കോ.ങ്കണ്ണുള്ള അയാളെ എനിക്ക് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.
നോക്കുന്നതെന്നെത്തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ എന്ന് സംശയം തോന്നും.
വൈകല്യങ്ങളില്ലാത്ത എനിക്ക് ഞാനെന്നയഹന്ത ഉള്ളിലുറഞ്ഞു കിടന്നിരുന്നുവെന്ന് വേണം പറയാൻ.
എൽ പി സ്കൂളിൽ ടീച്ചറായി ഞാൻ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത് പുഴയരുകിലൂടെയുള്ള ഒരു വഴിയിലൂടെയാണ്.
അതുവഴി പോയാൽ എനിക്ക് സ്കൂളിൽ വേഗമെത്താൻ കഴിയും.
ആ വഴിയരികിൽ വച്ചാണ് അയാൾ എന്നോട് പ്രണയം പറഞ്ഞത്.
പ്രണയം നിരസിക്കാൻ എനിക്ക് തെല്ലുമാലോചിക്കേണ്ടി വന്നില്ല.
അന്ന് അയാളുടെ കണ്ണിൽ ദുഃഖം ഉണ്ടായിരുന്നോ എന്ന് എനിക്കറിയാൻ കഴിഞ്ഞില്ല. ആ ഇരു കണ്ണുകളിലേയും ഭാവം തിരിച്ചറിയാൻ എനിക്കായില്ല.
ഉമേഷ് എന്ന ആ മനുഷ്യനായിരുന്നില്ല എന്റെ സങ്കൽപ്പങ്ങളിൽ..
ഞാനയാളെ അപ്പോൾ തന്നെ മറന്നു. അല്ലെങ്കിലും മനുഷ്യരോളം മറക്കാൻ കഴിവുള്ള ജീവിവർഗം വേറെയുണ്ടോ.
എന്റെ മനസ്സിലെ പുരുഷൻ അതീവ സുന്ദരനാണ്…. അങ്ങനെയൊരാളെ കാത്തിരിക്കുന്ന ഞാൻ ഉമേഷ് എന്ന ആ മനുഷ്യനെ തെല്ലും ശ്രദ്ധിക്കേണ്ടതില്ലല്ലോ…
ഒരു ദിവസം സ്കൂളിൽ നിന്നും തുള്ളിക്കുളിച്ചു ഓടിവരുന്ന ഒരു ആൺകുട്ടി പാമ്പിനെ കണ്ട് ഭയന്നു നിലവിളിച്ചു.
അയാളോടി വന്ന് കുഞ്ഞിനെ വാരിയെടുത്തു.
പാമ്പ് ഭയന്ന് ഓടിയിരുന്നുവെങ്കിലും
കുട്ടി വല്ലാതെ ഭയന്നു പോയിരുന്നു.
അവന്റെ കണ്ണുനീർ തുടച്ച്, അവന്റെ പേടി മാറ്റി, അവനെ മുതിർന്ന ഒരു കുട്ടിയുടെ കൈയിൽ ഏൽപ്പിച്ചിട്ട്
ആ മനുഷ്യൻ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എന്റെയുള്ളിൽ എന്തോ പോലെ തോന്നി…. അതെന്താണെന്ന് എനിക്കറിയില്ല….
അന്നൊരു ബുധനാഴ്ചയായിരുന്നു.
കുടമുല്ലപ്പൂക്കളുടെ ചന്തവും ഇളം വാസനയും ആസ്വദിച്ച് വഴിയരുകിലൂടെ നടന്ന എന്റെ നേരേ,നേർത്ത പുഞ്ചിരിയുമായി ഒരുവൻ നടന്നു വന്നു.
അനുരാഗ്…
അയാളുടെ നീലക്കണ്ണുകളിൽ എന്നോടുള്ള ഇഷ്ട്ടം എനിക്ക് തെളിഞ്ഞു കാണാമായിരുന്നു.
അല്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളാണ് എന്റെയുള്ളം മുഴുവൻ.
എന്തായാലും വിവാഹമെന്നത് എന്റെ ജീവിതത്തിൽ നിന്നും എനിക്ക് ഒഴിവാക്കാൻ കഴിയില്ല.
ഇപ്പോൾ തന്നെ വീട്ടിൽ നിർബന്ധിച്ചു തുടങ്ങിയിരിക്കുന്നു.
ആരുടെയെങ്കിലും സഹായമില്ലാതെ ജീവിക്കാൻ മാത്രം ധൈര്യമുള്ള പെൺകുട്ടി ഒന്നുമായിരുന്നില്ല ഞാൻ,
അതുകൊണ്ടുതന്നെ എന്നെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കാൻ വീട്ടുകാർക്ക് തിടുക്കമായിരുന്നു.
എനിക്കും അതിൽ എതിർപ്പൊന്നുമില്ലായിരുന്നു.
പക്ഷേ എനിക്ക് കൂടെ ഇഷ്ടമാകുന്ന ഒരാളാവണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
വൈകാതെ അനുരാഗ്
ഇഷ്ട്ടം തുറന്നു പറഞ്ഞു.
പറഞ്ഞില്ലെങ്കിലും എന്റെ ഉള്ളിലും അതേ സ്നേഹം നിറഞ്ഞു നിൽപ്പുണ്ടായിരുന്നുവല്ലോ…
എന്തായാലും വിവാഹിതയായേ പറ്റൂ എങ്കിൽ പിന്നെ ഈ മനുഷ്യൻ മതിയെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
പക്ഷേ, പ്രണയത്തിലായി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ മനുഷ്യന്റെ സ്വഭാവം എന്നെ വല്ലാതെ മടുപ്പിച്ചു കളഞ്ഞു.
പലകാര്യങ്ങളിലും ആളൊരു പുരോഗമനവാദിയാണെങ്കിലും വിവാഹക്കാര്യത്തിൽ അയാൾ ഒരു പഴഞ്ചൻ പുരുഷനായിരുന്നു.
സ്ത്രീകൾ വേണം കുടുംബം നിലനിർത്താനെന്നും, സഹനവും ക്ഷമയും ഉള്ള സ്ത്രീകളാണ് സമൂഹത്തിൽ വേണ്ടതെന്നും അയാൾ എന്നെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു.
കുടുംബജീവിതത്തിന് തുല്യ പങ്കാളിത്തമാണ് ആവശ്യമെന്ന ധാരണ ഉള്ളിൽ ഉറച്ചുപോയ എനിക്ക് അയാളുടെ സ്വഭാവമായി ഒത്തൊരുമിച്ചു പോകാൻ പറ്റില്ലെന്ന് തോന്നി.
ഭാര്യ സങ്കല്പത്തിൽ അയാൾ ഒരു മുതുപഴഞ്ചനാണ്
അയാളുടെ കാര്യങ്ങൾ നോക്കാനും, വീട് നോക്കാനും, കുഞ്ഞുങ്ങളെ നന്നായി വളർത്താനുമായി ജീവിക്കേണ്ടവരാണ് ഭാര്യ എന്ന ചിന്തയുള്ള മനുഷ്യനോടൊപ്പം ചേർന്നുള്ള ജീവിതം നന്നാവില്ലെന്ന് എന്റെയുള്ളം എന്നോട് മന്ത്രിച്ചു.
ബാഹ്യ സൗന്ദര്യത്തിലൊന്നും
കാര്യമില്ലെന്ന് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് ബോധ്യമായി.
അയാൾ സുന്ദരനായ മനുഷ്യനാണ് പക്ഷേ അതുകൊണ്ട് എന്ത് കാര്യം ? എനിക്ക് വേണ്ടത് എന്നെ സ്നേഹിക്കുന്ന ഒരാളെയാണ്,
എന്നെ പരിഗണിക്കുന്ന ആളെയാണ്
ഒരുമിച്ച് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന, ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുന്ന,
സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്ന ഒരു പങ്കാളിയെയാണ് എനിക്ക് വേണ്ടുന്നത്.
അല്ലാതെ ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത് സങ്കടപ്പെട്ടു മുന്നോട്ടുപോകാൻ എനിക്കാവില്ല.
ഒറ്റപ്പെടൽ തീരെ സഹിക്കാനാവാത്ത സ്ത്രീയാണ് ഞാൻ,
എന്റെ ചിന്തകളിൽ ഇങ്ങനെ ഒരാൾ അല്ലെന്നും നമ്മൾ ഒരുമിച്ചുള്ള
ജീവിതം ഒരിക്കലും സന്തോഷം നിറഞ്ഞതാവല്ലെന്നും പറഞ്ഞ്
ഞാൻ അയാളിൽ നിന്നും
തീർത്തും ഇറങ്ങിപ്പോയി.
അല്ലെങ്കിലും നിന്നെപ്പോലൊരു സ്ത്രീ കുടുംബത്തിലേക്ക് കയറിയാൽ കുടുംബം തന്നെ നശിച്ചു പോകുമെന്നും, നീയായിട്ട് ഒഴിവായത് നന്നായെന്നും പറഞ്ഞ് അയാൾ ചിറികോട്ടി.
മനുഷ്യനെ താറടിച്ചു കാണിക്കുന്ന അയാളെ സ്നേഹിക്കാൻ എനിക്കാവില്ല…
ഒരു കണക്കിന് നോക്കിയാൽ ഞാനും അയാളെ പോലെ തന്നെയല്ലേ?? മനുഷ്യന്റെ കുറവുകളിലേക്ക് മാത്രം കണ്ണുകൾ തുറന്നു വയ്ക്കുന്ന
കേവലമൊരുനുഷ്യജീവി മാത്രമാണ് ഞാനെന്ന് എനിക്ക് തോന്നി.
മരിച്ചുകഴിഞ്ഞാൽ ഒറ്റ ദിവസം കൊണ്ട് തന്നെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാകുന്ന, വെറും ചാരമായി പോകുന്ന ശരീര സൗന്ദര്യത്തിന്
എന്ത് പ്രസക്തിയെന്ന് എന്റെ മനസ്സ് എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു.
ശരിയാണ് മനുഷ്യർ നോക്കേണ്ടത്
ഉടൻ ഭംഗിയിലേക്കല്ല.
മനുഷ്യന്റെ നന്മയിലേക്കാണ്.. സ്വഭാവത്തിലേക്കാണ്…
എനിക്കിഷ്ടമല്ല എന്ന് കരുതിയിട്ടാവണം പിന്നീട് ഉമേഷ് എന്റെ അരികിലേക്ക് വന്നതു പോലുമില്ല.
കുടമുല്ലപൂക്കളുടെ നറുമണം നിറഞ്ഞ ഒരു വൈകുന്നേരം, ഞാനയാളുടെ അരികിൽ ചെന്നു നിന്നു.
ഇപ്പോൾ ആ കണ്ണുകൾ എന്നിലാണെന്ന് എനിക്ക് തോന്നി….
ഒപ്പം നടക്കാൻ എന്നെയും കൂടെ അനുവദിക്കുമോ എന്ന് ചോദിച്ചപ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോൾ മാത്രം അയാൾ ഒന്ന് പുഞ്ചിരിച്ചു…
പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയദിനങ്ങൾ ആയിരുന്നു.
ഓരോ ദിവസവും ആ മനുഷ്യൻ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു..
അയാളിൽ നിന്നാണ് ഞാൻ മനുഷ്യരെ പരിഗണിക്കാൻ കൂടുതൽ പഠിച്ചത്, ഹ്രസ്വമായ ഈ ജീവിതത്തിൽ മനുഷ്യർ പങ്കുവയ്ക്കേണ്ടത് സ്നേഹമാണെന്ന് ശീലിച്ചത്…
ഏറെ വൈകാതെ ഉറ്റവരുടെ സമ്മതത്തോടെ ഞങ്ങൾ ഒന്നായി..
തിരഞ്ഞെടുപ്പുകളിലെ അപാകതയാണ്
ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നതെന്ന് എനിക്കിപ്പോൾ തോന്നുന്നു.
ഒന്ന് ശ്രദ്ദിച്ചാൽ കുടുംബജീവിതം ഏറെ മനോഹരമാക്കാം.
ഞങ്ങളിപ്പോൾ ഞങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
പലരും കുഞ്ഞിനും കോങ്കണ്ണ് ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു.
എനിക്ക് തെല്ലും ടെൻഷനില്ല, അങ്ങനെയാണെങ്കിൽ തന്നെ എന്തു കുഴപ്പം??
ശരീര വൈകല്യങ്ങളെ തിരിച്ചറിയുകയും,
മനസ്സിന്റെ വൈകല്യങ്ങളെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന മനുഷ്യരോട് എനിക്കിപ്പോൾ ഒന്നും പറയുവാനില്ല.
കാരണം ഞാനിപ്പോൾ എന്റെ ജീവിതത്തെ സ്നേഹിക്കുന്ന തിരക്കിലാണ്….
ഒന്ന് മാത്രം പറയട്ടെ…. ജീവിതയാത്രയിൽ പലതും നമ്മുടെ കൈകളിൽ നിന്നും ചോർന്നുപോയേക്കാം…
സമ്പത്ത്, ആരോഗ്യം, മാതാപിതാക്കൾ, സഹോദരങ്ങൾ… അങ്ങനെയങ്ങനെ പലതും…
പക്ഷേ രണ്ടിൽ ഒരാളുടെ ജീവൻ അസ്‌തമിക്കും വരെ,
കൈ കോർത്തുപിടിക്കാൻ , സ്വാന്തനമാകാൻ, നമ്മുടെ പങ്കാളി മാത്രം കൂടെയുണ്ടാകും.
അത് പ്രകൃതി നിയമമാണ്….
💚💚💚💚💚
Anju Thankachan