ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?”

സ്ത്രീധനം
(രചന: Joseph Alexy)

“ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ
വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി.

“അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?” ആദിയും വിട്ട് കൊടുത്തില്ല.”നീ അവളേം കൊണ്ട് ഇങ്ങോട്ട് അല്ലെ വരണേ.. നിനക്ക് സ്വന്തം ആയിട്ടും കിടപ്പാടം ഒന്നും ഇല്ലാലോ ഇത്രക്ക് ഞെളിയാൻ ”

“അച്ഛാ അവൾക്ക് നല്ലോരു ജോലി ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എല്ലാത്തിലും വലുത് ഞങ്ങൾ ഇഷ്ടത്തിൽ ആണ് ഇതിൽ കൂടുതൽ അച്ഛന് എന്താ വേണ്ടേ?? ”

ആദി ക്ഷമയുടെ നെല്ലി പലകയിൽ എത്തി.”എടാ മോനെ.. നിന്നെ ഇത്രേം കഷ്ടപെട്ട് പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത് അങ്ങനെ ചുമ്മാ കെട്ടിക്കാൻ അല്ല. ചുരുങ്ങിയത് അൻപത് പവൻ എങ്കിലും കിട്ടണം അതാണ് അന്തസ്.. ”

“അച്ഛൻ ഒരു മാതിരി പണ്ട് കാലത്തെ ആർത്തി പിടിച്ച തന്തമാരെ പോലെ സംസാരിക്കരുത്.. എനിക്ക് അവളെ കെട്ടിയെ പറ്റൂ.. ” ആദിയും ഒട്ടും വിട്ട് കൊടുക്കാൻ തയ്യാറായില്ല.

” അവൾക്ക് എന്ത് സാലറി ഉണ്ട് ?? “” കറക്റ്റ് അറിയില്ല എന്തായാലും പത്ത് ഇരുപത്തഞ്ചു ഓക്കേ ഉണ്ട്..എനിക്കും നല്ല സാലറി ഉണ്ടല്ലോ ഞങ്ങൾക്ക് ജീവിക്കാൻ അത് ഓക്ക മതി.. ”

“ഇരുപത്തഞ്ച് കുണുവയൊ നമ്മുടെ മൂത്തച്ചന്റെ പറമ്പിലെ കപ്പലണ്ടി വിറ്റാൽ കിട്ടൂലൊ അതിൽ കൂടുതൽ..

ആദി കുടുംബത്തിന്റെ അഭിമാനം കൂടി നോക്കണം. ഇങ്ങനെ ആണേൽ ഈ ബന്ധം നമുക്ക് വേണ്ടാ മോനെ “ജയരാജൻ കുറച്ചു ബലം പിടിച്ച് തന്നെ തന്റെ തീരുമാനം അറിയിച്ചു

“പിന്നെ പള്ളി പോയി പറഞ്ഞാ മതി.. ബാക്കി ഉള്ളോർ പുറകെ നടന്ന് കഷ്ടപെട്ട് വളച്ചു ഒരെണ്ണം സെറ്റ് ആക്കി കൊണ്ട് വരുമ്പോൾ ആണ് അച്ഛന്റെ
ചവിട്ട് നാടകം ..”

” ഇത്രക്ക് നിർബന്ധം പിടിക്കാൻ നീ അവളുടെ കൂടെ കിടന്നിട്ട് ഒന്നുമില്ലാലൊ? “” അതൊക്ക ഉണ്ട്.. ഇനി അതിനും ഞാൻ അച്ഛന്റെ പെർമിഷൻ വാങ്ങണാരുന്നൊ? ഓഹ്.. ഇങ്ങേർ ഇത് കൊളമാക്കും ”

ആദി രണ്ടു കയ്യും തലക്ക് കൊടുത്ത് അന്തം വിട്ട് അച്ഛനെ നൊക്കി.” എടാ നീ.. വിവാഹത്തിന് മുൻപ് ഇതൊക്കെ പാപം ആണെന്ന് നിനക്ക് അറിയില്ലെ ആദി ?? നല്ല കുട്ടികൾഇങ്ങനെ ഓക്കേ ചെയ്യാൻ പാടു….. ”

“മാങ്ങാതൊലി.. ഞങൾ രണ്ട് പേരും പ്രായ പൂർത്തിയായ സ്വന്തം ആയ് വരൂമാനം ഉള്ള independent ആയ വ്യക്തികൾ ആണ്.. കല്യാണം കഴിക്കുമെന്നാ ഉറപ്പുമുണ്ട് ഇനി എന്താ വേണ്ടേ?? ”

ആദിയുടെ മറുപടി കേട്ട് ജയരാജന്റെ ഒന്ന് രണ്ട് കിളികൾ പാറി പോയി.ആദി കുറച്ചു നേരം അച്ഛനെ നോക്കി നിന്നൂ.. പുള്ളി കാര്യം ആയിട്ട് എന്തോ ആലോചനയിൽ ആണ്

” ആദി നീ എന്തൊക്ക പറഞാലും..
ഇനി എന്തൊക്കെ സംഭവിച്ചാലും അൻപത് പവൻ എങ്കിലും കിട്ടാതെ ഈ കല്യാണത്തിന് ഞങ്ങൾ സമ്മതിക്കില്ല. ”
ജയരാജൻ ബലം പിടിത്തം ഒട്ടും കുറച്ചില്ല.

“ദേ പിന്നേം.. പണം കിട്ടിയാൽ മാത്രമെ കെട്ടാൻ പറ്റുള്ളൂന്ന് ഓക്കേ ആരുണ്ടാക്കിയ നിയമം ആണ്.. അല്ലാത്തവരും ഇവിടെ ജീവിക്കുന്നില്ലെ?? ”

ആദിയുടെ ശബ്ദം ഉയർന്നു.
അത് കേട്ട് അമ്മയും അങ്ങോട്ട് എത്തിയിരുന്നു

“എടാ മോനെ പെൺമക്കക്ക് അവകാശപെട്ടത് കൊടുക്കണം എന്നും പിതാവിന്റെ സ്വത്തിൽ ആണ്കുട്ടിക്കും പെൺകുട്ടിക്കും തുല്യ അവകാശം ആണെന്നും സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട്…

നീ അവളോട് ചോദിക്കുന്നത് ആരുടേം ഔദാര്യം അല്ല അവൾക്ക് അവകാശപെട്ട സ്വത്ത് തന്നെ ആണ് ഇപ്പൊ മനസിലായൊ ?? ”

ജയരജൻ മകനെ തന്ത്ര പരമായി കാര്യങ്ങൾ പറഞ്ഞു വശത്താക്കാൻ ശ്രെമിച്ചു.

” മാത്രമല്ല.. നാളെ നിങ്ങൾക്ക് ഒരു പ്രശ്നം വന്നാലൊ അവൾക്ക് എന്തെങ്കിലും അടിയന്തരമായ ആവശ്യം വന്നാലൊ ആരുടേയും കാലു പിടിക്കണ്ട..

അവൾക്ക് അതൊരു സേവിങ്സ് ആയ് കിടക്കില്ലെ?? ഇപ്പൊ നീ പറ നിങ്ങളുടെ ഭാവിക്ക് വേണ്ടി അല്ലെ അച്ഛനും അമ്മയും ഇതൊക്കെ പറയണേ ? “അമ്മയും അച്ഛന്റെ പക്ഷം ചേർന്നു.. കൗശലത്തോടെ കാര്യങ്ങൾ നീക്കി.

“അതിന് അവർക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടേൽ മകൾക്ക് കൊടുത്തോട്ടെ. അല്ലാണ്ട് കണക്ക് പറഞ്ഞു വാങ്ങുക എന്നൊക്കെ പറഞ്ഞാൽ മോശം അല്ലെ? ഇനി അവളുടെ അച്ഛൻ തരാൻ തയ്യാർ അല്ലെങ്കിലോ?”

ആദി സംശയം പ്രെകടിപ്പിച്ചു.”അവിടെ ആണ് നിന്റെവ് കഴിവ്.. നിങ്ങളുടെ നല്ല പ്രായത്തിൽ ആണ് പണത്തിന്റെ ആവശ്യം..

ജീവിതം ആസ്വദിക്കണ്ട സമയത്ത് ഇതൊക്കെ കിട്ടിയാൽ അല്ലെ ആദി കാര്യം ഉള്ളു.. നിന്റെയും അവളുടെയും നല്ലതിന് വേണ്ടി അല്ലെ നീ പറഞ്ഞു സമ്മതിപ്പിക്ക്..”

ജയരാജന്റെ അവസാന ആണി ആദിയിൽ കാര്യം ആയിട്ട് തന്നെ കൊണ്ടു. അവൻ കുറച്ച് സമയം എന്തോ ആലോചിച്ചു.

“ആം ഞാൻ ചോദിച്ചു നോക്കാം.. നിങ്ങൾ രണ്ട് പേരും ഇത്രേം
പറഞ്ഞതല്ലെ ” അതും പറഞ്ഞു ആദി അവിടെ നിന്നും പോയി.

തന്റെ കാമുകിയായ ശ്രുതിയെ വിളിച്ചു.. വീട്ടിലേക്ക് വരുന്നുണ്ട് എന്നും അച്ഛനെ കണ്ട് സംസാരിക്കണം എന്നും പറഞ്ഞു.

” അച്ഛാ അമ്മേ.. ഞാൻ അവളുടെ വീട്ടിലേക്ക് പോവാ.. വന്നിട്ട് പറയാം “” വിജയിച്ചു വരൂ.. “ജയരാജൻ മകനെ ആശിർവദിച്ചു.

” കണ്ടോടി അവൻ എന്റെ മകനാ.. അവൻ പോയ കാര്യം നേടിയെ വരൂ.. ”
അയാൾ പൊട്ടി ചിരിച്ചു.

സമയം ഓടി കൊണ്ടേ ഇരുന്നു.. ജയരാജനും ഭാര്യയും ഭാര്യയും മകന്റെ വരവും കാത്ത് കണ്ണും നട്ട് കാത്തിരുന്നു
ആയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..

വൈകുന്നേരം ആയപ്പോഴേക്കും ആദി തിരിച്ചു വന്നു. മുഖത്തു സന്തോഷം
പ്രെകടം ആണ്” എന്തായെടാ.. പോയ കാര്യം ?? ”

ജയരാജൻ മകൻ വന്ന് കയറിയതെ
ആകാംഷയോടെ ഓടി അരികിൽ വന്നു.” പോയ കാര്യം നടന്നു.. അവളുടെ വീട്ടുകാർ സമ്മതിച്ചു.. ”

അവൻ നല്ല സന്തോഷത്തോടെ മറുപടി പറഞ്ഞു. അത് കേട്ട് ജയരാജന്റെയും ഭാര്യയുടെയും മുഖം കാര്യം ആയിട്ട് തന്നെ വിടർന്നു.. കണ്ണിൽ പൂത്തിരി കത്തി.

“കണ്ടോ ഇത്രേ ഉള്ളു കാര്യങ്ങൾ.. പറയണ്ട പോലെ പറഞ്ഞാൽ എല്ലാം നടക്കും. എനിക്ക് ഉറപ്പ് ആയിരുന്നു
എന്റെ മോൻ പോയ കാര്യം നടത്തിയെ വരൂന്ന് ”

ജയരാജൻ അഭിമാനത്തോടെ മകനെ പുണർന്നു.” പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്..”ആദി ഒരു കാര്യം കൂടി അവർക്ക് മുന്നിലേക്ക് എടുത്ത് ഇട്ടു.

” എന്താ..? ” അച്ഛനും അമ്മയും ഒരേ പോലെ ചോദിച്ചു.” അവളുടെ അച്ഛനും അമ്മയും മകൾക്ക് വേണ്ടത് കൊടുക്കാം എന്നും

കല്യാണത്തിന് സമ്മതം ആണെന്നും അറിയിച്ചു.. പക്ഷെ അവർക്ക് ഒരു ഉറപ്പ് വേണം “” എന്ത് ഉറപ്പ്???? ” അച്ഛൻ പുരികം ചുളിച്ചു.

“അവരുടെ മകൾക്ക് കൊടുക്കുന്നത് വാങ്ങാനും അവളെ നോക്കാനും ഞാൻ അർഹൻ ആണെന്ന് തെളിയിക്കണം..”

“അതിന് എന്താ ചെയ്യണ്ടേ.. നീ അർഹൻ അല്ലെ??” അച്ഛനും അമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു.

” വേറെ ഒന്നും വേണ്ട.. ഈ വീടും പറമ്പും എന്റെ പേർക്ക് എഴുതി വക്കണം അത്രേ ഉള്ളു ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ജയരാജൻ അത് കേട്ട് ഞെട്ടി തരിച്ചു.. അവന്റെ അമ്മ മിണ്ടിയില്ല.

“അതെന്തിനാ ?? ” അയാൾ ശബ്ദം ഉയർത്തി ചോദിച്ചു.” അച്ഛാ.. ശ്രുതിയുടെ അച്ഛൻ അവൾക്ക് അവകാശപെട്ടത് കൊടുക്കുന്നു.. അച്ഛൻ എനിക്ക് അവകാശപെട്ടത് തരുന്നു..

അച്ഛൻ നേരത്തെ പറഞ്ഞ പോലെ സ്വന്തം ആയിട്ട് കിടപ്പാടം പോലും ഇല്ലാത്തവൻ ആകരുതല്ലൊ ഞാൻ.. ഇതും ന്യായം അല്ലെ?”

ആദി വളരെ വ്യക്തം ആയി കാര്യങ്ങൾ അവതരിപ്പിച്ചു.” എന്താ മോനെ അതിന്റെ ആവശ്യം?? ഞങ്ങൾക്ക് ഉള്ളത് എല്ലാം നിനക്ക് തന്നെ അല്ലെ ? ”

അയാളുടെ എനർജി എല്ലാം ചൊർന്ന് പോയി തുടങ്ങിയിരുന്നു.” അച്ഛൻ അല്ലെ പറഞ്ഞെ നമ്മുടെ

നല്ല പ്രായത്തിൽ ആണ് പണത്തിന്റെ ആവശ്യം.. ജീവിതം ആസ്വദിക്കണ്ട സമയത്ത് ഇതൊക്കെ കിട്ടിയാൽ അല്ലെ കാര്യം ഉള്ളു.. എന്നൊക്കെ ..

ഞാനും അത് കാര്യം ആയിട്ട് ആലോചിച്ചു അച്ഛൻ പറഞ്ഞത് ശരി ആണ് ഇപ്പോൾ കിട്ടണം എല്ലാം ”
ആദി പ്രേതീക്ഷയോടെ അച്ഛനെ നോക്കി.

ജയരാജൻ ഒന്നും മിണ്ടാൻ ആകാതെ കണ്ണ് മിഴിച്ചു നിന്നു. അയാളുടെ ഭാര്യ ‘വല്ല കാര്യം ഉണ്ടാരുന്നോ ‘ എന്നാ പോലെ ഭർത്താവിനെ തന്നെ നോക്കി നിന്നൂ.

കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് മനസിലാക്കിയ ജയരാജൻ പെട്ടെന്ന് തന്നെ അടവ് മാറ്റി.

” മോനെ.. വിവാഹം എന്നത് മനസ്സുകൾ തമ്മിൽ ഉള്ള ഒത്ത് ചേരൽ ആണ് രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പരസ്പര വിശ്വാസത്തിനും സ്നേഹത്തിനും ആണ് അവിടെ പ്രാധാന്യം അല്ലാണ്ട് പണത്തിന്
അല്ല..”

” അല്ലച്ഛാ.. അപ്പൊ നമ്മുടെ കുടുംബത്തിന്റെ അന്തസ്സ് തറവാടിന്റെ അഭിമാനം മൂത്തച്ചന്റെ കപ്പലണ്ടി ..”

ആദി സംശയത്തോടെ മെല്ലെ ചിരിച്ചു ചോദിച്ചു. ജയരാജൻ ഒന്നും മിണ്ടാൻ ആവാതെ നിന്നു.

“നമ്മുടെ കുടുംബത്തിന്റെ അന്തസ് വച്ച് ഇത്രയും തുക വാങ്ങി കല്യാണം കഴിക്കുമ്പോൾ എനിക്കും ഒട്ടും
കുറയരുതല്ലോ? പിന്നെ സുപ്രിം കോടതി വിധി പ്രെകാരം മകന് അല്ലെ അവകാശം? “ആദി തന്റെ ന്യായങ്ങൾ ഒന്ന് ഒന്നായ് നിരത്തി.

” എന്ന് കരുതി അച്ഛൻ അമ്മമാർ
ജീവിച്ചിരിക്കുമ്പോൾ കൊടുക്കണമൊ വേണ്ടയോ എന്നത് അവരുടെ തീരുമാനം ആണ് മോനെ ” ജയരാജൻ പിന്നെയും തന്ത്രം മാറ്റി.

” പക്ഷെ ശ്രുതിയുടെ അച്ഛൻ
കൊടുക്കുണ്ടല്ലോ പിന്നെന്താ അച്ഛനു എനിക്ക് തന്നാൽ ??”

” ശ്രുതിയുടെ അച്ഛൻ തല കുത്തി നിന്നാൽ ഞാനും നിൽക്കണോ? എന്ത് കഷ്ടം ആണ്…. എനിക്ക് തരാൻ സൗകര്യം ഇല്ല. അച്ഛൻ അമ്മമാരോട് ഇങ്ങനെ ഒന്നും സംസാരിച്ചു പഠിക്കരുത് ആദി ”

ജയരാജൻ കലി തുള്ളി എഴുനെറ്റ് പോയി.ആദിക്ക് അത് കണ്ട് ചിരി പൊട്ടി എങ്കിലും പുറത്ത് കാട്ടിയില്ല.

ജയരാജൻ തന്റെ റൂമിൽ പോയി കുറച്ചു നേരം കിടന്നു. ‘ വിവാഹം മനസുകൾ തമ്മിൽ ചേരെണ്ടതാണ് പണം അല്ല പ്രാധാന്യം ‘ ഇത് തന്റെ വായിൽ നിന്ന്
വന്നത് തന്നെ ആണോ?

കഴിഞ്ഞു പോയ കുറച്ചു നിമിഷങ്ങൾ അയാളുടെ മനസ്സിൽ കൂടി പെട്ടെന്ന് കടന്ന് പോയി…

‘ സ്വന്തം മകന് ആയിരുന്നിട്ട് കൂടി ആദി അവന്റെ അവകാശം ചോദിക്കുമ്പോൾ
എന്ത് കൊണ്ടാണ് തനിക്ക് പറ്റാത്തത്..?

എല്ലാ ബന്ധങ്ങൾക്കും മുകളിൽ
താൻ പണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ ??

‘പണകൊതി മൂത്ത ആർത്തി പിടിച്ച അച്ഛൻ ‘ അതാണോ തന്റെ സ്ഥാനം…രണ്ട് ദിവസം കഴിഞ്ഞ് ആദി സോഫയിൽ ഇരിക്കുമ്പോൾ അച്ഛൻ വന്ന് അടുത്തായ് ഇരുന്നു.

” ആദി നീ പറഞ്ഞത് ശരി ആണ്.. പണം കൊടുത്താൽ മാത്രമെ കല്യാണം കഴിക്കാൻ പറ്റൂ എന്നൊക്കെ പണ്ട് ആരോ പറഞ്ഞു ഉണ്ടാക്കിയത് നമുക്ക് അതൊന്നും വേണ്ട.. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കണ്ടാൽ മതി ”

” ഉറപ്പ് ആണോ?? ഇനി കല്യാണം കഴിഞ്ഞു അവൾ ഇവിടെ വന്നാൽ തനി സ്വഭാവം കാണിക്കൊ രണ്ടാളും ??? ”
അവൻ സംശയത്തോടെ ചോദിച്ചു.

“ഇല്ല.. അവൾക്ക് അവക്കടെ അച്ഛൻ കൊടുക്കോ കൊടുക്കാണ്ടിരിക്കോ ചെയ്യട്ടെ നമുക്ക് അത് നോക്കണ്ട.. വേണ്ട രീതിയിൽ കല്യാണം നടത്തിയേക്കാം..”

അതും പറഞ്ഞു ജയരാജൻ അവിടെ നിന്നും എണീറ്റു പോയി.ആദി അന്തം വിട്ട് അച്ഛനെ നൊക്കി ഇരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ ബെല്ലടിച്ചു. തന്റെ പെണ്ണ് ശ്രുതി ആണ് ഫോണിൽ

” ആദിയെട്ടാ.. അന്ന് വന്നപ്പോൾ അച്ഛനെ കാണാൻ പറ്റീലല്ലൊ.. അച്ഛൻ നാളെ വീട്ടിൽ എത്തും. നാളെ വീട്ടിൽ വരുവോ?? ”

” ആം ഞാൻ നാളെ വരാം..”ആദി അവൾക്ക് ഉറപ്പ് കൊടുത്തു..പിന്നെ അവർ അവരുടെതായ ലോകത്തിലെക്ക് മെല്ലെ ലയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *