എടീ നിന്റെ ശരീരം മോഹിച്ചിട്ടു തന്നെയാ നിന്നോട് ഞാൻ കൂട്ടുകൂടിയതു.. അല്ലാതെ നീ കരുതുന്ന പോലെ പരിശുദ്ധമായ സൗഹൃദമൊന്നുമല്ല

വിവേകത്തിൽ നഷ്ടപ്പെടുത്തുന്ന വിശ്വാസം
(രചന: Mejo Mathew Thom)

എടീ നിന്റെ ശരീരം മോഹിച്ചിട്ടു തന്നെയാ നിന്നോട് ഞാൻ കൂട്ടുകൂടിയതു.. അല്ലാതെ നീ കരുതുന്ന പോലെ പരിശുദ്ധമായ സൗഹൃദമൊന്നുമല്ല…

സൗഹൃത്തിന്റെ പേരിൽ കുടിച്ചു കൂത്താടി ശരീരം പോലും പങ്കുവയ്ക്കുന്ന ഇന്നത്തെ ലോകത്ത്

നിന്നെ അങ്ങനെയൊന്നും കിട്ടില്ല എന്നെനിക്കു മനസിലായപ്പോഴാ ഞാൻ അടവു മാറ്റി നിന്നോട് പ്രണയാഭ്യർത്ഥന നടത്തിയത്…

അപ്പോൾ നീയെന്താ പറഞ്ഞേ… സൗഹൃദമായി വേണമെങ്കിൽ ഈ ബന്ധം തുടരാമെന്നല്ലേ…

എന്നാൽ എനിക്ക് ഈ ബന്ധം തുടരണമെന്നില്ല പക്ഷെ ഞാൻ മോഹിച്ച നിന്റെ ശരീരം ഒരിയ്ക്കൽ എനിക്കനുഭവിക്കണം അതും നിന്റെ സഹകരണത്തോടെ…

അത് എന്നു വേണമെന്നുള്ള തിയതി ഉറപ്പിച്ചിട്ടു വേണം ഈ അവധി കഴിഞ്ഞു നീ കോളേജിലേക്ക് വരാൻ..

അല്ലെങ്കിൽ നീ കോളേജിലേക്ക് വരാതിരിക്കുന്നതാവും നിനക്ക് നല്ലത്…പിന്നെ ഈ കാര്യമൊക്കെ മറ്റാരോടേലും പറഞ്ഞാൽ…. മരിയ്ക്കാനായി നീ കൊതിയ്ക്കും…..

ഉത്സവപ്പറമ്പിൽ ചെറിയമ്മയുടെ കൂടെ നിൽക്കുമ്പോഴും അവളുടെ ചിന്തയിൽ മുഴുവൻ കോളേജിലെ സീനിയർ ആയ അരുണിന്റെ വാക്കുകളായിരുന്നു…

കൊട്ടിക്കയറുന്ന വാദ്യമേളങ്ങളുടെ ആരോഹണ അവരോഹണങ്ങളോ…ജനസാഗരത്തിന്റെ ആർപ്പുവിളികളോ അവൾ കേട്ടില്ല… അരുണിന്റെ ഭീഷണിനിറഞ്ഞ അവസാന വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു…..

അരുൺ….കൈകരുത്തു കൊണ്ടും.. പിന്നണിയിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിലുള്ള പിടിപാടുകൾ കൊണ്ടും കോളേജിൽ എതിർവാക്കുകളില്ലാത്തവരിൽ ഒരുവൻ…

ഇതുവരെയും അവനെക്കുറിച്ചു ഒരു മോശമഭിപ്രായവും ആരും പറഞ്ഞ് അവൾ കേട്ടിട്ടില്ല…

അതു കൊണ്ടാണ് അവന്റെ സൗഹൃദം അവൾ നിരസിക്കാഞ്ഞത്.. അതു കൂടാതെ അവന്റെ ബലത്തിൽ കോളേജിൽ മറ്റാരെയും പേടിക്കാതെ നടക്കുകയും ചെയ്യാമെന്നുകരുതി..

പക്ഷെ അവന്റെ മാന്യതയുടെ മുഖം മൂടിക്ക് പുറകിലെ വൈകൃതമുഖം അവൾ അറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയി….

അവനെ എതിർത്തു തോൽപ്പിക്കാൻ കഴിവുള്ള ആരെയും അവൾ തന്റെ കൂട്ടുകാർക്കിടയിൽ കണ്ടില്ല…

അച്ഛനോട് പറയാമെന്നു കരുതിയാൽ ഒരു സദാ സ്കൂൾമാഷായ അച്ഛൻ അവനെപ്പോലുള്ള ഉന്നതൻമാരെ എന്തു ചെയ്യാൻ സാധിയ്ക്കും…

അതു കൊണ്ടു തന്നെ അവന്റെ ഭീഷണിയിൽ ഭയന്ന് അവൾ ആരോടും ഒന്നും പറഞ്ഞില്ല…ഒന്നെങ്കിൽ പഠനം നിറുത്തുക അല്ലെങ്കിൽ അവന്റെ ആഗ്രഹത്തിന് വഴങ്ങുക… അവളുടെ ചിന്തകൾ കാടുകയറി…

“എന്താടി ഇത്ര ആലോചന…വല്ല പ്രേമമോ വല്ലതുമുണ്ടോ…?”തോളിൽ തട്ടിയുള്ള ചെറിയമ്മയുടെ ചോദ്യത്തിൽ അവൾ ചിന്തകളിൽ നിന്നുണർന്നു..

“അത്…അതുപിന്നെ..ഞാൻ ഉത്‌സവത്തിൽ ലയിച്ചു നിന്നുപോയി..”
അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു

“ഞാൻ ശ്രെദ്ധിയ്ക്കുന്നുണ്ട് നിന്റെ ഉത്സവത്തിൽ ലയിച്ചുള്ള നിൽപ്പ്..എന്താ കാര്യം..”

വിടാനുദ്ദേശമില്ല എന്ന രീതിയിലുള്ള ചെറിയമ്മയുടെ ചുഴിഞ്ഞുള്ള ചോദ്യത്തിൽ നിന്ന് രക്ഷപെടാനായി

“ചെറിയമ്മേ..അപ്പു എവിടെ…?” എന്ന് വിഷയം മാറ്റാനായി ചോദിച്ചു“അവനോ….അച്ഛനും മകനും കൂടെ ആനയെ അടുത്തു കാണാൻ വേണ്ടി പോയേക്കുവാ.. ”

ആനകളെ എഴുന്നള്ളിച്ചു നിറുത്തിയിരുന്ന ഭാഗത്തേക്ക്‌ നോട്ടമയച്ചുകൊണ്ടാരുന്നു അവരുടെ മറുപടി….

ചെറിയമ്മയുടെ ഇളയ മകനാണ് രണ്ടാം ക്ലാസിൽ പഠിയ്ക്കുന്ന അപ്പു..“അതെന്താ ചെറിയമ്മയ്ക്കു ആനയെ അടുത്തു കാണുവാൻ ആഗ്രഹമൊന്നുമില്ലേ…”

അവൾ ആ സംസാരം തുടർന്നു കൊണ്ടു പോകാനായി ചോദിച്ചു..“അടുത്തു കാണുന്നതിലും ഗ്ലാമർ ആനയെ അകലെ നിന്ന് കാണുമ്പോഴാ… അതല്ലാലോ ഇപ്പോഴത്തെ വിഷയം.. എന്താ നിന്റെ ഇത്രവലിയ ആലോചന.. അതുപറ…”

അവർ വീണ്ടും അവളുടെ ഉള്ളറിയുവാനായി ചോദിച്ചു…പക്ഷെ അപ്പോഴേയ്ക്കും അപ്പുവും അവന്റെ അച്ഛനും വന്നു…

“അമ്മേ…ഞാൻ ആനയെ തൊട്ടല്ലോ…” അച്ഛന്റെ തോളത്തിരുന്നു കൊണ്ടു എന്തോ വലിയ ആഗ്രഹം സാധിച്ച ഭാവത്തിലായിരുന്നു അവന്റെ പറച്ചിൽ…

“ആനയെ തൊടാൻ നിനക്ക് പേടിയില്ലേ അപ്പൂ…?” ചെറിയമ്മ അൽപ്പം ഭയം കലർന്ന് ചോദിച്ചു“എന്റെ അച്ഛൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനാ ആനയെ പേടിക്കുന്നെ…?”

അവന്റെ മറുപടിയിൽ അച്ഛനിലുള്ള വിശ്വാസം പൂർണമായിരുന്നു…ആ മറുപടി അവളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു…വളർച്ചയിൽ കൈവന്ന വിവേകത്തിൽ താൻ നഷ്ടപെടുത്തിയ വിശ്വാസം…

ഉത്സവം കഴിഞ്ഞു പിറ്റേദിവസം സ്വന്തം വീട്ടിലേയ്ക്കു പോകുമ്പോഴും അവളുടെ മനസ് നിറയെ അപ്പുവിന്റെ മറുപടിയായിരുന്നു…

അന്ന് രാത്രി അത്താഴം കഴിഞ്ഞു അമ്മ അടുക്കളയിലായിരുന്ന സമയം നോക്കി അവൾ മുറ്റത്ത് എന്തോ ആലോചനയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു കൊണ്ടിരുന്ന അച്ഛന്റെ അടുത്തേയ്ക്കു ചെന്നു..

അവൾ വരുന്നതുകണ്ട് നടത്തം നിറുത്തി“എന്താ മോളെ…ഉറക്കം വരുന്നില്ലേ..?”അവളുടെ അടുത്തേയ്ക്കു വന്നു കൊണ്ടു അയാൾ ചോദിച്ചു..“അത്….പിന്നെ…അച്ഛാ….”

അവളുടെ മനസിലെ ഭയം വാക്കുകളിൽ നേരിയ വിറയൽ തീർത്തു…അത് മനസിലാക്കിയ അയാൾ വലം കൈ കൊണ്ടു അവളെ തന്നിലേക്ക് ചേർത്തു നിറുത്തി..അല്പനേരത്തിനു ശേഷം..

“എന്താ…എന്റെ കുട്ടിക്കു പറ്റിയതു… കോളേജിൽ നിന്ന് വന്ന അന്നു മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ നിന്റെ മുഖത്തെ ഈ വാട്ടം… എന്ത് കാര്യമാണേലും അച്ഛനോട് പറ പരിഹാരമുണ്ടാക്കാം..

ഇനി അച്ഛനോട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ അമ്മയോട് പറഞ്ഞോളു.. അച്ഛൻ അമ്മയോട് ചോദിച്ചോളാം”

അവളുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകികൊണ്ടാണ് അയാൾ പറഞ്ഞത്‌…“വേണ്ട…അമ്മ അറിയണ്ട അച്ഛൻ മാത്രമറിഞ്ഞാൽ മതി…”

അവൾ പെട്ടെന്ന് പറഞ്ഞു.. ഒന്ന് ആലോചിച്ചശേഷം അവൾ അരുണിനെ കുറിച്ചും അവന്റെ ഭീഷണിയെ കുറിച്ചും എല്ലാം അച്ഛനോട് പറഞ്ഞു…

അതുകേട്ട് അവളെ ചേർത്തു പിടിച്ചിരുന്ന അയാളുടെ കൈകൾ ഒന്നുകൂടെ മുറുകി…ആ മുറുകലിൽ അവൾ അറിഞ്ഞു തന്റെ സുരക്ഷ ആ കൈകളിൽ ഭദ്രമെന്നു…

“മോൾ ഈ കാര്യമോർത്ത് ഇനി വിഷമിക്കേണ്ട..അവന്റെ കാര്യം അച്ഛൻ നോക്കിക്കോളാം…മോള് പോയി കിടന്നുറങ്ങിക്കോ…”

അവൾ പറഞ്ഞതിന്റെ ആഴവും വ്യാപ്തിയും അറിഞ്ഞു കൊണ്ടു തന്നെയാണ് അയാൾ അവളോട് ഉറച്ച സ്വരത്തിൽ പറഞ്ഞത്…..

അയാളുടെ മുഖത്ത് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു… കുറച്ചു നാളുകൾക്ക് ശേഷം അന്ന് രാത്രി അവൾ സമാധാനത്തോടെ ഉറങ്ങി…

രണ്ട് ദിവസം കഴിഞ്ഞ് അവളുടെ മൊബൈലിലേക്ക് അരുണിന്റെ ഒരു മെസ്സേജ്..അത് വായിച്ചഅവൾ അച്ഛന്റെ അടുത്തേക്കോടി…

“അച്ഛാ….”അവളുടെ വിളികേട്ട് മുറ്റത്തെ തെങ്ങിന് തടമെടുത്തോണ്ടിരുന്ന അയാൾ പണി നിറുത്തി അവളെ നോക്കി

“അച്ഛാ.. ദേ.. അരുൺ മെസ്സേജ് അയച്ചിരിയ്ക്കുന്നു.. അവൻ പറഞ്ഞതിനും ചെയ്തതിനുമൊക്കെ സോറി എന്നും പറഞ്ഞ് ഇനി ഒരിക്കലും ശല്യപെടുത്തില്ലെന്നും…എങ്ങനെയാ അച്ഛാ ഇത്രപെട്ടെന്ന് ഇതൊക്കെ…?”

അവൾക്ക് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതായി… അയാൾ തെങ്ങിന്റെ ചുവട്ടിൽ നിന്നും മുറ്റത്തേയ്ക്ക് കയറി പറഞ്ഞു തുടങ്ങി..

“ഈ.. കെട്ടഴിഞ്ഞു നാട്ടുകാരുടെ പറമ്പിൽക്കൂടെ കയറിയിറങ്ങി തിന്നുനടക്കുന്ന പോത്തിനെ നമ്മൾ എത്ര തല്ലിയോടിച്ചാലും അത് പിന്നെയും പറമ്പിൽ കയറും..

കരണം അതിന് അറിവില്ല അപ്പോൾ നമ്മൾ അതിന്റെ ഉടമസ്ഥനോട് പറയും പിടിച്ചു കെട്ടിയിടാൻ…

എന്നിട്ടും ഉടമസ്ഥൻ അതിനെ കെട്ടിയിട്ടില്ലെങ്കിൽ അതിന്റെ വിധി നാട്ടുകാര് തീരുമാനിയ്ക്കും….

ഇവിടെയും അതേ ചെയ്തൊള്ളൂ.. അവന്റെ ഉടമസ്ഥർക്ക് കാര്യം മനസിലായതുകൊണ്ടു ബാക്കി ചെയ്യേണ്ടി വന്നില്ല…”

അയാൾ പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികൾ നിറഞ്ഞു..അയാൾ ആ മിഴികൾ തുടച്ചു കൊണ്ട് തുടർന്നു…

“മോളേ…എല്ലാ കുട്ടികൾക്കും ചെറുപ്പത്തിൽ അവരുടെ അച്ഛനെ പൂർണ്ണ വിശ്വാസമായിരിക്കും അച്ഛൻ കൂടെയുണ്ടെങ്കിൽ ഏതു കാര്യത്തിലും പേടിയുണ്ടാകില്ല

പക്ഷെ വലുതാകും തോറും സ്വയം ചിന്തിച്ചു കൂട്ടുമ്പോൾ അഛനിലുള്ള അവരുടെ വിശ്വാസം കുറയും..

കൗമാരക്കാർക്കുണ്ടാകുന്ന പല ദുരന്തങ്ങളുടെയും കരണം ഒരു പരിധിവരെ അതാണ്….”

അതുകേട്ട് അവൾ അച്ഛന്റെ കയ്യിൽ മുറുക്കി പിടിച്ചു…ആ കൈകളിലുള്ള പൂർണ്ണ വിശ്വാസത്തിൽ….

Leave a Reply

Your email address will not be published. Required fields are marked *