ഒരു യുവാവ് മുത്തശ്ശാ നമുക്ക് വീട്ടിലേയ്ക്ക് പോകാം

വർഷങ്ങൾക്ക് ശേഷം തന്നെ കൂട്ടിക്കൊണ്ട് പോകാൻ കൊച്ച്മകനെത്തിയിട്ടുണ്ടെന്ന് വൃദ്ധസദനത്തിലെ ജോലിക്കാരനായ ചെല്ലപ്പൻ വന്ന് പറഞ്ഞപ്പോൾ നാരായണനത് തീരെ വിശ്വാസം വന്നില്ല

 

പക്ഷേ അല്പം കഴിഞ്ഞപ്പോൾ ഒരു യുവാവ് മുത്തശ്ശാ നമുക്ക് വീട്ടിലേയ്ക്ക് പോകാം എന്ന് പറഞ്ഞ് റൂമിലേയ്ക്ക് കയറി വന്നപ്പോഴാണ് ചെല്ലപ്പൻ പറഞ്ഞത് സത്യമായിരുന്നെന്ന് നാരായണന് മനസ്സിലായത്

 

വർഷം പതിനെട്ട് കഴിഞ്ഞില്ലേ നാരായണേട്ടാ നിങ്ങളിവിടെ വന്നിട്ട് ? ഞാനിവിടെ വരുമ്പോൾ നാരായണേട്ടനായിരുന്നു ഇവിടുത്തെ സീനിയർ ,എന്നിട്ട് ഇവിടുന്ന് തിരിച്ച് പോകുമ്പോൾ നിങ്ങൾക്ക് ഒട്ടും വിഷമം തോന്നുന്നില്ലേ?

 

സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടയിൽ റിസപ്ഷനിസ്റ്റ് നാരായണനോട് ചോദിച്ചു

 

എഴുപത് വർഷം വരെ ജീവിച്ചിരുന്ന, ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ എൻ്റെ വീട്ടിൽ നിന്നും ജീവന് തുല്യം ഞാൻ സ്‌നേഹിച്ച മക്കളെയും മരുമക്കളെയും ചെറുമക്കളെയുമൊക്കെ ഉപേക്ഷിച്ചാണ് ഞാനന്ന് ഇവിടേയ്ക്ക് വന്നത് ആ വിഷമം ഞാൻ സഹിച്ചില്ലേ?

 

ഗൗരവം വിടാതെയാണ് നാരായണൻ ചോദിച്ചത്.

 

#################

 

നാരായണൻ തൻ്റെ വസ്ത്രങ്ങളടങ്ങിയ ബാഗുമായി ആ യുവാവിനൊപ്പം കാറിൽ കയറി യാത്രയായി.

 

അല്ല നാരായണേട്ടാ ഞാൻ നിങ്ങടെ കൊച്ചുമകനാണെന്ന് നിങ്ങൾക്കുറപ്പില്ലല്ലോ ? എന്നെ ആദ്യമായിട്ടല്ലേ കാണുന്നത് ?പിന്നെന്താ നിങ്ങളതൊന്നും അവരോട് പറയാതെ എൻ്റെയൊപ്പം ഇറങ്ങി വന്നത് ? ഒന്നാമത് ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല ,വൃദ്ധൻമാരെ തട്ടിക്കൊണ്ട് പോയി കൊന്നിട്ട്

കിഡ്നിയും മറ്റ് അവയവങ്ങളും സ്വകാര്യാശുപത്രികൾക്ക് വില്ക്കുന്ന മാഫിയകളെ കുറിച്ച് നിങ്ങള് പത്രത്തിൽ വായിച്ചിട്ടുണ്ടാവുമല്ലോ? എന്നിട്ടും എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നോടൊപ്പം വന്നത്?

 

നീയെൻ്റെ ആരുമല്ലെന്ന് ആദ്യമേ എനിയ്ക്കറിയാമായിരുന്നു, മാത്രമല്ല നീ പറഞ്ഞത് പോലെ ഒരു പരിചയവുമില്ലാത്ത എന്നെ നീ കൂട്ടിക്കൊണ്ട് പോകുന്നത് അവയവ മാഫിയയുടെ അടുത്തേയ്ക്കാണെന്നും എനിയ്ക്കറിയാം

 

ങ്‌ഹേ അതെങ്ങനെ അറിയാം ?

 

എന്നോടപ്പം മുറിയിലുണ്ടായിരുന്ന ദിവാകരൻ പറഞ്ഞിട്ടുണ്ട് ആർക്കും വേണ്ടാത്ത, ആരും തിരിച്ച് വിളിക്കാൻ വരില്ലെന്ന് ഉറപ്പുള്ളവരെയൊക്കെ ,ഇവിടുള്ളോര് തന്നെ നിങ്ങൾക്ക് കച്ചവടം ചെയ്യുന്നുണ്ടെന്ന് ,

 

നാരായണൻ ഊറിച്ചിരിച്ച് കൊണ്ട് പറഞ്ഞു

 

പക്ഷേ ,അതറിഞ്ഞിട്ടും താങ്കളെന്തിനാണ് ഇറങ്ങി പുറപ്പെട്ടത് ?

 

എടോ പതിനെട്ട് കൊല്ലം മുമ്പ് എൻ്റെ മക്കൾ എന്നെയിവിടെ കൊണ്ട് വിട്ടപ്പോൾ തന്നെ എൻ്റെ ഹൃദയം മുറിഞ്ഞ് പോയിരുന്നു പിന്നെയീ ചുക്കിചുളിഞ്ഞ ശരീരത്തിലുള്ളത് നാളെ ആർക്കും പ്രയോജനമില്ലാതെ മണ്ണിലലിഞ്ഞ് പോകാനുള്ളതാണ് , കുറച്ച് നാള് കഴിഞ്ഞ് പരലോകത്ത് പോകാനുള്ള എന്നെ , നിങ്ങളിപ്പോഴെ കൊല്ലുകയാണെങ്കിൽ, മേൽപറഞ്ഞ അവയവങ്ങളൊക്കെ ,ജീവിച്ച് കൊതി തീരാത്ത ആർക്കെങ്കിലുമൊക്കെ പ്രയോജപ്പെടുമല്ലോ ?

 

അപ്പോൾ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ ബലികൊടുക്കാനൊരുങ്ങുന്ന താങ്കളൊരു വിശാലഹൃദയനാണല്ലോ ?

 

അത് കൊണ്ടല്ലടോ , എൻ്റെ അവയവങ്ങൾ പലർക്കായി പങ്ക് വയ്ക്കുമ്പോൾ എനിയ്ക്ക് അവരിലൂടെ ഒരു സന്തോഷമുള്ള കുടുംബ ജീവിതം വീണ്ടും ലഭിക്കുകയല്ലേ? എനിക്കിനിയും ജീവിക്കണമെന്ന

ആഗ്രഹം കൊണ്ടല്ല ഞാൻ മരിക്കാൻ തയ്യാറാകുന്നത് ,എനിയ്ക്ക് നഷ്‌ടപ്പെട്ട കുടുംബമൊത്തുള്ള ആ പതിനെട്ട് വർഷങ്ങളുടെ നഷ്‌ടം നികത്താൻ കഴിയുമല്ലോ എന്നോർത്തിട്ടാണ്, പിന്നെ കഴിഞ്ഞ ഉത്സവത്തിന് വെടിക്കെട്ടപകടത്തിൽ രണ്ട് കണ്ണുകൾക്കും കാഴ്ച നഷ്‌ടപ്പെട്ടത് ,ഇപ്പോൾ തറവാട്ടിൽ താമസിക്കുന്ന ഇളയമകൻ്റെ മകനാണ് , ഞാനത് പത്രത്തിൽ വായിച്ചറിഞ്ഞതാണ്, എൻ്റെ കണ്ണുകളിലൊന്ന്, ആ കൊച്ച് മകന് കൊടുക്കണം , അങ്ങനെയെങ്കിൽ എൻ്റെ മകനെയും കുടുംബത്തെയും എനിയ്ക്ക് ഇനിയും കാണാമല്ലോ?

 

ഓഹ് മുത്തശ്ശാ, നിങ്ങളെ ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ ,ഞാൻ നിങ്ങളുടെ കൊച്ചു മകൻ തന്നെയാണ്, എൻ്റെ ള്ളയവനാണ് അന്ന് കാഴ്ചപോയത് ,ഞാൻ ഒരു മാഫിയയ്ക്കും വേണ്ടിയല്ല മുത്തശ്ശനെ കൊണ്ട് പോകുന്നത് , ഇവിടുള്ളോർക്ക് മാഫിയയുമായി യാതൊരു ബന്ധവുമില്ല, മരിക്കുന്നതിന് തൊട്ട് മുമ്പ് ,അച്ഛൻ കുറ്റബോധത്തോടെ എന്നോട് പറഞ്ഞത്, മുത്തശ്ശനെ തിരിച്ച് തറവാട്ടിൽ കൊണ്ട് വരണമെന്നായിരുന്നു

 

ങ്‌ഹേ എൻ്റെ മോൻ മരിച്ച് പോയോ ?

 

ആ വൃദ്ധൻ നിലവിളിച്ചു

 

അതെ മുത്തശ്ശാ, അറ്റാക്കായിരുന്നു, ആദ്യത്തെ അറ്റാക്കിന് ശേഷം അച്ഛൻ കുറച്ച് സമയം സാധാരണ നിലയിലെത്തിയിരുന്നു ആ സമയത്താണ് , അങ്ങനെ പറഞ്ഞത് ,പക്ഷേ രാത്രിയായപ്പോൾ വീണ്ടുമൊരു അറ്റാക്കുണ്ടായി ,അതോടെ അച്ഛൻ പോയി , എങ്കിലും അച്ഛൻ്റെ ആഗ്രഹപ്രകാരം മുത്തശ്ശനെ കൂട്ടികൊണ്ട് വരണമെന്ന് പറഞ്ഞാണ് ,അമ്മ എന്നെ അയച്ചത് ,അച്ഛൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കണേ മുത്തശ്ശാ,,

 

മക്കളെത്ര തെറ്റ് ചെയ്താലും മാതാപിതാക്കൾക്കവരെ ശത്രുവായി കാണാൻ കഴിയില്ല മോനേ , ,

 

വിതുമ്പലോടെയാണ് നാരായണനത് പറഞ്ഞത്.

 

NB:- ഇനിയും സമയമുണ്ട്, ചിന്തിക്കാൻ, പറ്റുമെങ്കിൽ അങ്ങനെയുള്ളവരെ തിരികെ കൊണ്ട് വരിക, ഓർക്കുക ,നമ്മളെക്കൊണ്ട് പലരീതിയിലും ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് മാതാപിതാക്കൾ ,എന്നിട്ടും ഒരിക്കൽ പോലും അവർ നമ്മളെ അനാഥാലയത്തിലാക്കിയില്ല,

 

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *