സംസാരിക്കാൻ വിമുഖത കാട്ടിയപ്പോഴും.. തന്നെ ഒഴിവാക്കാനുള്ള തന്ത്രം മെനയുകയായിരുന്നു എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല

(രചന: അംബിക ശിവശങ്കരൻ)

ഇതുവരെ രുചിയറിഞ്ഞിട്ടില്ലാത്ത മദ്യം കഷ്ടപ്പെട്ട് ഇറക്കുമ്പോഴും അവന്റെ മനസ്സിൽ ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്നെ വേണ്ടെന്ന് പറഞ്ഞ് മറ്റൊരുത്തന്റെ ഭാര്യയാകാൻ പോകുന്നവളുടെ കല്യാണം കുളമാക്കണം.

അവൾക്ക് വേണ്ടി താൻ ഒഴുകിയ കണ്ണുനീരിന്റെ ഇരട്ടി അവൾ ഇന്ന് കരഞ്ഞു തീർക്കണം. താലികെട്ടാൻ പോകുന്നവന്റെ മുന്നിൽ മാത്രമല്ല….

നാട്ടുകാരുടെയും, ബന്ധുക്കളുടെയും മുന്നിൽ പോലും തല നിവർത്താൻ ആകാതെ നാണിച്ചവൾ തലതാഴ്ത്തണം. ഇല്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞ് ഈ മീശയും വെച്ച് നടക്കുന്നതെന്തിനാ…? “അവന്റെ മനസ്സിൽ അവളോടുള്ള പക കൂടിക്കൂടി വന്നു.”പെണ്ണ് എന്ന വർഗ്ഗത്തെ തന്നെ വിശ്വസിക്കാൻ പാടില്ല എത്ര വേഗമാണ് ഇവളുമാരുടെ സ്വഭാവം മാറുന്നത്. തുഫ്…”

അവൻ മദ്യലഹരിയിൽ സ്വയം പിറുപുറത്തുകൊണ്ടിരുന്നു.സ്വന്തമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് എല്ലാവരോടും പറഞ്ഞത്. വീട്ടുകാരുടെ മുന്നിലും കൂട്ടുകാരുടെ മുന്നിലും താനിന്ന് വെറും കോമാളിയാണ്.സ്നേഹിച്ച പെണ്ണ് ഇട്ടിട്ടു പോയ വെറുമൊരു കോമാളി.

“അരുണേട്ടൻ ആണെന്റെ എല്ലാം അരുണേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. “എന്ന അവളുടെ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടെന്ന് കരുതിയ താൻ തന്നെയാണ് വിഡ്ഢി.

ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടുമ്പോൾ ചതി എന്ന നൂലുകൊണ്ടാണ് അവൾ സ്വപ്നങ്ങൾ നെയ്തതെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.

ആദ്യമൊക്കെ വാതോരാതെ സംസാരിച്ചവൾ പിന്നീട് പിന്നീട് സംസാരിക്കാൻ വിമുഖത കാട്ടിയപ്പോഴും.. തന്നെ ഒഴിവാക്കാനുള്ള തന്ത്രം മെനയുകയായിരുന്നു എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

“അരുണേട്ടൻ ഇനി എന്നെ വിളിക്കരുത് നമ്മുടെ ബന്ധം വീട്ടുകാർക്ക് താല്പര്യമില്ല ഇനിയും ഇത് മുന്നോട്ടുകൊണ്ടുപോയാൽ അച്ഛനും അമ്മയും എന്റെ മുന്നിൽ തന്നെ കെട്ടിത്തൂങ്ങി മരിക്കുമെന്ന പറയുന്നത്.

എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ വയ്യ… അവർ പറയുന്ന ഒരാളെ മാത്രമേ ഞാൻ ഇനി വിവാഹം കഴിക്കുകയുള്ളൂ ദയവായി എന്നോട് ക്ഷമിക്കണം..”

തന്റെ മുന്നിൽ കണ്ണീർ നാടകം കളിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടക്കുമ്പോൾ ഒന്നും മറുത്ത് പറയാൻ കഴിയാതിരുന്നത് അവൾ ഇനി തന്റെ അല്ലെന്നുള്ള സത്യം ഉൾക്കൊള്ളാൻ കുറച്ച് അധികം സമയം വേണ്ടിവന്നു എന്നതിനാലാണ്.

“ആൺകുട്ടികൾ കരയാൻ പാടില്ലത്രേ പക്ഷേ ഞാൻ കരഞ്ഞു… ഉറക്കെ ഉറക്കെ കരഞ്ഞു എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ.

എത്രയോ രാത്രികൾ തലയണ കടിച്ചമർത്തി വേദന സഹിച്ചിട്ടുണ്ട്… വീട്ടുകാരോട് പോലും മിണ്ടാൻ കഴിയാതെ എത്ര നാളുകൾ മുറിയിൽ അടച്ചിരുന്നിട്ടുണ്ട്….

ആർക്കുവേണ്ടിയാണ് ഞാൻ ഇത്രനാൾ ജീവിച്ചത് അവൾ ഇന്ന് മറ്റൊരുത്തന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പോകുന്നു… അങ്ങനെ എന്റെ ജീവിതം നശിപ്പിച്ചിട്ട് അവൾ സുഖമായി ജീവിക്കേണ്ട…

അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിൽ തന്നെ മറക്കാൻ കഴിയാത്ത ഒരു ഓർമ്മ അവൾക്ക് സമ്മാനിക്കണം… എനിക്ക് അത് കണ്ട് പൊട്ടിച്ചിരിക്കണം… ചിരിക്കാൻ മറന്നുപോയ എനിക്ക് അതു കണ്ട് ഉറക്കി ഉറക്കെ ചിരിക്കണം”

ഒരു ഭ്രാന്തനെ പോലെ അവൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.അവസാനത്തെ പെഗ്ഗും വായിലേക്ക് ഒഴിച്ച് അവൻ കഷ്ടപ്പെട്ട് എഴുന്നേറ്റു. ബൈക്ക് ഓടിച്ചു പോകാനുള്ള ലെവൽ ഇല്ലെന്ന് മനസ്സിലാക്കിയാണ് ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചത്.

കുറച്ചു ദൂരത്തേ യാത്രയ്ക്കുശേഷം ഓട്ടോ കല്യാണമണ്ഡപത്തിന്റെ മുന്നിൽ വന്നു നിന്നു.

കല്യാണം കൂടാൻ വരുന്ന വേഷവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു സാധാരണ ഷർട്ടും മടക്കി കുത്തിയ മുണ്ടും പഴയ ചെരുപ്പും കണ്ടിട്ടാവണം പലരുടെയും ശ്രദ്ധ അവനിലേക്ക് തന്നെ തിരിഞ്ഞത്.

അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ഉള്ള അടക്കം പറച്ചിലുകൾക്ക് ചെവി കൊടുക്കാതെ അവൻ കല്യാണ മണ്ഡപത്തിന്റെ ഒരു അരികിലായുള്ള കസേരയിൽ വന്നിരുന്നു.

സ്റ്റേജിൽ സർവ്വാഭരണ വിഭൂഷിതയായി അശ്വതി നിൽപ്പുണ്ട്. ചുവപ്പ് കളർ പട്ടുസാരിയിൽ അവളേറെ സുന്ദരിയായിരിക്കുന്നു എന്ന് അവന് തോന്നി… താനേറെ സ്വപ്നം കണ്ടിരുന്ന ഒരു മുഹൂർത്തം ആയിരുന്നു ഇത്.പക്ഷേ തന്റെ സ്ഥാനത്ത് ഇന്ന് മറ്റൊരാൾ ആണെന്ന് മാത്രം…

അവൾ ഏറെ സന്തോഷവതിയാണ്… വേദന മുഴുവൻ തനിക്ക് മാത്രമാണ്. ഈ നിമിഷത്തിൽ അവൾ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതും തന്റെ മുഖം മാത്രമായിരിക്കും.

അവളുടെ കഴുത്തിൽ മറ്റൊരാൾ താലി അണിയുന്നതും സിന്ദൂരം ചാർത്തുന്നതും കണ്ടുനിൽക്കാൻ കഴിയാതെ അവൻ കണ്ണുകൾ ഇറക്കി അടച്ചു.

സിന്ദൂരക്കുറി അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നു. അവൾക്ക് ഏറെ ഇഷ്ടമായിരുന്നു നെറുകയിൽ സിന്ദൂരം അണിയാൻ… അതവൾ എപ്പോഴും തന്നോട് പറഞ്ഞിരുന്നു.

ഉള്ളിൽ ദുഃഖം വന്ന് തിങ്ങി നിറയുന്നതിനൊപ്പം തന്നെ അവന്റെ ഉള്ളിൽ വെറുപ്പും ഉടലെടുത്തു തുടങ്ങി.

“ഇല്ല.. എന്നെ കരയിച്ചുകൊണ്ട് അവൾ ചിരിക്കണ്ട എന്റെ ജീവിതം തകർത്തിട്ട് അവൾ സുഖമായി ജീവിക്കേണ്ട.”അവൻ വീണ്ടും വീണ്ടും പുലമ്പി കൊണ്ടിരുന്നു.

താലികെട്ടിനും ചടങ്ങുകൾക്കും ശേഷം സ്റ്റേജിൽ മുഴങ്ങിയ പാട്ട് കേട്ടതും അവൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു.

“ഇത് തന്നെയാണ് പറ്റിയ അവസരം ഇവിടെ കിടന്നു വെളിവില്ലാതെ ഡാൻസ് ചെയ്യണം. ഒടുവിൽ ആരെങ്കിലും ഒക്കെ തന്നെ പിടിച്ചു മാറ്റുമ്പോൾ ഉറക്കെ ഉറക്കെ എല്ലാം വിളിച്ചു പറയണം. എല്ലാവരുടെയും മുന്നിൽ അവളെ നാണം കെടുത്തണം. ഈ ദിവസം അവൾ ഒരിക്കലും മറക്കരുത്.”

ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ അവനും ചെന്ന് ചുവട് വച്ചു.

കാലുകൾ വഴങ്ങാതെ നൃത്തം ചെയ്യുന്ന തന്നെ ചിലരൊക്കെ ശ്രദ്ധിച്ചു തുടങ്ങിയെന്ന് അവന് മനസ്സിലായതോടെ അവന്റെ ആവേശം വർദ്ധിച്ചു.

ആളുകളുടെ ശ്രദ്ധ മുഴുവൻ തന്നിലേക്ക് തിരിക്കാൻ സകല കോപ്രായങ്ങളും കാട്ടിക്കൂട്ടുന്നതിനിടയ്ക്കാണ് നിറഞ്ഞു തുളുമ്പാനായ രണ്ട് കണ്ണുകൾ തന്നെ ഒറ്റു നോക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.

‘അശ്വതി!’അവളുടെ കണ്ണുകളിലേക്ക് നോക്കിയതും ഇത്രയും നേരം മനസ്സിൽ ഉടലെടുത്തിരുന്ന വെറുപ്പ് അലിഞ്ഞു പോയതുപോലെ അവന് തോന്നി.

അവളുടെ ദയനീയമായ മുഖം തന്നോട് അപേക്ഷിക്കുകയാണെന്ന് അവന് മനസ്സിലായി. ഉള്ളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ജീവിതം നശിപ്പിക്കരുതെന്ന് അവൾ കേണപേക്ഷിക്കുകയാണെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം ആയിരുന്നു.

അവളുടെ നോട്ടത്തിനു മുന്നിൽ ഒരു നിമിഷം അവന്റെ കാലുകൾ നിശ്ചലമായി. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നത് നോക്കിനിൽക്കാനാകാതെ അവൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവൻ അവിടെ നിന്നും തിരികെ നടന്നു.

‘ തോറ്റുപോയവന്റെ പുഞ്ചിരി.’അവളുടെ കണ്ണുനീരിനു മുന്നിലാണ് എപ്പോഴും താൻ തോറ്റു പോയിട്ടുള്ളത്. എത്ര വലിയ ദേഷ്യത്തിൽ ആണെങ്കിലും അവളുടെ കണ്ണൊന്ന് നിറഞ്ഞാൽ തന്റെ മനസ്സ് അലിയാറുണ്ട്.

അവൾ എത്ര വലിയ തെറ്റ് ചെയ്താൽ കൂടിയും അത് ക്ഷമിക്കാൻ അവളുടെ ഒരു തുള്ളി കണ്ണീർ തന്നെ ധാരാളമായിരുന്നു. ഇപ്പോൾ അവസാനമായും അവൾ തന്നെ തോൽപ്പിച്ചത് ആ കണ്ണീർ കൊണ്ട് തന്നെയാണ്. അതിനുമുകളിൽ തനിക്ക് തന്റെ ദേഷ്യവും വാശിയും കെട്ടിപ്പടുക്കാൻ കഴിയില്ല…

കാരണം അവൾ തനിക്ക് അത്രയേറെ പ്രിയപ്പെട്ടവൾ ആയിരുന്നു. കണ്ണുനീർ വന്ന് കാഴ്ച മറക്കാൻ തുടങ്ങിയതും തിരിഞ്ഞു പോലും നോക്കാതെ അവൻ മുന്നിൽ കണ്ട ഒരു ഓട്ടോയിൽ കയറിയിരുന്നു.

അത്രമേൽ സ്നേഹിച്ച ഒരാളെ എത്ര വെറുത്തു എന്ന് പറഞ്ഞാലും അതൊരു കളവ് മാത്രമാണ്.

അവരുടെ മുഖമൊന്നു വാടിയാൽ നീറുന്നത് നമ്മുടെ ഉള്ളായിരിക്കും സ്വയം പടുത്തുയർത്തിയ വെറുപ്പ് ഇല്ലാതാകാൻ ആ ഒരു നിമിഷം മതി.അവരുടെ ഓർമ്മകളിൽ പിന്നെയും നാം ജീവിക്കുമ്പോൾ നഷ്ടം…. അത് ഒരാൾക്ക് മാത്രമായി അവശേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *