രചന: Girish Kavalam
“ഗോപിയേട്ടാ സൂരജിനെ പോലീസ് അറെസ്റ്റ് ചെയ്തു കൂടുതൽ ഒന്നും എന്നോട് ഇപ്പോൾ ചോദിക്കരുത് പെണ്ണ് കേസ് എന്നാ അറിഞ്ഞത്, ചേട്ടൻ എത്രയും പെട്ടന്ന് സ്റ്റേഷനിലേക്ക് വാ..”
ഫോൺ കട്ട് ആയതും
ഗോപിനാഥന്റെ വലതു കൈയ്യിലെ പേന ഊർന്നു താഴേക്ക് പോയി
ഉടൻ തന്നെ മറ്റൊരു ബന്ധുവിന്റെ ഫോൺ കൂടി വന്നത് ഗോപിനാഥൻ പരിഭ്രമത്തോടെ അറ്റൻഡ് ചെയ്തു
“ചേട്ടാ വല്ലതും അറിഞ്ഞോ”അതിന് മറുപടി പറയാതെ ഇരുന്ന ഇരുപ്പിൽ ഇരിക്കുകയായിരുന്നു ഗോപിനാഥൻ
“സൂരജ് ഒരു കേസിൽ പെട്ടു പെണ്ണ് കേസാന്നാ അറിഞ്ഞത് ഞങ്ങളുടെ മുന്നിൽ വെച്ചാ പോലീസ് അവനെ അറസ്റ്റ് ചെയ്തത്”
“Suraj weds Sreelakshmi ” എന്ന് എഴുതിയ കല്യാണക്കുറി പാതി അഡ്രെസ്സ് എഴുതിയ കവറോടെ താഴേക്കു വീഴുമ്പോൾ മറുതലക്കൽ നിന്നുള്ള സംസാരം കേൾക്കാൻ കഴിയാതെ നിർജ്ജീവമായിരിക്കുകയായിരുന്നു ഗോപിനാഥൻ
ഇതൊന്നും അറിയാതെ അകത്തു മുറിയിൽ അനിയനും അനിയത്തിയും സൂരജേട്ടന്റെ കല്യാണക്കുറിയിൽ മത്സരിച്ച് അഡ്രസ്സ് എഴുതുന്ന തിരക്കിൽ ആയിരുന്നു
“ഇല്ല മോളുടെ ഭർത്താവ് വരില്ല. മരുമോന്റെ അവധിയുടെ സമയം ഒന്നും നോക്കാൻ നിന്നില്ല കാരണം എന്താന്ന് പറഞ്ഞാൽ ചേച്ചീ, ഈ വൃശ്ചികം വരുമ്പോൾ സൂരജിന് വയസ്സ് ഇരുപത്തിയെട്ടു തികയും
അതുകഴിഞ്ഞാൽ പിന്നെ മംഗല്യം ഉടനെ ഒന്നും ഇല്ല തന്നെയുമല്ല നല്ലൊരു ബന്ധവും ഒത്തുവന്നു അതുകൊണ്ടാ പെട്ടന്ന് അങ്ങ് കല്യാണം നടത്തിയേക്കാമെന്ന് വിചാരിച്ചത്.. സമയം ഇല്ലാത്തകൊണ്ടാ ചേച്ചീ നേരിട്ട് വിളിക്കുവാന്ന് കരുതി എല്ലാവരും കല്യാണത്തിന് വന്നേക്കണം ”
“എന്റെ കൃഷ്ണാ…അകത്തു മുറിയിൽ ഭാര്യ സുധാമണി , ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചു പറയുന്നത് കേട്ട ഗോപിനാഥൻ തലേൽ കൈ വച്ചുപോയി
അയാളുടെ മുഖത്ത് രക്തമയം ഇല്ലാതായികല്യാണക്കുറി അടിച്ചു പകുതിയോളം പേർക്ക് കൊടുത്തു. മണ്ഡപം ബുക്ക് ചെയ്തു
അയാളുടെ കൈകൾ വിറയ്ക്കുവാൻ തുടങ്ങി. നെഞ്ചിടിപ്പിന്റെ പ്രവേഗത്തിന് ആക്കം കൂടി
എന്തോ ആലോചിച്ചുകൊണ്ട് നേരെ ബെഡ് റൂമിലേക്ക് നടന്നു കയറിയ അയാൾ കതക് അടച്ചു കുറ്റി ഇട്ടു
“ദേ…നമ്മുടെ ചമ്പക്കുളത്തുള്ള സാവിത്രി അക്കയുടെ മകനെ വിളിക്കാൻ വിട്ടുപോയി””ങേ ഇപ്പൊ ഇവിടിരുന്നു എഴുതികൊണ്ടിരുന്ന ആൾ എവിടെ പോയി ?
ഗോപിനാഥൻ ഇരുന്ന് കല്യാണക്കുറി എഴുതിയ സ്ഥലത്തേക്ക് വന്ന സുധാമണി നാലുപാടും നോക്കികൊണ്ട് പറഞ്ഞു
“ഇതെന്താ മുറി അടച്ചിട്ടിരിക്കുവാ നിങ്ങള് ?അടഞ്ഞു കിടക്കുന്ന വാതിലിൽ കണ്ണുടക്കിയ സുധാമണി അങ്ങോട്ട് നടന്നുകൊണ്ട് ചോദിച്ചു
“നിങ്ങൾ എന്തെടുക്കുവാ മനുഷ്യാ ?വാതിൽ തള്ളികൊണ്ട് സുധാമണി ശബ്ദം ഉയർത്തി ചോദിച്ചു”എന്താ മനുഷ്യാ നിങ്ങൾ കള്ള് കുടിച്ചോ ?
കതക് തുറന്ന് മുന്നിൽ നിൽക്കുന്ന തന്റെ ഭർത്താവിനെ നോക്കി ചോദിക്കുന്നതിനിടയിൽ സുധാമണിയുടെ കണ്ണുകൾ ടീപ്പൊയിൽ ഇരുന്ന ഒഴിഞ്ഞ മദ്യകുപ്പിയോടൊപ്പം പകുതിനിറഞ്ഞ ഗ്ലാസ്സിലേക്ക് പോയി
“എന്താ ഗോപിയേട്ടാ എന്ത് പറ്റി.. എന്താ മുഖം വല്ലാണ്ടിരിക്കുന്നേ””നമ്മുടെ മോനെ പോലീസ് അറസ്റ്റ് ചെയ്തുഎന്തിന് ???
ആ ഹാൾ മുഴങ്ങുന്ന രീതിയിൽ ആയിരുന്നു അവരുടെ ചോദ്യം”അറിയില്ല നീ വാ നമുക്ക് സ്റ്റേഷനിലേക്ക് പോകാം”അപ്പോഴേക്കും അയൽവാസിയായ ഒരാൾ ഓട്ടോയുമായി വന്നു
വീട്ടിൽ നിന്ന ഡ്രെസ്സോടെ ഗോപിനാഥനും സുധാമണിയും സ്റ്റേഷനിലേക്ക് പോകുവാൻ ഓട്ടോയിൽ കയറുമ്പോഴും ഒന്നും അറിയാതെ വിഷമിച്ചു നിൽക്കുവായിരുന്ന അവരുടെ ഇളയ മക്കളെ അയൽവാസികളായ ചേച്ചിമാർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു
എന്താ ഗോപിയേട്ടാ എന്താ പറ്റിയത് ?ഓട്ടോയിൽ വച്ചുള്ള സുധാമണിയുടെ ദയനീയ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഗോപിനാഥനായില്ല
“പെണ്ണ് കേസ് എന്നാ പറഞ്ഞത്.. അവനെ ആരെങ്കിലും കുരുക്കാൻ നോക്കിയതായിരിക്കും സുധേ… അല്ലാതെ നമ്മുടെ മകൻ അങ്ങനെ ഒന്നും ചെയ്യില്ലല്ലോ”
ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞൊപ്പിച്ചുസുധാമണി പൊട്ടി കരയാൻ തുടങ്ങുകയായിരുന്നു
മൊബൈലിൽ റിങ് വന്നത് കണ്ടു ഓട്ടോ സൈഡിൽ ഒതുക്കി ഡ്രൈവർ കാൾ അറ്റൻഡ് ചെയ്തു”ചേട്ടാ ഓട്ടത്തിൽ ആണോ നിങ്ങളുടെ അയൽക്കാരൻ അല്ലെ സൂരജ്”
“അതേ… എന്താ ?”അവന്റെ അല്ലെ അടുത്ത മാസം കല്യാണം””അതേല്ലോ””അവൻ പീഡന കേസിൽ അറസ്റ്റിലായി””ഉം….ഉള്ളതാണോ”ശബ്ദം താഴ്ത്തി ആണ് ഓട്ടോ ഡ്രൈവർ അത് ചോദിച്ചത്
“ലോട്ടറിക്കാരൻ ജോസഫ് ചേട്ടന്റെ ബുദ്ധിമാന്ദ്യം ഉള്ള പെണ്ണിനെ കയറി പിടിച്ചു അത് ഒച്ചവെച്ചു.. എന്തായാലും അവന്റെ കാര്യം പോക്കാ.. പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുവാ. ഒരു പെറ്റി കേസിന്റെ കാര്യത്തിന് ഞാൻ സ്റ്റേഷനിൽ വന്നതാ അപ്പോഴാ ഇത് കാണുന്നത്”
“ചേട്ടൻ ഓട്ടത്തിൽ ആണോ””ങാ.. ങാ…ആണെടാ ഞാൻ പിന്നെ വിളിക്കാം”ആരാ വിളിച്ചത് ?ഓട്ടോക്കാരന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച ഗോപിനാഥൻ ചോദിച്ചു”ഏയ് ഒന്നുമില്ല ചേട്ടാ ഇത് വേറെ ആളാ”
ഓട്ടോ മുന്നോട്ട് എടുക്കുമ്പോഴേക്കും
മൊബൈലിലേക്ക് വന്ന ഫോൺ കാൾ നോക്കിയ ഗോപിനാഥന്റെ മുഖത്ത് ആധിയായി
അയാൾ ഭാര്യയെ സൂക്ഷിച്ചു നോക്കിആരാ ?പെണ്ണിന്റെ അച്ഛനാ സുധേഗോപിനാഥൻ അത് പറഞ്ഞുകൊണ്ട് മനസ്സില്ലാമനസ്സോടെ കാൾ അറ്റൻഡ് ചെയ്തു”ഞാനാ ജയൻ..സുരജിനെ പറ്റി കേട്ടത് ശരിയാണോ ”
മറുതലക്കൽ നിന്നുള്ള പെണ്ണിന്റെ അച്ഛന്റെ ചോദ്യം കേട്ട് ഒന്നും പറയാനാകാതെ സ്തംഭിച്ചിരുന്നുപോയി ഗോപിനാഥൻ”മകൻ ഇത്ര തിളച്ചു നിൽക്കുവായിരുന്നു എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു”
“ജയാ എന്താന്ന് ഞങ്ങൾക്ക് അറിയില്ല ഞങ്ങൾ സ്റ്റേഷനിലേക്ക് പോകുവാ. ഇതിൽ എന്തെങ്കിലും ചതി ഉണ്ട് അല്ലാതെ എന്റെ മകൻ ഒരിക്കലും അങ്ങിനെ ചെയ്യില്ല ”
“എടോ ഞങ്ങൾക്കിനി ഒന്നും അറിയണ്ടാ ഇനി ഈ ബന്ധം ഞങ്ങൾക്ക് വേണ്ട “അത് കേട്ട നിമിഷം തന്നെ ഗോപിനാഥന്റെ കൈമുട്ട് ശക്തമായി ഓട്ടോയുടെ സൈഡ് സപ്പോർട്ട് കമ്പിയിൽ ഇടിച്ചു
ഒരു നിമിഷം കറന്റ് അടിച്ചപോലെയായി അയാൾക്ക്”എടോ നിങ്ങളുടെ കുടുംബക്കാർ ഈ സ്വഭാവക്കാർ ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല ”
അപ്പോഴേക്കും വിരൽ തട്ടി സ്പീക്കർ ഓൺ മോഡിൽ ആയ ഫോണിൽ നിന്ന് പെണ്ണിന്റെ അച്ഛന്റെ ആ വാക്കുകൾ കേട്ട ഗോപിനാഥന്റെ ക്ഷമ നശിച്ചു
“എടോ സംസ്കാരം ഇല്ലാത്തവനെ, എന്റെ മകൻ അങ്ങനെ ചെയ്യില്ല എന്താ സംഭവിച്ചതെന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്നല്ലേ ഇയാളോട് പറഞ്ഞത് “വേദന കടിച്ചു പിടിച്ചുകൊണ്ട് ഗോപിനാഥൻ പറഞ്ഞു
“എടോ സംസ്കാരം ഇല്ലാത്തത് എനിക്കല്ല വിവാഹം ഉറപ്പിച്ചു കഴിഞ്ഞു കണ്ട പെണ്ണുങ്ങളുടെ, അതും ബുദ്ധിമാന്ദ്യം ഉള്ള പെണ്ണിന്റെ പുറകെ പോകുന്നത് തന്റെ കുടുംബ സംസ്കാരം ആണെടോ..
“പെണ്ണുങ്ങളുടെ പുറകെ പോകുന്നത് തന്റെ തന്തയാടോ. എന്റെ മോനെ പറ്റി അനാവശ്യം പറയരുത് ”
ഗോപിനാഥിന്റെ കൈയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി സുധാമണി എടുത്തടിച്ചു പറഞ്ഞു
“എടീ നീ എന്റെ ഭർത്താവിന്റെ തന്തക്കു പറയുന്നോ. നീ ശരി അല്ലെടീ അതാടീ നിന്റെ മോൻ ഇങ്ങനെ ആയത്”
പെണ്ണിന്റെ അമ്മയാണ് മറുതലക്കൽ നിന്നു പറഞ്ഞത്തെറി വിളിയുടെ പൂരപ്പാട്ട് കേട്ട് വണ്ടി നിർത്തി ഓട്ടോ റിക്ഷക്കാരൻ തിരിഞ്ഞു നോക്കി
“ഗോപിയേട്ടാ എന്താ ഇത് നിങ്ങളുടെ വിഷമം അറിയാം എങ്കിലും അവരുടെ വിവരം ഇല്ലായ്മക്കൊപ്പം നിങ്ങളും എന്തിനാ ഇങ്ങനെ പറയാൻ പോകുന്നെ”
ഗോപിനാഥനും ഭാര്യയും സംയമനം വീണ്ടെടുത്തു.. സുധാമണി സാരിയുടെ തുമ്പ് ഉപയോഗിച്ച് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു
ഓട്ടോ റിക്ഷ സ്റ്റേഷന് മുൻപിൽ എത്തിയതും വെളിയിലേക്ക് ഇറങ്ങി വരുന്ന സൂരജും ഒപ്പം ബ്രോക്കറേയും ആണ് അവർ കണ്ടത്
അവർ രണ്ട് പേരും അടുത്തേക്ക് വരുംതോറും ഗോപിനാഥന്റെയും സുധാമണിയുടെയും നെഞ്ചിടിപ്പ് കൂടി കൂടി വന്നുകൊണ്ടിരുന്നു”പേടിക്കണ്ട ആള് മാറി അറസ്റ്റ് ചെയ്തതാ”
“ബ്രോക്കർ നാരായണൻ കുട്ടി അത് പറഞ്ഞതും ഗോപി നെഞ്ചത്ത് കൈ വച്ചു പോയി. നെടുവീർപ്പ് ഇട്ടുകൊണ്ട് സുധ സുരജിനോട് ചേർന്ന് നിന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“നിങ്ങളുടെ അടുത്തുള്ള ആ ടിപ്പർ ഓടിക്കുന്ന സൂരജ് ഇല്ലേ ഗോപീകൃഷ്ണന്റെ മകൻ, അവനാ പ്രതി.. പോലീസിന്റെ ഒരു മിസ്റ്റേക്ക്.. ങാ.. SI സോറി പറഞ്ഞു ചായേം വാങ്ങി തന്നു ”
“ഞാൻ പെണ്ണും വീട്ടുകാരെ വിളിച്ചു യഥാർത്ഥ കാര്യം ഒന്ന് പറയട്ടെ”മൊബൈൽ എടുത്തതും ഗോപിനാഥൻ ബ്രോക്കറെ തടഞ്ഞു
“വേണ്ട ഇനി അവരെ വിളിക്കണ്ട ഇനി ഈ ബന്ധം ശരിയാകില്ല””എന്താ ഗോപിയേട്ടാ ഈ പറയുന്നേ ?അപ്പോഴേക്കും പെണ്ണിന്റെ അച്ഛൻ ജയന്റെ ഫോൺ കാൾ ബ്രോക്കറിന് വന്നു
“ഹലോ ഹാ പയ്യനെ ആള് മാറി അറസ്റ്റ് ചെയ്തതാ.. പോലീസിന് പറ്റിയ മിസ്റ്റേക്കാ. നമ്മുടെ പയ്യൻ ഓക്കേയാ”
ബ്രോക്കർ ആവേശത്തോടെ പറഞ്ഞെങ്കിലും ഉടൻ തന്നെ അയാളുടെ മുഖം ഇരുണ്ടു”എന്താ ഈ ബന്ധം വേണ്ടന്നോ”
ഫോൺ കട്ട് ചെയ്ത ബ്രോക്കർ ഗോപിനാഥനെയും സുധാമണിയെയും മാറി മാറി നോക്കി
“ആക്ച്വലി നിങ്ങൾ രണ്ട് കൂട്ടരും തമ്മിൽ എന്താ നടന്നത്””രണ്ട് കൂട്ടരും തമ്മിൽ ഇനി പറയാൻ ഒരു തെറിയും മലയാളഭാഷയിൽ ഇല്ല”
ബ്രോക്കറുടെ ചോദ്യത്തിന് ഓട്ടോ ഡ്രൈവർ ആണ് അല്പം നർമ്മത്തിൽ അത് പറഞ്ഞത്
അപ്പോഴേക്കും സൂരജിന്റെ വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നു ഭാവി വധു ശ്രീലക്ഷ്മിയുടെ
“സൂരജ് നമ്മുടെ കല്യാണം ഇനി നടക്കില്ല നമ്മുടെ വീട്ടുകാർ തമ്മിൽ ഉടക്കി പിരിഞ്ഞത് അറിഞ്ഞോ. ഇനി മേലാൽ സംസാരിച്ചു പോകരുത്, സംസാരിച്ചാൽ കൊന്നുകളയുമെന്നാ വീട്ടിൽ പറഞ്ഞിരിക്കുന്നെ”
“സമയം കുറിപ്പിച്ചതും കല്യാണകുറി അടിച്ചതും വെറുതെ ആയി പോയല്ലോ എന്റെ ഭഗവതി.. ഇനി എന്റെ മോന്റെ വിവാഹം ?
ബ്രോക്കറെ നോക്കി സുധാമണി അത് പറയുമ്പോൾ സൂരജിന്റെ മൊബൈലിൽ നിന്ന് ഒരു മെസ്സേജ് ശ്രീലക്ഷ്മിക്ക് പോയിരുന്നു
“ഇനി ഒന്നേ ഉള്ളൂ നിശ്ചയിച്ച ദിവസം, നിശ്ചയിച്ച മുഹൂർത്തത്തിൽ രെജിസ്റ്റർ മാരിയേജ് അതിന് സമ്മതം ആണോ തനിക്ക് ”
അതിന് അവൾ കൂടി ഓക്കേ തന്നപ്പോൾ സൂരജ് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് തോളത്തു പിടിച്ചുകൊണ്ടു പറഞ്ഞു”എല്ലാം നല്ല രീതിയിൽ നടക്കും അമ്മേ…….