അന്ന് വാസന്തിയുടെ പുനർവിവാഹമായിരുന്നു
അവസാന പന്തിയിലുള്ളവരും
സദ്യ കഴിച്ച് കഴിഞ്ഞപ്പോൾ സമയമായെന്നും രാഹുകാലത്തിന് മുൻപ് ഇറങ്ങേണ്ടതാണെന്നും പറഞ്ഞ് വല്യാമ്മാവൻ ബഹളം തുടങ്ങി.
മോളേ നീ എല്ലാരോടും വേഗം യാത്ര പറഞ്ഞ് ഇറങ്ങാൻ നോക്ക് , സമയം കളയണ്ടാ,
അച്ഛൻ വന്ന് വാത്സല്യത്തോടെ തലയിൽ തഴുകി പറഞ്ഞപ്പോൾ ആ നെഞ്ചിൻകൂടിനുള്ളിലെ പിടപ്പ് അവളറിഞ്ഞിരുന്നു
ഇതെങ്കിലും നിനക്ക് ഉതകി കിട്ടട്ടെ ഈശ്വരനോട് അമ്മായി പ്രാർത്ഥിക്കണുണ്ട്
ഉള്ള് നിറയെ കുശുമ്പും കുന്നാഴ്മയുമുള്ള അമ്മായിയുടെ നിർവ്വികാരതയോടെയുള്ള അനുഗ്രഹവും വാങ്ങി തിരിഞ്ഞപ്പോൾ ,നിറ കണ്ണുകളോടെ നില്ക്കുന്ന അമ്മയെ കണ്ട് അ ആർത്തലച്ച് വന്ന മഴപോലെ, പൊട്ടിക്കരഞ്ഞ് കൊണ്ടവൾ ആ ദേഹത്തേയ്ക്ക് ചാഞ്ഞു.
അമ്മ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും പേടി തോന്നും ,
പക്ഷേ നീയിനി അങ്ങനെ പേടിച്ചിരിക്കരുത് ,പഴയ അനുഭവങ്ങളൊക്കെ നീ പാഠമാക്കണം, അതിന് നീ കുറച്ചൂടെ തൻ്റേടിയാവണ്ടതുണ്ട്, നീ നിൻ്റെ ഭർത്താവിനെ മാത്രം അനുസരിക്കുകയും ,ബഹുമാനിക്കുകയും ചെയ്താൽ മതി , ഇപ്പോൾ നീ ചെന്ന് കേറുന്ന വീട്ടിലും, അമ്മായി അമ്മയും നാത്തൂനുമുണ്ട്, അറിയാലോ ?നിൻ്റെ പഴയ ഭർത്താവിൻ്റെ അമ്മയും പെങ്ങളുമാണ് ,നിങ്ങടെ ജീവിതം തകർത്തതും ,ബന്ധം പേർപ്പിരിയാൻ വരെ കാരണമായതും, അത് കൊണ്ട് അവരെ രണ്ട് പേരെയും നിലയ്ക്ക് നിർത്താൻ നീ ശീലിക്കണം , അവരൊന്ന് പറഞ്ഞാൽ നീ രണ്ട് പറയണം , ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന മരുമക്കളോട്, പോരെടുക്കാൻ ഏതൊരമ്മായിയമ്മയും ഒന്ന് പേടിയ്ക്കും
ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ?
അമ്മയുടെ ഉപദേശം കേട്ട് വാസന്തിയ്ക്ക് ആശ്ചര്യം തോന്നി,തൻ്റെ ആദ്യ വിവാഹസമയത്ത് ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ് അമ്മ പറഞ്ഞ് തന്നത് ,അത് അക്ഷരം പ്രതി പാലിച്ചത് കൊണ്ടാണ് ,തനിയ്ക്കവിടുത്ത ജീവിതം നരകതുല്യമായതും വിവാഹ ബന്ധം പേർപ്പടുത്തേണ്ടി വന്നതെന്നും അവളോർത്തു.
പ്രസാദിൻ്റെ വീട്ടിലെത്തിയപ്പോഴേക്കും
നേരം വൈകി തുടങ്ങിയിരുന്നു , നാലഞ്ച് മണിക്കൂർ പ്രസാദിൻ്റെ ബന്ധുക്കളോടൊപ്പം ട്രാവലറിൽ യാത്ര ചെയ്ത് കഴിഞ്ഞപ്പോഴേക്കും വാസന്തി നന്നായി തളർന്നിരുന്നു
ജീവിതത്തിൽ ആദ്യമായിട്ടാണ് വാസന്തി ഇത്രയും ദൂരം ഒരു യാത്ര ചെയ്യുന്നത് ആദ്യം വിവാഹം ചെയ്ത ചെക്കൻ്റെ വീട് തൊട്ടടുത്ത പഞ്ചായത്തിൽ തന്നെ ആയിരുന്നത് കൊണ്ട് അങ്ങേരുമായി സൗന്ദര്യപിണക്കമുണ്ടാകുമ്പോൾ പോലും ഒരു ഓട്ടോറിക്ഷ വിളിച്ച് വീട്ടിലേയ്ക്ക് ഓടിപോകാമായിരുന്നു ഇതിപ്പോൾ ഒരത്യാവശ്യം വന്നാൽ രണ്ട് മൂന്ന് ജില്ലകൾ താണ്ടി വേണം നാട്ടിലെത്താൻ
എടീ നിന്നെയിനി അയക്കാൻ പോകുന്നത് മലബാറിലേയ്ക്കാണെന്ന് അമ്മായി പറഞ്ഞല്ലോ ? നമ്മുടെ ഇവിടുത്തെ പോലെയല്ല, അവിടെ കാടും മലയും പുഴയുമൊക്കെയുണ്ടെന്നാണ് ബിജുവണ്ണൻ പറഞ്ഞത് ,നിനക്കെപ്പോഴും നല്ല സീനറികൾ കാണാല്ലോ ?
അപ്പച്ചിയുടെ മോള് അന്ന് പറഞ്ഞത് കുശുമ്പോടെയാണെങ്കിലും സംഗതി സത്യമാണെന്ന് കുത്തനെയുള്ള കയറ്റവും ഇറക്കവും ഹെയർപിൻ വളവുകളുമൊക്കെയുള്ള ഇടുങ്ങിയ പാതയിലൂടെ കുറച്ച് നേരം സഞ്ചരിച്ചപ്പോൾ അൾക്ക് മനസ്സിലായിരുന്നു
അല്ല നിങ്ങ എന്താ വൈകിയേ ?
വീതിയുള്ള റോഡ് തീർന്നപ്പോൾ ,
ഒതുക്കി നിർത്തിയ വണ്ടിയിൽ നിന്നുമിറങ്ങി,
ഗ്രാവല് നിറഞ്ഞ ഇടവഴിയിലൂടെ എല്ലാവരും മുന്നോട്ട് നടക്കുമ്പോഴാണ് അടുത്തവീട്ടിൽ കൗതുകത്തോടെ നോക്കി നിന്ന ഒരു മദ്ധ്യവയസ്കയുടെ ചോദ്യം
എറണാകുളത്ത് കൂടിയല്ലേ ഞാള് വന്നത് ഉയ്യൻ്റപ്പാ എന്താ ഒരു സിറ്റി ? മോളി കൂടെയും താഴെ കൂടെയും ട്രെയിനുകൾ ചീറിപ്പായുന്നതിൻ്റെ ഇടയിലൂടെയല്ലെ
നമ്മ ട്രാവലറ് ഓടി വന്നത്? റോഡ് പറ്റെ ജാമല്ലേ ജാനകീ ,? എങ്ങന്യാ ആടെ താണ്ടിയതെന്ന് പടച്ചോനറിയാം
തങ്ങളുടെ കൂടെ നടന്ന് വരുന്ന മദ്ധ്യവസ്കയായ മറ്റൊരു സ്ത്രീ ആശ്ചര്യത്തോടെ മറുപടി പറയുന്നത് കേട്ട് വാസന്തി, അമ്പരപ്പോടെ പ്രസാദിൻ്റെ മുഖത്തേയ്ക്ക് നോക്കി
അല്ല , എന്തൊക്കെയാണ് അവര് പറഞ്ഞത് ?ഏത് റോഡിലാണ് ജാം കിടക്കുന്നത് കണ്ടത്? ഞാനൊന്നും കണ്ടില്ലല്ലോ?
ഹേയ് അത് പിന്നെ എറണാകുളത്തൊക്കെ നല്ല ബ്ളോക്കല്ലായിരുന്നോ ?
അതിനിവിടുള്ളവര് നാടൻ ഭാഷയിൽ ജാമെന്നാണ് പറയുന്നത് പിന്നെ മെട്രോ ട്രെയിനൊക്കെ ജീവിതത്തിൽ ആദ്യമായി കണ്ടതിൻ്റെ അങ്കലാപ്പിലാണവര്
പ്രസാദ് മലബാറ്കാരനാണെങ്കിലും അയാൾ പഠിച്ചതും ജോലി ചെയ്തതുമൊക്കെ തെക്കൻ ജില്ലകളിലായിരുന്നത് കൊണ്ട് എല്ലാ ശൈലിയിലും നാട്ട് ഭാഷകളിലും അയാൾ അഗ്രഗണ്യനായിരുന്നു.
കല്ലും കുഴിയും നിറഞ്ഞ നിരപ്പല്ലാത്ത ഒറ്റയടി പാതയിലൂടെ കഷ്ടപ്പെട്ട് പ്രസാദിൻ്റെ വീട്ട്മുറ്റത്ത് എത്തിയപ്പേഴേക്കും വാസന്തി വിയർത്ത്കുളിച്ചിരുന്നു
അച്ഛൻ ഏടത്തൂ?
നിലവിളക്കുമായി സ്വീകരിക്കാൻ നില്ക്കുന്ന അമ്മായിയമ്മ വന്ന് കയറിയവരെ ആകമാനം വീക്ഷിച്ച് കൊണ്ട് ആകാംഷയോടെ ചോദിച്ചു
അച്ഛൻ ഗംഗാധരേട്ടൻ്റെ കടേന്ന് പൊരിക്കടിയെന്തേലും വാങ്ങി വരാന്ന് പറഞ്ഞ് അങ്ങോട്ട് പോയി
ഓഹ് അപ്പോൾ ഏടത്തൂന്ന് പറഞ്ഞാൽ എവിടെപ്പോയെന്നാണർത്ഥം
വാസന്തി, ഓരോന്നിൻ്റെയും അർത്ഥം മനസ്സിരുത്തി പഠിക്കാൻ തുടങ്ങിയിരുന്നു
ആദ്യവിവാഹം കഴിഞ്ഞ് ചെക്കൻ്റെ വീട്ടിലെത്തിയപ്പോഴുള്ള ആൾക്കൂട്ടമോ തുറിച്ച് നോട്ടങ്ങളോ ഒന്നും അവൾക്കവിടെ നേരിടേണ്ടി വന്നില്ല, അത് കൊണ്ട് തന്നെ സ്വർണ്ണാഭരണങ്ങളെകുറിച്ചുള്ള സംശയ നിവാരണങ്ങളൊക്കെ ഒഴിവായി കിട്ടിയത് അവൾക്ക് ആശ്വാസം പകർന്നു.
#################
മീൻ നുറുക്കാൻ അറിയാമോ?
പിറ്റേന്ന് കാപ്പി കുടിയൊക്കെ കഴിഞ്ഞ് ഇനിയെന്ത് ചെയ്യണം എന്ന കൺഫ്യൂഷനിൽ നിന്ന വാസന്തിയോട് പ്രസാദിൻ്റെ പെങ്ങള് ശ്രീലത പുഞ്ചിരിയോടെ ചോദിച്ചു
അവളുടെ ഭർത്താവ് രാജ്യം കാക്കുന്ന പട്ടാളക്കാരനാണ് ഇപ്പോൾ പഞ്ചാബ് അതിർത്തിയിലാണ് മക്കളൊന്നുമായിട്ടില്ല അങ്ങനൊരു പ്രിവിലേജിൽ സ്വന്തം വീട്ടിൽ ശ്രീലത സ്ഥിരതാമസമാണ് .
മീൻ വെട്ടുന്നതിനെക്കുറിച്ചാണ് ചോദിച്ചതെന്ന് മനസ്സിലായ വാസന്തി മനസ്സില്ലാ മനസ്സോടെ തലയാട്ടി
നാത്തൂൻ്റെ കൈയ്യിൽ നിന്നും കത്തിയും മീനിട്ട കറിച്ചട്ടിയും വാങ്ങി പുറത്തേയ്ക്കിറങ്ങി
ഏടെ പോണ് ?
അല്ലാ മീൻ വെട്ടണ്ടെ ?
ആ വാഴയുടെ ചുവട്ടിലിരുന്ന് വെട്ടാം അതാകുമ്പോൾ തലയൊക്കെ പൂച്ചയ്ക്ക് തിന്നാൻ കൊടുക്കാലോ?
മീൻ വെട്ടാനോ? നിങ്ങളെന്താ ഗുണ്ടയാ?
പൊട്ടിച്ചിരിയോടെ ശ്രീലത ചോദിച്ചപ്പോൾ വാസന്തി ഇളിഭ്യയായി നിന്നു.
എടീ തെക്കോട്ടൊക്കെ അങ്ങനെയാ പറയുന്നത് , വാസന്തീ നീയത് ഈ സിങ്കിനടുത്ത് നിന്ന് ചെയ്താൽ മതി ,
ഇവിടെ അങ്ങനെയാണ്
പ്രസാദ് ഒടുവിൽ അവളുടെ രക്ഷയ്ക്കെത്തി.
ഈ തലയും കുടലുമൊക്കെ എന്താ ചെയ്യുക ?
നിമിഷം നേരം കൊണ്ട് അരക്കിലോ
മത്തി മുറിച്ച് കഴിഞ്ഞ വാസന്തി, ജിജ്ഞാസയോടെ അമ്മായിഅമ്മയോട് ചോദിച്ചു
അതാ കൊള്ളിൻ്റെ മേലേയ്ക്ക് ചാടിക്കളയ്,
ചീര അരിഞ്ഞ് കൊണ്ടിരുന്ന അമ്മായിയമ്മ പറഞ്ഞത് കേട്ട്, വാസന്തി അല്പനേരം വാപൊളിച്ച് നിന്നു.
ചിലപ്പോൾ അപ്പുറത്ത് കാട് പിടിച്ച് കിടക്കുന്നിടത്തേയ്ക്ക് കളയാനാവും പറഞ്ഞത്,പക്ഷേ എന്തിനാ ചാടിക്കളയുന്നത് ? തൻ്റെ അരപൊക്കം പോലും ആ മതിലിനില്ലല്ലോ? ഇനി ഇവിടുത്തെ വല്ല ആചാരവുമാണെങ്കിലോ? സംശയം ചോദിക്കാനാണെങ്കിൽ പ്രസാദേട്ടൻ മുറിയിലെങ്ങാണ്ടാണ് , ഇവരോട് തന്നെ ചോദിച്ചാൽ ആ നാത്തൂൻ്റെ കളിയാക്കിയുള്ള ചിരി കാണണം, വേണ്ട, വെളിയിൽ ചെന്ന് ചാടി തന്നെ കളയാം
വാസന്തി, ചട്ടിയിൽ നിറഞ്ഞ മീൻ വെള്ളവുമായി അടുക്കളവശത്തെ അരമതിലിനടുത്തെത്തിയിട്ട് , ചട്ടി ,
രണ്ട് കൈയ്യും കൊണ്ട് മുറുകെ പിടിച്ച്, മുകളിലേയ്ക്ക് ചാടി അപ്പുറത്തേയ്ക്ക് കളയാൻ നോക്കിയപ്പോഴേക്കും പകുതി
മീൻ വെള്ളവും അവളുടെ മുഖത്തേയ്ക്കും നെഞ്ചത്തേയ്ക്കും തെറിച്ചു വീണു
പിന്നിലൊരു പൊട്ടിച്ചിരി കേട്ട്
അറപ്പോടെ തിരിഞ്ഞ് നോക്കിയത്, ശ്രീലതയുടെ മുഖത്തേയ്ക്ക് തന്നെ ആയിരുന്നു
ചേച്ചി എന്താ കാട്ടിയേ ?
അല്ല അമ്മയാ പറഞ്ഞത് ചാടിക്കളയണമെന്ന് അതാ ഞാൻ ചാടിയത് ഞങ്ങടെ നാട്ടിലൊന്നും ഇങ്ങനെ ചാടാറില്ല
നിഷ്‌കളങ്കതയോടെ വാസന്തി പറഞ്ഞത് കേട്ട് ശ്രീലതയ്ക്ക് അനുകമ്പ തോന്നി.
എൻ്റെ വാസന്തി , നീയത് അപ്പുറത്തേയ്ക്ക് കൊട്ടിക്കളയാനാണ് അമ്മ പറഞ്ഞത് ?
ശബ്ദം കേട്ട് അപ്പോഴേയ്ക്കും പ്രസാദ് അങ്ങോട്ടേക്ക് വന്നു.
അപമാനിതയായ വാസന്തി തലകുനിച്ച് കൊണ്ട് കുളിമുറിയിലേയ്ക്ക് പോയി.
##########################
വൈകുന്നേരമായപ്പോൾ പ്രസാദ് എന്തോ കാര്യത്തിന് പുറത്തേയ്ക്ക് പോയപ്പോൾ വാസന്തി വരാന്തയിൽ വന്നിരുന്നു
അവിടെയിരുന്നാൽ ദൂരെ സൂര്യകിരണങ്ങൾ വീണ് തിളങ്ങുന്ന പച്ചപട്ട് വിരിച്ച വയലേലകൾ കാണാൻ നല്ല ഭംഗിയാണ് .
ചേച്ചീ,, അമ്മായിയുടെ വീട്ടിലേയ്ക്ക് വരുന്നോ? അവിടെ സുലദ വന്നിട്ടുണ്ട് ,
ചേച്ചി കണ്ടിട്ടില്ലല്ലോ? ആള് ഭയങ്കര കോമഡിയാണ്, സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല ,പിന്നെ ബാംഗ്ളൂരിലെ കുറെ വിശേഷങ്ങളും കേൾക്കാം,
ശ്രീലത സ്‌നേഹത്തോടെ വിളിച്ചപ്പോൾ വാസന്തി ,തലയാട്ടികൊണ്ട് അവളോടൊപ്പം
ഇറങ്ങി ചെന്നു
തന്നെ കളിയാക്കി ചിരിക്കുമെങ്കിലും
ശ്രീലത തന്നെ ബഹുമാനത്തോടെ ചേച്ചീന്ന് വിളിക്കുകയും, സ്‌നേഹത്തോടെ ഓരോന്ന് ചെയ്ത് തരികയും ചെയ്യുന്നത് കൊണ്ട് , വാസന്തിയ്ക്ക് അവളോട് വെറുപ്പൊന്നുമില്ലായിരുന്നു, അവളൊരു പാവം പെണ്ണാണെന്ന് വാസന്തിയ്ക്ക് മനസ്സിലായിരുന്നു, മാത്രമല്ല , അമ്മായി അമ്മയെ അവൾ, അമ്മയെന്ന് തന്നെയാണ് വിളിക്കുന്നത് ,ഇത് വരെയുള്ള അവരുടെ പെരുമാറ്റത്തിൽ ,തരിമ്പും സ്‌നേഹക്കുറവ് വാസന്തിയ്ക്ക് തോന്നിയിട്ടില്ല,
അത് കൊണ്ട് തന്നെ ,തനിക്കിവിടെ പഴയത് പോലെ അമ്മായി അമ്മ പോരോ ,നാത്തൂൻ പോരോ ഉണ്ടാവില്ലെന്ന്, അവൾക്ക് മനസ്സിലായി.
വീടിൻ്റെ പുറക് വശത്തെ ചെറിയ ഗേറ്റ് വഴി, അടുത്ത പറമ്പിലേയ്ക്കിറങ്ങിയിട്ട് ,കുറച്ച് ദൂരം നടന്ന് വേണം, അമ്മായിടെ വീട്ടിലെത്താൻ
അയ്യോ ഇനി നമ്മള് അപ്പുറത്തേയ്ക്ക് എങ്ങിനെ പോകും?
പറമ്പിൻ്റെ അറ്റത്ത് ചെന്നപ്പോൾ, അരയൊപ്പം പൊക്കത്തിൽ, മതിലു പോലെയൊരു തിട്ട കണ്ട് ,വാസന്തി അമ്പരപ്പോടെ ചോദിച്ചു.
അയിന് കൊള്ളുമ്മേ കേറി തുള്ളിയാൽ പോരെ ?
ശ്രീലത മറുപടി പറഞ്ഞപ്പോൾ വാസന്തി വിഷണ്ണയായി നിന്നു
ചേച്ചീ,, ഞാൻ കാട്ടിത്തരാം ,,
എന്നും പറഞ്ഞ് ശ്രീലത മെല്ലെ ആ ഉയർന്ന പ്രതലത്തിലേയ്ക്ക് കയറി അപ്പുറത്തെ വശത്തേയ്ക്ക് ചാടി .
കണ്ടോ ?
വിജയിയെ പോലെ അപ്പുറത്ത് നിന്നിട്ട് ശ്രീലത ചോദിച്ചപ്പോൾ മതില് ചാടുന്നതിൻ്റെ ശാസ്ത്രീയ നാമമാണ് കൊളളുമ്മേൽ കേറി തുള്ളുക എന്ന് വാസന്തിയ്ക്ക് പിടികിട്ടി
അവളും ഒരു വിധം വലിഞ്ഞ് അതിന് മുകളിലേയ്ക്ക് കയറിയെങ്കിലും താഴേയ്ക്ക് ചാടാൻ ഒരു മടി
ചേച്ചി കീഞ്ഞോ കീഞ്ഞോ, ,
താഴെ നിന്ന് ശ്രീലത എന്താ പറയുന്നതെന്നറിയാതെ വാസന്തി വാപൊളിച്ച് നിന്നു
ഇങ്ങളെന്താ കാട്ടണെ ഇങ്ങട്ട് വരീൻ
ഒടുവിൽ ശ്രീലത തന്നെ അവളെ മെല്ലെ പിടിച്ചിറക്കി.
#################
രാത്രിയിൽ അമ്മ വിശേഷങ്ങൾ തിരക്കാൻ വിളിച്ചപ്പോൾ ,വാസന്തി, പ്രസാദിൻ്റെ ഫോണുമായി മുറ്റത്തേയ്ക്കിറങ്ങി.
എങ്ങനുണ്ട് മോളെ? അവിടുത്തെ
അമ്മയെം മോളെയും, നീ നിലയ്ക്ക് നിർത്തിയോ?
എൻ്റമ്മേ , അവരൊക്കെ വെറും പാവങ്ങളാണ് ,പക്ഷേ ഇവിടുത്തെ വർത്താനമാണ് സഹിക്കാൻ വയ്യാത്തത്, ഓരോ ദിവസവും മടിയോടെയാണ് ഞാൻ എഴുന്നേല്ക്കുന്നത് ,ഇന്നെന്താ പുതിയ വാക്ക് പഠിക്കേണ്ടി വരുന്നതെന്ന ആധിയാണമ്മേ എനിയ്ക്ക്,
ങ്‌ഹേ അത്രയ്ക്കും മോശമാണോ മോളെ?
മോശമല്ലമ്മേ , ഹൗ ,,,ബല്ലാത്തൊരു ജാതി ,,,
ങ്‌ഹേ നീയെന്താ പറഞ്ഞെ ? അവിടെ ജാതിയും മതവുമൊക്കെ പറയുമോ?
കണ്ടാ,, ഇപ്പോൾ അമ്മയ്ക്ക് ഞെട്ടലുണ്ടായില്ലേ? അത് ഇവിടുത്തെ ശൈലിയിൽ ഞാൻ പറഞ്ഞതാമ്മേ?
ഓഹ് അത്രേയുള്ളോ ?സാരമില്ല മോളേ, എന്നാലും നിനക്കവിടെ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ?
ഇല്ലമ്മേ എല്ലാരും നല്ല സ്നേഹോള്ളോരാ
ഞാനൊരു രണ്ടാം വിവാഹക്കാരിയാണെന്ന കുറവ് പോലും എനിയ്ക്കിവിടെ ഫീല് ചെയ്യുന്നില്ല, ഭാഷ മനസ്സിലാക്കിയെടുത്താൽ മലബാറ്കാര് പൊളിയാണമ്മേ?
മകളുടെ സന്തോഷം കണ്ട് ദേവയാനിയ്ക്ക് കണ്ണ് നിറഞ്ഞു.
ഈശ്വരാ, എൻ്റെ കുഞ്ഞിന് എന്നും സുമംഗലിയായി ഇരിക്കാൻ കഴിയണെ ,
NB:- രണ്ട് ദേശത്തെ സംസ്‌കാരങ്ങളെ കേൾത്തിണക്കി എനിക്കറിയാവുന്ന രീതിയിൽ ചെറിയൊരു കഥയാക്കി എന്നേയുള്ളു , നിരവധി കുറവുകളുണ്ടാവാം, കഥയെ കഥയായി മാത്രം കാണണമെന്ന്, മുൻവിധിയോടെ കഥയെ സമീപിക്കാൻ ഒരുങ്ങുന്നവരോട് ,അഭ്യർത്ഥിക്കുന്നു🙏
തൈപ്പറമ്പൻ .