” മറ്റൊരുവൾക്കു കൂടി എന്റെ ഭർത്താവിനെ പങ്കുവെയ്ക്കുന്നതിന് എനിയ്ക്ക് സമ്മതമാണെന്നു മാത്രമല്ല അതിലൊരു പരാതിയും ആരോടും ഇല്ലെനിയ്ക്ക്…”
ചുറ്റും ഇരിയ്ക്കുന്നവരുടെ തുറിച്ചു നോട്ടങ്ങൾ തന്നിലാണെന്നറിഞ്ഞു തന്നെയവൾ ഉറക്കെ പറഞ്ഞതും കേട്ടത് വിശ്വസിയ്ക്കാൻ കഴിയാതെ അവളെ നോക്കിയവർ..
” പറയുന്നത് എന്താണെന്ന് പറയുന്നതിന് മുമ്പ് നന്നായ് ആലോചിക്കണം പെണ്ണേ… ”
അവളുടെ സംസാരവും ഭാവവും ഇഷ്ടപ്പെടാതെയൊരാൾ വീണ്ടും ഓർമ്മപ്പെടുത്തിയതും അയാളെ നോക്കി നേർമ്മയിൽ ചിരിച്ചവൾ…
” ഞാൻ പറയുന്നത് എന്താണെന്നും നൽകുന്ന അനുവാദം എന്തിനുള്ളതാണെന്നും വ്യക്തമായറിയാം എനിയ്ക്ക്….എന്റെ ഭർത്താവ് ഇനിയൊരു വിവാഹം കഴിയ്ക്കുന്നതിലോ മറ്റൊരു സ്ത്രീയ്ക്കൊപ്പം മനസ്സും ശരീരവും പങ്ക് വെച്ച് താമസിക്കുന്നതിലോ എനിയ്ക്കൊരു പ്രശ്നമോ തടസ്സമോ ഇല്ലായെന്ന് മാത്രമല്ല അദേഹത്തിന്റെ ആ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നത് പോലും…”
തന്റെ തീരുമാനമറിയാൻ വന്ന പള്ളിക്കമ്മിറ്റികാർക്കും കുടുംബക്കാർക്കും അതി മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് പറയുന്നതിനൊപ്പം തന്നെ നോക്കി നിൽക്കുന്ന ഷാമിലിന്റെ ചാരെ വന്നു അയാളുടെ കൈകളിൽ വിരൽ കോർത്തവനെ ചേർന്നു നിന്നു ഷബ്ന… കണ്ണിലവനോടുള്ള സ്നേഹം നിറച്ചുതന്നെ…
“നീ പറയുന്നതും പ്രവർത്തിയ്ക്കുന്നതും എന്താണെന്ന് നിനക്ക് നല്ല ബോധ്യമുണ്ടന്നല്ലേ ഷബ്ന നീയ്യിപ്പോൾ പറഞ്ഞത്….?
നാളെ ഇനി ഇതിനെ പറ്റിയൊരു സംസാരമോ ചർച്ചയോ ഈ വീട്ടിലോ പള്ളികമ്മിറ്റിയിലോ ഉണ്ടാവില്ല… നന്നായ് ആലോചിച്ചുറപ്പിച്ചു വേണം എന്തു തീരുമാനവും പറയാൻ….”
ഷബ്നയുടെ മറുപടിയിൽ അമ്പരപ്പൊഴിയാതെ എന്നാൽ അവളോട് ഉള്ളിലുയരുന്ന ദേഷ്യം പുറത്തറിയിക്കാത്ത വിധം ഉള്ളിലൊതുക്കി തനിയ്ക്കും ചുറ്റും നിൽക്കുന്നവരെ ഒന്നുകൂടി നോക്കിയാണ് ഷാമിലിന്റെ വാപ്പ ഹംസയുടെ ആ സംസാരം….
കൺമുന്നിൽ കാണുന്ന കാര്യങ്ങൾ പൂർണ്ണമായ് വിശ്വസിയ്ക്കാൻ മടിയ്ക്കുന്ന ഒരു മനസ്സുണ്ട് അദ്ദേഹത്തിലും…
“ഞാനല്ലാതെ ഇനിയൊരുവൾ കൂടി വേണം ഇക്കാന്റെ ജീവിതത്തിലെന്ന് ആദ്യം തീരുമാനിച്ചത് ഞാനാണ് വാപ്പച്ചി… ഞാനാണ് എന്റെ ആ തീരുമാനത്തിന് വാപ്പച്ചിയുടെ മകനെ കൊണ്ട് നിർബന്ധപൂർവ്വം സമ്മതം വാങ്ങിച്ചെടുത്തതും… ”
ചിരിയൊട്ടും മായാതെ എല്ലാവരെയും നോക്കി പറയുന്നവളിൽ തങ്ങി നിന്നു ഷാമിലിന്റെ മിഴികളും… അവന്റെ ഉള്ളം പിടഞ്ഞു നീറുന്നതോ കണ്ണുകൾ കലങ്ങി മറിഞ്ഞതോ ഷബ്ന അറിഞ്ഞതേയില്ല…. അതുമല്ലെങ്കിൽ അങ്ങനൊന്നു കാണാനവളപ്പോൾ ആഗ്രഹിച്ചില്ല എന്നതാണ് കൂടുതൽ ശരി….
“ഇനിയിതിൽ ഞങ്ങൾക്കൊന്നും ചെയ്യാനോ പറയാനോ ഇല്ല ഹംസാക്കാ… ആദ്യ ഭാര്യയുടെ സമ്മതവും രണ്ടാമത് കെട്ടുന്ന പെണ്ണിനെ പോറ്റാനുള്ള ആരോഗ്യവും സമ്പത്തും ഷാമിലിനുണ്ട്… പിന്നെന്തിന്റെ പേരിലാണ് ഈ തീരുമാനത്തെ ഞങ്ങൾ കമ്മിറ്റിക്കാരെതിർക്കുന്നത്….?
കൂട്ടത്തിലെ മുതിർന്ന ആളായ സെയ്തലവി ചോദിച്ചതിനുത്തരമൊന്നും പറയാതെ നിശബ്ദനായിരിയ്ക്കുമ്പോഴും തന്റെ ഉള്ളിലെ ദേഷ്യവും സംശയവും പുറത്തറിയാതെ ഒതുക്കി ഹംസാക്ക ഷാമിലിനെ ഒന്നിരുത്തി നോക്കി….
“നല്ല ദൈവഭയമുള്ള അടക്കവും ഒതുക്കവും ഉള്ള പെൺക്കുട്ടിയാണ് ഷബ്ന…. അവളായിട്ട് തന്നെ ഷാമിലിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുക്കുമ്പോൾ അതിലെന്തോ ഒന്ന് നമ്മളറിയാത്തത് ഉണ്ടല്ലോ ഹംസാ….?
വന്നു കയറിയവരൊക്കെ മടങ്ങി പോയതും ഹാളിൽ ചിന്തയോടെ തനിച്ചിരിയ്ക്കുന്ന ഹംസയ്ക്ക് അരികിൽ വന്ന് അയാളുടെ ജ്യേഷ്ഠൻ മൂസാക്ക പറഞ്ഞതും തന്റെ അതേ സംശയമുള്ള ഒരാളെ സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടിയ ആശ്വാസവും സമാധാനവും ഹംസയുടെ മുഖത്തും പ്രകടമായ്….
“ഇതു തന്നെയാണിക്കാ ഇന്റെ മനസ്സിലും… ഷാമിലിനെ അത്രയ്ക്കും കാര്യമാണ് ഷബ്നയ്ക്ക്.. ഓനും അതേ അവളെന്നു വെച്ചാൽ ഭയങ്കര ഇഷ്ടാണ്… നമ്മളിവിടെ കണ്ണിനു മുമ്പിൽ കാണുന്നതല്ലേ അവരുടെ ജീവിതം….
പരസ്പരം അത്രയും സ്നേഹിക്കുന്നവരെങ്ങനെയാണിക്കാ അവർക്കിടയിലേയ്ക്ക് മൂന്നാമതൊരാളെ കൂടി കൊണ്ടുവരുന്നത്….?
സംശയമൊഴിയുന്നതേയില്ല അയാളിൽ…..
“നിന്റെ ഈ സംശയം തന്നെയാണ് ഹംസേ എനിയ്ക്കും…. സ്വന്തം കെട്ടിയോൻ വേറൊരു പെണ്ണിനെ വെറുതെ നോക്കുന്നത് പോലും സഹിക്കില്ല അവരുടെ ഭാര്യയായ പെൺകുട്ടി… ആ സ്ഥാനത്താണ് ഇവിടെ ഷബ്ന അവളുടെ സ്ഥാനം പങ്കിട്ട് കൊടുക്കാനൊരുത്തിയെ കൊണ്ടുവരാൻ കെട്ടിയവന് നമ്മുടെയെല്ലാം വാക്കിനെ മറികടന്ന് അനുവാദം കൊടുത്തിരിയ്ക്കുന്നത്… ഇതിനു മാത്രം എന്ത് കുറവാണ് അവൾക്കുള്ളത്….?
‘എനിയ്ക്ക് കുറവുകളെ ഉള്ളു ഉപ്പാ… നിങ്ങളൊക്കെ ആഗ്രഹിയ്ക്കും പോലെ നിങ്ങൾക്കൊരു പേരക്കുട്ടിയെ, നിങ്ങളുടെ മകന്റെ കുഞ്ഞിനെ പ്രസവിയ്ക്കാൻ കഴിയില്ല എനിയ്ക്ക്….
ഷബ്ന പറഞ്ഞതും അവളെ പകപ്പോടെ ഞെട്ടി നോക്കിയവർ….
“സത്യം ആണ് ഉപ്പാ…. പക്ഷെ ഈയൊരു കാര്യം കൊണ്ട് ഇക്കയെ ഉപേക്ഷിക്കാനും വയ്യെനിയ്ക്ക്… അതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനത്തിൽ ഞാനെത്തിയത്…. എതിർക്കരുത്… നിങ്ങളെയൊന്നും ഉപേക്ഷിച്ച് പോവാൻ വയ്യാഞ്ഞിട്ടാണ്…. എല്ലാവരെയും അത്രയും ഇഷ്ടം ആയിട്ടാണ്….”
മിഴികൾ നിറച്ചു പറയുന്നവളെ നിസ്സഹായതയോടെ നോക്കി ഇരുന്നു അവരെങ്കിൽ അകത്ത് ഇവരുടെ സംസാരമെല്ലാം കേട്ടു നിന്ന ഷാമിലിന്റെ മിഴികൾ കുറ്റബോധം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു അന്നേരം
അവളോടു താൻ ചെയ്യുന്നത് ഒരു ദൈവവും പൊറുക്കാത്ത ക്രൂരതയാണെന്നോർത്തവൻ…..
ഒരു ജന്മം മുഴുവൻ നല്ലൊരിണയായ് കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ് കൂടെ കൂട്ടിയിട്ട് ഇന്നേ വരെ അവളെയൊരു ഭാര്യയായ് കണ്ടിട്ടില്ല.. അങ്ങനെ പരിഗണിച്ചിട്ടില്ല…മറിച്ച് തന്റെ സുഹൃത്തിന്റെ സ്ഥാനം മാത്രം നൽകി… താൻ സ്നേഹിക്കുന്നവൾക്ക് വേണ്ടി…. തങ്ങളുടെ ജീവിതത്തിന് വേണ്ടി അവളെ ബലിയാടാക്കിയെന്ന ചിന്തയിൽ ഉരുകി ഷാമിൽ…
‘ഇക്കാ…. അപ്പോ കാര്യങ്ങളൊക്കെ ഒരു വിധം നമ്മുടെ പ്ലാനിനനുസരിച്ച് സെറ്റാക്കിയിട്ടുണ്ട്… ഇക്ക ധൈര്യമായിട്ട് നൂർജിയെ വിളിച്ച് കാര്യങ്ങളൊക്കെ സംസാരിച്ചോട്ടോ…. ”
റൂമിനുള്ളിലേയ്ക്ക് കയറി വന്ന് വാതിലും അടച്ച് ഷബ്ന പറഞ്ഞതും നോവോടെ അവളെ നോക്കിയവൻ…
നിനക്ക് വെറുപ്പ് തോന്നുന്നില്ലേ ഷബ്നേ എന്നോട്…..?
അവൾക്ക് മുമ്പിലേക്ക് നീങ്ങി നിന്നവൻ ചോദിച്ചതും അവനെ കുസൃതിയോടെ നോക്കിയവൾ
“എനിയ്ക്ക് എന്തിനാ ഇക്കാ നിങ്ങളോടു ദേഷ്യം…. നമ്മുടെ നിക്കാഹിനു മുമ്പുതന്നെ നിങ്ങളെന്നോടു തുറന്നു പറഞ്ഞതല്ലേ നിങ്ങൾക്കിഷ്ടം നൂർജിയെ ആണെന്ന്… നിങ്ങൾ തമ്മിൽ പിരിയാൻ പറ്റാത്തത്ര ഇഷ്ടത്തിലാണെന്ന്…. ഇക്കാറ്റ് വീട്ടുകാർക് നിങ്ങളുടെ ബന്ധത്തിന് സമ്മതമല്ലാത്തത് കൊണ്ട് അവളെ കൂടെ കൂട്ടാൻ പറ്റിയില്ല ഇക്കായ്ക്ക്… സാഹചര്യം കൊണ്ട് എന്നെ കെട്ടുകയും ചെയ്തു…
നമ്മുടെ കല്യാണം കഴിഞ്ഞ അന്നു മുതൽ ഇന്നുവരെ എന്നെയൊരു നല്ല സുഹൃത്തായിട്ടല്ലേ ഇക്ക കണ്ടിട്ടുള്ളു… അങ്ങനെയല്ലേ എന്നോട് പെരുമാറിയിട്ടുള്ളു…അതിലെല്ലാം ഉപരി പാതിയിൽ മുടങ്ങി പോയ എന്റെ പഠനം പൂർത്തിയാക്കാൻ സഹായിച്ചില്ലേ….. ഇതിനെല്ലാം കൂടിയൊരു സഹായം അത്രയും കരുതിയാൽമതി… നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഒരു കാരണം ഉണ്ടാക്കി ഞാനിറങ്ങിക്കോളാം ഇവിടെന്ന്… ഒരു നല്ല സുഹൃത്തായ് ഇന്നുവരെ ഉള്ളതുപോലെ എന്നും ഞാനുണ്ടാവും നൂർജിയുടെയും ഇക്കയുടെയും ഒപ്പം….”
ചിരി മായാതെ ഷാമിലിനോടു പറഞ്ഞ് ഷബ്ന പുറത്തേയ്ക്കിറങ്ങാൻ തുടങ്ങിയതും അവളുടെ വഴി തടഞ്ഞവൻ…
“നിനക്കും വേണ്ടേ ഷബ്നേ ഒരു ജീവിതം…? വാപ്പയോടു പറഞ്ഞതുപോലൊക്കെ പുറത്തു പറഞ്ഞാൽ നിനക്കൊരു നല്ല ജീവിതം പോലും കിട്ടില്ല… അങ്ങനെയൊന്നും പറയരുത്….”
ഷാമിൽ പറഞ്ഞതും ഒരു വിളറിയ ചിരിയോടെ മുറി വിട്ടിറങ്ങി അവൾ…
“ഇനിയൊരു വിവാഹജീവിതമൊന്നും ഈ ഷബ്നയുടെ ജീവിതത്തിൽ ഇല്ല ഇക്ക… നിങ്ങളെയല്ലാതെ മറ്റൊരുവനെ സ്നേഹിക്കാനും, വിശ്വസിക്കാനും ഇനി വയ്യെനിയ്ക്ക്…. നിങ്ങൾക്ക് ഞാനൊരു സുഹൃത്ത് മാത്രമാവും പക്ഷെ എനിയ്ക്കെന്റെ മരണം വരെ നിങ്ങളാണ് എല്ലാം… എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം…. ”
ആരും കാണാതെ മിഴികൾ തുടച്ചു നീങ്ങിയവൾ…
നൂർജിയുമായുള്ള ഷാമിലിന്റെ രണ്ടാം വിവാഹ തീരുമാനം ആദ്യമെല്ലാം ചെറിയ ഒച്ചപ്പാടുയർത്തി ഷാമിലിന്റെ വീട്ടിലെങ്കിലും ഷബ്നയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലെന്ന കാരണത്താൽ പിന്നീടത് വലിയൊരു പ്രശ്നമായ് തീർന്നില്ല….
“ഇത്രയേ ഉള്ളു ഇക്കാ കാര്യങ്ങൾ…. സന്തോഷമായില്ലേ ഇക്കായ്ക്ക്…?
നൂർജിയുമായ് എന്തോ ഫോൺ സംസാരത്തിലിരിയ്ക്കുന്ന ഷാമിലിനോട് ഷബ്ന ചോദിച്ചതും അവളെ നോക്കി ചിരിച്ചവൻ
എന്നാലും വിവാഹ ദിവസമടുക്കും തോറും ഷാമിൽ വല്ലാതെ നിശബ്ദനാവുന്നതും തന്നോടുള്ള സംസാരമെല്ലാം കുറയ്ക്കുന്നതും ഷബ്ന അറിയുന്നുണ്ട്…
‘ഇക്കായ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഞാനുമായിട്ട്….?
അതോ വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ ഞാനറിയാത്തത്….?
തനിയ്ക്ക് മുഖം തരാതെ മാറി നടക്കുന്നവനെ തടഞ്ഞു നിർത്തി ചോദിച്ചു ഷബ്ന… കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് ആകെ അസ്വസ്ഥനാണ് ഷാമിൽ….
“നൂർജിയുമായുള്ള വിവാഹത്തിൽ നിന്ന് ഞാനൊഴിവാക്കുകയാണ് ഷബ്ന…. അവളെ എന്റെ ഭാര്യയാക്കി എന്റെ സമാധാനം കളയാൻ വയ്യ എനിയ്ക്ക്…. ”
ദീർഘനിശ്വാസത്തോടെ ഷാമിൽ പറഞ്ഞതും ഞെട്ടിയത് ഷബ്നയാണ്…. മിഴിച്ചവനെ നോക്കി ഷബ്ന….
“ഇങ്ങനെ ഞെട്ടി നോക്കണ്ട നീ… നല്ലൊരു സൗഹൃദം ഇത്ര നാളും ഒരു മുറിയിൽ താമസിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടുപോയവരാണ് നമ്മൾ… ആ നമ്മളെ നൂർജി സംശയിക്കുന്നു… ഞങ്ങൾക്കിടയിലെ ഓരോ ചെറിയ കാര്യങ്ങൾക്കുമിടയിൽ അവൾ നിന്റെ പേര് അനാവശ്യമായ് വലിച്ചിടുന്നു… ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ ഞങ്ങൾക്കിടയിൽ ഒരു സുഹൃത്തായ് പോലും നീ വരാൻ പാടില്ലെന്ന് നിർബന്ധം പിടിയ്ക്കുന്നു…. ഇതൊന്നും അംഗീകരിക്കാൻ വയ്യെനിയ്ക്ക്… അതിലുപരി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലുടനീളം അവളിനി നിന്റെ പേര് കൊണ്ടുവരും.. ഒടുവിൽ ഞങ്ങളുടെ നന്മ ആഗ്രഹിച്ച നീ അവൾക്ക് ശത്രുവും ആവും…. ഇതൊന്നും എനിയ്ക്ക് അംഗീകരിക്കാൻ വയ്യ ഷബ്ന …കാരണം ഇനിയെന്റെ ഭാര്യയാവാൻ തയ്യാറെടുക്കുന്ന അവളെക്കാൾ നൂറു മടങ്ങിഷ്ടം എനിയ്ക്കിഷ്ടം എന്റെ ഭാര്യയായ നിന്നെയാണ്… നിന്നെ നഷ്ടപ്പെടുത്തിയിട്ട് അവളെ നേടണ്ട എനിയ്ക്കൊരിക്കലും…”
നിറഞ്ഞ മിഴികളോടെ തന്റെ കയ്യിൽ പിടിച്ചു പറയുന്നവനെ അതിലേറെ നനഞ്ഞ മിഴികളോടെ കേട്ടു നിന്നവൾ.. ആ ഒരുവനില്ലാതെ ഒരു നാൾ പോലും മുന്നോട്ടു ജീവിയ്ക്കാൻ കഴിയില്ലെന്ന് അവളും തിരിച്ചറിഞ്ഞിരുന്നല്ലോ ഈ നാളുകൾ കൊണ്ട്…
“നിനക്ക് എന്നോടു ക്ഷമിക്കാനും പൊറുക്കാനും പറ്റുമോ ഷബ്‌ന….?
ഷാമിൽ ചോദിച്ചതും പൊട്ടി കരഞ്ഞു പോയ് ഷബ്ന…
” ഒരു നല്ല ഭർത്താവായ് നിൻ്റേ കൂടെ എന്നുമുണ്ടാവും ഞാൻ…. എൻ്റെ തെറ്റുകളൊക്കെ തിരുത്തികൊള്ളാം ഞാൻ… നീയെൻ്റെയൊപ്പം ഉണ്ടായാൽ മാത്രം മതി…
ഓരോന്നും എണ്ണി പറയുന്നവനെ ഷബ്ന നോക്കി നിൽക്കും നേരത്ത് തന്നെയാണ് ഷാമിലിന് നൂർജിയുടെ വീഡിയോ കോൾ വന്നത്…
ഷബ്നയെ തന്നോടു ചേർത്തു നിർത്തിയാ കോൾ ഷാമിലെടുത്തതും മറുപുറം ദേഷ്യത്താലിരുണ്ടു
നൂർജിയുടെ മുഖം …
ആ മുഖത്തു നോട്ടമുറപ്പിച്ച് നമുക്ക് പിരിയാം നൂർജിയെന്ന് ഷാമിൽ പറഞ്ഞതും മറുത്തൊരക്ഷരം പറയാതെ ഫോൺ വെച്ചു പോയ് നൂർജി….
ദിവസങ്ങൾ പോകെ എല്ലാം കലങ്ങി തെളിഞ്ഞു , എല്ലാവരും എല്ലാതും അറിഞ്ഞു
ഇനിയവർ ജീവിക്കട്ടെ…..ഇടയിലൊരാളും പ്രതിയോഗിയായ് വരാതെ ഇനിയവർ സ്വസ്ഥമായ് ജീവിക്കട്ടെ ….
രജിത ജയൻ