നിങ്ങൾ മാത്രം എൻ്റെ റൂമിലേയ്ക്ക് വരൂ ഡിസ്ചാർജിന് ശേഷം വീട്ടിൽ പോയിട്ട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞ് തരാം

മകനെ ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് കയറ്റി വിട്ടിട്ട് ഞങ്ങൾ പോയത് അവിടുത്തെ ക്യാൻ്റീനിലേയ്ക്കായിരുന്നു

നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് അവിടുന്ന് പുട്ടും ബീഫും പിന്നെ പാലപ്പവും മട്ടൺ ചാപ്സും വയറ് നിറയെ കഴിച്ചു

ഒപ്പം ഭാര്യയ്ക്ക് നെസ്കഫേ കോഫിയും മകൾക്ക് ഒരു ചോക്ളേറ്റ്ഷെയ്ക്കും വാങ്ങിക്കൊടുത്തപ്പോൾ എല്ലാവരും ഒന്ന് ഉഷാറായി ,

ക്യാൻ്റീനിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഹോസ്പിറ്റൽ ബിൾഡിങ്ങിൽ തന്നെ പ്രവർത്തിക്കുന്ന, ഒരു ഫാൻസി വിത്ത് സ്റ്റേഷനറി ഷോപ്പ് കണ്ടു

അവിടെ മനോഹരമായ ലേഡീസ് ബാഗ് കണ്ടപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു

നിനക്കൊരു നല്ല ബാഗ് വേണമെന്ന് പറഞ്ഞിരുന്നില്ലേ ? നമുക്ക് ഇവിടെ കയറി നോക്കിയാലോ ?

അപ്പോൾ അവൾ തലകുലുക്കി

ഭാര്യയ്ക്കിഷ്ടപ്പെട്ട ബാഗ് തിരയുന്നതിനിടയിൽ , മകള് അവൾക്കിഷ്ടപ്പെട്ട മനോഹരമായ
ഒന്ന് രണ്ട് ഹെയർ ക്ളിപ്പുകളെടുത്ത്
എന്നെ കാണിച്ചു

ഇഷ്‌ടമുള്ളത് എടുത്തോളു എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി

അവിടുന്നിറങ്ങി ഞാൻ അവരേയും
കൊണ്ട് പോയത് ,ഹോസ്പിറ്റലിൻ്റെ ഒരേക്കറിൽ വ്യാപിച്ച് കിടക്കുന്ന മനോഹരമായ പൂന്തോട്ടത്തിലേക്കായിരുന്നു

അവിടെ കണ്ട വ്യത്യസ്തമായ ചെടികളെ നോക്കിയിട്ട് നമുക്കും ഇത്തരം കുറച്ച് ചെടികൾ വാങ്ങണമെന്ന ഭാര്യയുടെ അഭിപ്രായത്തെ ഞാൻ സ്വാഗതം ചെയ്തു

അപ്പോഴേക്കും ഹോസ്പിറ്റലിൽ നിന്നും സർജ്ജറി കഴിഞ്ഞെന്ന് പറഞ്ഞ് വിളി വന്നു

വേഗം തന്നെ ഓപ്പറേഷൻ തീയറ്ററിന് മൂന്നിലെത്തിയപ്പോൾ ഓപ്പറേഷൻ
സക്സസ് ഫുള്ളെന്ന് ഡോക്ടർ പറഞ്ഞു

അത് കേട്ട് ഭാര്യയുടെ മുഖത്ത് ആശ്വാസത്തിൻ്റെ ചിരിവിടർന്നത്
എന്നെ ചാരിതാർത്ഥനാക്കി.

നിങ്ങൾ മാത്രം എൻ്റെ റൂമിലേയ്ക്ക് വരൂ ഡിസ്ചാർജിന് ശേഷം വീട്ടിൽ പോയിട്ട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞ് തരാം

ഡോക്‌ടറത് പറഞ്ഞപ്പോൾ ഭാര്യയെയും മകളെയും വിസിറ്റിങ്ങ് ഹാളിലിരുത്തിയിട്ട് ഞാൻ ഡോക്‌ടറെ അനുഗമിച്ചു.

എടോ തന്നോട് ഞാൻ പറഞ്ഞതല്ലേ ഇതൊരു നിസ്സാരസർജ്ജറിയല്ലെന്നും ദൈവത്തോട് പ്രാർത്ഥിക്കണമെന്നും
എന്നിട്ട് തന്നെ ഞാൻ ഇടയ്ക്ക് തിരക്കിയപ്പോൾ നിങ്ങള് ക്യാൻ്റീനിലേയ്ക്ക് പോയിരിക്കുവാന്ന് സിസ്റ്ററ് പറഞ്ഞു
ഇത്തരമൊരു ഗൗരവമുള്ള സാഹചര്യത്തിൽ സാധാരണ എല്ലാവരും ഓപ്പറേഷൻ കഴിയുന്നത് വരെ ദൈവത്തോട് പ്രാർത്ഥിച്ച് കണ്ണീരോടെ വിസിറ്റിങ്ങ് ഹാളിൽ ഇരിക്കുന്നത് കാണാം നിങ്ങള് മാത്രം എന്താടോ യാതൊരു ആശങ്കയുമില്ലാതെ ക്യാൻ്റീനിൽ പോയി ഭക്ഷണം കഴിച്ച് വയറൊക്കെ നിറച്ചിട്ട് ചിരിച്ചുല്ലസിച്ച് വരുന്നത് ? എന്താടോ നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ലേ ?

ഡോക്‌ടർ അത്ഭുതത്തോടെ ചോദിച്ചു

അതല്ല ഡോക്‌ടർ അതിന് രണ്ട് കാരണങ്ങളുണ്ട്, ഒന്ന് ദൈവത്തിൽ വിശ്വാസമുളളത് പോലെ, ഡോക്‌ടറിലും ഞങ്ങൾക്ക് വിശ്വാസമുണ്ട് , രണ്ടാമത്തെ കാര്യം , ഡോക്‌ടർ എന്നോടല്ലേ സർജ്ജറി കോംപ്ളിക്കേറ്റഡ് ആണെന്ന് പറഞ്ഞത് ? ഞാനത് ഭാര്യയോടും മോളോടും പറഞ്ഞിട്ടില്ല, കാരണം, ഭാര്യയുടെ മെൻ്റൽ ഹെൽത്ത് കുറച്ച് വീക്കാണ്, നിസ്സാര കാര്യങ്ങൾക്ക് പോലും ,അവൾ വളരെയധികം
ടെൻസ്‌ഡാവാറുണ്ട് , യാതൊരു കാരണവശാലും ,അവളുടെ മനസ്സ് വിഷമിപ്പിക്കുന്ന ,ഒന്നും തന്നെ ,അവളോട് പറയരുതെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്, അവൾക്കുണ്ടാകുന്ന ചെറിയ ആശങ്കകൾ പോലും ,അവളുടെ സ്വാഭാവിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ഡോക്ടറുടെ മുന്നറിയിപ്പ് ഉള്ളത് കൊണ്ടാണ് ഞാനിന്ന് അവരെയും കൊണ്ട് ക്യാൻ്റീനിലും മറ്റും പോയതും, അവരുടെ മുന്നിൽ യാതൊരു ടെൻഷനുമില്ലാതെ അഭിനയിച്ചതും.
മകൻ ആരോഗ്യവാനായി തിരിച്ച്
വരുമ്പോൾ അവൻ്റെ അമ്മയേയും ആരോഗ്യത്തോടെ നിലനിർത്തേണ്ടത്
എൻ്റെ ആവശ്യമല്ലേ സർ,

എൻ്റെ വിശദീകരണം കേട്ട് ഡോക്റുടെ സംശയങ്ങളൊക്കെ മാറി.

NB: എല്ലാവരും ഒരിക്കൽ പലവിധ പ്രതി സന്ധികളിലുടെയും കടന്ന് പോകും ,ചിലർക്കത് അതിജീവിക്കാൻ കഴിയും ,പക്ഷെ ദുർബ്ബലരായ ചിലർക്ക് ചെറിയ ടെൻഷൻ പോലും ,താങ്ങാൻ കഴിഞ്ഞെന്ന് വരില്ല , അങ്ങനെയുള്ളവരെ സംരക്ഷിക്കാൻ ,നമുക്ക് ചിലപ്പോൾ കഠിനഹൃദയരായി അഭിനയിക്കേണ്ടി വരും 😊🙏

തൈപ്പറമ്പൻ❤️

Leave a Reply

Your email address will not be published. Required fields are marked *