അവൾ അയാളുടെ മർമ്മ ഭാഗം നോക്കി തൊഴി കൊടുത്തിട്ട് രക്ഷപ്പെട്ടു.” “പോലീസിൽ അറിയിച്ചു.

വേർപാടിന്റെ സന്തോഷം
(രചന: Nisha Pillai)

ഞായറാഴ്ച ,ഒഴിവു ദിവസത്തിന്റെ ആലസ്യത്തിലൊരു ഉച്ചമയക്കം. ഉറക്കത്തിന്റെ കൊടുമുടി കയറ്റത്തിനു നടുവിൽ ഫോൺ ശബ്ദിച്ചു. സുനന്ദ ടീച്ചറാണ്

“അർച്ചനേ, പ്ലസ് വൺ ക്ലാസിലെ മീനുവിന്റെ അച്ഛൻ മരിച്ചു. ആത്മഹത്യയാണ്.

നമുക്കൊന്ന് പോകണ്ടേ, ഇവിടെ അടുത്തൊരു കോളനിയിലാണ്. താൻ ബസിൽ വാ. ഞാൻ കാറുമായി സ്റ്റോപ്പിൽ നിൽക്കാം ”

“ശരി ടീച്ചറേ, ഞാനുടനെ എത്താം. പള്ളിമുക്കിൽ ബസിറങ്ങാം ടീച്ചറവിടെ , നിന്നാൽ മതി”

ഒട്ടും വൈകാതെ ടീച്ചർ കാത്തുനിന്ന സ്ഥലത്ത് അർച്ചന ടീച്ചർ ബസിറങ്ങി. സുനന്ദ ടീച്ചറോടൊപ്പം കാറിന്റെ മുൻ സീറ്റിൽ കയറി.

“ടീച്ചറെ പോകുമ്പോൾ ഒരു റീത്ത് കരുതണ്ടേ, മീനു എന്ത് മിടുക്കി കുട്ടിയാണ്. അവളുടെ അച്ഛന് ഒരു ആദരാജ്ഞലി വേണ്ടേ ”

” അതൊന്നും വേണ്ട, കാറിൽ കയറ്, പ്രിൻസിപ്പൽ ആലോചിച്ച് എന്തെങ്കിലും ചെയ്യട്ടെ,ആത്മഹത്യയാണ്. കുറച്ച് പ്രശ്നമുണ്ട്.പോലീസ് കേസുണ്ട്. ”

എന്താണെന്ന് ചോദിക്കുന്നതിന് മുൻപ് സുനന്ദ ടീച്ചർ കാർ ഒരു മരത്തിന്റെ താഴെ ഒതുക്കി.

” ഇവിടെ വരെ മാത്രമേ വണ്ടി പോകൂ. വീട് റെയിൽവേ പുറമ്പോക്കിലുള്ള കോളനിയിലാ . നമുക്കിനി നടന്ന് പോവാം”

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു വീടുകൾക്കിടയിലൂടെ സുനന്ദ ടീച്ചർ അർച്ചനയുടെ കൈപിടിച്ച് നന്നു .

ഇടുങ്ങിയ വഴികളിലൂടെ എതിരെ വരുന്ന ആളുകളെ തട്ടാതെ നടക്കാൻ രണ്ടു പേരും ശ്രദ്ധിച്ചിരുന്നു. പെയിന്റടിച്ച ഓടിട്ട വീടിനു മുൻപിൽ നീല കളർ ടാർപ്പാളിൻ വലിച്ചു കെട്ടിയിരുന്നു. അങ്ങുമിങ്ങുമായി വളരെക്കുറച്ച് ബന്ധുക്കളും അയൽക്കാരും കൂടി നിന്നിരുന്നു.

അവരെ പിന്നിട്ട് വീടിന്റെ അകത്തളത്തിലേയ്ക്ക് കടന്നു. വെള്ളമുണ്ട് കൊണ്ട് മൂടിയിരുന്ന ഒരു ഒത്ത പുരുഷ ശരീരം നീണ്ട വാഴയിലയിൽ കിടത്തിയിരിക്കുന്നു.

തലയ്ക്കൽ ഒരു വൃദ്ധയായ സ്ത്രീയും മെലിഞ്ഞു ഉണങ്ങിയ മീനുവിന്റെ മുഖച്ഛായയുള്ള മറ്റൊരു സ്ത്രീയും .

പരേതന്റെ അമ്മയും ഭാര്യയുമാണതെന്ന് മനസ്സിലായി. അമ്മയുടെ അടുത്തിരുന്ന കൊച്ചു പെൺകുട്ടി മീനുവിന്റെ അനിയത്തിയായിരുന്നു. മീനുവിനെ ചുറ്റും നോക്കി, അവളെ കണ്ടില്ല.

ടീച്ചേഴ്സ് ആണെന്ന് മനസ്സിലായപ്പോൾ കസേരയിൽ ഇരുന്ന ഒരു സ്ത്രീ അകത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി. അവിടെ ഒരു കട്ടിലിൽ കൂട്ടുകാരോടൊത്ത് മീനു ഇരിപ്പുണ്ടായിരുന്നു. അവൾ അവരോട് കളിച്ചു ചിരിച്ചു സംസാരിക്കുകയായിരുന്നു.

“ടീച്ചറെ”അവൾ ചാടിയെഴുന്നേറ്റ് അർച്ചനയെ കെട്ടിപ്പിടിച്ചു. ടീച്ചർമാർ ദു:ഖഭാവത്തിൽ നിന്നെങ്കിലും അവളുടെ മുഖത്തെ ആഹ്ലാദം അവൾക്ക് ഒളിച്ചു വയ്ക്കാൻ കഴിഞ്ഞില്ല.

ആദ്യമായിട്ടാണ് ഒരു അച്ഛൻ്റെ വേർപാടിൽ സന്തോഷിക്കുന്ന ഒരു കുട്ടിയെ കാണുന്നത്.കരഞ്ഞ് നിലവിളിക്കുന്ന കുട്ടിയെയാണ് പ്രതീക്ഷിച്ചത്.

കുറച്ച് നേരം അവിടെ ആ വീട്ടിൽ അവളോടൊപ്പം ചെലവഴിച്ച് പുറത്തിറങ്ങി.” എന്താ ടീച്ചറെ ആ കുട്ടി അങ്ങനെ, അവളുടെ അച്ഛനല്ലേ അവിടെ ജീവൻ നഷ്ടപ്പെട്ട്

കിടക്കുന്നത്. ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത് അത്രയ്ക്ക് വിഷമം താങ്ങാൻ കഴിയാതെ ആകില്ലെ ടീച്ചർ. എന്തായാലും കഷ്ടമായി.”

അർച്ചനയുടെ കൈ പിടിച്ച് സുനന്ദ ടീച്ചർ നടന്നു.” എന്റെ അർച്ചനേ, അയാൾ ഒരു പ്രശ്നക്കാരനാണ്. ടീച്ചർക്കറിയാല്ലോ ആറോ ഏഴോ ബലാത്സംഗ കേസിൽ പ്രതിയാണ്. ഓട്ടോ ഡ്രൈവറാണ്.

ഓട്ടോയിൽ കയറുന്ന പെണ്ണുങ്ങളെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കും.ഒരു തരം മാനസിക രോഗമാണ് അയാൾക്ക് ,സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ…..ഇനി അയാൾ മീനുവിനേയും…”

“ഇയാളുടെ ഓട്ടോയിൽ ഇവനെ അറിയാവുന്ന പെണ്ണുങ്ങൾ ഒന്നും കയറാവില്ല. സ്ഥിരം ജയിലിലാകും, ആരെങ്കിലും ജാമ്യത്തിൽ പുറത്തിറക്കും, ഇതു തന്നെ ആവർത്തിക്കും. ഭാര്യ ഒരു അപ്പാവി പെണ്ണാ, അതിനെ കൊണ്ട് എന്ത് ചെയ്യാം. ”

ഇത് കേട്ട് അർച്ചന ഞെട്ടി പോയി. ” അതാണല്ലേ ആ കുട്ടി അങ്ങനെ പെരുമാറിയത് , ച്ഛേ വൃത്തികെട്ടവൻ. ”

” ഇതൊന്നും അവന് ആത്മഹത്യക്ക് കാരണമൊന്നുമല്ലെടോ. കഴിഞ്ഞാഴ്ച ഒരു സംഭവമുണ്ടായി.

മീനുവിന്റെ ഒരു പഴയ കൂട്ടുകാരിയുണ്ട് പേര് ഞാൻ പറയുന്നില്ലാ. പത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു. ഇപ്പോൾ സ്കൂൾ മാറി. ഒരു വില്ലേജ് ഓഫീസറുടെ മകളാണ്. കുട്ടി വന്നപ്പോൾ മീനുവും അമ്മയും ഇല്ലായിരുന്നു.

മടങ്ങി പോകാനിറങ്ങിയ കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ നോക്കി. അവൾ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയിരുന്നു കൂടാതെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാണ്. അവൾ അയാളുടെ മർമ്മ ഭാഗം നോക്കി തൊഴി കൊടുത്തിട്ട് രക്ഷപ്പെട്ടു.”

“പോലീസിൽ അറിയിച്ചു.ഉടനെ തന്നെ പോലീസ് വന്നു കൊണ്ടു പോയി. ജാമ്യത്തിലിറങ്ങിയ ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി അയാളുടെ സുഹൃത്തുക്കൾ മൊഴി കൊടുത്തു.

അങ്ങനെയാണേൽ അത് പോലീസിനെതിരെയാകും. ഇപ്പോൾ ക്രിമിനലുകൾക്കല്ലേ നല്ല കാലം. ”

വീട്ടിലെത്തിയിട്ടും അർച്ചന ടീച്ചറുടെ മനസ്സിൽ മീനുവും അവളുടെ കുടുംബവുമായിരുന്നു. ആ ഒരാഴ്ച അവൾ സ്കൂളിൽ വന്നില്ല. ടീച്ചർക്ക് അവളെയൊന്ന് കാണണമെന്ന് തോന്നി.

ടീച്ചർ തനിയെ അവളുടെ വീട്ടിലേയ്ക്ക് ചെന്നപ്പോൾ അവൾ വഴിയിലെ പൈപ്പിൽ നിന്ന് കുടത്തിൽ വെള്ളം നിറയ്ക്കുകയായിരുന്നു. ടീച്ചറെ കണ്ടതും കുടം നിലത്തു വെച്ച് അവളോടി വന്നു.

വഴിയാണെന്ന് പോലും പരിഗണിക്കാതെ അർച്ചനയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. വീട്ടിന്റെ വാതിൽ പടിയിൽ വൃദ്ധയായ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവരെ മറികടന്നു മീനു ടീച്ചറെ അകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി.

” അച്ഛന്റെ അമ്മയാ, ചെവി കേൾക്കില്ല, ചുണ്ടിന്റെ ചലനം നോക്കി എല്ലാം മനസ്സിലാക്കും. കേസുണ്ടായതു കൊണ്ട് എനിയ്ക്കും അമ്മയ്ക്കും ഒന്നും പറയാൻ പറ്റില്ല. ഞാൻ നോട്ട്ബുക്കിൽ എഴുതി കാണിച്ചാണ് അമ്മയ്ക്ക് വിവരങ്ങൾ കൈമാറുന്നത്. ”

” പോലീസ് കേസുണ്ടോ “”അച്ഛൻ്റെ സഹോദരൻ കേസ് കൊടുത്തിട്ടുണ്ട്.”ചായ കുടിച്ച് ടീച്ചർ ഇറങ്ങിയപ്പോൾ അവൾ കൂടെ വന്നു.

” വെറുപ്പ് വെറുപ്പിനെയേ സൃഷ്ടിക്കൂ ടീച്ചർ , സ്നേഹം സ്നേഹത്തെയും “” എന്താ മോളെ പ്രശ്നം ”

” സത്യം പറയാലോ ടീച്ചർ, ഞങ്ങൾ മൂന്ന് പേർ രക്ഷപ്പെട്ടു. അമ്മ വീട്ടു ജോലിക്ക് പോകാൻ തീരുമാനിച്ചു. അമ്മയ്ക്കിനി അടിയും തൊഴിയും കിട്ടില്ലല്ലോ. ഞങ്ങളെ വളർത്തണം.

പിന്നെ അച്ഛന്റെ ചില കൂട്ടുകാർ പോലീസിനെതിരായി മൊഴി കൊടുത്തു. അന്വേഷണം നടക്കുവാ , വിവരങ്ങൾ ചോർത്തി കൊടുക്കാനാ അച്ഛമ്മ ഇവിടെ തങ്ങുന്നത് ”

“എന്തിന്റെ പേരിലാ കേസ്? ജയിലിലെ പീഡനമോ “” അതെ ടീച്ചർ എനിക്കും അമ്മയ്ക്കും മാത്രമേ അറിയൂ, അച്ഛനീ നാടിന് ഒരു ശല്യമായിരുന്നു. വീടിനും……. പാവം എൻ്റെ അമ്മ ഉറങ്ങാതെ എനിക്ക് കാവലിരുന്നിട്ടുണ്ട്.

പോലീസന്ന് നല്ല പോലെ പെരുമാറി എന്നാ കേട്ടത്. എന്തായാലും അതിന് ശേഷം മൂത്രം ഒഴിക്കാൻ പറ്റിയിരുന്നില്ല. തുളളി തുള്ളി ആയിട്ടാണ് മൂത്രം പോയത് , ഇടയ്ക്ക് വയർ വീർത്തു വന്നു.

ഞങ്ങളിതൊന്നും ആരോടും പറഞ്ഞില്ല. ജീവിച്ചിരുന്നിട്ടും ഞങ്ങൾക്കൊരു പ്രയോജനം ഉണ്ടാകില്ലായിരുന്നു. എന്നും സങ്കടമായിരുന്നു ”

അർച്ചന അവളെ കെട്ടിപ്പിടിച്ചു . അവൾ കണ്ണു തുടച്ചു പറഞ്ഞു.”ഇനി ഞാൻ കരയില്ല ടീച്ചർ. എനിക്ക് പഠിക്കണം , അമ്മയെ സഹായിക്കണം , അനിയത്തിയെ വളർത്തണം. ടീച്ചറിന്റെ വീട്ടിൽ പണിക്കാവശ്യമുണ്ടെങ്കിൽ പറയണേ ടീച്ചർ ഞാൻ വരാം”

“നീ നന്നായി പഠിക്ക്. എല്ലാവരുടെയും മുമ്പിൽ തലയുയർത്തി നിൽക്കണം. എല്ലാവരും പഴയതൊക്കെ മറക്കും.

എന്ത് സഹായം വേണേലും ചെയ്ത് തരാൻ ഞങ്ങൾ ടീച്ചർമാരുണ്ടല്ലോ. നിന്നെ ഞങ്ങളങ്ങ് ദത്തെടുക്കുവാ ”

ടീച്ചറെ പിരിയുമ്പോൾ കണ്ണു നിറഞ്ഞെങ്കിലും അർച്ചന തിരിഞ്ഞു നോക്കുമ്പോൾ വളരെ ആത്മവിശ്വാസത്തോടെ ടീച്ചറെ തന്നെ നോക്കി നിൽക്കുകയായിരുന്നു മീനു,ആരുമല്ലെങ്കിലും ടീച്ചർ തനിക്കാരോ ആണെന്നവൾക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *