സ്വാർത്ഥത
(രചന: Anitha Raju)
രജിസ്റ്റർ വിവാഹം കഴിഞ്ഞു മല്ലികയും മകളുമായി വീട്ടിൽ എത്തുമ്പോൾ സഹോദരങ്ങൾ മൂന്നുപേരും വീട്ടിൽ കാത്തു നിൽപ്പുണ്ടാരുന്നു.
ഒരു അനിയനും രണ്ടു സഹോദരിമാരും ആണ് എനിക്കുള്ളത്. ഗേറ്റ് കടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോൾ സഹോദരങ്ങളും അവരുടെ ജീവിത പങ്കാളികളും ദേഷ്യം കടിച്ചമർത്തി നിൽക്കുന്നു.
ഞാൻ ഇതൊന്നും കാര്യം ആക്കാതെ വീടിനുള്ളിൽ കടക്കാൻ നേരം ഒരേ സ്വരത്തിൽ എല്ലാരുടെയും വക ഒരു ചോദ്യം
“വല്യേട്ടൻ ഇത് എന്ത് ഭവിച്ച കുടുംബത്തിനു നാണം കെടുത്താൻ തന്നെ പുറപ്പെട്ടേക്കുവാ ”
ഞാൻ എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി…എന്നിട്ട് പറഞ്ഞു “ഞാൻ വിവാഹം കഴിച്ചത് എന്റെ ആവശ്യം, എനിക്ക് ഒരു കുടുംബം വേണമെന്ന് തോന്നി,.
ഈ പ്രായത്തിലാണോ വല്യേട്ടാ അതും വീട്ടിലെ ജോലിക്കാരി പോരാത്തതിന് ഒരു കുട്ടിയും,.
ഈ ചോദ്യം ഒരു സഹോദരിയുടെ വക, അതിനെ സഹായിക്കും വിധം മറ്റു രണ്ടുപേരുടെയും പ്രോത്സാഹനം.
ഞാൻ ദേവൻ പ്രായം നാല്പത്തഞ്ചു കഴിഞ്ഞു. അച്ഛനും അമ്മക്കും ഞങ്ങൾ നാലു മക്കൾ. ഏറ്റവും മൂത്ത സന്തതി ആണ് ഞാൻ. അകാലത്തിലെ അച്ഛന്റെ മരണം കുടുബം ഭാരം എന്റെ ചുമലിൽ.
സ ർക്കാർ ഉദ്യോഗസ്ഥൻ ആയ അച്ഛന്റെ ജോലി സ്വാഭാവികമായും എനിക്ക് കിട്ടി.സഹോദരി മാരെ രണ്ടുപേരെയും നല്ല രീതിയിൽ വിവാഹം കഴിച്ചു വിട്ടു. അനിയനെ പഠിപ്പിച്ചു അവന് ബാങ്കിൽ ജോലിയും കിട്ടി.
മനസ്സിൽ ഞാൻ മോഹിച്ചു, ആഗ്രഹിച്ചു സഹോദരങ്ങൾ ക്ക് വേണ്ടി ഇത്രെയും നാള് ജീവിച്ച എനിക്ക് വേണ്ടി അവർ ഒരു ജീവിത പങ്കാളിയെ തേടി തരും എന്ന്. എന്നാൽ അതുണ്ടായില്ല.
എന്റെ വിവാഹം കാണാൻ കഴിഞ്ഞില്ല എന്ന വേദന മനസ്സിൽ സൂക്ഷിച്ചു അമ്മയും അച്ഛന്റെ അടുക്കൽ പോയി..
അനിയൻ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ പ്രേമിച്ചു വിവാഹം കഴിച്ചു ബാങ്കിന് അടുത്ത് തന്നെ വീട് എടുത്തു താമസം ആയി. മൂന്നുപേരും സ്വന്തം കാര്യം നോക്കി പോയി.
കുടുംബത്തു ഒന്ന് വരാൻ പോലും ആർക്കും സമയം ഇല്ല. ഞാൻ ജീവിച്ചു ഇരുപ്പുണ്ടോ എന്നുപോലും തിരക്കാതെ ആയി. ഒറ്റപ്പെടലിന്റെ വേദന ഞാൻ ശെരിക്കും അറിഞ്ഞു.
അമ്മക്ക് വയ്യാതെ ആയപ്പോൾ തൊട്ടു സഹായത്തിനു വരുന്ന പെണ്ണാണ് മല്ലിക, അവൾക്കു അഞ്ചു വയസ്സുള്ള ഒരു മകളും ഉണ്ട്.
കൊള്ളാവുന്ന തറവാട്ടിലെ പെണ്ണായിരുന്നു കാമുകനൊപ്പം ഓടിപ്പോന്നു. ഒരു കുഞ്ഞിനെ നൽകിട്ടു അവൻ ഉപേക്ഷിച്ചു.
ഇവിടെ ഒരാളെ ജോലിക്കു വേണം എന്ന് പറഞ്ഞപ്പോൾ ശങ്കരൻ മാമ ആണ് ഇവരെ കൂട്ടിക്കൊണ്ടു വന്നത്
വീട്ടുകാര്യം എല്ലാം ഭംഗി ആയി നോക്കും. അഞ്ചുവയസ്സുകാരി ചിന്നു വും ഞാനും വലിയ ചങ്ങാതി മാരും.
അമ്മയുടെ മരണശേഷം മല്ലിക പോകാൻ തുനിഞ്ഞപ്പോൾ ഇവിടെ നിൽക്കു വേറെ എങ്ങും പോകണ്ട എന്ന എന്റെ അഭിപ്രായത്തെ അവൾ മാനിച്ചു…
പ്രായം കൂടും തോറും എനിക്ക് ഒരു തുണ വേണം. ആ തീരുമാനത്തിന് ഒടുവിൽ മല്ലികക്കും കുഞ്ഞിനും ഒരു ജീവിതം കൊടുക്കാം എന്ന്.
നിരാലംബ ആയ അവൾ എതിർപ്പ് ഒന്നും പറഞ്ഞില്ല. അങ്ങനെ ഇന്ന് ഞങ്ങളുടെ വിവാഹം രജിസ്റ്റർ ഓഫീസിൽ എന്റെ രണ്ടു ചങ്ങാതി മാരുടെ സാന്നിധ്യത്തിൽ നടന്നു.
വിവരം അറിഞ്ഞു എത്തിയതാണ് കൂടപ്പിറപ്പുകൾ. ഈ വീടും സ്ഥലവും കൈവിട്ടു പോകും എന്ന ഭയം.
ഞാൻ മൂന്നുപേരോടും ആയി പറഞ്ഞു നിങ്ങളുടെ മനസ്സിലെ ആധി എന്താണെന്നു എനിക്കറിയാം.
നിങ്ങൾ വിഷമിക്കണ്ട എന്റെ വിവാഹത്തിന് ഒരാഴ്ചമുന്നേ ഈ വീടു എന്റെ കാലശേഷം മല്ലികക്കും മകൾക്കും എഴുതിവെച്ചു. ആരും ഇനി എന്റെ സുഖ വിവരം അറിയാൻ വരണം എന്ന് ഇല്ല.
കുനിഞ്ഞ ശിരസ്സോടെ ഇറങ്ങി പോകുന്ന സഹോദരങ്ങളെ നോക്കി അറിയാതെ നെടുവീർപ്പിട്ടു പോയി…