ഹോ!!ചത്തവർ ഒക്കെ എങ്ങനാണാവോ ഇതിനാത്തു കിടക്കുന്നത്.

സെമിത്തേരിയിൽ എന്നെ അടക്കം ചെയ്തതിന് ശേഷം ബന്ധുക്കളും അയൽക്കാരുമൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയെങ്കിലും എന്റെ അമ്മയും അപ്പനും അവിടെത്തന്നെ നിന്നു.

ഇനിയെന്ത് കാണാൻ ആണാവോ രണ്ടാളും ഇവിടെ തന്നെ നിക്കുന്നത്? ഇവർക്ക് പൊക്കൂടെ എന്ന് ഞാൻ ചിന്തിച്ചോണ്ടിരിക്കുന്നതിനിടയിലാണ് അപ്പന്റെ ശബ്ദം കേട്ടത്.

വാടി നമുക്ക് വീട്ടിലേക്ക് പോകാം. ഇവിടെ നിന്നാൽ പോയയാൾ തിരിച്ചു വരില്ലല്ലോ…

അമ്മച്ചി ഉറക്കെ കരയുന്നത് എനിക്ക് കേൾക്കാം….പിന്നീടാ കരച്ചിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു…

അവര് രണ്ടാളും പോയെന്ന് തോന്നുന്നു. വെളിച്ചം കാരണം പുറത്തേക്കിറങ്ങാൻ വയ്യാ.കല്ലറയ്ക്കുള്ളിലാണെങ്കിൽ ആകെയിരുട്ടും.കുറച്ചു നേരം അതിനകത്തു കിടന്നപ്പോൾ തന്നെയെനിക്ക് ശ്വാസം മുട്ടിത്തുടങ്ങി.ആകെപ്പാടെ പെട്ട അവസ്ഥ.

ഹോ!!ചത്തവർ ഒക്കെ എങ്ങനാണാവോ ഇതിനാത്തു കിടക്കുന്നത്.പുറത്തേക്കിറങ്ങണം എന്നാഗ്രഹം ഉണ്ടെങ്കിലും കയ്യും കാലും അനങ്ങുന്നില്ല.ഞാനങ്ങനെ തന്നെ അനങ്ങാൻ വയ്യാതെ കിടന്നു.

ഇരുട്ട് വീണു തുടങ്ങി.ഏകദേശം പാതിരാത്രിയോടടുത്തപ്പോൾ എന്റെ കയ്യുകൾ അനക്കാമെന്നായി.പെട്ടിയുടെ മൂടിയെന്റെ കൈ കൊണ്ട് തള്ളി തുറന്ന ശേഷം ഞാൻ മെല്ലെ കല്ലറയ്ക്ക് പുറത്തേക്കിറങ്ങി.

ഞാൻ ചുറ്റിലും നോക്കി.ആരെയും കാണുന്നില്ല.ശെടാ ഇവിടെ ഇത്രയും കല്ലറ ഉണ്ടായിട്ടും ഒരാള് പോലും ഇല്ലേ?

ഇവിടുള്ള ശവങ്ങൾ ഒക്കെ എവിടെപ്പോയോ ആവോ….അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പുറകിൽ നിന്നും ശൂ ശൂ എന്നാരോ വിളിക്കുന്നത് കേട്ടത്.

ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി….

കഴിഞ്ഞ മാസം മിന്നലേറ്റ് മരിച്ച വർക്കിച്ചൻ ആയിരുന്നു അത്.

ശെടാ.. നിങ്ങളെയിവിടെയാണോ കുഴിച്ചിട്ടേക്കുന്നത്.നിങ്ങടെ ഇടവക അങ്ങ് പെരിങ്ങാലയിൽ അല്ലെ?

അല്ലെടാ ചെർക്കാ.
ഇതന്നെ ആണ്.വർക്കിച്ചൻ എന്നെ നോക്കി ചിരിച്ചു…

അതൊക്കെ വിട് നീയെങ്ങനാടാ ഉവ്വേ, ഇത്ര പെട്ടെന്നിങ്ങോട്ട് വന്നത്?അയാൾ എന്റെ നേരെ നോക്കി പുരികം ചുളിച്ചു.

മ്മ്….ഇപ്പൊ പിടികിട്ടി.ബൈക്ക് ആക്‌സിഡന്റ് വല്ലോം ആവുമല്ലേ?
നിന്റെയാ ഡ്യൂക്കിലുള്ള പറക്കൽ കണ്ടപ്പഴേ ഞാൻ വിചാരിച്ചതാ നീയൊക്കെ ഏതെങ്കിലും പാണ്ടി ലോറിക്ക് അട വെക്കുമെന്ന്.

ആട്ടെ ഇടിച്ച വഴി ചത്തോ അതൊ ഹോസ്പിറ്റലിൽ എത്തിയിട്ടാണോ ചത്തെ?

ഏയ്, ഇതതൊന്നുമല്ല ചേട്ടായി.

പിന്നെ എങ്ങനാടാ ഉവ്വേ ?

അത് പിന്നെ…
ഞാനും ഒരു പെണ്ണുമായി ഇഷ്ടത്തിലാരുന്നു.

ഏത് പെണ്ണ്??….

നമ്മടെ സുഷമ..

ഏത് സുഷമയാടാ ??

എന്റെ ചേട്ടായി,മരിച്ചു പോയ രമേശേട്ടന്റെ ഭാര്യ സുഷമ.

ഏത് ആ തള്ളച്ചിയോ?

ദേ ചേട്ടായി, അവളെ തള്ളച്ചി എന്നൊന്നും വിളിക്കരുത്.

എന്നാ ശരി ചെറുപ്പക്കാരി,
അത് നീ വിട്….നീയെങ്ങനെയാ തട്ടിപ്പോയതെന്ന് പറ.
അവള് കഷായം വല്ലോം കലക്കി തന്നൊ?

ഒന്ന് പോ ചേട്ടായി…അവൾക്ക് ഞാനെന്നു വെച്ചാ ജീവനാരുന്നു…..എനിക്കവളും….
ട്രൂ ലവ് ആരുന്നു ഞങ്ങടെ…

എനിക്കവളില്ലാതെ ജീവിക്കാൻ പറ്റില്ലാന്നായപ്പോ ഞങ്ങളു രണ്ടാളും ഒളിച്ചോടാൻ തീരുമാനിച്ചു. ഈ വിവരം എന്റെ വീട്ടുകാർ അറിഞ്ഞാകെ പ്രശ്നമായി അവരെന്നെ ഒരു മുറിക്കകത്ത് പൂട്ടിയിട്ടു..

ആ എന്നിട്ട്….

എന്നിട്ടെന്താ വാതിൽ തുറന്നു വിട്ടില്ലെങ്കിൽ തൂങ്ങി ചാകുമെന്ന് ഞാനവരെ ഭീഷണിപ്പെടുത്തി.
അവരെയൊന്നു പേടിപ്പിക്കാൻ കയറി തൂങ്ങിയതാ, അങ്ങനെ കളി കാര്യമായി ചേട്ടായി…

നീയൊക്കെ ചാകുന്നതാടാ വധൂരി നല്ലത്…
ആ സുഷമയെ നിനക്കറിയാഞ്ഞിട്ടാ അവൾക്ക് വേറെ പലരുമായി ഡിങ്കോൾഫി ഉണ്ട്‌…

ചേട്ടായി മതി…അവളെ പറ്റി ഇനി നിങ്ങളൊരക്ഷരം മിണ്ടരുത്.പാവം അവളിപ്പോ എന്നെയോർത്തു കരഞ്ഞോണ്ടിരിക്കുവാകും.അവളൊരു തെറ്റും ചെയ്തിട്ടില്ല
എന്റെ വീട്ടുകാർ കാരണമാണ് ഞാൻ ഡെഡ് ആയത്.

പിന്നെ തേങ്ങയാണ്.

ഹാ!നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. തല്ക്കാലം നീയിവിടെ ഇരി,ഞാനെന്റെ വീട് വരെയൊന്നു പോയി ലാലിയേം മക്കളേം ഒന്നു കണ്ടേച്ചും വരാം.

അയാൾ പോയ ശേഷം ഞാൻ സെമിത്തേരിക്ക് ചുറ്റും ഒരു റൗണ്ടടിച്ചു.
നിരനിരയായി കിടക്കുന്ന കല്ലറകൾ… ചിലതിൽ പൂമാലകൾ ഉണങ്ങി കിടക്കുന്നു. ചിലതിൽ മെഴുകുതിരിയുടെ ഉരുകിയ മെഴുക് ഉരുകി പിടിച്ചിരിക്കുന്നു,ചില കല്ലറകളുടെ മുകളിൽ ആന്നെങ്കിൽ പച്ചപ്പുല്ല് വളർന്നു കയറിയിട്ടുണ്ട്.

കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു. അകലെയൊരു പട്ടി ഓരിയിടുന്ന ശബ്ദം മാത്രം കേൾക്കാം.

അപ്പോഴാണ് അടുത്ത കല്ലറയുടെ മുകളിൽ ആരോ ഇരിക്കുന്നത് കണ്ടത്.വെളുത്ത മുണ്ടും ഷർട്ടും ഇട്ടൊരാൾ തല താഴ്ത്തി ഇരിക്കുകയാണ്.

ചേട്ടാ…ഞാൻ മെല്ലെ വിളിച്ചു.

അയാൾ തല ഉയർത്തി നോക്കി.

“പുതിയ ആളാണോ?” അയാൾ എന്നോട് ചോദിച്ചു.

“അതേ ഞാൻ തലയാട്ടി…”

“ഈ ചെറു പ്രായത്തിൽ എങ്ങനെ ഇവിടെത്തി?ആത്മഹത്യ വല്ലോമാണോ?

ആ അതെ ചെറുതായിട്ട്.

അയാൾ ചിരിച്ചു…

ഞാൻ അയാളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.അയാൾ എന്നോട് ചോദിച്ചുമില്ല.

കുറച്ച് കഴിഞ്ഞപ്പോൾ വർക്കിച്ചൻ തിരികെ വന്നു.

“എന്തായി ചേട്ടായി? വീട്ടിൽ പോയോ?”

വർക്കിച്ചന്റെ മുഖം മാറിയിരുന്നു.

ആ പോയി.

“ലാലി ചേച്ചി നിങ്ങളെയോർത്തു കരയുന്നുണ്ടായിരുന്നോ?”

അയാൾ കുറച്ചു നേരം മിണ്ടാതെ നിന്നു.

“കരച്ചിലൊക്കെ തീർന്നിട്ടുണ്ട്.

ഞാനും വർക്കിച്ചനും കൂടി എന്റെ കല്ലറയ്ക്ക് സമീപം പോയിരുന്നു.

അപ്പോഴാണ് ആരോ അങ്ങോട്ടേക്ക് വരുന്ന ശബ്ദം കേട്ടത്.

രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു,
ഒരു സ്ത്രീ കയ്യിൽ കുറച്ചു മുല്ലപ്പൂവുമായി എന്റെ കല്ലറയ്ക്ക് സമീപത്തേക്ക് വരുന്നത് കണ്ടു.

ചേട്ടായി, ദേ എന്റെ സുഷമ….ഞാൻ അലറി,
കണ്ടോ കണ്ടോ അവൾക്കെന്നോടുള്ള സ്നേഹം കണ്ടോ..ദേ ഇതാണ് ട്രൂ ലവ്…
ഇനിയെനിക്ക് ചത്താലും വേണ്ടില്ല ചേട്ടായി..

എടാ വേട്ടാവളിയാ ഒരിക്കൽ ചത്ത നീ ഇനിയും ചാകുന്നതെങ്ങനെയാ??…
വർക്കിച്ചൻ എന്റെ നേരെ നോക്കിയത് ചോദിക്കുന്നതിനിടയിലാണ് മറ്റൊരാൾ കൂടി അങ്ങോട്ടേക്ക് കടന്നു വന്നത്.

ഇവനെന്താ ഇവിടെ?

ഞാനും വർക്കിച്ചനും ഒരുപോലെ അവന്റെ നേരെ നോക്കി.

അത് രതീഷ് ആയിരുന്നു…

സുഷമ അവളുടെ കയ്യിലുണ്ടായിരുന്ന മുല്ലപ്പൂകൾ രതീഷിന്റെ കയ്യിലേക്ക് കൊടുത്തു.അയാൾ അത് വാങ്ങിയ ശേഷം അവളുടെ തലയിൽ വെച്ചുകൊടുത്തു.

നീ ഇങ്ങോട്ട് വരുന്നത് ആരും കണ്ടില്ലല്ലോ?” രതീഷ് പതുക്കെ അവളോട്‌ ചോദിച്ചു.

ഏയ്‌ ഇല്ല,സുഷമ മറുപടി പറഞ്ഞു.

എന്റെ നെഞ്ചിനുള്ളിൽ എന്തോ ഒടിഞ്ഞു വീണ പോലെ തോന്നി.

അവളും അവനും തമ്മിലുള്ള റൊമാൻസ് ഇപ്പൊ തുടങ്ങും,നീ വേണേൽ കണ്ണ് പൊത്തിക്കോ ഇല്ലെങ്കിൽ അത് കണ്ടു നീ ഒന്നൂടി ചങ്കു പൊട്ടി ചാകും,ഈയിടെയായിട്ട് ശവപ്പറമ്പാണ് രണ്ടിന്റേം സംഗമസ്ഥലം. വർക്കിച്ചൻ എന്റെ ചെവിയിൽ പറഞ്ഞു.

സുഷമ എന്റെ കല്ലറയിലേക്ക് തിരിഞ്ഞു നോക്കിയ ശേഷം പറഞ്ഞു.ചെക്കനിന്നലെ കേറിയങ്ങു തൂങ്ങി.

നീ കാണാൻ പോയില്ലേടി..

ഓ എന്നാത്തിന്..

എന്തായാലും നല്ല ചുളയുള്ള വീട്ടിലെ ചെറുക്കൻ ആരുന്നു,ഇവനുള്ളത് കൊണ്ട് എന്റെ കാര്യങ്ങളെല്ലാം മുട്ടില്ലാതെ നടന്നു പോയതാ.എന്നാലുമീ പൊട്ടൻ എന്തിനാവും കേറി തൂങ്ങിയതെന്നാ എനിക്ക് മനസ്സിലാകാത്തത്.

അവളതു പറയുന്നത് കേട്ടപ്പോൾ ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ മരവിച്ചു നിന്നു.

അല്ലേലും ഈ തെണ്ടി ചത്തത് നന്നായെടി ഇനി നിന്നെയെനിക്ക് മാത്രമായി കിട്ടുമല്ലോ.എന്തായാലും ഇന്നിവിടെ വെച്ചു വേണ്ടാ വാ നമുക്കപ്പുറത്തെ പറമ്പിലേക്ക് പോവാം.അയാൾ അവളുടെ കവിളിൽ നുള്ളി….
അവർ രണ്ടുപേരും കെട്ടിപ്പിടിച്ചു കൊണ്ട് സെമിത്തേരിയുടെ ഗേറ്റ് കടന്ന് പുറത്തേക്ക് നടന്നു.

ആണ്ടേ ദേ പോകുന്നെടാ സണ്ണീ നിന്റെ ട്രൂ ലവ്.വർക്കിച്ചൻ അവര് പോകുന്നിടത്തേക്ക് കൈ ചൂണ്ടി.

ശവത്തിൽ കുത്താതെ ചേട്ടായി….
ഞാൻ അയാളുടെ നേരെ നോക്കാൻ പ്രയാസപ്പെട്ടു

എനിക്കെത്രയോ ജീവിതം ബാക്കി ഉണ്ടാരുന്നതാ….അത് ഞാനായിട്ട് തന്നെ നശിപ്പിച്ചു അല്ലെ ചേട്ടായി?

ഞാനത് പറഞ്ഞു കൊണ്ടിരിക്കെ നേരത്തെ കണ്ടയാ വെളുത്ത മുണ്ടും ഷർട്ടുമിട്ട മനുഷ്യൻ ഞങ്ങളുടെ അടുത്തേക്ക് കടന്നു വന്നു.

ഇപ്പൊ ഇവിടെ വന്നയാളെ ശരിക്കും കണ്ടല്ലോ അല്ലെ?

മ്മ്,കണ്ടു ഞാൻ തലയാട്ടി.

ചില സത്യങ്ങൾ ജീവനോടെ ഇരിക്കുമ്പോൾ അറിയാൻ പറ്റില്ലടാ മോനെ അതിന് മരണം വരെ കാത്തിരിക്കേണ്ടി വരും.ഇപ്പൊ എങ്ങനെ ഇരിക്കണ്.അവൾക്ക് വേണ്ടി ചത്ത നീ പൊട്ടൻ…

ഇനി ഞാൻ എന്ത് ചെയ്യും?”

“എന്ത് ചെയ്യാൻ?

ഇവിടെ തന്നെ ഇരുന്നോ…

അപ്പൊ നമ്മളൊക്കെ സ്വർഗത്തിൽ പോകുന്നത് എപ്പഴാ?

സ്വർഗ്ഗമോ?അയാൾ ഉറക്കെ ചിരിച്ചു.

എടാ ചെക്കാ, ഇനി നിന്റെ സ്വർഗ്ഗവും നരകവുമൊക്കെ ഇത് തന്നാ.

ഈ ശവപ്പറമ്പോ?
ഞാൻ കണ്ണ് മിഴിച്ചയാളെ നോക്കി.

ആ ഇത് തന്നെ.
രാവിലേ ആയി വെളിച്ചം വീണാൽ നിനക്ക് നിന്റെ പെട്ടിയിൽ പോയി കിടക്കാം രാത്രി ആവുമ്പോ തിരിച്ചതിൽ നിന്നും ഇറങ്ങിയ ശേഷം നിനക്കിതിലെ ഒക്കെ കറങ്ങി നടക്കാം.

അപ്പൊ ഇവിടെയുള്ള ബാക്കിയാളുകൾ ഒക്കെ എവിടെ?

അവരൊക്കെ അവരുടെ പെട്ടിയിൽ തന്നെയുണ്ട്.പുറത്തേക്കിറങ്ങി വന്നിട്ടും പ്രത്യേകിച്ച് കാര്യമില്ലാത്തതിനാൽ എല്ലാരും അതിൽ തന്നെ കിടക്കുന്നുവെന്നു മാത്രം.

കാറ്റ് ശക്തമായി വീശി.

ചേട്ടായി എനിക്ക് പ്രതികാരം ചെയ്യണം സുഷമയെ എനിക്ക് കൊല്ലണം..

വർക്കിച്ചൻ പതുക്കെ എഴുന്നേറ്റ ശേഷം പറഞ്ഞു.

ആ വേഗം ചെല്ല്,പ്രതികാരം ചെയ്യാൻ പറ്റിയസമയമാണ്.

എന്നാ ചേട്ടായിയും വാ…

ഒന്നു പോയേടാ,അതൊക്കെ സിനിമയിൽ മാത്രേ ഉള്ളു,നമ്മള് ചത്തു കഴിഞ്ഞാൽ ഒക്കെ തീർന്നു.സ്വന്തമായി ഒരു ശരീരം പോലും ഇല്ലാണ്ട് എന്തുട്ട് പ്രതികാരം?

എന്റെ മുഖം മാറിയത് കണ്ടപ്പോൾ വർക്കിച്ചൻ പറഞ്ഞു,

എടാ പ്രേമമൊക്കെ നല്ലത് തന്നെയാണ് പക്ഷെ ആളും തരവുമൊക്കെ നോക്കി വേണമാരുന്നു.നിന്റെ മേലെ അവസാനത്തെ മണ്ണിട്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞ നിന്റെ അമ്മച്ചിയും അപ്പനുമുണ്ടല്ലോ അവർക്ക് മേലെ അല്ലെടാ ഇപ്പൊ പോയ ആ സുഷമ.നഷ്ടം അവൾക്കല്ല നിന്റെ മാതാപിതാക്കൾക്കാണ് സംഭവിച്ചിരിക്കുന്നത്.അവർക്കാകെ ഉണ്ടായിരുന്നൊരു മോനായിരുന്നു നീ..

ആ പാവങ്ങൾ ആർക്ക് വേണ്ടി ജീവിക്കും?
നിന്നെയോർത്തവരുടെ ബാക്കിയുള്ള ജീവിതം ഇനി നരകമായിരിക്കും.

അപ്പനും അമ്മയും ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം കൊച്ചില്ലാതെയാവുമ്പോൾ ഉള്ള സങ്കടം നിന്നെ പോലെയുള്ള വെകിളി പിടിച്ച തലമുറയ്ക്ക് മനസ്സിലാകില്ല.

ഇപ്പൊ നിനക്ക് മനസ്സിലായില്ലേ?

പക്ഷെ നീ മനസ്സിലാക്കി വന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയെടാ മോനെ…

വർക്കിച്ചന്റെ വാക്കുകൾ എന്റെ നെഞ്ചിൽ കല്ലുപോലെ വീണു.

എന്റെ അമ്മച്ചിയുടെ മുഖമെന്റെ മനസ്സിലേക്ക് വന്നു.

“ചേട്ടായി… എനിക്കെന്റെ വീട്ടിൽ പോയി അവരെയൊന്നു കാണണം.”

വാ പോയി കാണാം…പക്ഷേ അവർക്ക് നിന്നെ കാണാൻ പറ്റില്ല എന്ന ചിന്തയിൽ വേണം അങ്ങോട്ട് പോകാൻ.

മ്മ്, ഞാൻ തലയാട്ടി…

അൽപ നേരത്തിനു ശേഷം ഞങ്ങൾ രണ്ടുപേരും കൂടെ എന്റെ വീടിന്റെ മുന്നിലെത്തി.

വീട്ടിലെ ലൈറ്റ് ഇനിയും കത്തുന്നുണ്ടായിരുന്നു.അകത്തുനിന്ന് കരച്ചിലിന്റെ ശബ്ദം കേൾക്കാം.

എന്റെ അമ്മച്ചി എന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് കിടക്കുകയായിരുന്നു.

എന്റെ മോനു വിശന്നിട്ടുണ്ടാവുമോ?അവന് ഒറ്റയ്ക്കവിടെ പേടിയുണ്ടാവുമോ എന്നൊക്കെ പറഞ്ഞുകൊണ്ടവർ കരയുന്നുണ്ടായിരുന്നു.

അപ്പൻ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.ആ മനുഷ്യൻ കരയുന്നത് ഞാൻ കാണുന്നത് തന്നെ ആദ്യമായിട്ടാണ്.

അത് കണ്ടപ്പോൾ എനിക്കുറക്കെ കരയാൻ തോന്നി, പക്ഷെ എന്റെ കരച്ചിൽ പുറത്തേക്ക് വന്നില്ല….

കരയാൻ ശ്രമിക്കണ്ടടാ നിനക്കതിനു പറ്റില്ല. വാ നമുക്ക് പോകാം.
നേരം വെളുക്കാറായി.വർക്കിച്ചൻ എന്റെ തോളിൽ കൈ വെച്ചു.

ഞാൻ ഒരിക്കൽ കൂടി വീടിനകത്തേക്ക് നോക്കി.

എന്റെ അമ്മച്ചി അപ്പോഴും എന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത്പിടിച്ചു കരയുകയായിരുന്നു.അത് കണ്ടപ്പോൾ എനിക്ക് തോന്നി ഒരു പെണ്ണ് പോയാൽ മറ്റൊരാൾ വരാം.ഒരു പ്രണയം അവസാനിച്ചാൽ മറ്റൊന്ന് തുടങ്ങാം. പക്ഷേ അപ്പനെയും അമ്മയെയും പോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് മറ്റാരുമുണ്ടാകില്ല.

സെമിത്തേരിയിലേക്ക് തിരികെ നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ജീവിതത്തിൽ എന്ത് നഷ്ടപ്പെട്ടാലും ഒരാൾ സ്വന്തം ജീവൻ മാത്രം നഷ്ടപ്പെടുത്തരുത് കാരണം മരിക്കുന്നവന്റെ വേദന ആ ഒരു നിമിഷത്തേക്ക് മാത്രമേയുള്ളൂ പക്ഷേ അവനെ സ്നേഹിക്കുന്നവരുടെ വേദന ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കും…

തിരികെ കല്ലറയ്ക്ക് സമീപം എത്തിയ ശേഷം ഞാൻ വർക്കിച്ചനോട് പറഞ്ഞു,ചേട്ടായി എനിക്കൊരിക്കൽ കൂടി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ…”

വർക്കിച്ചൻ ഒന്നു ദീർഘനിശ്വാസം വിട്ട ശേഷം എന്നോട് പറഞ്ഞു.

അത് തന്നെയാടാ ഞാനടക്കം ഇവിടെ കിടക്കുന്ന എല്ലാവരുടെയും ആഗ്രഹം.പക്ഷേ മരണം ഒരാൾക്ക് രണ്ടാമതൊരവസരം തരില്ലല്ലോ.

കിഴക്കു നിന്നു സൂര്യന്റെ വെളിച്ചം പതുക്കെ സെമിത്തേരിയിലേക്ക് വീഴാൻ തുടങ്ങി.

ഞാൻ എന്റെ കല്ലറയുടെ മുകളിൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് വെറുതെയൊന്നു നോക്കി.
ശേഷം അതിന് താഴെ എഴുതിയിരിക്കുന്ന രണ്ടു തീയതികളിലേക്കും.

ഒന്ന് എന്റെ ജനനം…..

മറ്റൊന്ന് എന്റെ മരണം…..

ഇതിന്റെ രണ്ടിന്റെയും ഇടയിലുണ്ടായിരുന്ന ജീവിതത്തിന്റെ വില ഞാൻ മനസ്സിലാക്കിയത് രണ്ടാമത്തെ തീയതിക്ക് ശേഷമായിരുന്നു.

കഥ:വെളിപാട്
രചന :അച്ചു വിപിൻ
©copyrightprotected

Leave a Reply

Your email address will not be published. Required fields are marked *