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തു.
സ്‌നേഹവുംകരുതലും കൊടുത്ത ഇത്താത്തയെ ആണ് റെജി ആ വീട്ടിൽ നിന്നും ആട്ടി ഓടിക്കാൻ ആഗ്രഹിക്കുന്നത്. പക്ഷെ ഇത്താത്ത ചെയ്തു കൊടുത്തതൊന്നും അവൾക്ക് അറിയില്ല. അവളോട് ആരും പറഞ്ഞിട്ടുമില്ല.
ഉച്ചക്ക് ശേഷം ഹാഷിം വീട്ടിൽ എത്തി. കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു.”ഇത്താത്തയെ വിളിക്ക്.. ഞാൻ വരാതെ കഴിക്കില്ല… നീ ചിലപ്പോൾ കഴിച്ച് കാണും.”
ചെറിയൊരു പുഞ്ചിരിയോടെ ഹാഷിം റെജിയെ നോക്കി.അവൾ മിണ്ടാതെ നിന്നു.”ഇത്താത്ത ഇല്ലേ ഇവിടെ.. ഉണ്ടങ്കിൽ വിളിക്കാതെ വരുന്നതാണല്ലോ.”
“ആ…ഇല്ല. പോയി.””എവിടേക്ക്….?””ഞാൻ മൊബൈലിൽ എന്തോ പറഞ്ഞു.. അത് കേട്ടപ്പോൾ പോയി.. അത് എന്തായാലും നന്നായിന്നാ എനിക്ക് തോന്നുന്നത്.”
ഹാഷിം ചോറിൽ വെച്ച കൈ എടുത്തു. ദേശ്യത്തോടെ കസേരയിൽ നിന്നും എണീറ്റ് അവളുടെ നേർക്ക് നിന്നു.
“നിന്നെ ഞാൻ തല്ലാത്തത്… ഞാൻ അങ്ങനെ പഠിച്ചിട്ടില്ലാത്തത് കൊണ്ടാണ്. നീ ഇത്താത്തയെ എന്താ പറഞ്ഞത്.”
“ഞാൻ ഒന്നും. പറഞ്ഞില്ലേ… കുറേ പണം കൊടുത്തില്ലേ പലവട്ടം ഇനിയും ലക്ഷങ്ങൾ കൊടുത്തു ഇത്താത്തയെ ഊട്ടി ഉറക്കിക്കോ പുന്നാര അനിയൻ.”
മുഷ്ടി ചുരുട്ടി ശക്തിയോടെ ഹാഷിം ചുമരിൽ ഇടിച്ചു.”ഇനിയൊരു വാക്ക് നീയന്റെ ഇത്താത്തയെ കുറച്ചു പറയരുത്.അടങ്ങി മിണ്ടാതെ നിന്നോ.”
ഹാഷിം റെജിയെ പിടിച്ചു അടുത്തുള്ള സോഫയിലേക്ക് ബലമായി പിടിച്ചുരുത്തി..””നീ അറിയാത്ത നിന്നോട് ഇത് വരെ ആരും പറയാത്ത കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്.. ഇനിയും അതൊക്കെ നിന്നോട് പറഞ്ഞില്ലങ്കിൽ ഈ നന്ദി കേട് ഇനിയും. കാണിക്കും.”
അവൾക്ക് വേണ്ടി ഇത്താത്ത ചെയ്തു കൊടുത്തതെല്ലാം പറഞ്ഞു കൊടുത്തു. തല കുനിച്ചു മിണ്ടാതെ അവൾ ഹാഷിം പറയുന്നത് കേട്ടിരുന്നു.
“നിന്റെ രണ്ട് അനിയത്തിമാരുടെ കല്യാണം നടന്നതും.. നീ ഇപ്പൊ ഇവിടെ എന്റെ ഭാര്യയായി ജീവിക്കുന്നതും അന്ന് നിന്നെ ഓർഫെനെജി വെച്ച് ഇത്താത്ത കണ്ടത് കൊണ്ടാണ്…”
“പടച്ചോനെ…. ഇതൊന്നും. ഞാൻ അറിഞ്ഞില്ലല്ലോ… എന്നോട് ആരും …”” നിന്നോട് ഒന്നും പറയരുതെന്ന് ഇത്താത്ത യാ പറഞ്ഞത്…. നിന്റെ ഈ ജീവിതം… ഇത്താത്തയുടെ സ്‌നേഹമാണെന്ന് അറിഞ്ഞാൽ നിന്റെ ജീവിതത്തിൽ അതൊരു സങ്കടമോ കടപ്പാടോ ആയാലോന്ന് ആ പാവം പേടിച്ചു…സത്യം പറഞ്ഞാൽ ആദ്യമായി നിന്നെ കണ്ടപ്പോൾ തന്നെ എന്റെ പെണ്ണായി ഇത്താത്ത നിന്നെ കണ്ടിരുന്നു. ”
“ഞാൻ അങ്ങനെ പറഞ്ഞപ്പോൾ വല്ലാതെ നൊന്ത് പോയിട്ടുണ്ടാവും.. ആ മനസ്..പാവം എന്തൊരു ദുഷ്ടയാണ് ഞാൻ ,അല്ലെ ഇക്ക.”
അവളൊരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു.ചില സത്യങ്ങൾ അങ്ങനെയാണ് കരയിപ്പിക്കും.. വേദനിപ്പിച്ചവരുടെ നന്മകളെ തിരിച്ചറിയുമ്പോൾ കണ്ണീർ അടക്കി വെക്കാൻ കഴിയില്ല.
“അതേ മോളെ പാവമാണ് നമ്മുടെ ഇത്താത്ത. അളിയന്റെ ബിസ്നസ് കൊണ്ട് ഉണ്ടായ നഷ്ടം… നല്ല സമയത്തു നിന്നെ ഉൾപ്പടെ കണ്ണിൽ കാണുന്നവരെ ഇത്താത്ത സഹായിച്ചിട്ടേ ഉള്ളു.എന്നിട്ടും ഇത്താത്തയുടെ വിധി ഇങ്ങനെയായി.”
“ഇക്കാ… വാ.. ഞാനും കൂടെ വരാം. എവിടെ ആണെങ്കിലും വിളിച്ചു കൊണ്ട് വരണം.. എനിക്ക് ഇപ്പൊ കാണണം എന്റെ ഇത്താത്തയെ വാ ഇക്കാ”
കരഞ്ഞു കലങ്ങിയ കണ്ണും മുഖവും കഴുകി ഒരു ഷാൾ എടുത്തു തലയിലിട്ട് വീണ്ടും നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ തുടച്ചു ഹാഷിമിന്റെ പിന്നാലെ റെജി പുറത്തേക്ക് ഇറങ്ങി.ഹൃദയം പൊട്ടിയ വേദനയുമായി നടന്നു അകന്ന അവളുടെ ഇത്താത്തയെ തേടി..