(രചന: ജ്യോതി കൃഷ്ണകുമാര്)
“മോളെ നീയെന്ത് തീരുമാനിച്ചു..? ദേ അവരൊക്കെ നിന്റെ തീരുമാനം അറിയാൻ കാത്ത് നിക്കാ…”
“കൊള്ളാം അമ്മേ…. ഇത്രയൊക്കെ അറിഞ്ഞിട്ടും പറഞ്ഞിട്ടും ഇനിയും ഒരു തീരുമാനം അല്ലേ….? ഞാനെന്താ വേണ്ടത്…? അമ്മ പറഞ്ഞോളൂ…. ഞാൻ അതു പോലെ ചെയ്തോളാം…. ”
“അല്ല മോളെ ഒരു വാശിപ്പുറത്ത്…. വേണ്ടന്ന് വക്കാൻ എളുപ്പാ… ഞങ്ങളും കൂടെ കൂട്ട് നിന്നാ നിന്റെ ജീവിതം ഇല്ലാണ്ടാക്കിയത് എന്ന് … നാളെ ആരും പറയരുതല്ലോ ….?”
“ഓ…. അപ്പോ എന്റെ വെറും വാശിയാണിതല്ലേ അമ്മേ ….? നാളെ കുറ്റം പറയുന്ന ആളുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം എന്റെ തീരുമാനങ്ങൾ ഞാൻ തിരുത്തണം അല്ലേ….?”
“മോളെ… ഞാൻ ….?”
“വരൂ അമ്മേ എല്ലാരുടെയും മുന്നിൽ വച്ച് ഞാൻ തീരുമാനം പറയാം…. ”
ഹൃദ്യ പൂമുഖത്തേക്ക് നടന്നു. അവിടെ രാജീവിന്റെ അമ്മാവനും, ചെറിയച്ചനും, ചേട്ടനും, അളിയനും ഇരിക്കുന്നുണ്ട് …
ഹൃദ്യയുടെ അച്ഛൻ തല കുനിച്ച് ഇരിക്കുന്നുണ്ട്.. എന്തോ തെറ്റ് തങ്ങളുടെ ഭാഗത്തുള്ള പോലെ….. ഹൃദ്യയുടെ ആത്മവിശ്വാസം ചെറുതായൊന്ന് ഉലഞു.
കൂടെ നിൽക്കും എന്ന് കരുതിയവരാണ് ഇപ്പോൾ തല കുനിച്ചിരിക്കുന്നതും , ഉപദേശിക്കുന്നതും… വെറുമൊരു സന്ധി സംഭാഷണം കൊണ്ട് അവരുടെ മകൾ അനുഭവിച്ചതെല്ലാം അവർ മറന്നു….
ഹൃദ്യ ചെന്ന് നിന്നപ്പോഴേ എല്ലാവരുടെയും മുഖം വിവർണ്ണമാകുന്നത് കണ്ടു. ചിലർ ദേഷ്യം മുഖത്ത് പ്രതിഫലിപ്പിച്ചു.
പേടിച്ചരണ്ട ഒരു പേടമാനെ പ്രതീക്ഷിച്ചവർ ശൗര്യത്തോടെ നിൽക്കുന്ന ഈറ്റപ്പുലിയെ കണ്ട് ഞെട്ടി…
താണ് വണങ്ങി രാജീവിന്റെ അമ്മയുടെ ഉഗ്രശാസനങ്ങൾക്ക് തല കുലുക്കി അനുസരിച്ച് പോന്ന ഹൃദ്യയുടെ ഭാവം തന്നെ മാറിയിരിക്കുന്നു.
അവൾ യാതൊരു ഭാവഭേദവും കൂടാതെ തന്നെ നിലകൊണ്ടു….
രാജീവിന്റെ അമ്മാവനാണ് പറഞ്ഞ് തുടങ്ങിയത്….
” ഒരുത്തന്റെ ജീവിതം തുലച്ചിട്ട് വന്ന് നിക്കാ…. എന്നിട്ട് വല്ല കൂസലും ഉണ്ടോ? അഹങ്കാരം…. അതാ ഈ കാട്ടണത്… പെങ്കുട്ട്യോൾക്ക് ഇത്രേം അഹങ്കാരം പാടില്ല …
അവൻ അവിടെ കുടിച്ച് നശിക്കാ…. അതോണ്ടാ അതോണ്ട് മാത്രാ ഇവിടെ ഇങ്ങനെ … അവന് വേറെ നല്ല പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല.. ഈ ദാരിദ്രം പിടിച്ച വീട്ടിൽ വന്ന് കിടക്കണ്ട ഒരു കാര്യവും ഇല്ല”
ഒരു പുച്ഛ ചിരി ചിരിച്ച് അവൾ മറുപടി പറയാൻ തുടങ്ങി.
” അപ്പോ അനന്തിരവൻ കുടിക്കണത് നിർത്താൻ ഉള്ള ഒരു മാർഗമാണല്ലേ ഞാൻ… കൊള്ളാം നല്ല തീരുമാനം ..
പക്ഷെ എനിക്ക് സമ്മതമില്ല എങ്കിലോ? നിങ്ങടെ നിലക്കും വിലക്കും ചേർന്ന ഒരു പെൺകുട്ടിയെ കണ്ട് പിടിച്ച് കെട്ടിക്ക് ….
എനിക്കിനി അയാളെ വേണ്ട …. ആ പടിയിറങ്ങിയപ്പോ മുറിച്ചിട്ടതാ ആ ബന്ധം…. ഇനി വേണ്ട…. എല്ലാർക്കുo ഇറങ്ങാം…. ”
“മോളെ..”
അച്ഛനാണ് .., ഇത്രയും ധിക്കരിച്ച് വന്നവരെ ഇറക്കി വിടുന്നതിൽ പേടിച്ചുള്ള വിളിയാണ്….
” അച്ഛൻ പേടിക്കണ്ട ഒരു ബാധ ഒഴിഞെന്ന് കരുതിയാൽ മതി.. ”
” നിന്റെ അഹങ്കാരത്തിന് കിട്ടുമെടി നിനക്ക്,.. ”
ചെറിയച്ഛനാണ് ദേഷ്യപ്പെട്ട് പറഞ്ഞത് അതൊന്നും ഹൃദ്യയുടെ വിരൽതുമ്പിൽ പോലും സ്പർശിച്ചിരുന്നില്ല …. ഒരു ഭാവമാറ്റവും ഇല്ലാതെ അവൾ അത് കേട്ട് നിന്നു…
” എടോ കാർന്നോരെ പൂട്ടി വച്ചോ തന്റെ ഈ താന്തോന്നി പെണ്ണിനെ … ചാവണ വരെ ഇവിടെ കാണും ദു:ശകുനായിട്ട് ”
അച്ചന്റെ തല ഒന്നുകൂടി താഴ്ന്നത് ഹൃദ്യ കാണാതിരുന്നില്ല …. ഈ അവസ്ഥയിൽ ഇവരു കൂടി തനിക്ക് ഒരു താങ്ങായില്ലെങ്കിൽ മുന്നോട്ട് പോവാൻ കഴിയില്ല എന്നത് അവൾക്കും അറിയാമായിരുന്നു.
എല്ലാരും ഇറങ്ങിയപ്പോ അൽപ നേരം ഇരുന്ന് ഹൃദ്യയുടെ അച്ഛൻ പുറത്തേയ്ക്ക് പോകാനായി എണീറ്റു.
“അച്ഛാ എനിക്ക് അൽപം സാവകാശം തരൂ …. ഈ മകളെ ഓർത്ത് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല…’
ദീർഘമായി ഒന്ന് നിശ്വസിച്ച് അയാൾ ഓട്ടോയും എടുത്ത് പുറത്തേക്ക് പോയി….
അവൾ അകത്തേക്ക് നടന്നു. അമ്മ മോളെ എന്ന് വിളിച്ച് അരികിലെത്തി.. അനുഭവ സമ്പത്തിന്റെ പുറത്തുള്ള ഉപദേശത്തിനാണ് എന്ന് ഹൃദ്യക്ക് മനസിലായി….
അമ്മ ഇങ്ങോട്ട് എന്തേലും പറയുന്നതിന് മുമ്പ് “അമ്മേ എന്നെ കുറച്ച് നേരം വെറുതേ വിടൂ ” എന്ന് പറഞ്ഞ് റൂമിലേക്ക് പോയി വാതിൽ കൊട്ടിയടച്ചു.. …
ഓർക്കാനിഷ്ടമില്ലാത്ത പല സാഹചര്യങ്ങളും വീണ്ടും അവൾ മനസിൽ ഓർത്തെടുക്കാൻ ശ്രമിച്ചു പിന്നെ ചിന്തിക്കുമ്പോൾ കുറ്റബോധം തോന്നരുതല്ലോ…
ഓട്ടോ ഡ്രൈവറായിരുന്ന ചന്ദ്രന്റെ മകൾ ഹൃദ്യ…
സുന്ദരിയാണ് എന്ന് എല്ലാവരുo പറഞ്ഞപ്പോ ഒരായിരം ചിറക് വച്ച് പന്നതാണ് മനസ്, പക്ഷെ എല്ലാ ചിറകും അരിയുവാൻ സ്വന്തം ഭാവി തന്നെ വാളുമേന്തി നിൽക്കുന്ന കാര്യം അറിയാതെ പോയി….
രാജീവ്…. എവിടെയോ വച്ച് തന്നെ കണ്ട് വീട്ടിൽ ഇഷ്ടം അറിയിച്ചു. പെണ്ണ് കാണാൻ വന്നവരുടെ മുഖത്ത് പെണ്ണിന്റെ വീട്ടിലെ ഇല്ലായ്മ ഓരോ ഭാവങ്ങൾ പകരുന്നത് വ്യക്തമായിരുന്നു.
അതോടു കൂടി അവസാനിച്ചെന്ന് കരുതി എല്ലാവരും അടച്ച അധ്യായമാണ് വീണ്ടും രാജീവന്റെ വാശിക്ക് വഴിമാറി തുറക്കേണ്ടി വന്നത്….
രാജീവിന്റെ വാശിക്ക് മുന്നിൽ തോറ്റ് കൊടുക്കേണ്ടി വന്നതിന്റെ അരിശം മുഴുവൻ തൊലി വെളുപ്പു കാട്ടി മയക്കി എന്ന് വിശ്വാസിച്ചിരുന്ന പെണ്ണിന് സമ്മാനമായി അവർ ചേർത്ത് വച്ചു.
പക്ഷെ അവൾക്കതിൽ യാതൊരു മനസറിവും ഇല്ലെന്നത് ആരും അറിഞ്ഞില്ല..
ഇവിടെ എല്ലാവരും ഹൃദ്യയെന്ന പെണ്ണിന് വന്ന് ചേർന്ന ഭാഗ്യത്തെയും അവളുടെ ഭാഗ്യജാതകത്തേയും പാടിപുകഴ്ത്തി…
അനിയൻ ഹരീഷിനിനി ഭാവി സുഖകരമായിരിക്കും സമ്പന്നനായ അളിയന്റെ സഹായത്താൽ എന്ന് ദീർഘവീക്ഷണങ്ങൾ വരെ നടന്നു.
രണ്ടേ രണ്ട് മുറികളുള്ള കുടുസ്സു വീട്ടിൽ നിന്ന്
രാജീവിന്റെ എല്ലാ സൗകര്യങ്ങളും ഉള്ള രണ്ട് നിലവലിയ വീട്ടിലേക്ക് രാജകുമാരിയായി പോകേണ്ടുന്ന അവളെ എല്ലാവരും അത്ഭുതത്തോടെയും തെല്ലൊരസൂയയോടെയുo നോക്കി.
ഉള്ള പൊടിപ്പും തൊങ്ങലും വച്ച് അവളും സ്വപ്നങ്ങൾ നെയ്തു ..
‘വിവാഹം സ്വർഗത്തിൽ എന്നപോലെ നടത്തി ‘
പക്ഷെ ഒരു പ്രാരാബ്ദക്കാരൻ അച്ഛന്റെ വിയർപ്പു മുഴുവൻ സ്വരുക്കൂട്ടി അവൾക്ക് നൽകിയ ആഭരണങ്ങളിലേക്ക് നിലവിളക്ക് കൊടുത്ത് കേറ്റുന്ന നേരം അമ്മായി അമ്മ രൂക്ഷമായി നോക്കിയപ്പോൾ തന്നെ എതാണ്ട് കാര്യങ്ങളുടെ പോക്ക് പിടി കിട്ടിയിരുന്നു..
ഏടത്തിയമ്മയുടെയും പെങ്ങളുടെയും അമ്മയുടെ തന്നെയും ആഭരണ ശേഖരത്തെ പറ്റിപ്പറഞ്ഞ് പുതുമോടിയിൽ തന്നെ പരിഹസിച്ച് ഒരു തരം ആനന്ദം കണ്ടെത്താൻ ആ സ്ത്രീ ശ്രമിച്ചിരുന്നു.
എങ്ങാണ്ടോ വയസായി രോഗാതുരയായി കിടന്ന ബന്ധു മരിച്ചതിനും, തോട്ടത്തിലെ അടക്കയുടെ വില കുത്തനെ ഇടഞ്ഞതിനും ഒക്കെ പഴി അവൾക്കായിരുന്നു വലത് കാല് വച്ച് കയറിയതിന്റെ ദോഷമാണത്രെ എല്ലാം…
അമ്മ അങ്ങനെയാ നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് ഭർത്താവും അവളുടെ വായടച്ചു.
ഡിഗ്രിക്ക് പഠിക്കാൻ പോകുന്നത് പോലും ഭർത്താവിനിഷ്ടമല്ലെന്ന് മനസിലാക്കി എങ്കിലും അവൾക്ക് ആ കാര്യം നിർബന്ധമായിരുന്നു.
പOനം എന്ത് വന്നാലും മുടക്കില്ല എന്ന് അതിനയാൾ അവൾക്ക് ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് നൽകി തടയിട്ടു. അതിലും വലുതാണ് മാതൃത്വം എന്ന് മനസിലാക്കി അവളുo അതിന് തയ്യാറെടുത്തു.
വർഷങ്ങളായി മകൾക്കില്ലാത്ത വിശേഷം ദരിദ്രയായ മരു മകൾക്ക് …
അതും വന്ന് കയറിയപ്പോഴേക്കും… എങ്ങിനെ സഹിക്കും തീരെ വിശ്രമം പറഞ്ഞയാളെ കൊണ്ട് ആവാത്ത പണികൾ ചെയ്യിപ്പിച്ച് ആ പ്രതീക്ഷയെയും അവർ അവസാനിപ്പിച്ചു…
പതിയെ ഭർത്താവിന്റെ സ്വഭാവത്തിൽ വന്ന മാറ്റം …. ഉപദ്രവം… കുടി.. താൻ ഒരു അധികപ്പറ്റ് പോലെ ആയി ആ വീട്ടിൽ..
ഒടുവിൽ അയാൾക്ക് വന്ന നല്ല നല്ല ആലോചനകളെ കുറിച്ചുള്ള സ്ഥിരമുള്ള വിവരണങ്ങൾക്ക് മൗനം പാലിച്ചിരുന്നയാൾ അമ്മയോട് ഇത്തവണ അയാൾ ….,
തെറ്റ് പറ്റിയതാണെന്നുo ഇത് വേണ്ടിയിരുന്നില്ല എന്നും പറഞ്ഞപ്പോൾ അപ്പോൾ മാത്രമാണ് താനും മതിയാക്കി ഇറങ്ങിയത്….
ഗ്യാസ് പൊട്ടിത്തെറിച്ചോ .. പാ മ്പ് കടിച്ചോ കൊന്ന് കെട്ടിത്തൂക്കിയോ അവസാനിക്കേണ്ട ജീവൻ.. അതും കൊണ്ട് അന്നിറങ്ങി എന്നതാണ് താൻ എന്ന അഹങ്കാരി ചെയ്തത്..
നല്ല കുടുംബത്തിലെല്ലാം മകന് പെണ്ണന്വേഷിച്ച് ചെന്ന് നാണം കെട്ടപ്പോൾ ഇപ്പോ വീണ്ടും ആ അടിമയെ കൊണ്ട് പോകാൻ സന്ധി സംഭാഷണവുമായി ഇറങ്ങിയിരിക്കുന്നു… അതും വില്ലത്തി പരിവേഷം തനിക്ക് തന്നിട്ട് ….
അമ്മയോട് മാപ്പ് പറഞ്ഞാൽ ഇനിയും അവിടെ കയറ്റാത്രെ..
എന്നിട്ട് കുടിക്കുന്ന വെള്ളത്തിനോ ശ്വസിക്കുന്ന വായുവിനോ സമാധാനം കിട്ടാതെ, ഞാനെന്ന വ്യക്തിയെ പോലുo പണയപ്പെടുത്തി ഒരു ജീവിതം …
വേണ്ട.. ഇനിയത് വേണ്ട തന്റെ തീരുമാനം തന്നെയാണ് ശരി… ഇനിയും ഉത്രകൾ പിറക്കാതിരിക്കാൻ…
സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം ഇല്ലാതിരിക്കാൻ സ്വന്തം കാലിൽ ഇനി നിൽക്കണം…. പെൺകുട്ടികൾ ബാധ്യതയല്ല ഭാഗ്യമാണ് എന്ന് എല്ലാവരും മനസിലാക്കും…
വിവാഹ ജീവിതം നരകതുല്യമാണെങ്കിൽ അത് എന്തിനാണ് …. ജീവിതം ജീവിക്കാനുള്ളതാണ് സമാധാനമായി….
സ്നേഹിച്ച്, സ്നേഹിക്കപ്പെട്ട് അങ്ങിനെ അങ്ങിനെ …. അവിടെ ആരുടെയുo മേൽക്കൊയ്മയുടെ ആവശ്യം ഇല്ല …. അല്ലെങ്കിൽ തന്നെ എല്ലാരും തുല്യരല്ലേ?