കർമ്മഫലം
ഉച്ചമയക്കം വിട്ട് എഴുന്നേറ്റു വരുമ്പോൾ അമ്മയുടെ മുഖം വാടിയിരിക്കുന്ന്. ചായ എടുക്കാൻ പറഞ്ഞപ്പോൾ അമ്മ ചായയും പലഹാരവും എടുത്ത് ഇളം തിണയിൽ വന്നിരുന്നു.
“അമ്മേ,”
കണ്ണൻ വിളിച്ചു. അമ്മ അവനെ നോക്കി. പക്ഷേ മുഖത്തൊരു വിഷമം. കണ്ണൻ വീണ്ടും അമ്മയോട്.
” എന്താണെങ്കിലും ഒന്ന് പറയമ്മെ.”
ശോകഭവത്തിൽ അമ്മ
“കണ്ണാ, ആ ലീലടെ മോളില്ലെ. അവൾക്ക് ആ രമേശനും ആയിട്ട് അടുപ്പം. കള്ളുകുടിയും പെണ്ണ് പിടിയും അവന് തൊഴിലാണ്. അവനെ എത്ര പെണ്ണ് കേസിൽ പോലീസ് പോക്കിയതാ. പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല. കഷ്ടം ആണ് അവടെ കാര്യം.”
“ഏത്, ദുബായ് ലീലെടെ മകളോ?.”
അതെയെന്ന് അമ്മ മൂളി. കണ്ണൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അമ്മ അവനെ ശാസിച്ചു.
“എന്തിനാ നീ ചിരിക്കണെ? കഷ്ടം അല്ലേടാ. അവള് എന്ത് കഷ്ടം അനുഭവിച്ചാ ആ കൊച്ചിനെ നോക്കുന്നത്. അവള് ഒപ്പം കൊണ്ടോയി പഠിപ്പിക്കാൻ ഇരുന്നത.”
” അമ്മേ അവരുടെ കാര്യം പറഞ്ഞ് എന്റടുത്ത് വരണ്ട. അമ്മയ്ക്ക് അറിയില്ലാ. പണ്ട് അച്ഛൻ ഉപേക്ഷിച്ച് പോയപ്പോ നമ്മൾ എങ്ങനെയാ ജീവിച്ച് പോയെന്ന് നമുക്കെ അറിയൂ. അന്ന് ഇവര് പറഞ്ഞത് എനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല. എന്നോട് പറയുവാ, അച്ഛനോട് മോൻ ക്ഷമിക്കണം. വെറുപ്പ് വേച്ചൊണ്ട് ഇരിക്കല്ലു എന്നൊക്കെ. എന്നിട്ടോ. അവള്ടെ ചരിത്രം അമ്മക്ക് അറിയോ. അവള് കെട്ടിച്ചു വിട്ട വീട്ടീന്ന് പറമ്പിൽ പണിക്ക് വന്ന ശങ്കരന്റെ കൂടെ രാത്രിക്ക് രാത്രി ഇറങ്ങി പോന്നതാ. അന്ന് ഈ പറഞ്ഞ കൊച്ചു 4 മാസം വയറ്റിലൊണ്ട്.”
‘ ദൈവമേ ‘ എന്നും പറഞ്ഞുകൊണ്ട് അമ്മ അതിശയത്തിൽ നോക്കി.
” പിന്നെ, അന്ന് തന്നെ അവർക്ക് ഞാൻ മറുപടി കൊടുത്തത് ആണ്. സ്വന്തം കുടുംബത്തിൽ ഒരു പ്രശ്നം വന്നാലേ അവരെപ്പോലെ ഉള്ളവര് പഠിക്കൂ. മറ്റുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഉപദേശിക്കാൻ ഇവർക്കൊക്കെ നല്ല കഴിവാ. അച്ഛൻ വേറെ കെട്ടി ആ വേശ്യെടെ കൂടെ നമ്മുടെ കൺമുന്നിൽ അല്ലേ ഇപ്പോളും. എന്നിട്ടും നമ്മൾ ജീവിച്ചില്ലെ. അന്ന് ഈ പറയുന്ന അവള് എന്തെങ്കിലും അമ്മയെ സഹായിച്ചോ? ഇല്ലല്ലോ. പഴയ കൂട്ടുകാരി അല്ലേ. അപ്പോ അവര് കുറച്ചു വിഷമിക്കട്ടെ. ”
” അത് എന്തേലും ആകട്ടെ കണ്ണാ, ആ കൊച്ച് എന്നാ പിഴച്ചു. അതിനു നീ ഒരു വഴി കണ്ട് പിടിക്കൂ.”
” അമ്മ എന്തിനാ ആവശ്യം ഇല്ലാത്ത വയ്യാവേലി എടുത്ത് തലയിൽ വെക്കുന്നത്? ആ രമേശൻ ആള് പോക്കാ. അവള് അനുഭവിക്കട്ടെ.”
അമ്മ ദേഷ്യത്തിൽ
” കണ്ണാ, ദേ. പറഞ്ഞത് കേക്ക്. Aa കൊച്ചിന് 19 വയസ്സ് ഒള്ളൂ. അതിനു എന്തറിയാം. നീ എന്തെങ്കിലും ചെയ്യ്. അവള് അവധിക്ക് ദുബായ് ന്നു ലീവിന് വന്നപ്പോ എന്റെ കാല് പിടിച്ച് കരയും പോലെ പറഞ്ഞതാ. കണ്ടിട്ട് എനിക്കും സഹിച്ചില്ല. പെങ്കൊച്ച് ഒരു തരത്തിലും സമ്മതിക്കുന്നില്ല. കേസും ബഹളവും ഒക്കെ ആയി അവളും കെട്ടിയോനും കൊറേ അലഞ്ഞു. ”
‘ അമ്മ ഒന്ന് പോയേ ‘ എന്നും പറഞ്ഞു കണ്ണൻ അവിടെന്നും എണീറ്റ് പോയി.
പിന്നെ കുറച്ചു ദിവസം കഴിഞ്ഞ്. കണ്ണന്റെ അവധി കഴിഞ്ഞ് ജോലിക്ക് തിരികെ പോകാറായി. വൈകിട്ടത്തെ ട്രെയിനിൽ പോകണം. അമ്മ അവന് വേണ്ടി സാധനങ്ങൾ അടുക്കി വെച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു. അമ്മയുടെ ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ ലീല കരഞ്ഞുകൊണ്ട്
” സീതെ,”
കരച്ചില് കണ്ട് അവർ ഒന്ന് പേടിച്ചു. പിന്നെ ലീലയുടെ ശബ്ദം സന്തോഷത്തിൽ ആയി.
“ലീലാ എന്ത് പറ്റിയെടി. നീ കാര്യം പറ.”
” രമേശൻ അവനെ ആരോ തല്ലിയെടി. ആശുപത്രിയിൽ കെടക്കുവ. മർമ്മം നോക്കി ആരോ കൊടുത്തിട്ടുണ്ട്. എന്റെ കൊച്ച് രക്ഷപെട്ടു. അവൻ മോളെ വിളിച്ചു അവളെ പ്രേമിച്ചു ചതിക്കാൻ ആണ് വളച്ചത് എന്നും പിന്നെ അവളെ വിൽക്കാൻ ആണ് പിറകെ നടന്നതും എന്നൊക്കെ സത്യങ്ങള് അവളോട് പറഞ്ഞു. അവള് എന്നെ വിളിച്ചു. എന്റെ കൂടെ ഇങ്ങോട്ട് വരാൻ സമ്മതിച്ചു. ആരായാലും ദൈവം രക്ഷിക്കട്ടെ. ”
ലീല ഫോൺ വച്ചു. അമ്മയുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊഴിഞഞു. കണ്ണൻ പോകാൻ ഇറങ്ങുമ്പോൾ അമ്മ അവനോട് പതിവ് കാര്യങ്ങള് ഓർമ്മിപ്പിച്ചു. അപ്പോളാണ് രവി അങ്ങോട്ട് ബൈകും കൊണ്ട് വന്നത്.
“കണ്ണാ ബൈക്ക് എടുക്കുന്നില്ല നീ? ”
“ഇല്ലമ്മാ. കൈക്ക് ചെറിയൊരു വേദന. ബൈക്ക് ഓടിച്ചാൽ ശരിയാകില്ല. ഇവനെന്നെ വിട്ടോളും. രവിയും കണ്ണനും പരസ്പരം നോക്കി ഗൂഢമായി പുഞ്ചിരിച്ചു.
അമ്മ ടെൻഷനൊന്നും കാണിക്കാതെ അകത്തേക്ക് പോയി, ഒരു പെയിൻ ബാം എടുത്തോണ്ട് വന്നു. ബാഗിന്റെ സിപ്പ് തുറന്നു ഉള്ളിൽ വച്ച്. അവനെ നോക്കി ചിരിച്ചുകൊണ്ട്
” കൈ വേദനക്ക് നല്ലതാ.”
കണ്ണൻ അമ്മയെ നോക്കി. തനിക്കെല്ലാം അറിയാം എന്ന ഭാവത്തിൽ അമ്മ ചിരിച്ചു. കണ്ണൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.
ആരൊക്കെ എങ്ങനെ നമ്മളോട് പെരുമാറിയാൽ പോലും അവർക്ക് നന്മ ചെയ്യണം എന്ന് മാത്രമേ അമ്മ അവനെ പഠിപ്പിച്ചിട്ടുണ്ട്.
ചിലർ അങ്ങനെയാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ ഉപദേശിക്കാൻ വെറുതെ വരും. സ്വന്തം ജീവിതത്തിൽ അതേ വിഷമം അനുഭവിക്കേണ്ടി വന്നാൽ മാത്രമേ അത്തരം അനുഭവങ്ങൾ എത്രമാത്രം വേദന നിറഞ്ഞത് ആണെന്ന് മനസ്സിലാക്കൂ. അതുകൊണ്ട് ആരെയും വിധിക്കാതെ ഇരിക്കുക. ഉള്ളതിൽ സന്തോഷം കണ്ടെത്തുക.
മിഥില