ഓർമ്മകൾ
(രചന: മീനു ഇലഞ്ഞിക്കൽ)
” മീനു .. ഹറിയപ്പ് ഐ ഹാവ് ടു ഗോ ടു ഫോർ പി എം ഫ്ലൈറ്റ് ..”“ദേ കഴിഞ്ഞു ആനന്ദ് ..”
ബാംഗ്ലൂരിലെ തിരക്കേറിയ ഫ്ലാറ്റിൽ നിന്ന് ഒഫീഷ്യൽ മീറ്റിങ്ങിനായി യു എസിലേയ്ക്ക് പോകുന്ന ഭർത്താവിൻ്റെ ട്രാവൽ ലേഗേജ് റെഡിയാക്കുന്ന തിരക്കിലായിരുന്നു മീനാക്ഷി..
ഭർത്താവിനെ യാത്രയാക്കിയതിനു ശേഷം മൂന്നാം നിലയിലുള്ള ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് പുറം കാഴ്ചകളിൽ നോട്ടമയച്ചു നിൽക്കുമ്പോഴാണ് .. തൊട്ടടുത്തു താമസിക്കുന്ന മലയാളി കുടുംബത്തിൻ്റെ ഫ്ലാറ്റിൽ നിന്നും ചാനലിലൂടെ ഒഴുകി വരുന്ന ഗാനത്തിന് ചെവിയോർത്തത് …
“ശ്യാമ സുന്ദര കേര കേ താര ഭൂമി … ജനജീവിത ഫല ധന്യ സമ്പന്ന ഭൂമി … മാനവർക്ക് സമത നൽകിയ മാവേലിതൻ ഭൂമി … മധുര മഹിത ലളിതകലകൾ വിരിയും മലർവാടി …”
ഫ്ലാറ്റ് ജീവിതം .. തൊട്ടടുത്തുള്ള ചുമരിനപ്പുറത്തുള്ള ജീവനുകളെപ്പോലും അപരിചിതരാക്കി കളയുമെന്ന് പറയുന്നത് എത്ര സത്യമാണ് ..
മോഹിച്ച പുരുഷനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവർ കണ്ട് പിടിച്ച പയ്യനെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്ക് ചേക്കേറിയതിൽപിന്നെ മീനാക്ഷി ഏതാണ്ട് വീടും വീട്ടുകാരയുമൊക്കെ മറന്ന മട്ടായിരുന്നു …
അവൾ വീട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല … പിന്നീട് വീട്ടുകാർ അവളെ വിളിച്ചതുമില്ല … പീന്നീട് കുറച്ച് നാളുകൾക്ക് ശേഷം തൻ്റെ മകളുടെ ജനനത്തോടെ മീനാക്ഷിയും ഭർത്താവും ബാംഗ്ലുരിൽ സെറ്റിൽ ആയെങ്കിലും കേരളത്തിലുള്ള തൻ്റെ നാടും വീടും അവൾ ഓർക്കാൻ ശ്രമിച്ചതേയില്ല …
പതിവില്ലാതെ ചാനലിൽ നിന്നും ഒഴുകി വന്ന ആ ഗാനം ആ പഴയ പാവടക്കാരിയായ മീനൂട്ടിയുടെ ഓർമ്മകളെ ഉണർത്താൻ ശ്രമിക്കുന്ന ഈരടികൾ പോലെ മാധുര്യമേറിയതായിരുന്നു …
“കല്യാണി … എടി കല്യാണി ..” വീട്ടിലെ ചായ്പുരയിൽ കഴിയുന്ന പുറം പണിക്കാരിയെ വിളിച്ച് എന്തൊക്കയോ ശകാരം ചൊരിയുന്ന അമ്മയുടെ ഒച്ച കേട്ടിട്ടാണ് മീനൂട്ടി ഉണർന്നത്…
.ചുവന്ന ചേല വാരി ചുറ്റി ,നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടിട്ട് കഴുത്തിൽ നിറയെ വിവിധ നിറത്തിലുള്ള മൂത്തു മാലകൾ അണിഞ്ഞ്, കൈനിറയെ കുപ്പിവളകളണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടികൾ പാറിപ്പറത്തിയിട്ട്
മുറുക്കി ചുവപ്പിച്ചചുണ്ടുമായി ഇരിക്കുന്ന കല്യാണി അവൾക്കെന്നും ഒരു കൗതുകമായിരുന്നു ..“എന്തിനാ അമ്മേ …കല്യാണിയെ ശകാരിക്കുന്നേ. … കല്യാണി പാവം ..ല്ലേ ..?”
“മം.. പാവം .. വല്ലവൻ്റെ കൊച്ചിനെയും വയറ്റിലാക്കി നാടും വീടും ഏതാന്ന് അറിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവളാണോ പാവം .. ”എന്ന് പറഞ്ഞ് അമ്മ അകത്തേയ്ക്ക് കയറിപ്പോയി …
അലസമായി കിടക്കുന്ന മുടിക്കുള്ളിൽ വിരലുകൾ കടത്തി മാന്തി ചൊറിഞ്ഞു കൊണ്ട് ഏന്തൊക്കയോ പതം പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുന്ന കല്യാണിയോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി …
“കല്യാണി എന്തിനാ ..ചിരിക്കണേ…?”“ഹ ഹ … ഞാൻ ചിരിച്ചോ .. ഇല്ലല്ലോ ഞാൻ ചിരിച്ചില്ലല്ലോ എന്ന് ഉറക്ക പറഞ്ഞ് കൊണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്ന കല്യാണിയെ നോക്കി അവൾ ആശ്ചര്യത്തോടെ നിന്നു …
നേരം പാതിരാവായിട്ടും അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടന്ന മീനൂട്ടിയ്ക്ക് ഉറക്കം വന്നതേയില്ല ..
“അമ്മേ … ആ കല്യാണിയ്ക്ക് ശരിക്കും ഭ്രാന്തുണ്ടോ .. അമ്മേ …” ഉറങ്ങി കിടന്നഅമ്മയെ തട്ടിയുണർത്തി അവൾ ചോദിച്ചു ..
“ഈ കുട്ടിക്കിത് എന്തിൻ്റെ കേടാ .. നേരം എത്രയായിന്നാ നീയിതു വരെ ഉറങ്ങീല്ലേ … ആവശ്യമില്ലാത്ത ഓരോചോദ്യങ്ങളാ … രാമനാമം ചൊല്ലി ഉറങ്ങാൻ നോക്ക് മീനൂട്ടി ..”ഉറക്ക ചടവോടെ പറഞ്ഞിട്ട് അവളുടെ അമ്മ തിരിഞ്ഞ് കിടന്നു ..
തുറന്ന് കിടന്ന ജാലക കമ്പികൾക്കിടയിലൂടെ പറന്ന് വന്ന മിന്നാമിനുങ്ങിൻ്റെ മിന്നിതിളങ്ങുന്നപ്രകാശം കണ്ട് അവൾ കിടക്കയിൽ നിന്ന് മെല്ലെഎണീറ്റ് ജാലകത്തിനരികിലെത്തി..
ആകാശത്ത് പൂനിലാപ്രഭ തുകി നിൽക്കുന്ന അമ്പിളിമാമനെ നോക്കി അവൾ പുഞ്ചിരി തൂകി .. ഒരായിരം നക്ഷത്രങ്ങൾ ആകാശത്ത് കൺചിമ്മി തുറക്കുന്നത് അവൾ നോക്കി നിന്നു …
പാടത്ത് നിന്ന് പണി കഴിഞ്ഞ് തുമ്പയുമായി വിയർത്തൊലിച്ച് വന്ന പണിക്കാരൻ കേളൻ വാല്യക്കാരി ജാനു വിളമ്പിക്കൊടുത്ത പഴം കഞ്ഞി ഉപ്പും മുളകും ചേർത്ത് ആർത്തിയോടെ വാരി കഴിക്കുന്നത് കണ്ട് നിന്ന മീനു ജാനുവിനോടായി പറഞ്ഞു ..
“ജാനു വേച്ചി … എനിക്കും വേണം കേളനു കൊടുത്ത മാതിരിയുള്ള കഞ്ഞി ..”“അയ്യോ … മീനൂട്ടി അതൊന്നും വേണ്ടാ ട്ടോ : അമ്മ കണ്ടാൽ നല്ല തല്ലു കിട്ടും ..”
“എനിക്കും വേണം ജാനു വേച്ചി … ” അവൾ വാശി പിടിച്ച് വിമ്മി കരയാൻ തുടങ്ങി..“മീനൂട്ടിയ്ക്ക് ഞാൻ തരാലോ കഞ്ഞി..”“വിയർപ്പ് മണക്കുന്ന തോർത്ത് മുണ്ടിനാൽ ചിറി തുടച്ചിട്ട് ചാപ്പൻ പറഞ്ഞു
ഇറയത്തിരുന്ന കവിടി പാത്രത്തിൽ നിന്നും പ്ലാവില കുമ്പിളിലിനാൽ കോരിയെടുത്ത കഞ്ഞി മീനുവിൻ്റെ വായിലേയ്ക്ക് ഒഴിച്ച്ക്കൊടുക്കവേ ..
മീനൂട്ടീ …എന്നലറിക്കൊണ്ട് കേളൻ്റെ കൈയ്യിലെ കഞ്ഞി പാത്രം തട്ടി തെറിപ്പിച്ചിട്ട് പുളിയൻ കമ്പ് നീട്ടിപ്പിടിച്ച് അച്ഛൻ മീനൂനേം കൂട്ടി അകത്തേയ്ക്ക് പോയി … ഉച്ചത്തിൽ കരയുന്ന മീനുൻ്റെ എങ്ങലടി കേട്ടാണ് ..
ജനലരികിൽ നിന്ന് കൈയ്യിൽ ഒതുക്കി പിടിച്ച മഷി പച്ച തണ്ടുമായി കേളൻ്റെ മകനും മീനുവിൻ്റെ കളി കൂട്ടുകാരനുമായ കുട്ടൻ പതിയെ മീനൂട്ടിയെ വിളിച്ചത് …
“മീനൂട്ടി കരയണ്ടാട്ടോ … പുറത്തേക്ക് ഇറങ്ങി വാ ഞാൻ കൈയ് നിറയെ മഷി പച്ച തരാലോ …”
കുട്ടനെ കണ്ടതും വിമ്മി വിമ്മി കരയുന്ന മീനുവിൻ്റെകണ്ണിൽ സന്തോഷം തിരതല്ലി ..
.ആരും കാണാതെ പതിയെ മുറിയിൽ നിന്നിറങ്ങി കുട്ടൻ്റെ ചുമലിലേറി പാട വരമ്പത്തേയ്ക്ക് പോയി …
വിളഞ്ഞ് പഴുത്ത് പാകമായ നെൽവയൽക്കരയിലിരുന്ന് കേളൻ്റെ പെണ്ണ് നാണി കൊണ്ടുവന്ന കപ്പയും ,ഉള്ളിയും കാന്താരിമുളകും കൂട്ടിയരച്ച ചമ്മന്തിയും വട്ടയിലയിൽ കുട്ടൻ’സ്നേഹത്തോടെ വിളമ്പി നൽകിയപ്പോൾ പുളിയൻ കമ്പിൻ്റെ അടിയേറ്റ് തിണർത്ത പാടിലെ നീറ്റൽ മീനുവിന് അലിഞ്ഞ് ഇല്ലാതായി …
പച്ച പരവതാനി വിരിച്ച നെൽപ്പാടത്തിനക്കരെ കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴക്കരയിൽ ചൂണ്ടലിട്ട് ഊത്ത മീൻ പിടിക്കുന്ന കുട്ടനൊപ്പം ഇരിക്കുമ്പോഴാണ് ചങ്ങല കിലുക്കി വെള്ളത്തിൽ ഇളകി മറിഞ്ഞ് കിടക്കുന്ന കൊമ്പനെ തേച്ച് കുളിപ്പിക്കുന്ന രാമൻ നായർ കൗതുകത്തോടെ നോക്കിയിരിക്കുന്ന മീനൂട്ടിയെ കണ്ടത് ..
“എന്താ മീനൂട്ടി ആനവാൽ വേണോ ..”?വേണ്ടന്ന ഭാവത്തിൽ തലയാട്ടി കൊണ്ട്“അവൾ പതിയെ പറഞ്ഞുനിക്ക് ആനെ നേ തൊടണം …”“അതിനെന്താ തെട്ടോളുട്ടോ ..”
കുട്ടൻ്റെ കരം പിടിച്ച് പുഴയിലേയ്ക്കിറങ്ങി വെള്ളത്തിൽ കിടന്ന കൊമ്പനെ തൊട്ടു തലോടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മീനുട്ടിയ്ക്ക് …
അമ്പലകടവിലെ ചെന്താമര കുളത്തിൽ വിടർന്ന് നിന്ന ചുവന്ന താമര പൂവ് പൊട്ടിക്കവേ .. പൂമൊട്ടിൽ നിന്ന് പൂവായി വിരിഞ്ഞ ആദ്യ ആർത്തവത്തിൻ്റെ ആലസ്യതയിൽ തൊട്ടാവാടിയെപ്പോലെ തളർന്ന് വീണ
മീനൂട്ടിയെ പരിഭ്രമത്തോടെ … കൈകളിൽ കോരിയേടുത്ത് മനക്കലെ തിണ്ണയിൽ കിടത്തുമ്പോൾ കുട്ടൻ്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞെഴുകുന്നുണ്ടായിരുന്നു …
ഏറെ ദിവസമായി മീനുവിനെ പുറത്തേയ്ക്ക് ഒന്നും കാണാതിരുന്നപ്പോൾ … ഓല കീറുകൾ വിരലുകളാൽ അടുക്കി ഓലമെടയുന്ന അമ്മയുടെ അരികിലേയ്ക്ക് എത്തി കുട്ടൻ ചോദിച്ചു …അമ്മ … മീനൂട്ടിയ്ക്ക്എന്താ പറ്റിയെ ..?
“ഓളു .. വല്യ കുട്ടിയായി ഇനി മീനുൻ്റ കൂടെ ഓടാനും ,ചാടാനും ഒന്നു നിൽക്കണ്ടാട്ടോ …”അതുകേട്ട മാത്രയിൽ അമ്മയുടെ വിലക്കിനെ അവഗണിച്ച് വീട്ടിലെ മുല്ലവള്ളിയിൽ പൂവിട്ട ഒരു പിടി മുല്ലപ്പൂക്കൾ കോർത്ത് എടുത്ത്
മീനുവിൻ്റെ മുറിയുടെ ജാലകത്തിലൂടെ മീനുവിൻ്റെ കൈകളിൽ വച്ച് കൊടുക്കുമ്പോൾ … മുല്ലപ്പൂവിനേക്കാൾ സൗന്ദര്യം ഋതുമതി യായ മാളുവിൻ്റെ നാണം നിറഞ്ഞ പുഞ്ചിരിക്കുണ്ടായിരുന്നു
കാലമേറെ കടന്ന് പോയി .. കൗമാരത്തിൻ്റെ കാനന ചോലയിൽ നീരാടി മീനുവും .കുട്ടനും യൗവനത്തിൻ്റെ പടിവാതിലിലേയ്ക്ക് കാലെടുത്തു വച്ചു …
പറമ്പിൽ നിറഞ്ഞ് നിൽക്കുന്ന വാഴത്തോട്ടങ്ങൾക്കിടയിലൂടെ കുട്ടനോടൊപ്പം കൈപിടിച്ച് നടന്നപ്പോൾ … കുലച്ച് നിൽക്കുന്ന കണ്ണൻ കുലയുടെ കൂമ്പിൽ നിന്ന് അടർത്തിയെടുത്ത പൂവിതളിൽ നിന്നും തേൻകണം മീനുവിൻ്റെ നാവിലേയക്ക് ഇറ്റിച്ചു കൊടുത്തപ്പോൾ ..
കുട്ടൻ്റെയും മീനുവിൻ്റെയും കണ്ണുകളിൽ ആദ്യാനുരാഗത്തിൻ്റെ വിത്തുകൾ മുളച്ചു പൊടിമീശക്കാരനായ കുട്ടനും ,മഞ്ഞ ചിറകുള്ള പൂമ്പാറ്റയെ പോലെ മനോഹരിയായ മീനുവും പരസ്പരം ഹൃദയം കൈമാറി …
പഠിപ്പ് കഴിഞ്ഞ് വരുമ്പോൾ ഇടവഴിയിൽ നിന്ന് കൈകൾ കോർത്ത് പുസ്തകതാളിൽ കോറിയിട്ട പ്രേമലേഖനം അവർ കൈമാറുന്ന കാഴ്ച തെങ്ങുകയറ്റക്കാരൻ ചാപ്പൻ്റെ കണ്ണിൽപ്പെട്ടതും ,ചാപ്പൻ കണ്ടപാടെ തന്നെ ആ വിവരം മനക്കലെ വീട്ടിൽ എത്തിച്ചു …
അതോടെ മീനൂൻ്റെ പഠിപ്പ് നിർത്തി ,പഠിപ്പുര പൂട്ടി മനയ്ക്കലെ മാളികയിലെ മുകളിലത്തെ ഒറ്റമുറിയിൽ മീനു തടവിലാക്കപ്പെട്ടു …
മനക്കലെ പെണ്ണിനെ മോഹിച്ച കുറ്റത്തിൽ. ഇനി ഈ വീട്ടു പഠിക്കൽ കാലു കുത്തരുതെന്ന് വിലക്കി കേളനെയും കുടുംബത്തെയും മനക്കലെ പറമ്പീന്ന് പുറത്താക്കി…
മീനുവിൻ്റെ അച്ഛൻ അവളുടെ തേങ്ങിക്കരച്ചിലിനെയും ,എതിർപ്പിനെയും വകവെയ്ക്കാതെ തിടുക്കപ്പെട്ട് ദല്ലാൾ കൊണ്ട് വന്ന വിവാഹം ഉറപ്പിച്ചു … മീനുവിൻ്റെ വിവാഹ ദിവസം എവിടേയ്ക്കോ നാടുവിട്ടു പോയ കുട്ടനെയോർത്ത് നീറി നീറി .. കേളൻ നെഞ്ചു പൊട്ടി മരിച്ചു …
ഇഷ്ടമില്ലാത്ത വിവാഹത്തിന് തല കുനിച്ച് കൊടുത്ത് താലിചാർത്തി ഭർത്താവിനൊപ്പം
ഭർതൃഗ്രഹത്തിലേയ്ക്ക് യാത്രയായ മീനു, ഇനി ഈ മണ്ണിലേയക്ക് ഒരു മടങ്ങിവരവുണ്ടാകരുതെന്ന് മനസ്സിൽ ഉറപ്പിച്ച് പൊട്ടി കരഞ്ഞു കൊണ്ടേയിരുന്നു
മീനുവിൻ്റെനിറഞ്ഞൊഴുകുന്ന കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീർ തുള്ളികൾ തുടച്ച് മാറ്റിക്കൊണ്ട് അവളുടെ മകൾ ചോദിച്ചു ..
“അമ്മാ …. എന്തു പറ്റി അമ്മാ …?”“ഒന്നുമില്ല മോളു …”“അല്ല എന്തോ ഉണ്ട് പറയു അമ്മാ …?”
തൊടിയിലും മാഞ്ചോട്ടിലും മഴക്കാട്ടിലും പാടത്തും തോട്ടിലുമൊക്കെ പുതുമഴ നനഞ്ഞ മണ്ണിൻ്റെ ഗന്ധമേറ്റ് നടന്നു വളർന്ന എൻ്റെ ബാല്യങ്ങൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു … അങ്ങനെ അങ്ങനെ ഞാനും ഓർത്തെടുക്കുകയായിരുന്നു …. ഓർമ്മകൾ മാത്രമായ എൻ്റെ ബാല്യം ..
“അവൾ കൊതി സഹിക്കവയ്യാതെ പറഞ്ഞു …“അമ്മാ … ലെറ്റ്സ് ഗോ ടു ഗോഡ്സ് ഓൺ കൺട്രി ..”“ഇല്ല മോളെ .. അവിടിപ്പോ ആരുമില്ല …എല്ലാം ഓർമ്മകൾ മാത്രമായി ഇരിക്കട്ടെ …