(രചന: ദേവൻ)
” അങ്ങനെ കണ്ടവൻ നിരങ്ങിയുണ്ടായ വിത്ത് എന്റെ ചിലവിൽ ജനിക്കണ്ടടി. “അവളെ ചുവരോട് ചേർത്ത് നിർത്തി നിറവയറിലേക്ക് അവൻ ആഞ്ഞു ചവിട്ടി. ശ്വാസം വിലങ്ങി ശരീരം കുഴഞ്ഞവൾ നിലത്തേക്ക് വീഴുമ്പോൾ രക്തം പരന്നൊഴുകാൻ തുടങ്ങിയിരുന്നു.
” ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വയറും വീർപ്പിച്ചു കണ്ടവന്റെയൊക്കെ വിഴുപ്പ് എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നോടി തേ വി ടിശ്ശി ”
അവന്റെ കലി തുള്ളിയുള്ള വാക്കുകൾ പാതിയിൽ മുറിഞ്ഞുകൊണ്ട് അവളിലെ ബോധം പതിയെ മറഞ്ഞുതുടങ്ങിയിരുന്നു.
ബോധം വരുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു. ചുറ്റിലും അമ്മയും ആങ്ങളയും ചില ബന്ധുക്കളും ഉണ്ട്. അതിനിടയിൽ അയാളുടെ മുഖമവൾ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല.
” നിന്നോട് അന്നേ പറഞ്ഞതല്ലെടി ആ നാശം പിടിച്ചവന്റെ കൂടെ പോണ്ട പോണ്ടാ എന്ന്. അപ്പൊ എല്ലാരേം ധിക്കരിച്ചു ഇറങ്ങിപ്പോയി. എന്നിട്ടിപ്പോ ന്തായി. ഒരമ്മയാകാനുള്ള നിന്റ മോഹത്തെ കൂടി ആ ദ്രോഹി… ”
അമ്മ വഴക്കിനിടയിൽ ഒന്ന് വിതുമ്പിയപ്പോൾ അടുത്ത് നിന്ന അനിയൻ അല്പം ദേഷ്യത്തോടെ ശബ്ദമടക്കി പറയുന്നുണ്ടായിരുന്നു
” എന്റെ അമ്മേ, നിങ്ങളൊന്നു മിണ്ടാതിരിക്ക്, ഇത് വീടല്ല, ഹോസ്പിറ്റല. കഴിഞ്ഞതിങ്ങനെ വിളിച്ചുപറഞ്ഞു നാലാളെ അറിയിച്ചാൽ മനസ്സിന് സമാധാനം ഒന്നും കിട്ടില്ലല്ലോ. കഴിഞ്ഞത് കഴിഞ്ഞു. ”
അതൊക്ക പറയുമ്പോഴും ഇതുവരെ അവനൊന്ന് തന്നെ നോക്കുന്നില്ലല്ലോ എന്നവൾ വിഷമത്തോടെ ശ്രദ്ധിച്ചു.
അവനെ കുറ്റം പറയാനും പറ്റില്ല. ചേച്ചി എന്ന് വിളിച്ചു പിറകിൽ നിന്ന് മാറാത്തവൻ ആയിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് കവലയിലെ ഓട്ടോഡ്രൈവറോട് തോന്നിയ ഇഷ്ടം.
അന്നേ വീട്ടുകാർ പറഞ്ഞതാണ് ” മോളെ അവൻ കൊള്ളില്ലെന്ന് “. പക്ഷേ, അത് തന്നെ പിന്തിരിപ്പിക്കാൻ ഉള്ള വീട്ടുകാരുടെ അടവായി കണ്ടു തന്റെ വാശിയിൽ ഉറച്ചു നിന്നു.
അന്ന് വീട്ടിലേക്ക് ഓട്ടോയുമായി വന്ന അയാൾക്കൊപ്പം ഇറങ്ങുമ്പോൾ അമ്മ തലയിൽ കൈ വെച്ചു പറയുന്നുണ്ടായിരുന്നു ” നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ലടി ” എന്ന്.
ഓട്ടോയിലേക്ക് കയറുമ്പോൾ പിറകിൽ നിന്ന് ബാഗിൽ പിടിച്ചു വലിക്കുന്ന അനിയനെ ഒന്ന് നോക്കി. ” പോവല്ലേ ചേച്ചി ” എന്ന് പറഞ്ഞവന്റെ കൈ ബലമായി പിടിച്ച് മാറ്റിയാണ് അന്നാ ഓട്ടോയിൽ കയറിയത്.
അമ്മ പറഞ്ഞപ്പോലെ ഗുണം പിടിച്ചില്ലെന്ന് മാത്രമല്ല, ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതിന്റെ പത്തിരട്ടി അനുഭവിക്കുകയും ചെയ്തു. ഇറങ്ങിപ്പോന്നാൽ കേറിച്ചെല്ലാനുള്ള വഴി സ്വയം അടച്ചതുകൊണ്ട് എല്ലാം സഹിച്ചു.
അതിൽ നിന്നെല്ലാം ഒരാശ്വാസം അയാളോടുള്ള വാശിയിൽ സ്വയം കണ്ടെത്തിയ ഒരു ജോലി ആയിരുന്നു. പക്ഷേ , അതിന്റ പേരിലായിരുന്നു പിന്നീടുള്ള അയാളിലെ ക്രൂരത മുഴുവൻ.
അന്ന് അനിയന്റെ കൈ തട്ടി മാറ്റി ഇറങ്ങുമ്പോൾ അറിഞ്ഞില്ല പിന്നീട് ആ കൈ കൊണ്ട് ഒന്ന് തൊടാൻ പോലും അവന് താല്പര്യമില്ലെന്ന്. മുഖത്തേക്ക് ഒന്ന് നോക്കാനോ, ഒന്ന് മിണ്ടാനോ അവൻ ശ്രമിക്കുന്നില്ല എന്നത് വല്ലാതെ വേദനിപ്പിച്ചു.
” ഇനി വെറുതെ കരഞ്ഞിരിക്കാതെ ആ കഞ്ഞി കൊടുക്ക് അവൾക്ക്. ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം ”
അവൻ ബന്ധുവായ ഒരു ചെറുപ്പക്കാരനെയും കൂട്ടി പുറത്തേക്ക് പോകുന്നത് നനഞ്ഞ കണ്ണിലൂടെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു അവൾ.
ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കയറുമ്പോൾ അവളൊന്ന് മടിച്ചു. ഒരിക്കൽ എല്ലാം ഇട്ടെറിഞ്ഞു ഇറങ്ങിയതാണ് ഈ പടി.
‘ ഇക്കരെ നിൽക്കുമ്പോൾ അക്കരെ കണ്ട പച്ച ‘ കണ്ണിന് ആനന്ദവും സന്തോഷവും നൽകിയപ്പോൾ അതും വിശ്വസിച്ചു. പക്ഷേ, ഒറ്റ വേനൽ കൊണ്ട് കരിഞ്ഞുണങ്ങുന്ന സൗന്ദര്യം മാത്രമായിരുന്നു ആ കാഴ്ചയ്‌ക്കെന്ന് അറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകി.
ഒരു കനൽപോലെ ആളിക്കത്തിമാത്രം കണ്ട അയാളിൽ നിന്ന് കിട്ടിയതെല്ലാം ഹൃദയം ചുരുട്ടിപൊളിക്കുന്ന നിമിഷങ്ങളായിരുന്നു.
” മോള് പോയി കിടക്ക്. അപ്പോഴേക്കും അമ്മ ഇച്ചിരി കഞ്ഞി ഉണ്ടാക്കാം “അവളുടെ കയ്യിൽ പിടിച്ചു റൂമിലേക്ക് കിടത്തുമ്പോൾ അനിയന്റെ അവഗണനയും മൗനവും വല്ലാതെ മനസിനെ നോവിച്ചു.
” അമ്മേ, എന്തിനാ പിന്നേം ന്നേ ങ്ങനെ സ്നേഹിക്കുന്നത്? നിങ്ങടെ ഒക്കെ സ്നേഹ വേണ്ടെന്ന് വെച്ച് പോയതല്ലേ ഞാൻ. എന്നിട്ട് പിന്നേം…. ”
അമ്മ പതിയെ കണ്ണുകൾ തുടയ്ച്ചുകൊണ്ട് പുഞ്ചിരിച്ചു. പിന്നെ അവളുടെ മുടിയിലൂടെ ഒന്ന് വിരലോടിച്ചു.
” മോളെ. മക്കൾ തെറ്റ് ചെയ്യുമ്പോൾ തല്ലുന്നതും ശാസിക്കുന്നതും ദേഷ്യം കൊണ്ടല്ല, സ്നേഹം കൊണ്ടാണ്. നിങ്ങളെയൊക്കെ സ്നേഹിക്കണേ അമ്മമാർക്ക് കഴിയൂ.
തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ഒരു മാതാപിതാക്കളും മക്കളെ സ്നേഹിക്കുന്നത്. കാലം പതിയെ മാറിമാറി വരുമ്പോൾ മോൾക്കതൊക്കെ മനസ്സിലാകും… അന്നേ അതൊക്കെ മനസ്സിലാകൂ”
അമ്മ അവളെ നോക്കി ചിരിച്ചെന്ന് വരുത്തി റൂം വിട്ടിറങ്ങുമ്പോൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് തലയിണയിലേക്ക് മുഖം അമർത്തി.
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞവീഴുമ്പോഴും ഒരിക്കൽ പോലും അവളെ അന്വേഷിച്ചയാൾ വന്നില്ല. അയാളെ കുറിച്ചോർക്കാൻ പോലും താല്പര്യമില്ലാത്തതിനാൽ അവളും ആ മുഖം മറക്കാൻ ശ്രമിച്ചു.
ശരീരത്തിന്റ വേദന കുറഞ്ഞത് മുതൽ അവൾ പതിയെ വീട്ടിലെ പണികളിൽ ഒക്കെ അമ്മയെ സഹായിക്കാൻ തുടങ്ങി.
ഇടയ്ക്കെപ്പോഴോ അമ്മ ചോദിക്കുന്നുണ്ടായിരുന്നു ” അവൻ നിന്നെ ഒരുപാട് വേദനിപ്പിച്ചോ മോളെ ” എന്ന്.
മറക്കാൻ തുടങ്ങിയ പലതും ഓർമ്മപ്പെടുത്തൽ ആയിരുന്നു ആ ചോദ്യം.
ആ വീടിന്റ പടി കയറിയത് മുതൽ കനലിൽ ചവിട്ടിയപ്പോലെ ആയിരുന്നു ജീവിതം. രാത്രി കേറിവന്നാൽ ബോധമില്ലാതെ കാട്ടുന്ന പരാക്രമങ്ങൾ.
രാവിലെ കൂടെ കിടന്നവനെ ചോദിച്ചുള്ള അടി. കൂടെ കിടന്നവൻ തന്നെ വേറെ ഒരാളുടെ പേരിനു വേണ്ടി കൊല്ലാക്കൊല ചെയ്യുമ്പോൾ മുന്നിൽ മരണം മാത്രമായിരുന്നു ഒരു രക്ഷ.
പക്ഷേ, ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ അയാൾക്ക് വേണ്ടി ഒരിക്കൽ നഷ്ടപ്പെടുത്തിയ ഈ സ്നേഹം തിരിച്ചുകിട്ടില്ലായിരുന്നു എന്നോർക്കുമ്പോൾ മരിക്കാൻ തോന്നാത്ത ആ നിമിഷത്തെ കുറിച്ചോർത്തു മാത്രം അവൾ സന്തോഷിച്ചു.
അന്ന് രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു വാതിലിൽ മുട്ടുന്നത് കേട്ടത്. തുറക്കുമ്പോൾ മുന്നിൽ അനിയനെ കണ്ട അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
” ഉറങ്ങിയിരുന്നോ? “ഇല്ലെന്നവൾ പതിയെ തലയാട്ടി.അതിന് മറുപടിയെന്നോണം ഒന്ന് മൂളുകമാത്രം ചെയ്തവൻ അവളുടെ റൂമിലെ ബെഡിൽ ഇരിക്കുമ്പോൾ മുഖവുരയെന്നോണം ചോദിക്കുന്നുണ്ടായിരുന്നു ” ഇനി എന്താ നിന്റ ഉദ്ദേശം ” എന്ന്.
ആ ചോദ്യം അവളിലൊരു ഞെട്ടൽ ഉണ്ടാക്കി. എല്ലാം മാറിയ സ്ഥിതിക്ക് നീ കണ്ടെത്തിയ ആൾക്കൊപ്പം പൊക്കോണം എന്ന് പറയാനായിരിക്കുമോ എന്ന് ഭയന്നു.
ഒരിക്കൽ ഇട്ടെറിഞ്ഞുപോയവളെ ചേച്ചിയായി കാണാൻ ഇവനു കഴിയുന്നില്ലെങ്കിൽ അതിനർത്ഥം അനിയന് തന്നോട് താല്പര്യം ഇല്ല എന്നതാണെന്ന് അവൾ ചിന്തിച്ചു.
” എനിക്കറിയാ, ഞാൻ…… ഞാൻ ഇപ്പോൾ ഒരു ബാധ്യതയാണെന്ന്. പക്ഷേ, എനിക്ക് അറിയില്ല മോനെ ഇനി…. ”
അവൾ കരഞ്ഞുകൊണ്ട് വാക്കുകൾ മുഴുവനാക്കും മുന്നേ അവൻ അവളെ തടഞ്ഞു.
” ഇവിടെ ആരും ആർക്കും ബാധ്യതയല്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു പെങ്ങളില്ലെന്ന എന്റെ തീരുമാനം ഞാൻ മാറ്റില്ലായിരുന്നു.
ഞാൻ ചോദിച്ചത് അതല്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി ആ വിഴുപ്പ് ചുമക്കാതെ ഡിവോഴ്സിന് കൊടുക്കുകയല്ലേ എന്നാണ് ചോദിച്ചത്. ”
അവൾക്കതിൽ കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. തെല്ല് ആശ്വാസത്തോടെ അവൾ തലയാട്ടുമ്പോൾ ” ശരി ഉറങ്ങിക്കോ “എന്നും പറഞ്ഞവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
വാതിൽക്കൽ എത്തുമ്പോൾ എന്തോ ഓർത്തെടുക്കുംപ്പോലെ അവൻ അവൾക്ക് നേരേ തിരിഞ്ഞു.
” ഒരു കാര്യം പറയാൻ മറന്നു. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആണ്. പക്ഷേ, ഇപ്പോൾ എല്ലാം പെട്ടന്നാ ”
അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് ഒരു സായാഹ്നപത്രം നീട്ടി.
അതിനുള്ളിൽ കറുത്ത അക്ഷരങ്ങളിൽ എഴുതപ്പെട്ടിരുന്നു
” ഓട്ടോ മറിഞ്ഞ് അപകടം. ഡ്രൈവർക്ക് ഗുരുതര പരിക്ക് ”
അവൾ പെട്ടന്നുണ്ടായ ഞെട്ടലോടെ തല ഉയർത്തുമ്പോൾ മുന്നിൽ അവൻ ഇല്ലായിരുന്നു.
അന്ന് ഊണ് മേശക്കു മുന്നിൽ ഇരിക്കുമ്പോൾ അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. പെങ്ങളെ തൊട്ട ആ കയ്യും ചവിട്ടിയ ആ കാലും പ്ലാസ്റ്ററിടീക്കാൻ കഷ്ടപ്പെട്ട ഒരാങ്ങളയുടെ സന്തോഷമായിരുന്നു അത്.