എന്നെ കെട്ടി ഇപ്പോൾ ആകെ ബുദ്ധിമുട്ട് ആയല്ലേ…”” ആ അതേ വല്യ ബുദ്ധിമുട്ട് ആയി…” ഞാൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

കുഞ്ഞളിയൻ
(രചന: ശ്യാം കല്ലുകുഴിയിൽ)

ബ്രോക്കറിനൊപ്പമാണ് അന്ന് കാവ്യയുടെ വീട്ടിൽ പെണ്ണ് കാണാൻ പോയത്. വീട്ടുകാർ എന്നെയും ബ്രോക്കറേയും ചെറു പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

ഹാളിലെ നീണ്ട സെറ്റിയിൽ ചാരി ഇരിക്കുമ്പോഴാണ് അഞ്ചാറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി വന്ന് എന്റെ അടുക്കൽ ഇരുന്നത്…

തലതിരിച്ച് അവനെ നോക്കിയപ്പോൾ മുൻനിരയിലെ പഴുപ്പല്ലുകൾ കാണിച്ച് കൊണ്ട് അവൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു,

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അവനെ അടിമുടി നോക്കി, ഇട്ടിരിക്കുന്ന റ്റി ഷർട്ടിൽ നിറയെ അഴുക്ക് പിടിച്ചിരിക്കുന്നു, മുൻപ് എപ്പോഴോ കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങൾ വരെ അതിൽ പറ്റി പിടിച്ചിരിക്കുന്നു.

വിയർപ്പിന്റെയും, മുഷിഞ്ഞ വസ്ത്രത്തിന്റെയും കൂടി മനംപുരട്ടുന്ന ഗന്ധം വന്നപ്പോൾ എനിക്ക് അവനിൽ അറപ്പ് തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല…

ഇതിനിടയിൽ പെണ്ണ് കൊണ്ട് വച്ച് ചായയും ബിസ്ക്കറ്റിലും നിന്ന് ഒരു ഗ്ലാസ് ചായ എടുത്തുകൊണ്ട് അവളുടെ മുഖത്ത് നോക്കിയെങ്കിലും എന്റെ ചിന്ത അടുത്തിരിക്കുന്ന കുട്ടിയെ കുറിച്ച് ആയിരുന്നു.

ചായ കുടിച്ച് തുടങ്ങും മുൻപ് തന്നെ അവൻ പാത്രത്തിൽ ഇരുന്ന ബിസ്കറ്റ് രണ്ട് കയ്യും കൊണ്ടെടുത്ത് അവന്റെ മടിയിൽ ഇട്ടു..

ഭിത്തിയും ചാരി നിന്ന പെണ്ണിന്റെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ അവനെ നോക്കി കണ്ണുരുട്ടി എങ്കിലും അവൻ പുഴുപ്പല്ല് കാണിച്ച് അവരെ കോക്രികാട്ടികൊണ്ട് ബിസ്ക്കറ്റ് ഓരോന്ന് തിന്ന് തുടങ്ങി.

‘അനുസരണയില്ലാത്ത ചെക്കൻ, എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണമായിരുന്നു…’ അങ്ങന എന്റെ ചിന്തകൾ അവനേയും അവന്റെ പ്രവർത്തികളെയും കുറിച്ച് ആയിരുന്നു…

പതിവ് പെണ്ണ് കാണൽ പോലെ തന്നെ ബ്രോക്കർ തന്നെ പറഞ്ഞു പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ എന്ന്.

ചായ ഗ്ലാസ് മേശപ്പുറത്ത് വച്ച് അക്കത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ എന്നെയും തട്ടി മാറ്റി അവൻ എനിക്ക് മുൻപേ നടന്നു…

കാവ്യയുടെ മുറിയിൽ ചെന്ന് അവളോട് സംസാരിക്കുമ്പോൾ അവളെയും ചേർന്ന് തന്നെ അവൻ നിൽപ്പുണ്ടായിരുന്നു.

എന്നോട് സംസാരിക്കുമ്പോഴും അവൾ ആ ചെറുക്കന്റെ മുടിയിൽ തഴുകുന്നുണ്ടായിരുന്നു. ആ കുട്ടി ആരെന്ന സംശയം കൂടി വന്നപ്പോൾ അവനെക്കുറിച്ച് പെണ്ണിനോട് തന്നെ ചോദിച്ചു…

അത് അവളുടെ അനിയൻ ആണെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്റെ മുഖത്ത് നിഴലിച്ച സംശയം മനസ്സിലാക്കിയിട്ട് ആകും അവൾ അവനെ കുറിച്ച് കൂടുതൽ പറഞ്ഞു തുടങ്ങിയത്.

പിന്നെ മുറിയിൽ നിന്ന് ഇറങ്ങുന്നത് വരെ അവൾ അവളുടെ അനിയൻ കണ്ണനെ കുറിച്ച് വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്നു, എന്തോ എനിക്ക് ആ കുട്ടിയെ തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,

അതുകൊണ്ട് തന്നെ അവിടെ നിന്ന് ഇറങ്ങുമ്പോൾ അവർക്ക് വ്യക്തമായ ഒരു മറുപടി കൊടുക്കാനും സാധിച്ചിരുന്നില്ല..

വീട്ടിൽ എന്നെയും കാത്തിരുന്ന അമ്മയോടും അച്ഛനോടും ഈ കല്യാണത്തിന് താൽപര്യമില്ലെന്ന് ഉറപ്പിച്ച് തന്നെ പറയുകയായിരുന്നു.

അന്ന് രാത്രി അത്താഴം കഴിക്കുന്നത് വരെ അമ്മയെന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. അന്ന് അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് പതിവില്ലാതെ അച്ഛൻ മുറിയിലേക്ക് കയറി വന്നത്…

“ഞാൻ ആ നാട്ടിലെ ഒന്ന് രണ്ട് പേരോടൊക്കെ അന്വേക്ഷിച്ചു, നല്ല കുടുംബം ആണ്, ആ പെങ്കൊച്ചും നല്ലതാണ്. നി അവളെ അല്ലെ കെട്ടുന്നത് അവളുടെ അനിയനെ അല്ലല്ലോ.. മോൻ ഒന്ന് കൂടി സമാധാനത്തോടെ ഒന്ന് ആലോചിക്ക്….”

കട്ടിലിൽ കിടന്ന എന്റെയരികിൽ വന്ന് അച്ഛൻ അത്രയും പറഞ്ഞ് എഴുന്നേറ്റ് പോയപ്പോൾ ആകെ ആശയക്കുഴപ്പത്തിലായി ഞാൻ.

കല്യാണത്തിന് സമ്മതം ആണെന്ന് പിറ്റേന്ന് രാവിലെ അമ്മയോട് പറയുമ്പോൾ, ഏറെ സന്തോഷിച്ചത് അമ്മ തന്നെയായിരുന്നു.

ഞാൻ ജോലിക്ക് പോകാൻ ഇറങ്ങും മുൻപ് തന്നെ അമ്മ ആരോടൊക്കെയോ കല്യാണത്തിന്റെ കാര്യങ്ങൾ വിളിച്ചു പറയുന്നത് കേട്ടിരുന്നു..

മൂന്ന് മാസം കഴിഞ്ഞുള്ള കല്യാണ ദിവസം ഉറപ്പിച്ചുകൊണ്ടാണ് കല്യാണ നിശ്ചയം നടത്തിയത്. ഇടയ്ക് സമയം കിട്ടുമ്പോൾ കാവ്യയെ വിളിക്കുമെങ്കിലും ഒന്നോ രണ്ടോ വാക്ക് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അവളുടെ അനിയന്റെ ശബ്ദം കേട്ട് തുടങ്ങും,

അവളെ ചുറ്റി എപ്പോഴും കണ്ണൻ നടക്കുന്നത് കൊണ്ട് സ്വസ്ഥമായി അവളോട് സംസാരിക്കാനെ കഴിഞ്ഞില്ല അതുകൊണ്ടുള്ള ദേഷ്യം എനിക്ക് കണ്ണനോട് കൂടി വന്നുകൊണ്ടിരുന്നു..

“നിങ്ങൾ എല്ലാം കൂടി അവനെ ലാളിച്ചു വഷളാക്കിയത് ആണ് നല്ല അടി കിട്ടുമ്പോൾ അനുസരണ പഠിച്ചോളും…”

എന്നും കാവ്യയെ വിളിക്കുമ്പോഴുള്ള അവന്റെ ശബ്ദം ശല്യമായി തോന്നിയപ്പോഴാണ് ഒരിക്കലങ്ങനെ അവളോട് പറയേണ്ടി വന്നത്.

അതിന്റെ പേരിൽ അവൾ പിണങ്ങുകയും പരിഭവം പറയുകയും ചെയ്തു തുടങ്ങിയതിൽ പിന്നെ അവനെ കുറ്റപ്പെടുത്തി ഒന്നും സംസാരിച്ചിട്ടില്ല…

കല്യാണ ദിവസം അളിയനായി നിന്ന് എന്നെ സ്വീകരിക്കുമ്പോഴും, കല്യാണ മണ്ഡപത്തിൽ ഓടി നടക്കുമ്പോഴും കണ്ണൻ ഏറെ സന്തോഷവാനായിരുന്നു.

അവളുടെ കഴുത്തിൽ താലി കെട്ടുമ്പോഴും, അവളുടെ കയ്യും പിടിച്ച് വലം വയ്ക്കുമ്പോഴും എന്റെ ശ്രദ്ധ അവനിൽ ആയിരുന്നു…

തിരികെ വീട്ടിലേക്ക് കയറാൻ സമയം ഒരുപാട് ഉള്ളത് കൊണ്ട് ഓഡിറ്റോറിയത്തിൽ ഗാർഡൻ ഏരിയയിലേക്ക് ഫോട്ടോ എടുക്കാൻ പോയ ഞങ്ങൾക്കൊപ്പം കണ്ണനും ഉണ്ടായിരുന്നു.

എന്നെന്നും കാവ്യയെയും നിർത്തി ഫോട്ടോ എടുക്കുമ്പോൾ അതിനിടയിലേക്ക് കണ്ണനും ഓടി വന്നു, മാറ്റി നിർത്താൻ ശ്രമിച്ചപ്പോൾ അവൻ കരഞ്ഞു തുടങ്ങുന്നത് കണ്ടപ്പോൾ ദയനീയമായി കാവ്യ എന്നെ നോക്കി,

ഉള്ളിൽ താൽപ്പര്യം ഇല്ലാഞ്ഞിട്ടും പിന്നെയുള്ള ഫോട്ടോയിൽ കണ്ണനെയും കൂട്ടി…

വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ പതിവ് ഉള്ളത്പോലെ എല്ലാവരും കരച്ചിൽ തുടങ്ങി. അച്ഛനെയും അമ്മയെയും അനിയനെയും കെട്ടിപ്പിടിച്ച് കരഞ്ഞവൾ യാത്ര പറയുമ്പോൾ ഞാൻ കാറിൽ കയറി ഇരുന്നു.

കാവ്യയേയും കൂട്ടി വീട്ടിലേക്ക് യാത്ര തുടരുമ്പോൾ ഇനിയിപ്പോ അവളുടെ അനിയന്റെ ശല്യം കുറയുമല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ…

അന്ന് രാത്രി കൂട്ടുകാരെയും ബന്ധുക്കളെയും യാത്രയാക്കി മുറിയിൽ ചെല്ലുമ്പോൾ കാവ്യ തല കുമ്പിട്ട് കട്ടിലിൽ ഇരിപ്പുണ്ട്.

ഞാൻ അടുക്കലേക്ക് ചെല്ലുമ്പോൾ അവളുടെ അടക്കിപ്പിടിച്ച തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടതും കാവ്യ മുഖംപൊത്തി കരയാൻ തുടങ്ങി.

അവൾക്കാരികിൽ ഇരുന്ന് കാര്യങ്ങൾ ചോദിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും കരച്ചിൽ കൂടിയതെ ഉള്ളൂ, കരഞ്ഞ് തളർന്ന് എന്റെ തോളിൽ ചാരിയിരുന്നവളോട് കിടന്നുറങ്ങാൻ പറയുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു വശം ചേർന്ന് ചരിഞ്ഞു കിടന്നവൾ ഉറങ്ങി…

അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിന് എപ്പോഴോ ആണ് ഉറങ്ങിയത്.

രാവിലെ വീട്ടിൽ നിന്ന് ബഹളം കേട്ടപ്പോഴാണ് കണ്ണ് തുറന്നത് മുറിയിലും പുറത്തുമായി ഓടി നടക്കുന്ന കണ്ണനെ കണ്ടപ്പോൾ ഒന്നും മനസ്സിലാകാതെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…

“ആ എഴുന്നേറ്റോ,, അച്ഛനും അമ്മയും വന്നിട്ടുണ്ട് വേഗം റെഡിയായി വാ…”കഴിഞ്ഞ രാത്രി ഒന്നും മിണ്ടാതെ കിടന്ന് കരഞ്ഞവൾ എത്ര പെട്ടെന്നാണ് സന്തോഷത്തോടെ നടക്കുന്നത് എന്ന് ഓർത്ത് അൽപ്പനേരം കൂട്ടി കട്ടിലിൽ ഇരുന്ന ശേഷമാണ് റെഡിയായി പുറത്തേക്ക് ഇറങ്ങിയത്…

കാവ്യയുടെ അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോഴും എന്റെ കണ്ണ് കണ്ണന്റെ പുറകെ ആയിരുന്നു.

ഷൊക്കെയ്‌സിൽ സൂക്ഷിച്ച് വച്ചിരുന്ന കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ടങ്ങൾ വരെ അവൻ പുറത്തെടുത്തു കളിക്കുന്നത് കണ്ടപ്പോൾ എനിക് ദേഷ്യം അരിച്ചു കയറി. പോട്ടെ സാരമില്ലെന്ന് അമ്മ മാറി നിന്ന് കണ്ണ് കാണിച്ചെങ്കിലും എനിക്ക് ദേഷ്യം കൂടി വന്നതെയുള്ളൂ…

ഭക്ഷണമൊക്കെ കഴിച്ച് വൈകുന്നേരം പോകാൻ ഇറങ്ങുമ്പോൾ കണ്ണൻ വീട്ടിൽ നിൽക്കാൻ വീണ്ടും കരച്ചിൽ തുടങ്ങി. ‘ രണ്ടുദിവസം അവൻ ഇവിടെ നിന്നോട്ടെ…’

എന്ന് അമ്മ പറയുമ്പോൾ ഞാൻ ദയനീയമായി അമ്മയെ നോക്കി, അവനെ അവിടെ നിർത്താൻ സമ്മതിച്ചതിന്റെ സന്തോഷം കണ്ണനിലും അനിയനെ കിട്ടിയതിന്റെ സന്തോഷം കാവ്യയുടെയും മുഖത്ത് ഞാൻ കണ്ടു….

പിന്നെ ചേച്ചിയുടെ പുറകെ വാലുപോലെ അനിയനും കൂടി. അവൻ മുറിയിൽ കയറുന്നതും അടുക്കി വച്ചിരിക്കുന്ന സാധങ്ങൾ വാരി വലിച്ചിടുന്നതും കണുമ്പോൾ ദേഷ്യവും കൂടി വന്നെങ്കിൽ ഒന്നും മിണ്ടാതെ ക്ഷമിച്ചു…

അത്താഴം കഴിച്ച് മുറിയിൽ കിടക്കുമ്പോൾ ആണ് കാവ്യയ്ക്കൊപ്പം മുറിയിലേക്ക് വരുന്ന കണ്ണനെയും കണ്ടത്.

ഞാൻ സംശയത്തോടെ രണ്ടുപേരെയും മാറി മാറി നോക്കുമ്പോഴാണ് അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടത്. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് കിടക്കുമ്പോൾ കാവ്യ തറയിൽ ഒരു ഷീറ്റ് വിരിച്ച് കിടക്കാൻ തുടങ്ങി….

” കട്ടിലിൽ കയറി കിടക്ക്, തറയിൽ നല്ല തണുപ്പ് ഉണ്ടാകും…” എന്റെ ശബ്ദത്തിൽ അൽപ്പം ദേഷ്യം ഉണ്ടായിരുന്നു..

” അതല്ല ഇവൻ ഉറക്കത്തിൽ ചവിട്ടൽ ഒക്കെയുണ്ട് ഏട്ടനത് ബുദ്ധിമുട്ട് ആകും….” കാവ്യ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…

” അത് സരമില്ല…”അത് പറഞ്ഞ് ഞാൻ കണ്ണടച്ച് കിടക്കുമ്പോൾ എന്റെയരികിലായി കണ്ണനും അത് കഴിഞ്ഞ് കാവ്യയും കിടന്നത് ഞാൻ അറിഞ്ഞു.. രാത്രി എപ്പോഴോ നടുവിന് ചവിട്ട് കിട്ടിയപ്പോഴാണ് കണ്ണ് തുറന്നത്,

അടുത്ത് കിടക്കുന്ന അളിയനെ ഒന്ന് നോക്കി ആശാൻ നല്ല ഉറക്കത്തിൽ ആണ്, ഇനിയിപ്പോ അവൻ മനപൂർവ്വം ചവിട്ടുന്നത് ആണോ എന്ന് കൂടി സംശയിച്ചു.

പിന്നെയും ഒന്ന് രണ്ട് വട്ടം കൂടി ചവിട്ട് കിട്ടിയപ്പോൾ ഇനി അസ്ഥാനത്ത് എങ്ങാനും കിട്ടിയാലോ എന്ന് കരുതി ഷീറ്റ് തറയിൽ വിരിച്ച് കടപ്പ് അങ്ങോട്ട് മാറ്റി…

എന്റെ കിടപ്പും ദേഷ്യവും കണ്ടിട്ടാകും പിറ്റേ ദിവസം തന്നെ കണ്ണനെ വീട്ടിലേക്ക് കൊണ്ടുവിടം എന്ന് കാവ്യ എന്നോട് പറഞ്ഞത്.

രാവിലെ കാപ്പി കുടിച്ച് അവളുടെ വീട്ടിലേക്ക് തിരിച്ചു, ബേക്കറിയിൽ നിന്ന് കണ്ണനിഷ്ടപെട്ട പലഹാരങ്ങളും വാങ്ങിയാണ് വീട്ടിലേക്ക് പോയത്. ഉച്ചയ്ക് ഊണും കഴിഞ്ഞ് തിരികെ ഇറങ്ങാൻ നേരം ചേച്ചിയുടെയും അനിയന്റെയും കണ്ണുകൾ വീണ്ടും നിറയുന്നത് ശ്രദ്ധിച്ചിരുന്നു…

” അനിയനോട് അത്ര ഇഷ്ടം ആണല്ലേ…”അന്നും മുറിയിൽ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയുടെ അരികിൽ ഇരുന്ന് ചോദിച്ചു…

” ഞാൻ ജനിച്ചുകഴിഞ്ഞ് പിന്നെ വർഷങ്ങളോളം ഒരു കുഞ്ഞികലിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു അച്ഛനും അമ്മയും, എത്രയെത്ര ആശുപത്രികളിൽ കയറി ഇറങ്ങി, പോകാത്ത അമ്പലങ്ങളും വഴിപാടുകളും ഇല്ല…

അവസാനം അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചതും ഞാൻ ആയിരുന്നു…

പിന്നെയുള്ള ദിവസങ്ങളിൽ അമ്മയ്ക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ ഉണ്ടാക്കലും അമ്മയ്ക്ക് അവശ്യമുള്ളതൊക്കെ ചെയ്ത് കൊടുക്കുന്നതും ഞാനായിരുന്നു..

അമ്മയെ ലേബർ റൂമിൽ കയറ്റിയപ്പോൾ അച്ഛനേക്കാൾ ടെൻഷൻ എനിക് ആയിരുന്നു.. അവനെ ആദ്യമായി കയ്യിൽ എടുത്തപ്പോൾ അനുഭവിച്ച ആ സന്തോഷമൊന്നും പറഞ്ഞറിയിക്കാൻ കഴിയില്ല…

ഞാൻ അവനെ പ്രസവിച്ചില്ല എന്നേയുള്ളു, അവനെ വളർത്തിയതൊക്കെ ഞാനാണ്, എപ്പോഴും എന്റെ പുറകെ കാണും, എന്തിനും ഏതിനും ഞാൻ തന്നെ വേണം അവന്,

എന്നും എന്റെ കൂടെയെ കിടക്കുള്ളൂ അവൻ.. പ്രസവിച്ചില്ലെങ്കിലും അവൻ എനിക്ക് എന്റെ മോൻ തന്നെയാണ്….”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ വീണ്ടും കരഞ്ഞു തുടങ്ങി, അവളെ ആശ്വസിപ്പിച്ച് കൂടെ കിടത്തുമ്പോൾ ഇടയ്ക്ക് എപ്പോഴോ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു….

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് മൊബൈലിലേക്ക് ഒരു കാൾ വരുന്നത്. അക്‌സിഡന്റ് പറ്റി കാവ്യയുടെ അച്ഛനും അമ്മയും ആശുപത്രിയിൽ ആണെന്ന് മാത്രമാണ് വിളിച്ചയാൾ പറഞ്ഞത്..

വീട്ടിൽ നിന്ന് അച്ഛനും അമ്മയെയും കാവ്യായേയും കൂട്ടി അവളുടെ വീട്ടിലേക്ക് തിരിക്കുമ്പോൾ അവളോട് കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

ആ വീട്ടിലേക്ക് എത്തുമ്പോൾ ആരൊക്കെയോ മുറ്റത്ത് വല്യ ഡാർപ്പ് വലിച്ചു കെട്ടുന്നുണ്ടായിരുന്നു,

കുറച്ചുപേർ വണ്ടിയിൽ നിന്ന് കസേരകൾ മുറ്റത്ത് നിരത്തി ഇടുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ വണ്ടിയിൽ നിന്ന് കാവ്യ ഇറങ്ങുമ്പിഴേക്കും മുറ്റത്തേക്ക് ആംബുലൻസ് വന്ന് നിന്നു…

ആംബുലൻസിൽ നിന്ന് ജീവനറ്റ വെള്ളതുണിയിൽ പൊതിഞ്ഞ രണ്ട് ശരീരങ്ങൾ ഉമ്മറത്തേക്ക് കിടത്തുമ്പോൾ ആരുടെയൊക്കെയോ കരച്ചിൽ ഉയർന്ന് തുടങ്ങി.

കാവ്യയെ പിടിച്ചിരുന്ന അമ്മയുടെ കൈകൾ തട്ടി മാറ്റി ഉമ്മറത്ത് കിടത്തിയ അവളുടെ അച്ഛന്റെയും അമ്മയുടെയും നെഞ്ചിലേക്ക് മുഖം താഴ്ത്തി വച്ച് കാവ്യ ഉച്ചത്തിൽ കരഞ്ഞുതുടങ്ങുമ്പോൾ.

നിലത്ത് കിടത്തിയ ആ രണ്ട് മൃതദേഹങ്ങളുടെ തലയ്ക്ക് ചുവട്ടിൽ ആരൊക്കെയോ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് വയ്ക്കുന്നുണ്ടായിരുന്നു…

കാവ്യയുടെ കരച്ചിൽ ഉച്ചത്തിൽ കേട്ട് തുടങ്ങിയപ്പോഴാണ് ഒന്നും അറിയാതെ അകത്ത് ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം കളിച്ചിരുന്ന കണ്ണൻ ഉമ്മറത്തേക്ക് ഓടി വന്നത്.

ഉമ്മറത്ത് കിടക്കുന്ന അച്ഛനെയും അമ്മയെയും ഒപ്പം കരയുന്ന ചേച്ചിയെയും കണ്ടപ്പോൾ അവനും കരഞ്ഞു തുടങ്ങി, രണ്ടാളെയും അമ്മയും മാറ്റ് ബന്ധുക്കളും ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു…

” മോനെ അടുത്ത വീട്ടിൽ നിർത്തി വീട്ടിലേക്ക് എന്തോ സാധങ്ങൾ വാങ്ങാൻ രണ്ടുപേരും കൂടി രാവിലെ പോയതാണ്… ഏതോ ടിപ്പർ ആണെന്നാണ് പറയുന്നേ… എന്തായാലും പോയവർ പോയ്‌ ഇനി ആ ചെറുക്കന്റെ കാര്യമാണ്….”

അവിടെ കൂട്ടം കൂടി നിന്ന ചലർ പരസ്പരം പറയുന്നത് ഞാനും കേട്ടിരുന്നു……കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങൾ ചിതയിലേക്ക് എടുക്കുമ്പോൾ കരഞ്ഞു കൊണ്ട് കർമ്മം ചെയ്യുന്ന കണ്ണന്റെ മുഖം എന്നെപ്പോലെ കൂടെ നിന്നവരുടെയെല്ലാം കണ്ണുകളെ നനയിച്ചിരുന്നു…

പതിനാറിന് കർമ്മങ്ങൾ കഴിയുന്നത് വരെ ഞങ്ങൾ എല്ലാവരും ആ വീട്ടിൽ തന്നെ നിന്നു. കർമ്മങ്ങളൊക്കെ കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ നേരം എന്റെ കൈകളിൽ കണ്ണൻ മുറുക്കെ പിടിച്ചിരുന്നു..

വീട്ടിൽ എത്തിയിട്ടും വിഷമിച്ചിരിക്കുന്ന കണ്ണനെ സന്തോഷിപ്പിക്കാൻ അമ്മയും അച്ഛനും ഓരോന്നും പറഞ്ഞും കളിപ്പിച്ചും അവന്റെ കൂടെ കൂടിയെങ്കിലും, പഴയത് പോലെ കുസൃതി ഒന്നും കാണിക്കാതെ ആരോടും വല്യ മിണ്ടാട്ടം ഇല്ലാതെ അവൻ എവിടേലും തനിച്ചിരുന്നു…

അന്ന് രാത്രി ചേച്ചിക്കൊപ്പം കിടക്കാൻ അവൻ വാശി പിടിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കാവ്യ ദയനീയനയി കട്ടിലിൽ ഇരിക്കുന്ന എന്നെ നോക്കി…

” നീ വാടാ അളിയാ….” എന്ന് ഞാൻ ചിരിച്ചുകൊണ്ട് വിളിക്കുമ്പോൾ അവൻ ഓടി വന്ന് കട്ടിലിൽ ചാടി കയറി കിടന്നു…

“അതേ ഒന്ന് രണ്ട് ദിവസം കൂടി ഇവിടെ കിടന്നോ അത് കഴിഞ്ഞ് അമ്മയുടെ അടുത്ത് പോയി കിടന്നോളണം കേട്ടോ….”

ഞാൻ അവന്റെ മുടിയിൽ തഴുകി പറയുമ്പോൾ ശരിയെന്നവൻ തലയാട്ടി… അപ്പോഴേക്കും കാവ്യ വന്ന് എന്റെയരികിൽ ഇരുന്നു..

” എന്നെ കെട്ടി ഇപ്പോൾ ആകെ ബുദ്ധിമുട്ട് ആയല്ലേ…”” ആ അതേ വല്യ ബുദ്ധിമുട്ട് ആയി…” ഞാൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

” നാളെ ഇവനെ അമ്മയുടെ അരികിൽ കിടത്താം..”“അത് സരമില്ല അവൻ കുഞ്ഞല്ലേ കുറച്ച് ദിവസം ഇവിടെ കിടന്നോട്ടെ… ഒന്നുമില്ലേലും ഇവൻ നമ്മളുടെ ആദ്യത്തെ മകൻ അല്ലെ…”

ചിരിച്ചുകൊണ്ട് പറയുമ്പോൾ അവൾ എന്റെ തോളിലേക്ക് തലചായ്ച്ച് ഇരുന്നു…..

“അതേ കുഞ്ഞളിയന്റെ ചവിട്ട് വാങ്ങാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് ഞാൻ തറയിൽ കിടന്നോളം….”

അത് പറഞ്ഞ് ഞാൻ ഷീറ്റ് തറയിൽ വിരിക്കുമ്പോൾ അവൻ ഉറങ്ങിയോ എന്നവൾ നോക്കുന്നുണ്ടായിരുന്നു. തലയിണ താഴേക്ക് ഇട്ട് ഞാൻ കിടക്കുമ്പോൾ കാവ്യ എന്റെ അടുക്കൽ വന്ന് കിടന്നു…

“അതേ കുഞ്ഞളിയൻ ഉണരും…”” ആ അളിയൻ ഇനി രാവിലെ ഉണരുള്ളൂ…”അത് പറഞ്ഞവൾ എന്റെ നെഞ്ചിലേക്ക് തല വച്ചുകിടക്കുമ്പോൾ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *