നിന്റെ ഭാര്യയുടെ വയറ്റിൽ ഒരു പുൽകൊടി പോലും മുളക്കുമെന്ന് തോന്നുന്നില്ല… നീ ഈ മച്ചിയെ കളഞ്ഞിട്ടു വേറെ കെട്ടാൻ നോക്കു കുര്യച്ച…..

(രചന: മഴമുകിൽ)

എത്ര കാലമായി വിവാഹം കഴിഞ്ഞിട്ടു എന്നിട്ടും നിന്റെ ഭാര്യയുടെ വയറ്റിൽ ഒരു പുൽകൊടി പോലും മുളക്കുമെന്ന് തോന്നുന്നില്ല… നീ ഈ മച്ചിയെ കളഞ്ഞിട്ടു വേറെ കെട്ടാൻ നോക്കു കുര്യച്ച…..

അമ്മച്ചിക്ക് ഇതു എന്തിന്റെ കേടാ.. രാവിലെ അവളെ പറഞ്ഞില്ലേൽ ഉറക്കം വരില്ലേ….. കുര്യച്ഛൻ അതും പറഞ്ഞു ലിസമ്മയെ നോക്കി…

നമ്മുടെ ഷെറിനാണ് ഈ ഗതി വന്നെങ്കിൽ അമ്മച്ചി ഇതു തന്നെ പറയുമോ.അതിനു അവൾക്കല്ലല്ലോ കുഴപ്പം.. അവൾക്കു രണ്ടുകുഞ്ഞുങ്ങൾ ഉണ്ടല്ലോ…. നിന്റെ കെട്യോൾക്കല്ലേ വയറ്റിൽ ഒരു പുൽനാമ്പു പോലും മുളക്കാത്തത്…

അമ്മച്ചി ഇനിയും എങ്ങനെ വല്ലതും വിളിച്ചു പറഞ്ഞാൽ ഞാനും അവളും കൂടി എവിടെയെങ്കിലും ഇറങ്ങി പോകും.

എല്ലാം കേട്ടുകൊണ്ട് എൽസ അകത്തു മുറിയിൽ തേങ്ങി കരഞ്ഞു.. എന്തിനാ എൽസമോ ഇങ്ങനെ കരയുന്നെ അമ്മച്ചിയുടെ സ്വഭാവം നിനക്ക് നന്നായിട്ടറിയാവുന്നതല്ലേ.

എത്രകാലമായി കേൾക്കുന്നത് എന്നറിയാമോ എങ്കിലും വല്ലാതെ വേദനിക്കുന്നുണ്ട്. ചിലപ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇച്ചായ….

അവൾ വേഗം കണ്ണുകൾ തുടച്ചു.ഇച്ചായനു ജോലിക്ക് പൊകാനുള്ളതല്ലേ… വായോ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം.അവൾ കണ്ണും തുടച്ചു അടുക്കളയിലേക്ക് പോയി..

മിക്കവാറും ദിവസങ്ങളിലും ആ വീട്ടിൽ നടക്കുന്നത് ഇതൊക്കെ തന്നെയാണ്. അന്നമ്മച്ചിക്ക് അതൊന്നും പുതുമയുള്ളതല്ല. എൽസയെ കുത്താൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കില്ല.

എൽസയുടെയും കുര്യന്റെയും പ്രണയ വിവാഹമായിരുന്നു. കാലങ്ങളായി പെണ്ണു കിട്ടാതിരുന്ന കുര്യൻ ഒരിക്കൽ പണിക്കു പോകുമ്പോൾ തൊട്ടടുത്ത വീട്ടിൽ ജോലിക്കു നിൽക്കുന്ന എൽസയെ കണ്ടു.

കുര്യൻ തനിക്ക് താഴെയുള്ള രണ്ട് സഹോദരിമാരുടെ വിവാഹമൊക്കെ കഴിപ്പിച്ച് അയച്ചു കഴിഞ്ഞപ്പോൾ അവന് പ്രായം കൂടുതലായി.

അതുകൊണ്ടുതന്നെ പിന്നീട് ഒരു വിവാഹത്തിന് അവൻ എന്തോ താല്പര്യം ഇല്ലായിരുന്നു. അമ്മച്ചിക്ക് പോലും അവന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലായിരുന്നു.

എൽസയ്ക്കാണെങ്കിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ല. അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണത്തോട് കൂടി അവൾ തികച്ചും അനാഥയായി.

പള്ളിയിലെ ഫാദർ മുഖാന്തരം ആണ് അവൾ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുന്നത്. വീട്ടുകാർ നല്ല ആൾക്കാർ ആയതുകൊണ്ട് തന്നെ ഫാദർ വളരെ വിശ്വാസത്തോടുകൂടിയാണ് അവളെ അവിടെ ജോലിക്ക് ചേർത്തത്.

ഏകദേശം മൂന്നുനാലു മാസം കുര്യന് അവിടെ പണിയുണ്ടായിരുന്നു. പണികഴിഞ്ഞ് വീടിന്റെ പാലുകാച്ച് ചടങ്ങ് കഴിഞ്ഞപ്പോഴേക്കും കുര്യൻ എൽ സയുമായി ഇഷ്ടത്തിലായി.

ആദ്യം വിവരം ചെന്ന് പറയുന്നത് പള്ളിയിലെ ഫാദറിന്റെ അടുത്തായിരുന്നു. ഫാദർ തന്നെയായിരുന്നു അന്നമ്മയോട് വന്നു കാര്യങ്ങളൊക്കെ അവതരിപ്പിച്ചത്.

എന്നാലും എന്റെ ഫാദർ എന്റെ കൊച്ചന് ഒരു ആലോചനയുമായി വന്നത് ഒരു അനാഥ് പെങ്കൊച്ചിനെ ആയിരുന്നോ.. അവന് പ്രായം ഇത്തിരി മൂപ്പ് ഉണ്ടെങ്കിലും ഇതിനേക്കാൾ നല്ലൊരു കുടുംബത്തിൽ നിന്ന് സംബന്ധം കിട്ടില്ലായിരുന്നു…

അന്നമ്മോ എല്സാ അനാഥയായല്ല ജനിച്ചതും വളർന്നതും ഒന്നും …. അവളുടെ മാതാപിതാക്കൾ നേരത്തെ സ്വർഗ്ഗരോഹണം നടത്തി…. ആരെയും നിന്ദിച്ചു സംസാരിക്കാൻ നമുക്ക് അധികാരം ഇല്ല.

അവർ തമ്മിൽ ഇഷ്ടത്തിലാണ്…. അതുഞാൻ അറിയിച്ചു.താല്പര്യം ആണെങ്കിൽ നടത്താം.

ഞാൻ ഇനി എന്തുപറയാൻ നിങ്ങൾ എല്ലാപേരും കൂടി തീരുമാനിച്ചില്ലേ…. ഇനി അതുപോലെയൊക്കെ നടക്കട്ടെ.വിവാഹം വളരെ ഭംഗിയായി നടന്നു.ഫാദർ മുന്നിട്ടാണ് എല്ലാം നടത്തിയത്.

പക്ഷെ അന്നമ്മ അന്നുമുതൽ അവളോട്‌ അനിഷ്ടത്തോടു തന്നെയാണ് പെരുമാറിയിരുന്നത്. പക്ഷെ അവൾ അതൊന്നും കാര്യമാക്കാതെ അവരോടു അമ്മയോടെന്നപോലെയാണ് പെരുമാറിയത്.

അല്ലെങ്കിൽ തന്നെ അവളെ കണ്ണിനു നേരെ കണ്ടുകൂടാ. ഇപ്പോൾ വിവാഹം കഴിഞ്ഞു ഒരു വർഷം ആയിട്ടും വിശേഷം ഒന്നുമാകാത്തത് കൊണ്ട് അതിന്റെ പേരിലാണ് ഇപ്പോഴുള്ള അങ്കം.

കാണിക്കാത്ത ഹോസ്പിറ്റലുകളോ കഴിക്കാത്ത മരുന്നുകളോ പ്രാർത്ഥിക്കാത്ത ദൈവങ്ങളോ ഇല്ല. പക്ഷേ കുര്യച്ചന്റെയും എൽസിയുടെയും പ്രാർത്ഥനയൊന്നും കർത്താവ് കേൾക്കുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് അല്ലേ ഈ പരീക്ഷണം.

അന്നും എൽസയുടെ കരയുന്ന മുഖം കണ്ടിട്ടാണ് കുര്യച്ഛൻ പണിക്കുപോയത്. ഇതിപ്പോൾ എന്നും ശീലമാണ്.

ജോലിചെയ്യുമ്പോൾ കുര്യച്ഛന്റെ മനസ്സിൽ എൽസയുടെ കരയുന്ന മുഖം മാത്രമായിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തതുപോലെ കുരിയച്ചൻ സ്തംഭിച്ചു നിന്നു.

എന്താടാ കുര്യാ ഇന്നും വീട്ടിൽ അടിയും പിടിയും ഒക്കെയാണോ ലാസർ ചേട്ടൻ ചോദിച്ചപ്പോൾ കുര്യച്ചൻ വേദന നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

നീ ഇങ്ങനെ സങ്കടപ്പെടാതെടാ 10 20 വർഷമായവർക്ക് വരെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നുണ്ട് പിന്നെയാണോ നിനക്ക്.

നമ്മുടെ കൂടെ പണിക്ക് വരുന്ന ദിവാകരേട്ടന്റെ മോന് ഇതുപോലെ കുഞ്ഞുങ്ങൾ ഇല്ലാതിരുന്നതല്ലേ ഇപ്പോൾ എവിടെയോ ട്രീറ്റ്മെന്റ് ചെയ്തു അവർക്ക് കുഞ്ഞായി…

നീ ദിവാകരേട്ടനെ ഒന്ന് ചെന്ന് കണ്ടിട്ട് ഏതു ഹോസ്പിറ്റലിലാ കാണിച്ച എന്നൊക്കെ ഒന്ന് അന്വേഷിച്ചു നോക്ക്.. ഇനി അതുകൂടി ശ്രമിച്ചു നോക്കാം.

അന്ന് വൈകുന്നേരം തന്നെ പണി കഴിഞ്ഞു നേരെ കുര്യച്ചൻ ദിവാകരേട്ടനെ കാണാൻ പോയി..ആഹാ ഇതാര് കുര്യച്ഛനോ എന്താടാ ഈ വഴിയൊക്കെ..

ദിവാകരേട്ട ഞാനൊരു വിവരം തിരക്കുന്നതിന് വന്നതാണ് എന്റെ കാര്യം ദിവാകരേട്ടൻ അറിയാമല്ലോ.ദിവാകരേട്ടന്റെ മോൻ കാണിച്ച ഹോസ്പിറ്റലിൽ ഡോക്ടർ ഏതാണെന്ന് ഒന്ന് തിരക്കാനാണ് ഞാൻ വന്നത്.

എൽസയെ കൂടി അവിടെ കൊണ്ട് കാണിച്ചാലോ എന്നാണ് ആലോചിക്കുന്നത്.

അതാണോ കാര്യം ഞാനിപ്പോൾ മോനെ വിളിക്കാം ദിവാകരേട്ടൻ അകത്തേക്ക് പോയി മകനെയും കൂട്ടി വന്നു.

കുര്യച്ചൻ വിവരങ്ങൾ എല്ലാം വിശദമായി ചോദിച്ചറിഞ്ഞ് വീട്ടിലേക്ക് വന്നു അടുത്ത ദിവസം രാവിലെ പണിക്കു പോകാതെ എൽസയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു.

ചെക്കപ്പുകൾ എല്ലാം എടുത്തതിനുശേഷം റിസൾട്ട് നോക്കുമ്പോൾ എൽസക്കു കുഴപ്പമൊന്നുമില്ല. ചെറുതായി പ്രശ്നമുള്ളത് കുര്യച്ചനാണ്. നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങാം എന്നുമായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.

വൈകുന്നേരം തിരികെ വന്നപ്പോൾ അന്നമ്മച്ചിയോട് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.

ഓ പിന്നെ ഇനി എന്റെവായ മൂടി കെട്ടാൻ ആയിരിക്കും കുഴപ്പം നിനക്ക് ആണെന്ന് പറയുന്നത്…

അമ്മച്ചി ഇങ്ങനെ തുടങ്ങിയാൽ കുറച്ച് കഷ്ടമാണ്… എന്തെങ്കിലുമൊക്കെ കാണിക്ക്കുര്യച്ഛൻ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി..

ആറുമാസത്തെ ട്രീറ്റ്മെന്റ്……ഡോക്ടർ പറയുന്നതുപോലെ തന്നെ കാര്യങ്ങൾ രണ്ടുപേരും അനുസരിച്ചു.പതിവുപോലെ കുര്യച്ചൻ രാവിലെ ജോലിസ്ഥലത്തേക്ക് പോയി.

കുര്യച്ഛൻ പോയിക്കഴിഞ്ഞതും എൽസ മുറിയിലേക്ക് കയറിക്കിടന്നു.. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അവൾക്ക് വല്ലാത്ത അസ്വസ്ഥതയായിരുന്നു.

പക്ഷേകുര്യച്ഛന് ജോലിക്ക് പോകണമായിരുന്നതുകൊണ്ട് അവൾ ജോലികൾ ഒക്കെ വേഗത്തിൽ തീർത്തു.

എൽസയെ പുറത്തേക്കൊന്നും കാണാത്തതുകൊണ്ട് അമ്മച്ചി അന്വേഷിച്ച് മുറിയിലേക്ക് ചെന്നു.

എന്താടി ഇതുവരെ എണീക്കാൻ നേരമായില്ലേ നിനക്ക് കെട്ടിയോൻ പോയ ഉടനെ മുറിയിൽ കയറി കിടക്കുന്നു.

എന്താന്നറിയില്ല അമ്മച്ചി വല്ലാത്ത ക്ഷീണം… അതാണ് ഞാൻ കിടന്നതു രാവിലെ കാപ്പിക്കും ഉച്ചത്തെ ചോറിനും ഉള്ളതെല്ലാം കാലമാക്കി വെച്ചിട്ടുണ്ട്…

പിന്നെ പാത്രം കഴുകുന്നതും അടിച്ചു വരുന്നതും ഒക്കെ വേറെ ആരെങ്കിലും വന്നു ചെയ്യുമോ.. വല്ലാത്ത തല ചുറ്റൽ ഞാൻ അല്പം നേരം കൂടി കിടന്നിട്ട് ചെയ്യാം അമ്മച്ചി….

ജോലി ചെയ്യാതിരിക്കാൻ ഓരോരോ കാരണങ്ങൾ കണ്ടുപിടിച്ചോളും അതിനുപറ്റിയ ഒരു കെട്ടിയോനും കൂടെയാണ്.. എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ട്…

വയ്യെങ്കിൽ പോലും അമ്മച്ചിയുടെ കുത്തുവാക്കുകൾ കേട്ടപ്പോൾ എൽസ പ്രാഞ്ചി പ്രാഞ്ചി എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ജോലി ചെയ്യാൻ തുടങ്ങി…

അന്ന് വർക്ക് സൈറ്റിൽ നിന്നും കുര്യച്ഛന് നേരത്തെ വരേണ്ടിവന്നു… ഏകദേശം ഉച്ചയോണ് കഴിക്കുന്ന സമയമായപ്പോഴാണ് കുര്യച്ചൻ വന്നത് …

വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അമ്മച്ചി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നത് കണ്ടു.. മുറിയിൽ ചെന്ന് നോക്കുമ്പോൾ എൽസയെ അവിടെയെങ്ങും

കാണാനില്ല… അടുക്കളയിലേക്ക് ചെല്ലുമ്പോഴാണ് കണ്ടത്.. അടുക്കള വാതിലിനോട് ചേർന്നുള്ള കട്ടളപ്പടിയിൽ ബോധമില്ലാതെ കിടക്കുന്നു..

ഒരു നിലവിളിയോടുകൂടി കുര്യച്ചൻ എൽസയുടെ അടുത്തേക്ക് ഓടിച്ചെന്നു..കുര്യച്ഛന്റെ നിലവിളി കേട്ടാണ് ഉറക്കത്തിൽ നിന്നും അന്നമ്മച്ചി ചാടി എഴുന്നേറ്റത്… അവർ നേരെ ഒച്ചകേട്ട ഭാഗത്തേക്ക് ചെന്നു..

കട്ടളപ്പടിയിൽ തലയിടിച്ച് ചോരവാർന്നു കിടക്കുകയായിരുന്നു എൽസ… കുര്യച്ഛൻ എൽസയെ കൈകളിൽ കോരിയെടുത്തുകൊണ്ട് അകത്തേക്ക് കയറി.

എന്നാലും എന്റെ അമ്മച്ചി ഇവൾ അടുക്കളയിൽ കിടന്നു മരിച്ചാൽ പോലും നിങ്ങൾ അറിയത്തില്ലായിരുന്നല്ലോ…. എന്തുമാത്രം ചോരവാർന്നു പോയിരിക്കുന്നു…

കുര്യച്ചൻ കയ്യിലിരുന്ന് തോർത്തുകൊണ്ട് അവളുടെ തലയിൽ ചുറ്റികെട്ടി…. അടുത്ത വീട്ടിലേക്ക് ഓടിപ്പോയി അവിടെനിന്നു ആളെയും കൂട്ടി വന്ന് ഹോസ്പിറ്റലിൽ എത്തിച്ചു..

വീഴ്ചയിൽ തലയിടിച്ചത് കാരണം തലപൊട്ടി മൂന്ന് സ്റ്റിച്ച് ഇട്ടു…തളർച്ചയും ക്ഷീണവും കാരണം വിശദമായി തന്നെ പരിശോധിച്ചു… ബാക്കിയുള്ള പരിശോധനയിൽ എൽസ ഗർഭിണി ആണെന്ന് ഡോക്ടർ പറഞ്ഞു..

വീട്ടിൽ എത്തുമ്പോൾ എൽസ അവശയായിരുന്നു കുര്യച്ഛൻ അവളെയും പിടിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോഴേക്കും അന്നമ്മച്ചി തുടങ്ങി…

ഓ…. ഒന്ന് വീണപ്പോഴേക്കും അവന് ഇരിക്കാൻ വയ്യ… നീ ഇങ്ങനെ ഒരു അച്ചികോന്തൻ ആയി പോയല്ലോടാ….

കുര്യൻ ഒന്നും മിണ്ടാതെ അവളെയും കൂട്ടി അകത്തേക്ക് പോയി… മുറിയിൽ കൊണ്ട് ഇരുത്തിയതിനുശേഷം കുര്യൻ പുറത്തേക്ക് വന്നു..

അമ്മച്ചി ഇങ്ങനെ എല്ലില്ലാത്ത നാക്ക് കൊണ്ട് വല്ലതും വിളിച്ചു പറയുകയാണെങ്കിൽ ഞാൻ അവളെയും കൊണ്ട് ഇവിടുന്ന് മാറും…

നിന്റെ കെട്ടിയോൾ ഒന്ന് വീണെന്ന് കരുതി..അമ്മച്ചിയോട് അവൾ എത്ര തവണ പറഞ്ഞത് അവൾക്ക് സുഖമില്ല തലകറങ്ങുന്നു എന്ന് എന്നിട്ട് അമ്മച്ചി അത് വല്ലോം കേട്ടോ..

അമ്മച്ചി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അവൾ ഇന്ന് അടുക്കളപ്പടിയിൽ വീണു പോകുമായിരുന്നോ.. എന്തുമാത്രം ചോര വാർന്നു പോയെന്ന് അറിയാമോ വല്ലതും സംഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു..

പിന്നെ ചോര വാർന്നു ചത്തേങ്കിൽ നിനക്ക് വേറെ പെണ്ണ് കെട്ടി തരുമായിരുന്നു ഞാൻ..

കുര്യച്ചന്റെ എല്ലാ നിയന്ത്രണവും വിട്ടു. നിങ്ങൾ ഒരു സ്ത്രീ ആണോ.. അവൾ ചോര വാർന്നു ചത്തെങ്കിൽ ഉടനെ നിങ്ങൾ പറയുന്ന പെണ്ണിന്റെ കഴുത്തിൽ ഞാൻ താലികെട്ടുംഎന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത്….

ഇത്രയും ദുഷ്ടയായ നിങ്ങളുടെ അടുത്ത് ഇനി ഒരു നിമിഷം പോലും ഞങ്ങൾ നിൽക്കില്ല. അവളുടെ അപ്പച്ചനും അമ്മച്ചിയും മരിച്ചപ്പോൾ അവർക്ക് ആകെയുള്ള സമ്പാദ്യമായ ആ വീട് അവളുടെ പേരിൽ എഴുതിയത് തന്നെയാണ്.

നിങ്ങൾ ഇവിടെ തനിച്ചായി പോകുമല്ലോ എന്ന് കരുതിയാണ് പലപ്പോഴും നിങ്ങളുടെ കുത്തുവാക്കുകൾ കേട്ടിട്ട് ഞാൻ അവളെയും കൊണ്ട് പോകാത്തത്. പക്ഷെ ഇനിയും ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല.

അകത്തേക്ക് പോയി ഒരു ചെറിയ ബാഗിൽ രണ്ടുപേരുടെയും തുണിയും എടുത്ത് എൽസയെ കൂട്ടി പുറത്തേക്ക് വന്നു. ഇവൾ ചാകാൻ കാത്തിരിക്കുന്ന നിങ്ങളുടെ ഒപ്പം ഇനി ഒരു നിമിഷംപോലും നിൽക്കില്ല.

ഞാനൊരു അച്ഛൻ ആകാൻ പോകുന്നു എന്ന വിവരം സന്തോഷത്തോടുകൂടി നിങ്ങളോട് പറയാനിരുന്നതാണ്..

പക്ഷേ നിങ്ങളുടെ വായിൽ നിന്നും വന്ന വർത്തമാനം കേട്ടപ്പോൾ.. നിങ്ങൾ എന്റെ കുഞ്ഞിനെ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽഇവൾ മരിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്.

ഞാൻ ഇറങ്ങുന്നു….. അവളുടെ വീട്ടിൽ കാണും… എപ്പോഴെങ്കിലും അവിടേക്കു വരാൻ തോന്നിയാൽ അമ്മച്ചിക്ക് വരാം.

പക്ഷേ വരുന്നത് നിങ്ങളുടെ മനസ്സിലെ കറുപ്പ് എല്ലാം കളഞ്ഞ് എന്നെയും എന്റെ ഭാര്യയെയും ഞങ്ങടെ കുഞ്ഞിനെയും സ്നേഹിക്കുന്ന പുതിയൊരു അമ്മച്ചി ആയിട്ടായിരിക്കണം……….. അങ്ങനെ ആകാൻ കഴിയുമെങ്കിൽ മാത്രം വന്നാൽ മതി…..,….

മറുപടിയൊന്നും പറയുന്നത് കേൾക്കാൻ നിൽക്കാതെ കുര്യച്ചൻ എൽസയെ ചേർത്തുപിടിച്ച് അവിടെ നിന്നിറങ്ങി. ഒന്നുറക്കെ കരയാൻ പോലും മറന്ന് അന്നമ്മ അവിടെ തറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *