രാത്രി ബെഡ് റൂമിൽ വെച്ച് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നവൻ കരുതി

(രചന: രജിത ജയൻ)

 

“നീ എനിക്കൊരിത്തിരി സമാധാനം തരുമോ..?എപ്പോ നോക്കിയാലും എന്റെ ചെവീം തിന്ന് എന്റെ പുറകെ നടന്നോളാണ് നിനക്ക് വല്ല നേർച്ചയും ഉണ്ടോ..?എന്തൊരു കഷ്ട്ടാണിത്..

“ഒരു നേരം വീട്ടിൽ വന്നാ സമാധാനം തരില്ലവൾ പുറകെയങ്ങനെ നടന്ന് വള വളാന്ന് ചിലച്ചോണ്ടിരിയ്ക്കും .. ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങൾ .. ഹോ…

രാജീവൻ പെട്ടന്നു ശബ്ദം ഉയർത്തി പറഞ്ഞതും ഗോപിക ഞെട്ടിയവനെ നോക്കി ,പിന്നെ പേടിയോടെ അവനരികിൽ നിന്ന് മാറി നിന്നു …

ഗോപികയുടെ കയ്യിലിരുന്ന ചായ ഗ്ലാസും പിടിച്ചു വാങ്ങി അവളെ ദേഷ്യത്തിലൊന്ന് നോക്കി രാജീവ് ഉമ്മറത്തേക്ക് നടന്നകന്നതും നിറഞ്ഞുതൂവുന്ന കണ്ണുകൾ തുടച്ച് ഗോപിക മെല്ലെ അടുക്കളയിലേക്ക് നടന്നു

ഇതിപ്പോ കഴിഞ്ഞ ഒരാഴ്ചയായിട്ട് രാജീവേട്ടന്റെ സ്വഭാവം ഇങ്ങനെയാണ്, അടുത്തേക്ക് ചെന്നാലോ എന്തെങ്കിലും പറയാൻ ശ്രമിച്ചാലോ കാരണമില്ലാതെ ദേഷ്യപ്പെടുക ,കൺമുന്നിൽ നിന്ന് മാറി നടക്കുക ,താനുറങ്ങിയതിനു ശേഷം മാത്രം കിടക്കാൻ വരുക .ഇതെല്ലാം പുതിയ ശീലങ്ങൾ ആണ്

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിലെ ആദ്യത്തെ മാറ്റം, ആ താലിയും അണിഞ്ഞ് രാജീവേട്ടന്റെ ഭാര്യയായ് ഇവിടെ വന്നതിൽ പിന്നെ തന്നിൽ നിന്നൊരു ഒഴിഞ്ഞു മാറ്റം ആദ്യമായാണ്, അതെന്തുകൊണ്ടാണെന്ന് അറിയാത്തതു മാത്രമാണ് തന്റെ ഉറക്കം കെടുത്തത്

ഇനിയൊരു പക്ഷെ ഓഫീസിലെ വല്ല പ്രശ്നവും ആണെന്ന് കരുതിയാണ് ഒന്നു ചോദിക്കാതെ ഒഴിഞ്ഞു മാറിയത്

ഇന്നു പക്ഷെ അത്രയും പ്രധാനപ്പെട്ട അത്രയും സന്തോഷമുള്ള ഒരു കാര്യം രാജീവേട്ടനോട് നേരിട്ട് പറയാൻ വേണ്ടിയാണ് രാവിലെ മുതൽ കാത്തിരുന്നതും വന്നപ്പോൾ ആ മുന്നിലേക്ക് ഓടി ചെന്നതും പക്ഷെ …

ആ കാര്യങ്ങൾ ഓർത്തതും ഗോപികയുടെ കണ്ണുകൾ പിന്നെയും നിയന്ത്രണമില്ലാതെ ഒഴുകാൻ തുടങ്ങി ..

നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതെ തുടച്ചു നീക്കിയവൾ വേഗം അടുക്കള വശത്തേക്ക് നടന്നു

അടുക്കള പടിയിലിരുന്ന രാജീവിന്റെ അമ്മയുടെ കണ്ണുകൾ ഗോപികയുടെ മുഖത്തായിരുന്നു. നനവു പറ്റിയ ആ കൺപീലികളും നേർത്ത ചുവപ്പോടിയ അവളുടെ കണ്ണുകളും അവൾ പറയാതെ തന്നെ അവർക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു അമ്മയുടെ മുഖമൊന്ന് വലിഞ്ഞു മുറുകിയന്നേരം

“ഇന്നെന്താ വിശേഷം അമ്മേ ..?അത്താഴം കഴിക്കാനിരിക്കുമ്പോൾ തനിക്ക് മുമ്പിലെ ഗ്ലാസിൽ

പാൽപായസം കണ്ട രാജീവ് അമ്മയോട് തിരക്കിയെങ്കിലും അമ്മ അവന്റെയാ ചോദ്യം കേട്ടതായ് നടിച്ചില്ല

ആ കണ്ണുകളപ്പോഴും തനിയ്ക്ക് അരികിലായ് കുനിഞ്ഞ് ഭക്ഷണം കഴിക്കുന്നവളിലായിരുന്നു .

രാജീവും അറിയാതെ എന്നവണ്ണം ഇടയ്ക്കിടക്ക് ഗോപികയെ നോക്കിയെങ്കിലും അവളൊരിക്കൽ പോലും മുഖമുയർത്തി അവനെ നോക്കിയില്ല ,വൈകുന്നേരം അവളോട് ദേഷ്യപ്പെട്ടതിനു ശേഷം ഇതുവരെ അവൾ അവനുമുമ്പിലേക്ക് ചെന്നിട്ടില്ല, സാധാരണ വഴക്ക് പറഞ്ഞാലും എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ട് പിന്നാലെ വരുന്നവളുടെ ഈ നിശബ്ദത അവനെ ഉലയ്ക്കുന്നുണ്ടായിരുന്നു

നേർത്തൊരു നൊമ്പരം തന്നിൽ ഉടലെടുക്കുന്നത് തിരിച്ചറിഞ്ഞെങ്കിലും രാത്രി ബെഡ് റൂമിൽ വെച്ച് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നവൻ കരുതി

ഉറക്കം കണ്ണുകളെ തഴുകുമ്പോഴും രാജീവ് ഉറങ്ങാതെ ഗോപികയെ കാത്തിരുന്നെങ്കിലും അവൾ അവനരികിലേക്ക് വന്നതേയില്ല ,ക്ലോക്കിൽ മണി പതിനൊന്നടിച്ചതും രാജീവ് മെല്ലെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി

അമ്മയും അനിയത്തിയുമെല്ലാം ഉറങ്ങിയിരിക്കുന്നു ,ലൈറ്റുകളും ഓഫാണ്, ഇവളിതെവിടെ പോയ് ..?

രാജീവൊരു നിമിഷം ഏതോ ഓർമ്മയിൽ പതറിയെങ്കിലും വേഗം തന്നെ വീടിനുള്ളിലാകെ ഒന്ന് പരതി

നോക്കുന്നിടത്തൊന്നും ഗോപിക ഇല്ലാ എന്നറിഞ്ഞതും അവന്റെ ശരീരത്തിലൂടൊരു മിന്നൽ പാഞ്ഞു പോയ്

അമ്മയോട് വിവരം പറയാനായ് ആ മുറിയുടെ വാതിൽ തുറന്നതും നേർത്ത ബെഡ് ലാബിന്റെ വെളിച്ചത്തിൽ കണ്ടു അമ്മയോടൊപ്പം അമ്മയുടെ നെഞ്ചോരം ചേർന്നു കിടന്നുറങ്ങുന്ന ഗോപികയെ

അത്ര നേരം അനുഭവിച്ച നെഞ്ചിലെ ഭാരം നേർത്ത് ഇല്ലാതാവുന്നത് രാജീവ് തിരിച്ചറിഞ്ഞെങ്കിലും അവന്റെ മിഴികൾ എന്തിനെന്നറിയാതെ അന്നേരം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

രണ്ടു കൈ കൊണ്ടും പൊതിഞ്ഞമ്മ അവളെ തന്നോട് ചേർത്ത് പിടിച്ചിരിക്കുന്നത് ഒരു നിമിഷം നോക്കി നിന്നതിന് ശേഷം വാതിൽ ചാരി രാജീവ് മുറി വിട്ടെറങ്ങിയതും കണ്ണടച്ചു കിടന്നിരുന്ന അമ്മ കൺ തുറന്നു ..

തനിച്ച് മുറിയിലെ ബെഡ്ഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും രാജീവിനുറങ്ങാൻ കഴിഞ്ഞില്ല

എന്നും നെഞ്ചോരം ചേർന്നു കിടക്കുന്നവളില്ലാത്ത ശൂന്യത അവനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു ..

കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവളുറങ്ങി കഴിഞ്ഞതിനു ശേഷമാണ് മുറിയിൽ വന്നിരുന്നതെങ്കിലും പുലരുവോളം അവളെ നെഞ്ചോടു ചേർത്തു പിടിച്ചു തന്നെയാണ് കിടന്നിരുന്നത്

ഇന്ന് താൻ പറഞ്ഞത് അല്പം കൂടി പോയെന്നും അതവൾക്ക് നല്ലവണ്ണം വിഷമം ആയെന്നും ഓർത്തവൻ നീറി

ക്ഷമിക്ക് പെണ്ണെ… എനിയ്ക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല കുറച്ചു ദിവസങ്ങളായിട്ട് ,അതിലേക്ക് നിന്നെ കൂടി കൊണ്ടുവന്നു കൂടുതൽ വിഷമിപ്പിക്കാൻ തോന്നീലെ ടീ ,ക്ഷമിക്ക് നീ …

അവന്റെ ഉള്ളം അവളോട് പറഞ്ഞു കൊണ്ടേ ഇരുന്നു

രാവിലെ പതിവിലും വൈകിയാണ് രാജീവ് ഉണർന്നത് ,ഓഫീസിൽ പോവാനുള്ള ധൃതിയോടെ പെട്ടന്നൊരുങ്ങിയവൻ മുറിയ്ക്ക് പുറത്തേക്കിറങ്ങി അമ്മയേയും ഗോപികയേയും അവിടെയാകെ തിരഞ്ഞെങ്കിലും വീട്ടിനുള്ളിൽ അവരില്ലായിരുന്നു ,അവനൊരു നിമിഷം നിശ്ചലനായ് നിന്നെങ്കിലും പെട്ടന്നു തന്നെ അനിയത്തിയുടെ മുറിയിലേക്ക് നടന്നു

”രമ്യാ.. രമ്യാ…അവന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന രമ്യ എന്തെന്ന ഭാവത്തിലവന്റെ മുഖത്തേക്ക് നോക്കി നിന്നതും അവനൊന്ന് പതറി..

“അമ്മയും ഗോപികയും എവിടെ രമ്യാ… അവൻ തിരക്കി”അമ്മ ഏടത്തിയമ്മയെ അവരുടെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ പോയ് …

അവൾ കൂസലേതുമില്ലാതെ അവന്റെ മുഖത്തു നോക്കി പറഞ്ഞതും അവൻ പരിഭ്രമിച്ചവളെ നോക്കി

“വീട്ടിൽ കൊണ്ടു വിടുകയോ എന്തിന്..? എന്നോടവളൊന്നും പറഞ്ഞില്ലല്ലോ …?

“അതെങ്ങനെയാ ഏട്ടാ.. ഏട്ടനോട് പറയുക, ഏടത്തിയമ്മ മിണ്ടുന്നതു പോലും ഏട്ടന് സമാധാനക്കേട് അല്ലേ..? സ്വൈര്യക്കേട് അല്ലേ..? പിന്നെ എങ്ങനെയാ പറയുക ..?

ആ പിന്നെ പോവുന്നതിനു മുമ്പൊരു കാര്യം കൂടി പറഞ്ഞു ഏടത്തിയമ്മ ,അവരെ പേടിച്ച് രാത്രി മുറിയിലേക്ക് വരാതെ ഇരിക്കണ്ട ഒഴിഞ്ഞു പോവാന്നെന്ന് ,സന്തോഷത്തോടെ ഇരുന്നാൽ മതീന്ന് …

രമ്യ കൂർത്ത മുള്ളുകൾ നെഞ്ചിൽ തറച്ചു കയറ്റും പോലെ ഓരോന്നായ് പറഞ്ഞതും രാജീവിന്റെ മിഴികൾ നിറഞ്ഞു

“ഇങ്ങനെ പറയാനും മാത്രം ഇവിടെ എന്താ മോളെ ഉണ്ടായത്..? ഞാനൊന്ന് ദേഷ്യപ്പെട്ടതിനാണോ നിങ്ങളെല്ലാം ഇങ്ങനെ .?

“അതറിയില്ല ഏട്ടാ.. ചിലപ്പോ ഏടത്തി അമ്മയ്ക്ക് തോന്നിക്കാണും ഏട്ടനിപ്പോ ഏടത്തിയമ്മയെ വേണ്ടായെന്ന് ..പ്രത്യേകിച്ച് ഏട്ടന്റെ പ്രിയപ്പെട്ട കാമുകി തിരികെ ഏട്ടന്റെ ഓഫീസിലേക്ക് തന്നെ തിരികെ വന്നതറിഞ്ഞതുമുതൽ ….

രമ്യ പറഞ്ഞു നിർത്തിയതും രാജീവ് ഞെട്ടിയവളെ നോക്കി

“മോളെ.. നീ.. നീ എന്തൊക്കെയാണീ പറയുന്നത് ,നീയങ്ങനെയാണോ ഏട്ടനെ മനസ്സിലാക്കിയിരിക്കുന്നത് ?

അവൻ വേദനയോടെ ചോദിച്ചു”ഞാൻ ഏട്ടനെ എങ്ങനെ മനസ്സിലാക്കി എന്നതല്ല ,ഏട്ടൻ ഏടത്തിയമ്മയെ എത്ര മനസ്സിലാക്കി എന്ന കാര്യത്തിൽ മാത്രമേ എനിയ്ക്കും അമ്മയ്ക്കും സംശയമുള്ളു

“കഴിഞ്ഞ ഒരാഴ്ചയായ് ഏട്ടനീ വീട്ടിലും ഏടത്തിയമ്മയുടെ അടുത്തും കാണിച്ചുകൂട്ടുന്നതിനെല്ലാം തന്നെ ഒരൊറ്റ ഉത്തരമേ ഉള്ളു ‘വേണി’ .. ഏട്ടന്റെ പഴയ ഇഷ്ട്ടക്കാരി…

“മോളെ.. നീ.. നീ ഇതെങ്ങനെ ..?

“ഞാൻ മാത്രമൊന്നും അല്ല അമ്മയ്ക്കും ഏടത്തിയമ്മയ്ക്കും എല്ലാം അറിയാം ..

”അവൾ തിരികെ ഏട്ടന്റെ ഓഫീസിൽ എത്തിയ കാര്യം, അവൾ തന്നെ വിളിച്ചു പറഞ്ഞതാ ഇവിടേക്ക്..

“വേണി ഇങ്ങോട്ടു വിളിയ്ക്കുകയോ ..?”എന്തേ വിശ്വാസം വരുന്നില്ലേ ഏട്ടന്..?

സത്യം തന്നെയാണ് ,എന്തു ഉദ്ദേശം കൊണ്ടാണെങ്കിലും അവരാ കാര്യം ഇങ്ങോട്ടു വിളിച്ചു അമ്മയോട് പറഞ്ഞിരുന്നു, അമ്മ ഞങ്ങളോടും.. ഏട്ടന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷിയല്ലേ..

“നിങ്ങളാരും ആ കാര്യം എന്നോടു പറഞ്ഞില്ലല്ലോ രമ്യാ ..?

“എങ്ങനെ പറയും ഏട്ടാ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ഏട്ടനെങ്ങനെയാ ഇവിടെ ഉള്ളവരോട് പെരുമാറുന്നത്..? ഒന്നോർത്തു നോക്കൂ..? എന്തെങ്കിലുമൊന്ന് മിണ്ടാനൊരവസരം തന്നിരുന്നോ ..?

“മോളെ നീ പറഞ്ഞതു സത്യമാണ് അവൾ തിരികെ വന്നത് വീണ്ടും എനിയ്ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടു തന്നെയാണ് ,അതെന്തായാലും പരിഹരിക്കാൻ എനിയ്ക്ക് കഴിയും ,പക്ഷെ ഒരിക്കൽ എന്നെ വേണ്ടാന്നു വെച്ചു പോയവൾ വീണ്ടും എന്ന തേടി വന്നൂന്ന് അറിഞ്ഞാൽ ഗോപികയ്ക്ക് അതു സങ്കടാവില്ലേ എന്നോർത്താണ് ഞാൻ പേടിച്ചത്, നിനക്കറിയാലോ എന്റെ കാര്യത്തിൽ അവളുടെ സ്വഭാവം ..?

“ഏട്ടൻ എന്നു വെച്ചാൽ ജീവനാണ് ഏടത്തിയ്ക്ക്

പക്ഷെ മറ്റാരെക്കാളും വിശ്വാസവും ഏട്ടനെയാണ് ,പ്രണയിച്ചിരുന്ന കാലത്ത് ഏട്ടനിൽ കാണാത്ത പല കുറ്റങ്ങളും പിന്നീട് കണ്ടെത്തി ഏട്ടനെ ഉപേക്ഷിച്ചു പോയവൾക്ക് വേണ്ടിയാണോ ഏട്ടൻ ഏടത്തിയെ അവഗണിച്ചതും ദേഷ്യപ്പെട്ടതും ..കഷ്ട്ടം ഏട്ടാ …

“അങ്ങനെയല്ല മോളെ ,ഓഫീസിൽ വേണി ഉണ്ടെന്നറിഞ്ഞാൽ ഗോപികയ്ക്ക് അത് വിഷമം ആയാലോന്ന് കരുതി എനിയ്ക്ക് അത് അവളോട് പറയാൻ പറ്റിയില്ല, പിന്നെ അവളെ കാണുമ്പോൾ എന്തോ തെറ്റു ചെയ്യുന്ന പോലൊരു തോന്നലും എല്ലാം കൂടി ഇങ്ങനെയായ്പോയ്..

“ഇത്ര നിസ്സാരമായൊരു പ്രശ്നത്തിന്റെ പേരിൽ ഏട്ടൻ നഷ്ട്ടപ്പെടുത്തിയത് ഏട്ടന്റെ വലിയൊരു സന്തോഷമാണ് ..

“എനിയ്ക്ക് മനസ്സിലായില്ല മോളെ…

രാജീവ്പറഞ്ഞതും രമ്യ മേശപ്പുറത്തിരുന്ന കവറെടുത്ത് അവനു നൽകി പുറത്തേക്ക് ഇറങ്ങി പോയ്

കവറിനുള്ളിലെ രണ്ട് പിങ്ക് വരകളോടുകൂടിയ പ്രഗ്നൻസി കിറ്റു കണ്ടതും അവനൊരു നിമിഷം കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ എന്നവണ്ണം അതിലേക്ക് തന്നെ വീണ്ടും വീണ്ടും നോക്കി

ഈശ്വരാ തന്റെ ജീവൻ തന്റെ പെണ്ണിനുള്ളിൽ .. അതു പറയാനായ് തനിയ്ക്കരികിലേക്ക് ഓടി വന്നവളെയാണ് താനിന്നലെ വേദനിപ്പിച്ചത് എന്നോർത്തതും അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ആ കിറ്റും കയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങുമ്പോഴാണ് അമ്മയോടൊന്നിച്ച് വീടിന്റെ പടി കടന്നു വരുന്ന ഗോപികയെ അവൻ കണ്ടത്

അവരുടെ വേഷവും കയ്യിലെ ഇല ചീന്തും കണ്ടപ്പോൾ മനസ്സിലായ് ക്ഷേത്രത്തിൽ പോയുള്ള വരവാണെന്ന്..

മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ അവരെ നോക്കിയവൻ നിന്നപ്പോൾ അല്പനേരം അവനെ പേടിപ്പിച്ച സന്തോഷത്തിൽ രമ്യ അവനെയൊന്ന് നോക്കി

“ഗോപികേ.. മോളെ രാജീവേട്ടനോട് ക്ഷമിക്കെ ടീന്ന് …പറഞ്ഞ് രാജീവ് ഗോപികയ്ക്ക് അരികിലേക്ക് നീങ്ങിയതും രാജീവിന്റെ അമ്മയുടെ കയ്യൊന്ന് അവനു നേരെ ഉയർന്നു താഴ്ന്നു

പ്ടോ …

“അമ്മേ ഞാൻ … അടി കിട്ടിയ കവിളിൽ കൈവെച്ച് അവനെന്തോ പറയാനായ് വാ തുറന്നു

“മിണ്ടരുത് രാജീവാ നീ… അവള് നിന്നോടു ക്ഷമിക്കില്ല .. നിസ്സാരമായ് പറഞ്ഞു തീർക്കാവുന്ന പ്രശ്നത്തിന്റെ പേരിൽ നീ പറഞ്ഞ ഓരോ വാക്കും പതിച്ചതവളുടെ നെഞ്ചിലാണ് ,അതു മായ്ക്കാൻ നീ കുറെ ബുദ്ധിമുട്ടും ..

അമ്മ പറഞ്ഞു കൊണ്ടകത്തേക്ക് നടന്നതും രാജീവ് ഒട്ടും മടിക്കാതെ ഗോപികയുടെ കാൽചുവട്ടിലേക്ക് ഇരുന്നു

മാപ്പെന്ന വാക്ക് അവളോട് പറയുന്നതിനൊപ്പം തന്നെ അവന്റെ കണ്ണുനീർ തുള്ളികൾ അവളുടെ കാലിൽ വീണു ചിതറുന്നുണ്ടായിരുന്നു ..

ഒരു നേർത്ത തേങ്ങലോടെ അവനരികിലേക്ക് മുട്ടുകുത്തിയിരുന്ന് ആ നെഞ്ചോരം ഗോപിക ചേരുമ്പോൾ രാജീവ് തിരിച്ചറിയുന്നുണ്ടായിരുന്നു പരസ്പരം തുറന്നു പറഞ്ഞാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മനസ്സിലിട്ട് നീറ്റി എത്ര പെട്ടന്നാണ് ഓരോ ബന്ധങ്ങളിലും നമ്മൾ വിള്ളൽ തീർക്കുന്നതെന്ന് ..,, തന്റെ തെറ്റ് തിരിച്ചറിഞ്ഞവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു, ഇനിയൊരിക്കലും വേദനിപ്പിക്കില്ലായെന്ന ഉറപ്പോടെ

Leave a Reply

Your email address will not be published. Required fields are marked *