അതേയ് ന്റെ താലി മാല പണയം വെച്ചെടുത്തൂന്നവരു വിളിച്ചിട്ടുണ്ടാരുന്നു….
ആറ് മാസത്തെ പലിശ കൊണ്ടടച്ചില്ലെങ്കിൽ അവരത് ലേലത്തിൽ വെക്കൂത്രെ….
വീടിന്റെ ഉമ്മറത്ത് മഴ പെയ്യുന്നതും നോക്കിയിരിക്കുകയായിരുന്നവൾ…
ഞാനതെങ്ങനേലും എടുപ്പിച്ചു തരാടി…
ഞാനവളെ നോക്കാൻ പ്രയാസപ്പെട്ടു.
അയ്യോ!!അതെടുപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല.അല്ലേലും അതിനി എടുപ്പിക്കാൻ ഒന്നും പോവണ്ട
പലിശയും മുതലും അടച്ചു വരുമ്പഴേക്കും മുക്കാൽ പവന്റെ കാശിനേക്കാൾ കൂടുതൽ കൊടുക്കേണ്ടി വരും…
ഞാനവളുടെ അടുത്ത് ചെന്നിരുന്ന ശേഷം ചോദിച്ചു,
നിനക്ക് സങ്കടോണ്ടോടീ…
എന്ത് കാര്യത്തിന്?
അത് കൊണ്ട് പണയം വെച്ചത് നമ്മടെ വീട് പണിയാൻ വേണ്ടിട്ടല്ലേ?
പണി മുഴുവൻ ആക്കാൻ പറ്റിയില്ലെങ്കിലും സ്വന്തമായി കേറി കെടക്കാൻ ഒരെണ്ണം ഉണ്ടല്ലോ എന്ന സമാധാനം ഉണ്ടിപ്പോ…
എന്നാലും നിന്റെ പ്രായത്തിൽ ഉള്ള പെണ്ണുങ്ങളൊക്കെ നല്ലോണം സ്വർണം ഇട്ടു നടക്കണ കാണുമ്പോ അതുപോലെ നിനക്കും കിട്ടിയെങ്കിലെന്നു നീ ആഗ്രഹിച്ചു കാണില്ലേ?
അങ്ങനെ ഒക്കെ ചോയിച്ചാ ഞാനിപ്പോ എന്താ പറയാ….
ആഗ്രഹമുണ്ട് കാരണം ഞാനും ഒരു പെണ്ണല്ലേ.മറ്റുള്ളവർ മാലയും വളയുമൊക്കെ ഇട്ടു നടക്കുമ്പോൾ ചിലപ്പോഴൊക്കെ എനിക്കും തോന്നും.പക്ഷേ പിന്നീട് ഞാൻ ഓർക്കും
അങ്ങനെ എല്ലാരും കാണിക്കണ പോലെ നമ്മളും കാണിക്കണം എന്ന് വല്ല നിർബന്ധവും ഉണ്ടോന്ന്…
അവൾ എന്നെ നോക്കി ചിരിച്ച ശേഷം പറഞ്ഞു,എനിക്ക് സ്വർണം ഇല്ലെങ്കിലെന്താ നിങ്ങളുണ്ടല്ലോ…..
എന്നാലും അതങ്ങനെ അല്ലാടി…
ഒരെന്നാലും ഇല്ലാ…
ദേ!ഇങ്ങോട്ട് നോക്കിക്കേ,നമ്മുടെ ആഗ്രഹങ്ങൾ ചെറുതാണ് അത് കൊണ്ട് തന്നെ നമുക്ക് വലിയ പ്രശ്നങ്ങളുമില്ല.ഓരോ വീട്ടുകാർ ലോൺ ഒക്കെ എടുത്താണ് മക്കളുടെ കല്യാണം നടത്തുന്നത്,എന്നിട്ടോ മക്കളു കല്യാണം കഴിഞ്ഞു പോകുമ്പഴേക്കും വീട്ടുകാര് കടക്കെണിയിൽ ആവും, ഉള്ള സമാധാനവും പോകും.നിങ്ങളീ പറഞ്ഞ സ്വർണം കാരണമല്ലേ അവര് കടക്കെണിയിൽ ആകുന്നത്.
എന്തായാലും നമ്മുടെ കയ്യിൽ കാര്യമായി ഒന്നും ഇല്ലാത്ത കൊണ്ട് നമുക്ക് വല്യ കടങ്ങളും ഇല്ലല്ലോ.അതൊരു കണക്കിന് നല്ലതല്ലേ?
പിന്നെ എന്റെ കാര്യം ഓർത്തു നിങ്ങൾക്ക് വേവലാതിയേ വേണ്ട കാരണം നിങ്ങളെന്നെയും പിള്ളേരെയും നല്ല പോലെ നോക്കുന്നുണ്ട് എനിക്കത് മതി.
എന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ടിട്ടാവണം അവളെന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു, അതേയ് നമ്മുടെ വീട് ചെറുതാണ്,ഇതിന്റെയകം തേച്ചിട്ടില്ല,മുറികൾ ചെറുതാണ്, സൗകര്യം കുറവാണ് പക്ഷെ നമുക്ക് സ്വന്തമെന്ന് പറയാൻ നമ്മളെ ആരും ഇറക്കി വിടാത്ത ഒരു വീടുണ്ട്. ഇതിലും കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
അവളത് പറഞ്ഞ് നിർത്തിയപ്പോൾ കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല.
ചുറ്റുവട്ടത്തുള്ള എല്ലാരും കിടന്നുവെന്ന് തോന്നുന്നു.വാ നമുക്ക്കത്തേക്ക് എണീറ്റു പോയാലോ?എനിക്ക് തണുക്കുന്നു…
കുറച്ചു കൂടി കഴിയട്ടെടി.
ഞാനവളെ എന്റെ അടുത്തേക്ക് ചേർത്തു പിടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു, നിനക്കെന്നോട് ഒരു പരാതിയും ഇല്ലേ?”
അവൾ ചിരിച്ചു.
എന്ത് പരാതി?
സ്വർണം ഇല്ലാത്തതിനോ?
അതൊ
വലിയ വീടില്ലാത്തതിനോ?
“ഞാൻ നിനക്ക് നീയാഗ്രഹിച്ച പോലൊന്നും ചെയ്തു തന്നില്ലല്ലോ അതിന്…..
ഓഹോ!! എന്നാര് പറഞ്ഞു?
ചെറുതാണെങ്കിലും എനിക്ക് രാത്രി സമാധാനമായി കിടന്നുറങ്ങാൻ പറ്റുന്ന ഒരു വീടുണ്ടാക്കി തന്നില്ലേ?
ആവശ്യമുള്ള സാധനങ്ങളൊക്കെയെനിക്ക് വാങ്ങി തരുന്നില്ലേ?
ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം നിനങ്ങളെനിക്ക് തരുന്നില്ലേ?
ഇതൊക്കെ ചെറിയ കാര്യങ്ങളാണോ?
അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.വർഷങ്ങൾക്ക് മുൻപ് അവളെന്റെ കൂടെ എല്ലാം ഉപേക്ഷിച്ചിറങ്ങി വന്നതെനിക്കോർമ്മ വന്നു.
വലിയ സ്വപ്നങ്ങളൊന്നും ഞാനവൾക്ക് കൊടുത്തിരുന്നില്ല.എന്റെ കൂടെ വന്നാൽ “കഷ്ടപ്പെടേണ്ടി വരും” എന്ന് മാത്രമാണ് ഞാനവളോടന്നു പറഞ്ഞത്.
അന്നവൾ ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു,
“കഷ്ടപ്പാട് വന്നാൽ രണ്ടുപേരും കൂടി ചേർന്ന് ചുമന്നാൽ അത് ഭാരമാകില്ലെന്ന്.”
ആ വാക്കിന്നും അവൾ പാലിക്കുകയാണ്.
എത്ര സാധാരണമായി ജീവിക്കുന്ന ഒരു സ്ത്രീയാണവൾ പക്ഷേ അവളുടെ ചിന്തകൾ വളരെ വലുതാണ്.
അപ്പോഴേക്കും മകൻ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ് പുറത്തേക്ക് വന്നു.
“അമ്മേ, അച്ഛാ…എന്താ നിങ്ങളിവിടെ ഇരിക്കുന്നത്?”
“ഒന്നുമില്ല മോനേ,ഞങ്ങൾ മഴ പെയ്യുന്നത് നോക്കിയിരുന്നതാണ്….
ഞാനവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ആഹാ!! ന്നാ എനിക്കും മഴ കാണണം. അവൻ വേഗം ഞങ്ങളുടെ രണ്ടു പേരുടെയും മടിയിലേക്ക് കയറി കിടന്നു…
ഞാനവന്റെ നെറുകിൽ തലോടി.
ഇവിടെ കിടക്കാൻ നല്ല സുഖമാണച്ചാ…
അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു,
അതെ മോനെ ഇവിടെ കിടക്കാൻ നല്ല സുഖമാണ് കാരണം ഈ വീട്ടിൽ സ്നേഹമുണ്ട്….
സന്തോഷമുണ്ട്……
പരസ്പരം മനസ്സിലാക്കുന്ന രണ്ട് മനസ്സുകളുണ്ട്…….
അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചുറങ്ങുന്ന രണ്ടു മക്കളുണ്ട്……
അതിലൊക്കെ വലുതായി നിന്റെയും എന്റെയും സന്തോഷം ഇതുപോലെ നിലനിന്നു പോകാൻ കാരണക്കാരിയായ ഒരു പെണ്ണുണ്ട്..
ആ പെണ്ണാണ് ഈ സന്തോഷങ്ങളുടെയൊക്കെ താക്കോൽ സൂക്ഷിക്കുന്നത്.
അവളീ വീടിന്റെ സമാധാനമാണ്.
അവൾ മിണ്ടാതെ ഉപേക്ഷിച്ച ആഗ്രഹങ്ങളാണ് ഈ വീടിന്റെ ചുമരുകൾ.
അവൾ മറച്ചുവെച്ച സങ്കടങ്ങളാണ് ഈ വീടിന്റെ അടിത്തറ.
അവൾ ചിരിക്കുമ്പോൾ ഈ വീടും ചിരിക്കും.
അവൾ തളർന്നാൽ ഈ വീടും തളരും.
അവൾ മിണ്ടാതെ വിഴുങ്ങിയ ആഗ്രഹങ്ങളുടെയും,മറച്ചു വെച്ച സങ്കടങ്ങളുടെയും,കുടുംബത്തിന് വേണ്ടി ഉപേക്ഷിച്ച സ്വപ്നങ്ങളുടെയും വില ആരും കണക്കാക്കാറില്ല കാരണം അവളുടെ സ്നേഹത്തിനും,ത്യാഗത്തിനും,തൂക്കം നോക്കാൻ പാകത്തിലുള്ള ഒരു തുലാസും ഈ ലോകത്തില്ല മോനെ …
നിങ്ങളെന്താ ഈ ആലോചിക്കുന്നത്?
ഏയ് ഒന്നുമില്ല…
മഴയുടെ ശക്തി കൂടി വന്നു……
അവളെന്റെ കൈയിൽ കൈ ചേർത്തുവെച്ച ശേഷം എന്നോട് ചോദിച്ചു..
അതേയ്,കുറച്ചു കഴിഞ്ഞാൽ നമ്മൾക്ക് രണ്ടാൾക്കും വയസ്സാകും,കുട്ടികൾ രണ്ടാളും അവരുടെ ജീവിതത്തിലേക്ക് പോകും അപ്പോഴും ഇങ്ങനെ ഉമ്മറത്തിരുന്നു മഴ കാണാൻ നിങ്ങളെന്റെ കൂടെ ഉണ്ടാകില്ലേ?
എന്താ മിണ്ടാത്തെ?….അവളെന്റെ നേരെ സ്നേഹത്തോടെ നോക്കി……
ഞാനവളെ എന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ച ശേഷം ആ കവിളിൽ ഒരുമ്മ കൊടുത്തല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല.
കാരണം ചില സ്നേഹങ്ങൾക്ക് മറുപടി വാക്കുകളാൽ നൽകാൻ കഴിയില്ല 🥰
NB:വലിയ വീടുകളല്ല സന്തോഷം ഉണ്ടാക്കുന്നത്.സ്വർണ്ണമല്ല സമാധാനം വാങ്ങിത്തരുന്നത്.പണവും സമ്പത്തുമല്ല കുടുംബത്തെ ചേർത്ത് നിർത്തുന്നത്.
ഒരാൾ മറ്റൊരാളെ മനസ്സിലാക്കുന്ന സ്നേഹമാണ് ഒരു വീടിനെ വീടാക്കുന്നത്.
രചന ഇഷ്ടം ആയാൽ എന്തേലും രണ്ടു വരി എനിക്ക് വേണ്ടി……
സ്നേഹപൂർവ്വം
അച്ചു വിപിൻ