ഒരുപാട് വേദനിക്കോ?
അവൻ എന്നോട് പേടിയോടെ ചോദിച്ചു…
എവിടുന്ന്???
ഒരു കുഞ്ഞുറുമ്പ് കടിക്കുന്ന പോലെയെ ഉണ്ടാവുള്ളു…
മോനാ കയ്യൊന്നു നീട്ടിക്കേ…
പീഡിയാട്രിക് വാർഡിലു പുതിയതായി അഡ്മിറ്റ് ചെയ്ത രണ്ടു വയസ്സുകാരനാണ്.
പനി കുറയാതെ വന്നതുകൊണ്ട് ഡോക്ടർ ഐ.വി മരുന്ന് തുടങ്ങാൻ പറഞ്ഞു.അതിന് കാനുല ഇടണം.അതിന്റെ അച്ഛൻ ആണെങ്കിൽ കുഞ്ഞിനെ അയാളുടെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.
“സിസ്റ്റർ, വളരെ വേദനിക്കുമോ?” അയാളുടെ ശബ്ദം വിറച്ചു.
ഞാൻ ചെറുതായി ചിരിച്ചു.
ഏയ് ഈ സൂചി ഒന്ന് കയറുന്ന സമയത്ത് ഒരിച്ചിരി,ഒരു ചെറിയ നിമിഷം മാത്രം.പേടിക്കണ്ട കാര്യം ഒന്നുമില്ല.
ഞാൻ കുഞ്ഞിന്റെ ചെറിയ കൈ എന്റെ കൈകളിൽ എടുത്തു. ആ കൈകൾ എത്ര ചെറുതായിരുന്നുവെന്ന് പറയാൻ വാക്കുകളില്ല. വിരലുകൾ പോലും പൂവിന്റെ ഇതളുകൾ പോലെ.
“മോനേ…ആ കയ്യൊന്നു നീട്ടിക്കേ സിസ്റ്റർ ഒരു മാജിക്ക് ചെയ്യാം ?
അവൻ വലിയ കണ്ണുകളോടെ എന്നെ നോക്കി.
അടുത്ത നിമിഷം അവൻ കൈ നീട്ടിയതും കൂടെ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഞ്ഞിനെ പിടിച്ചു.കുഞ്ഞ് കരയാൻ തുടങ്ങി. അവന്റെ അച്ഛന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
എന്റെ കൈകൾക്ക് രണ്ട് മൂന്നു വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നെങ്കിലും അന്ന് മനസ്സൊന്ന് വിറച്ചു.ആദ്യമായിട്ടാണ് ഒരച്ഛൻ കരയുന്നത് ഞാൻ കാണുന്നത്.
ആ ചെറിയ കൈയിലെ ഞ്ഞെരമ്പ് കണ്ടെത്തി ഞാൻ കാനുല കുത്തി.
“അമ്മേ….”
ആ ഒരു വിളി വാർഡിന്റെ ചുവരുകൾ കടന്ന് നേരെ എന്റെ ഹൃദയത്തിലേക്കാണ് വന്നത്.
കാനുല ശരിയായി കയറി.ടേപ്പ് ഒട്ടിച്ചു.
കുഞ്ഞപ്പോഴും കരയുകയാണ്.
ഞാൻ അവന്റെ തലയിൽ മെല്ലെ തലോടി.
കഴിഞ്ഞു മോനേ…ഇനി സിസ്റ്റർ ഒന്നും ചെയ്യില്ല.നല്ല കുട്ടി ആയിട്ടിരുന്നാൽ ആന്റി നാളെ ഒരു സൂത്രം കൊണ്ട് വരാം..
എന്ത് ഷൂത്രം…അവൻ കരച്ചിൽ നിർത്തി..
അതൊക്കെയുണ്ട്,നാളെയാവട്ടെ.
അവന്റെ അച്ഛൻ അവനെ ചേർത്ത് പിടിച്ചു.
അത് കണ്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു,പേടിക്കണ്ട പനിക്കുള്ള മരുന്ന് ഇതിൽ ഇൻജെക്ട് ചെയ്തിട്ടുണ്ട്.രാവിലെ ആകുമ്പോഴേക്കും കുറഞ്ഞോളും.
പനി കുറഞ്ഞില്ലെങ്കിൽ മാത്രം കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടി വരും.
അയാൾ ഇട്ടിരുന്ന മാസ്ക് മാറ്റിയ ശേഷം ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.
അന്നേരമാണ് ഞാനാ മുഖം ശ്രദ്ധിക്കുന്നത്.
കിരൺ…. ഞാൻ അറിയാതെ പറഞ്ഞു പോയി…ഇത് താനായിരുന്നോ?
ആ അതെ എന്നെ അറിയുമോ?
ആ അറിയും ഞാൻ സുരഭി…
ഞാനും രമ്യയും സെന്റ്.തോമസിൽ ഒരുമിച്ചായിരുന്നു.താൻ എന്നും വൈകിട്ട് ബസ്റ്റോപ്പിൽ രമ്യയോട് സംസാരിച്ചു നിൽക്കാറില്ലേ, അന്നേരം അവളുടെ കൂടെ ഞാനും ഉണ്ടായിരുന്നു.
ആ ഇപ്പൊ ചെറുതായിട്ട് ഓർമ വരുന്നുണ്ട്.അയാൾ ചിരിച്ചു.
നിങ്ങള് രണ്ടാളും ഒളിച്ചോടിയതിൽ പിന്നെ അവളെ ഞാൻ കണ്ടിട്ടേയില്ല.അവൾക്ക് സുഖാണോ?
മ്മ്…അയാൾ തലയാട്ടി.
പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കിരണിന്റെ മുഖം മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല.എനിക്ക് കിട്ടേണ്ടിയിരുന്ന ഭാഗ്യമാണ് രമ്യ കൊണ്ടുപോയത്.സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടേ എനിക്ക് കിരണിനെ ഇഷ്ടമായിരുന്നു.
വായിക്കാൻ ഒരുപാടിഷ്ടമുള്ള കിരണിന് ഞാൻ എഴുതുന്ന കഥകളും കവിതകളും രമ്യയാണ് കൊണ്ടുക്കൊടുത്തിരുന്നത്.
ഒരിക്കൽ ഇഷ്ടമാണെന്നൊരു കത്തു കൂടി ഞാൻ കിരണിന് വേണ്ടി രമ്യയുടെ കയ്യിൽ കൊടുത്തു വിട്ടു പക്ഷെ കിരണാ കത്ത് രമ്യ കൊടുത്തതെണെന്നു തെറ്റിദ്ധരിച്ചു..
ഒടുക്കം അവര് രണ്ടാളും ഒന്നായി…ഒക്കെ എന്റെ വിധി.
പിറ്റേ ദിവസം വൈകിട്ട് നൈറ്റ് ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വാർഡിൽ ഉണ്ടായിരുന്ന സിസ്റ്റർ എന്നോട് പറഞ്ഞു,
അതേയ് ഇന്നലെ അഡ്മിറ്റ് ചെയ്ത ആ കുഞ്ഞിന് ന്യുമോണിയ ആണ് കുറച്ച് കെയർ കൊടുക്കണം.
ഞാൻ വേഗം തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്ത ശേഷം കുഞ്ഞു കിടന്നിരുന്ന റൂമിലേക്ക് ചെന്നു.അവൻ നിർത്താതെ കരയുന്നുണ്ടായിരുന്നു.
എന്തിനാ മോൻ കരയുന്നത്?
ഞാൻ കിരണിനെ നോക്കി…
വിശന്നിട്ടായിരിക്കും സുരഭി,ഇന്ന് രാവിലെ മുതലിവൻ മര്യാദക്കൊന്നും കഴിച്ചിട്ടില്ല.
ഞാൻ ടേബിളിലേക്ക് നോക്കി അവിടെ ഫോർമുല മിൽക്കിനുള്ള പൗഡർ ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ അത് നോക്കിയ ശേഷം അയാളോട് പറഞ്ഞു,താൻ ഒരു കാര്യം ചെയ്യു ആ പൗഡർ മിക്സ് ചെയ്തു തരു കുഞ്ഞിന് ഞാൻ പാല് കൊടുക്കാം…
അയാൾ മൂന്നാല് സ്പൂൺ പൗഡർ കുപ്പിയിലേക്ക് ഇട്ട ശേഷം ഫ്ലാസ്കിൽ നിന്നും തിളച്ച വെള്ളം അതിലേക്ക് ഒഴിച്ചു.
അയ്യോ!!!!അങ്ങനെയല്ല. ഇതിനൊക്കെ അളവും കാര്യങ്ങളുമുണ്ട്.തോന്നിയ പോലെ ഒക്കെ പൗഡർ ആഡ് ചെയ്താൽ കുഞ്ഞിന് ഇൻഫെക്ഷൻ ആവും.ഇങ്ങു തരു ഞാൻ ഉണ്ടാക്കാം…
ഞാൻ അതയാളുടെ കയ്യിൽ നിന്നും മേടിച്ച ശേഷം പൗഡർ മിക്സ് ചെയ്യേണ്ടത് എങ്ങനെ ആണെന്ന് കാണിച്ചു കൊടുത്തു.
മിക്സ് റെഡിയായ ശേഷം ഞാനാ കുഞ്ഞിനെ മടിയിൽ ഇരുത്തി സാവധാനം അതിനു പാൽ കൊടുത്തു. വയറു നിറഞ്ഞത് കൊണ്ടാവാം അവൻ പെട്ടെന്ന് തന്നെ ഉറങ്ങി…
കുഞ്ഞിനെ ബെഡിലേക്ക് കിടത്തിയ ശേഷം ചുറ്റും ഞാൻ കണ്ണോടിച്ചു…
രമ്യ എവിടെ?
അവളോട് കൂടി ഇങ്ങോട്ട് വരാൻ പറയു. താനെങ്ങനെയാണ് ഈ കുഞ്ഞിനെയും കൊണ്ട് ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത്?
അവള്……
അവള് വരില്ല സുരഭി …അവള് പോയി
അയ്യോ സോറി…ഞാൻ അറിഞ്ഞില്ല എന്നായിരുന്നു???…
അതല്ല….അവന്റെ അമ്മ ജീവനോടെ തന്നെ ഉണ്ട്.. എന്നേക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ അവളവന്റെ കൂടെ പോയി.കഴിഞ്ഞയാഴ്ച ആയിരുന്നു ഞങ്ങളുടെ ഡിവോഴ്സ്. കുഞ്ഞിനെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞിവനെ എന്റെ കയ്യിൽ തന്നിട്ട് അവളങ്ങു പോയി..
അതിൽ എനിക്ക് സന്തോഷമേയുള്ളൂ.എന്റെ കൊച്ചിനെയവൾ കൊന്നില്ലല്ലോ….
ഒരു നിമിഷം ഞാനാ മനുഷ്യന്റെ മുഖത്തേക്ക് നോക്കി നിന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ ക്ഷീണവും,ഉള്ളിൽ ഒളിപ്പിച്ച വേദനയും ആ മുഖത്ത് വ്യക്തമായിരുന്നു.
ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ തലയിൽ അയാൾ മെല്ലെ തലോടി.
ഇവനെ മര്യാദക്ക് നോക്കാൻ എനിക്ക് പറ്റുമോ എന്ന പേടിയാണ് സുരഭി.
ഇവനുള്ള പാൽ ഉണ്ടാക്കാൻ പോലും എനിക്കറിയില്ലായിരുന്നു.ഇന്നലെ രാത്രി പനി കൂടിയപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.അയാളുടെ കണ്ണുകളിൽ വീണ്ടും കണ്ണുനീർ നിറഞ്ഞു.
തനിക്ക് നല്ല ഉറക്കത്തിന്റെ കുറവുണ്ട്. മോന്റെ അടുത്തു ഞാൻ ഇരുന്നോളാം.. ആദ്യം താൻ സമാധാനായിട്ട് കിടന്നൊന്നുറങ്ങാൻ നോക്കു. ഒക്കെ ശരിയാവും.
അടുത്ത ദിവസങ്ങൾ കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു.ന്യുമോണിയ ആയതുകൊണ്ട് നെബുലൈസേഷനും, ഇൻജക്ഷനുകളും,മരുന്നുകളും എല്ലാം ഉണ്ടായിരുന്നു.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞാനവന് വാഗ്ദാനം ചെയ്തിരുന്ന “സൂത്രം” കൊണ്ടുവന്നു.ചെറിയ ഒരു കളിപ്പാട്ടക്കാർ.
“ഇതാണോ ആന്റി ഷൂത്രം?”
അവനെനെ നോക്കി ഉറക്കെ ചിരിച്ചു.
അന്നാദ്യമായാണ് അവൻ എന്നെ നോക്കി ചിരിച്ചത് അത് കണ്ടപ്പോൾ എനിക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ആ കുഞ്ഞുമായി ഞാൻ വല്ലാതെയടുത്തു…അതിലേറെ കിരണിനെയെന്നും അടുത്ത് കാണാൻ പറ്റുന്നുണ്ടല്ലോ എന്ന സന്തോഷവും എനിക്കുണ്ടായിരുന്നു.
ഓരോ ദിവസവും അയാളെ കാണാമല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ ഹോസ്പിറ്റലിലേക്ക് ചെല്ലുന്നത്.അയാൾക്ക് വേണ്ടി ഞാൻ അണിഞ്ഞൊരുങ്ങി കാരണം ഇപ്പഴും ഞാനയാളോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ട്..
ഒരു ദിവസം രാത്രി കുഞ്ഞിന്റെ അടുത്തിരിക്കവേ ഞാനയാളോട് പറഞ്ഞു,
അതേയ്,താൻ വളരെ ചെറുപ്പമാണ്.അവള് പോണെങ്കിൽ പോട്ടെ എല്ലാരും അവളെ പോലെ ആവണം എന്നില്ലല്ലോ.ചിലപ്പോ തന്നെ സ്നേഹിക്കുന്ന ഏതെങ്കിലും ഒരു പെൺകുട്ടി ഉണ്ടെങ്കിലോ?വേണമെങ്കിൽ ഒരു വിവാഹത്തെ പറ്റി ഇനിയും ചിന്തിക്കാം
ഓ!!! ഇനി വേണ്ടാ.ഒരെണ്ണം വന്നെന്റെ ജീവിതത്തിന്റെ അടിവേര് ഇളക്കിയിട്ടാ പോയത്,ഇനി അടുത്തത് എങ്ങനെ ആവുമെന്നെങ്ങനെയറിയാം…
ആര് പറഞ്ഞു, ഇയാളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണ് മുന്നിൽ തന്നെയുണ്ടല്ലോ അതെന്താ കാണാത്തെ?
ഞാൻ മനസ്സിൽ ചോദിച്ചു…
താൻ എന്തേലും പറഞ്ഞോ? അയാളെന്റെ നേരെ നോക്കി.
ഏയ് ഒന്നുമില്ല.ഞാൻ കണ്ണ് ചിമ്മി…
അന്ന് വൈകിട്ട് റൗണ്ടിന് വന്ന ഡോക്ടർ പറഞ്ഞു.
“കുഞ്ഞിനിപ്പോൾ ഭേദമുണ്ട്.നാളെ രാവിലേ ഡിസ്ചാർജ് ചെയ്യാം.”
അത് കേട്ടപ്പോൾ അയാളുടെ മുഖത്ത് ആദ്യമായി ഒരു സമാധാനം കണ്ടു…
ഡോക്ടർ പോയപ്പോൾ ഞാൻ അയാളോട് പറഞ്ഞു,അതേയ് ഡോക്ടർ അങ്ങനെയൊക്കെ പറയും വേണമെങ്കിൽ ഒന്നു രണ്ടു ദിവസം കൂടി ഇവിടെ കിടക്കാം കേട്ടോ….മോന് ശരിക്കും സുഖായിട്ട് പോയാ മതിയെന്നെ….
ഏയ്,കുഴപ്പമില്ല എന്നാണല്ലോ ഡോക്ടർ പറഞ്ഞത്. അല്ലെ തന്നെ ഈ മുറിക്കുള്ളിൽ ഇരുന്നിരുന്നെനിക്ക് മടുത്തു.ലീവും അധികമില്ല.
അങ്ങനെ രണ്ടു ദിവസം കൂടി അയാളെ കണ്ടോണ്ടിരിക്കാം എന്നയെന്റെയാ ആഗ്രഹവും നൈസ് ആയിട്ടങ്ങു പാളി.
പിറ്റേ ദിവസം രാവിലെ ഡിസ്ചാർജ് പേപ്പറുകൾ തയ്യാറാക്കുമ്പോൾ
കിരണിന്റെ കുഞ്ഞെന്റെ അടുത്തേക്ക് വന്ന ശേഷം ചോദിച്ചു,
ആന്റിയും കൂടെ വരോ വീട്ടിലേക്ക്..
അത് മോൻ പോയി മോന്റെ അച്ഛനോട് ചോദിക്ക്..
ആന്റിക്ക് മോന്റെ അച്ഛനെ ഒരുപാട് ഇഷ്ടമാണ്, ആന്റിയെ കൂടെ വീട്ടിലേക്ക് കൊണ്ടുപോകുമോ എന്ന്….
ചോദിക്കോ?
ആ.. അവൻ തലയാട്ടി…
അത് മാത്രം പറഞ്ഞാ പോരാ, ആന്റിക്ക് മോന്റെ അച്ഛനെ ഒരുപാട് ഒരുപാട് ഇഷ്ടമാണെന്ന് കൂടി പറയണം.
ഹാ!!!അതിന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടമൊന്നുമല്ല മോനെ..
നിന്റെ അച്ഛനെ എനിക്ക് എന്ത് മാത്രം ഇഷ്ടമാണെന്ന് എനിക്ക് പോലും അറിഞ്ഞൂടാ..
പക്ഷെ നിന്റെ മണ്ടനായ അച്ഛൻ അത് തിരിച്ചറിഞ്ഞില്ല..അങ്ങേർക്ക് വേണ്ടി ഈ ആന്റി രാത്രി മുഴുവൻ ഉറക്കമുളച്ചു കഥകലെഴുതി,കവിതകൾ എഴുതി എന്തിനേറെ പറയുന്നു ഇഷ്ടമാണെന്ന് വരെ കത്തെഴുതി കൊടുത്തു വിട്ടു എന്നിട്ടോ…
എന്നിട്ടെന്താ ആ പൊട്ടൻ നിന്റെ അമ്മേനെ പോയങ്ങു കല്യാണം കഴിച്ചു..അപ്പൊ ഞാനാരായി മണ്ടി മരമണ്ടി…
ഈ ആന്റിയിപ്പോ നിന്റെ അച്ഛനെ ഓർത്തു മാനസ മൈനേ പാടി നടക്കുവാണ്.
അന്ന് ഞാനെന്റെ ഇഷ്ടം നിന്റെ അച്ഛനോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്റെ ഒക്കത്തിരിക്കണ്ട കൊച്ചാ നീ…
അത് വല്ലോം അറിയോ നിനക്ക്…അറിയോന്ന്????…..
സുരഭീ….
പുറകിൽ നിന്നുമുള്ള വിളി കേട്ട് ഞാൻ ഞെട്ടി…
ദൈവമേ ഞാൻ പറഞ്ഞത് മുഴുവൻ കേട്ടു കാണുമോ?
പതിയെ തിരിഞ്ഞു നോക്കുമ്പോൾ വാതിലിനരികിൽ കിരൺ നിൽക്കുകയായിരുന്നു.
അയാൾ പതിയെ എന്റെ അടുത്തേക്ക് നടന്നു വന്നു.
എന്റെ ചങ്കിടിക്കാൻ തുടങ്ങി…
നീ കുഞ്ഞിനോട് പറഞ്ഞതൊക്കെ സത്യമാണോ?
ആണോന്ന്?
എന്ത്????? ഞാൻ തലകുനിച്ചു..
ദേ!സുരഭി…ഉരുണ്ടു കളിക്കല്ലേ,ഞാൻ എല്ലാം കേട്ടു.”
സോറി… ”
അയാൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
“ആ കത്ത്…അത് നിന്റേതായിരുന്നോ?”
അതെ…ഞാൻ പതിയെ തലയാട്ടി.
രമ്യ തന്നപ്പോൾ അതവളുടെ കത്താണെന്ന് ഞാൻ കരുതി. ഒരിക്കലും നിന്നെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല എന്നല്ല…പക്ഷേ നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.”ആ കഥകളും കവിതകളും രമ്യ എഴുതിയതാണെന്നാണ് ഞാൻ കരുതിയത്.അയാൾ നിന്നു കിതച്ചു.
എന്റെ കണ്ണുകൾ നിറഞ്ഞു.
“ഇത്ര വർഷം കഴിഞ്ഞിട്ട് ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം കിരൺ? എല്ലാം കഴിഞ്ഞില്ലേ?”
അയാൾ ജനലിനരികിലേക്ക് നടന്നു.
ജീവിതത്തിൽ ചില കാര്യങ്ങൾ വൈകിയാണ് മനസ്സിലാവുക സുരഭി. ഞാൻ നിന്റെ സ്നേഹം തിരിച്ചറിയാൻ വൈകി.
ഇപ്പൊ ഞാൻ പഴയ കിരൺ അല്ല ഒരു കുഞ്ഞിന്റെ അച്ഛനാണ്..നീ വിവാഹം കഴിച്ചിട്ടില്ല നിനക്ക് നല്ലൊരാളെ ഇനിയും കിട്ടും…വെറുതെ നീ എനിക്ക് വേണ്ടി……..
അപ്പോഴേക്കും കുഞ്ഞോടിവന്നു.
“അച്ഛാ…ആന്റി വീട്ടിലേക്ക് വരുമോ?”
കിരൺ അവനെ എടുത്ത ശേഷം പറഞ്ഞു
ആന്റിക്ക് ഒരുപാടു ജോലിയുണ്ട് മോനെ….
“വരോ ആന്റി?”
അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു വേദനയും സ്നേഹവും ഒരുമിച്ച് മനസ്സിലേക്ക് വന്നു.
ഞാൻ അവന്റെ കവിളിൽ തലോടി.
“മോന് അസുഖം ഒക്കെ പൂർണ്ണമായി മാറട്ടെ. പിന്നെ ആലോചിക്കാം..
അതിനു ശേഷം ഞാൻ കിരണിനെ നോക്കി പറഞ്ഞു,താൻ ഒരു വിവാഹം കഴിച്ചതൊന്നും എനിക്ക് പ്രശ്നമല്ല.ഇയാളുടെ മനസ്സ് മാറിയാൽ പറയണം,ഞാൻ കാത്തിരിക്കും കാരണം ഇയാളെ എനിക്ക് ഇപ്പഴും ഇഷ്ടാണ്.
അയാൾ ഒന്നും മിണ്ടിയില്ല.ഡിസ്ചാർജ് കഴിഞ്ഞവർ പോയി.ദിവസവും കാണാറുണ്ടായിരുന്ന ചെറിയ ചിരിയും കുഞ്ഞിന്റെ കളികളും അതിലേറെ ഞാൻ സ്നേഹിച്ചിരുന്ന ആ മനുഷ്യന്റെ സാമിപ്യവും ഇല്ലാതായെന്നെനിക്ക് തോന്നി.
പക്ഷെ അതുകൊണ്ടൊന്നും ഞാൻ നിർത്തിയില്ല ഇടയ്ക്കിടെ ആ കുഞ്ഞിന്റെ വിശേഷം അറിയാൻ എന്ന മട്ടിൽ ഞാൻ വിളിക്കും.കുഞ്ഞിനോടു ഞാൻ വീഡിയോകോളിൽ ഒരുപാട് സംസാരിക്കുമെങ്കിലും കിരൺ ഒരിക്കൽ പോലും എന്നോട് സംസാരിക്കാൻ കൂട്ടായാക്കിയിരുന്നില്ല.
മാസങ്ങൾ കടന്നുപോയി.
ഒരു ദിവസം രാത്രി കിരൺ എനിക്ക് മെസ്സേജ് അയച്ചു.നാളെ വൈകിട്ട് പബ്ലിക് പാർക്കിൽ ഒന്ന് വരാമോ?
ഓം ശാന്തി ഓശാനയിൽ നിവിൻ പോളി കൊടുത്ത ഓലക്കുട കിട്ടിയ നസ്രിയയെ പോലെ ഞാൻ തുള്ളിച്ചാടി.
വരാം..
ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
ഞാൻ പിറ്റേ ദിവസം എനിക്കിഷ്ടപ്പെട്ട ഒരു സാരിയെടുത്തുടുത്ത ശേഷം പാർക്കിലേക്ക് ചെന്നു.
കുഞ്ഞ് പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞാൻ കിരൺ ഇരുന്ന ബെഞ്ചിൽ ചെന്നിരുന്നു.കുറച്ചു നേരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.
അല്പം കഴിഞ്ഞപ്പോൾ കിരൺ പതിയെ എന്നോട് പറഞ്ഞു.
“എനിക്കിപ്പോഴും പേടിയുണ്ട് സുരഭി.”
“എന്തിന്?”
ഒരിക്കൽ കൂടെ എനിക്ക് തെറ്റ് പറ്റുമോ എന്നൊരു പേടി…
ഞാൻ അയാളെ നോക്കി.
“എല്ലാ മനുഷ്യരും ഒരുപോലെയല്ല കിരൺ.
എന്നാലും.ഇത് ശരിയാകുമെന്ന് തോന്നുന്നില്ല…എന്നെ പോലൊരാൾ നിനക്ക് സെറ്റാവില്ല.
ദേ!!!വിളിച്ചു വരുത്തിയിട്ട് ചോറില്ലെന്ന് പറയുന്നോ?
ഇഷ്ടമാണെന്ന് ചങ്ക് കീറി കാണിക്കാൻ പറഞ്ഞാൽ അതിനും തയ്യാറായിട്ടാണ് ഞാനിപ്പോൾ നിക്കുന്നത്.ഇതിൽ കൂടുതൽ ഒരു പെണ്ണ് എങ്ങനെയാണു താഴുന്നത്. ഈ ലോകത്ത് കല്യാണം കഴിക്കാൻ വേറെ ചെക്കന്മാർ ഇല്ലാത്ത കൊണ്ടല്ല വട്ടു പിടിക്കുന്ന പോലെ തന്നോടെനിക്ക് ഇഷ്ടം തോന്നിപ്പോയത് കൊണ്ടാ,അതിനി മാറ്റാൻ പറ്റില്ലന്നു പറഞ്ഞാ പറ്റില്ല.
എടൊ താൻ പതുക്കെ പറ… ആളുകൾ കേൾക്കും…
കേൾക്കട്ടെ..എല്ലാരും കേൾക്കട്ടെ.
അയാൾ എന്റെ കൈയിൽ പിടിച്ച ശേഷം ബെഞ്ചിലേക്കിരുത്തി.
“നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ?”
എടൊ പൊട്ടാ ഇഷ്ടം അല്ലെങ്കിൽ പിന്നെ ഇതുപോലെ സാരിയൊക്കെ ഉടുത്തു തന്നെ കാണിക്കാൻ വരോ ഞാൻ….ഇത്രേം കണ്ടിട്ടും എന്റെ സ്നേഹം മനസ്സിലാകാത്ത താൻ പൊട്ടനാ മരപ്പൊട്ടൻ…
ഒരിക്കൽ എന്റെ ഇഷ്ടത്തിന്റെ ഫസ്റ്റ് ഹാഫിൽ രമ്യ തടസം നിന്നു അതെന്റെ വിധിയാണെന്നു കരുതി ഞാൻ സമാധാനിച്ചു.ഒക്കെ ഞാൻ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ ക്ലൈമാക്സിൽ ബേബി ശാലിനിയുമായി മമ്മൂട്ടി വരുന്നത് പോലെ താൻ ദേ പിന്നെയും എന്റടുത്തേക്ക് കടന്നു വന്നു.ഇതെങ്കിലും എനിക്ക് ഹാപ്പി എൻഡിങ് ആക്കണം.
ഞാനയാളുടെ കയ്യിൽ മുറുക്കെ പിടിച്ചമർത്തി…
അയാൾക്ക് ചിരി പൊട്ടി..
ഞാൻ ഇത്രയും നെഞ്ചു പൊട്ടി പറയുമ്പോൾ താൻ ചിരിക്കുന്നൊ?
അതോടൊപ്പം വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന എന്റെ സ്നേഹം കണ്ണുനീരായി പുറത്തുവന്നു.
അപ്പോഴാണ് കുഞ്ഞോടി വന്ന് ഞങ്ങളുടെ ഇടയിൽ നിന്നത്.
“അച്ഛാ…ദേ!ആന്റി കരയുന്നു.”
ഇനിയീ ആന്റി കരയില്ല മോനെ.
ആന്റിയെ നമുക്ക് വീട്ടിലേക്ക് കൊണ്ടുപോകാം.
ശരിക്കും???
അതേയെന്ന അർത്ഥത്തിൽ അയാളെന്റെ നേരെ നോക്കി കണ്ണുകൾ ചിമ്മി…
അത് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ എന്നറിയില്ല,ഞാനാ കുഞ്ഞിന്റെ കയ്യിൽ തുരു തുരെ ഉമ്മ വെച്ചു …
കാരണം പണ്ടൊരു ദിവസം കാനുല കുത്തിയ ആ കുഞ്ഞു കൈയിൽ നിന്നാണെന്റെ ജീവിതം തന്നെ തുടങ്ങിയത്.
അച്ചു വിപിൻ