(രചന: Sivapriya)
“സാറെ എനിക്കിനി ഇവളുടെ കൂടെ ജീവിക്കണ്ട. മടുത്തു ഇവളോടൊപ്പമുള്ള ജീവിതം. ഇനിയും ഇവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ പോക്കറ്റ് കീറി പിച്ചചട്ടി എടുക്കേണ്ടി വരും ഞാൻ.”
തന്റെ മുന്നിലിരിക്കുന്ന കുടുംബ കോടതി കൗൺസിലർ പോൾ സെബാസ്റ്റ്യനോട് വിഷമത്തോടെ അനൂപ് പറഞ്ഞു.
അനൂപിന്റെ ഉറ്റസുഹൃത്ത് ബിജോയുടെ അച്ഛൻ കൂടിയാണ് പോൾ സെബാസ്റ്റ്യൻ. അനൂപും ഭാര്യ സുരഭിയും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ആണെന്നും അവരുടെ ബന്ധം ഡിവോഴ്സിന്റെ വക്കിലെത്തി നിൽക്കുകയാണെന്നും ബിജോയയിൽ നിന്ന് പോൾ സെബാസ്റ്റ്യൻ അറിഞ്ഞിരുന്നു.
കുടുംബ കോടതിയിൽ അവരെ കൗൺസിലിംഗ് ചെയ്യാൻ വന്നതും അദ്ദേഹം ആയിരുന്നു.
“എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? പരിഹരിക്കാൻ കഴിയാവുന്നത് ആണെങ്കിൽ നമുക്കത് സംസാരിച്ചു തീർക്കാം.” പോൾ സെബാസ്റ്റ്യൻ അനൂപിനെയും ഭാര്യ സുരഭിയെയും നോക്കി പറഞ്ഞു.
“എന്റെ പ്രശ്നത്തിന് പരിഹാരമൊന്നുമില്ല സാറെ. ഇവളുടെ ദൂർത്തു സ്വഭാവം ഒരിക്കലും മാറില്ല.” അനൂപ് സുരഭിയെ ഒന്ന് നോക്കി.
“പോറ്റാൻ കഴിവില്ലായിരുന്നെങ്കിൽ ഇയാൾ പിന്നെ എന്തിനാ സാറെ എന്നെ കല്യാണം കഴിച്ചത്. വെറുതെ എന്റെ ജീവിതം തുലയ്ക്കുവല്ലേ ഇയാൾ ചെയ്തത്. എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവനും എന്റെ മേൽ ചാർത്തി ഡിവോഴ്സ് വേണമെന്ന് പറയുന്നു.” സുരഭി പുശ്ചഭാവത്തിൽ പറഞ്ഞു.
“ആദ്യം നിങ്ങളുടെ പ്രശ്നം പറയൂ.”പോൾ സൗമ്യനായി ചോദിച്ചു.
“സാറെ, ഞാനൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. എണ്ണിച്ചുട്ട അപ്പം പോലെ മാസം കിട്ടുന്നത് ഇരുപതിനായിരം രൂപയാണ്.
ബികോം കഴിഞ്ഞു ജോലിക്ക് കയറിയ ഞാൻ പി ജി ഒക്കെ ഡിസ്റ്റൻസ് ആയിട്ടാണ് ചെയ്തത്.
ഇരുപത്തിയൊന്ന് വയസ്സിൽ ജോലിക്ക് കയറിയ ഞാൻ മുപ്പത്തി ഒന്ന് വയസ്സായപ്പോഴാണ് ബ്രോക്കർ വഴി വന്ന ആലോചനയിലൂടെ സുരഭിയെ കല്യാണം കഴിക്കുന്നത്. മുണ്ട് മുറുക്കി ഉടുത്താണ് സാറെ ഇത്രയും നാൾ ജീവിച്ചു പോന്നത്.
മാസം ഏഴായിരം രൂപ ശമ്പളത്തിനായിരുന്നു ഞാൻ ആദ്യം ജോലിക്ക് കയറിയത്. എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ചു ശമ്പളവും കൂടി. ആദ്യം മുതലേ കിട്ടുന്ന പൈസയിൽ നിന്നും കുറച്ചു പണം ഞാൻ സേവിങ്സ് ആയിട്ട് അക്കൗണ്ടിൽ ഇടുമായിരുന്നു.
ഒരു രൂപ പോലും ഞാൻ വെറുതെ ചിലവാക്കിയിട്ടില്ല സാറെ. സിഗരറ്റ് വലി കള്ള് കുടി ഒന്നും ഇല്ല. ജോലി കഴിഞ്ഞാൽ വീട്, വീട് വിട്ടാൽ ജോലി. അവധി ദിവസം അമ്മയെയും കൊണ്ട് ബീച്ചിലോ സിനിമയ്ക്കോ ഒക്കെ പോകും.
കല്യാണം ആയപ്പോൾ സേവിങ്സിൽ നിന്ന് കുറച്ചു ക്യാഷ് എടുത്തു ഒരു ആൾട്ടോ കാർ വാങ്ങി. വീട് പെയിന്റ് ഒക്കെ അടിച്ചു വൃത്തിയാക്കി. ഇവൾക്കുള്ള താലിയും മാലയും വാങ്ങി. ചിലവ് കുറയ്ക്കാൻ അമ്പലത്തിൽ നിന്ന് താലി കെട്ടി വേണ്ടപ്പെട്ടവർക്ക് ചെറിയൊരു റിസപ്ഷൻ മാത്രം നടത്തി.
വീട്ടിൽ ഞാനും അമ്മയും മാത്രമായിരുന്നു. ഇവൾ കൂടി വന്നപ്പോൾ ഞങ്ങളിൽ ഒരാൾ ആവുമെന്ന് തന്നെ വിചാരിച്ചു. ഡിഗ്രി വരെ പഠിച്ച കുട്ടിയല്ലേ, ജോലിക്ക് പോകുമെന്നും കരുതി. അതൊക്കെ തെറ്റി സാറെ..
കൂട്ടുകാരികൾക്ക് മുന്നിൽ പത്രാസ് കാണിക്കാൻ വേണ്ടിയാണ് ഇവൾ ജീവിക്കുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടിനെ കുറിച്ച് ചിന്തയില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം ആകുന്നു. ഇതുവരെ സുരഭി ഒരു ജോലിക്ക് ശ്രമിച്ചിട്ടില്ല. എന്റെ സാലറി കൊണ്ട് ജീവിക്കാൻ നല്ല കഷ്ടപ്പെടുന്നുണ്ട് ഇപ്പോൾ.
വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ഒറ്റ മോൾ ആയിട്ടാണ് ഇവൾ വളർന്നത്. അതുകൊണ്ട് ഞാൻ എന്ത് പറഞ്ഞാലും കേൾക്കില്ല. ഒരു ജോലിക്ക് പോകാനും സ്വന്തം കാര്യമെങ്കിലും സ്വയം നോക്കാനുമാണ് ഞാൻ അവളോട് പറയുന്നത്. അത് അവളെക്കൊണ്ട് പറ്റില്ല.
കല്യാണം കഴിഞ്ഞ ശേഷം ഭാര്യയോടൊപ്പവും അമ്മയോടൊപ്പവും സമയം ചിലവഴിക്കാറുണ്ട് ഞാൻ. ഇരുവരെയും ഒരിക്കലും വിഷമിപ്പിക്കരുതെന്നും അവർ തമ്മിൽ ഒരു വഴക്ക് എന്റെ പേരിൽ ഉണ്ടാവരുതെന്ന് കരുതി നല്ലൊരു മകനും നല്ലൊരു ഭർത്താവുമായി ഞാൻ മാറി.
വീട്ടിൽ എന്റെ അമ്മയും സുരഭിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞാനും ആയിട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം. കല്യാണ ശേഷം, സാലറി കിട്ടിക്കഴിഞ്ഞാൽ ഇവൾ കാരണം ഒരു രൂപ പോലും സേവ് ചെയ്യാൻ പറ്റിയിട്ടില്ല. ഇവൾക്ക് മാസ മാസം ബ്യൂട്ടിപാർലറിൽ കൊടുക്കാനും ഡ്രസ്സ് എടുക്കാനും ഒക്കെ പൈസ ചിലവാക്കി കൊണ്ടിരിക്കണം.
വീട്ട് ചിലവിന് കാശ് തികയാതെ വരുമ്പോൾ സേവിങ്സിൽ നിന്ന് എടുക്കേണ്ടി വരും. ഒരു അപകടം സംഭവിച്ചാൽ എമർജൻസി ആയിട്ട് ഉപകരിക്കുമല്ലോന്ന് കരുതിയാണ് മിച്ചം പിടിച്ചു പൈസ മാറ്റി വച്ചിരുന്നത്. ഇവളുടെ ദൂർത്തു കാരണം അതും പറ്റാതായി.
ചിലവുകൾ നിയന്ത്രിക്കാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല. എങ്കിൽ പിന്നെ ജോലിക്ക് പോയിട്ടെങ്കിലും അവളുടേതായ ചിലവുകൾക്ക് പൈസ കണ്ടെത്തികൂടെ എന്ന് ചോദിച്ചപ്പോൾ പിന്നെ ആവട്ടെ എന്ന് പറഞ്ഞു ഉഴപ്പി.
അവളുടെ അനാവശ്യമായ ആവശ്യങ്ങൾക്ക് പോലും എന്റെ മുന്നിൽ വന്ന് ഒരു നാണവും ഇല്ലാതെ കൈനീട്ടും. കൊടുത്തില്ലെങ്കിൽ അതിന്റെ പേരും പറഞ്ഞു വഴക്ക് കൂടും.
ഇന്ന് മാറും നാളെ മാറുമെന്ന് കരുതി കുറേ കാത്തിരുന്നു സാറെ. എന്നിട്ടും ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല.
സാധനങ്ങൾക്ക് വില കൂടി, പെട്രോൾ വില കൂടി, ഗ്യാസ് വില അങ്ങനെ എല്ലാം കൂടി വരുന്നു. വീട്ട് ചിലവുകൾ തന്നെ കുറെയുണ്ട്. അത് കഴിഞ്ഞു സുരഭിയുടെ അനാവശ്യ ചിലവുകൾ കൂടി ആകുമ്പോൾ ഒരു മാസം കൂട്ടിമുട്ടിക്കാൻ ഞാൻ ശ്വാസംമുട്ടി പോകും.
കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞിട്ടും ജോലിക്ക് പോകാതിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അതിന്റെ പേരിൽ വഴക്ക് പറഞ്ഞു. ജോലിക്ക് പോയി എനിക്ക് കാശ് കൊണ്ട് തരാനല്ല ഞാൻ പറയുന്നത്.
അവളൊരു ജോലിക്ക് പോയി പൈസ ഉണ്ടാക്കുമ്പോഴേ കാശിന്റെ വില മനസിലാകൂ. അപ്പൊ അനാവശ്യ ചിലവുകൾക്ക് സ്വയം നിയന്ത്രണം വയ്ക്കും. ബ്യൂട്ടിപാർലറിൽ പോകുന്നതിനോ ഡ്രസ്സ് എടുക്കുന്നതിനോ ഒന്നിനും ഞാൻ എതിര് പറയുന്നില്ല. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ട്.
അവളുടെ അച്ഛനും അമ്മയ്ക്കും വയസ്സായി വരുകയാണ്. അവളൊരു ജോലിക്ക് പോയി അവരുടെ കാര്യങ്ങൾ നോക്കിയാൽ അത് അവർക്കും സന്തോഷം ആകില്ലേ. എത്ര പറഞ്ഞിട്ടും ഇവളുടെ തലയിൽ കേറുന്നില്ല.
ഇപ്പോൾ അവളുടെ ആവശ്യം ഒരു കുഞ്ഞ് വേണമെന്നാണ്. അതും ജോലിക്ക് പോകാൻ മടിച്ചാണ് ഇങ്ങനെയൊരു ആവശ്യം പറഞ്ഞതും. ഗർഭിണി ആയാൽ പിന്നെ ഞാൻ ജോലിക്ക് പോകാൻ പറയില്ലല്ലോ.
ഇപ്പൊ തന്നെ ഇവൾ കാരണം കിട്ടുന്ന സാലറി കൊണ്ട് ചിലവുകൾ നടക്കുന്നില്ല. അതിന്റെ കൂടെ കുഞ്ഞ് കൂടി വന്നാൽ ഞാൻ നട്ടം തിരിയും. ആവശ്യങ്ങൾ ഒരുപാടാകും. ഒന്നിനും പൈസ തികയാതെ വരും. ഇതൊന്നും പറഞ്ഞാൽ ഇവൾക്ക് മനസിലാവില്ല.
ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ അതിനെ നല്ല വിദ്യാഭ്യാസം കൊടുത്തു നല്ല രീതിയിൽ വളർത്തി എടുക്കാൻ ആഗ്രഹം ഉണ്ട് സാറെ. കാര്യങ്ങൾ ഇങ്ങനെ ആയതു കൊണ്ട് എന്റെ ആ ആഗ്രഹം നടക്കില്ല. അതുകൊണ്ട് സുരഭിയുടെ, കുഞ്ഞെന്നുള്ള ആഗ്രഹം സാധിപ്പിക്കാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
ദിവസവും വീട്ടിൽ വഴക്കാണ്. ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്ന് ഇവളുടെ കൂടെ വഴക്ക് കൂടാനും എനിക്ക് വയ്യ. ഒരു സമാധാനവും ഇല്ല… കയ്യിലുള്ള സമ്പാദ്യം തീർന്ന് വരുന്നു.
ഞാനൊന്ന് ഒച്ചയെടുത്താൽ ആത്മഹത്യ ഭീഷണി കൂടി മുഴക്കുന്നതാണ് ഇവളുടെ പണി. എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ ഞാൻ ജയിലിൽ ആവില്ലേ. നാട്ടിലെ നിയമം പെണ്ണുങ്ങൾ പറയുന്നതല്ലേ കേൾക്കൂ.
എല്ലാ കാര്യത്തിലും ആണിനൊപ്പം പെണ്ണിനും തുല്യത വേണമെന്ന് പറയുന്നവളാണ് ഇവൾക്ക്. ആ ഇവൾക്ക് സ്വന്തം കാര്യം നോക്കാനെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ വയ്യ. നാളെ പെട്ടെന്ന് എനിക്കൊരു ആക്‌സിഡന്റ് സംഭവിച്ചാൽ, അല്ലെങ്കിൽ മരിച്ചു പോയാൽ ഇവൾ എങ്ങനെ ജീവിക്കും.
രാവിലെ വീട്ടിലുള്ള ജോലികളിൽ സഹായിച്ച ശേഷമാണ് ഞാൻ ഓഫീസിൽ പോകുന്നത്. എന്റെ വസ്ത്രങ്ങൾ, ഞാൻ കഴിച്ച പാത്രം എല്ലാം ഞാൻ തന്നെ ആണ് കഴുകുന്നത്. രാവിലെ വീട് തൂത്തു വാരും. ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കും.
അപ്പൊ ഇവൾ ചോറ് വയ്ക്കും അമ്മ കറി വയ്ക്കും. അങ്ങനെ വീട്ടിലെ കാര്യങ്ങൾ പോലും എല്ലാവരും കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ട് സുരഭിക്ക് വീട്ടിൽ ഭാരിച്ച പണികളൊന്നുമില്ല. വെറുതെ ഇരിപ്പാണ്. വീട്ടിൽ ഇരുന്ന് ഒരു തൊഴിൽ ചെയ്തു വരുമാനം ഉണ്ടാക്കാനും അവൾക്ക് വയ്യ.
ഒന്നിനും വയ്യെങ്കിൽ ഒന്ന് ഒഴിഞ്ഞു പോയി തരാൻ ഞാൻ പറഞ്ഞു. ഇവളുടെ കൂടെ ജീവിച്ചു എനിക്ക് മടുത്തു പോയി സാറെ. ഡിവോഴ്സ് കിട്ടിയാൽ മനഃസമാധാനത്തോടെ കഴിയാം. ആകെ ഉള്ള ഒരു ജീവിതം നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹം ഉണ്ട്.
കടം കയറി സമാധാനം നഷ്ടപ്പെട്ട് ഒരു ജീവിതം എനിക്ക് വേണ്ട. ഇനിയും ഇവളോടൊത്തു ജീവിച്ചാൽ പോക്കറ്റ് കാലിയായി കടം കയറി കുത്തുപാള എടുക്കേണ്ടി വരും. അതിനേക്കാൾ ഭേദം ഡിവോഴ്സ് ആണ്.” ഒരു നെടുവീർപ്പോടെ അനൂപ് പറഞ്ഞു നിർത്തി.
“ഈ പറഞ്ഞതൊക്കെ ശരിയാണോ സുരഭി.”
പോൾ സെബാസ്റ്റ്യൻ ചോദിച്ചു.
“എന്റെ ചിലവുകൾ പോലും നടത്തി തരാൻ അയാൾക്ക് കഴിവില്ല സാറെ. എന്റെ അമ്മ ജോലിക്ക് പോയിട്ടല്ല എന്റെ കുടുംബം കഴിഞ്ഞത്. ഞാൻ എന്ത് ആവശ്യപ്പെട്ടാലും എന്റെ അച്ഛൻ മുന്നിൽ എത്തിച്ചു തരും.
ഒരു ജോലിക്ക് പോയി ജീവിക്കേണ്ട ഗതികേട് എനിക്കില്ല. എന്തെങ്കിലും ആവശ്യം പറഞ്ഞു ചെന്നാൽ കണക്ക് പറച്ചിലും പിശുക്ക് വർത്താനവും കേട്ട് മടുത്തു.
ഇയാൾക്ക് ഡിവോഴ്സ് ആണ് ഇനി വേണ്ടതെങ്കിൽ ഞാൻ അതിനു തയ്യാറാണ്… എനിക്കും മടുത്തു തുടങ്ങി. എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെ പിച്ച കാശിന്റെ കണക്ക് കേൾക്കേണ്ടി വരില്ലായിരുന്നു.
എന്റെ ജീവിതം തുലച്ചതിനു നല്ലൊരു തുക നഷ്ടപരിഹാരം വേണം. എന്നാലേ ഞാൻ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യൂ.” വാശിയോടെ സുരഭി പറഞ്ഞു.
“ഏത് രീതിയിൽ ആണ് അനൂപ് തന്റെ ജീവിതം നശിപ്പിച്ചത്. ഗാർഹിക പീഡനം, സ്ത്രീധനം വാങ്ങി ദുരുപയോഗം ചെയ്യൽ അങ്ങനെ എന്തെങ്കിലും ഉണ്ടായോ.?” പോൾ സെബാസ്റ്റ്യൻ ചോദിച്ചു.
“അങ്ങനെ ഒന്നും ഉണ്ടായില്ല..”
“പിന്നെ അയാൾ എന്തിന് നിങ്ങൾക്ക് നഷ്ടപരിഹാരം തരണം. എല്ലാത്തിനും തുല്യത വേണമെന്ന് പറയുന്ന സുരഭിക്ക് മുന്നോട്ട് ജീവിക്കാൻ അനൂപിന്റെ പണം വേണോ.
അയാൾ ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ജീവിതം നശിപ്പിച്ചെങ്കിൽ നഷ്ടപരിഹാരം ചോദിക്കുന്നതിൽ അന്തസ് ഉണ്ടായേനെ. നല്ല ആരോഗ്യം ഉണ്ടല്ലോ.. പണി എടുത്തു ജീവിച്ചൂടെ.” അൽപ്പം പരിഹാസ ചുവയിൽ പോൾ സെബാസ്റ്റ്യൻ ചോദിച്ചു.
സുരഭിയുടെ മുഖമൊന്നു വിളറി. അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
” നഷ്ട പരിഹാരം കൊടുക്കാൻ ഞാൻ തയ്യാറല്ല സാറെ. ഒരു തരത്തിലും അവൾക്കോ അവളുടെ വീട്ടുകാർക്കോ ഞാൻ കാരണം ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. സുരഭിയെയും ഞാൻ അവളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു വിട്ടിട്ടേയുള്ളു.
അവൾ ഒരിക്കലും മാറില്ലെന്ന് മനസ്സിലായത് കൊണ്ടാണ് പിരിയാമെന്ന് ഞാൻ തീരുമാനിച്ചതും. എന്റെ ചിലവിൽ കഴിയുന്ന ഒരു പെണ്ണിനെ അല്ല ഞാൻ ആഗ്രഹിച്ചത്. സ്വന്തമായി അധ്വാനിച്ചു സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ഒരു പെൺകുട്ടിയെ ആണ് ഞാൻ ഭാര്യയായി ആഗ്രഹിച്ചത്.
വിവാഹത്തിന് മുൻപ് ഇതൊക്കെ ഞാൻ സുരഭിയോട് പറഞ്ഞതുമാണ്. അന്ന് ഇവൾ ജോലിക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞാലും വെറുതെ വീട്ടിലിരിക്കില്ല ജോലിക്ക് പോകുമെന്നൊക്കെ പറഞ്ഞതുമാണ്. അതൊക്കെ വെറുതെ ആണെന്ന് ഇപ്പൊ മനസിലായി.”
“അനൂപ് പറയുന്നത് ശരിയാണോ.?” പോൾ സെബാസ്റ്റ്യൻ അവളോട് ചോദിച്ചു.
അതേ എന്നോ അല്ലെന്നോ അവൾ പറഞ്ഞില്ല. പറഞ്ഞത് ശരി ആയത് കൊണ്ട് എതിർത്തു പറയാൻ ഉത്തരമില്ലാതെ സുരഭി നിശബ്ദയായി.
“ഏതായാലും നിങ്ങൾ ഒന്നുകൂടി ആലോചിച്ച ശേഷം വരൂ. അടുത്ത സെക്ഷൻ ആകുമ്പോൾ നിങ്ങളെ വിളിപ്പിക്കാം. ഇപ്പോൾ പൊയ്ക്കോളൂ.” അദ്ദേഹം അത് പറഞ്ഞതും സുരഭി എഴുന്നേറ്റു പുറത്തേക്ക് പോയി.
“എല്ലാം ശരിയാകുമോ സാർ.. അവളെ എനിക്ക് ഭാര്യയായി വേണമെന്നുണ്ട്. ബിജോയ് പറഞ്ഞിട്ടാ ഞാൻ ഈ ഡിവോഴ്സ് നാടകത്തിനു ഒരുങ്ങിയത്. ഞാൻ ഡിവോഴ്സ് ചെയ്യാമെന്ന് പറയുമ്പോൾ എങ്കിലും അവളിൽ ഒരു മാറ്റം ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഇനി ഒരു മനം മാറ്റം ഉണ്ടാവുമോ സർ.?”
“തീർച്ചയായും അനൂപ്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മോൾ ആയിട്ട് വളരുകയും ആഗ്രഹിച്ചതൊക്കെ തടസ്സങ്ങൾ ഇല്ലാതെ മുന്നിൽ കിട്ടുകയും ചെയ്ത് വളർന്നതിന്റെ കുഴപ്പമാണ്.
അത് ഉടനെ തന്നെ മാറും. അനൂപ് കാര്യങ്ങളൊക്കെ സുരഭിയുടെ വീട്ടുകാരെയും അറിയിച്ചതല്ലേ. സോ അവളുടെ തെറ്റുകൾ അവർക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ സുരഭി തന്റെ അടുത്തേക്ക് മടങ്ങി വരും. ഡോണ്ട് വറി.”
“അവൾക്ക് വേണ്ടി എന്ത് ചെയ്യാനും എനിക്ക് സന്തോഷമാണ് സർ. ബട്ട് ജീവിതം എന്തെന്ന് മനസിലാക്കാതെ അടിച്ചു പൊളിച്ചു ജീവിച്ചു നടന്നാൽ നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾ എന്ത് ചെയ്യും. സ്വന്തമായി കാര്യങ്ങൾ മാനേജ് ചെയ്യാൻ അവളും അറിയണ്ടേ.”
“എല്ലാം റെഡി ആകുമെടോ.. ഇപ്പോൾ താൻ ചെല്ല്. നിങ്ങൾ തമ്മിൽ പിണങ്ങിയത് കാരണം സുരഭി ഇപ്പോൾ ആ കുട്ടിയുടെ വീട്ടിലല്ലേ. ഇപ്പോൾ ഉള്ള ആവേശമൊക്കെ കെട്ടടങ്ങി താമസിയാതെ അവൾ തന്റെ അടുത്തേക്ക് വരും.” പോൾ സെബാസ്റ്റ്യൻ അവനെ സമാധാനിപ്പിച്ചു.
അദ്ദേഹത്തോട് നന്ദി പറഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ സുരഭി അവിടെ എങ്ങും ഉണ്ടായിരുന്നില്ല. അവൾ വീട്ടിലേക്ക് പോയ് കഴിഞ്ഞിരുന്നു.
ദിവസങ്ങൾ കടന്നു പോയി. ഉണ്ടും ഉറങ്ങിയും സുരഭി സ്വന്തം വീട്ടിൽ യഥേഷ്ടം അടിച്ചു പൊളിച്ചു കഴിഞ്ഞു വന്നു. അനൂപുമായി പിണങ്ങി കഴിയുന്നത് ഒരു പ്രശ്നമായി അവൾക്ക് തോന്നിയേയില്ല.
സുരഭിയുടെ ഈ പ്രവർത്തികളെല്ലാം അവളുടെ അച്ഛനും അമ്മയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം വീട്ടുകാർ അവളോട് ഒന്നും പറഞ്ഞില്ലെങ്കിലും പോകാപ്പോകെ അവരും അവളോട് ജോലിക്ക് പോകാൻ പറയാൻ തുടങ്ങി.
“നിന്നെ ഞാൻ കഷ്ടപ്പെട്ട് പഠിപ്പിച്ചത് വെറുതെ വീട്ടിലിരിക്കാനല്ല. ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ.
ഇത്രയും പ്രായമായിട്ടും നീ ഇങ്ങനെ ഒരു ഉത്തരവാദിത്വം ഇല്ലാതെ പെരുമാറരുത്. ഞങ്ങൾക്ക് വയസ്സായി വരുന്നുണ്ട്. ഇനി നീയല്ലേ ഞങ്ങളെ നോക്കേണ്ടതും.” ഒരു ദിവസം സഹികെട്ടപ്പോൾ സുരഭിയുടെ അച്ഛൻ വാസു അവളെ വഴക്ക് പറഞ്ഞു.
“അമ്മ ജോലിക്ക് പോയിട്ടാണോ ഈ കുടുംബം കഴിഞ്ഞത്. അച്ഛന്റെ വരുമാനത്തിൽ അല്ലെ നമ്മൾ ജീവിച്ചത്.” സുരഭി അച്ഛനോട് ചൂടായി.
“അമ്മ, കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത് നീ കണ്ടിട്ടില്ലേ. നിന്റെ വിവാഹം കഴിയുംവരെ അമ്മ കുട്ടികളെ പഠിപ്പിച്ചിരുന്നല്ലോ. അതും ഒരു ജോലി തന്നെയാ.”
“അച്ഛനും അനൂപിനെ പോലെ ആവല്ലേ. എനിക്ക് ഇഷ്ടല്ല ജോലിക്ക് പോകാൻ. നിങ്ങൾക്കൊക്കെ ഞാനൊരു ഭാരം ആണെങ്കിൽ ഞാൻ അങ്ങ് ചത്ത് തരാം.” ഭീഷണി പോലെ അവൾ മുരണ്ടു.
“അധ്വാനിച്ചു ജീവിക്കാൻ മടിയുള്ളവൾ ചത്ത് തുലയുന്നത് തന്നെയാ നല്ലത്. ഇങ്ങനെ ഒരു മകൾ ഞങ്ങൾക്ക് ഇല്ലായിരുന്നു എന്ന് കരുതി ജീവിക്കും ഞങ്ങൾ. അതുകൊണ്ട് നിന്റെ ആത്മഹത്യാ ഭീഷണി ഇവിടെ വില പോവില്ല.” സുരഭിയുടെ അമ്മയാണ് അത് പറഞ്ഞത്. വാസുവും അത് ശരി വച്ചു.
“എനിക്കിത്തിരി സ്വൈര്യം കിട്ടാനാ ഞാൻ ഇങ്ങോട്ട് വന്നത്. നിങ്ങൾക്കും ഞാനൊരു ഭാരമാണോ അമ്മേ?”
“നീ നിന്റെ സ്വന്തം കാര്യം പോലും നോക്കാതെ എത്ര നാൾ ഞങ്ങളെ ആശ്രയിച്ചു ജീവിക്കും. നീ ജോലിക്ക് പോയി ഞങ്ങളെ നോക്കിയില്ലെങ്കിലും വേണ്ടില്ല.. നിന്റെ കാര്യമെങ്കിലും നോക്കി ജീവിക്കാൻ പഠിക്ക്. ഇനി നിന്നോട് ഇതേ പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല.
ഇത് ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ വീടാണ്. നിന്നെ നല്ല വിദ്യാഭ്യാസം തന്ന് വളർത്തി. ഇനി നീ സ്വന്തം കാര്യം നോക്കിയേ പറ്റു. അടുത്ത മാസം മുതൽ നിന്റെ ചിലവുകൾക്കുള്ള തുക നീ സ്വയം കണ്ടെത്തണം. അങ്ങനെ ആണെങ്കിൽ മാത്രം ഈ വീട്ടിൽ നിന്നാമതി.
പിന്നെ അനൂപിനോടൊപ്പം ജീവിക്കുന്നതും പിരിയുന്നതുമൊക്കെ നിന്റെ ഇഷ്ടം പോലെ ആയിക്കോ. അതിൽ നീ എന്ത് തീരുമാനിച്ചാലും ഞങ്ങൾ ഒപ്പം ഉണ്ടാവും.” അവസാന താക്കീത് എന്നോനോണം വാസു പറഞ്ഞു.
അച്ഛനും അമ്മയും കൂടി വഴക്ക് പറഞ്ഞപ്പോൾ സുരഭിക്ക് ആകെ സങ്കടവും ദേഷ്യവുമായി. അവരോടുള്ള വാശിക്ക് അവൾ പിറ്റേന്ന് തന്നെ തന്റെ വള പണയം വച്ച് ഹോസ്റ്റലിലേക്ക് മാറി.
ഒപ്പം ഒരു സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റ് ആയി ജോലിക്കും കയറി. ആരുടെയും ആശ്രയം ഇല്ലാതെ ജീവിക്കണമെന്ന വാശിയിൽ ഇറങ്ങി പുറപ്പെട്ടതാണ് സുരഭി.
ആദ്യമൊക്കെ ജോലിക്ക് പോകാൻ നല്ല മടി തോന്നി. തിരിച്ചു വീട്ടിലേക്ക് പോയാലോ എന്നും ചിന്തിച്ചു. പക്ഷേ താൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അച്ഛനും അമ്മയും അത് വക വയ്ക്കാതിരിക്കുകയും ഒരിക്കൽ പോലും വിളിച്ചു അന്വേഷിക്കാത്തതും കാരണം സുരഭിക്ക് വീട്ടിലേക്ക് പോകാൻ മടി തോന്നി.
ഫസ്റ്റ് സാലറി കയ്യിൽ കിട്ടിയപ്പോഴാണ് അവൾ ആദ്യമായി അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നത്. ആ കാശ് അനാവശ്യ കാര്യങ്ങൾക്ക് ചിലവഴിക്കാൻ അവൾക്ക് മടി തോന്നി. ഒരുവേള അനൂപിന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി. അവനെയൊന്ന് കാണാൻ അവൾക്ക് തോന്നി.
പിന്നെയും രണ്ട് മാസങ്ങൾ കൂടി കടന്നുപോയി. അനൂപോ സുരഭിയുടെ വീട്ടുകാരോ അവളെ കാണാനോ വിളിക്കാനോ അതുവരെ ശ്രമിച്ചിരുന്നില്ല. സുരഭിയും അതിന് മുതിർന്നില്ല. എല്ലാവരെയും കാണാനും തന്റെ തെറ്റിന് അച്ഛനോടും അമ്മയോടും മാപ്പ് പറയാനും അവൾ മനസ്സാൽ ആഗ്രഹിച്ചു.
ഒരു ദിവസം വൈകുന്നേരം സുരഭി ജോലി കഴിഞ്ഞു ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ അവളെ കാത്ത് വിസിറ്റിംഗ് ഏരിയയിൽ അനൂപ് ഉണ്ടായിരുന്നു.
അപ്രതീക്ഷിതമായി അവനെ അവിടെ കണ്ടതും സുരഭിയുടെ മിഴികൾ നിറഞ്ഞു. നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാനായി അവൾ അവനു മുഖം കൊടുക്കാതെ നിന്നു.
“എന്ത് വേണം നിങ്ങൾക്ക്? ഇപ്പോൾ എന്താ പതിവില്ലാതെ ഇങ്ങോട്ട് ഒരു വരവ്.?” ഗൗരവത്തിൽ അവൾ ചോദിച്ചു.
“നാളെ അടുത്ത കൗൺസിലിംഗ് സെക്ഷന് വിളിച്ചിട്ടുണ്ട്. ഞാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ഡിവോഴ്സ് കിട്ടാനുള്ള നടപടികൾ തുടങ്ങാൻ പറഞ്ഞു. അതിന് നിന്റെ കൂടെ സമ്മതം വേണം.”
“അനൂപേട്ടാ…” ഗൗരവം വെടിഞ്ഞു ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു.
“എന്താ..? നിനക്ക് ഇനി കോമ്പൻസഷൻ തന്നാലേ ഡിവോഴ്സിന് സമ്മതിക്കൂ എന്നാണെങ്കിൽ ഞാൻ തയ്യാറാണ്. ഇനിയും ഇങ്ങനെ തുടരുന്നതിൽ അർത്ഥമില്ലല്ലോ.”
അനൂപ് പറഞ്ഞു.
“തെറ്റ് പറ്റിപ്പോയി.. എനി.. ക്ക്… എനിക്ക് ഒരവസരം കൂടി തന്നൂടെ. എന്റെ ഭാഗത്ത് ആയിരുന്നു മിസ്റ്റേക്ക്. എന്റെ തെറ്റുകൾ ഞാനിപ്പോൾ മനസിലാക്കുന്നുണ്ട്. സത്യത്തിൽ ജോലിക്ക് പോകാനൊക്കെ ഭയങ്കര മടിയായിരുന്നു എനിക്ക്.
ഭർത്താവിന്റെ ചിലവിൽ ഉണ്ടുറങ്ങി ഷോപ്പിംഗ് ഒക്കെ നടത്തി അടിച്ചു പൊളിച്ചു ജീവിക്കുന്ന ഫ്രണ്ട്സിനെ കണ്ടപ്പോൾ അങ്ങനെ ഒരു ജീവിതം ആണ് സുഖമെന്ന് ഞാനും കരുതി.
അത് പക്ഷേ മണ്ടത്തരം ആണെന്ന് സ്വന്തമായി അധ്വാനിക്കാൻ തുടങ്ങിയപ്പോൾ മനസിലായി. അനൂപേട്ടന് എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ…?” വാക്കുകൾ മുഴുമ്മിക്കാതെ അവൾ അവനെ പ്രതീക്ഷയോടെ നോക്കി.
“ഇനിയും നിന്റെ പഴയ സ്വഭാവം പുറത്തെടുക്കില്ലെങ്കിൽ ഞാൻ ക്ഷമിക്കാം.” ചെറിയൊരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
“എഹ്.. സത്യമാണോ..?” വിശ്വാസം വരാതെ സുരഭി ചോദിച്ചു.
“ഹാ… ഇതുപോലെ നല്ല കുട്ടിയായി ജോലിക്ക് പോയി സ്വന്തം കാര്യം നോക്കുമെങ്കിൽ ബാഗും എടുത്ത് കൂടെ പോന്നേക്ക്. നിന്നെയൊന്നു നന്നാക്കാൻ പറ്റുമോന്ന് നോക്കാൻ വേണ്ടിയാ ഞാൻ ഇത്രയൊക്കെ ചെയ്തു കൂട്ടിയത്.
അല്ലാതെ ഡിവോഴ്സ് ചെയ്യണമെന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോയിരുന്നെങ്കിൽ ശരിക്കും ഡിവോഴ്സ് ചെയ്തേനെ ഞാൻ.”
“സോറി അനൂപേട്ടാ.. ഞാൻ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്.” അനൂപിനെ കെട്ടിപിടിച്ചു കൊണ്ട് സുരഭി പറഞ്ഞു.
“സാരമില്ല… പോയി ബാഗ് എടുത്തു വാ. അമ്മ അവിടെ കാത്തിരിക്കുന്നുണ്ട്.”
“ഉം… ശരി…” അവനെ വിട്ട് അവൾ ബാഗ് എടുക്കാൻ റൂമിലേക്ക് പോയി.
വീട്ടിലേക്കുള്ള മടക്ക യാത്രയിൽ സുരഭി അവന്റെ തോളോട് ചേർന്ന് കിടന്നു. അതുവരെ അവനെ വേദനിപ്പിച്ചതിൽ അവൾ ആത്മാർത്ഥമായി തന്നെ ക്ഷമ ചോദിച്ചു.
പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർത്ത് പുതിയൊരു തുടക്കത്തിനു ആരംഭമായി. ഇണങ്ങിയും പിണങ്ങിയും അനൂപും സുരഭിയും തങ്ങളുടെ ജീവിതം ആസ്വദിച്ചു തുടങ്ങി.