അതിനെ ഊറ്റി എടുത്താണ് അവര് കഴിയുന്നത് ” രമണി പറഞ്ഞത് കേട്ട് കുമാരൻ അന്തം

രചന : ശ്രീ

 

ഭാമ

 

നേരം സന്ധ്യ മയങ്ങി ഇരുൾ വീണു തുടങ്ങിയിരുന്നു. നാട്ടുവഴിയിലൂടെ ഭാമ വേഗത്തിൽ നടന്നു.

 

” അത് നമ്മുടെ മരിച്ചു പോയ മേലേടത്തെ ഗോപാലേട്ടന്റെ മകൾ ഭാമയല്ലേ.? ഈ കുട്ടി ഇതെവിടുന്നാ ഇത്രേം വൈകി പോകുന്നത്?? ”

 

ചായക്കടയിലിരുന്നു ചായ കുടിക്കുന്നതിനിടയിൽ കുമാരൻ ചായക്കടക്കാരൻ ദേവസി ചേട്ടനോട് ചോദിച്ചു.. നീണ്ട പ്രവാസത്തിനു വിരാമമിട്ട് ഗൾഫിൽ നിന്ന് വന്നതാണ് കുമാരൻ.

 

” ഓ.. ഒന്നും പറയണ്ട എന്റെ കുമാരാ.. ആ കുട്ടിയുടെ ഒരു കഷ്ടപ്പാട്.. ഗോപാലേട്ടൻ മരിച്ചപ്പോ തുടങ്ങിയ ഓട്ടമല്ലേ അവള്.. രാവിലെ നമ്മുടെ വക്കീൽ പിള്ള സാറിന്റെ വീട്ടിലെ വീടുപണി.. അത് കഴിഞ്ഞാൽ ടൗണിലെ തുണിക്കടയിൽ സെയിൽസ് ഗേൾ.. പിന്നെ അത് കഴിഞ്ഞു പിന്നെയും വക്കീലിന്റെ വീട്ടിൽ പണി.. അതിനാകെ ഓട്ടം തന്നെ.. രണ്ടറ്റവും മുട്ടിക്കണ്ടേ? ”

 

ദേവസി ചേട്ടൻ അലിവോടെ പറഞ്ഞു.. ” ഈശ്വര.. എന്റെ അനിയന്റെ മോളുടെ കൂടെ പഠിച്ചതാണല്ലോ.. നന്നായി പഠിക്കുന്ന മോളായിരുന്നില്ലേ.? ”

 

” പിന്നെ.. പക്ഷേ എന്ത് ചെയ്യാനാ.. ഡിഗ്രിയ്ക്ക് ചേർന്നപ്പോൾ അല്ലെ ഗോപാലേട്ടൻ പോയത്.. പിന്നെ ഇക്കുട്ടി പഠിത്തം നിർത്തി പണിയ്ക്കിറങ്ങി.. താഴെയുള്ള കുട്ടി പഠിക്കുന്നുണ്ട്.. ”

 

കുമാരൻ ദീർഘമായി നിശ്വസിച്ചു.. അനിയന്റെ മകളിപ്പോ പി ജി പഠിക്കുകയാണ്. അവളുടെ കല്യാണവും നിശ്ചയിച്ചതാണ്. അതേ പ്രായമുള്ള ഒരു പെൺകുട്ടിയല്ലേ ഇത്.. അതും ഗോപാലേട്ടന്റെ മകൾ..

 

ഗോപാലേട്ടനെ ഓർത്തപ്പോൾ കുമാരന്റെ കണ്ണ് നിറഞ്ഞു. പണ്ടൊരുപാട് സഹായിച്ച ഒരു പാവം മനുഷ്യൻ ആണ്. കുമാരൻ എന്തോ ഉറപ്പിച്ചു അവിടെ നിന്നെണീറ്റു.

 

വീട്ടിലെത്തിയതും കുമാരൻ വീടിന്റെ തിണ്ണയിലേയ്ക്ക് ഇരുന്നു. മനസ്സ് മുഴുവനും ഗോപാലേട്ടന്റെ മകൾ ദൃതി പിടിച്ചോടുന്ന കാഴ്ചയാണ്.

 

” അല്ലാ.. നിങ്ങളെന്താ ഇങ്ങനെ കിടക്കുന്നത്? ” അയാളുടെ ഭാര്യ രമണി അടുത്തു ചെന്നിരുന്നു..

 

” ഒന്നുമില്ലെടി.. ഞാനിന്നു ചായ കുടിച്ചോണ്ടിരിക്കുമ്പോ നമ്മുടെ ഗോപാലേട്ടന്റെ മകളെ കണ്ടു.. മേലേടത്തെ അതോർത്തു ഇരുന്നതാ ”

 

” ഹാ.. നമ്മടെ ഭാമയല്ലേ.. പാവം കുട്ടി.. അതിന്റെ ഒരു ദുരിതം വേറെ ആർക്കും കാണില്ല.. ”

 

രമണി പറഞ്ഞപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല.. ” അതിനു കുറച്ചൊക്കെ അവളുടെ ഭാഗത്തും കുറ്റമുണ്ട്.. ഇന്നത്തെ കാലത്തെ മനുഷ്യന്മാർ ഇത്ര സാധുക്കളായി പോകരുത്.. കുറച്ചൊക്കെ സാമർഥ്യം വേണം ”

 

രമണി പറഞ്ഞപ്പോൾ അയാൾ അവരേ തറപ്പിച്ചു നോക്കി.” അതെന്താടീ നീ അങ്ങനെ പറഞ്ഞത്? ”

 

” അതോ.. ആ ഗോപാലേട്ടന്റെ ചെറിയ പെണ്ണ് കോളേജിൽ പോകുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്? ഇങ്ങനെ ദുരിതം പിടിച്ച ഒരു വീട്ടിലെ ആണെന്ന് കണ്ടാൽ പറയില്ല.. ആ ഗോപാലേട്ടന്റെ ഭാര്യയോ..

 

അയൽക്കൂട്ടത്തിൽ വരുന്ന ബിന്ദുവിന്റെ കയ്യീന്ന് മാക്സിയും ടോപ്പും ഒക്കെ വാങ്ങുന്നത് കാണണം.. ഈ കുട്ടി മാത്രം കുറേ നരച്ചതും പിന്നീയതും.. അതിനെ ഊറ്റി എടുത്താണ് അവര് കഴിയുന്നത് ”

 

രമണി പറഞ്ഞത് കേട്ട് കുമാരൻ അന്തം വിട്ടു. ” അങ്ങനെ ഒന്നും ആവില്ലെടി.. അതിപ്പോ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടെന്ന് വെച്ച് ”

 

” അത് മാത്രമല്ല മനുഷ്യാ ” രമണി ഒന്ന് അടുത്തേക്ക് നീങ്ങി ഇരുന്നു.. ” നമ്മുടെ ശാന്ത ചേച്ചി ഇല്ലേ.. തൊട്ടിലകത്തെ… അവര് ഈ കുട്ടിയ്ക്ക് നല്ലൊരു ആലോചന കൊണ്ടു വന്നതാ.. അവര് ഒന്നും വേണ്ട. പെണ്ണിനെ മതി എന്നും പറഞ്ഞു വന്നതാ..

 

ഒന്നാലോചിക്കാൻ പോലും ആ തള്ള സമ്മതിച്ചില്ല.. അവരുടെ വരുമാനം നിൽക്കും പോലും.. ഇനി താഴെയുള്ള പെണ്ണിന്റെ പഠിപ്പ് കഴിഞ്ഞു അവളെ കെട്ടിച്ചിട്ടേ ഇതിനെ കെട്ടിക്കൂ എന്നാ പറഞ്ഞത്.. അപ്പോളേക്കും ഇതിന്റെ നല്ല പ്രായം കഴിഞ്ഞുപോയി ആരും കെട്ടാൻ വന്നില്ലേൽ അവർക്ക് ലാഭായല്ലോ ”

 

ഭാര്യ പറഞ്ഞത് കേട്ട് കുമാരൻ അന്തം വിട്ടിരുന്നു. അങ്ങനെ ഒക്കെ ചിന്തിക്കുന്ന അമ്മമാർ ഉണ്ടാകുമോ.. അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

” എന്റെ മോൻ എങ്ങാനും അവളെ കെട്ടിയാൽ ഞാനീ വീട്ടിൽ കൊണ്ടുവന്നു പൊന്നുപോലെ നോക്കും അതിനെ.. എനിക്ക് അത്ര ഇഷ്ടമാ അതിനെ ”

 

രമണി അതും പറഞ്ഞുകൊണ്ട് അയാളെ ഒന്ന് നോക്കി എഴുന്നേറ്റ് പോയി. കുമാരൻ പിന്നെയും ഓരോന്ന് ചിന്തിച്ചിരിക്കുമ്പോളാണ് മകൻ മനോജ്‌ കയറി വന്നത്. അവൻ സഹകരണ ബാങ്കിൽ ക്ലർക്ക് ആണ്

 

” ടാ മനൂ.. നിനക്ക് വല്ല പ്രേമവും ഉണ്ടോ? ” ” ഇതെന്താ അച്ഛാ ഇങ്ങനെയൊരു ചോദ്യം ഇപ്പൊ.. ”

 

പെട്ടെന്നുള്ള അച്ഛന്റെ ചോദ്യത്തിൽ മനു ചൂളിപ്പോയി ” നീ പറ.. ഞാൻ കാര്യമായിട്ടാ.. നിനക്ക് വല്ല പ്രേമമോ ഇഷ്ടമോ ഒക്കെ ഉണ്ടോ? ”

 

” ഇല്ല ” നീ കല്യണം കഴിക്കാൻ പോകുന്ന പെണ്ണിന് ഇത്ര പഠിപ്പ് വേണം.. സൗന്ദര്യം വേണം ജോലി വേണം എന്നൊക്കെ കണ്ടിഷൻ ഉണ്ടോ.? ”

 

” ഓഹ്.. ഒന്നുമില്ല.. അമ്മയും അച്ഛനുമായി ഒത്തുപോയാൽ മതി.. കല്യാണം കഴിഞ്ഞാലും സ്വസ്ഥത ഉണ്ടായാൽ മതി.. ”

 

മനോജ്‌ അതും പറഞ്ഞു അകത്തേയ്ക്ക് പോയപ്പോൾ കുമാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

 

” അല്ലാ ഇതാര് കുമാരനോ? വാ വാ.. നീ ഗൾഫിൽ നിന്ന് നിർത്തി പോന്നു എന്നാ കാര്യമൊക്കെ അറിഞ്ഞു.”

 

ഗോപാലന്റെ ഭാര്യ വിലാസിനി കുമാരനെ സ്വീകരിച്ചിരുത്തി. അല്പസമയത്തെ കുശലന്വേഷണങ്ങൾ കഴിഞ്ഞതിനു ശേഷം കുമാരൻ കാര്യത്തിലേയ്ക്ക് കടന്നു.

 

” അല്ല വിലാസിനി ചേച്ചീ.. എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” ” പറയ് കുമാരാ ”

 

” ചേച്ചിയ്ക്ക് അറിയുമായിരിക്കും.. എന്റെ മോൻ മനോജിനെ.. അവൻ ഇപ്പോ ഇവിടെ സഹകരണ ബാങ്കിൽ ക്ലർക്ക് ആണ്. ഞങ്ങൾക്കിപ്പോ വേറെ ബാധ്യതകൾ ഒന്നുമില്ല. ഞങ്ങൾക്ക് ഭാമയെ മനുവിന് വേണ്ടി ആലോചിക്കണം എന്നുണ്ട്.. ”

 

കുമാരൻ പറഞ്ഞത് കേട്ടപ്പോൾ വിലാസിനിയുടെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞുപോയി.

 

” ഓഹ് അതുശരി.. എന്താ കുമാരാ.. നീ ഗൾഫിൽ പോയി കുറച്ചു പൈസ ഉണ്ടാക്കിയപ്പോളേക്കും മേലെടത്തു വന്നു പെണ്ണ് ചോദിക്കാനായി അല്ലെ.? ”

 

അയ്യോ ചേച്ചീ. അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.. ഭാമമോളെ ഇഷ്ടമായത് കൊണ്ടാണ് ”

 

” പിന്നെ.. എന്റെ ഗോപാലേട്ടൻ ഉണ്ടായിരുന്നെങ്കിൽ നീ ഈ കാര്യം പറഞ്ഞ് ഇവിടെ വരാൻ ധൈര്യപ്പെടുമോ? ശരി.. നീയിപ്പോ ചെല്ല് ”

 

അപമാനിതനായി കുമാരൻ അവിടെ നിന്ന് പടിയിറങ്ങി. അവിടെ നിന്നിറങ്ങി മുന്നോട്ട് കുറച്ചു നടന്നപ്പോളാണ് തന്റെ കുട അവിടെ വെച്ച് മറന്ന കാര്യം അയാൾ ഓർത്തത്.

 

അയാൾ അതെടുക്കാനായി തിരികെ നടന്നു. ആരും കാണാതെ കുടയെടുത്തു പോകാമെന്നാണു കുമാരൻ ഓർത്തത്. എന്നാൽ അകത്തെ സംസാരം കേട്ടതും അയാൾ തറഞ്ഞു നിന്നു.

 

” കുമാരേട്ടന്റെ മകൻ നല്ല ചെക്കനാണ് അമ്മേ ” ” അറിയാം മോളേ.. അതല്ലേ അമ്മ അത് മുടക്കിയത്.. അത്ര നല്ല അവസ്ഥയിൽ പോയാലേ അവളു പിന്നെ പണിക്കൊന്നും പോവില്ല.. പിന്നെ നമ്മളെന്ത് ചെയ്യും.? അവളെ ഉടനെ ഒന്നും കെട്ടിച്ചാൽ ശരിയാവില്ല.. ”

 

” എന്നാലും ചേച്ചിയ്ക്ക് ഇനി വേറെ വല്ല ഇഷ്ടവും കാണുമോ? ” ” ഏയ്‌.. അതൊന്നും ഉണ്ടാവില്ല.. അങ്ങനെ ഒന്നും തോന്നാതിരിക്കാനല്ലേ ഏത് സമയവും അവളോട് ഈ ദാരിദ്ര്യം പാടുന്നത്.

 

ഇനി നിന്റെ പഠിത്തം കഴിഞ്ഞു നിനക്കൊരു നല്ല ചെക്കനെ നോക്കണം.. അത് കൂടി കഴിഞ്ഞാ കല്യാണം കഴിഞ്ഞാലും അവളുടെ ശമ്പളം ഒക്കെ ഇവിടെ തരാൻ മനസ്സുള്ള ആരേലും വന്നാൽ അവളെ കെട്ടിക്കുന്ന കാര്യം നോക്കാം ”

 

” അതൊക്കെ നടക്കുമോ അമ്മേ? ” ” പിന്നെ.. അതേ നടക്കൂ.. അല്ലാതെ എനിക്ക് ജോലിക്ക് പോകാൻ പറ്റുമോ? ”

 

അമ്മയും ഇളയ മകളും കൂടിയുള്ള സംസാരം കേട്ടപ്പോൾ കുമാരനു ദേഷ്യവും സങ്കടവും തോന്നി. അയാൾ അമർഷത്തോടെ ഇറങ്ങി നടന്നു.

 

വക്കീലിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടു നിൽക്കുമ്പോളാണ് കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്ന് വക്കീലിന്റെ ഭാര്യ വന്നു ഭാമയോട് പറഞ്ഞത്. അതാരാണ് എന്ന സംശയത്തോടെ അവൾ ചെന്നപ്പോൾ കണ്ടത് ഉമ്മറത്തിരിക്കുന്ന വക്കീലിനെയും ഒപ്പം കുമാരനെയും രമണിയെയും മനോജിനെയും ആണ്.

 

ഭാമ വക്കീലിനെയും ഭാര്യയെയും സംശയത്തോടെ നോക്കി. അവർക്ക്‌ രണ്ടുപേർക്കും ഭാമയെ ഒരു മകളോടെന്ന പോലെ ഇഷ്ടമായിരുന്നു.

 

” മോളേ ഭാമേ.. നിനക്കറിയുന്നുണ്ടാവും. ഇത് കുമാരൻ.. കുമാരന്റെ ഭാര്യ രമണി.. മകൻ മനോജ്‌.. ഇവൻ നമ്മുടെ കോ ഓപ്പറേറ്റീവ് ബാങ്കിൽ ക്ലർക്ക് ആണ്. ”

 

വക്കീൽ പറഞ്ഞപ്പോൾ ഭാമ സംശയത്തോടെ അറിയാമെന്നു തലയാട്ടി.

 

” പിന്നെ.. ഇത് നിന്റെ പെണ്ണ് കാണൽ ചടങ്ങ് ആണ് കേട്ടോ.. ഈ മനോജിന് നിന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്. ഇവർക്കും സമ്മതമാണ്. നിനക്ക് വിരോധം ഇല്ലെങ്കിൽ എത്രയും വേഗം ഞാൻ അത് നടത്തി തരും ”

 

ഭാമ ഷോക്കടിച്ച പോലെ ഞെട്ടിപ്പോയി. ” സാർ.. സാറെന്തൊക്കെയാ പറയുന്നേ.. എന്റെ കാര്യങ്ങളൊക്കെ സാറിനു അറിയില്ലേ.. ഭവ്യയുടെ പഠിത്തം.. കല്യാണം.. പിന്നെ അമ്മ.. ”

 

” മതി മോളേ.. നീയിത് ഒന്ന് കേൾക്ക് ” കുമാരൻ തന്റെ കയ്യിലെ ഫോൺ ഓണാക്കി.. അതിലൂടെ കേട്ട സ്വന്തം അമ്മയുടെ സ്വരം കേട്ടതും ഭാമ തളർന്നു ചുമരിലേയ്ക്ക് ചാഞ്ഞു. അവളുടെ കണ്ണുകൾ സജലങ്ങളായി. തന്റെ ഇത്രയും കാലത്തെ അധ്വാനം..

 

ജീവിതം ഒക്കെയും വെറുതെ ആയപോലെ അവൾക്ക് തോന്നി. അമ്മയും ഭവ്യയും സ്വാർത്ഥരാണ് എന്നറിയാമെങ്കിലും ഇത്ര അവൾ പ്രതീക്ഷിച്ചില്ല.

 

” ചെയ്തത് ശരിയാണോ എന്നൊന്നും അറിയില്ല. പക്ഷേ മോളിത് അറിയണം എന്ന് തോന്നി.. എന്റെ മോന്റെ മ

 

ഭാര്യയായിട്ടല്ല ഞാൻ വിളിക്കുന്നത്.. എന്റെ മോളായിട്ടാ. അത്ര കടപ്പാട് മോളുടെ അച്ഛനോട് എനിക്ക് ഉണ്ടെന്ന് കൂട്ടിക്കോ.. മോള് സമയമെടുത്തു ആലോചിച്ചു പറഞ്ഞാൽ മതി..

 

പക്ഷെ ഒന്നുണ്ട് മോളേ.. ഇവനെ നീ കെട്ടിയില്ലെങ്കിലും വേണ്ടില്ല.. പക്ഷേ മോളേ സ്നേഹിക്കാത്തവർക്ക് ഇനിയും ചവിട്ടി മെതിക്കാൻ നിന്നു കൊടുക്കരുത് ”

 

കുമാരൻ ഭാമയോട് അലിവോടെ പറഞ്ഞു. ഭാമ ഒന്നും പറയാതെ സർവ്വം തകർന്നവളെ പോലെ അകത്തേയ്ക്ക് പോയി. അത് കണ്ട അവർക്കെല്ലാവക്കും വേദന തോന്നി..

 

” ടാ മോനേ.. നീയൊന്ന് ചെന്നു അവളോട് സംസാരിക്കൂ ”

 

വക്കീൽ പറഞ്ഞപ്പോൾ മനോജ്‌ അവൾക്ക് പിന്നാലെ ചെന്നു. അവിടെ മുറിയിലെ ജനാലയുടെ അരികിൽ നിന്ന് കരയുന്ന ഭാമയുടെ അടുത്ത് മനോജ്‌ ചെന്നു. അവന്റെ സാമീപ്യം അറിഞ്ഞ അവൾ കണ്ണ് തുടച്ചു.

 

” അതേയ്.. ഭാമേ.. അച്ഛനും അമ്മയ്ക്കും ഈ ആലോചനയ്ക്ക് പിന്നിൽ ചിലപ്പോ കടപ്പാടും സഹതാപവും ഒക്കെ കാണും. എനിക്ക് പക്ഷേ അങ്ങനെ അല്ലാട്ടോ.. ശരിക്കും തന്നെ ഇഷ്ടമാ. തനിക്ക് ഓർമ്മയുണ്ടോ? തന്നോട് പണ്ട് തന്റെ ഫ്രണ്ട് രേവതിയുടെ ചേട്ടൻ മനു ഇഷ്ടം പറഞ്ഞത്.. ആ മനുവാണ് ഞാൻ ”

 

ഭാമ മുഖമുയർത്തി അവിശ്വസനീയതയോടെ നോക്കി.

 

” സത്യമാണ്.. ആ ഇഷ്ടം പിന്നെ ആരോടും തോന്നിയിട്ടില്ല. മനസ്സിൽ അതേപോലെ.. അതിനേക്കാൾ കൂടുതൽ ഉണ്ട്. അന്ന് താൻ മറുപടി പറഞ്ഞില്ല.. പിന്നെ ഒന്നിനും പറ്റിയതുമില്ല.. ഇപ്പൊ താനൊരു പോസിറ്റീവ് മറുപടി തരുമെന്ന് ഞാൻ കരുതിക്കോട്ടെ??”

 

ഭാമ മറുപടിയില്ലാതെ നിന്നു… അവളുടെ മനസ്സിൽ അപ്പോൾ പണ്ട് തന്നോട് ഇഷ്ടം പറഞ്ഞ ഒരു പൊടിമീശക്കാരന്റെ മുഖമായിരുന്നു. ഒരുപാട് ഇഷ്ടവും തിരികെ തോന്നിയിരുന്നു.. പക്ഷേ.. ഇപ്പൊ തനിക്ക് ഒന്നിനും അർഹതയില്ലെന്ന് അവൾക്ക് തോന്നി.

 

” അതേയ്.. മൗനം സമ്മതമാട്ടോ.. ” അവളെന്തെങ്കിലും എതിർത്തു പറയും മുൻപേ അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു..

 

” എനിക്ക് വേണം ഈ ഭാമക്കുട്ടിയെ ” പിന്നെ ഒന്നും എതിർത്തു പറയാൻ അവൾക്ക് കഴിഞ്ഞില്ല. സന്തോഷത്തോടെ മനു പൂമുഖത്തു ചെന്നപ്പോൾ എല്ലാവർക്കും സന്തോഷമായി. കല്യാണക്കാര്യത്തെ പറ്റി വക്കീൽ പറയുമ്പോൾ കുമാരന്റെ മനസ്സിൽ അന്നത്തെ രാത്രി ആയിരുന്നു

 

” പിന്നേയ് അച്ഛാ നേരത്തെ നിങ്ങള് പറഞ്ഞ ആ ഭാമയില്ലേ.. അവളെ എനിക്ക് ഒത്തിരി ഇഷ്ടമാ.. അവളെ എനിക്ക് കല്യാണം കഴിപ്പിച്ചു തരുമോ? ”

 

മകന്റെ അന്നത്തെ നിൽപ്പും ഭാവവും ഓർത്തപ്പോ അയാളിൽ ഒരു ചിരി പരന്നു..

Leave a Reply

Your email address will not be published. Required fields are marked *