(രചന: അഥർവ ദക്ഷ)
“ഇതെന്താ ധ്യാനേട്ടാ ഇങ്ങനെ ഇരിക്കുന്നത് കുറേ നേരമായല്ലോ ….എന്താ പറയാനുള്ളത് …..” വേദ ചിരിയോടെ ധ്യാനിനെ നോക്കി …
ധ്യാൻ ബാങ്കിൽ നിന്നും ഇറങ്ങി സ്കൂളിൽ നിന്നും വേദയെയും കൂട്ടി വീട്ടിലേക്ക് പോകും അതായിരുന്നു പതിവ് …….ഇന്ന് പതിവുപോലെ പിക് ചെയ്യുമ്പോൾ തന്നെ പറഞ്ഞു എന്തോ പ്രധാനപ്പെട്ട കാര്യം അവന് അവളോട് പറയാനുണ്ടെന്ന് ……
അങ്ങനെയാണ് ബീച്ചിൽ എത്തിയത് പക്ഷേ ഇവിടെ വന്ന് തിരയെണ്ണി ഇരിക്കുന്നതല്ലാതെ അവൻ ഒന്നും സംസാരിച്ചില്ല ……..
“വേദ……എനിക്ക് മറ്റൊരു അഫയർ ഉണ്ടെന്ന് അറിഞ്ഞാൽ എന്താകും നിന്റെ പ്രതികരണം ….”പെട്ടന്നുള്ള അവന്റെ ചോദ്യത്തിനു മുന്നിൽ അവളൊന്ന് പതറി ..
“ഇതെന്താ അങ്ങനെ ഒരു ചോദ്യം ….” അത് അസംഭവ്യമായ കാര്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു”നി പറയൂ ….”അപ്പോളും അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല
“അങ്ങനെ ഒരിക്കലും ഉണ്ടാകില്ലന്ന് എനിക്കറിയാം ….” അവൾ ചിരിച്ചു ….”ഇല്ല വേദ അത് സംഭവിച്ചു കഴിഞ്ഞു …..” അവന്റെ വാക്കുകൾ കൂരമ്പ് പോലെ അവളുടെ ഹൃദയത്തെ തുളച്ചു ….
“ഒന്ന് പോ ഏട്ടാ …..എന്താ ഭാവം എന്റെ വിശ്വാസം പരീക്ഷിക്കാനാ …..” അവൾ വീണ്ടും ചിരിക്കാൻ ശ്രെമിച്ചു ….
“ഞാൻ വലിയൊരു തെറ്റ് ചെയ്തു വേദ…..നിന്നെ കൂടാതെ മറ്റൊരു പെൺ കുട്ടി കൂടി എന്റെ ഹൃദയത്തിന്റെ ഭാഗമാണിപ്പോൾ ….അവൾക്ക് കൂടി ഞാനെന്റെ സ്നേഹം പകുത്ത് കൊടുത്തു പോയി …..” അവൻ തല കുനിച്ചിരുന്നു …..
കേട്ടത് വിശ്വാസമാകാതെ അവൾ തന്റെ ഭർത്താവിനെ തന്നെ നോക്കി ഇരുന്നു …..പിന്നെയും എന്തോ പറയാൻ ഒരുങ്ങിയ ധ്യാനിനെ അവൾ കൈഎടുത്ത് വിലക്കി ..
“എനിക്ക് അൽപ്പം സമയം ഒറ്റയ്ക്ക് ഇരിക്കണം …..” അവൾ തളർച്ചയോടെ മുന്നോട്ട് നടന്ന് ഒരു ചെറിയ പാറയിൻ മേൽ കടലിലേക്ക് നോക്കി വെറുതെ ഇരുന്നു ……
കാറ്റേറ്റ് അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു കുറുനിരകൾ അവളുടെ നെറ്റിയിൽ വീണു കിടന്നു അതൊന്ന് മാടി ഒതുക്കാൻ പോലും അവൾ മറന്നു ……
മടിയിൽ ഒതുക്കി വെച്ചിരുന്ന സാരി തലപ്പ് പിടിവിട്ട് കാറ്റിൽ പാറികളിച്ചു …….കരയെ പുണരാനുള്ള അവേശത്തിൽ തിരമാല പിന്നെയും പിന്നെയും അവളുടെ ഉടയാടാ നനച്ചു കൊണ്ടിരുന്നു ……
ചുറ്റും നടക്കുന്നതൊന്നും അവൾ അറിഞ്ഞില്ല കാതുകൾ കൊട്ടി അടയ്ക്കപ്പെട്ടത് പോലെ ……നെഞ്ചിൽ എന്തോ കിടന്ന് കത്തി അമരുന്നു കണ്ണുകളിൽ നീന്നും അതിന്റെ ചൂട് വമിക്കും പോലെ തോന്നിയവൾക്ക് ..
ആദ്യമായി കടൽ കണ്ട നാൾ ഓർമ്മ വന്നു അവൾക്ക് ….വിവാഹം കഴിഞ്ഞ് 5ആം നാൾ തന്റെ ധ്യാനേട്ടന്റെ കൈയ്യും പിടിച്ച് ഇവിടെ വന്ന ദിവസം ….
സിനിമയിലും ……കൂട്ടുകാരുടെ വർണ്ണനയിലൂടെയും കേട്ടും കണ്ടും താൻ കടൽ കാണാൻ ഒരുപാട് കൊതിച്ചിരുന്നു …..പക്ഷേ വിവാഹത്തിന് മുൻപ് അതിന് അവൾക്ക് സാധിച്ചില്ല ……
അച്ഛനും ..അമ്മയും ..അനിയത്തിയും അടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു വേദയുടേത് ….
കൂലി പണിക്കാരനായ അച്ഛന് സ്കൂളിൽ നിന്നും കോളേജിൽ നിന്നും ഒക്കെ കൊണ്ട് പോയിരുന്ന ടുറിനുള്ള പണം സ്വരൂപിക്കാൻ ഒത്തിരി കഷ്ട്ടപ്പെടേണ്ടി വരും എന്നത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി എന്നു വേണം പറയാൻ ……
ഒരു വയസ്സിന്റെ വിത്യാസം മാത്രമുള്ള രണ്ട് പെൺ മക്കൾ വളർന്നു വരുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ മാതാപിതാക്കളുടെ അവസ്‌ഥ അറിയാമല്ലോ ….
പക്ഷേ കാണാൻ സ്ത്രീത്വം ഉള്ളത് കൊണ്ടും വിദ്യാഭ്യാസം ഉള്ളത് കൊണ്ടും….പഠിത്തം കഴിഞ്ഞ് ഒരു വർഷത്തിൻ ഉള്ളിൽ തന്നെ വേദ വിവാഹിതയായി …..
വേദയ്ക്ക് ഭർത്താവായി കിട്ടിയത് ഗവണ്മെന്റ് ഉദ്യോഗസ്‌ഥനായ ധ്യാനിനെ ആയിരുന്നു ……. ഏകമനായിരുന്നു ധ്യാൻ അമ്മ മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ ……അച്ഛൻ അവൻ കുഞ്ഞായിരുന്നപ്പോളെ മരിച്ചു പോയിരുന്നു ….
വേദ അമ്മയ്ക്ക് സ്വന്തം മകൾ തന്നെ ആയിരുന്നു ….. ധ്യാനിന് അവൾ ജീവനായിരുന്നു … സന്തോഷം നിറഞ്ഞ ആ നാളുകളിൽ അതി മധുരം പോലെ ഒരു വാർത്ത അവരെ തേടിയെത്തി …..വേദ ഗർഭിണിയാണ് ……
താഴത്തും തറയിലും വെയ്ക്കാതെ അമ്മയും മകനും അവളെ കൊണ്ട് നടന്നു പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസേ ഉണ്ടായിരുന്നുള്ളു ……..
3ആം മാസത്തിൽ അവളുടെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ വേദനിപ്പിച്ചു കൊണ്ട് ആ കുഞ്ഞി ജീവൻ പുറത്തേക്ക് ഒഴുകി ….
സങ്കടമെങ്കിലും അവിടെ ആ അമ്മയും മകനും അവൾക്ക് തണലായി ……ആശ്വാസമായി നിന്നു….മരുമകളെ കുറിച്ച് ചോദിക്കുന്നവരോട് …..”അവൾ ഈ വീടിന്റെ വിളക്കാണ്” എന്ന് പറയാൻ അവർ മടിച്ചില്ല …..
വേദയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ധ്യാനിനും ആകില്ലായിരുന്നു ……അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പ്രേതീകമായി വീണ്ടും വേദ ഗർഭിണിയായി ഒന്നല്ല രണ്ട് വട്ടം …പക്ഷേ നിരാശയായിരുന്നു ഫലം ….
ഒരു ട്രീറ്റ്മെന്റും ഫലം കണ്ടില്ല ……വർഷങ്ങൾ പോകെ പതിയെ പതിയെ മുറു മുറുപ്പുക്കൾ കേട്ട് തുടങ്ങി …..അപ്പോളും അമ്മ അവളെ കുറ്റപ്പെടുത്തിയില്ല ധ്യാൻ അവളെ മാറോട് അണച്ചു നിറുത്തി ……അതിനിടയിൽ എപ്പോളോ വേദയുടെ അച്ഛനും അവരെ വിട്ടു പിരിഞ്ഞു ….
ധ്യാനും അമ്മയും അവളുടെ അമ്മയെയും അനുജത്തിയെയും അകമഴിഞ്ഞ് തന്നെ സഹായിച്ചു ……ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിചെയ്തിരുന്ന വേദയുടെ സാലറി വീട്ടിൽ കൊടുക്കുന്നതിൽ അവർ യാതൊരു ഏതിർപ്പും കാട്ടിയില്ല ….
അങ്ങനെ സ്നേഹം കൊണ്ട് തനിക്ക് ചുറ്റും ഒരു കവചം തീർത്ത് തന്റെ കൂടെ ഇന്നലെ വരെ ഉണ്ടായിരുന്ന ആ മനുഷ്യനാണിപ്പോൾ ഇപ്പോൾ തന്നോട് സംസാരിച്ചതെന്ന് ഓർത്തപ്പോൾ അവൾക്ക് വിശ്വസിക്കാൻ ആയില്ല ……
പെട്ടന്ന് ഓർത്തപ്പോൾ അവൾ അവിടെ നിന്നും ചാടി എഴുനേറ്റു പിന്നെ തിരിഞ്ഞ് ധ്യാനിന്റെ അടുത്തേക്ക് നടന്നു ……
അപ്പോളും കാറിൽ ചാരി അവളെ നോക്കി നിക്കുകയായിരുന്നു അവൻ …..അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ ആ മുഖത്തേക്ക് നോക്കി
“വെറുതെ പറഞ്ഞതല്ലേ ഏട്ടാ എന്നെ ഇങ്ങനെ നീറ്റിക്കാൻ വെറുതെ പറഞ്ഞതല്ലേ …..” അവൾ പ്രതീക്ഷയോടെ അവനെ നോക്കി ……
“നിന്നെ വെറുതെ ഞാൻ ഇങ്ങനെ നീറ്റിക്കാൻ നോക്കുമോ വേദ….എനിക്ക് അതിന് കഴിയോ ….” അവൻ തല താഴ്ത്തി കളഞ്ഞു ……
“മറക്കാൻ കഴിയില്ലേ ഏട്ടന് …….അല്ലങ്കിൽ ആ കുട്ടിയെ പോലെ ഞാൻ മാറാം എന്ത് കുറവാ ഏട്ടൻ എന്നിൽ കണ്ടത് അത് പോലെ ഞാൻ മാറാം ……”
അവൾ തന്റെ താലിക്കായി അവന്റെ മുന്നിൽ കെഞ്ചി ……മൗനമായിരുന്നു അതിന് മറുപടി നിറ കണ്ണുകളുമായി അവൻ വിദൂരതയിലേക്ക് നോക്കി നിന്നു……”പറ്റില്ല അല്ലെ ….” അവർ സ്വയം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു ….
“വേദ …..” അവന്റെ പിൻ വിളി അവൾ കേട്ടില്ല മുന്നോട്ട് തന്നെ നടന്നു ധ്യാൻ അവളുടെ പിറകെ ഓടി അവളെ തടഞ്ഞു നിറുത്തി …..
“എന്നെ ഒന്ന് തനിച്ചു വിടൂ …അത്രയെങ്കിലും ….” അവളുടെ കണ്ണുക്കൾ അൽപ്പം ദയക്കായി കേണു
ധ്യാൻ പെട്ടന്ന് നിശ്ചലനായി അവൾ അവിടേക്ക് വന്ന ഓട്ടോയ്ക്ക് യാന്ത്രികമായി കൈ കാട്ടി അതിലേക്ക് കയറി ……..ധ്യാൻ വേഗത്തിൽ ചെന്ന് കാർ എടുത്ത് അവൾക്ക് പിന്നാലെ ചെന്നു ……..
വീടിന് മുന്നിൽ ഓട്ടോ നിന്നപ്പോൾ വേദ ഇറങ്ങി …ഓട്ടോകാരന് കൂലി കൊടുത്തതിന് ശേഷം ഗെയ്റ്റ് തുറന്ന് അകത്തേക്ക് കയറി വാതിൽ തുറന്ന് കിടന്നതു കൊണ്ട് അകത്തേക്ക് കയറി നേരെ റൂമിൽ ചെന്ന് വാതിൽ അടച്ചു …..
അത് വരെ അടക്കി വെച്ച കരച്ചിൽ ചീളുകളായി പുറത്തേക്ക് വന്നു …..അവൾ ബഡിലേക്ക് വീണ് ആർത്തു കരഞ്ഞു …….എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല
“മോളെ …..” അമ്മയുടെ ശബ്ദം കേട്ടപ്പോൾ മുഖം അമർത്തി തുടച്ചു കൊണ്ട് എഴുനേറ്റു ……
കുറച്ചു നേരം അവർ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു …..അവിടമാകെ വല്ലാത്തൊരു നിശബ്ദത തളം കെട്ടി നിന്നു….
“മോളെ അവൻ ചെയ്തത് തെറ്റ് തന്നെയാണ് ….പക്ഷേ മോളെ …..” നിശബ്ദത ഭേധിച്ചു കൊണ്ട് അവർ തന്നെ സംസാരിച്ചു തുടങ്ങി ..
“അമ്മയോടും പറഞ്ഞോ ….” അവളുടെ ഒച്ച വല്ലാതെ നേരത്തിരുന്നു …”പറഞ്ഞു ഞാനാണ് നിന്നോട് ഇത് തുറന്ന് സംസാരിക്കാൻ അവനോട് പറഞ്ഞത് ….അറിഞ്ഞപ്പോൾ ആദ്യം എനിക്ക് അവനോട് ദേഷ്യമാണ് തോന്നിയത് പിന്നീട് ആലോചിച്ചപ്പോൾ …..”
“പിന്നീട് ആലോചിച്ചപ്പോൾ എന്താ അമ്മേ ….””ഒരു കുഞ്ഞില്ലാതെ ഉള്ള ഒരു ജീവിതം അതൊരു ജീവിതമാണോ മോളെ ……ഒരിക്കലും മോളെ അവൻ തള്ളി കളയില്ല അമ്മയ്ക്കും അതിന് ആകില്ല ….അത് കൊണ്ട് മോൾക്ക് ഇത് സമ്മതിച്ചു കൂടെ ….”ഒന്നും മിണ്ടാതെ വേദ അവരെ തുറിച്ചു നോക്കി ഇരുന്നു …..
“അവന് അവളെ പിരിയാൻ ആകില്ല അത് പോലെ ആ കുട്ടിക്കും …..അതേ സമയം മോളെയും അവന് അത്രയ്ക്ക് ഇഷ്ട്ടമാണ്..മോള് ഒന്ന് ആലോചിക്കൂ . ….” അവർ റൂം വിട്ട് പുറത്തേക്കിറങ്ങി ….
വേദ കരയാൻ പോലും മറന്ന് അവിടെ തന്നെ തറഞ്ഞു നിന്നു……ആ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല ഉണർന്നിരുന്ന് ആലോചിച്ചു ……
പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി വന്ന് പതിവുപോലെ കാപ്പി ഇട്ട് ഹാളിലേക്ക് വന്നു ….അമ്മയും ധ്യാനും ഉറക്കം ഉണർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു …..
ചിരിയോടെ തന്നെ അവൾ രണ്ട് പേർക്കും കാപ്പി നെൽകി തെല്ല് അമ്പറപ്പോടെ അവളെ അവർ നോക്കി ……..
“ഇന്നലെ പറഞ്ഞ കാര്യത്തിന് എനിക്ക് സമ്മതമാണ് ….” അവർ അവരോട് സമ്മതം അറിയിച്ചു ….”മോൾക്ക് അറിയേണ്ടേ ആ കുട്ടി ആരാണെന്ന് …..” അമ്മ തിരക്കി ….
“അതെന്റെ അനിയത്തിയാണെന്ന് അമ്മയും ധ്യാനേട്ടനും പറയാതെ തന്നെ എനിക്ക് അറിയാം ….” അവൾ കിച്ചണിലേക്ക് നടന്നു …
ധ്യാനിന്റെ തറവാട്ട് വീട്ടിലെ കുഞ്ഞമ്പലത്തിൽ വെച്ച് …..വരദയുടെ കഴുത്തിൽ ധ്യാൻ താലി ചാർത്തുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും കഴുത്തിൽ അവൻ തന്നെ ചാർത്തിയ താലിയുമായി വേദയും ഉണ്ടായിരുന്നു ……
താലിക്കെട്ട് കഴിഞ്ഞ് ആദ്യ ദിവസം ചെറുക്കനും പെണ്ണും അവിടെയാണ് തങ്ങേണ്ടത് ……
“നിന്നെ പോലെ നിനക്കെ കഴിയൂ മോളെ …..ഈ വീടിന്റെ വിളക്കാണ് നി ….” ധ്യാനിന്റെ വലയമ്മയും മറ്റും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു അവളുടെ അമ്മ മാത്രം അവളുടെ മുഖത്തേക്ക് നോക്കിയില്ല …..
രാത്രിയിൽ മുല്ല പൂക്കൾ കൊണ്ടുള്ള മണിയറ ഒരുക്കിയതും ….പാലും പഴവും അവിടെ കൊണ്ട് ചെന്ന് വെച്ചതും അവൾ തന്നെയായിരുന്നു …..
“എങ്കിലും ഈ പെണ്ണിനെ സമ്മതിക്കണം ….” ആരൊക്കെയോ അടക്കം പറഞ്ഞു ….പുതിയ മണിയറയിലേക്ക് ധ്യാൻ നടക്കുമ്പോൾ എതിരെ വേദ എത്തി …..അവന് ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല …..
“ഇപ്പോൾ ഏട്ടന് സന്തോഷം ആയില്ലേ ….” അവൾ തിരക്കി അവൻ കുറ്റ ബോധത്തോടെ തല കുനിച്ചു
“ചെല്ലൂ വരദ അവിടെ കാത്ത് ഇരിക്കുന്നു ….” അവൾ നടന്നകന്നു കുനിഞ്ഞ ശിരസുമായി അവൻ മണിയറയിലേക്ക് നടന്നു …..
അവിടെ വരദ അവനായി കാത്തിരിക്കുകയായിരുന്നു …..അച്ഛൻ മരിച്ച ആ നാളുകളിൽ എന്നോ അറിയാതെ തുടങ്ങിയ ബന്ധം ഇന്നിവിടെ എത്തി നിൽക്കുന്നു …… ചേച്ചി അറിയാതെയുള്ള രാത്രി സംസാരവും മെസ്സേജും ഒരിക്കൽ പോലും അവളിൽ കുറ്റബോധം ജനിപ്പിച്ചിരുന്നില്ല ……
“നമ്മൾ ചെയ്തത് വലിയ തെറ്റാണ് …..വേദയുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല …..” റൂമിൽ എത്തിയപ്പോൾ അവൻ അവളോടായി പറഞ്ഞു …..
വരദ ചെന്ന് ഡോർ ലോക്ക് ചെയ്തു എന്നിട്ട് കണ്ണിൽ പ്രണയം നിറച്ച് അവനെ ഒന്ന് നോക്കി പിന്നെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ……
അവളുടെ സാമിപ്യം അവന്റെ ഉള്ളിലെ കുറ്റബോധത്തെ മാച്ചു കളഞ്ഞു …..അവൻ മെല്ലെ അവളിലേക്ക് പടർന്നു കയറി ……
ഈ നേരമത്രയും ആ വീട്ടിലെ ലൈറ്റ് ആണായാത്ത റൂമിലേക്ക് നോക്കി താഴെ മുറ്റത്ത് ഇരിക്കുകയായിരുന്നു വേദ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീരെല്ല രക്തമാണ് ഒഴുകി ഇറങ്ങിയത് ……
വരദയുടെ വിളി കേട്ടാണ് ആ രാത്രിയുടെ ആലസ്യത്തിൽ നിന്നും ധ്യാൻ കണ്ണ് തുറന്നത് …..ചായയുമായി മുന്നിൽ നിൽക്കുന്ന അവളെ ഒന്ന് നോക്കി അവൻ ചായ കപ്പ് വാങ്ങി ….
ഫ്രഷ് ആയി റൂമിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഡെയിനിങ് ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു …..വേദയും കാപ്പി കുടിക്ക് ശേഷം പോകാൻ അവർ യാത്രയായി ഇറങ്ങി …
അച്ഛമ്മയോട് യാത്ര പറഞ്ഞ് ധ്യാൻ മുന്നോട്ട് നടന്നു വേദ അവനൊപ്പം നടന്നാലോ എന്ന വ്യഗതയിൽ വരദ കൂടെ ചെന്നു …..
“ധ്യാൻ ഏട്ടാ ഒരു നിമിഷം ….” പെട്ടന്ന് വേദ വിളിച്ചു …..എല്ലാവരും തിരിഞ്ഞു നിന്നു ആ വിളി വരദയ്ക്ക് ഒട്ടും ഇഷ്ട്ടമായില്ല ….അവൾ മുഖം കോടി വേദയെ നോക്കി ….
“എന്താ വേദ …” ധ്യാൻ തിരക്കി”ഇത് വാങ്ങി ചോള്ളൂ ….” അവൾ കൈ അവനു നേരെ നീട്ടി ….
ഒന്ന് സംശയിച്ച ശേഷം അവൻ കൈനീട്ടി അത് വാങ്ങി ….ധ്യാൻ ഉൾപ്പടെ എല്ലാവരും ഒന്ന് ഞെട്ടി ….അത് അവളുടെ താലി മാലയായിരുന്നു …”മോളെ …”അമ്മ മുന്നോട്ട് വന്നു ….
“ഇത് എനിക്ക് നേരത്തെ ആകാമായിരുന്നു എന്നാണോ അമ്മേ …..ആകാമായിരുന്നു പക്ഷേ …ഇത് എനിക്ക് ഞാൻ നെല്കുന്ന ശിക്ഷയാണ് അന്ധമായി എന്റെ താലിയുടെ അവകാശിയെ സ്നേഹിച്ചതിനുള്ള ശിക്ഷ …..” അവൾ തുടർന്നു
“ഭർത്താവിന്റെ ഓരോ ചലനങ്ങളും അറിയുന്നവളാകണം ഭാര്യ ….പക്ഷെ അവിടെ എനിക്ക് തെറ്റി ഇവളോട് നിങ്ങൾ കാട്ടുന്ന അടുപ്പം അതിര് വിടുന്നു എന്ന് പലവട്ടം മനസ്സ് പറഞ്ഞിട്ടും ഞാനത് സ്വയം ഉൾക്കൊള്ളാൻ തെയ്യാറായില്ല ….”
“വേദ എല്ലാം നിന്നോട് ….”നിങ്ങൾക്ക് പറയാനുള്ളത് എല്ലാം കഴിഞ്ഞില്ലേ ഇനി എനിക്കുള്ള സമയമാണ് …. കുടുംബത്തിന്റെ വിളക്ക്” അവളൊന്ന് പുച്ഛിച്ചു ചിരിച്ചു …..
“കുഞ്ഞുങ്ങൾ ഉണ്ടാകാത്ത കംപ്ലൈന്റ് നിങ്ങൾക്ക് ആയിരുന്നെങ്കിലോ ഞാനാണ് അന്യ പുരുക്ഷനെ തേടി പോയതെങ്കിലോ നിങ്ങൾ എങ്ങനെയാകും പ്രതികരിക്കുക …..” അവൾ അവനെ തറപ്പിച്ചു നോക്കി
“അമ്മ പറയൂ എന്തായിരിക്കും അമ്മയുടെ പ്രതികരണം “അവൾ അമ്മയ്ക്ക് നേരെ തിരിഞ്ഞു അവൻ ഒന്നും മിണ്ടാനാകാതെ നിന്നു….
“ഞാൻ കാരണം നിങ്ങൾക്ക് ആർക്കും ഒരു നഷ്ട്ടവും വേണ്ട ….. ഞാൻ സത്യമുള്ള ഒരു ഭാര്യ തന്നെയായിരുന്നു പക്ഷേ ഭർത്താവിനെ ചുമലിലേറ്റി വേശ്യലയത്തിൽ കൊണ്ട് പോകാനും ….
അന്യസ്ത്രീയെ തേടി പോകുന്ന അയാൾക്ക് വേണ്ടി ജീവൻ നഷ്ട്ടമാക്കാനുമുള്ള പാതിവത്യം എനിക്ക് ഇല്ലന്ന് വെച്ചോളൂ കാരണം ഞാനൊരു പെണ്ണാണ് അന്മാഭിമാനമുള്ളൊരു പെണ്ണ് .
പിന്നെ അവൾ അനിയത്തിക്ക് മുന്നിലേക്ക് നീങ്ങി നിന്നു അവളുടെ മുഖത്തേക്ക് നോക്കി ….
“നിനക്കുള്ള എന്റെ മറുപടി കാലം നെല്കും…ഞാൻ അനുഭവിച്ച നീറ്റൽ വേദന ….”അവൾ തന്റെ അമ്മയ്ക്ക് അരികിലും ചെന്നു ……
“രണ്ട് മക്കളെയും രണ്ടായി കാണുന്ന നിങ്ങൾ ….ഒരു മകളുടെ താലി പറിച്ച് മറ്റൊരു മകൾക്ക് നെൽകിയ നിങ്ങൾ അമ്മയെന്ന പദവിക്ക് അർഹയല്ല കളങ്കപെട്ട് പോകും ആ പവിത്രത ……”
കൈയ്യിൽ കരുതിയിരുന്ന ബാഗുമായി അവൾ പുറത്തേക്ക് ഇറങ്ങി പിന്നെ ഒന്ന് തിരിഞ്ഞു നിന്നു
“ഈ ജന്മത്തിലെ സകല ബന്ധങ്ങളും അവസാനിപ്പിച്ചാണ് ഞാൻ ഈ പടി ഇറങ്ങുന്നത് …..എന്നെ തേടി ആരും ഇനി വരരുത് ആരും ….” താക്കീതോടെ പറഞ്ഞ് കൊണ്ട് അവൾ മുന്നോട്ട് നടന്നു
വ്യക്തമായ ധാരണയോടെയുള്ള യാത്ര ചെന്ന് അവസാനിച്ചത് ഒരു ശരണാലയത്തിന് മുന്നിലാണ് …….
അവിടെയുള്ള അനേകം കണ്ണുകൾ സ്വർത്ഥതയില്ലാതെ അവളെ നോക്കി …..തിരസ്‌ക്കരിക്ക പെടുന്ന സ്നേഹത്തിന്റെ വേദന അറിയുന്ന ആ ജന്മങ്ങൾ ഒരിക്കലും ചിരിച്ചു കൊണ്ട് ചതിക്കില്ലന്ന് വേദയ്ക്ക് ഉറപ്പായിരുന്നു …..
നിറഞ്ഞ മനസ്സോടെ അവർ അവളെയും അവൾ അവരെയും രണ്ട് കൈയും നീട്ടി സ്വീകരിച്ചു ……….യഥാർത്ഥ സ്നേഹം എന്തെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് വേദയ്ക്ക് .
വേദ പറഞ്ഞ കാലം കാത്തു വെച്ച മറുപടി …വരദയുടെയും ധ്യാനിന്റെ ജീവിതത്തിൽ അവരെ തേടിയെത്തിയത് ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ആയിരുന്നു അരയ്ക്ക് കീഴോട്ട് തളർന്ന് അവൾ കിടപ്പായി
അപ്പോൾ അവരറിഞ്ഞു കുടുബത്തിന്റെ വിളക്ക് സ്വയം ഊതി കെടുത്തി ഇരുട്ടിലായവരാണ് അവരെന്ന് ………