ദൈവം തുണ
(രചന: അനാമിക)
” വിശ്വേട്ടാ എവിടേക്കാ..? “” നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലേ സുമേ എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ പിന്നിൽനിന്ന് വിളിക്കരുതെന്ന്..? ”
അസ്വസ്ഥതയോടെ വിശ്വൻ തല കുടഞ്ഞു. അബദ്ധം പിണഞ്ഞത് പോലെ സുമ നാവ് കടിച്ചു.
” അല്ലെങ്കിലും നിനക്ക് ഈ വക കാര്യങ്ങളിൽ ഒന്നും ശ്രദ്ധ ഇല്ലല്ലോ.. കുടുംബത്ത് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇതൊക്കെ ശ്രദ്ധിക്കേണ്ട ആളുകൾ. ഇവിടെ ഒരുത്തിക്ക് മാത്രം വല്ലാത്തൊരു പുരോഗമനവാദം.. ”
പുച്ഛത്തോടെ വിശ്വൻ പറഞ്ഞു നിർത്തി. സുമയ്ക്ക് വല്ലാത്ത വേദന തോന്നി. പക്ഷേ അത് പ്രകടമാക്കാൻ അവർക്ക് കഴിഞ്ഞില്ല.
” അല്ല ഇപ്പോൾ തമ്പുരാട്ടി എന്തിനാണാവോ അത്യാവശ്യമായി എന്നെ പിന്നിൽ നിന്ന് വിളിച്ചത്..? ”
പരിഹാസത്തോടെ വിശ്വൻ തിരക്കി.” അത് പിന്നെ.. മോൾക്ക് ഇന്ന് കോളേജിൽ അഡ്മിഷൻ അല്ലേ..? ”
വിക്കി വിക്കി സുമ കാര്യം അവതരിപ്പിച്ചു.” മോളോ..ഏതു മോള്…? “സംശയത്തോടെ അയാൾ ചോദിച്ചു.സുമയുടെ നെഞ്ചു വിങ്ങി.
” നമ്മുടെ മോള്… ആമി…”കരച്ചിലടക്കി കൊണ്ട് അവർ പറഞ്ഞു.” എനിക്ക് അങ്ങനെ ഒരു മകൾ ഇല്ല.. അത് നിന്റെ മാത്രം മകളാണ്… ”
അയാൾ ക്രൂരമായി പറഞ്ഞു.” നിങ്ങൾ എന്തിനാ വിശ്വേട്ടാ ഇത്രയും ക്രൂരമായി ചിന്തിക്കുന്നത്..? അവൾ നമ്മുടെ മോളല്ലേ..?”
ദയനീയമായി ആ അമ്മ ചോദിച്ചു.” ഞാൻ പറഞ്ഞു കഴിഞ്ഞു എനിക്ക് പെൺകുഞ്ഞുങ്ങൾ ഒന്നും ഇല്ലെന്ന്.. എനിക്ക് ആകെ ഒരു മകനേ ഉള്ളൂ… ”
അയാൾ ആവർത്തിച്ചു.” അപ്പോൾ പിന്നെ ആമി ആരാ..? “അവർ കല്ലിച്ച മുഖഭാവത്തോടെ ചോദിച്ചു.” അത് എനിക്ക് എങ്ങനെ അറിയാം..? ”
പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി. ആ നിമിഷം ആ അമ്മയുടെ മനസിലൂടെ പല കാര്യങ്ങളും മിന്നിമറഞ്ഞു.
ഊറിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവർ മെല്ലെ അകത്തേക്ക് നടന്നു. പക്ഷേ തൊട്ടു മുന്നിൽ നിന്ന രൂപത്തെ കണ്ടു അവർ ഒന്ന് പരിഭ്രമിച്ചു.
” എന്താ മോളെ…? നീ എന്താ ഇങ്ങനെ നിൽക്കുന്നത്..? “സ്വരത്തിൽ സ്വഭാവികത വരുത്താൻ ശ്രമിച്ചു കൊണ്ട് അവർ ചോദിച്ചു.
” അച്ഛന് എന്താ അമ്മ എന്നെ ഇഷ്ടമല്ലാത്തത്..? “വേദനയോടെയുള്ള ആ മകളുടെ ചോദ്യത്തിനുമുന്നിൽ ആ അമ്മയും ഉലഞ്ഞു പോയി.
” ആരാ പറഞ്ഞത് അച്ഛന് മോളെ ഇഷ്ടമല്ല എന്ന്..? “” ആര് പറയണം..? ചെറുപ്പം മുതൽ ഞാൻ അനുഭവിക്കുന്നതല്ലേ അവഗണന..? അതിന്റെ കാരണം എന്താണെന്ന് മാത്രമാണ് എനിക്ക് അറിയാത്തത്..
ഞാൻ കറുത്ത് പോയത് കൊണ്ടാണോ..? അത് എന്റെ തെറ്റാണോ അമ്മ..? അച്ഛന്റെ അമ്മ കറുത്തിട്ട് ആണല്ലോ.. അച്ഛന് അച്ഛമ്മയോട് ഇഷ്ടക്കേട് ഒന്നുമില്ലല്ലോ.. ”
അവളുടെ വാക്കുകൾ ഓരോന്നും ആ അമ്മയുടെ നെഞ്ചിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. അവളോട് പറയാൻ മറുപടിയൊന്നും അവർക്കുണ്ടായിരുന്നില്ല..
” മോള് അതൊന്നും ആലോചിക്കേണ്ട. അച്ഛന്റെ സ്വഭാവം ഒക്കെ മാറും.. “അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
” എന്റെ കോളേജിൽ പോക്കിനെ കുറിച്ച് ഇനി ആലോചിക്കേണ്ട അല്ലേ..? അച്ഛൻ അതിന് പണം മുടക്കില്ലല്ലോ..? ”
അങ്ങേയറ്റം വേദനയോടെ ആ മകൾ ചോദിച്ചു. അവൾക്ക് കൊടുക്കാൻ തക്ക മറുപടി അമ്മയുടെ പക്കൽ ഇല്ലായിരുന്നു എന്നാണ് സത്യം.” എന്തെങ്കിലും ഒരു വഴി മുന്നിൽ തെളിയാതെ ഇരിക്കില്ല മോളെ.. ”
അമ്മ അവൾക്ക് ആശ്വാസമായി. കൂടുതൽ സമയം അവൾക്കു മുന്നിൽ നിന്നാൽ ചോദ്യങ്ങൾ കൊണ്ട് അവൾ തന്നെ വീർപ്പുമുട്ടിക്കും എന്ന് അമ്മയ്ക്ക് തോന്നി. അതുകൊണ്ട് അവർ വേഗം അകത്തേക്ക് നടന്നു.
അടുക്കളയിൽ ഓരോ ജോലികളിൽ മുഴുകിയപ്പോഴും അവരുടെ ചിന്തകൾ മകൾ ചോദിച്ച ചോദ്യത്തിന് പിന്നാലെയായിരുന്നു.
എന്തുകൊണ്ടാണ് അവളുടെ അച്ഛന് അവൾ അനിഷ്ടമായത് എന്ന്.. അവരുടെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് ചേക്കേറുകയായിരുന്നു.
വിശ്വനാഥൻ. കാവുമ്പാട്ടെ പിന്തുടർച്ചാവകാശി. ജ്യോതിഷത്തിലും ജാതകത്തിലും ഒക്കെ വളരെയധികം വിശ്വാസമുള്ളവരാണ് കാവുമ്പാട്ടുകാർ.
നാളും നക്ഷത്രവും ഒക്കെ നോക്കി വിശ്വനാഥന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് സുമ.
അവരുടെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോയി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ സുമയെ വിശ്വനാഥൻ വളരെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു.
ദിവസങ്ങൾ മാസങ്ങൾക്കു പിന്നീട് വർഷങ്ങൾക്കും വഴിമാറി. പക്ഷേ അവരുടെ ദാമ്പത്യ വല്ലരി പുഷ്പിച്ചില്ല. അതോടെ പല ഭാഗത്തുനിന്നും മുറുമുറുപ്പുകൾ ഉണ്ടായി. ആദ്യമൊക്കെ വിശ്വനാഥൻ അത് കാര്യമാക്കിയില്ല.
സുമയെ തന്നോട് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ അയാൾ എപ്പോഴും ശ്രമിച്ചു. പക്ഷെ,പോകെപ്പോകെ കാര്യങ്ങൾ മാറി. അയാൾ സുമയെ കുറ്റപ്പെടുത്താൻ തുടങ്ങി.
അവളുടെ കുഴപ്പം കൊണ്ടാണ് കുട്ടികൾ ഉണ്ടാകാത്തത് എന്ന് അയാൾ സ്ഥാപിച്ചു. അയാൾക്ക് കൂട്ടായി കുടുംബക്കാരും ഉണ്ടായിരുന്നു. അതോടെ ആ തറവാട്ടിൽ സുമ ഒറ്റപ്പെട്ടു.
അവിടുത്തെ ജീവിതം ദുരിതം ആയപ്പോൾ അവർ ദൈവത്തിൽ അഭയം തേടി. പ്രാർത്ഥനയും വഴിപാടുകളും ആയി അവർ നാളുകൾ കഴിച്ചു.
ഇടക്കൊക്കെ അവർ ഭജന എന്ന പേരിൽ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ കയറിയിറങ്ങുമായിരുന്നു. ആ ജീവിതത്തിൽ അവർക്കുണ്ടായ ഒരേ ഒരു സന്തോഷം അത് മാത്രമായിരുന്നു.
അങ്ങനെ നാളുകൾ കടന്നു പോകവേ ഒരിക്കൽ അവർക്ക് ക്ഷേത്രമുറ്റത്ത് വെച്ച് ഒരു കുഞ്ഞിനെ കളഞ്ഞുകിട്ടി. ഒരു കുഞ്ഞു പെൺകുട്ടി.
ഒരു തുണിയിൽ പൊതിഞ്ഞു അവളെ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ചിരിക്കുകയായിരുന്നു.
ആ കുഞ്ഞിനെ കണ്ട് അവരുടെ അമ്മ മനം തുടിച്ചു. അതിനെ ഓടിച്ചെന്ന് എടുത്ത് മാറോടടക്കി. ആ കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് പോകാൻ അവർക്ക് മറ്റൊന്നും ആലോചിക്കേണ്ടിയിരുന്നില്ല.
അവർക്ക് അവിടെ ലഭിച്ചത് നല്ല സ്വീകരണം ഒന്നും ആയിരുന്നില്ല. അമ്പലത്തിൽ പോയവൾ ഒരു കുഞ്ഞുമായി തിരിച്ചുവന്നാൽ ഇതല്ലാതെ എന്ത് നടക്കാൻ..
അവർ കരഞ്ഞു അപേക്ഷിച്ചു ആ കുഞ്ഞിനെ വളർത്താനുള്ള അനുവാദം വാങ്ങി.
അതിന് അനുവാദം കൊടുത്തു എങ്കിലും, ആരുടെയും സ്നേഹം സഹകരണമോ ആ ഒരു കാര്യത്തിൽ അവർക്ക് കിട്ടിയില്ല.
ആ കൈക്കുഞ്ഞിനെയും കൊണ്ട് ആ വീട്ടിലെ ജോലികളെല്ലാം അവർക്ക് ചെയ്തു തീർക്കണം ആയിരുന്നു.
അതിനെക്കാളുപരി ആ കുഞ്ഞിന് ഒരു നേരത്തെ പാലിനു വേണ്ടി പോലും പണം ചെലവഴിക്കാൻ അവിടെ ആരും തയ്യാറായില്ല.
കഷ്ടപ്പാടുകൾ സഹിച്ച് അവർ ആ കുഞ്ഞിനെ വളർത്തിയെടുത്തു. അപ്പോഴേക്കും എന്തൊക്കെയോ അത്ഭുതങ്ങൾ സംഭവിച്ചതുപോലെ അവർ പ്രഗ്നന്റ് ആയി.
അതോടെ ആ കുഞ്ഞിന്റെ ഭാവി തുലാസിൽ ആടി തുടങ്ങി. ഒരുപാട് കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞ് ആയതുകൊണ്ടുതന്നെ, അവർക്ക് ബെഡ്റെസ്റ്റ് പറഞ്ഞിട്ടുണ്ടായിരുന്നു.
ഒക്കെയും കൊണ്ട് ആ കുഞ്ഞ് ആകെ വിഷമിച്ചു. അതിനെ ഒന്ന് കൊഞ്ചിക്കാനോ അടുത്ത് ഇരുത്താനോ വീട്ടിലുള്ള മറ്റുള്ളവർ ആരും സമ്മതിച്ചില്ല. അത് വയറ്റിലുള്ള കുഞ്ഞിന് ദോഷം ആണത്രേ..
എതിർപ്പുകൾ കൂടി വന്നു. അതിനിടക്ക് കുഞ്ഞിന് ആഹാരം കിട്ടുന്നു പോലും ഉണ്ടായിരുന്നില്ല. ആ വിവരങ്ങൾ ഒക്കെ അവരെ വല്ലാതെ വേദനിപ്പിച്ചു.
ആ കുഞ്ഞിന് ആ വീട്ടിൽ ഒരുപാട് ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു. അത് കൂടി ആയതും സുമ ആകെ തകർന്നു. പക്ഷെ, അവർ നിസ്സഹായ ആയിരുന്നു. അവർക്ക് ഒരു മകൻ ജനിച്ചു.
അതോടെ ആമി എന്ന ആ മകളുടെ കാര്യം കൂടുതൽ കഷ്ടത്തിലായി. മകന് ഒരു വയസ്സ് ആയപ്പോഴേക്കും വിശ്വന്റെ അമ്മ മരിച്ചു. അതോടെ ആമിക്ക് നേരെ ഉള്ള ഉപദ്രവങ്ങളിൽ കുറവ് വന്നു.
വിശ്വൻ എത്രയൊക്കെ ക്രൂരൻ ആണെങ്കിലും അയാൾക്ക് ഭാര്യയെ ജീവൻ ആയിരുന്നു. അതുകൊണ്ട് തന്നെ അവർ ആമിക്ക് വേണ്ടി കടുംപിടിത്തം നടത്തിയപ്പോഴൊക്കെ അയാൾ കണ്ണടച്ചിട്ടുണ്ട്.
ആ ഒരു ഇളവിൽ ആയിരുന്നു അവളുടെ ഈ കാലഘട്ടം വരെ ഉള്ള പഠിത്തം. പക്ഷെ.. ഇനി…
പെട്ടെന്ന് ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു. അവർ വേഗം ചെന്ന് ഫോൺ എടുത്തു. ആമിയുടെ സ്കൂളിലെ പ്രിൻസിപ്പൽ ആണ്. വലിയൊരു സന്തോഷം ആയിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്.
ആമിക്കുള്ള അഡ്മിഷൻ അവർ ശരിയാക്കിയത്രേ…! അതിൽ പരം എന്ത് സന്തോഷം ആണ് ആ അമ്മയ്ക്ക് കേൾക്കാൻ ഉള്ളത്..
” ആരോരും തുണ ഇല്ലാത്തവന് ദൈവം തുണ… “സന്തോഷം പങ്ക് വെയ്ക്കാൻ മകൾക്ക് അടുത്തേക്ക് നടക്കുമ്പോൾ, അമ്മയുടെ മനസ്സിൽ ആ വാചകങ്ങൾ ആയിരുന്നു.