“നീ എന്താ വില്ലാസിനി ഈ പറയുന്നത്? എല്ലാം തികഞ്ഞ നല്ല മിടുക്കൻ ചെക്കന്മാർക്ക് വരെ ഇവിടെ പെണ്ണിനെ കിട്ടുന്നില്ല.. അപ്പോഴാ വിനുവിന്റെ കാര്യം. ഇത് ഇപ്പൊ പെണ്ണിന് കൂടി കുഴപ്പം ഉള്ളതുകൊണ്ട് അവർ മറത്തൊന്നും പറഞ്ഞില്ല. നീ നാളെത്തന്നെ അവനോട് പോയി പെണ്ണ് കാണാൻ പറ…
ഇനിയും അമാന്തിച്ച് നിന്നാൽ ആ പെണ്ണിനെയും വേറെ ആൺപിള്ളേര് കൊണ്ടുപോകും. പിന്നെ നിന്റെ മകൻ ഇവിടെ ഒരേ നിൽപ്പ് നിൽക്കേണ്ടിവരും. ഈ വരുന്ന ചിങ്ങത്തിൽ അവന് മുപ്പത്തി രണ്ട് തികയുകയാണ് മറക്കേണ്ട…”
കയ്യിലിരുന്ന വെറ്റില ചുരുട്ടി കൂട്ടി വായുടെ ഒരറ്റത്തേക്ക് തിരികി താളത്തിൽ ചവച്ചുകൊണ്ട് അയാൾ അവരെ നോക്കി പറഞ്ഞു.
” ഞാനവനോട് പറയാം കൃഷ്ണേട്ടാ..കണ്ണിന്റെ ദൃഷ്ടിക്ക് പ്രശ്നമുണ്ടെന്ന് അല്ലാതെ വേറൊരു കുഴപ്പവും എന്റെ മോനില്ല.അവന് താൽപര്യമില്ലാത്ത ഒരു ബന്ധത്തിനും ഞാൻ നിർബന്ധിക്കില്ല. എന്റെ കുട്ടിയുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല. ” അവർ നിസ്സഹായയായി പറഞ്ഞു.
“എന്റെ വിലാസിനി നിനക്ക് ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ മനസ്സ് അറിയാഞ്ഞിട്ടാണ്. തന്റെ ഭാവി വരനെ കുറിച്ച് എന്തെല്ലാം ഡിമാൻഡുകൾ ആണെന്ന് അറിയോ അവർക്ക്? നീ ഈ പറഞ്ഞ കുറവ് അവരുടെ കണ്ണിൽ വലിയ കുറവ് തന്നെയാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന് കേട്ടിട്ടില്ലേ? നമ്മുടെ ചെറുക്കന് കുറവുകൾ ഉണ്ട്. അപ്പോൾ അതേ കുറവുകൾ ഉള്ള ഒരു പെൺകുട്ടിയെ തന്നെ ആലോചിക്കുന്നതല്ലേ നല്ലത്… നീയും അവനും ഒന്ന് ഇരുന്ന് ചിന്തിക്കുക.. ഇതുപോലെ ചേർച്ചയുള്ള ഒരു ബന്ധം ഇനി കിട്ടിയെന്ന് വരില്ല പറഞ്ഞേക്കാം ഞാൻ ഇറങ്ങുവാ…”
അതും പറഞ്ഞ് ഉമ്മറക്കോലായിൽ തൂക്കിയിട്ടിരുന്ന തന്റെ കറുത്ത കാലൻ കുട നിവർത്തി അയാൾ നടന്നു.
കുറച്ച് സമയം ഏതോ ലോകത്ത് എന്നപോലെ എന്തൊക്കെയോ ചിന്തിച്ച് നിന്ന് പെട്ടെന്ന് ബോധം വന്നതുപോലെ അവർ അകത്തേക്ക് നടന്നു. അന്നേരം അത്രയും അവർ സംസാരിച്ചതെല്ലാം കേട്ടുകൊണ്ട് വിനു അവിടെ നിന്നിരുന്നു എന്ന് അപ്പോഴാണ് അവർക്ക് മനസ്സിലായത്.
“കൃഷ്ണൻ മാമൻ പറഞ്ഞതൊന്നും മോൻ കാര്യമാക്കേണ്ട.. കുറവുകൾ ഉള്ള പെൺകുട്ടികളെ മാത്രം തേടി പോകാൻ ആർക്കും വേണ്ടാത്തവൻ അല്ലല്ലോ നീ? നിന്റെ മനസ്സ് കണ്ട് നിന്നെ സ്നേഹിക്കാൻ എവിടെയെങ്കിലും നല്ല മനസ്സുള്ള ഒരു പെൺകുട്ടി ഉണ്ടാകും. അതെനിക്ക് ഉറപ്പാണ്.പക്ഷേ അപ്പോഴും അമ്മയ്ക്ക് ഒരു ആശങ്കയെ ഉള്ളൂ…”
ഒരു നിമിഷം നിർത്തി സാരി തലപ്പാൽ തന്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവർ തുടർന്നു.
“നിനച്ചിരിക്കാത്ത ഒരു നേരത്താണ് നിന്റെ അച്ഛൻ നമ്മളെ വിട്ടു പോയത്. അന്ന് നിനക്ക് ആറു വയസ്സായിരുന്നു അച്ഛൻ പോയപ്പോഴും ഞാനുണ്ടല്ലോ നിനക്ക് എന്ന് ഒരു ധൈര്യം ആയിരുന്നു. ഇന്നിപ്പോൾ എനിക്ക് പ്രായമായി. അസുഖങ്ങൾ വേറെയും. പെട്ടെന്നൊരു ദിവസം എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നിനക്ക് പിന്നെ ആരാണ്?”
വലിയൊരു നടുക്കമാണ് അമ്മയുടെ വാക്കുകൾ അവനിൽ സൃഷ്ടിച്ചത്.അതെ..അമ്മ കൂടി ഇല്ലാതായാൽ താൻ ഈ ലോകത്തിൽ പൂർണ്ണമായും അനാഥനാകും. അവന്റെ നെഞ്ചിൽ തീയാളുന്നതുപോലെ തോന്നി.
“അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്? അമ്മയ്ക്ക് എന്ത് സംഭവിക്കാനാണ്..കുറവുകളുടെ പേരിൽ ഞാൻ കേൾക്കുന്നത് പോലെ തന്നെ കേൾക്കേണ്ടിവന്ന ഒരാളായിരിക്കില്ലേ ആ കുട്ടിയും. ഞാൻ ഈ ആലോചന നിരസിച്ചാൽ അത് ആ കുട്ടിയുടെ കുറവുകൊണ്ടാണെന്നല്ലേ അവൾ കരുതുകയുള്ളൂ.. ഏതായാലും നമുക്ക് നാളെ അവിടെ വരെ ഒന്ന് പോകാം..”
അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ എത്തി ആ വലിയ ചില്ലലമാരയുടെ മുന്നിൽ നിന്ന് സ്വയം തന്റെ രൂപത്തെ ഒന്ന് നോക്കി.
‘ചൊക്ര കണ്ണൻ, കോങ്കണ്ണൻ’ എന്നീ വിളികൾ എല്ലാം സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ തനിക്ക് സുപരിചിതമാണ്. താൻ സുന്ദരനാണെന്ന് പറയാറുള്ള ഏക വ്യക്തി അമ്മ മാത്രമാണ്. വലുതായപ്പോൾ പോലും കൂട്ടുകാരുടെ കളിയാക്കലുകളിൽ നിന്നും മുക്തി നേടിയിരുന്നില്ല.അതുകൊണ്ട് മനപ്പൂർവ്വം സൗഹൃദ വലയങ്ങളിൽ നിന്നും മാറിനിന്നു. ഇഷ്ടം തോന്നിയ പെൺകുട്ടിയോട് അത് തുറന്നു പറയാൻ ഭയന്നിരുന്നതും തന്റെ കുറവിനെ നോക്കി അവൾ പരിഹസിച്ചാലോ എന്ന് ഭയന്നിട്ട് ആയിരുന്നു.
“കൃഷ്ണ മാമൻ പറഞ്ഞത് ശരിയാണ് എന്റെ കുറവുകളെ ഞാൻ അംഗീകരിച്ചേ മതിയാകൂ.. എന്നെപ്പോലെ കുറവുകൾ ഉള്ള ഒരു പെൺകുട്ടി തന്നെ എന്റെ ജീവിതത്തിലേക്ക് വന്നാൽ ഒരുപക്ഷേ മറ്റാരെക്കാളും ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞേക്കും..”
അവൻ തന്റെ കട്ടിലിൽ വന്നു കിടന്ന് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു..
പിറ്റേന്ന് രാവിലെ വീനുവും അമ്മയും പിന്നെ അകന്ന ബന്ധത്തിലുള്ള അനിയനായ അനൂപം കൂടി ചേർന്നാണ് പെണ്ണുകാണാൻ പോയത്. ആദ്യമായാണ് ഒരു പെണ്ണ് കാണൽ അഭിമുഖീകരിക്കേണ്ടി വരുന്നത്. മാത്രമല്ല ചെന്നിരുന്നപ്പോൾ മുതൽ എല്ലാവരും മാറിമാറി തന്നെയാണ് നോക്കുന്നത് എന്ന യാഥാർത്ഥ്യവും അവനെ വല്ലാതെ അസ്വസ്ഥൻ ആക്കി.
തനിക്ക് നേരെ നീട്ടിപ്പിടിച്ച ചായക്കപ്പ് കണ്ടപ്പോഴാണ് അവൻ തലനിവർത്തിയത്. ” ഇതാണ് ചെക്കൻ” ആരോ പരിചയപ്പെടുത്തി. അവൾ നിറഞ്ഞ പുഞ്ചിരി അവന് നേരെ സമ്മാനിച്ചു.
“പെണ്ണിനെ ശരിക്കും നോക്കിക്കോ വിനുവേട്ടാ ഇനി കണ്ടില്ലെന്ന് പറയരുത്.” അടുത്തിരുന്ന അനൂപ് പിറു പിറുത്തപ്പോഴാണ് അവൻ അവളുടെ മുഖത്തേക്ക് നോക്കിയത്.
തന്നെ പോലെയല്ല ഒരു നേരിയ പ്രശ്നം മാത്രമേ അവളുടെ നോട്ടത്തിനുള്ള എന്നത് അവനെ വീണ്ടും ആശയക്കുഴപ്പത്തിൽ ആക്കി.
“ആ കുട്ടിക്ക് തന്നെ ഇഷ്ടമാകുമോ?”അവന്റെ മനസ്സ് ആ ചോദ്യം ആവർത്തിച്ച് ആവർത്തിച്ച് ഉരുവിട്ടു കൊണ്ടിരുന്നു.
“ഇനി അവർക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആയിക്കോട്ടെ..”മുതിർന്നവരിൽ ആരോ അത് പറഞ്ഞതും അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
“എന്താണ് സംസാരിക്കേണ്ടത്?” ഒരു നൂറ് ചോദ്യങ്ങൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നെങ്കിലും തങ്ങൾ തനിച്ചായ നിമിഷത്തിൽ എല്ലാം മറവി വിഴുങ്ങി എന്ന് അവന് മനസ്സിലായി.
“എന്താ പേര്?” വിയർത്തു കൊണ്ട് അവൻ ചോദിച്ചു.”കീർത്തന.”അവൾ പേര് പറഞ്ഞതും ഒരു നിമിഷം അവൻ അന്തം വിട്ടു നിന്നു. മനസ്സിൽ ആദ്യമായി ഇഷ്ടം തോന്നിയ ആ പെൺകുട്ടിയുടെ പേരും കീർത്തന എന്നായിരുന്നു!.
“എന്താ ആലോചിക്കുന്നത്?””ഏയ് ഒന്നുമില്ല…. “ഏതോ ലോകത്തിൽ എന്ന പോലെ അവൻ തിരികെ വന്നു.
” കുട്ടിക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ വീട്ടുകാരോട് അത് തുറന്നു പറയാം കേട്ടോ.. എന്നെക്കാൾ നല്ല ഒരാളെ തീർച്ചയായും കുട്ടിക്ക് കിട്ടാതിരിക്കില്ല. ”
“നല്ലൊരാളെ എന്നതുകൊണ്ട് ചേട്ടൻ ഉദ്ദേശിക്കുന്നത് മുഖസൗന്ദര്യം മാത്രമാണോ? അങ്ങനെയെങ്കിൽ കുറവുകൾ ഇല്ലായിരുന്നെങ്കിൽ ചേട്ടൻ ഇവിടെ എന്നെ തേടിയും വരില്ലല്ലോ? എന്നെക്കാൾ നല്ല പെൺപിള്ളേർ ഈ ലോകത്ത് എത്രയുണ്ട്..”
” അയ്യോ ഞാൻ അങ്ങനെയല്ല… ” “എങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിലും ശരി എനിക്ക് ഈ വിവാഹത്തിന് താല്പര്യം കുറവ് ഒന്നുമില്ല. ഇനി ചേട്ടന് താൽപര്യമില്ലെങ്കിൽ അത് അവരോട് പറഞ്ഞോളൂ..”
അത് കേട്ടതും അവന് വല്ലാത്ത സന്തോഷം തോന്നി. ആദ്യമായാണ് ഒരു പെൺകുട്ടി തന്നെ അംഗീകരിക്കുന്നത്.
“അപ്പോൾ തനിക്ക് ശരിക്കും എന്നെ ഇഷ്ടമായോ? ” വിശ്വസിക്കാനാവാതെ അവൻ വീണ്ടും ചോദിച്ചു.
“എന്റെ പൊന്നു ചേട്ടാ..ചേട്ടൻ എന്തിനാണ് ഇങ്ങനെ സ്വയം വിലകുറച്ചു കാണുന്നത്? ഇഷ്ടപ്പെടാതിരിക്കാൻ മാത്രം ചേട്ടന് എന്താണ് കുഴപ്പം? കണ്ണിന് ചെറിയ പ്രശ്നമുള്ളതോ? അങ്ങനെയെങ്കിൽ എനിക്കും അതുണ്ടല്ലോ ഇതൊക്കെ നമ്മുടെ തെറ്റ് കൊണ്ട് സംഭവിക്കുന്നതാണോ?എല്ലാം ഉണ്ടായിട്ടും നല്ലൊരു മനസ്സിലെങ്കിൽ പിന്നെ എന്ത് കാര്യം? മറ്റുള്ളവരുടെ കണ്ണിലല്ലേ നമുക്ക് പോരായ്മകൾ ഉള്ളൂ നമ്മുടെ കണ്ണിൽ നമ്മൾ സൂപ്പർ അല്ലേ…”
അതു പറഞ്ഞുകൊണ്ട് അവൾ കണ്ണുറുക്കിയപ്പോൾ അവനും പുഞ്ചിരിച്ചു പോയി. ജീവിതത്തിലാദ്യമായി അവന് ആത്മവിശ്വാസം തോന്നിയ നിമിഷം ആയിരുന്നു അത്.മനസ്സുകൊണ്ട് അവൻ കൃഷ്ണൻ മാമനോട് നന്ദി പറഞ്ഞു.
അങ്ങനെ ആ വിവാഹം എല്ലാവരും അംഗീകരിച്ചു. ചുരുങ്ങിയ നാളുകൾക്കിടയിൽ തന്നെ അവർക്കിടയിൽ പ്രണയം നാമ്പിട്ടു.. പരസ്പരം നല്ലതുപോലെ മനസ്സിലാക്കാൻ ഈ ചുരുങ്ങിയ കാലയളവ് തന്നെ അവർക്ക് മതിയായിരുന്നു. വളരെ ലളിതമായാണ് വിവാഹം നടന്നത് അത് തന്നെയാണ് രണ്ടുപേരും ആഗ്രഹിച്ചിരുന്നതും.
” കല്യാണം കഴിഞ്ഞ് മൂന്നുമാസം ആയതേയുള്ളൂ അപ്പോഴേക്കും വിശേഷമായില്ലേ എന്നുള്ള ചോദ്യം എഴുതിത്തുടങ്ങി കേട്ടോ… ”
ഒരിക്കൽ അവന് ചാരേ കിടക്കവേ നാണിച്ച് കൊണ്ട് അവൾ പറഞ്ഞു.”ഉം..” അതിനുത്തരം ആയി അവൻ ഒന്നും മൂളുക മാത്രം ചെയ്തു.
“സത്യത്തിൽ എനിക്കും കൊതിയുണ്ട് ഒരു കുഞ്ഞിനെ താലോലിക്കാൻ.. നമുക്ക് വൈകിപ്പിക്കേണ്ട ചേട്ടാ.. ദൈവം തരുന്നതിനെ വേണ്ടെന്നുവച്ചാൽ പിന്നെ ആ സൗഭാഗ്യം വീണ്ടും കിട്ടി എന്ന് വരില്ല.”
അവന്റെ മറുപടി ഒന്നും ഇല്ലാതായപ്പോൾ അവൾ മെല്ലെ തലയുയർത്തി തന്റെ ഭർത്താവിനെ നോക്കി.
“എന്താ ചേട്ടാ? ഞാൻ കുറെയായി ശ്രദ്ധിക്കുന്നു കുഞ്ഞിന്റെ കാര്യത്തിൽ ചേട്ടന് ഒരു താല്പര്യമില്ലാത്തത് പോലെ.. നമ്മുടെ ചോരയിൽ പിറന്ന കുഞ്ഞിനെ താലോലിക്കാൻ ചേട്ടനും കൊതി തോന്നുന്നില്ലേ?”
അത്രനേരം മൗനമായി കിടന്ന അവൻ അവളെ ഒന്നു നോക്കി അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി കൊണ്ട് നിറുകയിൽ ചുംബിച്ചു… ശേഷം പിന്നെയും അവളെ ഒന്ന് നോക്കി.. ആശങ്ക കലർന്ന ഒരു നോട്ടം… എന്താണെന്നുള്ള മട്ടിൽ അവൾ അവനെയും നോക്കി കൊണ്ടിരുന്നു …
“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ.. എനിക്കും കൊതിയുണ്ട് നമ്മുടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പക്ഷേ…”
” പക്ഷേ എന്താ ചേട്ടാ…? ” അവൾ അകാംക്ഷയോടെ ചോദിച്ചു.
“നമുക്ക് രണ്ടാൾക്കും കുറവുകൾ ഉണ്ട്. കുഞ്ഞുനാൾ മുതലേ മറ്റുള്ളവരുടെ പരിഹാസം കേട്ട് വളർന്നവർ ആണ് നമ്മൾ.ഇനിയെങ്ങാൻ നമ്മുടെ കുഞ്ഞിനും ഇതേ അവസ്ഥയാണെങ്കിൽ ഈ ലോകം ആ കുഞ്ഞിനെയും പരിഹസിക്കില്ലേ?നമ്മൾ അനുഭവിച്ച വേദന നമ്മുടെ കുഞ്ഞുമനുഭവിക്കുന്നത് എങ്ങനെയാണ് കണ്ടുനിൽക്കാനാവുക? കുഞ്ഞില്ലെങ്കിൽ ആ ഒരൊറ്റ വിഷമത്തിൽ ഒതുങ്ങി. എന്നാൽ …..
ഒരു പക്ഷെ ഇതൊക്കെ ഞാൻ ചിന്തിച്ചു കൂട്ടുന്നത് ആകും.” “ആകാം എന്നല്ല ഇതൊക്കെ ചേട്ടൻ ചിന്തിച്ചു കൂട്ടുന്നത് തന്നെയാണ്. ഇതൊക്കെ പാരമ്പര്യം ആണെങ്കിൽ നമ്മുടെ അച്ഛനമ്മമാർക്ക് ആർക്കെങ്കിലും എന്തെങ്കിലും പ്രശനമുണ്ടായിരുന്നോ?.
ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ എന്താണ് കുഴപ്പം? ഇന്നത്തെ കാലത്ത് അതിന് ഒരുപാട് ട്രീറ്റ്മെന്റുകൾ ഉണ്ട്… ഈ ലോകം എല്ലാം തികഞ്ഞ വർക്ക് വേണ്ടി മാത്രമുള്ളതാണോ? അവർക്കു മാത്രമേ ഇവിടെ സന്തോഷത്തോടെ ജീവിക്കാൻ ആകൂ എന്ന് എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ? നമുക്ക് ആരെയും മാറ്റാൻ കഴിയില്ല. നമ്മുടെ ഈ ഉൾവലിയയിലാണ് മാറ്റേണ്ടത്. നമുക്ക് ഒരു കുറവും ഇല്ലെന്ന് നമ്മൾ തന്നെ തീരുമാനിച്ചാൽ മറ്റുള്ളവരും അത് അംഗീകരിച്ചു കൊള്ളും. എന്തും നേരിടാനും ഉൾക്കൊള്ളാനും പ്രാപ്തരാക്കി കുഞ്ഞുങ്ങളെ വളർത്തുമ്പോഴാണ് മാതാപിതാക്കൾ എന്ന നിലയിൽ നമ്മൾ വിജയിക്കുന്നത്. അല്ലാതെ മറ്റുള്ളവരെ ഭയന്ന് കുഞ്ഞിന് ജന്മം നൽകാൻ മടി കാണിക്കുമ്പോൾ അല്ല..”
സ്വല്പം ദേഷ്യം കലർന്ന സ്വരത്തോടെയാണ് അവൾ അത് പറഞ്ഞതെങ്കിലും അവന് എന്തോ ഒരു ആശ്വാസം തോന്നി. അവളെ തന്നോട് ചേർത്തുപിടിച്ച് അവൻ അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ചുംബനം. അതിൽ അവളുടെ സകല ദേഷ്യവും അലിഞ്ഞില്ലാതായി.
വർഷങ്ങൾ പിന്നിട്ടു… ഇന്ന് ഇരുവരും മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു…. ആരോഗ്യവാൻമാരായ മൂന്നു കുഞ്ഞുങ്ങൾക്ക്….