നിനക്ക് എപ്പോളും ഈ വിചാരം മാത്രെമേ ഉള്ളോ?” ചോദ്യത്തിന് മുന്നിൽ കൈകൾ താനേ അയഞ്ഞു. യാത്രകൾ അനാവശ്യമായ…

കുലീനയായ സ്ത്രീ
(രചന: Joseph Alexy)

വയസ്സ് അറിയിച്ച ആദ്യ നാളുകളിൽ സിന്ദൂരം അണിഞ്ഞ നവ സുമംഗലികളെ അവൾ ആശ്ചര്യത്തോടെ നൊക്കൂമായിരുന്നു..

ഒരിക്കൽ താനും ഒരു ഭാര്യയായ് പതിയുടെ വികാരങ്ങളെ ഏറ്റ് വാങ്ങി പൂർണതയിൽ എത്തുമെന്നും പിന്നെ അമ്മയായ് ജീവൻ പകർന്ന് നൽകുമെന്നും അവൾ കൊൾമയിർ കൊള്ളൂമായിരുന്നു.

തനിച്ചുള്ള നിമിഷങ്ങളിൽ തന്നെ സ്വന്തം ആക്കുന്ന പുരുഷനെയും അവനോട് ഒത്തുള്ള നിമിഷങ്ങളെയും കുറിച്ച് അവൾ സ്വപ്നങ്ങൾ നെയ്തെടുത്തു.

വർഷങ്ങൾ ഓടി കൊണ്ടിരുന്നു..
അവൾക്കും വിവാഹ പ്രായം എത്തി.. ഏതൊരു സ്ത്രീയെ പോലെ അവളിലും ഭാവി വരനെ പറ്റി സങ്കൽപ്പങ്ങൾ നിറഞു നിന്നൂ…

കുടുംബ മഹിമയും തറവാടിത്തവും അത്മാഭിമാനമായ കാർന്നൊന്മാർ ഒരു ദിവസം.. ഒരാളെ ചൂണ്ടി കാണിച്ചു “അയാളെ നീ വിവാഹം ചെയ്യുക.. ”

അവളുടെ സങ്കൽപ്പത്തിൽ തന്റെ ജീവന്റെ പാതി ആയ് തന്നെ പ്രണയിക്കാൻ എത്തുന്ന പുരുഷൻ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള കാർക്കശ്യക്കാരനായ ഒരാൾ ആയിരുന്നില്ല.

വാക്കുകളും പ്രെതിഷെധങ്ങളും നാലു ചുവരുകൾക്കപ്പുറം പോയില്ല..സങ്കൽപ്പങ്ങളെയും സ്വപ്നങ്ങളെയും തകർത്ത് കൊണ്ട് അച്ഛനോളം പ്രായമുള്ള വരനു മുന്നിൽ അവൾ

‘അനുസരണയുള്ള പെണ്ണ് ‘ ആയ്
തല കുനിച്ചു താലി ഏറ്റ് വാങ്ങി.വിവാഹം കഴിഞ്ഞ്‌ ഒരാഴ്ച കഴിഞതും അദ്ദേഹം തിരിച്ചു പോയി.. അറബി ചെല്ലാൻ പറഞ്ഞത്രെ…

ആഴ്ചകൾ ഓടി കൊണ്ടിരുന്നു.. മധു വിധുവിന്റെ ബാക്കി എന്നോണം അവളിൽ പുതു ജീവൻ നാമ്പിട്ടു.അവൾ കണ്ട സ്വപ്നങ്ങളിലെ പോലെ നിറ വയറിൽ ചേർത്ത് പിടിക്കാൻ..

കൂടെ നിക്കാൻ അരികിൽ അദ്ദെഹം ഉണ്ടായിരുന്നില്ല. കേട്ട് പഴകിയ
കഥകളിലെ പോലെ എടുത്ത് വട്ടം
കറക്കുന്നതും പ്രണയാർദ്രാമായ
നിമിഷങ്ങളും സ്വപ്നങ്ങൾ ആയ് തന്നെ നിന്നു.

അവൾ കണ്ട പ്രണയ കഥകളിൽ കരയുമ്പോൾ നായികയെ അവളുടെ
രാജകുമാരൻ ചേർത്ത് പിടിച്ചിരുന്നു. എന്നാൽ കഥയല്ല ജീവിതം എന്നവൾ ഇതിനോടകം തിരിച്ചറിഞ്ഞിരുന്നു…

അവൾ ഒരാൺകുട്ടിക്ക് ജന്മം നൽകി.
പുതിയ പ്രതീക്ഷകൾ ഒരമ്മയുടെ കടമകൾ.. പിന്നീട് മകന്റെ കാര്യങ്ങളിൽ മുഴുകി അവൾ തിരക്കിൽ ആയ്..ജോലി തിരക്കുകളിൽ അദ്ദേഹവും…

വിരസമായ ജീവിതത്തിൽ ഫോൺ വിളികൾ നാമമാത്ര സംഭാഷണങ്ങൾ ആയ്.

ചെറുപ്പക്കാരിയായ അവൾക്ക് ചുറ്റും ഒരുപാട് ആരാധാകർ കഴുകന്റെ കണ്ണുമായ് വട്ടമിട്ടിരുന്നു. എങ്കിലും വികാരങ്ങളെ അവൾ കടിഞ്ഞാൺ ഇട്ട് നിയന്ത്രിച്ചു.

3 വർഷങ്ങൾ പെട്ടെന്നു ഓടി പോയി ..
2 മാസത്തെ ലീവിനു അദ്ദേഹം നാട്ടിൽ എത്തി.

വരവറിഞ്ഞ് ബന്ധുക്കൾ നേരത്തെ തന്നെ എത്തിയിരുന്നു.. എങ്കിലും വിശാല ഹൃദയനായ അദ്ദേഹം അവൾക്ക് ആയ് ‘ അൽപ്പ സമയം ‘ കരുതിയിരുന്നു..

വർഷങ്ങൾക്ക് ശേഷം വീണ്ടും അവളിലെ പെണ്ണ് ഉണർന്നു.. വികാരങ്ങൾ അണ പൊട്ടിയ നിമിഷങ്ങൾ…അദ്ദേഹം അധിക നേരം കൂടെ ഇരുന്നില്ല.. പെൺ കോന്തൻ ആകുമെത്രെ..

കുറച്ചു നേരം കെട്ടിപിടിച്ചു കിടക്കാൻ അത്രേ ഏറെ ആഗ്രഹത്തോടെ കൈകളിൽ പിടിച്ചു.

“നിനക്ക് എപ്പോളും ഈ വിചാരം മാത്രെമേ ഉള്ളോ?” ചോദ്യത്തിന് മുന്നിൽ കൈകൾ താനേ അയഞ്ഞു.

യാത്രകൾ അനാവശ്യമായ ചിലവുകൾ ആയി അദ്ദേഹം കണ്ടു. പ്രണയം പൈങ്കിളി ആണത്രേ.. സ്ത്രീയുടെ മൃദുല വികാരങ്ങൾക്ക് അടിമ പെടാത്ത ഉത്തമ പുരുഷൻ ആണ് അദ്ദേഹം…

കൂട്ടുകാർക്കൊപ്പവും കുടുംബത്തിലുമായ് അദ്ദേഹം സമയം ചിലവഴിച്ചു.ഉത്തമനായ കുടുംബസ്ഥനായ് .. അവളുടെ ‘ ഭാഗ്യത്തേ ‘ എല്ലാവരും പുകഴ്ത്തി. അവൾ ഉള്ളാലെ ചിരിച്ചു.

ഒരിക്കൽ ചോരക്ക് തീ പിടിച്ച നിമിഷത്തിൽ അദ്ദേഹത്തെ സമീപിച്ചപ്പോൾ താൻ ‘ക ഴപ്പ് പിടിച്ചവൾ ‘ ആയ്. കുടുംബത്തിൽ പിറന്ന ഉത്തമയായ സ്ത്രീകൾ ഇതൊന്നും ആഗ്രഹിക്കാൻ പാടില്ലാത്രെ…

പിന്നീട് അങ്ങോട്ട് അവൾ ആയിട്ട് ഒന്നും ചോദിച്ചിട്ടില്ല.സമയം അതിവേഗം ഓടി പോയിലീവ് തീർന്ന് അദ്ദേഹം തിരിച്ച് പോയി..

പിന്നീട് മൂന്ന് വർഷങ്ങൾ കൂടുമ്പോൾ രണ്ട് മാസം അദ്ദേഹം ലീവിന് വരും.
അതിനിടയിൽ ഒരു പെൺകുഞിനു കൂടി അവൾ ജന്മം നൽകി.

മക്കൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവളും ഒരു ചെറിയ ജോലിക്കായ് കയറി.

അവളുടെ മുപ്പത്കളിൽ ആണ് എല്ലാത്തിനെയും തകർത്ത് കൊണ്ട് അദ്ദേഹം വിട പറഞ്ഞത്..

വർഷങ്ങൾ പിന്നെയും ഓടി….
രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റക്ക് ജീവിക്കാൻ തുടങ്ങി. എങ്കിലും ജീവിതം ഇനിയും മുന്നോട്ട് ഉണ്ട് എന്ന് തോന്നിയപ്പോൾ ഒരു കൂട്ട് ആഗ്രഹിച്ചു.

രണ്ടാം വിവാഹമൊ? കുടുംബത്തെയും നിന്റെ കുട്ടികളെയും പറ്റി മാത്രം ചിന്തിക്കു… നാട്ട് കൂട്ടം ‘കരുതൽ ‘ അറിയിച്ചു.

രണ്ടാം വിവാഹത്തെ കുറിച്ച്
പറഞ്ഞതും കാർന്നൊന്മാർ പൊട്ടി തെറിച്ചു മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെ കുറിച്ചും ചിന്തിക്കൂ…

അതിനെക്കാൾ വലുതാണോ നിന്റെ ലൗകിക സുഖങ്ങൾ? ഇനിയും സമയം ഉണ്ടല്ലോ?…ശരിയാണ് ഇനിയും സമയം ഉണ്ടല്ലോ.. മക്കൾ ഒരു കരക്ക് എത്തട്ടെ…

എന്നെങ്കിലും ഒരാൾ തന്റെ കൈ പിടിക്കാൻ എത്തുമെന്നും.. മക്കളെയും തന്നെയും ഒരു പോലെ സ്നെഹിക്കും എന്നവൾ കൊതിച്ചു..അപ്പോളും സമൂഹം ഉച്ചത്തിൽ പറഞ്ഞുഇനിയും സമയം ഉണ്ടല്ലോ..?

മനസ്സ് കൈ വിട്ട് പോകുന്ന സമയങ്ങളിൽ
അവൾ കടലിനെയും തിരമാലകളെയും
കാണാൻ പോകുമായിരുന്നു…

ഒരിക്കൽ തീരങ്ങളിൽ ഇരുന്ന് കൊക്കൂരുമ്മുന്നാ ഇണ കുരുവികളെ അവൾ കൊതിയോടെ നൊക്കി നിന്നു. അവർ ഈ ലോകത്തെയും എന്തിനെയും
മറന്ന് പ്രണയിക്കുകയാണ്.. പ്രണയിക്കട്ടെ…

നനഞു ഒട്ടിയ വസ്ത്രങ്ങളെ മാത്രം വീക്ഷിച്ചു പോയ രണ്ട് പേർ ആ ഇണ കുരുവിളെ നോക്കി പിറുപിറുത്തു..

“കഷ്ടം നമ്മുടെ സംസ്കാരത്തേ തകർക്കുന്നു..” അത് കേട്ട് അവൾ പൊട്ടി ചിരിച്ചു.മക്കൾ ഓരോ പടിയും കടന്ന് അടുത്ത ഘട്ടത്തിലെക്ക് ചുവട് വച്ചു. അതിൽ അവൾ അഭിമാനം കൊണ്ടു

ഇപ്പോൾ അവൾ സിനിമയിൽ പ്രണയ
രംഗങ്ങൾ കാണാറില്ല.. കഥകൾ
വായിക്കാറില്ല ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട് എന്നാ പോലെ അവൾ ഓടി കൊണ്ടിരുന്നു…

വർഷങ്ങളും ഋതുക്കളും കടന്ന് പോയി..
ഒരു ദിവസം മാസമുറ നിലച്ചു..
നാളുകൾക്ക് ശേഷം അന്നവൾ കുറച്ചു നേരം നീല കണ്ണാടിയിൽ അവളെ തന്നെ നോക്കി നിന്നൂ..

തല മൂടി നരച്ചു തുടങ്ങിയിരിക്കുന്നു..
കാഴ്ച്ചയും മങ്ങി തുടങ്ങി ഇനി ഒരിക്കലും നിനക്ക് യവ്വനം ഇല്ല എന്ന് ശരീരം പറയാതെ പറഞ്ഞിരിക്കുന്നു..

അപ്പോൾ സമയം .. അതെ ഈ ജന്മത്തിലെ നിന്റെ സമയം
അവസാനിച്ചിരിക്കുന്നു.. നല്ല പ്രായം കഴിഞ്ഞില്ലേ..? ഇനി നാട്ടുകാർ എന്ത് പറയും?

പ്രണയത്തേ കൊതിച്ചവൾക്ക് ഒരിക്കൽ പോലും അത് വിധിക്കപെട്ടില്ല…മക്കളുടെ വിവാഹം കഴിഞ്ഞു..ഒരിക്കൽ മകൻ യാത്ര പോകാൻ അവളെയും ഷണിച്ചു.

മകന്റെ ഭാര്യ അവൾ കേൾക്കാൻ പാകത്തിന് തന്നെ പറഞ്ഞു..“ആയ കാലത്തു അവർ ജീവിതം ആസ്വദിച്ചതല്ലെ.. നമ്മൾ മാത്രം മതി ”

അത് കേട്ടവൾ ഉള്ളാലെ പൊട്ടി ചിരിച്ചു.ഇന്നവളുടെ 70 ആം പിറന്നാൾ ആണ്..ലൗകിക സുഖങ്ങളിൽ മുഴുകാതെ മക്കൾക്കു വേണ്ടി ജീവിതം ത്യജിച്ച അവളെ എല്ലാവരും വാനോളം പുകഴ്ത്തി.

ഉത്തമയും കുലീനയും കുടുംബസ്ഥയുമായ സ്ത്രീ ആയ് അവൾ ആരാധിക്കപെട്ടു.

ഒരു പക്ഷെ അടുത്ത ജന്മത്തിൽ എങ്കിലും ഒരാൾ അവളെ തേടി എത്തും..
അവളെ ഭൂമിയോളം പ്രണയിക്കും ..

സ്നേഹ ചുംബനങ്ങൾ കൊണ്ട് മൂടും.. നീ മാത്രം ആണെന്റെ പ്രണയം എന്ന് ചെവിയിൽ മന്ത്രിക്കും…

Leave a Reply

Your email address will not be published. Required fields are marked *