എന്നെ നല്ല പ്രായത്തിൽ കെട്ടിക്കാനൊന്നും വീട്ടുകാർക്കും കഴിവില്ലായിരുന്നു.. 

ഞാൻ ഒറ്റയ്ക്കാണ് താമസം,

എന്റെ കെട്ടിയോൻ

പങ്കജാക്ഷൻ ജോലിക്കാണെന്നും പറഞ്ഞ് ഇരുപത്തിരണ്ട് കൊല്ലം മുമ്പ് പോയതാണ്.

പിന്നെയിതുവരെ മടങ്ങി വന്നിട്ടില്ല…

 

പോയ,ആദ്യത്തെ ഒരു വർഷം ഇടയ്ക്ക് കത്തുകൾ അയക്കുമായിരുന്നു, കോയമ്പത്തൂർ ആണെന്നും അവിടെ ഒരു കമ്പനിയിൽ ജോലി നോക്കുകയാണെന്നും പറഞ്ഞിരുന്നു.

 

പിന്നെപ്പിന്നെ കത്തുമില്ല,ആളൊട്ട് തിരികെ വന്നതുമില്ല.

 

ചിലരൊക്കെ പറയുന്നത് കേട്ടു

അങ്ങേർക്കവിടെ വേറെ കുടുംബം ഉണ്ടെന്നും, അവിടെ വച്ച് കണ്ടു എന്നുമൊക്കെ…

 

അങ്ങേര് ജോലി തേടി പോകുമ്പോൾ ഞങ്ങളുടെ ഒരേയൊരു മകൻ അപ്പുവിന്

എട്ട് വയസേ ഉണ്ടായിരുന്നുള്ളൂ…

 

അവനെ ഓർത്ത് ,

കണ്ണീരും കൈയുമായിരിക്കാതെ

ഞാൻ കൂലിപ്പണിക്ക് ഇറങ്ങി…

 

തൊണ്ട് തല്ലാനും, കയറു പിരിക്കാനും മണൽവാരാനും, റോഡ് പണിക്കും,

എന്ന് വേണ്ട സകല ജോലിയും ചെയ്താണ് ഞാനെന്റെ മകനെ വളർത്തിയത്…

 

അവൻ പഠിച്ച്, ജോലി നേടിയാൽ അവന്റെ ഭാവി രക്ഷപ്പെടുമല്ലോ എന്തൊരു ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ…

 

ഏഴാം ക്ലാസ്സ്‌ വരെയേ ഞാൻ പഠിച്ചിട്ടുള്ളൂ..

പിന്നെ അമ്മയുടെ കൂടെ പണിക്കിറങ്ങി..

അന്നന്നത്തെ വിശപ്പാറ്റുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഞങ്ങൾക്കന്നില്ലായിരുന്നു.

എന്റെ അപ്പനും അമ്മയും കൂലിപ്പണിക്കാരാണ്. അപ്പൻ ഇച്ചിരി കള്ള് കുടിക്കും.. എന്നാലും കുഴപ്പക്കാരനൊന്നുമല്ല..

 

എന്നെ നല്ല പ്രായത്തിൽ കെട്ടിക്കാനൊന്നും വീട്ടുകാർക്കും കഴിവില്ലായിരുന്നു..

അന്നത്തെ കാലത്ത് ഒന്നുമില്ലാത്ത പെണ്ണുങ്ങളെ ആർക്കും വേണ്ട.

 

കല്യാണാലോചന വല്ലതും വന്നാൽ തന്നെ എന്ത് കൊടുക്കും എന്നായിരുന്നു അന്നത്തെ ചോദ്യം.

കൊടുക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് കല്യാണമെന്ന മോഹവും എനിക്കില്ലായിരുന്നു..

 

എന്റെ സമപ്രായക്കാർക്കെല്ലാം കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുമായിട്ടും

ഞാൻ മാത്രം കൂലിപ്പണിയുമായി നടക്കുകയായിരുന്നു

 

എന്റെ മുപ്പത്തിനാലാമത്തെ വയസ്സിലാണ് റോഡ് പണിക്ക് വന്ന പങ്കജാക്ഷൻ ചേട്ടൻ എന്നെ കല്യാണം കഴിക്കാൻ താല്പര്യമാണെന്ന് വീട്ടിലറിയിച്ചത്..

അങ്ങനെ പൊന്നും പണവും ഒന്നുമില്ലാതെ ഞാൻ പങ്കജാക്ഷൻ ചേട്ടന്റെ ഭാര്യയായി.

ഒൻപത് മാസം തികഞ്ഞപ്പോൾ ഞാൻ ഒരമ്പോറ്റിക്കുഞ്ഞിനേയും പെറ്റു.

 

പിന്നങ്ങോട്ട് സുഖജീവിതമായിരുന്നു…

എന്റെ വീട്ടിൽ തന്നെയായിരുന്നു ഞങ്ങളുടെ താമസം.

 

അങ്ങേര് പണിക്ക് പോകും.

ഞാൻ കുഞ്ഞിനേയും നോക്കി, വീടും അങ്ങേരുടെ കാര്യവും നോക്കി

ഉത്തമ കുടുംബിനിയായി..

 

മകൻ വളർന്നു വരികയാണ് ഇനി പണച്ചിലവേറും. നമുക്ക് സ്വന്തമായി ഒരു വീട് പണിയണം എന്നൊക്കെ പറഞ്ഞാണ്അദ്ദേഹം ജോലിതേടി പോയത്…

 

പക്ഷെ… പിന്നെ അദ്ദേഹം മടങ്ങിവന്നില്ല…

 

ജീവിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കാരണം എനിക്കൊരു മകനുണ്ട്….

 

 

എട്ട് വർഷത്തെ ഇടവേളകളിലായി അമ്മയും അച്ഛനും എന്നെ വിട്ട് പിരിഞ്ഞു…

 

എങ്കിലും തളരാതെ മുന്നോട്ട് തന്നെ ജീവിച്ചു.

എന്റെ മകന്റെ ഭാവി മാത്രമായിരുന്നു മുമ്പിൽ..

 

ഇന്നിപ്പോൾ അവൻ ഉദ്യോഗസ്ഥനായി…

വിവാഹിതനുമായി..

 

അവൻ സ്വന്തമായി ഭൂമി വാങ്ങി നല്ലൊരു വീടും വച്ചിരുന്നു…

അവന്റെ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ദിവസം പുതിയ വീട്ടിലേക്ക് മാറുകയാണെന്ന് മകൻ പറഞ്ഞു.

 

അത്ര നാൾ ജീവിച്ച ആ ചെറിയ വീട്ടിൽ നിന്നും താമസം മാറാൻ എനിക്ക് വിഷമമായിരുന്നു.

എങ്കിലും ഒരേയൊരു മകനെ സങ്കടപ്പെടുത്തുന്നത് ശരിയല്ലല്ലോ..

 

ഞാൻ വീട്ടിലെ സാധനങ്ങൾ ഒക്കെ പെറുക്കി കെട്ടി വച്ചുകൊണ്ടിരുന്നപ്പോഴാണ് അവൻ പറഞ്ഞത്. അമ്മ ഇവിടെത്തന്നെ താമസിച്ചാൽ മതി.

അവനും ഭാര്യക്കും താമസിക്കാനാണത്രെ പുതിയ വീട് പണിതതെന്ന്

 

ആധുനിക കാലത്തെ പിള്ളേർ പറയുന്നത് കല്യാണം കഴിഞ്ഞാൽ പെണ്ണും ചെക്കനും മാറിത്താമസിക്കണമെന്നാണ്…

ആഹ്… ഒരു കണക്കിന് നോക്കിയാൽ അത് തന്നെയാണ് നല്ലത്..

 

ഈ വയസ്സായ ഞാൻ അവർക്കൊരു ശല്യമാകും…അവർ സന്തോഷമായി ജീവിക്കട്ടെ…

 

നല്ല പ്രായത്തിൽ ആരോഗ്യം സംരക്ഷിക്കാനൊന്നും മെനക്കെടാഞ്ഞത് കൊണ്ട് ഇപ്പോൾ തീരെ വയ്യ…

 

കാൽമുട്ടിന്റെ അസ്ഥി ദ്രവിച്ചത് കൊണ്ട് വേഗത്തിൽ നടക്കാൻ പറ്റില്ല.

എന്നാലും ഒച്ചിഴയും പോലെ പതിയെ നടക്കാം…

അതിനിടയിൽ ഹൃദയവും ഒന്ന് പണി മുടക്കി..

 

മകൻ വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി..

 

ചികിത്സ കഴിഞ്ഞ് എന്നെ വീട്ടിൽ കൊണ്ട് വന്നാക്കുകയും ചെയ്തു…

 

വീട്ട് ചെലവൊക്കെ അവൻ നോക്കും….

എന്നാലും അമ്മ എന്റെ കൂടെ വാ എന്ന് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല…

 

നിനക്കീ വയ്യാത്തപ്പോൾ പോലും നിന്റെ മകൻ, നിന്റെ അടുത്ത് വന്ന് നിൽക്കുകയോ,

അല്ലെങ്കിൽ നിന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയോ ഒന്നും ചെയ്‌തില്ലല്ലോയെന്ന് എന്റെ കൂടെ പണിക്ക് വന്നുകൊണ്ടിരുന്ന അയൽക്കാരി കൗസല്യ പറയും

 

ഞാനൊന്നും മറുപടി പറയില്ല…

 

എനിക്ക് തീരെ വയ്യ എന്ന് തോന്നുമ്പോൾ കൗസല്യ വന്ന് കൂട്ട് കിടക്കും. അല്ലെങ്കിൽ ഞാൻ കൗസല്യയുടെ വീട്ടിലേക്ക് കിടക്കാൻ പോകും…

 

ഒറ്റക്കായിപ്പോയ കാർന്നൊന്മാരെ നോക്കാതെ ഈ മനുഷ്യരൊക്കെ

ഏത് ജീവിതം നേടാനാണ് നോക്കുന്നതെന്നും ചോദിച്ച് കൗസല്യ എല്ലാരേയും കുറ്റപ്പെടുത്തും…..

അവളിച്ചിരി ദേഷ്യക്കാരിയാണെന്നെ ഉള്ളൂ..

മനസ് നിറച്ചും നന്മയാ…

 

ഓരോ മനുഷ്യന്റെയും യാത്ര വാർദ്ധക്യത്തിലേക്കാണെന്ന് ആരും ഓർക്കുന്നില്ല…

 

ഞാൻ ജീവിച്ചതത്രയും എന്റെ മകന് വേണ്ടിയായിരുന്നു… എന്നിട്ടും അമ്മയെ അവന് വേണ്ടാ.

 

ആഹ് പെറ്റവയറല്ലേ എനിക്കവനെ വെറുക്കാൻ വയ്യാ…

 

ഏതൊരു അച്ഛന്റെയും അമ്മയുടെയും മനസ്സിലെ അണയാത്ത പ്രതീക്ഷയാണ് എനിക്കെന്റെ മക്കളുണ്ട് എന്നത്…

 

അവനവന്റെ ജീവിതസൗകര്യങ്ങളെ മാത്രം മുന്നിൽ കണ്ടുകൊണ്ട്, ഒറ്റയ്ക്കായി പോയ അച്ഛനെയോ അമ്മയേയോ

ഉപേക്ഷിച്ചു കളയുന്നത് എത്ര വലിയ ദ്രോഹമാണ്….

 

സ്നേഹത്തോടെയുള്ള ഒരു വാക്ക്, കിടക്കാൻ ഒരു മുറി, കഴിക്കാൻ ഭക്ഷണം,

അവർക്കായി ഒരിത്തിരി സമയം, അത്രയെങ്കിലും നമ്മളീ ഭൂമിയിൽ പിറക്കാൻ കാരണക്കാരായവർക്ക് വേണ്ടി മാറ്റി വയ്ക്കണ്ടേ??

 

ഒരിക്കൽ മാതാപിതാക്കൾ മക്കളുടെ സംരക്ഷകരായിരുന്നത് പോലെ,

മക്കൾ മാതാപിതാക്കളുടെ സംരക്ഷകരാകേണ്ടി വരും…

അന്ന് മടിയേതുമില്ലാതെ ആ കടമ നന്നായി നിർവഹിക്കാൻ കഴിഞ്ഞാൽ

അത് തന്നെയാണ് മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ.

 

 

🦋🦋🦋🦋🦋

 

Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *