(രചന: J. K)
ഏറെ നേരമായിരുന്നു സ്വർണ്ണ വാതിലിന് പുറത്തേക്ക് മിഴി നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട്…
ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം..
പെട്ടെന്നാണ് പ്രകാശൻ ഓടി കിതച്ച് എത്തിയത്.. കയ്യിൽ ഒരു പൊതി മരുന്നും ഉണ്ടായിരുന്നു അത് അവളുടെ നേരെ നീട്ടി…
“””” ഒത്തിരി പൈസ ആയോ?? “””“””” അതെന്തിനാ നീ അറിയുന്നത് എന്ന് പരുഷ സ്വരത്തിൽ ചോദിച്ചു അയാൾ…
സ്വർണ്ണയുടെ തലതാഴ്ന്നു അവളുടെ മിഴികൾ നിറഞ്ഞു… ഒന്നും മിണ്ടാതെ അയാൾ വാങ്ങിക്കൊണ്ടുവന്ന മരുന്ന് എടുത്ത് അവൾ ആ മേശയുടെ മുകളിലേക്ക് വെച്ചു…
അപ്പോഴും തളർന്നുറങ്ങുകയാണ് തന്റെ മീനുക്കുട്ടി സങ്കടത്തോടെ അവളെ ഒന്ന് നോക്കി മെല്ലെ പുറത്തേക്ക് നടന്നു…
ഇഞ്ചക്ഷൻ മരുന്നാണ് കൊണ്ടുവന്നില്ലേ എന്ന് രണ്ടുമൂന്നു തവണയായി സിസ്റ്റർ വന്നു ചോദിക്കാൻ തുടങ്ങിയിട്ട്..
കയ്യിൽ പൈസ ഇല്ലാത്തത് കാരണം വാങ്ങിയിട്ടില്ല എന്ന് എങ്ങനെ പറയാനാണ് അവസാനത്തെ തവണ സിസ്റ്റർ വന്നപ്പോഴാണ് പ്രകാശേട്ടൻ ഇങ്ങോട്ടേക്ക് എത്തിയത്….
“”” കുറെ നേരമായല്ലോ നിങ്ങളോട് മരുന്നു വാങ്ങാൻ പറഞ്ഞിട്ട് ഇപ്പോഴും വാങ്ങി കൊണ്ടുവന്നില്ലേ ആന്റിബയോട്ടിക് ആണ് നിങ്ങൾക്ക് തോന്നുന്നത് നേരത്തല്ല അത് കുത്തിവയ്ക്കേണ്ടത് എന്നൊക്കെ പറഞ്ഞു ബഹളമായിരുന്നു..
അതും കേട്ടു കൊണ്ട് ഇറങ്ങിയതാണ് ആള്…ഞാൻ ഒന്നും പറഞ്ഞില്ല…. പിന്നെ കാണുന്നത് ഇപ്പോഴാണ് ഈ മരുന്നുമായിട്ട് വെറുതെ അയാളെ തന്നെ നോക്കി…
“”” താഴത്തുള്ള മെഡിക്കൽ ഷോപ്പിൽ മരുന്നു കിട്ടിയില്ല.. തീർന്നുപോയി എന്ന് അതുകൊണ്ട് ഇത്തിരി ദൂരേക്ക് പോകേണ്ടി വന്നു അതാ വയ്കിയെ “””
അപ്പോഴേക്കും നേഴ്സ് വന്ന് ഇഞ്ചക്ഷൻ വെച്ചിരുന്നു….ഉറങ്ങുന്നതിനിടയിൽ കാന്യൂലയിലൂടെ മരുന്ന് കയറ്റിയതാവണം അവളുടെ ഉറക്കത്തിന് ഭംഗം വന്ന ഉറക്കെ കരയാൻ തുടങ്ങി.. കുഞ്ഞിന് വെറും രണ്ടര വയസ്സെ ആയി ഉള്ളൂ….
പാവം… വേദന താങ്ങാൻ ആയില്ല അതിന്..
അതുകൊണ്ടുതന്നെ വേഗം സ്വർണ്ണ അവളെ എടുത്ത് തോളിലേക്ക് കിടത്തി തട്ടിക്കൊടുത്തു കൈ ഭദ്രമായി പിടിച്ചിരുന്നു വലിച്ചു ചോര ഒരിക്കൽ വന്നതാണ്…
“””എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം….”””അതും പറഞ്ഞ് ഒന്നും മിണ്ടാതെ കുറച്ച് നോട്ടുകൾ ആ മേശപ്പുറത്ത് വെച്ച് അയാൾ നടന്നകന്നു സ്വർണ്ണയുടെ മിഴികൾ നിറഞ്ഞു വന്നു…
തോളത്തു കിടന്ന് കുഞ്ഞ് വീണ്ടും ഉറങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അവളെ അനങ്ങാതെ കട്ടിനു മുകളിൽ കിടത്തി…. അതിനരികിൽ അവളിരുന്നു തലേദിവസം രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഇപ്പോഴും ഉറക്കം വരുന്നില്ല….
പകരം ഓർമ്മകൾ ഇങ്ങനെ വന്ന് മനസ്സിൽ തിങ്ങി നിറയുകയാണ്….ചെറുപ്പത്തിലെ പറഞ്ഞു വച്ചതായിരുന്നു പ്രകാശന് സ്വർണ്ണ എന്ന് തന്റെ അപ്പച്ചിയുടെ മകൻ…. കൃഷിക്കാരൻ…
എല്ലാവരും കൃഷി ഉപേക്ഷിച്ച ഇടത്തുനിന്നാണ് കൃഷിയിലേക്ക് അയാൾ ഇറങ്ങി വരുന്നത്…
ഡിഗ്രി വരെ പഠിച്ചിട്ടും കൃഷിപ്പണി തെരഞ്ഞെടുത്ത ആളുടെ ജീവിതവും എല്ലാം… ഒരു നാടനായിരുന്നു… സ്വഭാവവും…
ഒരു പാന്റ് പോലും ഇടുന്നത് കണ്ടിട്ടില്ല കാണുമ്പോഴൊക്കെയും കയിലിയാണ് ഇനി ഇത്തിരി ദൂരത്തേക്ക് പോകണമെങ്കിൽ ഒരു വെള്ളമുണ്ടെടുത്ത് പോകും…
അതുകൊണ്ടാവും കോളേജിലേക്ക് പോകാൻ തുടങ്ങിയപ്പോൾ തനിക്ക് അയാളോട് ഒരുതരം ദേഷ്യം തോന്നിയത് മറ്റുള്ള കുട്ടികളും പറഞ്ഞു കളിയാക്കാനും തുടങ്ങി,
പ്രകാശേട്ടൻ നിന്നെ കല്യാണം കഴിച്ചാൽ പിന്നെ നിനക്ക് വിതക്കാനും കൊയ്യാനും ഒക്കെ പോയപോരെ എന്തിനാണ് വെറുതെ കോളേജിൽ വന്ന് കാശ് കളയുന്നത് എന്നൊക്കെ…
അത് കേട്ട് ദേഷ്യം തോന്നിയിരുന്നു വീട്ടിൽ പോയി എന്നും അമ്മയോട് വഴക്കിടും എന്തിനാണ് ഇങ്ങനെ ഒക്കെ പറഞ്ഞുവെച്ചത് എന്ന് ചോദിച്ചു… അപ്പോൾ അമ്മ സമാധാനിപ്പിക്കും..
“””””പ്രകാശൻ നല്ലവനാ മോളെ നിനക്ക് ഒരിക്കലും കണ്ണീര് കുടിക്കേണ്ടി വരില്ല””””എന്ന് പറഞ്ഞു അത് കേൾക്കുമ്പോൾ ദേഷ്യം വരും….
അവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് അറിയാമായിരുന്നു അതുകൊണ്ട് തന്നെയാണ് കോളേജിൽ പഠിക്കുന്ന വിഷ്ണു ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ഓർക്കാതെ അവനോട് തിരിച്ച് എനിക്കിഷ്ടമാണ് എന്ന് പറഞ്ഞത്….
വളരെ മോഡേൺ ആയ കാണാനും നല്ല ഭംഗിയുള്ള വിഷ്ണുവിനോട് അങ്ങനെ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…
അവന്റെ പഞ്ചാര വാക്കുകളിൽ പെട്ടു മയങ്ങി…
വീട്ടിൽ പ്രകാശേട്ടനുമായുള്ള വിവാഹം നിശ്ചയിച്ചു എനിക്ക് പക്ഷേ വിഷ്ണുവിനെ ഒഴിവാക്കാൻ ആകുമായിരുന്നില്ല….
അത്രത്തോളം അവൻ എന്റേ മനസ്സിൽ വേരോടിയിരുന്നു…..
അവനോട് ഞാൻ അത് പറഞ്ഞു. എന്റെ കല്യാണം ഉറപ്പിക്കുകയാണ് എന്ന്.. അവൻ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു….
ഒരിക്കൽ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് എന്നോട് വരാൻ പറഞ്ഞു അവിടെ വെച്ച് എല്ലാം സംസാരിക്കാം എന്ന് പക്ഷേ, അതൊരു ചതിയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു…
അവിടെവെച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി…. ഞാൻ പൂർണ്ണ സമ്മതത്തോടുകൂടി തന്നെയായിരുന്നു എല്ലാത്തിനും വഴങ്ങിയത്… എന്റേ ഉള്ളിൽ വിഷ്ണു എന്നാൽ ഇനി പരസ്പരം ഒരുമിച്ച് ജീവിക്കേണ്ട ഒരാളാണ് എന്ന് തന്നെയായിരുന്നു…
താങ്കൾക്കിടയിൽ മറ വേണ്ടല്ലോ എന്ന് കരുതി ആദ്യം എതിർത്തെങ്കിൽ പോലും.. പിന്നെയും ഇത് ആവർത്തിക്കപ്പെട്ടു…
പക്ഷേ അത് കഴിഞ്ഞ് പിന്നീട് അവനെന്നേ അവോയ്ഡ് ചെയ്യും പോലെ കുറച്ചു കാലം കഴിഞ്ഞപ്പോൾ നമ്പർ പോലും വിളിച്ചാൽ കിട്ടാതായി അവനെ കോൺടാക്ട് ചെയ്യാൻ തന്നേ കഴിയുന്നുണ്ടായിരുന്നില്ല…
അവൻ എന്നെ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ സമയമെടുത്തു അപ്പോഴേക്കും ചെയ്ത തെറ്റിന്റെ ഫലം എന്റെ ഉദരത്തിൽ നാമ്പ് എടുത്തിരുന്നു… അതിനെ ഒഴിവാക്കാൻ ആവാതെ ഞാൻ നിന്നു..
എല്ലാവരും എന്നെ വെറുത്തു വീട്ടിൽ നിന്ന് അടക്കം ഇറങ്ങി പൊയ്ക്കൊള്ളാൻ പറഞ്ഞു മറ്റൊരു മാർഗ്ഗവും കാണാതെ ഞാൻ നിന്നു… അപ്പോൾ സഹായത്തിന് എത്തിയത് മുരടനെന്നും നാടൻ എന്നും എല്ലാം ഞാൻ കരുതിയ പ്രകാശേട്ടനാണ്…..
പ്രകാശേട്ടൻ എന്നെ വിവാഹം കഴിക്കാം എന്ന് എല്ലാവരോടും പറഞ്ഞു വിവാഹത്തിന് പ്രകാശേട്ടന്റെ അമ്മ സമ്മതിച്ചില്ലെങ്കിൽ പോലും പക്ഷേ ഞാൻ സമ്മതിച്ചില്ല…
എന്നെപ്പോലൊരുവളെയല്ല പ്രകാശേട്ടന്റെ വിവാഹം കഴിക്കേണ്ടത് നല്ലൊരു പെൺകുട്ടിയെ ആണെന്ന് പറഞ്ഞു….
പ്രകാശേട്ടൻ പറഞ്ഞതുകൊണ്ട് മാത്രം എന്നെ വീട്ടിൽ കയറ്റി…. ഞാൻ എന്റെ കുഞ്ഞിന് ജന്മം നൽകി…
അവിടെ ആരും എന്നോട് മിണ്ടുക കൂടി ചെയ്യുമായിരുന്നില്ല.. തീർത്തും ഒറ്റപ്പെട്ടു ഞാനും മോളും മാത്രം അവിടെ ഒറ്റപ്പെട്ടു എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞ് നിവർത്തിച്ചു തന്നത് പ്രകാശേട്ടനാണ് മോൾക്ക് ഒരു പനി വന്നാൽ കൂടി ആ മനുഷ്യൻ കനിയണം…
ഒരു വിവാഹം പോലും കഴിക്കാതെ എനിക്ക് വേണ്ടി ഇങ്ങനെ… ദൂരെ മാറിനിന്ന് എന്റെ കാര്യങ്ങളെല്ലാം നോക്കി… മോൾക്കും പ്രകാശേട്ടൻ എന്ന് പറഞ്ഞ ജീവനായിരുന്നു…
അവൾ സ്വയമാണ് പപ്പ എന്ന് വിളിച്ചു തുടങ്ങിയത്… മാമാ എന്ന് മതി എന്ന് ഞാൻ തിരുത്തിയപ്പോൾ സമ്മതിക്കാതെ അവൾ അത് വിളിച്ചോട്ടെ എന്ന് പറഞ്ഞത് പ്രകാശേട്ടൻ തന്നെയാണ്…
പ്രകാശേട്ടന്റെ അമ്മ, അപ്പച്ചി ഒരുപാട് പറഞ്ഞു നോക്കി മറ്റൊരു വിവാഹം ചെയ്യാൻ പക്ഷേ ആള് ഒന്നിനും സമ്മതിച്ചില്ല അങ്ങനെ സഹിക്കേട്ടാണ് എന്റെ അടുത്ത് വന്നത് എന്നിട്ട് പറഞ്ഞത്… നീ എങ്കിലും ഒന്ന് സമ്മതിക്കു വിവാഹം കഴിക്കാൻ എന്ന്…
ഒരുപാട് ഞാൻ പ്രകാശനോട് പറഞ്ഞു നോക്കി മറ്റൊരു വിവാഹം കഴിക്കാമെന്ന് നീ മാത്രമേ അവന്റെ മനസ്സിലുള്ളൂ പിന്നെ ഞാൻ എന്ത് ചെയ്തിട്ട് എന്താ???
എന്ന് പറഞ്ഞ് കുറെ കരഞ്ഞു എനിക്ക് തോന്നി ഞാൻ കാരണം ആ മനുഷ്യന്റെ ജീവിതം കൂടി നശിക്കാൻ പാടില്ല എന്ന്….
ചെറുതായി ഒരു സമ്മതം മൂളി പിന്നെ വീട്ടുകാർക്കെല്ലാം വളരെ സന്തോഷമായിരുന്നു….
ആരൊക്കെയും എന്നോട് പതിയെ മിണ്ടിത്തുടങ്ങി. ആ കൈപിടിച്ച് ആാാ ജീവിതത്തിലേക്ക് കേറുമ്പോൾ എന്റെ മോളെയും പ്രകാശേട്ടൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു…