(രചന: Kannan Saju)
തനിക്കു മുന്നേ പ്രസവ വേദനയോടെ കയറ്റിയ സ്ത്രീയുടെ തുടയിലെ കറുത്ത പാടുകളെ കുറിച്ച് ഡോക്ടറും നഴ്സുമാരും പറഞ്ഞു ചിരിക്കുന്നത് കണ്ടതോടെയാണ് അവൾക്കു മനസ്സിലായത് സുലഭമാവും
തോറും പലതിനും മൂല്യം കുറയുമെന്ന്.. ഇന്ന് ഏതു മൂക്കിനും മൂലയിലും ഡോക്ടർമാർ ഹോസ്പിറ്റലുകൾ ഉണ്ട്.. കയ്യിൽ കാശുള്ളവന് ഡോക്ടറാവാം… ഏതു മുക്കിലും മൂലയിലും ക്ലിനിക്കും തുടങ്ങാം…
പണ്ട് തന്റെ സ്ത്നങ്ങൾക്കിടയിൽ ഒരു പരു വന്നത് അവൾ ഓർത്തു… കാണാൻ പോവുന്നത് ആൺ ഡോക്ടറെ ആണെന്നറിഞ്ഞപ്പോൾ കയ്യും കാലും ഒക്കെ ഒരു വിറയൽ ആയിരുന്നു…പക്ഷെ അന്നേരം അമ്മ ഒറ്റ വാക്കേ പറഞ്ഞുള്ളു
” മോളെന്തിനാ പേടിക്കുന്നെ… അത് ഡോക്ടർ അല്ലേ.. അവർ സ്ഥിരം ഇതുപോലെ എത്ര പേരെ കാണുന്നത… അവർക്കു മോളൊരു രോഗി മാത്രം ആണ്… പേടിക്കാതെ കാണിച്ചോ ”
അന്നത് ശരിയായിരുന്നു എന്ന് എനിക്ക് തോന്നി.. പക്ഷെ ഇന്ന് കാലം മാറിയിരിക്കുന്നു… പലരും എത്തിക്സ് മറന്നു തുടങ്ങിയിരിക്കുന്നു.. വീട്ടുകാരുടെ പണത്തിനു മുകളിൽ കാശും പദവിയും ആഗ്രഹിച്ചു വന്നവർ ആതുര സേവനം
കച്ചവടമായി കണ്ടു തുടങ്ങിയിരിക്കുന്നു… അല്ലെങ്കിൽ എത്രയോ സ്ത്രീകളെ വിവസ്ത്രരായി കാണുന്ന ഗൗൺ അണിയിക്കുന്ന ഇവർ എന്തിനു ആ പാവം സ്ത്രീയുടെ തുടയിടുക്കിനെ പറ്റി വാചാലരാവണം…അതും ഒരു ഫീമെയിൽ നഴ്‌സാണ് തുടങ്ങി വെച്ചതും….
അങ്ങനെ പല ചിന്തകളും വേദനകളും ആയി ഡയാന അകത്തു കിടക്കുമ്പോൾ സ്വസ്ഥത ഇല്ലാതെ ഭർത്താവ് സജേഷ് പുറത്തു വരാന്തയിലൂടെ ഉലാത്തുക ആയിരുന്നു…
അവൻ നടക്കുന്നത് നോക്കി നിന്ന ചേടത്തി പറഞ്ഞു” നിന്റെ നടപ്പ് കണ്ടാൽ തോന്നും നീയാ പ്രസവിക്കാൻ പോവുന്നെന്ന് ”
” ഏട്ടത്തിക്ക് അതൊക്കെ പറയാം… ഒന്ന് പ്രസവിച്ചതല്ലേ. . അവൾ ആദ്യായിട്ടല്ലേ ??? … എനിക്കൊരു സമാധാനോം ഇല്ല ”
” ഓ പിന്നെ ഞാനാദ്യം പ്രസവിക്കാൻ കയറിയപ്പോ ട്രയല് നോക്കിയിട്ടാണല്ലോ കയറിയത്.. ദേ ചെറുക്കാ മിണ്ടാതെ ആ മൂലക്കെ എങ്ങാനും പോയിരുന്നോ… അവനൊരു കെട്ട്യോൻ വന്നേക്കുന്നു.. ലോകത്താരും പ്രസവിക്കാത്ത പോലെ “സജേഷ് ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു…
എന്തോ ആലോചിച്ചിരിക്കവേ വരാന്തയുടെ അങ്ങേ തലക്കൽ ഒരു പെൺകുട്ടി ഹോസ്പിറ്റലുകാരോട് എന്തൊക്കയോ സംസാരിക്കുന്നുണ്ട്… അവൾ കരയുവാണെന്നു സജേഷിന് തോന്നി
” ഡാ… നീ പോയി അവിടെ എന്താന്ന് ഒന്ന് നോക്കിട്ട് വന്നേ.. കുറെ നേരായി ആ പെൺകൊച്ചു നിന്നു കരയുന്നുണ്ട് ”
ചേടത്തിയുടെ വാക്കുകൾ കേട്ടു സജേഷ് അവരെ നോക്കി” അല്ല അപ്പൊ ഇവിടെ എന്തേലും ആവശ്യം വന്നാൽ ??? ”
” പിന്നെ നീ ആണല്ലോ അവളുടെ പ്രസവം എടുക്കുന്നെ.. ദേ വരാന്ത വരെ പോയ മതി.. പോയിട്ട് വാടാ “സജേഷ് ഒന്നും മിണ്ടതെ അവിടേക്കു നടന്നു…
അതാങ്ങാനായിരുന്നു… അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടത് പോലും സജേഷിന് ഓർമ ഇല്ല… ചേട്ടനാണ് വളർത്തിയതെല്ലാം.. അവര് തമ്മിൽ പന്ത്രണ്ടു വയസ്സ് വ്യത്യാസം ഉണ്ട്.. പിന്നെ ചേടത്തി വന്നു.. അതോടെ ഭരണം മുഴുവൻ അവരായി…
സജേഷ് അവിടെ ചെന്നു… ഒരു നഴ്സിനോട് കാര്യങ്ങൾ തിരക്കി ..” ഒരു അറ്റാക്ക് കേസായി വന്നതാ… ഈ കുട്ടിയുടെ അച്ഛനായിരുന്നു… ആള് മരിച്ചു.. ഇപ്പൊ ഹോസ്പിറ്റൽ ബില്ല് പെ ചെയ്യാനും
ബോഡി കൊണ്ടു പോവാനും ഒന്നും ആ കുട്ടീടെ കയ്യിൽ പണമില്ല…. അവരാണേൽ ഈ നാട്ടുകാരും അല്ല…. എവിടേക്കോ പോവുന്ന വഴി ആയിരുന്നത്രേ ”
ആ കുട്ടി കരഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു.. കണ്ടാൽ പതിനെട്ടു പത്തൊമ്പതു വയസ്സ് കാണും… ഒറ്റ നോട്ടത്തിൽ തന്നെ ഏതോ ഉൾഗ്രാമത്തിൽ നിന്നും വരുന്നതാണെന്ന് അറിയാം..
സജേഷ് കുട്ടിയുടെ അടുത്തേക്ക് ചെന്നു….മോളേഅവൾ തല ഉയർത്തി നോക്കി….ആരുടേയെങ്കിലും നമ്പർ തരുവാണെങ്കിൽ ഞാൻ വിളിക്കാം….
അവൾ കണ്ണുകൾ തുടച്ചുഞങ്ങടെ ഫോൺ പോയി…. കാണാതെ ആരുടേം നമ്പർ അറിയില്ല… അങ്ങനെ വിളിച്ചാൽ വരാൻ ആരും ഇല്ല..
എവിടാ മോൾടെ വീട് ?അരുണാട്ടുകാര….തൃശൂരോ ….ഉം…ഇവിടെ ആരെ കാണാൻ വന്നതാ ??അറിയില്ല… അച്ഛനെ അറിയൂ….
അവളുടെ കണ്ണുകൾ നിറഞ്ഞു…അച്ഛൻ മോളോട് ഒന്നും പറഞ്ഞില്ലേ ???ആരെയോ കാണാൻ ആണെന്ന് പറഞ്ഞു… ഞാൻ ഒന്നും ചോയിച്ചില്ല.. ഇങ്ങനൊന്നും വരൂന്നു കരുതിയില്ലല്ലോ…
എന്താ മോളുടെ പേര്.. ??കാർത്തിക…സജേഷ് ചിന്തയിലാണ്ടു….അവളുടെ അടുത്തു ഏടത്തി ഉണ്ട്… ഈ കുട്ടിയെ സഹായിക്കാണോ… അതോ പണം കൊടുക്കണോ… പണം കൊടുത്താലും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ ഉള്ള പക്വത ഇവൾക്കുണ്ടോ…
സജേഷ് കുറച്ചു നേരം ചിന്തിച്ചു നിന്നു.. പുറത്തു പോയി മുണ്ടു വാങ്ങി വന്നു.. സജേഷ് തന്നെ ആ മൃതുദേഹം പുതപ്പിച്ചു…പോസ്റ്റ്മോർട്ടം വേണ്ടി വരാത്തതിനാൽ ബില്ലടച്ചു ബോഡി
കൊണ്ടു പോകാമായിരുന്നു… സജേഷ് ബില്ലടച്ചു.. അവൻ തന്നെ ഹോസ്പിറ്റൽ അധികൃതരോട് പറഞ്ഞു ആംബുലൻസ് വിളിച്ചു…
ബോഡി ആംബുലസിൽ കയറ്റി…. ഈ സമയത്തെല്ലാം ആംബുലൻസ് ഡ്രൈവറുടെ നോട്ടം അവളിൽ ആയിരുന്നു… അയ്യാൾ മാറി നിന്നു വിവരങ്ങൾ എല്ലാം ഒരു നഴ്സിനോട് ചോദിച്ചറിയുന്നതും കണ്ടു… സജേഷിന്
ഉള്ളിൽ ഒരു ഭയം തോന്നി.. അവനാ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി… അവളെ അയാൾക്കൊപ്പം തനിച്ചയാക്കാൻ അവനു മനസ്സ് വന്നില്ല….
ഏട്ടത്തിയോട് ചോദിക്കണോ… വേണ്ട… ചോദിച്ചാൽ ഏട്ടത്തി സമ്മതിക്കില്ല… ഏട്ടത്തി ഇവിടെ ഉള്ളപ്പോൾ കാര്യങ്ങൾ എല്ലാം മുറക്ക് നടന്നോളും… എന്തായാലും രണ്ട് മണിക്കൂർ അങ്ങോടു രണ്ട്
മണിക്കൂർ ഇങ്ങോട്… വേഗം വരാം… മുവാറ്റുപുഴ മുതൽ തൃശൂർ വരെ ആ കുട്ടിയെ ഒറ്റയ്ക്ക് അയാൾക്കൊപ്പം വിടാൻ അവനു തോന്നിയില്ല…
” മോളു വിഷമിക്കണ്ട.. ഞാനും വരാം… “അവൾ ദയയോടെ അവനെ നോക്കി…വണ്ടി നീങ്ങി തുടങ്ങി….
ദൈവമേ… വീട്ടുകാരെയും നാട്ടുകാരെയും എല്ലാം വിട്ടു ഒരു അന്യമതസ്ഥന്റെ കൂടെ ഇറങ്ങി പോന്ന പെണ്ണാ ….. അവളെന്റെ കുഞ്ഞിന് ജന്മം നല്കാൻ പോവുമ്പോൾ ഞാൻ അടുത്തുണ്ടാവേണ്ടതല്ലേ.. ഇതെന്തൊരു വിധി… സാരമില്ല.. എന്റെ ഏട്ടത്തി അവിടുണ്ട്…. അവൻ സ്വയം ആശ്വസിച്ചു.. ഏടത്തിയെ ഒന്ന് വിളിച്ചു പറഞ്ഞാലോ…
അവൻ ഫോൺ തപ്പി… അപ്പോഴാണ് ഓർത്തത് ഫോൺ ഏടത്തിയുടെ കയ്യിൽ ആണെന്ന്…ഹോസ്പിറ്റലിൽ.അവനെന്ത്യെടി ????
ചേട്ടൻ സജേഷിനെ അന്വേഷിച്ചു…അവനെ ഞാൻ ഒരു കാര്യം അന്വേഷിക്കാൻ പറഞ്ഞു വിട്ടതാ… ഇപ്പൊ ആട് കിടന്നിടത്തു പൂട ഇല്ലെന്നു പറഞ്ഞ അവസ്ഥയായി.. ഒന്ന് പോയി നോക്കാന്ന് വെച്ചാ ഇവിടുന്നു മാറാൻ പറ്റുവോ… ???
ഹാ.. ആ ഫോണിൽ ഒന്ന് വിളിച്ചു നോക്ക്…അതിനാ മരങ്ങോടൻ ഫോൺ എന്റെ കയ്യിൽ തന്നട്ടല്ലേ പൊയതു…അതാങ്ങാനൊരുത്തൻ….
ഇതിപ്പോ നിങ്ങടെ ടെൻഷൻ കണ്ടാ തോന്നും നിങ്ങടെ പെണ്ണുമ്പിള്ളയ അകത്തു പ്രസവിക്കാൻ കിടക്കുന്നെന്നു…
ദേ ആയിഷ എന്നെ കൊണ്ടൊന്നും പറയിക്കരുത്….ആയിഷ അവനെ സൂക്ഷിച്ചു നോക്കി… അവൻ ആകെ അസ്വസ്ഥനായിരുന്നു ..
അവൾ അടുത്തേക്ക് വന്നു…എന്ത് പറ്റി…. എന്തെങ്കിലും പ്രശ്നം ഉണ്ടോ… ??ഏയ്.. ഒന്നുല്ല…നിങ്ങളെ എനിക്ക് അറിയാവുന്നതല്ലേ… പറ.. എന്ന എന്റെ കെട്ട്യോനു പറ്റ്യേ ???
ഞാൻ ഇന്ന് അച്ഛനെ കണ്ടടി…ഏതു മരിച്ചു പോയ നമ്മുടെ അച്ഛനെയോ… ???ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി..
നീ എന്നോട് ക്ഷമിക്കണം… അച്ഛൻ മരിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല…പിന്നെ…. ???
അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതായിരുന്നു… ആ വിഷമത്തിൽ മനം നൊന്താണ് അമ്മ അന്ന്….
അവൾ അതിശയത്തോടെ നിന്നു…എന്നിട്ടു…. നിങ്ങൾ അച്ഛനോട് മിണ്ടിയോ… ??? അച്ഛൻ നിങ്ങളെ കണ്ടോ ???
അച്ഛൻ എന്നെ കാണാൻ വേണ്ടി തന്നെയാ വന്നത്… കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.. അവളെ താഴെ നിർത്തിയിട്ടാണ് ഓഫീസിലേക്ക് കയറി വന്നത്… അത് മകളാണത്രെ…
എന്നിട്ടു..ഹെർട്ടിന് ബ്ലോക്ക് ഉണ്ടന്ന്.. ഇനി അധിക കാലം ജീവിക്കില്ലന്നു… അവളെ ഞാൻ നോക്കണമത്രേ…
നിങ്ങളെന്തു പറഞ്ഞു….എന്റെ വായിൽ തോന്നിയതൊക്കെ പറഞ്ഞു… മനസ്സിൽ മുഴുവൻ ഉത്തരത്തിൽ തൂങ്ങിയാടിയ അമ്മയുടെ രൂപം ആയിരുന്നു…
അത് വേണ്ടായിരുന്നു….മനഃപൂർവം അല്ലേടി….അറിയാം.. എന്നാലും ആ കുട്ടി എന്ത് പിഴച്ചു… പാവം…ഇപ്പോ ഓർക്കുമ്പോ എന്തോ പോലെ.. അമ്മയോ പോയി…അവര് എവിടന്നൊന്നും അറിയില്ലേ…
ഒന്നും അറിയില്ല… ആ കുട്ടിയുടെ മുഖം പോലും ഞാൻ കണ്ടില്ല… അങ്ങേർക്കെന്തെങ്കിലും പറ്റിയാൽ ആ കുട്ടിയുടെ കാര്യം…
ആവശ്യം ഇല്ലാത്തേ ഒന്നും ആലോചിക്കല്ലേ..ആയിഷ അവനെ ആശ്വസിപ്പിച്ചു…ശേ.. ഈ ചെറുക്കൻ എവിടെ പോയി കിടക്കുവണാവോ…
ആയിഷ വേവലാതിപ്പെട്ടു…നീ എന്തായാലും ഡയാന ചോദിച്ചാ അവൻ അത്യാവശ്യമായിട്ടു എന്തിനെങ്കിലും പോയെന്നു പറഞ്ഞാൽ മതി…
ഉം….പെൺകുട്ടിയുടെ വീട്.അധികം ആൾതാമസം ഇല്ലാത്ത ഉൾപ്രദേശം.. ഒരു പാടത്തിനു കരയിലെ പഴയ വീട്…ബോഡി ഇറക്കി.. വിളിക്കാനും പറയാനും അയൽക്കാർ ഒന്നും ഇല്ല…
ചേട്ടാ ഞങ്ങക്ക് പോണം…ആംബുലൻസ് ഡ്രൈവർ ബഹളം വെച്ചു.. സജേഷ് പണം കൊടുത്തു അവരെ യാത്രയാക്കി…
ആംബുലൻസ് കണ്ടു ആരൊക്കയോ ഒന്ന് രണ്ട് പേർ വന്നു…അവരുടെ സഹായത്തോടെ സജേഷ് ദഹിപ്പിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്തു…
ശാന്തി വന്നു.. കർമ്മം ചെയ്യാൻ ആള് വേണം.. സാധാരണ പെൺകുട്ടികൾ ചെയ്യാറില്ല…
ആരും ഇല്ലെങ്കിൽ നീ ചെയ്യ് മോനേ എന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്ന പോലെ അവനു തോന്നി… സജേഷ് തുണി മാറി വന്നു.. കർമ്മങ്ങൾ ചെയ്തു.. അയ്യാളുടെ ചിതക്ക് തീ കൊടുത്തു…
ചിത കത്തി തുടങ്ങിയതും ഹോസ്പിറ്റലിൽ ഡയാന പെൺകുഞ്ഞിന് ജന്മം നൽകി… ഏടത്തിയുടെ കൈകൾ ആദ്യം കുഞ്ഞിനെ ഏറ്റു വാങ്ങി… നിറഞ്ഞ പുഞ്ചിരിയോടെ ആയിഷ അവളുടെ നെറ്റിയിൽ ചുംബിച്ചു..
അവിടെ നിന്നിരുന്ന പയ്യനെ വിട്ടു സജേഷ് ആ പെൺകുട്ടിക്കുള്ള ഭക്ഷണം വാങ്ങിപ്പിച്ചു… അവന്റെ ഫോൺ എടുത്തു ഏടത്തിയെ വിളിക്കാൻ ഒരുങ്ങി..
അല്ലെങ്കിൽ വേണ്ട… ഒന്നും അറിയണ്ട.. ഇത്രയും ക്ഷമിച്ചില്ലേ… എന്റെ കുഞ്ഞിനെ നേരിട്ട് കണ്ടാൽ മതി.. അവൻ ഫോൺ തിരികെ കൊടുത്തു.. നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു… ടൗണിലേക്ക് രണ്ട് കിലോമീറ്റർ നടക്കണം..
സജേഷ് പെൺകുട്ടിക്ക് നമ്പർ എഴുതി നൽകി.എന്തെങ്കിലും ഉണ്ടങ്കിൽ വിളിക്കണം… അവളുടെ അരികിൽ ഇരിക്കുന്ന ഭക്ഷണ പൊതി തുറന്നിട്ടില്ലെന്നു കണ്ട സജേഷ് പറഞ്ഞു
അത് കഴിക്ക്.. ചീത്തയാവും.. കരഞ്ഞിരുന്നാൽ പോയതൊന്നും തിരിച്ചു വരില്ലല്ലോ…അവൾ തലയാട്ടി… സജേഷ് പോക്കറ്റിൽ നിന്നും പൈസ എടുത്തു അവൾക്ക് നേരെ നീട്ടി..
ഇത് വെച്ചോ…അവൾ മുഖത്ത് നോക്കാതെ പണം വാങ്ങി..സജേഷ് ഇറങ്ങി നടന്നു…. എന്തൊക്കയോ ചിന്തകൾ അവന്റെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു..
കാഴ്ച്ചയിൽ തന്നെ ഭയം തോന്നിപ്പിക്കുന്ന ചിലർ അവനെതിരെ നടന്നു പോയി…ഇവർ എങ്ങോട്ടാണ് പോവുന്നത്.. അവിടെ വേറെ വീടുകൾ ഒന്നും ഇല്ലല്ലോ… സജേഷിന്റെ ഉള്ളിൽ ഭയം നിറഞ്ഞു.. വഴിയരുകിൽ മദ്യക്കുപ്പികളും മറ്റും കൂടി കിടക്കുന്നു…
സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ള സ്ഥലമാണെന്ന് തോന്നുന്നു…അവന്റെ ഉള്ളിൽ ഒരു നിമിഷം പഴയ കാലം ഓർമ വന്നു…. ചേട്ടന്റെ നെഞ്ചോട് ചേർന്ന് പട്ടിണി കിടന്ന ദിവസങ്ങൾ… അവനെ വളർത്താൻ ചേട്ടൻ ചെയ്ത
കഠിനാധ്വാനങ്ങൾ.. ഒരു പക്ഷെ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നു… ഈശ്വര ആ പെൺകുട്ടിക്ക് ഇനി ആരാണുള്ളത്… അവൾക്കു ജോലി എന്തെങ്കിലും ഉണ്ടാവുമോ.. ഉണ്ടെന്നു തോന്നുന്നില്ല.. ആരെങ്കിലും അവളെ ഉപദ്രവിക്കുമോ…. സജേഷ് നിന്നു… തിരിഞ്ഞു നടന്നു…
അപ്പോഴും അവൾ ഉമ്മറപ്പടിയിൽ ജീവച്ഛവം പോലെ ഇരിക്കുന്നുണ്ടായിരുന്നു…. ഭക്ഷണം അതുപോലെ തന്നെ ഇരിക്കുന്നു… സജേഷിന്റെ നിഴൽ കണ്ട അവൾ തല പൊക്കി നോക്കി…” മോളു പോരുന്നോ ചേട്ടന്റെ കൂടെ ??? ”
അവൾ ഞെട്ടലോടെ അവനെ നോക്കി…” എന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ ആണ് ഞാൻ മോളേ കാണുന്നത്… അവൾ ഇപ്പൊ ഒരു കുഞ്ഞിന് ജന്മം നല്കിയിരിക്കും. അതോ പെണ്ണോ ആണോ എന്ന് പോലും എനിക്കറിയില്ല…
എല്ലാവരെയും ഉപേക്ഷിച്ചു എനിക്കൊപ്പം ഇറങ്ങി വന്ന പെണ്ണിന്റെ അടുത്തു പോലും നിക്കാതെ എനിക്ക് മോൾടെ കൂടെ വരാൻ തോന്നി.. അതിന്റെ പുണ്യം ജനിക്കുന്ന എന്റെ കുഞ്ഞിന് കിട്ടും എന്ന് ഞാൻ വ്ശ്വസിക്കുന്നു… അവിടെ എന്റെ ഏട്ടത്തി
ഉണ്ട്.. അതുകൊണ്ട് അവൾ സുരക്ഷിത ആയിരിക്കും എന്നെനിക്കു ഉറപ്പുണ്ട്… പക്ഷെ ഇവിടെ മോൾക്കാരും ഇല്ല… അതുകൊണ്ട് മോളു സുരക്ഷിത ആയിരിക്കും എന്ന് എനിക്ക് ഒരു ഉറപ്പും
ഇല്ല.. അനാഥത്വം എത്രത്തോളം ഭീകരമാണെന്നു അറിഞ്ഞു വളർന്നവരാണ് ഞാനും എന്റെ ഏട്ടനും… മോളു വരുവാണെങ്കിൽ ഞാൻ കൊണ്ടു പോവാം.. ആദ്യം ഏട്ടത്തി ഇച്ചിരി ബഹളം
ഉണ്ടാക്കുവായിരിക്കും, മിണ്ടാതിരുന്നാൽ മതി.. കാര്യം പറയുമ്പോ മനസ്സലിയും.. അവരെ പോലെ മനസ്സിൽ നന്മ ഉള്ളൊരാളെ ഞാൻ കണ്ടിട്ടില്ല… ഞങ്ങടെ അനിയത്തി ആയി വരുന്നോ വീട്ടിലേക്കു…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ആ പെൺകുട്ടിയുടെ കയ്യും പിടിച്ചു സ്വന്തം അച്ഛന് കർമ്മം ചെയ്തത് അറിയാതെ സ്വന്തം അനിയത്തിയെ സംരക്ഷിക്കുന്നതറിയാതെ എല്ലാം ധർമ്മമായി കണ്ടു സജേഷ് എന്ന മനുഷ്യൻ വീട്ടിലേക്കു യാത്രയായി….