വൈകി വന്നവൾ
രചന: Girish Kavalam
“നേരം ഇത്രയും ആയിട്ടും അമൃത എഴുന്നേറ്റില്ലേ മോനേ….നിന്റെ കല്യാണത്തോടെ അടുക്കളപണിയിൽ ഒരു സഹായം കിട്ടുമെന്ന് കരുതി അതും കണക്കാണെന്നാ തോന്നുന്നേ ”
“അമ്മേ അവൾ നമ്മളെക്കാൾ വലിയ വീട്ടിലെ പെണ്ണല്ലേ കല്യാണം കഴിഞ്ഞ് ഒരു മാസം അല്ലേ ആയുള്ളൂ സാവധാനം നമ്മുടെ വീട്ടിലെ രീതിയുമായി അവൾ പൊരുത്തപ്പെട്ടോളും ”
അമ്മയുടെ ബുദ്ധിമുട്ട്കൊണ്ട് പറഞ്ഞതാണെന്ന് അറിയാമെങ്കിലും ഭാര്യ അമൃതയെ പ്രതിരോധിക്കാനായി സജയൻ നൈസ് ആയി ഒന്ന് പറഞ്ഞു നോക്കി
പണ്ടാരോ ഓഫീസിൽ വെച്ച് പറഞ്ഞ കാര്യം സജയന് ഓർമ വന്നു
“ഒരിക്കലും തങ്ങളെക്കാൾ വലിയ വീട്ടിലെ പെണ്ണിനെ കല്യാണം കഴിക്കരുത് അഹങ്കാരം കൂടും എന്ന് ”
ശരിയാ കല്യാണം കഴിക്കുന്നവരെയേ നമുക്ക് ഗമ ഉള്ളൂ കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടെ ഗമക്ക് മുന്നിൽ നമ്മൾ താഴ്ന്നു നിൽക്കണം
“അമൃതേ.. അമ്മക്ക് പ്രായം ആയി വരുവല്ലേ
രാവിലെ തന്നെ എഴുന്നേറ്റു അമ്മയെ ഒന്ന് സഹായിച്ചു കൂടെ ”
സജയൻ അവളുടെ അടുത്ത് ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു”അയ്യോ… ഞാനോ അടുക്കളേൽ കേറാനോ…”
“ഞങ്ങളുടെ വീട്ടിൽ വേലക്കാരിയാ എല്ലാം ചെയ്യുന്നത്…. ഇവിടെയും ഒരു വേലക്കാരിയെ അങ്ങോട്ട് വെക്ക് ചേട്ടാ പ്ലീസ്…”അല്പം കൊഞ്ചലോടെയാണ് അമൃത പറഞ്ഞത്”അത് വേണോ ടാ…..”
“വേണം…തന്നെയുമല്ല PSC റാങ്ക് ലിസ്റ്റിൽ പേര് ഇല്ലേ.. ഒരു വർഷത്തിനകം എന്തായാലും അപ്പോയ്ന്റ്മെന്റ് ഓർഡർ വരും അപ്പോൾ പിന്നെ വേലക്കാരിയെ വെച്ചല്ലേ പറ്റൂ.. അതുകൊണ്ട് ഇപ്പോൾ മുതൽ അങ്ങ് വെക്കുന്നതല്ലേ നല്ലത് ”
വേണ്ടേ വേണ്ട വേലക്കാരിയെകൊണ്ടൊന്നും ഇവിടെ ഒന്നും ഉണ്ടാക്കിക്കേണ്ട. നമുക്ക് കഴിക്കാൻ ഉള്ളത് നമ്മൾ തന്നെ പാചകം ചെയ്യണം ”
വീട്ടിൽ ഒരു വേലക്കാരി വേണം എന്ന ആവശ്യത്തോട് അമ്മ സരസ്വതിയമ്മ വിയോജിച്ചു
പക്ഷേ അമൃതയുടെ നിസ്സഹകരണം തുടർന്നതുകൊണ്ട് ഒരു വേലക്കാരിയെ നിർത്താൻ സരസ്വതിയമ്മ അവസാനം നിർബന്ധിതായി
വേലക്കാരി പെണ്ണിനെ സഹായത്തിനായി മാത്രം കൂട്ടികൊണ്ട് പാചകം എല്ലാം സരസ്വതിയമ്മ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്
അങ്ങനെ ഒരു ദിവസം അമ്മയെയും കൊണ്ട് അമ്പലത്തിൽ പോയി വരുന്ന ദിവസം സജയന്റെ ബൈക്ക് ഒന്ന് ചരിഞ്ഞു സരസ്വതിയമ്മയുടെ നടുവിന് പരുക്ക് പറ്റി…
കുനിഞ്ഞു പണിയെടുക്കുവാൻ പറ്റാത്ത അവസ്ഥയിൽ ആയതിൽ പിന്നെ വേലക്കാരി പെണ്ണ് ആണ് പാചകം ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാം ചെയ്തിരുന്നത്
അതിനിടയിൽ അമൃതയുടെ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി..ഒരു മാസത്തിന് ശേഷം ടൗണിൽ ഉള്ള ജലസേചന വകുപ്പ് ഓഫീസിൽ LD ക്ലാർക്ക് ആയി ജോയിൻ ചെയ്യണം
അമൃത ശരിക്കും പെട്ടുപോയ ദിവസം ആയിരുന്നു അന്ന്… കൂനിന്മേൽ കുരുവായത് പോലെ ലോക്‌ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നു..
വേലക്കാരി പെണ്ണാണെങ്കിൽ അവളുടെ വീട്ടിലേക്കും പോയി ജോലിക്ക് കയറണമെങ്കിൽ ഇനി ലോക്ഡൌൺ കഴിയുന്നത് വരെ കാത്തിരിക്കുകയും വേണം
കൊറോണ പേടി അല്ലായിരുന്നു അമൃതയുടെ മനസ്സിൽ പകരം അമ്മയുടെ തുണി കഴുകൽ തൊട്ട് വീട്ട് ജോലി എല്ലാം ഇനിമുതൽ സ്വയം ചെയ്യേണ്ടി വരുമല്ലോ എന്നതായിരുന്നു അവളുടെ മനസ്സിനെ അലട്ടിയത്
ആദ്യം ആദ്യം ഒക്കെ വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും അമൃത അടുക്കളപ്പണിയോട് പൊരുത്തപ്പെട്ടു തുടങ്ങി… യൂട്യൂബ് നോക്കിയും പിന്നെ സജയന്റെ സഹായത്തോടും പാചകം തരക്കേടില്ലാതെ ചെയ്യുവാൻ തുടങ്ങി. അതെല്ലാവർക്കും ഇഷ്ടപ്പെട്ടും തുടങ്ങി
എല്ലാവരും വാക്‌സിൻ എപ്പോൾ വിപണിയിൽ വരും എന്ന ചിന്തയിൽ ആയിരുന്നെങ്കിൽ അമൃതയുടെ ചിന്ത ലോക്‌ഡൌൺ മാറി വേലക്കാരി പെണ്ണ് എന്ന് വീട്ടിൽ വരുമെന്നതായിരുന്നു
അങ്ങനെ ആ ദിവസം എത്തി ലോക്‌ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി
അമൃത വളരെ സന്തോഷത്തിൽ ആയിരുന്നുഒന്നാമത് ജോലിയിൽ ജോയിൻ ചെയ്യാൻ പോകുന്ന ത്രിൽ രണ്ടാമത് അടുക്കള പണിയിൽ നിന്ന് മോചനവുമാകുമല്ലോ എന്നത്
വേലക്കാരി പെണ്ണിനെ വിളിച്ച അമൃത നാളെ രാവിലെ തന്നെ വീട്ടിൽ എത്താനായി പറഞ്ഞു..
ഫോൺ കട്ട് ചെയ്തതും വലിയ ഒരു ഭാരം തലയിൽ നിന്ന് ഇറക്കി വയ്ക്കുന്ന പോലെ അമൃതക്ക് തോന്നിഅവളുടെ ഇപ്പോഴത്തെ തീരുമാനത്തോട് സരസ്വതിയമ്മക്കും സമ്മതം ആയിരുന്നു
“ആ കൊച്ചു വന്നില്ലേ ?പിറ്റേ ദിവസം രാവിലെ അടുക്കളയിലേക്ക് വന്ന സരസ്വതിയമ്മ നാലുപാടും നോക്കികൊണ്ട് ചോദിച്ചു
“ഇല്ല അമ്മേ.. വരണ്ടാന്നു ഞാൻ തന്നെ വിളിച്ചു പറഞ്ഞു “”ങേ… അതെന്താ മോളെ നിനക്ക് ഇനിതൊട്ട് ജോലിക്ക് പോകേണ്ടതല്ലേ രാവിലെ ആര് ഇതെല്ലാം ഉണ്ടാക്കും ”
“ഞാൻ എല്ലാം ഉണ്ടാക്കി വച്ചു അമ്മേ.. ഇനിമുതൽ ഞാൻ തന്നെ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഓഫീസിൽ പൊക്കോളാം ”
സരസ്വതിയമ്മ ഒന്നും മനസ്സിലാകാത്ത രീതിയിൽ അമൃതയെ തന്നെ നോക്കി നിന്നു
“അതേ അമ്മേ…അകലെ നിന്ന് നോക്കുമ്പോൾ പ്രയാസം ആണെന്ന് കരുതുന്ന പലതും ഒന്ന് ചെയ്തു നോക്കുമ്പോൾ ഇത്രയേ ഉള്ളൂ എന്നത് ഇപ്പോൾ എനിക്ക് സ്വയം മനസ്സിലായി ”
സരസ്വതിയമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു അവർ അവളെ തന്നെ നോക്കി നിന്നു
“അല്ല ഇന്നലെ രാത്രിയിൽ വേലക്കാരി പെണ്ണിനോട് വരാൻ പറഞ്ഞിട്ട് എന്താ പിന്നെ ഇയാൾ പെട്ടന്ന് തീരുമാനം മാറ്റിയത് ”
തങ്ങളുടെ ബെഡ്ഡ്റൂമിൽ വച്ച് സജയൻ തമാശ രൂപേണ ആണ് അത് ചോദിച്ചത്”ഇന്നലെ രാത്രിയിൽ ഏട്ടനോട് അമ്മ പതുക്കെ പറഞ്ഞ വാക്കുകൾ ഞാൻ ജനലിന്റെ സൈഡിൽ നിന്ന് കേട്ടു ”
“”എടാ അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ടെടാ. അടുത്തിടെയാ അവൾ പാചകം ചെയ്യാൻ തുടങ്ങിയെങ്കിലെന്താ, എന്ത് കൂട്ടാൻ വെച്ചാലും നല്ല രുചിയാ.. നമ്മുടെ കുടുംബത്തിൽ ആദ്യമായിട്ടാ ഇത്രയും നന്നായി പാചകം ചെയ്യാൻ അറിയാവുന്ന ഒരു കുട്ടി വരുന്നത്… എല്ലാവർക്കും കിട്ടില്ല ഈ കൈപ്പുണ്യം “”
“ഏട്ടാ… ജീവിതത്തിൽ ആദ്യം ആയിട്ടാ ഇങ്ങനെ അഭിനന്ദന വാക്കുകൾ എവിടുന്നെങ്കിലും കിട്ടുന്നത്.. ഒരു എക്സ്ട്രാ ആക്ടിവിറ്റിയിലും കഴിവില്ലാത്തവളാ എന്ന് ചെറുപ്പം മുതലേ പഴി കേട്ടുകൊണ്ടിരുന്ന എനിക്ക്,
അമ്മയുടെ വാക്കുകൾ എന്റെ ഇതുവരെയുള്ള ചിന്തകളെ മാറ്റി…പിന്നെ വേറൊരു കാര്യം…നമുക്ക് മക്കൾ ഉണ്ടായാൽ വല്ലവരുടെയും കൈകൾ കൊണ്ട് ഉണ്ടാക്കിയതാണോ അവരെ കഴിപ്പിക്കേണ്ടത് ”
അത് കേട്ടതും സജയന്റെ മുഖത്ത് പുഞ്ചിരി വിരിയാൻ തുടങ്ങി അത് അമൃതയിലേക്കും പടർന്നു ഒരു പൊട്ടിച്ചിരിയിലേക്ക് അത് വഴിമാറുകയായിരുന്നു……..