എന്റെ കരള്‍ തീര്‍ന്നു. ഇനി എത്ര നാള്‍കൂടി ..ഒരേ ഒരു പെഗ്…” വില്‍സന്റെ സ്വരം.. അമല റിമോട്ട് സോഫയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു

വെള്ളം
(രചന: Anish Francis)

അമലയ്ക്ക് ഉറക്കം വന്നില്ല. അവള്‍ മെല്ലെ കട്ടിലില്‍നിന്നെഴുന്നേറ്റു സ്വീകരണമുറിയില്‍ വന്നു. നാളെ താന്‍ ആദ്യമായി ജോലിക്ക് പോകുന്ന ദിവസമാണ്.

കുറച്ചെങ്കിലും ഉറങ്ങണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. അവള്‍ ടി. വി ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്ന മോള്‍ ഉണരാതിരിക്കാന്‍ പരമാവധി ശബ്ദം താഴ്ത്തി വച്ചു.

ടി. വിയില്‍ ജ യ സൂ ര്യയുടെ വെ ള്ളം എന്ന സിനിമയായിരുന്നു. താടിയുള്ള മ ദ്യ പാനിയായുള്ള രൂപം സ്ക്രീനില്‍ കണ്ടതും അമല ടി. വി ഓഫ് ചെയ്തു. ഈ സിനിമ തനിക്ക് കാണാനാവില്ല. അതും ഈ രാത്രിയില്‍…

വിറയ്ക്കുന്ന കൈകളോടെ ഒരു പെഗിനു വേണ്ടി യാചിക്കുന്ന ജ യ സൂ ര്യയുടെ മുഖം. അല്ല. അത് വില്‍സനാണ്. തന്റെ മരിച്ചു പോയ ഭര്‍ത്താവ്..

“അമലേ ..ഒരു പെഗ് മാത്രം. ഒരേ ഒരു പെഗ്..” അയാള്‍ കെഞ്ചുന്നു.“അമലേ …എന്റെ കരള്‍ തീര്‍ന്നു. ഇനി എത്ര നാള്‍കൂടി ..ഒരേ ഒരു പെഗ്…” വില്‍സന്റെ സ്വരം..

അമല റിമോട്ട് സോഫയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു .വില്‍സണ്‍ വിവാഹം ആലോചിച്ചു വരുമ്പോള്‍ അമല ഡിഗ്രി കഴിഞ്ഞു നില്ക്കുകയായിരുന്നു. അവള്‍ പല പി. എസ്. സി ടെസ്റ്റുകള്‍ എഴുതി. പക്ഷേ ഒന്നിലും ഉയര്‍ന്ന റാങ്ക് അവള്‍ക്ക് കിട്ടിയില്ല. മൂന്നു പെണ്‍മക്കള്‍ ഉള്ള വീട്ടിലെ രണ്ടാമത്തെ സന്തതി.

അച്ഛന്‍ സ്കൂള്‍ മാഷാണ്. ഒരു നല്ല ജോലി ലഭിച്ചു സ്വന്തം കാലില്‍ നില്‍ക്കണം എന്നതായിരുന്നു അമലയുടെ ഏറ്റവും വലിയ ആഗ്രഹം.

അതിനിടയിലാണ് ഏതോ കല്യാണത്തിനോ മറ്റോ തന്നെ കണ്ടു ഇഷ്ടപ്പെട്ടു ആലോചനയുമായി വില്‍സന്‍ വരുന്നത്. സുമുഖന്‍ .റവന്യൂ വകുപ്പില്‍ യു. ഡി ക്ലാര്‍ക്ക്.

“കല്യാണം കഴിഞ്ഞാലും ടെസ്റ്റ്‌ ഒക്കെ എഴുതാലോ ?” പെണ്ണുകാണാന്‍ വന്നപ്പോള്‍ വിത്സണ്‍ പറഞ്ഞു.

ആ ഒറ്റനിമിഷത്തില്‍ തന്റെ ജീവിതകഥ എന്താകുമെന്നു അമലയ്ക്ക് ബോധ്യപ്പെട്ടു. കിലോമീറ്ററുകള്‍ നേര്‍രേഖ പോലെ കിടക്കുന്ന ഒരു വഴിയുടെ അറ്റത്ത്‌ നിന്ന് അകലേക്ക് നോക്കുന്നത് പോലെ ,

നമ്മുടെ ജീവിതത്തിന്റെ പാത ചില അപൂര്‍വ നിമിഷങ്ങളില്‍ അനാവരണം ചെയ്യപെടും. തന്റെ ജീവിതം അതിസാധാരണമായി അവസാനിക്കാന്‍ പോവുകയാണ് എന്ന് അമലയ്ക്ക് തോന്നി.

വില്‍സനെ കല്യാണം കഴിക്കുക ,അയാളുടെ കുട്ടികളെ വളര്‍ത്തുക,അവര്‍ വലുതാകുമ്പോള്‍ കുറച്ചുനാള്‍ അവരുടെ മക്കളെ നോക്കുക ,പ്രായമായി അസുഖം വന്നു മരിക്കുക.

റബ്ബര്‍ത്തോട്ടങ്ങളുടെ വേലിയിറമ്പുകളില്‍ വളരുന കമ്മ്യൂണിസ്റ്റ് പച്ച പോലെ ഭൂമിയില്‍ പ്രത്യേകിച്ച് ഒന്നും അവശേഷിപ്പിക്കാതെ

ചില മനുഷ്യര്‍ ജനിക്കുകയും ഭക്ഷണം കഴിച്ചു ജീവിക്കുകയും പിന്നെ മരിക്കുകയും ചെയ്യുന്നു. താനും അവരിലൊരാളായി മാറും .

ആദ്യത്തെ രണ്ടു മൂന്നു വര്‍ഷങ്ങള്‍ സംഭവരഹിതമായി കടന്നുപോയി. അയാളുടെ പിതാവ് ചെറുപ്പത്തിലെ മരിച്ചതാണ്.

അവര്‍ മൂന്നു മക്കളാണ്. ഏറ്റവും മൂത്തത് വില്‍സണ്‍. വില്‍സന്റെ കല്യാണം നടക്കുന്ന കാലത്ത് ഇളയ രണ്ടുകുട്ടികളും പഠിക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞു രണ്ടാമത്തെ കൊല്ലമാണ് അവര്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നത്. വീണ്ടും ടെസ്റ്റുകള്‍ എഴുതി ജോലി നേടാന്‍ അമല ശ്രമിച്ചതാണ്.

പക്ഷേ വില്‍സന്‍ ഒരു തണുത്ത സമീപനമായിരുന്നു അതിനോട് കാണിച്ചത്.

അയാള്‍ എതിര്‍ത്തില്ല. എന്നാലൊട്ടു ഉത്സാഹം കാണിച്ചുമില്ല. ജീവിതത്തിരക്കുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നപ്പോള്‍ അമല തന്റെ ആഗ്രഹം മനസ്സിലിട്ടു മൂടി.

ഡിഗ്രിക്ക് യൂണിവേഴ്സിറ്റി രണ്ടാം റാങ്ക് നേടിയ അമലയ്ക്ക് നിരാശ തോന്നിയ സന്ദര്‍ഭങ്ങള്‍ വിവാഹത്തിന് ശേഷം പല തവണയുണ്ടായി.

തന്റെയത്ര അക്കാദമിക്ക് മികവ് ഇല്ലാതിരുന്ന കൂട്ടുകാരില്‍ പലരും സര്‍ക്കാര്‍ ജോലി നേടുന്നത് അവളെ ദു:ഖിപ്പിച്ചു.

വാട്സാപ്പിലെ സ്കൂള്‍ കോളേജ് ഗ്രൂപ്പുകളില്‍നിന്നും ഫെയ്സ് ബുക്കില്‍നിന്നും കൂടെ പഠിച്ചവരുടെ വിവരങ്ങള്‍ അവര്‍ അറിയുന്നുണ്ടായിരുന്നു.

ചില പെണ്‍കുട്ടികള്‍ സ്വന്തമായി ബിസിനസ് തുടങ്ങി വിജയിച്ച വാര്‍ത്തകളും ഉണ്ടായിരുന്നു. അമലയ്ക്ക് സഹപാഠികളോട് അസൂയയൊന്നുമില്ലായിരുന്നു. അവള്‍ അധികം ദു:ഖിക്കുന്ന കൂട്ടത്തിലുമല്ല.

അംഗീകാരവും സാമ്പത്തികസ്വാതന്ത്രവും മാത്രമല്ല ജിവിതംകൊണ്ട് ഈ ലോകത്ത് ഒരു മുദ്ര പതിപ്പിക്കുന്നതിന്റെ സംതൃപ്തിയാണ് തനിക്ക് ഇല്ലാതെ പോവുന്നതെന്ന് അമല തിരിച്ചറിഞ്ഞു.

അനിയന്റെ വിവാഹം കഴിഞ്ഞപ്പോഴാണ് വില്‍സന്‍ സ്വന്തമായി വീട് വച്ച് മാറാന്‍ തീരുമാനിക്കുന്നത്.

പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞു തിരക്കുകള്‍ കുറഞ്ഞപ്പോള്‍ എളിയില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമലയെ അമ്മായിമ്മ ദു:ഖപൂര്‍വ്വം നോക്കി.

“നിന്നെ കാണുമ്പോള്‍ പണ്ടത്തെ എന്നെ ഓര്‍മ്മ വരുന്നു.”അമ്മായിമ്മയുടെ മുഖത്ത് അതുപറയുമ്പോള്‍ ഒരു നിരാശയായിരുന്നു ഉണ്ടായിരുന്നത്. അമലയ്ക്ക് അവരോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി.

കുറച്ചു ദിവസം പുതിയ വീട്ടില്‍ താമസിച്ചതിനുശേഷം അമ്മായിമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഇടവകപള്ളിയുടെ അരികിലൂടെയുള്ള വഴിയില്‍ വീട്ടിലേക്ക് യാത്ര ചെയ്യവേ റബ്ബര്‍ത്തോട്ടത്തിനിടയിലെ സെമിത്തേരിയിലേക്ക് പാളി നോക്കിയിട്ട് അവര്‍ പറഞ്ഞു.

“വിത്സന്റെ അപ്പന്‍ അവിടെ കിടപ്പുണ്ട്. എല്ലാ ബഹളങ്ങളും കഴിഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ ചെന്ന് കിടക്കണ്ടത് അവിടെയാണ്.”

ജീവിതത്തിന്റെ മധ്യഭാഗത്തെത്തുബോള്‍ ബാക്കി എന്താവും എന്നൊരു ഊഹം മനസ്സ് തരും. പരീക്ഷാഫലം ഏറെക്കുറെ ഊഹിച്ച ആവറേജ് വിദ്യാര്‍ത്ഥിയുടെ തിക്കുമുട്ടല്‍.

അമ്മായിമ്മ പറഞ്ഞ ആ വാചകങ്ങള്‍ അമലയുടെ ഉള്ളില്‍ വല്ലാത്തൊരു ആന്തല്‍ സൃഷ്ടിച്ചു. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കവേ വില്‍സന്‍ എന്തോ ഓര്‍ത്ത്‌ ചിരിച്ചു.

“എന്താ ?” അമല ചോദിച്ചു.“നിനക്ക് അറിയാമോ വീടിന്റെ പ്ലാനില്‍ ഞാന്‍ തിരുത്തല്‍ വരുത്തിയത് മേസ്തിരിക്ക് ഇഷ്ടപെട്ടില്ല. കണക്ക് തെറ്റിയാല്‍ ഗ്രഹനാഥന് ദോഷം ഉണ്ടാകുമെന്ന്. ഞാന്‍ സമ്മതിച്ചില്ല.”

അമലയുടെ മനസ്സില്‍ റബ്ബര്‍ത്തോട്ടത്തിനിടയില്‍ ഇരുള്‍ മൂടിക്കിടക്കുന്ന ആ സെമിത്തേരി ഓര്‍മ്മ വന്നു. വില്‍സന്‍ പറഞ്ഞതിന് മറുപടിയായി അവള്‍ ഒന്ന് ഉദാസീനമായി മൂളുക മാത്രമേ ചെയ്തുള്ളൂ.

“നീയെന്താ ഒന്നും പറയാത്തത് ?” അയാള്‍ അതൃപ്തിയോടെ ചോദിച്ചു.“എന്തായാലും മനുഷ്യന്‍ ഒരു ദിവസം മരിക്കും. ഒരു കണക്ക് അല്‍പ്പം തെറ്റിയെന്നു വച്ച് തട്ടിപ്പോവോന്നുമില്ല.” അവള്‍ പറഞ്ഞു.

വില്‍സണ് അത് ഇഷ്ടപ്പെട്ടില്ല. മേസ്തിരിയെ അനുസരിക്കാഞ്ഞതിനു തന്നെ അവള്‍ വഴക്ക് പറയുമെന്നും തന്റെ ആയുസ്സിനെക്കുറിച്ച് ആകുലപ്പെടുമെന്നും അയാള്‍ രഹസ്യമായി പ്രതീക്ഷിച്ചിരുന്നു.

“നിനക്ക് പുതിയ വീട്ടില്‍ വന്നതിന്റെയാണോ .. ഒരു ചേഞ്ച് ഉണ്ട്.” ഈര്‍ഷ്യ പുറത്തുകാണിക്കാതെ വിത്സണ്‍ അത് പറഞ്ഞെങ്കിലും അവള്‍ക്ക് മനസ്സിലായി.

വിത്സണ്‍ കൂടുതല്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകിടന്നു. വിവാഹനാളുകളിലെ അമലയല്ല ഇപ്പോള്‍ തന്റെയൊപ്പം ഉള്ളതെന്ന കാര്യം വില്‍സണ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

അവളില്‍ നിര്‍വികാരതയുടെ മൂടല്‍മഞ്ഞ് പ്രവേശിച്ചതായി അയാള്‍ക്ക് തോന്നി.പുതിയ വീട്ടില്‍ താമസം തുടങ്ങിയതിനുശേഷം ആദ്യമായി മ ദ്യ പിച്ചു വന്ന ദിവസം അമല ഒരിക്കലും മറക്കില്ല.

“അമലേ “ ഉറക്കെയുള്ള വിളികേട്ടാണ് അവള്‍ പുറത്തു വന്നത്.മുറ്റത്തെ ഇരുട്ടില്‍ വിത്സണ്‍ ആടിയാടി നിന്നു. മുറ്റത്തെ ഇരുട്ടില്‍ അയാള്‍ ഒരു നോക്കുകുത്തി നില്‍ക്കുന്നത് പോലെ തോന്നിച്ചു.

അവള്‍ ഇറങ്ങിച്ചെന്നു ഭര്‍ത്താവിനെ താങ്ങി. സിട്ടൌട്ടിലെ പടിയില്‍ ചവിട്ടിയതും അയാള്‍ ശരദ്ദിക്കാന്‍ തുടങ്ങി.

ഉറക്കെ ശര്‍ദിക്കുന്ന സ്വരം അയല്‍ക്കാര്‍ കേട്ടാല്‍ ഉള്ള മാനക്കേട് ഓര്‍ത്തു അമല അയാളെ അകത്തേക്ക് ബാത്ത്റൂമിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അയാള്‍ കുതറി.

“ഇതാ സ്വന്തമായി ഒരു വീടുള്ളതിന്റെ ഗുണം. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം.” അയാള്‍ കുഴഞ്ഞ സ്വരത്തില്‍ പറഞ്ഞു.

അതിനുശേഷം അയാള്‍ സിറ്റൌട്ടില്‍ത്തന്നെ ശര്‍ദിച്ചു. പകല്‍ മുഴുവന്‍ തറ തുടയ്ക്കലും അടുക്കള ക്ലീനിംഗും കഴിഞ്ഞു തളര്‍ന്നിരീക്കുകയായിരുന്ന അമലയ്ക്ക് അത് കണ്ടു രോഷം അടക്കാനായില്ല.

ഭര്‍ത്താവിനെ സിറ്റൌട്ടില്‍ ഉപേക്ഷിച്ചു അവള്‍ മുറിയില്‍ കയറി കതകടച്ചു.
അടച്ചിട്ട മുറിയില്‍ കട്ടിലില്‍ ഒന്നും അറിയാതെ കിടന്നുറങ്ങുന്ന കുട്ടിയുടെ അരികില്‍ ഒരു കസേര വലിച്ചിട്ടിരിക്കുമ്പോള്‍ അമലയുടെ മനസ്സില്‍ ദു:ഖം നിറഞ്ഞു.

അതുവരെ തന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ദു:ഖമായിരുന്നു അത്. വില്‍സന്‍ കുടിച്ചിട്ട് വന്നതല്ല തന്റെ ദു:ഖത്തിന്റെ കാരണം. തനിക്ക് വില്‍സനോടുള്ള സ്നേഹം കുറഞ്ഞിരിക്കുന്നു.

അയാള്‍ക്ക് തന്നോടും. സ്നേഹം ഒരിക്കലും കുറയില്ല ,പകരം തടാകത്തിലെ ജലം പോലെ സ്ഥിരതയാര്‍ന്ന ഒന്നാണ് എന്ന് വിചാരിക്കുന്ന മനുഷ്യരുടെ സ്ഥിരം തെറ്റിദ്ധാരണ അമലയ്ക്കും ഉണ്ടായിരുന്നു.

എന്നാല്‍ ഓട്ട വീണ സ്പടികഗ്ലാസില്‍നിന്ന് വെള്ളം വാര്‍ന്നു പോകുന്നത് പോലെ സ്നേഹവും ചിലപ്പോള്‍ അപ്രത്യക്ഷമാകും.

അമല കട്ടിലില്‍ കിടന്നുറങ്ങുന്ന മോളെ സഹതാപത്തോടെ നോക്കി. തന്റെ മോളെയും താന്‍ ഈ തെറ്റിദ്ധാരണ പഠിപ്പിക്കുകയാണ്. നാളെ അവളും തന്നെ വിട്ടുപോകും. അവളെ കാണാതിരിക്കുമ്പോള്‍ താന്‍ ഇത് തന്നെ വീണ്ടും ചിന്തിക്കും.

അവള്‍ എഴുന്നേറ്റു സിറ്റൌട്ടില്‍ ചെന്നു. വില്‍സനെ തറയില്‍ കിടന്നുറങ്ങുകയായിരുന്നു. അവള്‍ മെല്ലെ അയാളെ താങ്ങി എഴുന്നേല്‍പ്പിച്ചു അകത്തേക്ക് നടത്തി. അവളുടെ തോളില്‍ ചാരി ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ വില്‍സന്‍ പിറുപിറുത്തു.

“മേസ്ത്രി എന്നോട് പറയുകയാ എനിക്കിവിടെ അധികം താമസിക്കാന്‍ യോഗമില്ലെന്ന്. പി. എഫില്‍ കിടന്ന പൈസയും ബാങ്ക് ലോണും എടുത്തു വീട് കെട്ടിയ എന്നോട് അവന്‍ പറയുവാ.. യോഗമില്ലെന്ന്. നാറി .”

അവള്‍ വില്‍സനെ കുളിപ്പിച്ചു. കട്ടിലില്‍ കിടന്നതും അയാള്‍ വെട്ടിയിട്ടത് പോലെ ഉറക്കമായി. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ അയാളുടെ മുഖത്ത് കുറ്റബോധമുണ്ടായിരുന്നു. എങ്കിലും അന്ന് സന്ധ്യക്ക് അവള്‍ മുറ്റത്ത്‌ നിന്ന് വില്‍സന്റെ അതേ വിളി കേട്ടു.

“എടി അമലേ…”കാറ്റത്ത്‌ ആടുന്ന നോക്കുകുത്തിയെ പോലെ അയാള്‍.ആ ദിവസങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

വില്‍സന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴെ കുടി തുടങ്ങും.ഒരു ആട്ടോറിക്ഷയിലാക്കി അയാള്‍ ഓഫിസിലേക്കുള്ള പോക്കും വരവും. പല ദിവസവും അയാള്‍ ഓഫിസില്‍ പോകാതെ ബാറിലും കൂട്ടുകാരുടെ സങ്കേതങ്ങളിലും പോയി മദ്യപിച്ചു.

ദുര്‍വിധി എന്ന കൊക്കയിലേക്കുള്ള വഴുക്കുന്ന കാട്ടുപാതയാണ് ദുശ്ശീലം. അറ്റമില്ലാത്ത കുഴിയിലേക്ക് ഒന്ന് വഴുതിയാല്‍ പിന്നെ തിരിച്ചു കയറാന്‍ കഴിയില്ല. തലച്ചോറിലെ കോശങ്ങളില്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്ത തലവര അത് എഴുതിയിടും.

ഒരു ദിവസം ഒരു അപരിചിതന്‍ അമലയുടെ വീട്ടില്‍ വന്നു. അയാള്‍ ഒരു കവര്‍ അവളെ ഏല്‍പ്പിച്ചു. അയാള്‍ വില്‍സന്റെ ഓഫിസിലെ സഹപ്രവര്‍ത്തകനായിരുന്നു.

“വിത്സണ്‍ ആഫിസില്‍ വന്നിട്ട് ദിവസങ്ങളായി. വരുന്ന ദിവസങ്ങളില്‍ മ ദ്യപാനവും.”

വില്‍സനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള ഓഫിസ് മേധാവിയുടെ കത്തിന്റെ പകര്‍പ്പായിരുന്നു അയാള്‍ കൊണ്ടുവന്നത്.

“മൂന്നു തവണ വാണിംഗ് കൊടുത്തതാണ്. അടുത്ത ദിവസം മേലാപ്പീസില്‍ പോയി വല്ല മാപ്പെഴുതി കൊടുത്താല്‍ ശിക്ഷ കുറച്ചു കിട്ടാന്‍ സാധ്യതയുണ്ട്.” അയാള്‍ പറഞ്ഞു.

അമല ഒന്നും മിണ്ടാതെ മരവിച്ചിരുന്നു.
വില്‍സണ്‍ വരട്ടെ. സംസാരിക്കണം. മോളെയും കെട്ടിപ്പിടിച്ചു അമല ഭര്‍ത്താവിനെയും കാത്തിരുന്നു.
അന്ന് അയാള്‍ വന്നില്ല. ചില ദിവസങ്ങളില്‍ അങ്ങിനെയാണ്. വിളിച്ചാല്‍ ഫോണും എടുക്കില്ല.

പിറ്റേന്ന് മറ്റൊരു അപരിചിതന്‍ അമലയുടെ വീട്ടില്‍ എത്തി. വീട് പണിയുന്നതിനു വേണ്ടി ലോണ്‍ എടുത്ത ബാങ്കില്‍ നിന്നാണ്. ജപ്തി നോട്ടീസ്.

മാസങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ട്.
അന്നും വില്‍സണ്‍ വന്നില്ല.
സംഭവരഹിതമായി ഒരു നേര്‍രേഖയില്‍ അവസാനിക്കാനിരുന്ന തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നു എന്ന് അമലയുടെ മനസ്സു മുന്നറിയിപ്പ് നല്‍കി.

വില്‍സനെ കാണാനില്ലെന്ന വിവരം അമല ബന്ധുക്കളെ അറിയിച്ചു. പോലീസിനെയും. മൂന്നാം ദിവസം ഒരു അപരിചിതന്‍ കൂടി അമലയെ കാണാനെത്തി.

പാലത്തിന്റെ കൈവരിയില്‍ വച്ചിരിക്കുന്ന പഴ്സും വാച്ചുമാണ് അയാള്‍ ആദ്യം കണ്ടത്.

ദൂരെ അസ്തമനവെളിച്ചത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ തയ്യാര്‍ എടുക്കുന്ന വില്‍സന്‍. അപരിചിതന്‍ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അമലയുടെ മുഖത്ത് നിര്‍വികാരതയായിരുന്നു.

“ഞാനോടിച്ചെന്നു പിടിച്ചു മാറ്റി. എന്നെ കുറെ തെറി പറഞ്ഞു. ഇപ്പൊ ആശുപത്രിയിലൊണ്ട്.”

അതിനുശേഷം കുറെ നാളത്തെക്ക് അമലയെ അപരിചിതര്‍ സന്ദര്‍ശിച്ചില്ല.മദ്യത്തിന് അടിമയായി ഏകദേശം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വില്‍സണ്‍ അയാളുടെ പ്രേതത്തെ പോലെ തോന്നിച്ചു.

മ ദ്യം കരളിന്റെ പ്രവര്‍ത്തനത്തിനെ ബാധിച്ചു. ചികിത്സക്കും മറ്റുമായി ദീര്‍ഘനാളത്തെ അവധി. സാമ്പത്തിക ബുദ്ധിമുട്ട് കഠിനമായതോടെ അമല ജോലിക്ക് പോയിത്തുടങ്ങി.

മെല്ലെ അവള്‍ ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങി. പത്താം ക്ലാസിലെയും പ്ലസ്ടൂവിലെയും കുട്ടികള്‍ക്ക് കണക്കിനും സയന്‍സിനും ട്യൂഷന്‍.
ചുറ്റും ദുരിതം പെരുകിയപ്പോഴും അമലയുടെ മനസ്സു ശാന്തമായിരുന്നു.

ജീവിതത്തിനു അവളിപ്പോ ഒരു അര്‍ത്ഥം കണ്ടെത്തിയിരിക്കുന്നു. ഭര്‍ത്താവിന്റെ ചികിത്സ ,വീടിന്റെ ലോണ്‍ ,മോളുടെ പഠനച്ചെലവ്‌ ,വീട് നടത്തിപ്പ് ,വിത്സണ്‍ വരുത്തിവച്ച കടങ്ങള്‍ വീട്ടല്‍ …

അവള്‍ക്ക് ഒരു നിമിഷം വെറുതെ കളയാനില്ലായിരുന്നു. പരാതി പറയാന്‍ നിന്നാല്‍ ,ദു:ഖത്തിനു വേണ്ടി മനസ്സിനെ അയച്ചുവിടാന്‍ നിന്നാല്‍ തകരുന്നത് തന്റെ ജീവിതമാവുമെന്നു അവള്‍ മനസ്സിലാക്കി.

പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും സഹതാപം പിടിച്ചു പറ്റുന്നത് കൊണ്ട് പ്രയോജനമില്ലെന്നും അവള്‍ക്ക് അറിയാമായിരുന്നു. മനസ്സിന്റെ പുറംതോടില്‍ വിഷാദം തളംകെട്ടിയിരുന്നെങ്കിലും ,ഉള്ളിന്റെ ഉള്ളില്‍ ജീവിതത്തിലൊരു പുതിയ ദൗത്യം ലഭിച്ചതിന്റെ ആവേശമുണ്ടായിരുന്നു.

സ്കൂളില്‍ തന്റെയൊപ്പം പഠിച്ച ആശാലക്ഷ്മിയായിരുന്നു അവളുടെ മാതൃക..ആശാലക്ഷ്മിയുടെ ഭര്‍ത്താവും മ ദ്യത്തിനു അടിമയായി ബിസിനസ് നശിപ്പിച്ചു. അയാള്‍ക്ക് ഒരു വര്‍ക്ക്ഷോപ്പ്‌ ഉണ്ടായിരുന്നു.

എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് ബിസിനസ് ഏറ്റെടുത്ത ആശ അത് നല്ല രീതിയില്‍ കൊണ്ടുപോയി. ഭര്‍ത്താവ് മരിച്ചെങ്കിലും അവള്‍ അയാളുടെ കടങ്ങള്‍ എല്ലാം വീട്ടി. ഇപ്പോള്‍ വര്‍ക്ക്ഷോപ്പ് കൂടാതെ നഗരത്തില്‍ ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പും അവള്‍ക്ക് സ്വന്തമായുണ്ട്.

വിജയിച്ച സ്ത്രീകളെക്കുറിച്ച് ഒരു വനിതാ മാസികയില്‍ പ്രസിദ്ധികരിച്ച പരമ്പരയില്‍ ആശയുമായുള്ള അഭിമുഖം വന്നിരുന്നു .പഠിക്കുന്ന കാലത്തു കണക്കില്‍ പുറകോട്ടായിരുന്ന ആശയെ പലപ്പോഴും സഹായിച്ചത് അമലയായിരുന്നു.

എങ്കിലും ജീവിത പരീക്ഷയില്‍ തന്നെക്കാള്‍ വളരെ മുന്‍പിലാണ് ആശയിപ്പോള്‍. ഇടയ്ക്ക് കാലിടറുന്നു എന്ന് തോന്നലുണ്ടാകുമ്പോള്‍ അവള്‍ ആശയുമായി സംസാരിക്കും. അത് അവള്‍ക്ക് ധൈര്യം പകരും.

“അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് പകരം ജോലി കിട്ടില്ലേ ?” ഒരുപ്രാവശ്യം സംസാരിക്കുന്നതിനിടെ ആശ ചോദിച്ചു.

ആ ചോദ്യത്തില്‍ അമല ഒന്ന് പിടഞ്ഞു. അങ്ങിനെയൊരു സാധ്യതയെക്കുറിച്ച് അമല ആലോചിച്ചിരുന്നു . ഒരു തവണയല്ല പല തവണ. അകാരണമായ ഒരു കുറ്റബോധം അവളുടെ അന്തരംഗത്തില്‍ വിങ്ങി.

“നിനക്ക് ഒരു മോളാണ്. നിനക്ക് നല്ല വിദ്യാഭാസവുമുണ്ട്. നല്ല ശമ്പളവും പെന്‍ഷന്‍ കിട്ടുന്ന ജോലിയും ഉണ്ടെങ്കില്‍ ജീവിതത്തിനു ഒരു സെക്യൂരിറ്റി വരും.

പാതി പ്രശ്നങ്ങള്‍ അപ്പൊ തന്നെ തീരും. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍…. സംഭവിക്കുമെന്നല്ല പറഞ്ഞത്.. സംഭവിച്ചാല്‍ നീ ഈ ട്യൂഷനും മറ്റും കളഞ്ഞു ആ ജോലിക്ക് പോകണം.’

“ഞാന്‍ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. ചിന്തിക്കാന്‍ ഭയമാണ്.”“ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ സ്ത്രീകള്‍ വെള്ളം പോലെയാവണം. ഏതു പാത്രത്തിലൊഴിച്ചാലും അതിന്റെ

ആകൃതിക്കൊപ്പം നിറഞ്ഞു കിടക്കുന്ന വെള്ളം. എന്ത് സാഹചര്യവും പ്രതിസന്ധിയുമായിക്കോട്ടേ ,ആ സാഹചര്യങ്ങള്‍ക്ക് നമ്മളെ ഉള്‍ക്കൊള്ളാന്‍ കഴിയണം.”

ആശ പറഞ്ഞു നിര്‍ത്തി. അമല അതിനു മറുപടി പറഞില്ല. പിന്നീടൊരിക്കലും അവര്‍ അതിനെക്കുറിച്ച് സംസാരിച്ചില്ല.

ഡി അഡിക്ഷന്‍ സെന്ററില്‍ മൂന്നു മാസത്തോളം കഴിഞ്ഞതിനുശേഷം വില്‍സന്‍ തിരിച്ചു വന്ന രാത്രി. തീന്‍ മേശയുടെ മൂലയില്‍ അത്താഴത്തിനായി കാത്തിരിക്കുകയാണ് വില്‍സന്‍. വളര്‍ന്നു കയറിയ താടി. ഓജസ്സ് നശിച്ച കണ്ണുകള്‍.

മേശയ്ക്ക് മുകളില്‍ കൈകള്‍ പിണച്ചു വച്ച് അയാള്‍ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ദൂരെ എവിടെയോ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഗാനമേളയുടെ ശബ്ദശകലങ്ങള്‍ കേള്‍ക്കാം.

അവള്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ഓരോ പ്ലേറ്റിലാക്കി അയാളുടെ മുന്‍പില്‍ കൊണ്ടുവന്നു വച്ചു. അയാള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണ്. പക്ഷേ പകലത്തെ ട്യൂഷനെടുപ്പും വീട്ടു ജോലിയും കൂടി അവളെ വല്ലാതെ ക്ഷീണിതയാക്കിയിരുന്നു.

“ഒട്ടും വയ്യായിരുന്നു. നാളെ എന്തേലും ഉണ്ടാക്കാം.” അവള്‍ പറഞ്ഞു.“ഉം.” അയാള്‍ ഒന്ന് മൂളി. പിന്നെ ഒരു തടവുപുള്ളിയെ പോലെ യാന്ത്രികമായി ചപ്പാത്തി കീറി മുറിച്ചു തിന്നാന്‍ തുടങ്ങി.

കല്യാണത്തിന് കറുത്ത കോട്ടും തിളങ്ങുന്ന ചുവന്ന ടൈയും അണിഞ്ഞു നിന്ന വില്‍സനെ അവള്‍ ഓര്‍ത്തു. ഏറെക്കാലം തന്റെ മൊബൈലിന്റെ വാള്‍പേപ്പര്‍ ആയിരുന്നു അത് .പിന്നെ എപ്പോഴോ അത് മോളുടെ ചിത്രമായി…
അവളുടെ കണ്ണ് നിറഞ്ഞു.

“നമുക്ക് മൂന്നുപേര്‍ക്കും ഒരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ എടുക്കണം.” അവള്‍ പറഞ്ഞു.“ഉം.”

അവള്‍ വിത്സണ്‍ കഴിക്കുന്നത്‌ നോക്കിയിരുന്നു. മ ദ്യപാനം നിര്‍ത്തിയാല്‍ നാവിന്റെ രുചിയും വിശപ്പും തിരിച്ചു വരുമെന്ന് അവള്‍ കേട്ടിരുന്നു.

“രുചിയുണ്ടോ ?”“കുഴപ്പമില്ല.”അയാള്‍ എന്തോആലോചനയില്‍ മുഴുകിയാണ് കഴിച്ചത് .ഇടയ്ക്ക് മുന്നിലിരിക്കുന്ന വെള്ളം നിറച്ച ഗ്ലാസിലേക്ക് അയാള്‍ നോക്കാതിരിക്കാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്ക് തോന്നി. വല്ലാത്തൊരു സഹതാപം അവളുടെ ഉള്ളില്‍ നിറഞ്ഞു.

“ഇപ്പൊ..ഇപ്പൊ മ ദ്യം കഴിക്കാന്‍ തോന്നുന്നുണ്ടോ ?” അവള്‍ മടിച്ചു മടിച്ചു ചോദിച്ചു.“ഇല്ല…എങ്ങിനെയെങ്കിലും അതൊന്നു മനസ്സില്‍ നിന്ന് പോകട്ടെ.” അയാള്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ അമലയ്ക്ക് സന്തോഷം തോന്നേണ്ടതായിരുന്നു. എന്നാല്‍ അവള്‍ക്ക് ഒരുതരം ശൂന്യതയാണ് തോന്നിയത്. ഒറ്റവലിക്ക് ഗ്ലാസിലെ വെള്ളം കുടിച്ചശേഷം അയാള്‍ ഗ്ലാസ് മാറ്റിവച്ചു.

ആ നിമിഷം അയാളുടെ കണ്ണില്‍ ആസക്തിയുടെ മിന്നല്‍ പൊലിഞ്ഞുമറയുന്നത് അമല കണ്ടു.
അവള്‍ പൊടുന്നനെ അകത്തെ മുറിയിലേക്ക് ചെന്നു. അലമാരയില്‍ അവശേഷിച്ച കുപ്പി എടുത്തുകൊണ്ടുവന്നു.

വിത്സണ്‍ അമ്പരന്നു അവളെ നോക്കി .
അവള്‍ ഗ്ലാസിലേക്ക് മ ദ്യം പകര്‍ന്നു.“വില്‍സന്റെ മുഖം കണ്ടിട്ട് വല്ലാത്ത സങ്കടമാകുന്നു. രണ്ടു പെഗ് കൂടി കഴിച്ചോ. എന്നിട്ട് ഈ കുപ്പി പൊട്ടിച്ചു കളയാം. മദ്യത്തെ പേടിക്കണ്ട. അങ്ങിനെ പേടിച്ചാല്‍ ശരിയാകില്ലല്ലോ.” അവള്‍ പറഞ്ഞു.

വില്‍സന്‍ അവളെ ഒരു നിമിഷം സംശയത്തോടെ നോക്കി. അവള്‍ ഗ്ലാസ് അയാളുടെ മുന്നിലേക്ക് നീക്കി വച്ചു.

മടിച്ചു മടിച്ചു വിത്സണ്‍ ഗ്ലാസ് എടുത്തു. പിന്നെ ഒറ്റ വലിക്ക് കുടിച്ചു. ഒരു നിമിഷം അയാളുടെ മുഖം ഒരു മൃഗത്തിന്റെ പോലെ വക്രിച്ചു. അവള്‍ക്ക് തടയാന്‍ കഴിയുന്നതിനു മുന്‍പ് അയാള്‍ അമലയുടെ കയ്യില്‍ നിന്ന് കുപ്പി പിടിച്ചു വാങ്ങി മടമടാ കുടിച്ചു.

“നീ പറഞ്ഞതാ ശരി. ഇതിനെ പേടിച്ചിട്ട് കാര്യമില്ല.” അയാള്‍ മദ്യക്കുപ്പിയെ നോക്കി പല്ലിളിച്ചു കൊണ്ട് പറഞ്ഞു.

“വില്‍സണ് ഒന്നിനെയും പേടിയില്ല.” അയാള്‍ പിറുപിറുത്തു കൊണ്ട് കുളിമുറിയിലേക്ക് ആടിയാടി നീങ്ങുന്നത്‌ അമല നോക്കിയിരുന്നു.

അമല മേശയിലിരുന്ന പാത്രങ്ങള്‍ എടുത്തു അടുക്കളയിലേക്ക് പോയി. പാത്രങ്ങള്‍ കഴുകി. ഒരു കാപ്പിയിട്ടു. ഇതിനിടയ്ക്ക് അവള്‍ തീന്‍ മുറിയിലേക്ക് പാളി നോക്കുന്നുണ്ടായിരുന്നു.

വില്‍സന്‍ വീണ്ടും കുടിക്കാന്‍ തുടങ്ങിയോ? ഇല്ല. അയാള്‍ ബാത്ത് റൂമില്‍നിന്ന് ഇറങ്ങിയിട്ടില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ അമല ഒരു ഞരക്കം കേട്ടു. അവള്‍ ബാത്ത്റൂമിനരികിലെക്ക് ഓടിച്ചെന്നു. പാതിതുറന്ന വാതിലിനപ്പുറം തറയില്‍ വീണുകിടക്കുന്ന വില്‍സന്‍.

അയാളുടെ തല പൊട്ടി ചോരയൊഴുകുന്നുണ്ടായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട്‌ വില്‍സനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.

“സാരമില്ല.” മുറിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.കണ്ണുകള്‍ മുകളിലേക്ക് മറിയുന്നത് വരെ വില്‍സന്‍ ഭാര്യയെ സാകൂതം നോക്കികിടന്നു. എന്തായിരുന്നു വില്‍സന്റെ നോട്ടത്തില്‍ ഉണ്ടായിരുന്നത് ?

വില്‍സന്‍ മരിച്ചശേഷം ഓരോ രാത്രിയിലും അമല ആ നോട്ടം ഓര്‍ത്തെടുക്കും.വില്‍സന്‍ തന്റെ മനസ്സിലേക്കായിരുന്നോ നോക്കിയത് ?തന്റെ ഉള്ളിലെ മരുഭൂമിയില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റബോധത്തിന്റെ കള്ളിമുള്‍ച്ചെടികളാണോ അയാള്‍ കണ്ടെത്തിയത് ?

വില്‍സന്‍ മരിച്ച ഒഴിവില്‍ ഭാര്യയെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ച ആശ്രിതനിയമന ഉത്തരവ് ഓഫിസ് മേധാവിക്ക് കൈമാറിയശേഷം അവള്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടു.

അമലയുടെ കൈ വിറച്ചില്ല. പത്തിരുപതു വര്‍ഷത്തെ സര്‍വീസ് കിട്ടും. മോളെ നന്നായി പഠിപ്പിച്ചു വലുതാക്കണം. സമാധാനമായി ജീവിക്കണം.

“വില്‍സന്റെ സീറ്റ് തന്നെയാണ് അമലയ്ക്കും .”എല്ലാവരുമായി പരിചയപെട്ടു കഴിഞ്ഞശേഷം സൂപ്രണ്ട് അവള്‍ക്ക് ഇരിപ്പിടം കാണിച്ചുകൊടുത്തു.

പ്യൂണ്‍ ഫയലുകള്‍ അവളുടെ ടേബിളില്‍ കൊണ്ടുവന്നു വച്ചു. വിത്സണ്‍ വര്‍ഷങ്ങള്‍ ഉപയോഗിച്ച ടേബിള്‍ .നീല മത്സ്യങ്ങള്‍ നീന്തുന്ന സ്ഫടികഗോളമാണ് പേപ്പര്‍ വെയിറ്റ്.

പെന്‍ഹോള്‍ഡര്‍. ചുവന്ന മേശവിരിക്ക് മുകളില്‍ ഗ്ലാസ് പാനലിനു കീഴില്‍ യേശുവിന്റെ ക്രൂശിതരൂപം. അതിനടുത്തു തന്റെയും മോള്‍ടെയും ഫോട്ടോ.

തനിക്ക് പരിചയമില്ലാതിരുന്ന ഏതോ ഒരു വില്‍സനായിരുന്നു ഈ ഓഫിസില്‍ ജോലിചെയ്തിരുന്നതെന്ന് അവള്‍ക്ക് തോന്നിപ്പോയി.

പൂട്ടിയിട്ടിരുന്ന ടേബിള്‍ ഡ്രോവര്‍ താക്കോലിട്ടു തുറന്നു. പൊടിപിടിച്ച കുറച്ചു ഫയലുകള്‍. ഒരു ചെറിയ ബൈബിള്‍. എല്ലാത്തിനും കീഴില്‍ ഒരു ചെറിയ ഡയറി. അവളത് മെല്ലെ തുറന്നു.

“എനിക്ക് കുടി നിര്‍ത്തണം.”എനിക്ക് കുടി നിര്‍ത്തണം.”ആദ്യത്തെ കുറച്ചു പേജുകള്‍ നിറച്ചെഴുതിയിരിക്കുന്നത് ഒരേ ഒരു വാചകം മാത്രം.. പിന്നെ താളുകള്‍ ശൂന്യമായി കിടക്കുന്നു. ഏറ്റവും ഒടുവിലത്തെ പേജില്‍ മൂന്ന് വാചകങ്ങള്‍..

“എനിക്ക് കഴിയുന്നില്ല. ഞാന്‍ മരിച്ചാല്‍ അമലയ്ക്ക് ജോലി കിട്ടും. അവളും മോളുമെങ്കിലും രക്ഷപെടും. ദൈവമെ എന്നെ വിളിച്ചു അവരെ രക്ഷിക്കണേ…””
അവള്‍ ഡയറി ഡ്രോയറില്‍ത്തന്നെ വച്ചു വലിച്ചടച്ചു.

അവളുടെ കണ്ണില്‍ നീര്‍ നിറഞ്ഞു.
കരയരുത് .സ്പടികഗോളത്തിലെ നീല മത്സ്യങ്ങള്‍ അവളോട്‌ പറയുന്നത് പോലെ തോന്നി.

ഏതു പാത്രത്തിലൊഴിച്ചാലും അതിന്റെ ആകൃതിക്കൊപ്പം നിറഞ്ഞു കിടക്കുന്ന വെള്ളം .ആശയുടെ വാക്കുകള്‍ അവളുടെ കാതില്‍ വീണ്ടും മുഴങ്ങി.

കണ്ണ് തുടച്ചു അവള്‍ ഫയല്‍ വേഗം തുറന്നു ജോലി തുടങ്ങി. പെട്ടെന്ന് എന്തോ ഓര്‍മ്മവന്നത് പോലെ അവള്‍ ജോലി ഒരു നിമിഷം നിര്‍ത്തി.

ഹാന്‍ഡ് ബാഗ് തുറന്നു വില്‍സന്റെ ഒരു ഫോട്ടോ എടുത്തു ഗ്ലാസ് പാനലിന്റെയുള്ളില്‍ അയാള്‍ വച്ചിരുന്ന തന്റെയും മോളുടെയും ചിത്രങ്ങള്‍ക്ക് നടുവില്‍ വച്ചു. മൊബൈലില്‍ അതിന്റെ ഫോട്ടോ എടുത്തു വാള്‍പേപ്പറാക്കി.

തങ്ങള്‍ മൂന്നു പേരും ഒരുമിച്ചുള്ള ഒരു ഫോട്ടോ.ഒരു നിമിഷം അത് നോക്കിയിരുന്നപ്പോള്‍ അവളുടെ ഉള്ളില്‍ എവിടെനിന്നോ സമാധാനം നിറഞ്ഞു. അമല വീണ്ടും ഫയല്‍ നോക്കാന്‍ തുടങ്ങുകയാണ്. അവള്‍ക്ക് ഒരു നിമിഷം കളയാനില്ല.

Leave a Reply

Your email address will not be published. Required fields are marked *