ഇന്നല്ലേ ഏട്ടാ ശരാധേടത്തിയുടെ മോന്റെ കുഞ്ഞിന്റെ നൂല് കെട്ട്.. “” ഉച്ചക്ക് അത്രടം വരെ ഒന്ന് കേറിയില്ലെങ്കിൽ മോശല്ലേ…. ഏട്ടനു സമയം ഇല്ലങ്കിൽ ഞാൻ പോവാം.. “”
എനിക്ക്…എനിക്ക് ആ കുഞ്ഞിനെ ഒന്ന് കാണുവെങ്കിലും ചെയ്യാല്ലോ.. “”
ഹേമ കൊതിയോടെ പറയുമ്പോൾ ഓഫീസിലേക്ക് പോകാനായി ഒരുങ്ങുന്ന ശരത് കണ്ണാടിയുടെ മുൻപിൽ നിന്നും ചിരിയോടെ തിരിഞ്ഞു…
താൻ പോടോ.. “” എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിക്കോ ഞാൻ ക്യാഷ് ഇട്ടേക്കാം… “” പിന്നെ അവിടെ നിന്ന് വന്നിട്ട് ഇരുന്നു കരയരുത് കഴിഞ്ഞ അഞ്ചു വര്ഷം ആയി ഞാൻ കാണുന്നത് അല്ലെ….. പലരും ചോദിക്കും കുട്ടികൾ ആയില്ലേ..? നോക്കുന്നില്ലേ…? ആർക്കാ കുഴപ്പം എന്നൊക്കെ…
വർഷം കുറെ ആയില്ലേ ഇത് കേട്ടു മടുക്കാൻ തുടങ്ങിയിട്ട്…. മുഖത്ത് നോക്കി പറഞ്ഞോണം ജീവിതം ആസ്വാധിച്ചിട്ടേ കുഞ്ഞിനെ കുറിച്ചു ചിന്തിക്കുന്നുള്ളു എന്ന്.. “”
ശരത് അവളുടെ കവിളിൽ തട്ടി പോകുമ്പോൾ അവൾ ഒന്ന് ചിരിച്ചു…വിഷാദം ഒളിപ്പിച്ച ചിരി.. “”
ശരിയാണ് കഴിഞ്ഞ അഞ്ചു വർഷം ആയി എന്നും കേട്ടു കൊണ്ടിരിക്കുന്ന കാര്യം ആണ് ഇത്….. കേട്ടു തഴമ്പിച്ച വാക്കുകൾ മുറിവ് ഏല്പിക്കുമ്പോൾ കരയാൻ മറന്നു പോയിരുന്നു… മുഖത്ത് ചിരി വരുത്താൻ അറിയാതെ പഠിച്ചു പോയി…
പെട്ടന്ന് തന്നെ നൂല് കെട്ടിന് പോകാൻ ഒരുങ്ങി കഴിഞ്ഞപ്പോൾ തന്നെ ഏട്ടൻ പറഞ്ഞ ക്യാഷ് ഫോണിൽ ക്രെഡിറ്റ് ആയി….. “” നേർത്ത ചിരിയോടെ അതുമായി മുറിക്ക് പുറത്തു ഇറങ്ങുമ്പോൾ ഡൈനിങ് ടേബിളിനു മുൻപിൽ ഉണ്ട് ഏട്ടന്റ് അമ്മയും പെങ്ങൾ നീലിമയും .. “”
പെങ്ങൾ അവളുടെ രണ്ട് വയസ് ആയ കുഞ്ഞിന് കുറുക്കു കൊടുക്കുകയാണ്… എന്നെ കണ്ടതും അവൾ അതിൽ നിന്നും അൽപ്പം എടുത്തു താഴേക്ക് കളഞ്ഞു… ഇന്ന് അത് എനിക്ക് ഒരു നോവ് അല്ല എന്നും കാണുന്നതാണ് അത്…””
അല്ല ഹേമ രാവിലെ എങ്ങോട്ട് ആണ് ഒരുങ്ങി പോകുന്നത്… രാവിലെ ഒന്നും പറഞ്ഞില്ലല്ലോ.. “” അമ്മയുടെ ചോദ്യം ആണ്…
അത്… അത് പിന്നെ ശരാധേടത്തിയുടെ വീട്ടിൽ… ഇന്ന് അല്ലെ നൂല് കെട്ട്… ഏട്ടൻ പോയ്കോളാൻ പറഞ്ഞു….. “” ചെറിയ ചമ്മലോടെ ആണ് അത് പറഞ്ഞത്…
ഹേമേ പറയുന്നത് കൊണ്ട് വിഷമം തോന്നാരുത്… “” ശാരധ ഇവിടെ വന്നു വിളിച്ചു എന്നത് നേര്.. അത് അവളുടെ മര്യാദ… പക്ഷെ പോകാതെ ഇരിക്കേണ്ടത് നിന്റ മര്യാദ ആണ്…
മച്ചി പെണ്ണുങ്ങൾ ഇങ്ങനെയുള്ള ചടങ്ങിൽ പോകാൻ പാടില്ല…കൊച്ചിന് വല്ല ദീനവും വന്നാൽ അത് നിന്റ തലയിൽ ഇരിക്കും….””””
അമ്മ എടുത്ത് അടിച്ചത് പോലെ പറയുമ്പോൾ ഒരു ഞെട്ടലോടെ ആണ് തല ഉയർത്തിയത്…ആ നിമിഷം കരയാൻ മറന്നു പോയ കണ്ണുകൾ ഓർമ്മകൾ തിരികെ കിട്ടിയ നിമിഷം കലങ്ങി മറിഞ്ഞു താഴേക്ക് ഒഴുകി…
ഇതൊക്കെ എന്ന നീ ഇനി പഠിക്കുവാ ഹേമേ… പ്രായം പത്തു മുപ്പത്തി രണ്ട് ആയില്ലേ.. ആരെങ്കിലും പറഞ്ഞു തരണോ..അതെങ്ങെനെ ഇവളുടെ അഹമ്മതിയ്ക്ക് താളം തുള്ളുന്നത് അവൻ അല്ലെ… “”
ഭാര്യയെ ഒന്നും പറയാൻ പറ്റില്ല… പെറാത്തത് അവളുടെ കുറ്റം അല്ലെന്ന് അല്ലെ അവന്റ ഭാഗം…. ദൈവം തരുമ്പോൾ തരട്ടെ എന്ന്…. അതിന് ഭാഗ്യം വേണം….”
നീ എന്തായാലും ചടങ്ങിന് പോകുന്നില്ല അവൻ അയച്ചു തന്ന കാശ് ഇവളുടെ അക്കൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്തേക്ക്.. ഞങ്ങളു പോയ്കൊള്ളാം…””
അമ്മയുടെ ആ വാക്കുകളിൽ നിന്നും മനസിലായിരുന്നു അകത്തു നടന്നത് ഒക്കെയും കേട്ടിട്ടുള്ള നാടകം ആണെന്ന്…
തിരിച്ചു മറുപടി പറയാൻ ഒന്ന് തന്നെ ഇല്ലായിരുന്നത് കൊണ്ട് ഒരുങ്ങിയത് പോലെ തന്നെ തിരികെ മുറിയിലേക്ക് പോകുമ്പോൾ അവളുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി….
നിഷ്കളങ്കമായി ചിരിക്കുന്ന ആ കുഞ്ഞിനെ ഒന്ന് എടുക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്…അവിടെയാണ് ആദ്യത്തെ വിലക്ക് വീണത്…..
സത്യം പറഞ്ഞാൽ അമ്മയും നീലിമയും ഇങ്ങനെ ആയിരുന്നില്ല നല്ല സ്നേഹം ആയിരുന്നു രണ്ട് പേർക്കും എന്നോട്……
ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം ശരത്തെട്ടന്റെ കൈ പിടിച്ചു ഈ വീട്ടിലേക്ക് വരുമ്പോൾ കുഞ്ഞ് ആയിരുന്നു അവൾ പതിനാറു വയസ് മാത്രം പ്രായം ഉള്ളവൾ…. അവൾക് ഞാൻ ഏട്ടത്തി ആയിരുന്നില്ല….. അമ്മ തന്നെ ആയിരുന്നു……
മുടി കെട്ടി കൊടുക്കാനും ടിഫിൻ ബോക്സ് ശരിയാക്കി കൊടുക്കാനും അവളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി അവളെ പഠിപ്പിക്കാൻ ഞാനും ഉത്സാഹം കാട്ടി….
കൂടെ പിറപ്പുകൾ ഇല്ലാത്ത ദുഃഖം അവളിലൂടെ ഞാൻ മറക്കുമ്പോൾ ശരത്തെട്ടനും കൂടെ നിന്നു…..
ഓരോ മാസവും പീരിയഡ്സ് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ കൊതിയോടെയാണ് കിറ്റ് നോക്കുന്നത്…. പ്രതീക്ഷയുടെ രണ്ട് വര തെളിയാതെ വരുമ്പോൾ അവൾ പറയുമായിരുന്നു…
ഏട്ടത്തി എന്തിനാ വിഷമിക്കുന്നത് ഏട്ടത്തിക്ക് ഞാൻ ഇല്ലേ മോള് ആയിട്ട്…. “”
ആ മോള് തന്നെയാണ് ഇന്ന് അവളുടെ കുഞ്ഞിനെ എന്റെ കയ്യിൽ തരാൻ മടിക്കുന്നത്.. “അവളെ കുറ്റം പറയാൻ പറ്റില്ല ചുറ്റും കൂടി നിന്നവരുടെ വാക്കുകൾ ആണ് അവളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്….
മൂന്ന് വർഷങ്ങൾ മുൻപോട്ട് പോയപ്പോൾ പെട്ടന്ന് ആയിരുന്നു അവളുടെ വിവാഹം… പിന്നെ കുട്ടികൾ ഉണ്ടാകാത്ത സങ്കടം മറന്നത് പോലും ഞാൻ പൊന്നു പോലെ നോക്കിയ ആ മോള് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ആണ്…..
അവളെ കെട്ടിച്ച വീട്ടിൽ പോലും നിർത്താതെയാണ് ഇങ്ങോട്ട് കൊണ്ട് വന്നത്…. സ്വന്തം മോളേ നോക്കുന്നത് പോലെയാണ് നോക്കിയത്…
അവളുടെ കുഞ്ഞ് ജനിച്ചപ്പോൾ അവളെക്കാൾ സന്തോഷം എനിക്ക് ആയിരുന്നു….. നിലത്ത് എങ്ങും ആയിരുന്നില്ല താൻ.. ഒരുപാട് അഹങ്കരിച്ചത് കൊണ്ട് ആയിരിക്കും ദൈവം ആദ്യത്തെ അടി തലയിൽ തന്നത്…
കുഞ്ഞിന്റ് നൂല് കെട്ടിന് അവളെ കുളിപ്പിച്ച് നീലിമയുടെ കയ്യിൽ കൊടുക്കുമ്പോൾ ആണ് കുടുംബത്തിലെ മൂത്ത വല്യമ്മ്മയുടെ വക ആദ്യത്തേ അടി കിട്ടിയത്…
ശേ.”” എന്താ ഈ കാണുന്നത് ഞാൻ… മച്ചി പെണ്ണിനെ കൊണ്ട് ആണോ കടിഞ്ഞൂൽ കൊച്ചിനെ കുളിപ്പിച്ചത്… ദീനം മാറില്ല…. “”
അത്രയും ആളുകളുടെ മുൻപിൽ വെച്ച് അവർ അത് പറയുമ്പോൾ അടി വയറ്റിൽ നിന്നും എന്തോ ഉരുണ്ടു കയറും പോലെ തോന്നി… ആ നിമിഷം കണ്ണുകൾ താഴ്ന്നു വന്നു..
സരോജെ നിനക്ക് എങ്കിലും ബോധം ഉണ്ടെന്നു കരുതി….ഇവള് ആണെങ്കിൽ കൊച്ചല്ലേ അതിനു വല്ലോം അറിയാമോ.. “”
മച്ചി പശുവിനെ കണി കാണാൻ പാടില്ലന്ന് പറയും പോലെ തന്നെ ആണ് പ്രസവിക്കാത്ത പെണ്ണുങ്ങളെയും…. എന്റെ വീട്ടിൽ ആണെങ്കിൽ ഇത് ഒന്നും ഇരുത്തി പൊറുപ്പിക്കില്ല ഞാൻ… “””
ആയമ്മ കസർത്തു കയറുകയാണ് ആ നിമിഷം……അന്നത്തെ ദിവസം ആകെ തകർന്നത് പോലെ ആയിരുന്നു… യാന്ത്രികമായി ചടങ്ങ്കളിൽ എല്ലാം പങ്ക് എടുത്തു…
പക്ഷേ ആ വിഷമം മറക്കാൻ തന്നത് അല്ലെ ആ കുഞ്ഞിനെ…ആളുകൾ ഒഴിഞ്ഞു പോയപ്പോൾ ഓടി ചെന്നു അവൾക്ക് അടുത്തേക്ക് കൈ കുമ്പിളിൽ കോരി എടുത്തുമ്മ വയ്ക്കാനുള്ള കൊതിയോടെ….
“””ഏട്ടത്തി ഇനി എന്റെ കുഞ്ഞിനെ തൊടരുത്….””
കുഞ്ഞിനെ എടുക്കാനായി തുനിഞതും നീലിമയിൽ നിന്നും വന്ന വാക്കുകൾ ഒരു നിമിഷം എന്നെ നിശ്ചലയാക്കി…
മോളേ.. “”
കുഞ്ഞിന് എന്തെങ്കിലും അസുഖം വന്നാൽ ഏട്ടത്തിക്ക് കുഴപ്പം ഇല്ല… പ്രസവിച്ചിട്ടില്ലാത്തത് കൊണ്ട് നിങ്ങൾക്ക് അതിന്റെ വേദനയും അറിയില്ല…. “”
അവളുടെ കുഞ്ഞ് വായിൽ നിന്നും വന്ന വാക്കുകൾ എന്നെ തളർത്തി ഇടുന്നത്തിനും തുല്യം ആയിരുന്നു…. ഒപ്പം അമ്മയും ചേർന്നപ്പോൾ മച്ചി പെണ്ണ് അവർക്ക് വിലക്കപെട്ടവൾ ആയി…
“””താൻ ഇത് വരെ നൂല് കെട്ടിന് പോയില്ലേ….. “””””
ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്തേക്ക് വന്നത് ശരത്തെട്ടന്റെ ശബ്ദം കേൾക്കുമ്പോൾ ആണ്…
ഏഹ്..” കട്ടിലിൽ നിന്നും ചാടി എഴുനെല്കുമ്പോൾ അറിയാതെ മിഴികൾ പെയ്തിറങ്ങി… ആ നെഞ്ചിലേക്ക് ചേരുമ്പോൾ ഒന്ന് കൂടി ചേർത്തു പിടിച്ചു…
അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നെ.. “””
മ്മ്.. “” ആ ചോദ്യത്തിൽ ഒന്ന് മൂളി….
കുറെ ആയി സഹിക്കുന്നു ഇന്ന് ഇതിന് ഒരു തീരുമാനം വേണം… അമ്മ വരട്ടെ….. ആദ്യം അവളെ ആണ് തിരിച്ചു വിടേണ്ടത്…. കെട്ടിച്ചു വിട്ടാൽ ഭർത്താവിന്റെ വീട്ടിൽ ആണ് നിൽക്കേണ്ടത്… പകരം കുടുംബത്ത് അലോഹ്യം ഉണ്ടാക്കാൻ വന്നു കിടക്കരുത്…
ശരത്തെട്ടൻ പറയുമ്പോൾ വിലക്കാൻ ആണ് തോന്നിയത്..
അവളെ ഒന്നും പറയരുത്.. “” അവൾ കുഞ്ഞ് ആണ് അറിയാതെ പറയുന്നതും പ്രവർത്തിക്കുന്നതും ആണ്.. അവര് പറയുന്നതിലും കാര്യം ഉണ്ട് ഏട്ടാ…. പ്രസവിക്കാത്ത സ്ത്രീകൾ വീടിനു ശാപം തന്നെയാണ്…
തന്നെ പറഞ്ഞാൽ മതി അവർ ഓരോന്നും പറയുന്നത് കേട്ട് മോങ്ങാൻ ഇരിക്കുന്നതിന്…താൻ ബാഗ് എല്ലാം അടുക്കി വയ്ക്ക്… ഞ്ഞാൻ ഇന്ന് നേരത്തെ വന്നത് തന്നെ എനിക്ക് ട്രാൻസ്ഫർ കിട്ടിയ കാര്യം പറയാൻ ആണ്.. കൊച്ചി ബ്രാഞ്ചിലെക്ക്… അവിടെ ഒരു ഫാമിലി റൂം എടുക്കാൻ കുറച്ചു expence ആണ്… എങ്കിലും മനസമാധാനം ആണ് വലുത് എങ്കിൽ കാശ് ഒരു പ്രശ്നമല്ലടോ.. “‘
ആ വാക്കുകൾ മതി ആയിരുന്നു അത്രയും നേരം ഉള്ളിൽ ഒതുക്കിയ സങ്കടം മാഞ്ഞു പോവാൻ…..
💠💠💠
നന്നായി അവൾ ഇവിടെ നിന്നും പോയത്…. കൊച്ചിന് മര്യാദയ്ക്ക് ആഹാരം കൊടുക്കാൻ പറ്റുവോ അടുത്തു കൂടി പോയാൽ കൊതി പിടിക്കും…”” ഇപ്പോ സമാധാനം ഉണ്ട്.. “”
ആയമ്മ ശ്വാസം എടുത്തു വിടുമ്പോൾ ഒപ്പം കൂടി നീലിമയും…..
അവൻ എന്ന് ആ മച്ചിയെ ഉപേക്ഷിച്ചു വരുന്നോ അന്നേ അവന് ഈ വീട്ടിൽ സ്ഥാനം ഉള്ളു.. “” അതിന് എന്താ ചെയ്യേണ്ടത്.. അത് ആണ് ഞാൻ ആലോചിക്കുന്നത്…… ആയമ്മ കുരുട്ട് ബുദ്ധി ആലോചിക്കുമ്പോൾ അത് പറഞ്ഞു കൊടുക്കാൻ അവളും തയ്യാറായി…
അമ്മേ ഹരിയെട്ടന്റെ വീടിന്റെ അടുത്ത് ഒരു സിദ്ധൻ ഉണ്ട്…. അയാളുടെ അടുത്തു പോയി കാര്യങ്ങൾ പറഞ്ഞാൽ ഏട്ടത്തി ഒഴിഞ്ഞു പോകാനുള്ളത് പുള്ളി ചെയ്ത് തരും… അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് ഹരിയേട്ടന്റ് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…. നമുക് ഒന്ന് പോയാലോ..
ആണോ മോളേ.. “” എങ്കിൽ നാളെ തന്നെ നമുക്ക് പോകാം അങ്ങോട്ട്…നീ ഹരിയോട് കാർ എടുക്കാൻ പറയണം.. ആ മച്ചി പശുവിനെ കുടുംബത്ത് നിന്നും ഒഴിവാക്കി കഴിഞ്ഞാലേ കുടുംബം ഗുണം പിടിക്കൂ..”
ആയമ്മ കണക്ക് കൂട്ടുമ്പോൾ നീലിമയുടെ മുഖവും വിടർന്നു……
💠💠💠💠
ഓഫീസിൽ പോകാനുള്ള തിരക്കുകൾക് ഇടയിൽ ആണ് ശരത്തിന്റെ ഫോൺ റിങ് ചെയ്തത്…
രാവിലെ ആരാണോ..” പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ…. “”” ഒരു നിമിഷം ആലോചിച്ചു കൊണ്ട് ആ ഫോൺ അറ്റണ്ട് ചെയ്ത ശരത് ഒരു നിമിഷം നിശ്ചലമായി നിന്നു….
ആ നിമിഷം അകത്തേക്ക് വന്ന ഹേമ അവന്റെ കയ്യിൽ പതുക്കെ പിടിച്ചു….
എന്താ ശരത്തെട്ടാ ആരാ വിളിച്ചത്..?
ആ ചോദ്യത്തിൽ ശരത്ത് ഒന്ന് ഞെട്ടി..
ഹ്ഹ..”” നീലു പോയി… ഹ… ഹരിയും പോയി…
പോയെന്നോ അവർ എവിടെ പോകാൻ.. “” ഒന്നും മനസിലാകാതെ അവൾ നിക്കുമ്പോൾ ശരത് പെട്ടന്ന് പുറത്തേക്ക് ഓടി..
നീ പെട്ടന്ന് വാ നമുക്ക് നാട്ടിൽ എത്തണം എത്രയും പെട്ടന്ന്.. “””
മുൻപോട്ട് ഉള്ള യാത്രയിൽ പലപ്പോഴായി കൈയിൽ നിന്നും തെന്നി മാറിയ കാർ ബാലൻസ് ചെയ്യാൻ ശ്രമിച്ചു ശരത്ത്… ആ നിമിഷം നെഞ്ചിൽ കൈ വെച്ച് കരച്ചിൽ അടക്കാൻ കഴിയാതെ സീറ്റിലേക്ക് ചാരി കിടന്നവൾ…
💠💠💠💠
വെളുപ്പിനെ ദേശീയപാതയിൽ വെച്ച് ലോറിയുമായി കൂട്ടി ഇടിച്ചത് ആണ്… മുൻപിൽ ഇരുന്ന രണ്ട് പേരും തലക്ഷണം പോയി…. പുറകിൽ ഇരുന്നത് കൊണ്ട് കുട്ടി രക്ഷപെട്ടു… പക്ഷെ കൂടെ ഉണ്ടായിരുന്ന അമ്മയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു….
ആശുപത്രിയിൽ എത്തിയതും കിട്ടിയ വിവരത്തിൽ താഴേക്ക് ഇരുന്നു ശരത്ത്…
ചടങ്ങുകൾ എല്ലാം പെട്ടന്ന് ആയിരുന്നു കഴിഞ്ഞത്…. നീലിമയുടെ കുഞ്ഞിന്റെ കാര്യത്തിൽ ഹരിയുടെ വീട്ടുകാർ ഉദാസീനത കാണിക്കുമ്പോൾ അവളെ മച്ചി എന്ന് മുദ്രകുത്തിയവളുടെ നെഞ്ചിലെക്ക് ചേർത്തു വെച്ചു ശരത്…
അമ്മയാകാൻ പ്രസവിക്കണം എന്നില്ല.. “” “”””നമുക്ക് വിധിച്ചത് ആണ് ഇവൾ… അമ്മാവനും അമ്മായിയും അല്ല അമ്മയും അച്ഛനും ആയി നമുക്ക് വളർത്തി കൂടെ… “”
ശരത്തിന്റെ ചോദ്യത്തിൽ ഉത്തരം വാക്കുകളിൽ കൂടി ആയിരുന്നില്ല… “” ഒരു പൊട്ടി കരച്ചിലിലൂടെ അവളെ ആകെ ചുംബിച്ചു കൊണ്ട് ആയിരുന്നു….
മാസങ്ങൾ മുൻപോട്ട് പോകുമ്പോൾ മച്ചി എന്ന് മുദ്രകുത്തപെട്ടവളുടെ അമ്മയെന്ന സ്ഥനത്തേക്ക് ഉള്ള യാത്ര ആയിരുന്നു…. ഒപ്പം കാലുകൾ രണ്ടും മുറിച്ചു മാറ്റിയ ആയമ്മയെയും അവൾ പൊന്ന് പോലെ നോക്കി…
മാപ്പ്… “””
ഒരു വാക്കിൽ ഒതുക്കാൻ കഴിയില്ലങ്കിലും കാലം അവർക്ക് വേണ്ടി കാത്തു വെച്ച ശിക്ഷ തന്നെ ധാരാളം ആയിരുന്നു.. അവരുടെ പശ്ചാതാപത്തിന്….
💠💠💠💠
ഇന്ന് ഹേമയുടെ മാതൃത്വത്തിനു പതിനാറു വയസ്…. “”” അവൾ വളർന്നു….. ഹേമയുടെയും ശരത്തിന്റെയും മകൾ ആയി…..
അച്ഛാ എന്ത് സമ്മാനമാ എനിക്ക് ഇന്ന് തരാൻ പോകുന്നത്… “” എന്തോ വലിയ സർപ്രൈസ് ആണെന്ന് അറിയാം..അത് കൊണ്ട് അല്ലെ സ്കൂളിൽ നിന്നും വിളിച്ചോണ്ട് പോകുന്നത്…എന്നാലും എന്താ അത്… “”
കുട്ടി കുറുമ്പോടെ അച്ഛന്റെ ബൈക്കിന് പിന്നിൽ ഇരുന്നവൾ ആലോചിക്കുമ്പോൾ ശരത് ഒന്നു ചിരിച്ചു…. നേരെ ആ ബൈക്ക് പോയത് താലൂക് ഹോസ്പിറ്റലിൽ ആണ്…
അവിടെ ഒരു മുറിയിലലേക്ക് കയറുമ്പോൾ ആ മോളുടെ കണ്ണുകൾ വിടർന്നു… തന്റെ അമ്മയുടെ ഉദരത്തോടെ ചേർന്നു പഞ്ഞി കെട്ടു പോലെ ഒരു രൂപം…
അനിയനാ.. “” പുറകെ വന്ന ശരത് പറയുമ്പോൾ ബാഗ് വലിച്ചെറിഞ്ഞു കൊണ്ട് അവന് അടുത്തേക്ക് ഓടി അവൾ…
അമ്മേ.. “” ഇത്ര പെട്ടന്നോ.. അവളുടെ കണ്ണുകൾ നിറയുമ്പോൾ ശരത് അവനെ കയ്യിൽ എടുത്തു…
ചേച്ചിയുടെ പിറന്നാളിന് സമ്മാനം ആയിക്കോട്ടേ എന്ന് കരുതി കാണും..അതാ പെട്ടന്ന് ഇങ്ങു വന്നത്…
“” ചിരിച്ചു കൊണ്ട് അവനെ അവളുടെ കയ്യിലേക്ക് കൊടുത്ത് ശരത് രണ്ട് മക്കളെയും ചേർത്തു നിർത്തുമ്പോൾ ഹേമ കണ്ണുകൾ തുടച്ചു….
ഇനി അവരുടെ യാത്രയാണ്… പാതി വഴിയിൽ കൂടെ കൂടിയ അനിയനുമായി….
മിഴി മോഹന ❤❤