(രചന: ക്വീൻ)
“” രാജി ഈ മാസം നിനക്ക് പീരിയഡ്സ് വന്നില്ലേ?? “”രണ്ടുദിവസമായിരുന്നു അവളുടെ അസ്വസ്ഥതകൾ കാണാൻ തുടങ്ങിയിട്ട് രാവിലെ പല്ലു തേക്കുമ്പോൾ പോയി ഛർദ്ദിക്കുന്നത് കാണാം പിന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ…
ആദ്യം ഒന്നും ഉണ്ടാവില്ല എന്ന് കരുതി പക്ഷേ പിന്നീട് ആണ് അവളെ ശ്രദ്ധിക്കുന്നത് ഈ മാസം അവൾ പുറത്തായിട്ടും ഇല്ല..
കൃത്യമായി അറിയാൻ കാരണം ഇവിടെ അങ്ങനെയുള്ള സമയങ്ങളിൽ തൊടാതെ ഇരിക്കുന്ന പതിവുണ്ട് ഇത്തവണ അവളുടെ ഡേറ്റ് കഴിഞ്ഞ് ഒരു മാസം ആയിരിക്കുന്നു.
ഞാൻ ചോദിച്ചതും കണ്ണുകൾ നിറച്ച് അവൾ എന്റെ മുന്നിൽനിന്നു!!
അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്!!
ഞാൻ അവളെ തന്നെ നോക്കി ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് ഓടി എനിക്ക് കയ്യും കാലും തളരുന്നത് പോലെ തോന്നി..
എന്റെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു.. ഇതുവരെക്കും കുട്ടികൾ ആയില്ല പലരും ഒളിഞ്ഞും തെളിഞ്ഞും എല്ലാം പറയാൻ തുടങ്ങിയിരുന്നു ഒരു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ആവാത്തത് എന്തുകൊണ്ടാണെന്ന്.
പക്ഷേ അതിനൊന്നും കൂടുതൽ ശ്രദ്ധ കൊടുത്തില്ല തരാനുള്ള സമയമാകുമ്പോൾ ദൈവം തരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. എന്നുപറഞ്ഞ് ആ പറഞ്ഞവരുടെ വാക്കുകൾ എല്ലാം കേട്ടില്ല എന്ന് നടിച്ചു…
എന്റെ വീട്ടിൽ നാലു പെൺകുട്ടികൾ ആയിരുന്നു, ഏറ്റവും മൂത്തത് ഞാനും… എന്റെ വിവാഹം കഴിഞ്ഞതോടുകൂടി അച്ഛന് പകുതി സമാധാനമായിരുന്നു.
കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് അവിടുത്തെ ചിലവുകൾ എത്തിപ്പോകുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് എന്റെ താഴെയുള്ള അനിയത്തിയെ ഇവിടെ കൊണ്ടുവന്ന് പഠിപ്പിക്കാം എന്ന് ഞാൻ കരുതിയത്..
അവിടെ ചേട്ടനും വയ്യാത്ത അമ്മയും മാത്രമേ ഉള്ളൂ… അമ്മ ഞാൻ കല്യാണം കഴിഞ്ഞ് വരുമ്പോൾ തന്നെ കിടപ്പിലായിരുന്നു.
ചേട്ടൻ ലോറി ഡ്രൈവർ ആണ് ഒരു ട്രിപ്പ് പോയി കഴിഞ്ഞാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് തിരിച്ചു വരിക…. ആ സമയത്ത് അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുമായിരുന്നില്ല അതും കൂടി കണക്കിലെടുത്താണ് അനിയത്തിയെ ഞാൻ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്..
അവൾ ഡിഗ്രിക്ക് ചേർന്നിരുന്നു. പത്താം ക്ലാസോടെ പഠിപ്പ് നിർത്തിയ എനിക്ക് അവരെയെല്ലാം പഠിപ്പിക്കാൻ നല്ല താല്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് കല്യാണം കഴിയുന്നതിനുമുമ്പ് തയ്യലും മറ്റും ചെയ്ത് എന്നെക്കൊണ്ടാവുന്നത് ഞാൻ അച്ഛനെ സഹായിച്ചു..
കല്യാണം കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് പോന്നപ്പോൾ അച്ഛന് ആ സഹായവും നഷ്ടപ്പെട്ടു പോരാത്തതിന് എന്റെ കല്യാണത്തിന് എടുത്ത കടവും…
ആകെക്കൂടി മുങ്ങും എന്ന അവസ്ഥയായപ്പോഴാണ് അവളെ ഞാൻ പഠിപ്പിച്ചോളാം എന്നും പറഞ്ഞ് രാജിയെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്.
ഇവിടെ നിന്ന് അവളുടെ കോളേജിലേക്ക് പോകാനും എളുപ്പമായിരുന്നു ഇവിടെ ഒരു തയ്യൽ മെഷീൻ ചേട്ടൻ വാങ്ങി തന്നതുകൊണ്ട് ഇവിടെയിരുന്ന് തയ്ക്കാനും കഴിയും.. അത്യാവശ്യം പണം അങ്ങനെയും കിട്ടും ചേട്ടനും വരുമ്പോൾ എന്റെ കയ്യിൽ പണം തരും..
അങ്ങനെയിരിക്കുമ്പോഴാണ് രാജിയിൽ ചില മാറ്റങ്ങൾ ഞാൻ കാണുന്നത് കോളേജിൽ പഠിക്കുന്ന വല്ലവരും ആകും ഉത്തരവാദി എന്നാണ് കരുതിയത് അവളെ വിളിച്ചു ചോദിച്ചപ്പോഴാണ് അറിഞ്ഞത്,
എന്റെ അനിയത്തിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ എന്റെ സ്വന്തം ഭർത്താവാണ് എന്ന്!!!
പനിപിടിച്ചു കിടന്നു പോയ ദിവസങ്ങളിൽ ചേട്ടന് ചോറ് വിളമ്പി കൊടുക്കാൻ അവളോട് പറയുമായിരുന്നു.. അത് ഇത്രത്തോളം എത്തി എന്ന് ഞാനും അറിഞ്ഞില്ല… എന്റെ അനിയത്തിയെ അതേപോലെ കാണും എന്നാണ് കരുതിയത്..
എല്ലാവരെയും അന്ധമായി വിശ്വസിച്ച ഒരു വിഡ്ഢിയായി തീർന്നു ഞാൻ..
ഞാനാകെ തകർന്നുപോയി ഒരു സഹായം എന്ന് കരുതി ചെയ്തത് എന്റെ ജീവിതം പോലും തകർക്കാൻ കാരണമായി.
ഞാൻ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം പറഞ്ഞു എന്റെ ഭർത്താവിനെ വിളിച്ചു ചോദിച്ചു ഒരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞ് അയാൾ അയാളുടെ ഭാഗം ന്യായീകരിച്ചു.
അച്ഛൻ എന്നെ നോക്കി ആ പാവത്തിന് ഇനിയെന്തു വേണം എന്ന് അറിയില്ലായിരുന്നു ഒടുവിൽ ഞാൻ തന്നെയാണ് എന്റെ കഴുത്തിലെ താലി അഴിച്ച് അവളുടെ കയ്യിൽ കൊടുത്തത്.
” കല്യാണം കഴിഞ്ഞ് കുറെ നാളായിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതുകൊണ്ട് പുറമേക്ക് എത്ര കുഴപ്പമില്ല എന്ന് അഭിനയിച്ചിരുന്നെങ്കിലും എന്റെ ഉള്ളിന്റെയുള്ളിൽ ഒരു സങ്കടം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു അത് നന്നായി എന്ന് ദൈവമായിട്ടാണ് അങ്ങനെ ഒരു ഭാഗ്യം എനിക്ക് തരാതിരുന്നത് എങ്കിൽ ഇപ്പോൾ ഞാൻ ഈ ചെയ്യുന്ന പ്രവർത്തി ചെയ്യാൻ ഒന്നുകൂടി മടിച്ചു നിന്നേനെ ഇതിപ്പോൾ എനിക്ക് യാതൊരുവിധ പ്രശ്നവും ഇല്ല… എന്നെ വിഡ്ഢിയാക്കി ഇത്രത്തോളം എത്തിച്ച നിങ്ങൾ തന്നെ ഒരുമിച്ച് ജീവിക്കൂ!!””
അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് പടിയിറങ്ങി മേലിൽ വീട്ടിലേക്ക് വരരുത് എന്നും, ഇനി ഇങ്ങനെ ഒരു മകൾ ഇല്ല എന്നും അവളോട് തറപ്പിച്ചു പറഞ്ഞ് അച്ഛനും എന്റെ കൂടെ ഇറങ്ങി..
അച്ഛന് എന്റെ മുഖത്തേക്ക് നോക്കാൻ തന്നെ വിഷമമായിരുന്നു അച്ഛന് ഒരു സഹായം എന്ന നിലയിലാണ് രാജിയെ ഞാൻ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് എന്നിട്ടോ ഉണ്ടായത് എന്റെ ജീവിതം തകർന്നതും.
പാവം അതിന് അച്ഛൻ എന്ത് പിഴച്ചു ഞാൻ അച്ഛനെ ചേർത്ത് പിടിച്ചു..
“”” എനിക്കറിയാം കുടുംബത്തിനുവേണ്ടി അച്ഛൻ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന്..
വിവാഹം കഴിഞ്ഞ് വന്നതോടുകൂടി എനിക്ക് അച്ഛനെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടമായിരുന്നു ഇനിയിപ്പോൾ ആ സങ്കടം വേണ്ടല്ലോ!!””
എന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നെ ചേർത്തുപിടിച്ച് കരഞ്ഞു..
അതിൽ അച്ഛന്റെ അനുഗ്രഹം ഉണ്ട് അതുമതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ.. ഒരാണിന്റെ തുണ വേണം പെണ്ണിന് ജീവിക്കാൻ എന്ന് ഒരു പ്രത്യയശാസ്ത്രത്തിലും പറഞ്ഞിട്ടില്ല!!
ഞാൻ ജീവിച്ചു ഒരു കൈത്തൊഴിൽ അറിയാവുന്നതുകൊണ്ട് സ്വന്തം കാലിൽ നിന്ന് തന്നെ…
പക്ഷേ ഇതുവരെ ഉള്ളതുമാതിരി ആയിരുന്നില്ല.. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്ന സ്വഭാവം അതോടുകൂടി ഞാൻ നിർത്തി എന്റെ അനിയത്തിമാരെ പഠിക്കുന്നതിൽ എന്നെ കൊണ്ടാവും പോലെ സഹായിച്ചു…
അവർക്ക് എല്ലാം അറിയാം അതുകൊണ്ടുതന്നെ ഒരിക്കലും അവരുടെ കൊച്ചേച്ചിയെ പോലെ എന്നെ ചതിക്കാൻ ശ്രമിച്ചില്ല.. ഒരു വഴിയിലൂടെയും..
അവർ തമ്മിൽ എന്നും പ്രശ്നമാണ് എന്ന് ആരോ വന്ന് പറഞ്ഞു സ്വന്തം ചേച്ചിയുടെ കൂടെ താമസിക്കാൻ ചെന്നിട്ട് ചേച്ചിയുടെ ഭർത്താവിന് മുറിയുടെ കതക് തുറന്നു കൊടുത്ത അവളെ അയാൾക്ക് സംശയമാണത്രേ അതേപോലെ ഇനിയും ആണുങ്ങളെ വിളിച്ചു കേറ്റും എന്ന്.
അതുകൊണ്ടുതന്നെ അവിടെ എന്നും കള്ളുകുടിച്ച് പ്രശ്നങ്ങളാണ് എന്ന് അവൾ അമ്മയെ നോക്കാറില്ല അതുകൊണ്ടുതന്നെ ഞാൻ പോന്നതിനു ശേഷം അമ്മ അധികകാലം കിടന്നില്ല അതിന്റെ പേരിലും അവളെ അയാൾ കുറ്റപ്പെടുത്തിയിരുന്നു എന്ന്..
അച്ഛനും ഇതെല്ലാം കേട്ടു അത് തന്റെ മകളല്ല അവളുടെ കാര്യങ്ങൾ ഒന്നും ഇനി എന്നോട് പറയേണ്ട എന്നായിരുന്നു അച്ഛൻ പറഞ്ഞത്!!”
എനിക്കും അതുതന്നെയായിരുന്നു പറയാനുള്ളത് അത് ജീവിതത്തിൽ നിന്ന് മുറിച്ചുമാറ്റിയ ഒരു അധ്യായമാണ് ഇനിയും തുറക്കാൻ താല്പര്യമില്ല..