അറിയാതെ അറിയുക
രചന: Jolly Shaji
“അച്ഛാ അമ്മയെവിടെ..”പുറത്തുനിന്നും ഓടിക്കിതച്ചെത്തിയ പ്രണവിന്റെ ശബ്‍ദം കേട്ട രാജീവ് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു…
“അമ്മ അടുക്കളയിൽ കാണും.. നീയെന്താ വെപ്രാളംപിടിച്ച് ഓടി വന്നേ…””അതെ അച്ഛാ ഇന്ന് പ്ലസ്ടു റിസൾട് വരുമെന്ന്…”
“മം അതിനെന്താ വരട്ടെ.. നിനക്ക് പേടിയുണ്ടോ..””ഏയ് എനിക്ക് പേടിയൊന്നും ഇല്ല… അമ്മേടെ കാര്യം ഓർത്ത് ചെറിയൊരു ടെൻഷൻ..”
“അതിന് നീ ടെൻഷൻ അടിക്കുന്നത് എന്തിനാ.. “”അമ്മക്ക് നല്ല പേടിയുണ്ട്… എങ്ങാനും പേടിച്ച് എന്തേലും പറ്റിയാൽ.. അതാണ് എന്റെ പേടി…”
“ഓ അനുഭവിക്കട്ടെ… ഈ പ്രായത്തിൽ വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ…””അമ്മേടെ ആഗ്രഹം അല്ലാരുന്നോ അച്ഛാ…”
“ഓ പിന്നെ അവള് പഠിച്ചു ഡിഗ്രി എടുത്തിട്ട് വേണം ഇനി എനിക്ക് ജീവിക്കാൻ..”
“പത്താം ക്ലാസ്സിൽ പഠിച്ചപ്പോളും അച്ഛൻ നിരുത്സാഹിപ്പിച്ചതല്ലേ… എന്നിട്ട് കണ്ടോ എഴുപത്തഞ്ചു ശതമാനം മാർക്കു വാങ്ങിയത്..”
“ഒരോ അഭ്യാസങ്ങൾ… മക്കൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കേണ്ടവൾ വല്ല്യ പഠിപ്പിന് ഇറങ്ങിയേക്കുന്നു…”
“അച്ഛൻ അമ്മക്ക് സപ്പോർട്ട് കൊടുക്കുന്നതിനു പകരം ആ പാവത്തിനെ കുറ്റപ്പെടുത്തുവാണോ…”
“ഞാനെന്റെ ഭാര്യക്ക് എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് അറിഞ്ഞു തന്നെയാ ഞാൻ അവളെ കെട്ടിയതു…”
“അത് ഞങ്ങളും കേട്ടിട്ടുണ്ട്… മുത്തശ്ശൻ മരിച്ചപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അമ്മയെ എല്ലാരും കൂടി അച്ഛനെക്കൊണ്ട് കെട്ടിച്ച കഥ..”
“അതുകൊണ്ട് കഞ്ഞികുടിച്ചു കിടക്കുന്നുണ്ട്…””അച്ഛന് പറഞ്ഞാൽ മനസ്സിലാവില്ല… അമ്മക്ക് ഇനിയും പഠിക്കാൻ ഞാനും മണിക്കുട്ടിയും എല്ലാ പ്രോത്സാഹനവും കൊടുക്കും… അല്ലെടി മണിക്കുട്ടീ…”
ഇറയത്തേക്ക് വന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ പ്രബിതയോടായി പ്രണവ് ചോദിച്ചു… ”
“പിന്നല്ല ഏട്ടൻ പറഞ്ഞതാണ് അതിന്റെ ശെരി… അമ്മ പത്തും പ്ലസ് വൺ പ്ലസ് ടു ഒക്കെ പഠിച്ചു പക്ഷേ ഇവിടെ എന്തേലും കുറവ് വരുത്തിയോ… അച്ഛന് എക്സ്ട്രാ എന്തേലും ചിലവ് വന്നോ.. ഏട്ടന്റെ പുസ്തകം നോക്കിയല്ലേ അമ്മ പഠിച്ചത് പോലും… ഞങ്ങൾക്കും ഒന്നിനും ബുദ്ധിമുട്ട് വരുത്തിയില്ല…”
“ഓ ഇപ്പൊ നിങ്ങളൊക്കെ ഒന്ന് ഞാൻ മാത്രം ഒറ്റക്കായി.. “”അച്ഛൻ പരിഭവിക്കേണ്ട അഭിമാനിക്കു… പുറത്ത് നിന്നു നോക്കുന്നവർ അച്ഛനെ പ്രശംസിക്കുകയേ ഉള്ളു…”
രാജീവ് വേഗം വണ്ടിയെടുത്തു പുറത്തേക്കു പോയി…പ്രണവ് അകത്തേക്ക് ചെന്നു…അടുക്കളയിൽ ഇതൊന്നുമറിയാതെ ധൃതിയിൽ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആരുന്നു പ്രീത…
“അമ്മേ എന്താ പണി..””അടുക്കളയിലോ… ഞാൻ ഒരു ഫയൽ നോക്കുവാരുന്നു…”ചിരിച്ചു കൊണ്ട് പ്രീത പറഞ്ഞു…
“ചിരിക്കേണ്ട മിക്കവാറും ഫയൽ നോക്കാൻ വല്യ ഓഫീസിൽ ഇരിക്കാൻ പറ്റിയേക്കും…”
“നീയൊന്നു പോ പ്രവികുട്ടാ…. ഇനി ഈ വയസ്സുകാലത്തു ജോലി കിട്ടാൻ പോകുവല്ലേ… അതും പത്താം ക്ലാസ് വരെ പഠിച്ച ഞാൻ…”
“അപ്പൊ പ്ലസ്ടു പരീക്ഷ എഴുതിയത് വേറെ ആരേലുമാണോ…””എഴുതിയെന്ന് അല്ലെ ഉള്ളു… ഞാൻ പാസ്സാവാൻ പോണില്ല… നിങ്ങടെ നിർബന്ധം കൊണ്ട് എഴുതിയതാ..”
“എന്റെ അമ്മ ജയിക്കും.. അത് കഴിഞ്ഞു നമ്മൾ ഡിഗ്രിക്ക് പോകും… പിന്നെ പി ജി… എന്നിട്ട് എന്റമ്മ ഒരു ജോലിക്കാരി ആവും…”
“ഉവ്വ് ഉവ്വ് അച്ഛൻ കേൾക്കേണ്ട ഇതൊന്നും..””അച്ഛനോട് പോയി പണി നോക്കാൻ പറ അമ്മേ..”
“എടാ.. അച്ഛനോട് കയർത്തു പറയാനോ.. ദേ തല്ലു കൊള്ളും നീ…”പ്രീത ദേഷ്യത്തോടെ അവന് നേരെ കയ്യോങ്ങി..
“ഈ അമ്മേടെ ഒരു കാര്യം… പതിനഞ്ചു വയസ്സിൽ കല്യാണം കഴിച്ച് ഒരു കുടുംബം തലേൽ ഏറ്റി പതിനേഴു വയസ്സിൽ പ്രസവിച്ച് ജീവിതം ഹോമിച്ചതല്ലേ… ഇപ്പോളും അച്ഛന്റെ അടിമയായി
അടുക്കളയിൽ തന്നെ… ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നില്ല അല്ലെ… കഷ്ടം… ഇപ്പോളും സ്വന്തം വീട്ടിൽ ഒന്ന് പോവാൻ, സ്വന്തം അമ്മക്ക് പത്ത് രൂപ കൊടുക്കാൻ അച്ഛന് മുന്നിൽ പട്ടിയെ പോലെ യാചിച്ചു നിൽക്കും.. ഞങ്ങൾക്ക് കണ്ട് കണ്ട് നാണം ആയേക്കുന്നു…”
അവൻ ദേഷ്യത്തോടെയാണ് പറഞ്ഞത്… പ്രീതക്കും കാര്യം മനസ്സിലായി..”ഏട്ടൻ ഒന്നും പറയേണ്ട.. അമ്മക്ക് സ്വയം ചിന്തിക്കാൻ കഴിവില്ലേ.. ഇങ്ങ് പോര്..”
മണിക്കുട്ടി പ്രണവിന്റെ കയ്യിൽ പിടിച്ച് വലിച്ചു..”അമ്മാ ഇന്ന് റിസൾട്ട് വരും പ്ലസ്ടു.. അത് പറയാൻ ആണ് ഏട്ടൻ ഇത്രയും പറഞ്ഞത്..”
പെട്ടന്ന് പ്രീതയുടെ മുഖം മാറി.. അവളുടെ മുഖത്ത് നല്ല ഭയം നിഴലിച്ചു…”മോളെ മണിക്കുട്ടീ എനിക്ക് കയ്യും കാലും വിറക്കുന്നു… ശോ..”
“എന്തിനാ അമ്മ പേടിക്കുന്നെ ഞങ്ങടെ അമ്മക്ക് നല്ല മാർക്ക് കിട്ടും…””മോളെ ജയിച്ചാൽ മതിയാരുന്നു അല്ലെങ്കിൽ അച്ഛൻ കുറ്റപ്പെടുത്തി ശ്വാസം മുട്ടിക്കും…”
“അതിപ്പോൾ ജയിച്ചാലും തോറ്റാലും അച്ഛൻ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും… അമ്മ ടെൻഷൻ ഒന്നും ആവേണ്ട… ഞങ്ങൾ ഇല്ലേ അമ്മക്ക് സപ്പോർട് ആയി…”
“അതാണ് മക്കളെ ഏക ആശ്വാസം… എന്നേ മനസ്സിലാക്കുന്ന എന്റെ മക്കൾ…””എങ്കിൽ വേഗം ജോലിയൊക്കെ തീർക്കു.. പതിനൊന്നു മണിക്ക് റിസൾട്ട് വരുമെന്ന്…”
മക്കൾ രണ്ടാളും അശ്വസിപ്പിച്ചു കൂടെ ഉണ്ടെങ്കിലും പ്രീതയുടെ ഉള്ളിൽ വല്ലാത്ത ഭയം ആയിരുന്നു… ജോലികൾ ചെയ്തിട്ടു നീങ്ങുന്നേ ഇല്ല.. അടുപ്പത്തു ചോറ് തിളച്ചു തൂവിയിട്ടും അറിയുന്നില്ല…
പതിനൊന്ന് മണിക്ക് മന്ത്രി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രണവ് നോക്കുന്നുണ്ട് നെറ്റിൽ.. പക്ഷേ നെറ്റ് ഭയങ്കര സ്ലോ ആയിരുന്നു.. പ്രീത ടെൻഷൻ കൂടി ഇടയ്ക്കിടെ ടോയ്‌ലെറ്റിലേക്ക് ഓടും… ഗ്യാസ് കയറുന്നപോലെ എന്തോ വിഷമം…
പുറത്ത് രാജീവിന്റെ ബൈക്കിന്റെ ശബ്‍ദം കേട്ട പ്രീത പേടികൊണ്ട് വേഗം അടുക്കളപ്പുറത്തേക്ക് പോയി…”മണിക്കുട്ടീ… എവിടെടി അമ്മ..”
അയാൾ പ്രീതയെ തിരക്കി അടുക്കളയിൽ ചെന്നിട്ടു കാണാത്തതിനാൽ പ്രണവിന്റെ മുറിയിലേക്ക് ചെന്നു… പ്രണവും മണിക്കുട്ടിയും നെറ്റിൽ സേർച്ച് ചെയ്യുകയായിരുന്നു അപ്പോളും …
“അമ്മ ഇപ്പൊ ഇവിടെ ഉണ്ടാരുന്നല്ലോ അച്ഛാ.. അടുക്കളയിൽ കാണും..””ഞാനിപ്പോ അടുക്കളയിൽ പോയി നോക്കി അവിടെ കണ്ടില്ലല്ലോ…”
“എങ്കിൽ മുറ്റത്തെങ്ങാനും കാണും.. അല്ലെങ്കിൽ ആടിനെ കെട്ടാൻ പറമ്പിൽ പോയിക്കാണും…”
“ശോ ഒരു നല്ലകാര്യത്തിന് നോക്കിയാൽ ഇവളെ കാണില്ല…”അയാൾ പിറുപിറുത്തുകൊണ്ട് ഇറയത്തേക്ക് പോയി..
മണിക്കുട്ടി വേഗം പുറത്തിറങ്ങി അമ്മയെ വിളിച്ചു…”അമ്മെയ്… ഈ അമ്മ എവിടെ പോയികിടക്കുവാ…”
അപ്പോളാണ് ആട്ടിൻ കൂടിന്റെ അടുത്തുള്ള പഴയ സാധനങ്ങൾ ഇട്ടേക്കുന്ന ചായ്‌പ്പിൽ നിന്നും എന്തോ മറിഞ്ഞു വീഴുന്ന ശബ്‍ദം കേൾക്കുന്നത്… അവൾ വേഗം അതിനുള്ളിലേക്ക് കയറി നോക്കി… പറമ്പിലെ പണിയായുധങ്ങങ്ങൾ വെച്ചിരിക്കുന്നതിന് ഇടക്ക് അമ്മ..
“അമ്മയെന്താ ഇവിടെ.. അച്ഛൻ വന്ന് അമ്മയെ തിരക്കുന്നു…””അത് പിന്നെ മോളെ ഞാൻ ഒരു കൈക്കോട്ട് എടുക്കാൻ വന്നതാ… മുറ്റത്ത് മുഴുവൻ പുല്ല്.. ഒന്ന് ചെത്തി കളയാൻ..”
“അതൊക്ക പിന്നെ ആവാം അമ്മ ഇങ്ങ് വന്നേ…”അവൾ പ്രീതയുടെ കയ്യിൽ പിടിച്ച് വലിച്ചു.. പെട്ടെന്ന് പ്രീതയുടെ കയ്യിൽ നിന്നും ഒരു കുപ്പി താഴെ വീണത് മണിക്കുട്ടീ കണ്ടു… അവൾ സൂക്ഷിച്ചു നോക്കി… *ഫ്യൂറഡാൻ*..
“അമ്മേ… എന്താ അമ്മേ ഇത്… എന്തിനാ എന്റെ അമ്മ…””ഇല്ല മോളെ.. അത് താഴെ രണ്ട് വാഴക്ക് ഇടാൻ എടുത്തതാ…”
മണിക്കുട്ടീ വേഗം അമ്മയെ പിടിച്ച് വലിച്ചു പുറത്തേക്കു കൊണ്ടുവന്നു… അപ്പോളാണ് അടുക്കളയിൽ നിന്നും രാജീവ് പുറത്തേക്കു വരുന്നത്… പ്രീത വേഗം മോൾക്ക് പിന്നിലേക്ക് മാറി..
“നീയെന്താടി എന്നേ കണ്ട് ഒളിച്ചു കളിക്കുന്നത്… ഞാൻ എപ്പോ മുതൽ തിരക്കുവാ നിന്നെ…”
“അത് രാജീവേട്ടാ.. ഞാൻ കുറച്ചു പണികൾ ആരുന്നു…””ഉം കുറച്ചൂടെ കഴിഞ്ഞെങ്കിൽ പണി ആയേനെ…”മണിക്കുട്ടീ അമർത്തി മൂളി…
രാജീവ് വേഗം പ്രീതയുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി.. ഡൈനിങ് ടേബിളിന് അടുത്തെത്തിയ അയാൾ മേശയിൽ ഇരുന്ന കേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു..
“ദേ കേക്ക് വേഗം മുറിക്കു…””അതിപ്പോൾ എന്തിനാ ഞാൻ…””താൻ മുറിക്കേടോ… എടാ മക്കളെ അമ്മയും അച്ഛനും കേക്ക് മുറിക്കുന്ന ഫോട്ടോ ഒന്നെടുത്തെ നിങ്ങൾ..”
“അതിപ്പോ അച്ഛൻ എന്തിനാ കേക്ക് വാങ്ങിയത്…””എടാ മക്കളെ ഞാൻ ടൗണിൽ ചെന്നപ്പോൾ വെറുതെ അവിടുത്തെ കമ്പ്യൂട്ടർ സെന്ററിൽ കയറി നിങ്ങടെ റിസൾട് നോക്കി…”
“സത്യമാണോ അച്ഛാ… ഞങ്ങൾ കുറേ നേരം ആയി നോക്കുന്നെ ഇവിടെ നെറ്റ് കിട്ടുന്നെ ഇല്ല…”
അയാൾ വേഗം പോക്കറ്റിൽ മടക്കി വെച്ചിരുന്ന റിസൾട്ട് എടുത്തു പ്രണവിന് നേരെ നീട്ടി… അവൻ ആദ്യം നോക്കിയത് അമ്മയുടെ മാർക്കാണ്… എൺപതഞ്ചു ശതമാനം മാർക്ക് അമ്മക്ക്.. അവൻ അമ്മയെ കെട്ടിപിടിച്ചു..
മണിക്കുട്ടിയും അമ്മയെ കെട്ടിപ്പിടിച്ചു…
“അമ്മേം മോനും കൂടി കേക്ക് മുറിച്ചോളു..”പ്രീതയും പ്രണവും കേക്ക് മുറിച്ച് അവർ സന്തോഷത്തോടെ കഴിച്ചു…”അച്ഛാ ഞാൻ ഒരു രഹസ്യം ചോദിക്കട്ടെ…”
പ്രണവ് അച്ഛന്റെ ചെവിയിൽ രഹസ്യമായി ചോദിച്ചു..”നീ ചോദിച്ചോടാ മോനെ..””സത്യത്തിൽ അച്ഛൻ ഇപ്പൊ ടൗണിൽ പോയത് എന്തിനാ…”
“അത്.. അതെനിക്കൊരു ആവശ്യം ഉണ്ടാരുന്നു…””എന്താവശ്യം സത്യം പറയ് അച്ഛാ… റിസൾട്ട് നോക്കാൻ പോയതല്ലേ.. സത്യത്തിൽ അമ്മേയെക്കാൾ ടെൻഷൻ അച്ഛന് അല്ലായിരുന്നോ…”
“ഓ പിന്നെ എനിക്കെന്തിനാ ടെൻഷൻ.. ഞാൻ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ ജസ്റ്റ് കേറി നോക്കി… അത്രേ ഉള്ളു..”
“എടാ കള്ളനച്ഛാ വെറുതെ നുണ പറയല്ലേ.. മം മം ഭാര്യേടെ റിസൾട് നോക്കാൻ പോയിട്ട് കള്ളത്തരം പറയുന്നത് കേട്ടോ…”
“എടാ മോനെ അച്ഛന്റെ സ്വഭാവം ഇങ്ങനെ ആണ് അത് അവൾക്ക് അറിയാം… അതല്ലെടാ അവൾ എന്നേ വിട്ടു പോവാത്തത്..”
ഇതൊന്നുമറിയാത്ത പ്രീത സന്തോഷത്തോടെ ഓടി അടുക്കളയിലേക്ക് മക്കൾക്കും ഭർത്താവിനും ഉച്ചയൂണ് വിളമ്പാൻ….