രാത്രിയിലെ രഘു ഏട്ടന്റെ സ്നേഹ പ്രകടനത്തിന്റെ ബാക്കി പത്രം തന്റെ ഉള്ളിൽ കുരുത്തോ എന്നാണ് സംശയം

(രചന: ജ്യോതി കൃഷ്ണ കുമാർ)

“ഒരു പ്രെഗ്നൻസി കിറ്റ് ” എന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ സന്ധ്യയുടെ കൈ വിറച്ചിരുന്നു…

രഘുവേട്ടനോട് സംശയം ഉണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ,“നിനക്ക് തലക്ക് വട്ടാ എന്ന് പറഞ്ഞ് തള്ളി “”പക്ഷേ തനിക്ക് ഇത് ഉറപ്പായിരുന്നു… ഒന്നുമില്ലെങ്കിലും മുമ്പ് രണ്ട് പെറ്റതല്ലേ….

ടങ് ക്ലീനർ വായിലേക്ക് അടുപ്പിക്കുമ്പോൾ തുടങ്ങും ഛർദിൽ.. ഉള്ളി മൂക്കുന്ന മണമോ, ചോറ് വാർക്കുന്ന മണമോ അടിച്ചാൽ പിന്നെ മനം പിരട്ടൽ… ഇത് തുടങ്ങീട്ട് മാസം ഒന്നാവാറായി…

ആദ്യം കാര്യമാക്കിയില്ല… ഈ നാൽപത്തി ഒന്നാം വയസ്സിൽ… എല്ലാം തോന്നുന്നതാവും എന്ന് കരുതി…മൂത്ത മകൾ എഞ്ചിനീയറിംഗ് ചെയ്യുന്നു ഇളയവൻ പ്ലസ്ടു…

ഹെ ൽത്ത്‌ ഇ ൻ സ്‌പെക്ടർ ആയ രഘു ഏട്ടൻ.. ബിഎഡ് പാസ്സായി എങ്കിലും സർട്ടിഫിക്കറ്റ് പെട്ടീൽ വച്ച് പൂട്ടി താനും…

എല്ലാരുടേം കാര്യങ്ങൾ മുടങ്ങാതെ,
സന്തോഷത്തോടെ ചെയ്തു കൊടുക്കുക മാത്രം ആയിരുന്നു പണി…

അവർക്ക് വേണ്ടതെല്ലാം ഒരുക്കുക… അവർക്കെല്ലാം അവരുടേതായ ലോകം… താൻ മാത്രമാണ് എല്ലാവരെയും ബന്ധിക്കുന്ന കണ്ണി…

മടുക്കാൻ തുടങ്ങിയിരുന്നു…ഇതിപ്പോൾ, രാത്രിയിലെ രഘു ഏട്ടന്റെ സ്നേഹ പ്രകടനത്തിന്റെ ബാക്കി പത്രം തന്റെ ഉള്ളിൽ കുരുത്തോ എന്നാണ് സംശയം…

പ്രസവം രണ്ടാമത്തെ സിസേറിയൻറെ കൂടെ നിർത്തിയതാണ്…ഈ ഒരു ഭാഗത്തേക്ക് ചിന്തിക്കാത്തതും അത് കൊണ്ടാണ്…

ഇതിപ്പോ ആകെ കൂടെ ടെൻഷൻ… രഘുവേട്ടനാണേൽ പറഞ്ഞാലും മനസ്സിലാവുന്നില്ല… ഒടുവിൽ സ്വയം തീരുമാനിച്ചു, പോയി ഒരു കിറ്റ് മേടിച്ചു നോക്കാൻ…

ഇപ്പോ വാങ്ങി വീട്ടിൽ എത്തിയപ്പോൾ നോക്കാൻ ഒരു പേടി…പോസിറ്റീവ് ആണെങ്കിലോ…??

മോൾക്ക് കല്യാണ പ്രായം ആയി… ഈ സമയത്ത് അമ്മ പ്രസവിച്ചു കിടക്കുന്നു എന്ന് പറയുന്നത് എത്ര മോശം ആണ്…

ആലോചിച്ചപ്പോൾ കയ്യും കാലും വിറച്ചു… എന്നിട്ടും ഒരു സന്തോഷം വന്ന് നിറഞ്ഞു ഉള്ളിൽ…

ഒരു ജീവന്റെ തുടിപ്പ് ഉള്ളിൽ പേറാൻ സ്ത്രീകളോളം ഭാഗ്യം മറ്റാർക്കും കിട്ടീട്ടില്ല… അതോർത്തപ്പോൾ വല്ലാത്ത ഒരു നിർവൃതി…

“”എന്നാലും ആർക്കോ വേണ്ടി പ്രാർത്ഥിച്ചു, ഇത് വേണ്ട, ഇല്ലാണ്ടിരിക്കട്ടെ എന്ന്….

“”അമ്മേ ചായ….”” എന്നു പറഞ്ഞു രാഹുൽ വന്നതും കയ്യിലെ കിറ്റ് ഒരു അപരാധിയെ പോലെ മറച്ചു പിടിച്ചു….

“”ഞാൻ വരാം “” എന്ന് പറഞ്ഞപ്പോൾ അവനെന്നെ ഒന്ന് കൂടെ നോക്കി മെല്ലെ അവിടെ നിന്നും നടന്നു… അവന്റെ മുഖത്തേക്ക് പോലും നോക്കാൻ വയ്യ ഒരുതരം കുറ്റബോധം..

മെല്ലെ ചെന്ന് ചായ എടുത്തു കൊടുക്കുമ്പോൾ അവന്റെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചു….

എല്ലാരോടും തെറ്റ് ചെയ്ത പോലെ… റിസൾട്ട്‌ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നറിയാതെ തന്നെ താൻ കുറ്റവാളി ആയിരിക്കുന്നു സ്വയം…

ഹോസ്റ്റലിൽ നിന്നു മോൾ വിളിച്ചപ്പോൾ പോലും നേരം വണ്ണം സംസാരിക്കാൻ കഴിഞ്ഞില്ല… എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു …

അവളുടെ മുന്നിലും കള്ളിയെ പോലെ പരുങ്ങി..കാരണം പേടിച്ച പോലെ എന്തെങ്കിലും ഉണ്ട് എങ്കിൽ അവർക്ക് അപമാനം ഉണ്ടാക്കി വെക്കുമോ എന്ന ഭയം…

ഒടുവിൽ രഘു ഏട്ടൻ വന്നു…കിറ്റ് വാങ്ങിയ കാര്യവും അത് നോക്കാൻ ഭയം ഉള്ള കാര്യവും ഒക്കെ പറയാൻ കൊതിച്ചു ചെന്നു…

ഫോണിൽ ഏതോ മെഡിക്കൽ ക്യാമ്പിനെ പറ്റി വാചാലനാവുന്ന ആളെ കുറെ നേരം ഉറ്റു നോക്കി…

അകത്തേക്ക് പൊയ്ക്കോളാൻ ആള് കൈകൊണ്ടു കാട്ടി…ഇപ്പോഴൊന്നും തീരില്ല ഫോൺ സംഭാഷണം എന്ന് മനസ്സിലായി…

ഒറ്റക്കെ ഉള്ളൂ… നമുക്ക് നാം മാത്രം ചിലപ്പോഴൊക്കെ എന്ന് മനസ്സിലായി..മെല്ലെ കിറ്റും കൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു… പുറത്തിറങ്ങുമ്പോൾ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…

ചോറ് വിളമ്പി വച്ചു.. താനും കഴിച്ചെന്നു വരുത്തി… എല്ലാ പണിയും കഴിഞ്ഞ് കിടക്കാൻ ചെന്നു… അപ്പോഴും വന്നിരുന്നു രഘുവേട്ടൻ രാത്രിയിലെ മാത്രം സ്നേഹ പ്രകടനത്തിന്….

എല്ലാം കഴിഞ്ഞു തളർന്നു ഉറങ്ങാനായി പോകുന്നയാളോട് മേശ മേലെ ഭദ്രമാക്കി വച്ച കിറ്റിലെ രണ്ട് ചുവപ്പ് വരകൾ കാട്ടി കൊടുത്തു…

ആദ്യമൊന്ന് അമ്പരന്നെങ്കിലും.. പിന്നെ പറഞ്ഞു നമുക്കിത് വേണ്ട എന്ന്…“”ഞാൻ സമ്മതിക്കില്ല “”

എന്ന് തീർത്തു പറഞ്ഞപ്പോൾ ഉച്ചത്തിൽ വിളിച്ചിരുന്നു സന്ധ്യേ”” എന്ന്… ആരൊക്കെയോ ഉണ്ടായിട്ടും “”ഒറ്റപ്പെട്ട “” ഒരുവളുടെ ഉറച്ച തീരുമാനം ആയിരുന്നു അപ്പോൾ അവിടെ കേട്ടത്…

ഇത്തിരി പോന്നാൽ, ചിറകു മുളച്ചാൽ അവനും പറന്നു പോകുമായിരിക്കാം പക്ഷെ ഇപ്പോഴാ അമ്മക്കിളിക്ക്, ചേർത്തു പിടിക്കാൻ ഉദരത്തിലെ ആ തുടിപ്പ് വേണമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *