എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ

എടാ പെണ്ണിന് കാലിനിച്ചിരി വളവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലല്ലോ, മാത്രല്ല ഇത്രയും നല്ലൊരു ബന്ധം നമുക്കിനി കിട്ടാനില്ലന്നാണ് ബ്രോക്കർ പറഞ്ഞത്.

എന്നാലും അമ്മേ കാശിനു വേണ്ടി മനസ്സിനിഷ്ടമില്ലാത്ത ഒരു പെണ്ണിനെ ഞാൻ എങ്ങനാ???

നടക്കുമ്പോ ഇച്ചിരി വൃത്തികേടുണ്ടാവും അതില്ലാ എന്നൊന്നും ഞാൻ പറയില്ല പക്ഷെ അതൊക്കെ കണ്ടില്ലാന്നു വെക്കാൻ മാത്രമുള്ള കാശാ ആ പെണ്ണിന്റെ വീട്ടുകാര് നമുക്ക് തരുന്നത്,പിന്നെന്താ?

അവര് തരുന്ന കാശ് കൊണ്ട് നമുക്ക് നിമ്മിയുടെ കല്യാണം നടത്താം.ഈ വീടിന്റെ പേരിലുള്ള ലോൺ തീർക്കാം.നിനക്കൊരു നല്ല ജീവിതം ഉണ്ടാക്കാം.”

“പക്ഷെ അമ്മേ… അതിനുവേണ്ടി മറ്റൊരാളുടെ ജീവിതം നശിപ്പിക്കണോ?”

അമ്മയുടെ മുഖം വീർത്തു.

ഇനിപ്പോ നിനക്ക് പറ്റിയില്ല എന്നുണ്ടെങ്കിൽ നീ കല്യാണം കഴിച്ചു മൂന്നാല് മാസം കഴിയുമ്പോഴേക്കും എന്തേലും പറഞ്ഞു നമുക്കവളെയങ്ങു ഒഴിവാക്കാടാ പിന്നെ നീ നിനക്കിഷ്ടമുള്ളത് പോലെ എന്താന്നു വെച്ചാ ചെയ്തോ.”

ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.

“ഒഴിവാക്കാം…”

രണ്ട് ദിവസത്തിന് ശേഷം ഞാൻ പെണ്ണ് കാണാൻ പോയി.

മീനാക്ഷി.

അതായിരുന്നു അവളുടെ പേര്.
അവൾ ഞങ്ങൾക്കുള്ള ചായയുമായി വന്നു.ഒരു കാൽ വലിച്ചു വച്ചവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ എനിക്കെന്തോ അസ്വസ്ഥത തോന്നി.

വീട്ടുകാർ ഓരോന്നൊക്കെ സംസാരിക്കുമ്പോൾ അവൾ ശാന്തമായി ഇരിക്കുകയായിരുന്നു.

അവളുടെ അച്ഛൻ പറഞ്ഞു.

“മോളെ…നിനക്ക് മോനോടെന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോളൂ.”

ഞങ്ങൾ മുറ്റത്തേക്കിറങ്ങി.

കുറച്ചു നേരം ഞങ്ങൾ ഒന്നും പറഞ്ഞില്ല.
അവളാണ് ആദ്യം സംസാരിച്ചത്.

“എന്റെ കാലിന്റെ കാര്യം അച്ഛൻ പറഞ്ഞില്ലേ?”

ആം.
ഞാൻ തലയാട്ടി.

“അത് മറച്ചുവെക്കാൻ എനിക്കിഷ്ടമില്ല. ചെറുപ്പത്തിൽ ഉണ്ടായ ഒരു അപകടമാണ്. പലരും എന്നെ കണ്ടിട്ട് ഇഷ്ടമായില്ലെന്ന് പറഞ്ഞു പോയിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് നിങ്ങളെ പോലെ ഒരു സുന്ദരൻ ആയ ചെറുപ്പക്കാരൻ എന്നെ കാണാൻ വരുന്നത്.

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ വീണ്ടും പറഞ്ഞു.

“നിങ്ങൾക്കെന്നെ ഇഷ്ടമായോ?

ആം. ഞാൻ തലയാട്ടി..

അവൾ ഉറക്കെ ചിരിച്ചു.

എന്താ ചിരിക്കുന്നത്?
ഞാൻ അവളോട്‌ ചോദിച്ചു.

നിങ്ങളിപ്പൊ പറഞ്ഞത് നല്ലൊരു കള്ളമാണ്..

എന്നെ നിങ്ങൾക്ക് ഒട്ടും ഇഷ്ടമായിട്ടില്ലെന്നും നല്ലോണം ഗതികേട്ടാണ് നിങ്ങൾ ഇവിടെ നിക്കുന്നതെന്നും നിങ്ങളെ കണ്ടാൽ അറിയാം…

ആട്ടെ എന്റെ അച്ഛൻ എത്രയാ സ്ത്രീധനം ഓഫർ ചെയ്തിരിക്കുന്നത്?

ആ അതൊന്നും ഞാൻ ചോദിച്ചില്ല…

അതൊക്കെ ചോദിക്കണ്ടേ?ആവശ്യം ഉള്ളത് ചോദിച്ചു മേടിക്കണം.പിന്നീട് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്നൊക്കെ പരാതി പറയാൻ ഇട വരരുത്.

താൻ എന്തൊക്കെയാ കുട്ടീ ഈ പറയുന്നത്?ഞാൻ അങ്ങനെ കാശിനോട് ആർത്തിയുള്ള ഒരാളല്ല.

നിങ്ങളുടെ അറിവിലേക്കായി ഞാൻ പറയുകയാണ്,എന്റെ ചേട്ടന് നല്ലൊരു ബന്ധം വന്നിട്ടുണ്ട്. ആ കുട്ടി ഇവിടെ വന്നു കയറുമ്പോൾ ഞാനിവിടെ കെട്ടാമങ്കയായി നിക്കുന്നത് ആർക്കും ഇഷ്ടപ്പെടില്ലല്ലോ അതോണ്ടാ അച്ഛൻ ധൃതി പിടിച്ചീ വിവാഹം നടത്തുന്നത്.

സത്യം പറഞ്ഞാൽ എനിക്ക് കല്യാണം കഴിക്കണമെന്ന ആഗ്രഹം പോലും കുറച്ച് വർഷങ്ങൾക്ക് മുൻപേ അവസാനിച്ചു.”

എന്തുകൊണ്ടാ അങ്ങനെ പറഞ്ഞത്?
ഞാൻ അവളോട്‌ ചോദിച്ചു.

ഓരോ പെണ്ണ് കാണലും കഴിഞാളുകൾ പോയാൽ ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിൽക്കും.എന്റെ കാലിലേക്ക് നോക്കും.പിന്നെ സ്വയം ചോദിക്കും…ഞാൻ ഇത്ര മോശമാണോ എന്ന്.കാരണം ഓരോരുത്തർ വന്നു പോകുമ്പോഴാണ് ഞാനെന്റെ കാലിന്റെ കുറവിനെ പറ്റിയോർക്കുന്നത്.

നിങ്ങൾ കാണാൻ സുന്ദരനാണ്.വെറുതെ മനസിന്‌ ഇഷ്ടമില്ലാതെ എന്നെ കല്യാണം കഴിച്ചു നിങ്ങൾ സ്വയം ബലിയാടാവണ്ട.നിങ്ങൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കാണില്ലേ?

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ വേദനിച്ചു.

ഒരാൾ സ്വന്തം കുറവുകൾ മറച്ചുവെക്കാതെ ഇത്ര സത്യസന്ധമായി സംസാരിക്കുമ്പോൾ, ഞാനെന്താണ് ആ കുട്ടിയോട് ചെയ്യാൻ പോകുന്നത്?

ഞാൻ കൂടുതൽ ഒന്നും പറയാതെ തിരിച്ചു നടന്നു.

വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മ ചോദിച്ചു.

“എന്താ തീരുമാനം?”

എനിക്കാലോചിക്കണം.

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

അമ്മ പറഞ്ഞ കാശ്…..

വീട്ടിലെ കടം….

നിമ്മിയുടെ വിവാഹം….

പക്ഷെ മറുവശത്ത് ഒരു പെൺകുട്ടിയുടെ ജീവിതം….

അവളെ വിവാഹം കഴിച്ച് ഏതാനും മാസങ്ങൾക്കുശേഷം ഉപേക്ഷിക്കണമെന്ന് സ്വന്തം അമ്മ തന്നെ പറയുന്നത് എനിക്ക് സഹിക്കാനായില്ല.

പിറ്റേന്ന് രാവിലെ ഞാൻ അമ്മയുടെ മുന്നിൽ നിന്നു.

“ഈ വിവാഹം ഞാൻ കഴിക്കും.”

അമ്മയുടെ മുഖത്ത് സന്തോഷം തെളിഞ്ഞു.

പക്ഷെ ഞാൻ തുടർന്നു.

“ഒരു നിബന്ധനയുണ്ട്.”

“എന്താ?”

“അവളുടെ വീട്ടിൽ നിന്ന് ഒരു രൂപ പോലും എനിക്ക് വേണ്ട.”

അമ്മ ഞെട്ടി.

നിനക്കെന്താ ഭ്രാന്തായോ?”
അമ്മക്ക് ദേഷ്യം വന്നു.

അമ്മേ…ഒരു കാര്യം ചോദിക്കട്ടെ? നിമ്മിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും പണം വാങ്ങി അവളെ കല്യാണം കഴിച്ച ശേഷം പിന്നീട് ഉപേക്ഷിച്ചാൽ അമ്മയ്ക്ക് സഹിക്കുമോ?”

അമ്മയുടെ മുഖം മാറി.

“നീ എന്തൊക്കെയാ ഈ പറയുന്നത്?”

“ഞാൻ സത്യം പറയുകയാണ്. ഒരു മനുഷ്യന്റെ കുറവുപയോഗിച്ച് അയാളുടെ ജീവിതം വാങ്ങാൻ എനിക്ക് പറ്റില്ലമ്മേ..നിമ്മിയുടെ കല്യാണം ഞാൻ നടത്തും അതിനു വേറൊരു പെണ്ണ് കൊണ്ടു വരുന്ന കാശ് വേണ്ട.

ദിവസങ്ങളോളം അമ്മയെന്നോട് സംസാരിച്ചില്ല.എന്നാലും ഞാനെന്റെ തീരുമാനം മാറ്റിയില്ല.ഒടുക്കം എന്റെ ഇഷ്ടത്തിനമ്മയും സമ്മതം മൂളി.

രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും അവളുടെ വീട്ടിലെത്തി.

എന്നെ കണ്ടപ്പോൾ അവളുടെ അച്ഛൻ അത്ഭുതപ്പെട്ടു.

“മോനേ…എന്തെങ്കിലും കാര്യമുണ്ടോ?”

ആ ഉണ്ട്‌ എനിക്ക് മീനാക്ഷിയോട് ഒന്നു സംസാരിക്കണം.”

അവൾ പുറത്തേക്ക് വന്നു.

“എന്താ?”

ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു…

“അന്ന് ഞാൻ തന്നോട് കള്ളം പറഞ്ഞിരുന്നു.”

അവൾ ഒന്നു ചിരിച്ചു.
എനിക്കറിയാമായിരുന്നു.”

“പക്ഷേ ഇന്ന് ഞാൻ സത്യം പറയാനാണ് വന്നത്.”

എന്ത് സത്യം?

“എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ ഒട്ടും ഇഷ്ടമായില്ല.കാരണം അന്ന് ഞാൻ നിന്റെ കാല് മാത്രമാണ് കണ്ടത്.പക്ഷേ ഞാൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞാൻ നിന്റെ മനസ്സിനെ പറ്റിയാണ് ഓർത്തത്.”

“നിനക്ക് സമ്മതമാണെങ്കിൽ മാത്രം ഈ വിവാഹം നടക്കട്ടെ.ഇവിടത്തെ സ്ത്രീധനമൊന്നും എനിക്ക് വേണ്ട.ഒരു രൂപ പോലും വേണ്ട.
പക്ഷേ ഒരു കാര്യം മാത്രം.”

“എന്താ?”

“ഇത് സഹതാപം കൊണ്ടുള്ള വിവാഹമാകില്ല.സമയം എടുത്ത് എന്നെ ഇഷ്ടപ്പെടാൻ നീ തയ്യാറാണെങ്കിൽ,നിന്നെ മനസ്സിലാക്കാൻ ഞാൻ തയ്യാറാണ്.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

എന്നെ ആരെങ്കിലും ഇതുപോലെ മനസ്സിലാക്കുമെന്ന് ഞാൻ കരുതിയില്ല.

അവൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു.പിന്നെ പതിയെ ചോദിച്ചു.

“നാളെ എപ്പോഴെങ്കിലും ഈ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയാൽ?”

ഞാൻ ഒന്നു ചിരിച്ചു.

“അപ്പോൾ ആ തെറ്റ് നമുക്ക് രണ്ടുപേർക്കും കൂടി ശരിയാക്കാം പക്ഷേ നിന്നെ ഒറ്റയ്ക്കാക്കി ഞാൻ പോകില്ല.”

മാസങ്ങൾക്കു ശേഷം ഞങ്ങളുടെ വിവാഹം വളരെ ലളിതമായി നടക്കുകയാണ്.സ്ത്രീധനമില്ല, വലിയ ആഘോഷങ്ങളില്ല. അടുത്ത ബന്ധുക്കളും കുറച്ചു സുഹൃത്തുക്കളും മാത്രം.

വിവാഹ ദിവസം മണ്ഡപത്തിലേക്ക് നടന്നുവരുമ്പോൾ പലരുടെയും കണ്ണുകൾ അവളുടെ കാലിലായിരുന്നു.

പക്ഷേ എന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു കാരണം ചില വിവാഹങ്ങൾ സുന്ദരമായ മുഖങ്ങൾ കണ്ടല്ല നടക്കുന്നതെന്ന പൂർണബോധ്യം എനിക്കുണ്ടായിരുന്നു❤️

അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *